Click to Download Ihyaussunna Application Form
 

 

വരൂ, നമുക്കൊരുമിച്ച് നോമ്പ് തുറക്കാം

പെട്ടെന്നാണ് വിപ്ളവകാരികള്‍ക്കിടയിലൂടെ ഒരു കോവര്‍കഴുത ഓടിക്കിതച്ചെത്തിയത്. അതിന്റെ പുറത്തെ കൂടാരത്തില്‍ ഉമ്മുഹബീബ(റ). നബി(സ്വ)യുടെ പ്രിയപത്നി. സത്യവിശ്വാസികളുടെ മാതാവ്. വിപ്ളവകാരികള്‍ കഴുതയെ തടഞ്ഞു.

“ആരാണ് കൂടാരത്തില്‍?”

“ഞാന്‍ ഉമ്മു ഹബീബ.”

“എന്താണ് കാര്യം?”

“ഖലീഫയെ ഒന്നു കാണണം.”

“എന്തിന്?”

“അത് നിങ്ങളറിയേണ്ടതില്ല.” ഉമ്മുഹബീബയുടെ ശബ്ദം ഉറച്ചതായിരുന്നു. കഴുതപ്പുറത്ത് സൂക്ഷിച്ച കുടിവെള്ളം വിപ്ളവകാരികളുടെ കണ്ണില്‍ പെട്ടു. അവര്‍ക്ക് ഈറ പിടിച്ചു. കഴുതയുടെ മുഖത്ത് കനത്ത ഒരടി. വേദനകൊണ്ടു പുളഞ്ഞ കഴുത തല കുടഞ്ഞു ചാടാന്‍ തുടങ്ങി. അവര്‍ വാള്‍ കൊണ്ടു അതിന്റെ കയര്‍ വെട്ടി മാറ്റി. കഴുത വാല് പൊക്കി തല കുടഞ്ഞ് പിന്തിരിഞ്ഞോടി. ഉമ്മുഹബീബ(റ) കഴുതപ്പുറത്ത് നിന്ന് തെറിച്ചു വീണു.

“അരുതേ……!” ഉമ്മു ഹബീബക്കെന്തെങ്കിലും പറ്റുമോ എന്ന് പേടിച്ച് ജനങ്ങള്‍ ഓടിക്കൂടി.

“ഉമ്മാ, നിങ്ങള്‍ പൊയ്ക്കോളൂ. ഇവിടെ നില്‍ക്കണ്ട”. അവര്‍ ഉമ്മയെ വീട് വരെ എത്തിച്ചു കൊടുത്തു. വിപ്ളവകാരികളുടെ ക്രൂരത കണ്ടു സഹികെട്ട സ്വഹാബികള്‍ പ്രതിരോധത്തിന് തയാറായി. അവര്‍ സംഘടിച്ച് വലിയൊരു ജനാവലിയായി. എന്ത് വിലകൊടുത്തും ഉസ്മാന്‍ (റ)വിനെ സംരക്ഷിക്കുമെന്ന് തീര്‍ച്ചപ്പെടുത്തി. ഇത്രയും കാലം എല്ലാം ക്ഷമിച്ചു. ഇനി ക്ഷമിക്കുന്ന പ്രശ്നമില്ല. ഖലീഫയുടെ സ്വഭാവവും അതാണ്. അത്രക്ക് പച്ചപ്പാവമായിപ്പോയതു കൊണ്ടാണ് ഖലീഫക്ക് എല്ലാ ദുരന്തങ്ങളും ഏറ്റുവാങ്ങേണ്ടി വന്നത്.

പക്ഷേ, പുറത്ത് എതിര്‍പ്പിന്റെയും ചെറുത്ത് നില്‍പ്പിന്റെയും തീക്ഷ്ണത കൂടി വരുമ്പോള്‍ അകത്ത് രംഗം തണുക്കുകയായിരുന്നു. പ്രതിരോധനിര ശക്തി പ്രാപിച്ചാല്‍ മദീനാ ശരീഫില്‍ രൂക്ഷമായ രക്തച്ചൊരിച്ചിലുണ്ടാകും. ബദ്റും ഉഹ്ദും കണ്ട സ്വഹാബികളാണവര്‍. ആദര്‍ശത്തേക്കാള്‍ വലുതായി അവര്‍ക്കൊന്നുമില്ല. താന്‍ ഏതായാലും ശഹീദാകുമെന്ന് തിരുനബി(സ്വ)യുടെ സുവിശേഷമുണ്ട്. താന്‍ കാരണമായി നബി(സ്വ)യുടെ നാട്ടില്‍ രക്തം ചിന്തരുത്. ഉസ്മാന്‍(റ) ചിന്തിച്ചു. ഖലീഫ സഹായത്തിനെത്തിയ പ്രതിരോധനിര യെ വിളിപ്പിച്ച് പറഞ്ഞു:

