Click to Download Ihyaussunna Application Form
 

 

കവിത: ആലാപനവും ആസ്വാദനവും

പദ്യം, കവിത, സംഗീതം എന്നിവ സാഹിത്യകലകളാണെന്നപോലെ വിനോദങ്ങളായും ഉപയോഗിക്കാറുണ്‍ട്. ഇവ മൂന്നും ഒരു വീക്ഷണത്തില്‍ ഒന്നാണെന്നു പറയാമെങ്കിലും യഥാര്‍ഥത്തില്‍ വ്യത്യസ്തങ്ങളാണ്. അറബികള്‍ ഉന്നതകലകളായി ഗണിച്ചിരുന്ന ചതുര്‍കലകളിലൊന്നാണ് കവിത. ശില്‍പവിദ്യ, ചിത്രരചന, സംഗീതം, കവിത എന്നിവയാണ് ചതുര്‍കലകള്‍. ഇവനാലും പ്രകൃതിസൌന്ദര്യത്തിന്റെ ചിത്രീകരണമാണ്. ശില്‍പകല അഥവാ കൊത്തുപണി പ്രകൃതിയെ പ്രകടമായി ചിത്രീകരിക്കുന്നു. ചിത്രകല, രൂപങ്ങളും രേഖകളും, വര്‍ണങ്ങളും മുഖേന പ്രകൃതിക്കു പ്രതലരൂപം നല്‍കുന്നു. കവിതയാകട്ടെ പ്രകൃതിക്കു ഭാവനാരൂപം നല്‍കുകയും മനുഷ്യന്റെ പ്രകൃതി പ്രതിപത്തിയെയും കൌതുകത്തെയും പദങ്ങളിലൂടെ പ്രകടിപ്പിക്കുകയും ചെയ്യുന്നു. കവിത ആത്മാവിന്റെ ഭാഷയാണ്. അല്ലെങ്കില്‍ പരോക്ഷമായ ആശയങ്ങളുടെ പ്രത്യക്ഷമായ രൂപങ്ങളാണ്. കവിത പോലെ തന്നെ സംഗീതവും, പ്രകൃതി സൌന്ദര്യം പദങ്ങളിലൂടെ പ്രകടിപ്പിക്കുന്നു. പക്ഷേ, സംഗീതത്തിന് ഒരു സവിശേഷത കൂടിയുണ്‍ട്. അതു സ്വരരാഗങ്ങളിലൂടെയും ഈണങ്ങളിലൂടെയുമാണ് സൌന്ദര്യപ്രകടനം സാധിക്കുന്നത്.
ചില കാവ്യ ശാസ്ത്രജ്ഞന്‍മാര്‍ പ്രാസവും വൃത്തവുമൊത്ത വാക്യങ്ങളില്‍ കവിതയെ പരിമിതപ്പെടുത്തിയതു കാണാം. അതു ശരിയല്ല. അതു പദ്യത്തിനുള്ള നിര്‍വചനം മാത്രമാണ്. കവിതയും പദ്യവും തമ്മില്‍ വലിയ അന്തരമുണ്‍ട്. കവിത പദ്യരൂപത്തിലും ഗദ്യരൂപത്തിലുമുണ്‍ട്. അതുകൊണ്‍ട് പദ്യകാരന്‍ കവിയായികൊള്ളണമെന്നില്ല. കവി പദ്യകാരനാവണമെന്നുമില്ല. ഛന്ദശ്ശാസ്ത്ര പ്രകാരമുള്ള വൃത്തവും പ്രാസവും കവിതക്കു സൌന്ദര്യവും മാധുര്യവും വര്‍ദ്ധിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അപ്പോള്‍ പദ്യത്തിന്റെ മൂശയില്‍ കവിതയെ വാര്‍ത്തെടുക്കാമെന്ന പോലെ അതില്‍ നിന്ന് മോചിതമായി ഗദ്യകവിതയും രചിക്കാവുന്നതാണ്. ഭാവനാത്മകമായ ഒരു വാക്യം കണ്‍ടാല്‍ അതില്‍ കാവ്യത ദര്‍ശിക്കാം. ആ കാവ്യത ആസ്വാദ്യതയും ആനന്ദവും പകരുന്നു. പ്രസ്തുത വാക്യം ഗദ്യമായിരിക്കാം. അതിലെ ഭാവനാ വിലാസവും അലങ്കാരപ്രയോഗവുമാണ് പുളകം കൊള്ളിക്കുന്നത്. പ്രസ്തുത വാക്യത്തെ കാവ്യശാസ്ത്രപ്രകാരമുള്ള പദ്യത്തിന്റെ മൂശയില്‍ വാര്‍ത്തെടുത്താല്‍ അതിന്റെ സൌന്ദര്യം വര്‍ദ്ധിക്കുന്നു. സ്വരരാഗ താളങ്ങളോടെ അതിനു സംഗീതാത്മകത വരുത്തുമ്പോള്‍ അതു ശ്രോതാക്കളെ കോള്‍മയിര്‍ കൊള്ളിക്കുന്നു.
