Click to Download Ihyaussunna Application Form
 

 

ഇഷ്ടമാണ്;പക്ഷേ,

അബൂത്വല്‍ഹ ദൃഢപ്രതിജ്ഞയെടുത്തു.

‘ഇല്ല. ഞാന്‍ പിന്തിരിയില്ല. ആരെതിര്‍ത്താലും മാറിച്ചിന്തിക്കുന്ന പ്രശ്നമില്ല. എനിക്ക് ഉമ്മുസുലൈമിനെ വിവാഹം ചെയ്തേ പറ്റൂ.’ പലതവണ ഉമ്മുസുലൈമിനെ സമീപിച്ചു. തന്റെ ആഗ്രഹം അറിയിച്ചു. ‘ഉമ്മുസുലൈം, എനിക്കുനിന്നെ ഇഷ്ടമാണ്. ആത്മാര്‍ഥമായ പ്രേമം. ഞാന്‍ നിന്നെ വിവാഹം ചെയ്യുവാനാഗ്രഹിക്കുന്നു.’

‘ങ്ഹൂം…’

ഉമ്മുസുലൈം ഒന്നുമൂളി.

മറുത്തൊന്നും പറഞ്ഞില്ല.

അബൂത്വല്‍ഹക്ക് നേരിയ പ്രതീക്ഷയായി. ശാന്തനായിരുന്ന് അബൂത്വല്‍ഹ ആലോചിക്കാന്‍ തുടങ്ങി. എന്റെ ഈ പ്രേമം പൂക്കുമോ? കതിരിടുമോ. ആ സ്ത്രീ സുന്ദരിയാണ്. പക്ഷേ, വിധവ. ഒരുകുഞ്ഞിനെ പ്രസവിച്ച മാതാവ്. നള്വ്റിന്റെ മകന്‍ മാലികാണ് കല്യാണം കഴിച്ചിരുന്നത്. അദ്ദേഹം കൊല്ലപ്പെട്ടു. അതില്‍ ജനിച്ച കുട്ടിയാണ് അനസ്. അവനെ വെച്ചുകൊണ്ട് ഉമ്മുസുലൈം എന്റെ അഭ്യര്‍ഥന സ്വീകരിക്കുമോ? സ്വീകരിക്കും. തട്ടിക്കളഞ്ഞിട്ടില്ലല്ലോ. അല്ലെങ്കിലും ഞാന്‍ പ്രേമം അഭിനയിച്ചതല്ല. നിഷ്കളങ്ക സ്നേഹമാണ് പ്രകടിപ്പിച്ചത്. വിവാഹം കഴിച്ചുജീവിക്കാന്‍ തന്നെ. അവളെക്കുറിച്ച് പഠിച്ചറിഞ്ഞു നടത്തുന്ന വിവാഹാഭ്യര്‍ഥനയാണ്. അതുകൊണ്ട് അഭ്യര്‍ഥന വീണ്ടും തുടരുകതന്നെ. അനസിനെ പ്രസവിച്ചയുടനെയാണ് ഭര്‍ത്താവ് മാലിക് കൊല്ലപ്പെട്ടത്. ഉമ്മുസുലൈമിന് അദ്ദേഹത്തോട് വലിയ ഇഷ്ടമായിരുന്നു. പക്ഷേ, മരണത്തില്‍ വലിയ ദുഃഖമില്ലാതായി. അതിനൊരു കാരണമുണ്ട്. ഇസ്ലാമിന്റെ വെള്ളിവെളിച്ചം ജനങ്ങള്‍ക്ക് പുതുജീവിതം നല്‍കിയപ്പോള്‍ ഉമ്മുസുലൈം ഇസ്ലാം സ്വീകരിച്ചു. നബി(സ്വ)യെ അംഗീകരിച്ചു. ഒരു ദിവസം മാലിക് വീട്ടില്‍ വന്നപ്പോള്‍ ഉമ്മുസുലൈം നിസ്കരിക്കുന്നു. കണ്ടമാത്രയില്‍ അദ്ദേഹം ചോദിച്ചു.