“നിങ്ങളെല്ലാവരും മടങ്ങിപ്പോവുക. ഒരേറ്റുമുട്ടലിന് വഴി ഒരുക്കരുത്. നബി(സ്വ) എന്നോട് ഒരു വസ്വിയ്യത്ത് ചെയ്തിട്ടുണ്ട്. ഞാനതിനാല്‍ ക്ഷമ കൈക്കൊള്ളുന്നു.” മുഖത്ത് മ്ളാനത. പക്ഷേ, ഒന്നിനും ആവുന്നില്ലല്ലോ. തന്റെ വീട്ടിലെ സഹചാരികള്‍, കൂട്ടുകാര്‍, പ്രമുഖ സ്വഹാബിമാര്‍, അവരുടെ പുത്രന്മാര്‍ എല്ലാവരോടും പിരിഞ്ഞു പോകാന്‍ ഖലീഫ ഉത്തരവിട്ടു. വിധി ഏറ്റുവാങ്ങുന്നതിന് അദ്ദേഹം ഒരുങ്ങി.

ഖലീഫയുടെ വിലക്കുണ്ടായിട്ടും അലി(റ), ത്വല്‍ഹത്ത് (റ), സുബൈര്‍(റ) എന്നീ പ്രമുഖ സ്വഹാബിമാര്‍ അവരുടെ പുത്രന്മാരെ ഖലീഫയുടെ സംരക്ഷണത്തിനായി നിയോഗിച്ചു. വിപ്ളവക്കാര്‍ തീര്‍ത്ത മനുഷ്യമതിലുകള്‍ ഭേദിച്ച് അവര്‍ ധീരതയോടെ ഖലീഫയുടെ വീടിന്റെ പൂമുഖത്ത് നിലയുറപ്പിച്ചു.

അവരേയും അനുനയിപ്പിച്ചു പറഞ്ഞയക്കാന്‍ ഖലീഫ ശ്രമിച്ചു. അവരത് ചെവികൊണ്ടില്ല.

ആക്രോശമോ കരച്ചിലോ എന്നറിയാതെ ഖലീഫയുടെ ശബ്ദം ഉയര്‍ന്നു: “നിങ്ങളോടല്ലേ പിരിഞ്ഞു പോകാന്‍ പറഞ്ഞത്?”

ഖലീഫയോടുള്ള എല്ലാ ആദരവും നിലനിര്‍ത്തിക്കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ആജ്ഞ അവര്‍ തള്ളിക്കളഞ്ഞു. ഈ പടിവാതില്‍ കടന്ന് ഒരു കുട്ടിയെപ്പോലും അകത്തേക്ക് വിടില്ലെന്ന് അവര്‍ ശഠിച്ചു. വിപ്ളവകാരികളുടെ ഏത് നീക്കവും ചെറുക്കാനും അവര്‍ സജ്ജരായി.

വിപ്ളവകാരികള്‍  അടക്കം പറഞ്ഞു:

“അവരൊക്കെ ഇവിടെയെത്തുന്നതിനു മുമ്പായി കൃത്യം നടക്കണം.” ഖലീഫയുടെ ഉപരോധ വാര്‍ത്ത എല്ലാ പ്രമുഖ പട്ടണങ്ങളിലും അറിഞ്ഞ് അവിടെ നിന്നെല്ലാം വന്‍ സംഘങ്ങള്‍ മദീനയിലേക്ക് പുറപ്പെട്ടിരുന്നു.