വൃത്തവും പ്രാസവും കൊണ്‍ടല്ല പ്രത്യുത ഭാവനാ വിലാസം കൊണ്‍ടും ആലങ്കാരികത കൊണ്‍ടുമാണ് ഒരു വാക്യം കവിതയായിതീരുന്നത്. അതുകൊണ്‍ടാണ് ഒരു സാഹിത്യകാരന്‍ ഇപ്രകാരം പറഞ്ഞത്: കവിത ഒരു സംസാരമാണ്. അതില്‍ ഏറ്റവും മെച്ചപ്പെട്ടത് ഏറ്റവും ഭാവനാത്മകമായതാണ്. ഈ പ്രസ്താവന പ്രസിദ്ധ സാഹിത്യചരിത്രകാരനായ അബുല്‍ ഫറജ് അല്‍ ഇസ്വ്ബഹാനി തന്റെ അല്‍ അഗാനീ എന്ന ഗ്രന്ഥത്തില്‍ (18/124) ഉദ്ധരിച്ചിട്ടുണ്‍ട്. മനസില്‍ അലയടിക്കുകയും മനസ് നാക്കിലേക്ക് എറിയുകയും ചെയ്യുന്ന ആശയമെന്നാണ് മറ്റൊരാളുടെ നിര്‍വചനം. ഈ നിര്‍വചനം ജാഹിള് എന്ന വിഖ്യാത സാഹിത്യകാരന്‍ തന്റെ അല്‍ബയാന്‍ എന്ന ഗ്രന്ഥത്തില്‍ (2/172) ഉദ്ധരിച്ചിട്ടുണ്‍ട്. മിക്കവാറും വൃത്തത്തിന്റെ തുടക്കം, അറബി ഭാഷയില്‍, ഒട്ടകങ്ങളുടെ കാല്‍വെപ്പുകള്‍ക്ക് താളം പിടിച്ചുകൊണ്‍ട് നടത്തിയ കവിതാലാപനത്തില്‍ നിന്നാണെന്ന് പറയപ്പെടുന്നു. യാത്ര വേളയില്‍ ഒട്ടകങ്ങള്‍ക്കു ആവേശം പകരുന്നതിനുവേണ്‍ടി അറബികള്‍ ആലപിച്ച റജ്സ് വൃത്തമാണ് ഒന്നാമത്തെ അറബിക്കവിതാ വൃത്തം. ഈ യാത്രാകവിതയ്ക്കു ഹിദാഅ് എന്നു പറയുന്നു. കവിതാവൃത്തങ്ങളില്‍ ഏറ്റവും പ്രാചീനമായ റജ്സ് ആണ് ഏറ്റവും ലളിതമായ വൃത്തം. അറബി ഗോത്രതലവന്‍മാരില്‍ പ്രസിദ്ധനായ മുളര്‍ ആണത്രേ ഈ വൃത്തത്തിന്റെ ഉപജ്ഞാതാവ്. അദ്ദേഹം ഒട്ടകപ്പുറത്തു നിന്ന് വീണ് കൈ മുറിഞ്ഞു. സഹയാത്രികര്‍ അദ്ദേഹത്തെ പൊക്കിയെടുത്ത് ഒട്ടകപ്പുറത്തു വഹിച്ചുകൊണ്‍ടു പോകുമ്പോള്‍ അദ്ദേഹം പാടുകയുണ്‍ടായി: വാ യദാഹ്! വാ യദാഹ്! ശബ്ദഭംഗിയുടെ ഉടമയായ മുളറിന്റെ ഈണം കേട്ടു ഒട്ടകം ആവേശം കൊള്ളുകയും ശീഘ്രം നടക്കുകയും ചെയ്തു. പിന്നീട് അദ്ദേഹത്തെ അനുകരിച്ചുകൊണ്‍ട് അറബികള്‍ യാത്രാവേളയില്‍ അപ്രകാരം പാടിക്കൊണ്‍ട് തങ്ങളുടെ വാഹനമായ ഒട്ടകത്തിനു ആവേശം കൊള്ളിക്കുമായിരുന്നു (താരിഖു ആദാബില്ലുഗത്തില്‍ അറബിയ്യ: ജോര്‍ജ്ജ് സൈദാന്‍ 1/58).
മറ്റൊരു സംഭവം ഇതു സംബന്ധമായി ഇമാം മാവര്‍ദീ ഉദ്ധരിക്കുന്നു.