‘നിനക്കും വന്നോ ഈ രോഗം?’

‘രോഗമല്ല. ഞാന്‍ ഇസ്ലാം സ്വീകരിച്ചതാണ്.’

ഉമ്മുസുലൈം മറുപടിപറഞ്ഞു.

മാലികിന് അത് ഇഷ്ടമായില്ല. അയാള്‍ ഇസ്ലാം സ്വീകരിച്ചില്ല.

ആദര്‍ശപ്പൊരുത്തമില്ലാത്ത ഭര്‍ത്താവിനു കീഴില്‍ ജീവിക്കുന്നതില്‍ ഉമ്മുസുലൈം ദുഃഖിതയായിരുന്നു. അനസ് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു ദിവസം അനസിന് ശഹാദത്ത് കലിമ ചൊല്ലിക്കൊടുത്തു. ഉമ്മു സുലൈമിന്റെ ഈ നിലപാട് മാലികിന് രസിച്ചില്ല. ‘നീ അവനെക്കൂടി നശിപ്പിക്കല്ലേ’ മാലിക് പറഞ്ഞു.

അതിനും വിട്ടുകൊടുത്തില്ല ഉമ്മുസുലൈം.

‘ഞാനവനെ നശിപ്പിക്കുകയല്ല, നന്നാക്കുകയാണ്.’

ആയിടക്കാണ് മാലിക് ഏതോ ശത്രുവിന്റെ കരങ്ങളാല്‍ കൊല്ലപ്പെട്ടത്. മരണവാര്‍ത്തയറിഞ്ഞപ്പോള്‍ ഉമ്മുസുലൈം പറഞ്ഞു: ‘സാരമില്ല. എന്റെ അനസിനെ സംരക്ഷിച്ചു ഞാന്‍ കഴിയും. അവന്‍ വളര്‍ന്നുവലുതായി എനിക്കു സമ്മതം തരുന്നതുവരെ ഞാന്‍ പുനര്‍വിവാഹം ചെയ്യില്ല.’

അബൂത്വല്‍ഹ ചിന്തയില്‍നിന്നുണര്‍ന്നു. ഒരു തീരുമാനത്തിലെത്തിയതുപോലെ. ആ വീട് ലക്ഷ്യം വച്ചുനടന്നു.

‘ഉമ്മുസുലൈം’.

‘ങ്ഹും’

‘നിനക്കെന്നെ ഇഷ്ടമല്ലേ?’

‘….അതെ.. പക്ഷേ,’

‘എന്താണ് പ്രയാസം? നമുക്ക് വിവാഹം ചെയ്തു ജീവിച്ചുകൂടേ?’

‘എനിക്ക് ചില തടസ്സങ്ങളുണ്ട്. അത് നീങ്ങാതെ തരമില്ല.’

‘എന്താണ് തടസ്സം?’

‘മറ്റൊന്നുമല്ല. എന്റെ അനസ് വലുതാകട്ടെ. അവന്‍ ഒരാളായാല്‍ എനിക്ക് വിഷമമില്ല. ഞാന്‍ പുനര്‍വിവാഹം ചെയ്തുപോയാല്‍ ഇവനെ ആരാണ് നോക്കുക. അവന്‍ പറയില്ലേ. ഉമ്മ എന്നെ കഷ്ടത്തിലാക്കിയെന്ന്. മറിച്ചായാല്‍ എന്റെ ഉമ്മാക്ക് അല്ലാഹു അനുഗ്രഹം ചൊരിയട്ടേ. നല്ലനിലയില്‍ എന്നെ അവര്‍ വളര്‍ത്തിവലുതാക്കിയെന്നല്ലേ അവന്‍ പറയുക.’