ദുല്‍ഹിജ്ജ എട്ടിന് പരിശുദ്ധ മക്കയിലെ മിനായില്‍ തമ്പടിച്ച പതിനായിരക്കണക്കിന് ഹാജിമാര്‍ വിവരം അറിഞ്ഞു. ദുഃഖം തളംകെട്ടിയ അന്തരീക്ഷത്തില്‍ അവര്‍ ഹജ്ജ് കര്‍മം നിര്‍വഹിച്ചു. ഹജ്ജിന്റെ കര്‍മങ്ങള്‍ കഴിഞ്ഞ ഉടനെ മദീനയിലേക്ക് തിരിക്കാനും ഖലീഫയെ സഹായിക്കാനും അവര്‍ പ്രതിജ്ഞയെടുത്തു. “സഹായ സംഘങ്ങള്‍ മദീനയില്‍ എത്തിച്ചേര്‍ന്നാല്‍ നമ്മുടെ പദ്ധതി അവതാളത്തിലായേക്കും. അതിനാല്‍ ഇനി താമസിക്കരുത്.” വിപ്ളവകാരികള്‍ പറഞ്ഞുറച്ചു.

ഹിജ്റാബ്ദം മുപ്പത്തിയഞ്ചാമാണ്ട്. ദുല്‍ഹിജ്ജ പതിനേഴ്. ഖലീഫ ഉസ്മാന്‍(റ) ഏറെ ഉന്മേഷവാ നായി കാണപ്പെട്ടു. സുന്നത്ത് നോമ്പെടുത്തിട്ടുണ്ട്. പതിവു ആരാധനകളില്‍ മുഴുകി. സമയം പോയതറിഞ്ഞില്ല. സൂര്യന്‍ മറയാന്‍ തുടങ്ങി. ഖലീഫ നാല് പാടും നോക്കി. നോമ്പ് തുറക്കാന്‍ ഒരിറ്റു വെള്ളം കിട്ടാനില്ല. സഹായത്തിനാളുകളുമില്ല. ഭര്‍ത്താവിന്റെ ദൈന്യമുഖം കണ്ട ഭാര്യ നാഇലയുടെ ശേഷിച്ച സ്വസ്ഥത കൂടി നഷ്ടപ്പെട്ടു. ഒരിറ്റു വെള്ളത്തിന് അവര്‍ നാലുപാടും ഓടി. രാത്രി ഏറെ വൈകിയപ്പോഴാണ് ഒരു പാത്രം വെള്ളം അവര്‍ സംഘടിപ്പിച്ചത്.

ആ പാനപാത്രവുമായി അവര്‍ ഓടിയെത്തിയപ്പോള്‍ സുഷുപ്തിയിലായിരുന്ന ഉസ്മാന്‍ (റ) ഞെട്ടിയുണര്‍ന്നു. ഭവ്യതയോടെ നാഇല വെള്ളം നീട്ടി. “ഇതാ, ഇത് കുടിച്ചു നോമ്പ് തുറക്കുക.” ഉസ്മാന്‍(റ) തുറന്നു കിടന്ന കിളിവാതിലിലൂടെ പുറത്തേക്ക് നോക്കി. നേരം വെളുത്ത് വരുന്നു.

“നാഇലാ, ഇന്ന് വെള്ളിയാഴ്ചയായിരിക്കുന്നു. നേരം പുലര്‍ന്നു. എനിക്കിനി വെള്ളം വേണ്ട. ഞാനിന്നും നോമ്പ് പിടിച്ചിട്ടുണ്ട്.”

നാഇല കണ്ണൊപ്പി. നെഞ്ചിടിപ്പിന്റെ വേഗതയേറി. കാലിലൂടെ ഒരു തരിപ്പ് തലയിലേക്ക് കയറി. ഖലീഫ അടുത്ത് വിളിച്ച് സമാധാനിപ്പിച്ചു.

“നാഇലാ ഞാനിന്നലെ രാത്രി നബി(സ്വ)യെ കണ്ടു. ഒരു പാത്രം വെള്ളവും കൊണ്ടാണ് തിരുനബി വന്നത്. എനിക്ക് കുറച്ച് കോരിത്തന്നു. ഞാനത് കുടിച്ച് ദാഹം തീര്‍ത്തു.  എ ന്നിട്ട് അവിടുന്ന് പറഞ്ഞു: ഉസ്മാന്‍, താങ്കള്‍ക്കു വേണമെങ്കില്‍ ശത്രുക്കളെ തുരത്താം. അല്ലെങ്കില്‍ ഇങ്ങ് പോരൂ. നമുക്കൊരുമിച്ച് വെള്ളിയാഴ്ച നോമ്പ് തുറക്കാം.” നാഇല വാതില്‍ മുറുകെ പിടിച്ചു. സ്വപ്നത്തിന്റെ പൊരുള്‍ അവര്‍ക്കറിയാമായിരുന്നു.