നബി (സ്വ) ഒരു യാത്രാമദ്ധ്യേ, ബനൂതമീം വംശക്കാരായ ഒരു യാത്രസംഘത്തെ കണ്‍ടു. അവരുടെ കൂട്ടത്തില്‍ ഒട്ടകത്തിനു പാട്ടുപാടുന്ന ഒരു കവിയുണ്‍ടായിരുന്നു. അവരുടെ കവിത കേള്‍ക്കാന്‍ തിരുമേനി (സ്വ) താത്പര്യം കാണിച്ചു. തങ്ങളുടെ കവി യാത്രയിലുടനീളം പാടി ക്ഷീണിച്ചു രാത്രിയുടെ അന്ത്യയാമത്തില്‍ ഉറക്കില്‍ പ്രവേശിച്ചുവെന്ന് അവര്‍ പറഞ്ഞു. പിന്നീട് അല്ലാഹുവിന്റെ പ്രവാചകരേ, ഞങ്ങളാണ് അറബികളില്‍ ആദ്യമായി ഒട്ടകക്കവിത തുടങ്ങിയത് എന്ന് അവരവകാശപ്പെട്ടപ്പോള്‍ അത് എങ്ങനെ എന്ന് തിരുമേനി (സ്വ) ചോദിച്ചു. അവര്‍ പറഞ്ഞു, അറബികള്‍ അജ്ഞാനകാലത്ത് പരസ്പരം കവര്‍ച്ച നടത്താറുണ്‍ട്. അങ്ങനെ ഞങ്ങളുടെ ഗോത്രത്തില്‍പ്പെട്ട ഒരാള്‍ പിടിച്ചെടുത്ത ഏതാനും ഒട്ടകങ്ങളുമായി യാത്ര ചെയ്യുമ്പോള്‍ അവ പലഭാഗത്തേക്കും വിരണ്‍േടാടി. അപ്പോള്‍ അയാളുടെ ദാസന്‍ കയ്യിലടിച്ചു പാടാന്‍ തുടങ്ങി: വാ യദാഹ്! വാ യദാഹ്!! അവന്റെ ശബ്ദസൌന്ദര്യം നിമിത്തം ഒട്ടകങ്ങളൊക്കെ അടുത്തുവന്നു. അപ്പോള്‍ അവന്‍ പറയുകയുണ്‍ടായി:‘ഹാകദാ അഫ്അലു ഹാകദാ അഫ്അലു!! കഥ കേട്ടു നബി (സ്വ) ചിരിച്ചുപോയി. നിങ്ങള്‍ ഏതു ഗോത്രക്കാരാണെന്നു ചോദിച്ചു. ഞങ്ങള്‍ മുളര്‍ ഗോത്രക്കാരാണെന്നു പറഞ്ഞപ്പോള്‍ അവിടുന്ന് പറഞ്ഞു: ഞങ്ങളും (ഖുറൈശികളും) മുളര്‍ ഗോത്രക്കാരാണ്. പിന്നെ നിങ്ങളെങ്ങനെ ഒട്ടകക്കവിതയില്‍ പ്രഥമ അറബികളാകുന്നു? (അല്‍ഹാവില്‍ കബീര്‍: 17/195).
കവിതാരചനയുടെ തുടക്കവും അതിന്റെ നിദാനവും എന്തായിരുന്നാലും അറബികളാണ് ജനസമുദായത്തില്‍ ഏറ്റവും ഭാവനാവിലാസമുള്ളവരും കാവ്യശക്തിയുള്ളവരും. അവരുടെ ഭാഷ തന്നെ കാവ്യാത്മകമാണ്. അലങ്കാരപ്രയോഗങ്ങളും പഴമൊഴികളും അത്യധികമായ പര്യായപദങ്ങളും കൊണ്‍ട് ധന്യമായ അറബി ഭാഷ, ഭാഷകളില്‍ ഏറ്റവും വൈപുല്യമുള്ളതാണ്. അറബി ഭാഷക്കാരന്‍ ജനങ്ങളില്‍ ഏറ്റവും വാചാലരില്‍പെട്ടവനും (ജോര്‍ജ്ജ് സൈദാന്‍ 1/61) കവിതയുടെയും കവികളുടെയും ആധിക്യത്തില്‍ അറബികളോട് കിടപിടിക്കുന്ന ഒരു സമുദായം ലോകത്തില്ല തന്നെ (1/56). ഓരോ അറബി ഗോത്രത്തിനും നിരവധി കവികളുണ്‍ടായിരുന്നു. അവരില്‍ ഏറ്റവും വിദഗ്ധനായ ഒരാളെ അവര്‍ ഗോത്രക്കവിയായി അവരോധിക്കുമായിരുന്നു. പ്രസംഗകന്‍, സൈന്യാധിപന്‍ ആദിയായവരെ സജ്ജമാക്കുന്നതില്‍ ബദ്ധശ്രദ്ധരായിരുന്നതുപോലെ ഗോത്രക്കവിയെ സജ്ജമാക്കുന്നതിലും അവര്‍ ബദ്ധശ്രദ്ധരായിരുന്നു. ഇന്ന ഗോത്രത്തിലെ സൈനികത്തലവന്‍ ഇന്നയാള്‍, അവരുടെ അശ്വഭടന്‍ ഇന്നയാള്‍, കവി ഇന്നയാള്‍ എന്നു പറയപ്പെടുമായിരുന്നു (അല്‍ അഗാനീ 4/146).
