Click to Download Ihyaussunna Application Form
 

 

ആദ്യ രക്തസാക്ഷി സുമയ്യ

നെടുവീര്‍പ്പുകളോടെയാണ് യാസിറിന്റെ കുടുംബം ഓരോ ദിവസവും തള്ളിനീക്കിയിരുന്നത്. യാസിറാണ് കുടുംബനാഥന്‍. ബീവി സുമയ്യ ഭാര്യ. അമ്മാര്‍ ഏകപുത്രന്‍. മൂന്നംഗ സന്തുഷ്ടകുടുംബം. മറ്റൊരു പുത്രന്‍ അബ്ദുല്ല മുമ്പെന്നോ കൊല്ലപ്പെട്ടിരുന്നു. സംഘര്‍ഷം കത്തിപ്പടരുന്ന മക്കയുടെ മലമടക്കുകളിലൊന്നിലാണിവരുടെ കൂര. സന്ധ്യമയങ്ങുന്നതോടെ കലാപക്കാര്‍ പുറത്തിറങ്ങും. കുന്തം, കുറുവടി, കൊടുവാള്‍, ശൂലം, വാള്‍ എന്നീ മാരകായുധങ്ങളുമായി അക്രമികള്‍ ഒറ്റക്കും സംഘം ചേര്‍ന്നും നടക്കുകയാണ്. അബൂജഹ്ല്‍, ഉത്ബത്, ശൈബത്ത്, ഉഖ്ബത്ത് തുടങ്ങിയ കൊലകൊമ്പന്മാരാണ് അക്രമത്തിനു നേതൃത്വം നല്‍കുന്നത്. മുസ്ലിംകളുടെ ഭവനങ്ങള്‍ തിരഞ്ഞുപിടിച്ചു അവര്‍ തീവെക്കുന്നു. സാധനങ്ങള്‍ നഷ്ടപ്പെടുത്തുന്നു. സ്ത്രീകളെ നഗ്നരാക്കുന്നു. വെട്ടിക്കൊലപ്പെടുത്തുന്നു. പ്രതികരിക്കാനും പ്രതിഷേധിക്കാനും കെല്‍പുള്ള മുസ്ലിംകളില്ലാത്തതിനാല്‍ അക്രമം നിര്‍ബാധം തുടരുന്നു. പേപ്പട്ടികളെപ്പോലെ ഓടിനടക്കുന്ന അക്രമികള്‍. മുസ്ലിംകളെ തിരഞ്ഞുപിടിച്ചു കടിക്കുന്ന ആ കാപാലികരുടെ ആവശ്യം ഒന്നുമാത്രം. ജനങ്ങള്‍ ഇസ്ലാം കയ്യൊഴിക്കണം. മുഹമ്മദ് നബിയെ തള്ളിപ്പറയണം.

ഇഷ്ടദൈവങ്ങളായി ഇത്രയുംകാലം ആരാധിച്ചിരുന്ന ദേവന്മാരെയും ദേവികളെയും കയ്യൊഴിക്കണമെന്നാണ് മുഹമ്മദ് ഉപദേശിക്കുന്നത്. ലാത്ത, ഉസ്സ തുടങ്ങിയ നമ്മുടെ വിഗ്രഹങ്ങളെ കുറ്റംപറയുകയോ? അതിവിടെ സമ്മതിക്കില്ല. നമ്മുടെ അപ്പച്ചന്മാര്‍ കാണിച്ചുതന്നതാണീ വിഗ്രഹപൂജ. അത് വേണ്ടാന്നു പറയുന്ന ഒരല്ലാഹുവും ഒരു മുഹമ്മദും ഇവിടെ വേണ്ട. മക്കയിലെ നാട്ടുപ്രമാണിമാര്‍ ഞങ്ങളാണ്. ഞങ്ങള്‍ വിധിക്കുന്നതേ ഇ വിടെ നടക്കൂ. അതംഗീകരിക്കാതെ മുഹമ്മദിന്റെ ഇസ്ലാം സ്വീകരിച്ച ആരെയും വെറുതെവിടില്ല.