ഉമ്മുസുലൈമിന്റെ മറുപടിക്കു മുമ്പില്‍ അബൂത്വല്‍ഹ നിശ്ശബ്ദനായി നിന്നു. ഈ സ്ത്രീ യെ തന്നെയാണ് തനിക്ക് കിട്ടേണ്ടത്. എത്രനല്ലചിന്ത. സൌമ്യവതി, കൂര്‍മബുദ്ധി, മനക്കരുത്ത്. എല്ലാം ഒത്തിണങ്ങിയ മഹതി. ഇവളെ കല്യാണം കഴിച്ചേ അടങ്ങൂ. കേവല രതിലീലകളോ പുരുഷസാന്നിധ്യമോ അല്ല ആ സ്ത്രീരത്നത്തെ നയിക്കുന്നത്. ഉറച്ച വിശ്വാസവും ജീവിത പ്രതീക്ഷകളുമാണ്.

അബുത്വല്‍ഹ നിരാശനായില്ല. അദ്ദേഹത്തിന്റെ പ്രേമത്തിന് മൂര്‍ച്ചകൂടി. ഊണിലും ഉറക്കിലുമെല്ലാം ഒരേ ചിന്തമാത്രം.

‘ഉമ്മുസുലൈം താന്‍ പൂജിക്കുന്ന സര്‍വദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ചു. ഓ ദൈവങ്ങളേ, എത്രകാലമായി ഞാന്‍ നിങ്ങളെ തൊഴുന്നു. സര്‍വവിധ പൂജകളും കര്‍മങ്ങളും നടത്തുന്നു. എന്റെ ഈ ആഗ്രഹം നിറവേറ്റിത്തരേണമേ’

അതിനിടയില്‍ ഉമ്മു സുലൈമിന്റെ മനസിലേക്ക് വിശ്വാസത്തിന്റെ കാറ്റും വെളിച്ചവും കടന്നു; അവര്‍ മുസ്ലിമായി.

പ്രാര്‍ഥനകളുമായി വര്‍ഷങ്ങള്‍ കടന്നുപോയി. തന്റെ ആരാധ്യദൈവങ്ങളെയെല്ലാം ധ്യാനിച്ചുകൊണ്ടാണ് അന്ന് അബൂത്വല്‍ഹ ഉമ്മുസുലൈമിന്റെ  വീട്ടില്‍ ചെന്നത്. വീടിന്റെ ഉമ്മറത്തുവന്നുനില്‍ക്കുന്ന യുവാവായ അബൂത്വല്‍ഹയെ കണ്ടമാത്രയില്‍ തന്നെ ഉമ്മുസുലൈമിന് കാര്യം പിടികിട്ടി.

‘ഇന്ന് ഏതായാലും ഇയാളെ ശരിയാക്കണം. ഉമ്മുസുലൈം തീരുമാനിച്ചു. എത്ര തവണയായി വിവാഹകാര്യവുമായി ഇയാള്‍ വീട്ടുമുറ്റത്തുവരുന്നു. തന്നെ ഇത്രയും ഇഷ്ടപ്പെടാനുള്ള കാരണം എന്തായിരിക്കും? ഞാനൊരു വിശ്വാസി. അയാള്‍ അവിശ്വാസി. വീടിന്റെ കോലായില്‍ വന്നുനിന്ന ഉമ്മുസുലൈമിനെ കണ്ടപ്പോള്‍ ലോകം കയ്യടക്കിയ സന്തോഷം അബൂത്വല്‍ഹക്ക്.

‘ഉമ്മുസുലൈം!’

അദ്ദേഹം വിളിച്ചു.

‘ങ്ഹൂം’ .ഒന്ന്മൂളി ഉമ്മുസുലൈം.

‘അനസിപ്പോള്‍ വലുതായി. സഭകളിലും വേദികളിലുമൊക്കെ തിളങ്ങിത്തുടങ്ങി. …..’