കവികള്‍ക്ക് ഇത്രയും വലിയ പദവി കിട്ടാനെന്താണു കാരണം? അവര്‍ അഭിമാനത്തിന്റെ സംരക്ഷകരും വീരകൃത്യങ്ങളുടെ സൂക്ഷിപ്പുകാരും വാര്‍ത്തകളുടെ റിപ്പോര്‍ട്ടര്‍മാരുമായിരുന്നു. ഒരു അശ്വഭടന്‍ നൈപുണ്യം നേടി രംഗത്തുവരുന്നതിനേക്കാള്‍ ഒരു കവിയുടെ വിദഗ്ധമായ രംഗപ്രവേശത്തിനു പലപ്പോഴും അവര്‍ പ്രാധാന്യം നല്‍കിയിരുന്നു. അതുകൊണ്‍ടുതന്നെ ഒരു ഗോത്രത്തിലെ വല്ല കവിയും വൈദഗ്ധ്യം നേടിയാല്‍ അവര്‍ സദ്യയൊരുക്കുകയും പുരുഷന്‍മാരും കുട്ടികളും പരസ്പരം സുവിശേഷം കൈമാറുകയും മറ്റു ഗോത്രങ്ങള്‍ വന്ന് കവിയെ അനുമോദിക്കുകയും ചെയ്യുമായിരുന്നു (അല്‍ മുസ്ഹര്‍: ഇമാം സുയൂത്വീ (റ) 3/236).
ഇസ്ലാമിനു മുമ്പുള്ള അറബിക്കവിതകളില്‍ കാവ്യതയില്‍ ഏറ്റവും ശക്തരും കവിതയില്‍ ഏറ്റവും അഗാധജ്ഞാനമുള്ളവരും നൂറ്റി ഇരുപത്തിയൊന്നു പേരാണ്. അവരില്‍ ഏറ്റവും യോഗ്യരും പ്രശസ്തരും ഏഴുപേരാണ്. ഇംറഉല്‍ ഖൈസ്, സുഹൈര്‍, നാബിഗത്, അഅ്ശാ, ലബീദ്, അംറ്, ത്വര്‍ഫത് (ജോര്‍ജ്ജ് സൈദാന്‍ 1/93-96). ഇവരുടെ തിരഞ്ഞെടുത്ത സപ്തകാവ്യങ്ങള്‍ സ്വര്‍ണലിപികളാല്‍ ആലേഖനം ചെയ്തു വിശുദ്ധ കഅ്ബയുടെ കില്ലകളില്‍ കൊണ്‍ടുവന്നു കെട്ടിത്തൂക്കുകയുണ്‍ടായി. അതുകൊണ്‍ടാണ് അവയ്ക്കു അസ്സബ്ഉല്‍ മുഅല്ലഖാത്ത് എന്നും അസ്സബ്ഉല്‍ മുദഹ്ഹബാത്ത് എന്നും പേര് ലഭിച്ചത് (മുഖദ്ദിമ: ഇബ്നു ഖല്‍ദൂന്‍ 1/509). ഇവരില്‍ ഏറ്റവും മികച്ച കവിയായ ഇംറഉല്‍ ഖൈസ് ഇസ്ലാമിനു മുമ്പുള്ള അറബിക്കവികളില്‍ ഏറ്റവും വലിയ കവിയായി ഗണിക്കപ്പെടുന്നു. സാഹിത്യലോകത്തെ രാജാവായ ഇംറഉല്‍ ഖൈസ് കിന്‍ദഃ ഗോത്രരാജാക്കന്‍മാരുടെ വംശത്തില്‍ ജനിച്ച രാജകുമാരന്‍ കൂടിയാണ് (ജോര്‍ജ്ജ് സൈദാന്‍ 1/100). എന്നാല്‍ സാഹിത്യത്തില്‍ ഏറ്റവും മികവു കാണിച്ച ജാഹിലിയ്യ അറബിക്കവിതകളുടെ പ്രധാന പ്രമേയങ്ങള്‍ ദുരഭിമാനവും പൊങ്ങച്ചവും സ്ത്രീ വര്‍ണനയും ആത്മപ്രശംസയും മിത്ര കീര്‍ത്തനവും ശത്രുഭത്സനവും അനുരാഗ കഥനവും കാമുകീവര്‍ണനയുമായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട സപ്തകാവ്യങ്ങളുടെ രത്നചുരുക്കം നാടന്‍ ശൈലിയില്‍ പറഞ്ഞാല്‍ അടിപിടിയും കള്ളുകുടിയും പെണ്ണുപിടിയുമാകുന്നു. പ്രഥമസ്ഥാനം ഇംറഉല്‍ ഖൈസിന്റെ കാവ്യത്തിനാണല്ലോ? എന്നാല്‍ തന്റെ കാമുകിയായ ഉനൈസയുമായി നടത്തിയ കാമലീലകളുടെ ഏറ്റവും ശ്ളീലേതരമായ വര്‍ണനാഭാസമാണ് അതില്‍ നമുക്ക് കാണാന്‍ സാധിക്കുന്നത്. ഏഴു മുഅല്ലഖകളില്‍ ഒന്നിന്റെ കര്‍ത്താവായ ത്വര്‍ഫത്തിന്റെ കാവ്യത്തിലെ നാലുവരികള്‍ കാണുക. അവ മതി ആ കാലഘട്ടത്തിലെ കവിതയുടെ സ്വഭാവം മനസ്സിലാക്കാന്‍.