“എന്താ ഒന്നും പറയാത്തത്?” ഖലീഫ ബീവിയെ ചിന്തയില്‍ നിന്നുണര്‍ത്തി. കരഞ്ഞു കലങ്ങിയ  കണ്ണുകളോടെ അവര്‍ ഖലീഫയെതന്നെ നോക്കി നിന്നു. “നീ എന്റെ പൈജാമ എടുത്തു കൊണ്ട് വരൂ.”

നാഇല  പെട്ടി തുറന്ന് പൈജാമ എടുത്തു കൊടുത്തു. ഖലീഫ അതു ധരിച്ചു. “സാധാരണ നീളന്‍ കുപ്പായമായാല്‍ നഗ്നത വെളിപ്പെട്ടാലോ. ഇതായാല്‍ ഒന്നുമറിയണ്ട. ഭദ്രം.”

“മുസ്വ്ഹഫ് എടുത്ത് കൊണ്ട് വരൂ നാഇലാ” അതു വാങ്ങി തുറന്നു വച്ച് ഉസ്മാന്‍(റ)  പാരായണം തുടങ്ങി. നേരം ഉച്ചയായി. പ്രക്ഷോഭക്കാരില്‍ ചിലര്‍ വീടിന്റെ പിന്നാമ്പുറത്തേക്ക് ഓടിപ്പോയി. ഖലീഫയുടെ വീടിനോട് ചേര്‍ന്ന് നില്‍ക്കുന്ന ബനൂഹസ്മിന്റെ മ തില്‍ ചാടി ഖലീഫയുടെ വീടിന്റെ മുകളില്‍ കയറി വീടിനകത്തേക്ക് ചാടി. ക്ഷണ നേരം കൊണ്ട് ഖലീഫയുടെ വീടിന്റെ പ്രധാന കവാടം തീവച്ചു കരിച്ചു. പ്രക്ഷോഭക്കാരില്‍ ബാ ക്കിയുള്ളവര്‍ അതിലൂടെ ഇരച്ചു കയറി. ഖലീഫയുടെ നേരെ ആഞ്ഞടിക്കുന്നവരെ അ ദ്ദേഹം ശ്രദ്ധിച്ചു. സ്വഹാബികളോ അവരുടെ പുത്രന്മാരോ ആ കൂട്ടത്തിലില്ല. എല്ലാം വിദേശികള്‍. അപരിചിതര്‍.

പിന്നെ ഒരാള്‍, മുഹമ്മദ് ബിന്‍ അബീബക്ക്ര്‍!

അദ്ദേഹം ഓടി വന്ന് ഖലീഫയുടെ താടിയില്‍ പിടിച്ചു. എന്തോ പറയാന്‍ തുടങ്ങിയതേയുള്ളൂ; ഖലീഫ അദ്ദേഹത്തോട് ചോദിച്ചു: “മോനേ, നിന്റെ ബാപ്പ അബൂബക്ക്ര്‍(റ) ആദരിച്ച താടിയാണിത്. ഇതില്‍ കടന്ന് പിടിക്കാന്‍ നിനക്ക് ധൈര്യം വന്നല്ലോ.”

ഇത് കേള്‍ക്കേണ്ട താമസം മുഹമ്മദ് ഇരുകൈ കൊണ്ട് മുഖം പൊത്തി ലജ്ജിച്ച് തല താഴ്ത്തി പുറത്തേക്കോടി രക്ഷപ്പെട്ടു.

ഖുര്‍ആനോതിക്കൊണ്ടിരിക്കുന്ന ഖലീഫയെ ശത്രുക്കള്‍ ആഞ്ഞു വെട്ടി. നാഇല(റ) ഓടി വന്നു. “അല്ലാഹു അക്ബര്‍ …. അരുതേ,” എന്നാര്‍ത്തട്ടഹസിച്ചു. ആ വിവര ദോഷികള്‍ വീണ്ടും വെട്ടി. വെട്ട് തടുത്ത നാഇല(റ)യുടെ കൈവിരല്‍ മുറിഞ്ഞുപോയി. ജുമുഅ സമയത്തായിരുന്നു അത്. ആ മഹാനുഭാവന്റെ ചുടുചോര മുസ്വ്ഹഫില്‍ തെറിച്ചു വീണു. ചലനമറ്റ ആ പുണ്യ ശരീരം നീണ്ടുനിവര്‍ന്ന് തറയില്‍ വീണ് കിടന്നു. മുസ്ലിംകളുടെ പൊതു ഫണ്ട് ഉള്‍പ്പെടെ വീട്ടിലുണ്ടായിരുന്നതെല്ലാം കൊള്ളയടിച്ച് വിപ്ളവകാരികള്‍ സ്ഥലം വിട്ടു.