നടുക്കുന്ന വാര്‍ത്തകളാണ് യാസിറിന്റെയും സുമയ്യയുടെയും കാതുകളില്‍ മുഴങ്ങിയിരുന്നത്. ഓരോ വാര്‍ത്തയും മനസ്സിലുണ്ടാക്കിയ മുറിവുകളില്‍ നിന്ന് രക്തംവാര്‍ന്നൊഴുകി. ബിലാലെന്ന പാവപ്പെട്ട സഹോദരനെ ഉഖ്ബത്ത് ക്രൂരമായി മര്‍ദ്ദിക്കുന്നതായി അറി ഞ്ഞു. ഉഖ്ബത്തിന്റെ വീട്ടിലെ വേലക്കാരനാണ് ബിലാല്‍. ഇസ്ലാമിന്റെ സന്ദേശവുമായി തിരുനബി വന്നപ്പോള്‍ അതദ്ദേഹം സ്വീകരിച്ചു. അതറിഞ്ഞ മുതലാളിക്ക് അരിശം കത്തിയാളി. അയാള്‍ ക്രോധത്താല്‍ പല്ലിറുമ്മി. ബിലാലിനെ പിടിച്ചു വസ്ത്രാക്ഷേപം നടത്തി. മക്കയുടെ ചുട്ടുപഴുത്ത മണലില്‍ കിടത്തി. കഴുത്തില്‍ കയറിട്ട് കുരുക്കി. ഇരുവശത്തും കുട്ടികളെ നിര്‍ത്തി കയറ് വലിപ്പിച്ചു. ശ്വാസംകിട്ടാതെ കണ്ണുതുറിച്ചപ്പോഴും ബിലാല്‍  കിട്ടാവുന്ന ശബ്ദം ശേഖരിച്ച് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. അഹദ്…. അഹദ്….. അല്ലാഹു ഒരുവന്‍ മാത്രം. ദിവസങ്ങളോളം തുടര്‍ന്ന ഈ ക്രൂരത ഒരിക്കല്‍ സ്വിദ്ദീഖുല്‍    അക്ബര്‍ കാണാനിടയായി. ‘എന്തിനാണ് ഉഖ്ബത്തേ, ഈ പാവം മനുഷ്യനെ പീഢിപ്പിക്കുന്നത്? ഇവന്‍ ചെയ്ത തെറ്റെന്താണ്? ഇവനെ നീ എനിക്ക് തന്നേക്ക്.’

അരിശം മൂത്ത ഉഖ്ബത്ത് ആക്രോശിച്ചു: ‘അബൂബകറേ, എന്നാല്‍ നീ കൊണ്ടുപൊയ്ക്കോ ഇവനെ.’ ‘എനിക്ക് വെറുതെ വേണ്ടാ. ഞാന്‍ പണം തരാം.’ ‘എന്റെ അടിമയായി വീട്ടുവേലക്കു കൊണ്ടുവന്ന ഇവന്‍ ഇപ്പോള്‍ ഒരു പുതിയ മതവിശ്വാസവുമായി നടക്കുകയാണ്. അല്ലാഹു ഒരുവന്‍ മാത്രമാണെന്നാണിവന്‍  പറയുന്നത്. അത് എനിക്ക് പൊറുക്കാന്‍ കഴിയുമോ അബൂബകറേ?’

‘അവന്‍ വേറെ തെറ്റൊന്നും ചെയ്തില്ലല്ലോ. ശരി. ഞാനവന്റെ അടിമച്ചങ്ങല പൊട്ടിച്ചുകൊള്ളാം.’ സ്വിദ്ദീഖ്(റ) പണംകൊടുത്ത് ബിലാലിനെ വാങ്ങി രക്ഷപ്പെടുത്തി.