നിന്റെ മഹത്വം തന്നെ സത്യം, മൂന്നു കാര്യങ്ങള്‍ ഒരു മാന്യയുവാവിന്റെ ആസ്വാദ്യവസ്തുക്കളുടെ കൂട്ടത്തില്‍ ഉണ്‍ടായിരുന്നില്ലെങ്കില്‍ എന്റെ രോഗ സന്ദര്‍ശകര്‍ (എന്റെ ജീവിതത്തെ കുറിച്ച് നിരാശപ്പെട്ട് മരണം ഉറപ്പിച്ചു എന്റെ സമീപത്തു നിന്നു) എപ്പോള്‍ എഴുന്നേറ്റ് പോയാലും ഞാനതു സാരമാക്കുകയില്ല. അഥവാ ഈ മൂന്നു കാര്യങ്ങളില്ലെങ്കില്‍ മരണം എനിക്കു പ്രശ്നമല്ല. വെള്ളം ചേര്‍ത്താല്‍ നുരയെറിയുന്ന കടുംചുവപ്പുള്ള മദ്യം, ആക്ഷേപകരായ വനിതകളെ മറികടന്നുകൊണ്‍ട് (പ്രഭാതത്തില്‍ അവര്‍ ഉണരും മുമ്പ്) കുടിക്കുകയെന്നതാണ് അവയിലൊന്ന്.
ശത്രുക്കളാല്‍ വലയം ചെയ്യപ്പെട്ടവന്‍ സഹായത്തിനായി വിളിക്കുമ്പോള്‍ ദാഹിച്ചു ജലപാനത്തിനു പോകുന്നതും, നീ വിളിച്ചു ജാഗ്രത വരുത്തിയതും, വനത്തില്‍ താമസിക്കുന്നതുമായ ചെന്നായയെപ്പോലെ അതിശീഘ്രം ഓടുന്ന കുതിരയെ മുമ്പോട്ടു ചാടിക്കുന്നതാണ് രണ്‍ടാമത്തെ കാര്യം. പൊക്കമുള്ള ഒരു കൂടാരത്തിനു താഴെ തടിച്ചു കൊഴുത്ത ഒരു മാദക സുന്ദരിയുമായി സല്ലപിച്ചുകൊണ്‍ടു മഴയും കാറുമുള്ള ഒരു ദിവസത്തിന്റെ നീളം കുറയ്ക്കുക എന്നതാണ് മൂന്നാമത്തെ കാര്യം. മഴയും കാറും തദവസരം സന്തോഷദായകമാണ്.
ഈ അവസരത്തിലാണ് എല്ലാ നന്‍മകളെയും അംഗീകരിച്ചും എല്ലാ തിന്‍മകളെയും നിരാകരിച്ചും ഇസ്ലാം രംഗത്തു വന്നത്. സാഹിത്യരംഗത്ത് ഒരു വലിയ വഴിത്തിരിവാണ് ഇസ്ലാം സൃഷ്ടിച്ചത്. കവിതയെ രണ്‍ടായി ഭാഗിച്ചു. നല്ലതും ചീത്തയും. നല്ലതു പ്രോത്സാഹിപ്പിക്കുകയും ചീത്തയെ നിരുത്സാഹപ്പെടുത്തുകയും ചെയ്തു. കവിതയെ കുറിച്ച് നബി (സ്വ) യുടെ പ്രസ്താവന ഇപ്രകാരമായിരുന്നു.