വാക്കുകള്‍ പൂര്‍ത്തിയാകാതെ അദ്ദേഹം പറഞ്ഞുനിര്‍ത്തി.

‘അതുകൊണ്ട്?’

‘നമ്മുടെ വിവാഹത്തിന്റെ തിയ്യതി…?’

‘ശരി. ഞാന്‍ താങ്കളുടെ ഇണയാകാം. പക്ഷേ…’

‘എന്തുപക്ഷേ?’

ഉമ്മുസുലൈം പറഞ്ഞുതുടങ്ങി:

‘താങ്കള്‍ കല്ലുകളെയും മരങ്ങളെയുമൊക്കെ ആരാധിക്കുന്ന അവിശ്വാസിയാണ്. ഈ മണ്ടത്തരം ചെയ്യുന്ന ആളെ ഞാനെങ്ങനെ ഭര്‍ത്താവായി സ്വീകരിക്കും. ഒരിക്കലും ഉപകാരമോ ഉപദ്രവമോ ആ കല്ലുകള്‍ ചെയ്യില്ല. നമ്മുടെ നാട്ടിലെ ഏതോ ഒരു ശില്‍പി രൂപകല്‍പന ചെയ്തുണ്ടാക്കിയതാണത്. അവയൊന്നും ദൈവങ്ങളല്ല. യഥാര്‍ഥ ദൈവം ഒരുവന്‍ മാത്രം. അവനാണല്ലാഹു. ആ അല്ലാഹുവിലും അവന്റെ ദൂതരിലും വിശ്വാസം അര്‍പ്പിച്ചു ഒരു പുതിയ വെളിച്ചം സ്വീകരിച്ചു വരൂ അബൂത്വല്‍ഹാ…, എങ്കില്‍ നമുക്ക് ഒരുമിക്കാം. എന്റെ വിവാഹത്തിനായി താങ്കള്‍ വേറെ വിവാഹമൂല്യം ഒന്നും കരുതേണ്ടതില്ല. ഞാനതാഗ്രഹിക്കുന്നില്ല. എനിക്ക് ഒരേയൊരാഗ്രഹം മാത്രമേയുള്ളൂ. താങ്കള്‍ മുസ്ലിമാകണം. അതാണെന്റെ മഹര്‍.’

എല്ലാം ചെവികൂര്‍പ്പിച്ചുകേട്ട അബൂത്വല്‍ഹ നേരിയ നിശ്വാസത്തോടെ പറഞ്ഞു:

‘ശരി. ഞാനാലോചിക്കട്ടെ.’

ഉമ്മുസുലൈം അകത്തേക്ക് പോയി.

അബൂത്വല്‍ഹ തിരിഞ്ഞുനടന്നു. ഇസ്ലാം സ്വീകരിക്കണം. മുഹമ്മദ് നബിയെ അംഗീകരിക്കണം. അല്ലാഹു ഒരുവനാണ്.

ആ സന്ദേശങ്ങള്‍ ഓരോന്നും ആലോചിച്ചുകൊണ്ട് നടന്നുനീങ്ങി.