നാടാകെ ദുഃഖം തളം കെട്ടി. ഏകദേശം പന്ത്രണ്ട് വര്‍ഷം ഖിലാഫത്ത് നടത്തിയ ഉസ്മാന്‍ (റ) ശഹീദാകുമ്പോള്‍ എണ്‍പത്തിരണ്ട് വയസ് പ്രായമായിരുന്നു. അതിക്രൂരമായ ഈ കൊലപാതകത്തിന് മതപരമായി യാതൊരു ന്യായീകരണവുമില്ലായിരുന്നു.

ഒരാളെയും നോവിക്കാത്ത ശുദ്ധാത്മാവ്.

മദീന വിറങ്ങലിച്ചു നിന്നു. ഹജ്ജിന് പോയ നബി പത്നിമാര്‍ വിവരമറിഞ്ഞ് മദീനാ മടക്കയാത്ര നിര്‍ത്തിവച്ച് മക്കയില്‍ തന്നെ തങ്ങി.

“അല്ലാഹു അവര്‍ക്ക് വേണ്ടത് ചെയ്തു കൊള്ളും. അവന്‍ സര്‍വ്വജ്ഞനും കേള്‍ക്കുന്ന വനുമാണ്”. എന്ന അല്‍ ബഖറയിലെ 137-ാം സൂക്തത്തിലാണ് ഉസ്മാന്‍(റ)ന്റെ രക്തം തെറിച്ചു വീണത്. വധത്തിനു പങ്കാളിത്തം വഹിച്ച സര്‍വ്വരും പില്‍ക്കാലത്ത് മറ്റാരാലോ വധിക്കപ്പെടുക യാണുണ്ടായത്.


RELATED ARTICLE

  • വിനോദത്തിന്റെ മായാവലയം
  • കവിത: ആലാപനവും ആസ്വാദനവും
  • വൈദ്യന്‍ നോക്കിയിട്ടുണ്ട്
  • മുതലാളി
  • മരിച്ചാലും മരിക്കാത്തവര്‍
  • മാപ്പ്
  • മംഗല്യസാഫല്യം
  • മടക്കയാത്ര
  • ലുബാബയുടെ ഉപ്പ
  • കോഴിയുടെ കൊത്ത്
  • ഒരു കൌമാരം തളിര്‍ക്കുു
  • ഖൌലയുടെ നൊമ്പരങ്ങള്‍
  • മനസ്സില്‍ കാറ്റ് മാറി വീശുന്
  • കാര്‍മേഘം
  • ജാബിറിന്റെ ഭാര്യ
  • ദരിദ്രന്‍
  • ധീരമാതാവ്
  • ചോരക്കൊതി
  • അതിരില്ലാത്ത സന്തോഷം
  • അന്ത്യ നിമിഷം
  • അനസിന്റെ ഉമ്മ
  • അബൂലഹബിന്റെ അന്ത്യം
  • വ്യാജന്‍
  • വഴിപിരിയുന്നു
  • സ്നേഹത്തിന്റെ മഴവില്‍
  • രോഷം കൊണ്ട ഉമ്മ
  • പട്ടി കുരച്ച രാത്രി
  • വരൂ, നമുക്കൊരുമിച്ച് നോമ്പ് തുറക്കാം
  • ചോരയില്‍ കുതിര്‍ന്ന താടിരോമം
  • ആദ്യ രക്തസാക്ഷി സുമയ്യ
  • വിഫലമായ ചാരപ്പണി
  • വന്‍മരങ്ങള്‍ വീഴുന്നു
  • മദീനയിലെ മണിയറയിലേക്ക്
  • ഒരു നിശബ്ദ രാത്രിയില്‍
  • പൊടിക്കൈകള്‍
  • തണ്ണീരും കണ്ണീരും
  • സ്വര്‍ഗത്തിലേക്കുള്ള വഴി
  • വിരഹദുഃഖം
  • തീപ്പന്തങ്ങള്‍
  • തകര്‍ന്ന ബന്ധം
  • ഇഷ്ടമാണ്;പക്ഷേ,
  • ഓര്‍മകള്‍