അത് ഒരിനം ഭാഷണമാണ്. അതില്‍ നല്ലതു നല്ലതുതന്നെ, ചീത്ത ചീത്തയും (ദാറഖുത്വ്നി, ഹാകിം, ബൈഹഖി). കവിതയില്‍ തത്വജ്ഞാനമുണ്‍ട്. സാഹിത്യത്തില്‍ ഇന്ദ്രജാലവുമുണ്‍ട് (ബുഖാരി 5767, മുസ്ലിം 6145). സാഹിത്യ സംപുഷ്ഠവും ആശയപ്രധാനവുമായ നല്ല കവിതകള്‍ക്കു നബി (സ്വ) അംഗീകാരം നല്‍കിയതിനു ധാരാളം തെളിവുകളുണ്‍ട്. പല കവികളും നിവേദകരായി വന്നു തിരുമേനിയെ പ്രശംസിച്ചു കവിത ചൊല്ലിയപ്പോള്‍ തിരുമേനി അത് നിരോധിച്ചില്ലെന്നു മാത്രമല്ല, പ്രതിഫലം നല്‍കുക കൂടി ചെയ്തിട്ടുണ്‍ട്. അഅ്ശാ, കഅ്ബുബ്നു സുഹൈര്‍ എന്നിവര്‍ ഈ ഗണത്തില്‍ പെട്ടവരാണ്. തിരുനബി (സ്വ) ക്കു പ്രത്യേകമായ കവികള്‍ തന്നെയുണ്‍ടായിരുന്നു. അവര്‍ സ്വമേധയാ കവിത ആലപിക്കുകയും മറ്റു ചിലപ്പോള്‍ തിരുനബിയുടെ ആജ്ഞപ്രകാരം ശത്രുക്കളുടെ ആക്ഷേപങ്ങള്‍ക്ക് കവിതയിലൂടെ മറുപടി നല്‍കുകയും ചെയ്യുമായിരുന്നു. ഹസ്സാനുബ്നു സാബിത് (റ), കഅ്ബുബ്നു മാലിക് (റ), അബ്ദുല്ലാഹിബ്നു റവാഹ (റ) എന്നിവര്‍ ഈ വിഭാഗത്തില്‍ പെട്ടവരാണ്. ശരീദ് എന്ന സ്വഹാബി ഒരു ദിവസം തിരുമേനിയുടെ സഹയാത്രികനായി വാഹനപ്പുറത്തു പോകുമ്പോള്‍ അവിടുന്ന് ചോദിച്ചു: ഉമയ്യത്തുബ്നു അബീസ്വല്‍ത്തിന്റെ കവിതകളില്‍ വല്ലതും നിന്റെ വശമുണ്‍ടോ? ഉണ്‍ടണ്ടെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ എന്നാല്‍ വരട്ടെ എന്ന് തിരുമേനി (സ്വ) പറഞ്ഞു. ഒരു വരി കേള്‍പിച്ചപ്പോള്‍ വീണ്‍ടും വരട്ടെ എന്നു പറഞ്ഞു. അങ്ങനെ നൂറു വരികള്‍ കേള്‍പ്പിക്കുകയുണ്‍ടായി (മുസ്ലിം 2255). അബൂബക്കര്‍ (റ) നോട്, ഖുസ്സുബ്നു സാഇദ എന്ന അറബി സാഹിത്യകാരന്‍ ഉക്കാള മേളയില്‍ ആലപിച്ച കവിതകള്‍ ചൊല്ലാന്‍, നബി (സ്വ) ആവശ്യപ്പെട്ടപ്പോള്‍ സ്വിദ്ദീഖ് (റ) അതു കേള്‍പിക്കുകയുണ്‍ടായി (അല്‍ അഗാനി 5/246). സ്വഹാബിമാരില്‍ നിരവധി പേര്‍ കവിത രചിക്കുന്നവരും അതു ചൊല്ലുന്നവരും ഉണ്‍ടായിരുന്നു. അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) വിശുദ്ധ ഖുര്‍ആനിന്റെ ആശയങ്ങള്‍ക്ക് അറബി കവിതകള്‍ സാക്ഷ്യമാക്കുമായിരുന്നു. അദ്ദേഹം പറയുകയുണ്‍ടായി. കവിത അറബികളുടെ സാഹിത്യസമാഹാരമാണ്. ചുരുക്കത്തില്‍ കവിതയെ സ്വഹാബികളില്‍ നിന്നോ താബിഉകളില്‍ നിന്നോ ഒരാളും നിരുപാധികം നിഷേധിച്ചിട്ടില്ല (അല്‍ ഹാവീ: ഇമാം മാവര്‍ദി 17/202-206 നോക്കുക).