അബൂത്വല്‍ഹയുടെ മനസ്സ് പ്രക്ഷുബ്ധമായി. അദ്ദേഹം ആലോചിച്ചു. താന്‍ മതം മാറുകയോ? എന്തിനുവേണ്ടി? ഉമ്മുസുലൈം എന്ന സ്ത്രീക്കുവേണ്ടിയോ? അതല്ല സത്യത്തിനും നീതിക്കും വേണ്ടിയോ? സ്രഷ്ടാവായ അല്ലാഹുവിന്റെ പരകോടി വിശ്വാസികളില്‍ ഒരു ബിന്ദുവാകുന്നതിനുവേണ്ടിയോ? പെണ്ണ് കെട്ടാന്‍ വേണ്ടിയാണെങ്കില്‍ അവളെ കയ്യില്‍ കിട്ടിയശേഷം പഴയവിശ്വാസത്തിലേക്ക് പോകാമല്ലോ. അതുകൊണ്ട് കാര്യമായില്ല. പെണ്ണ് എന്റെ പുതുജീവിതത്തിന്റെ കാരണക്കാരി മാത്രം. ആ സ്ത്രീ ഭാഗ്യവതിയാണ്. ഞാന്‍ ഭാഗ്യവാനും. എന്റെ പുതുജീവിതത്തിലെ ഒരുപാട് വിജയങ്ങള്‍ക്ക് തുടര്‍ന്നും അവള്‍ കാരണക്കാരിയായേക്കും. അവളെ ഞാന്‍ വിടില്ല. വിവാഹം ചെയ്തേ അടങ്ങൂ. ഈ നിമിഷം മുതല്‍ ഞാനിതാ അല്ലാഹുവിന്റെ അടിമയാകുന്നു. മുഹമ്മദ് നബിയുടെ ശിഷ്യനാകുന്നു. ‘വിഗ്രഹങ്ങളേ നിങ്ങള്‍ക്കു വിട. അശ്ഹദു അന്‍ലാഇലാഹഇല്ലല്ലാഹ്…’

****

വീടിന്റെ ഉമ്മറത്ത് ആരോ വന്നതുപോലെ ഉമ്മുസുലൈമിന് തോന്നി. മെല്ലെചെന്നുനോക്കി. അബൂത്വല്‍ഹ. പഴയ ആളല്ല. തീര്‍ത്തും പുതിയ മനുഷ്യന്‍. അല്‍ഹംദുലില്ലാഹ്.

അബൂത്വല്‍ഹ വിളിച്ചു. ‘ഉമ്മുസുലൈം’

‘ഓ’ ‘ഞാന്‍ പഴയ ആളല്ല. മുസ്ലിമായിരിക്കുന്നു.’

‘എങ്കില്‍ നമുക്ക് വിവാഹിതരാകാം. എനിക്ക് മഹ്ര്‍ വേണ്ട. താങ്കളുടെ ഇസ്ലാം മഹ് റായി സ്വീകരിച്ചുകഴിഞ്ഞു.’

അങ്ങനെ ആ വിവാഹം നടന്നു.

അനസിന്റെ വീട്ടില്‍ ഒരുപ്പ കടന്നു വന്നു.  ഉപ്പ ആരാണെന്ന് ഓര്‍മ്മയില്ലാത്ത അനസ് (റ) ന് അദ്ദേഹം ഉപ്പ തന്നെ. ഉപ്പയും ഉമ്മയും സസുഖം കഴിയുന്നു. ആ ജീവിതത്തിലെ പല സംഭവങ്ങള്‍ക്കും  സാക്ഷിയായി അനസ് വളര്‍ന്നു വന്നു.

========== # ===========

കഥാസാരം:

ഈമാനും അല്ലാഹുവിലുള്ള വിശ്വാസവുമാണ് മുസ്ലിമിന് ഏറ്റം വലുത്. ഇതരമതസ്ഥരുമായി ഇടകലര്‍ന്നുജീവിക്കുന്ന വ്യവസ്ഥിതിയാണ് നമ്മുടേത്. ജീവിതത്തിന്റെ ഒരുഘട്ടത്തിലും നമ്മുടെ തൌഹീദ് നഷ്ടപ്പെടുത്തരുത്. നാം കാരണമായി ഒരാളെങ്കിലും നന്നാകാനാണ് ശ്രമിക്കേണ്ടത്. കൌമാരപ്രായക്കാരുടെ ചാപല്യമാണ് സ്നേഹം, പ്രേമം, എ ന്നൊക്കെപറയുന്നത്. അതിന്റെപേരില്‍ ആയിരക്കണക്കിന് യുവതികളാണ് വഞ്ചിക്കപ്പെടുന്നത്. കാമുകനോടൊപ്പം ഇറങ്ങിപ്പോകാന്‍ അവള്‍ക്കുതോന്നി. പിന്നീട് പലതും സംഭവിച്ചു. അവസാനം ഗതിയില്ലാതെയായി. ഇനി ഗതി കാമുകനോടൊത്ത് മാത്രമേയുള്ളൂ എന്ന ചിന്തയിലായി. അതിന് കാമുകന്റെ മതം സ്വീകരിക്കണം. തൌഹീദിന്റെ മാല കഴുത്തില്‍നിന്ന് പൊട്ടിച്ചെറിഞ്ഞ് അമുസ്ലിം ആരാധനാലയങ്ങളില്‍ അഭയംതേടുന്നതായി കണ്ടുവരുന്നു. ഇത് ആലോചനക്കുറവാണ്. ‘തൌഹീദ് വലിച്ചെറിഞ്ഞ് മതംമാറിയവര്‍ ഇസ്ലാമില്‍തന്നെ ഉറച്ചുനിന്നിരുന്നുവെങ്കില്‍, എന്ന് മരണസമയം ആശിക്കുന്നതാണെ ന്ന് ഖുര്‍ആന്‍ പറയുന്നു. ഉമ്മുസുലൈമിനെ പ്രേമിച്ചുവന്ന അബൂത്വല്‍ഹ(റ)യെ നേര്‍വഴിയിലാക്കാന്‍ അവര്‍ക്കുകഴിഞ്ഞു.


RELATED ARTICLE

  • വിനോദത്തിന്റെ മായാവലയം
  • കവിത: ആലാപനവും ആസ്വാദനവും
  • വൈദ്യന്‍ നോക്കിയിട്ടുണ്ട്
  • മുതലാളി
  • മരിച്ചാലും മരിക്കാത്തവര്‍
  • മാപ്പ്
  • മംഗല്യസാഫല്യം
  • മടക്കയാത്ര
  • ലുബാബയുടെ ഉപ്പ
  • കോഴിയുടെ കൊത്ത്
  • ഒരു കൌമാരം തളിര്‍ക്കുു
  • ഖൌലയുടെ നൊമ്പരങ്ങള്‍
  • മനസ്സില്‍ കാറ്റ് മാറി വീശുന്
  • കാര്‍മേഘം
  • ജാബിറിന്റെ ഭാര്യ
  • ദരിദ്രന്‍
  • ധീരമാതാവ്
  • ചോരക്കൊതി
  • അതിരില്ലാത്ത സന്തോഷം
  • അന്ത്യ നിമിഷം
  • അനസിന്റെ ഉമ്മ
  • അബൂലഹബിന്റെ അന്ത്യം
  • വ്യാജന്‍
  • വഴിപിരിയുന്നു
  • സ്നേഹത്തിന്റെ മഴവില്‍
  • രോഷം കൊണ്ട ഉമ്മ
  • പട്ടി കുരച്ച രാത്രി
  • വരൂ, നമുക്കൊരുമിച്ച് നോമ്പ് തുറക്കാം
  • ചോരയില്‍ കുതിര്‍ന്ന താടിരോമം
  • ആദ്യ രക്തസാക്ഷി സുമയ്യ
  • വിഫലമായ ചാരപ്പണി
  • വന്‍മരങ്ങള്‍ വീഴുന്നു
  • മദീനയിലെ മണിയറയിലേക്ക്
  • ഒരു നിശബ്ദ രാത്രിയില്‍
  • പൊടിക്കൈകള്‍
  • തണ്ണീരും കണ്ണീരും
  • സ്വര്‍ഗത്തിലേക്കുള്ള വഴി
  • വിരഹദുഃഖം
  • തീപ്പന്തങ്ങള്‍
  • തകര്‍ന്ന ബന്ധം
  • ഇഷ്ടമാണ്;പക്ഷേ,
  • ഓര്‍മകള്‍