എന്നാല്‍ കവിതകളുടെ കൂട്ടത്തില്‍ വര്‍ജ്യങ്ങളായ ചീത്ത കവിതകള്‍ ധാരാളമുണ്‍ട്. അവ രചിക്കുവാനോ കേട്ട് ആസ്വദിക്കുവാനോ പാടില്ല. അതു മനസില്‍ സൂക്ഷിക്കുവാനും പാടില്ല. നബി (സ്വ) പറയുന്നു:
ഒരാളുടെ അന്തര്‍ഭാഗം അതിനെ ദുഷിപ്പിക്കുന്ന ചലം കൊണ്‍ട് നിറയുന്നതാണ് അതു കവിതകൊണ്‍ട് നിറയുന്നതിനേക്കാള്‍ ഉത്തമം (ബുഖാരി 6155, മുസ്ലിം 2257). നന്‍മയില്‍ നിന്നു തടയുകയോ തിന്‍മക്ക് പ്രേരിപ്പിക്കുകയോ ചെയ്യുന്ന ചീത്ത കവിതകളാണ് ഇവിടെ ഉദ്ദേശ്യം. അത്തരം കവിതകളുടെ വക്താക്കളെ കുറിച്ചാണ് വിശുദ്ധ ഖുര്‍ആന്‍ നിശിതമായി വിമര്‍ശിച്ചിട്ടുള്ളത്.
കവികള്‍; അവരെ പിന്തുടരുന്നത് ദുര്‍മാര്‍ഗികളാകുന്നു. അവര്‍ ആശയത്തിന്റെ എല്ലാ താഴ്വരകളിലും അലഞ്ഞു നടക്കുന്നവരാണെന്നും തങ്ങള്‍ പ്രവര്‍ത്തിക്കാത്തതു പറയുന്നവരാണെന്നും താങ്കള്‍ക്കറിയില്ലേ (വിശുദ്ധ ഖുര്‍ആന്‍ 26/224-226).
നല്ല കവിതകള്‍ രചിക്കുന്നതും പാടുന്നതും അനുവദനീയമാണ്; എന്നു മാത്രമല്ല, തിന്‍മ വിലക്കുകയോ നന്‍മ പ്രേരിപ്പിക്കുകയോ ചെയ്യുന്ന കവിത, ഇമാം മാവര്‍ദി പറഞ്ഞപോലെ (17/209) സുന്നത്തുകൂടിയാകുന്നു. എന്നാല്‍ ചീത്ത കവിതകള്‍ രചിക്കരുത്, പാടരുത്, കേള്‍ക്കരുത്. അത് ഹറാമാണ്. എപ്പോഴാണ് കവിത ചീത്തയാകുന്നത്? അങ്ങനെ ഹറാമിന്റെ അവസ്ഥ പ്രാപിക്കുന്നത് എപ്പോഴാണ്? താഴെ പറയുന്ന അഞ്ചു കാര്യങ്ങളില്‍ വല്ലതുമുണ്‍ടായാല്‍ കവിത ചീത്തയാവും. ചീത്തയായാല്‍ ഹറാമുമാവും. ഒന്ന്, നരകാവകാശിയാണെന്ന് ഉറപ്പില്ലാത്ത ഒരാളെ വ്യക്തിപരമായി ശപിക്കുക. ശപിക്കപ്പെടുന്നവന്‍ മുസ്ലിംകളുടെ ശത്രുവോ മതപരിത്യാഗിയോ മഹാപാപിയോ ആരായിരുന്നാലും ശരി ഒരാളെയും ശപിക്കാന്‍ പാടില്ല. രണ്‍ട്, താഴെ പറയുന്ന നാലു പേരൊഴിച്ച് മറ്റു വല്ല വ്യക്തിയേയും ആക്ഷേപിക്കുക. മുസ്ലിംകളോട് പോരിനൊരുങ്ങിയ ശത്രു, മതപരിത്യാഗി, പരസ്യമായി തെറ്റു ചെയ്യുന്നവന്‍, ബിദ്അത്തുകാര്‍ എന്നിവരാണ് ആക്ഷേപിക്കാവുന്നവര്‍. പക്ഷേ, തെറ്റു ചെയ്തവനെ അവന്‍ പരസ്യമായി ചെയ്ത തെറ്റിന്റെ പേരിലും ബിദ്അത്തുകാരനെ അവന്റെ ബിദ്അത്തിന്റെ പേരിലും മാത്രമേ ആക്ഷേപിക്കാന്‍ പാടുള്ളൂ. ഉള്ളതോ ഇല്ലാത്തതോ ആയ മറ്റു കുറ്റങ്ങളോ കുറവുകളോ ഒന്നും അന്യായമായി പറയാന്‍ പാടില്ല. അപ്പോള്‍ നാല്‍വരെ ഒഴിച്ച് മറ്റൊരാളെയും വ്യംഗ്യമായോ വ്യക്തിപരമായോ ആക്ഷേപിക്കാന്‍ പാടില്ല. അത് ഉള്ള കാര്യമാണെങ്കിലും നിഷിദ്ധമാണ്. അത് ഒരു മുസ്ലിമിനോ അമുസ്ലിം പൌരനോ ഉപദ്രവമേല്‍പിക്കുന്നു എന്നതാണ് കാരണം. മൂന്ന്, വഷളായ രീതിയില്‍ അമിതപ്രശംസ നടത്തുക. അസത്യമായ കാര്യങ്ങള്‍ കൊണ്‍ട് പ്രശംസിക്കുമ്പോഴാണ് അത് വഷളായിത്തീരുന്നത്. നാല്, ഒരു അന്യസ്ത്രീയെ വ്യക്തിപരമായി വര്‍ണിക്കുക. അല്ലെങ്കില്‍ സ്വന്തം ഭാര്യയുടെ ഗോപ്യമായ ശരീരഭാഗങ്ങളെയോ ദാമ്പത്യ രഹസ്യങ്ങളെയോ വര്‍ണിക്കുക. കൌമാര പ്രായത്തിലുള്ള സുന്ദരന്‍, മദ്യം മുതലായവയെ വര്‍ണിക്കുന്നതും ഈ ഇനത്തില്‍ പെടുന്നു. ഇവയെല്ലാം ഹറാമാണ്. അഞ്ച്, ഒരു കേസില്‍ സാക്ഷി പറയേണ്‍ട ഒരാള്‍ കവിത പാടുന്നതിലോ കേള്‍ക്കുന്നതിലോ മുഴുകുക. അതു ഹറാമാണ്. കാരണം കവിത പാടുകയും കേള്‍ക്കുകയും ചെയ്യാമെങ്കിലും അത്യാവശ്യ കാര്യങ്ങള്‍ മുടങ്ങും വിധം അതില്‍ ലയിക്കുന്നത് വ്യക്തിത്വത്തിന് ഭംഗം വരുത്തും. വ്യക്തിത്വം നഷ്ടപ്പെട്ടാല്‍ സാക്ഷ്യത്തിന് അയോഗ്യനാവും. ഒരു വിഷയത്തില്‍ സാക്ഷ്യം വഹിക്കേണ്‍ട വ്യക്തി അതിനു അയോഗ്യനാകും വിധം തന്റെ വ്യക്തിത്വം നഷ്ടപ്പെടുത്തുന്നത് ഹറാമാണ്. ഈ ദൂഷ്യങ്ങളൊന്നുമില്ലെങ്കില്‍ കവിത രചിക്കുകയോ ആലപിക്കുകയോ ശ്രവിക്കുകയോ ചെയ്യുന്നതിനു വിരോധമില്ല (തുഹ്ഫ ശര്‍വാനി 10/223-226).


RELATED ARTICLE

  • വിനോദത്തിന്റെ മായാവലയം
  • കവിത: ആലാപനവും ആസ്വാദനവും
  • വൈദ്യന്‍ നോക്കിയിട്ടുണ്ട്
  • മുതലാളി
  • മരിച്ചാലും മരിക്കാത്തവര്‍
  • മാപ്പ്
  • മംഗല്യസാഫല്യം
  • മടക്കയാത്ര
  • ലുബാബയുടെ ഉപ്പ
  • കോഴിയുടെ കൊത്ത്
  • ഒരു കൌമാരം തളിര്‍ക്കുു
  • ഖൌലയുടെ നൊമ്പരങ്ങള്‍
  • മനസ്സില്‍ കാറ്റ് മാറി വീശുന്
  • കാര്‍മേഘം
  • ജാബിറിന്റെ ഭാര്യ
  • ദരിദ്രന്‍
  • ധീരമാതാവ്
  • ചോരക്കൊതി
  • അതിരില്ലാത്ത സന്തോഷം
  • അന്ത്യ നിമിഷം
  • അനസിന്റെ ഉമ്മ
  • അബൂലഹബിന്റെ അന്ത്യം
  • വ്യാജന്‍
  • വഴിപിരിയുന്നു
  • സ്നേഹത്തിന്റെ മഴവില്‍
  • രോഷം കൊണ്ട ഉമ്മ
  • പട്ടി കുരച്ച രാത്രി
  • വരൂ, നമുക്കൊരുമിച്ച് നോമ്പ് തുറക്കാം
  • ചോരയില്‍ കുതിര്‍ന്ന താടിരോമം
  • ആദ്യ രക്തസാക്ഷി സുമയ്യ
  • വിഫലമായ ചാരപ്പണി
  • വന്‍മരങ്ങള്‍ വീഴുന്നു
  • മദീനയിലെ മണിയറയിലേക്ക്
  • ഒരു നിശബ്ദ രാത്രിയില്‍
  • പൊടിക്കൈകള്‍
  • തണ്ണീരും കണ്ണീരും
  • സ്വര്‍ഗത്തിലേക്കുള്ള വഴി
  • വിരഹദുഃഖം
  • തീപ്പന്തങ്ങള്‍
  • തകര്‍ന്ന ബന്ധം
  • ഇഷ്ടമാണ്;പക്ഷേ,
  • ഓര്‍മകള്‍