…………………………………………

ഈ നരനായാട്ട് ഒരുദിവസം വീട്ടിലും എത്തുമെന്ന് സുമയ്യ ഉറപ്പിച്ചു. ഞങ്ങളിത്രയും കാലം കൂരിരുട്ടിലായിരുന്നു. മുഹമ്മദ് നബിയുടെ സന്ദേശങ്ങളാണ് ഞങ്ങള്‍ക്ക് വെളിച്ചമേകിയത്. മുന്നോട്ടുനടക്കാന്‍ കഴിയാതെ വഴിയില്‍ തങ്ങിയ ഞങ്ങളിപ്പോള്‍ സുഖമായി സഞ്ചരിക്കുന്നു. അല്ലാഹുവിലേക്ക്, അവന്റെ സ്വര്‍ഗത്തിലേക്ക്. ആ വഴി മുടക്കാനാണ് കാപാലികര്‍ ഓടിനടക്കുന്നത്.

പ്രത്യേകം തയ്യാറാക്കിയ നിസ്കാരമുറിയില്‍ താനും കുടുംബവും നിസ്കരിക്കുകയും ഖുര്‍ആനോതുകയും ചെയ്യുമ്പോള്‍ വീടിനരികിലൂടെ നടക്കുന്ന അക്രമികളെ സുമയ്യ കാണാറുണ്ട്. പകയും ക്രൌര്യവും കൊണ്ട് അവരുടെ ചുണ്ടുകള്‍ കോടുന്നതും കടപ്പല്ല് ഞെരിയുന്നതും.

ഒരുനാള്‍ അത് സംഭവിച്ചു. ആ കാപാലികര്‍ അവരെയും ഭര്‍ത്താവിനെയും അമ്മാറിനെയും പിടിച്ചുകൊണ്ടുപോയി. കത്തിക്കരിയുന്ന ഉച്ചവെയിലില്‍ അവരെ നിര്‍ത്തി.     വസ്ത്രാക്ഷേപം നടത്തി. ചുട്ടുപൊള്ളുന്ന മണലില്‍ മലര്‍ത്തിക്കിടത്തി. കൈകാലുകള്‍ ബന്ധിച്ചു. മറിയാനും തിരിയാനും കഴിയാതെ പുളയുന്ന അവരുടെ തുടകളില്‍ കത്തുന്ന തീപ്പന്തങ്ങള്‍ വെച്ചു. ചിലക്രൂരന്മാര്‍ വലിയ കല്ലുകള്‍ നെഞ്ചില്‍ കയറ്റിവെച്ചു. മര്‍ദ്ദനങ്ങളെ സധൈര്യം നേരിട്ട അവര്‍ അപ്പോഴും ശബ്ദിച്ചുകൊണ്ടിരുന്നു: ‘അല്ലാഹു അഹദ്.’

ആ ശബ്ദംകേള്‍ക്കുമ്പോള്‍ അക്രമികള്‍ കലിതുള്ളി. അക്രമങ്ങള്‍ക്ക് ശക്തി കൂട്ടി. ‘ഇസ്ലാമില്‍ നിന്ന് മാറിനില്‍ക്കുക. അല്ലെങ്കില്‍ ഇതനുഭവിച്ച് ആയുസ്സ് തീര്‍ക്കുക.’ ഒരുകൂട്ടം ഭ്രാന്തന്മാര്‍ അമ്മാറിനെ പിടിച്ചുവലിച്ചു വലിയ തീകുണ്ഠാരത്തിലേക്കിട്ടു. തല്‍സമയം ആ വഴിവന്ന നബി(സ്വ)യും ഉസ്മാന്‍(റ)വും ഇതു കാണാനിടയായി. നടുക്കത്തോടെ അവര്‍ അമ്മാറിന്റെ അടുത്തേക്ക് വന്നു. കൈപൊക്കി താങ്ങി എഴുന്നേല്‍പ്പിച്ചു. കാരുണ്യത്തിന്റെ കരങ്ങള്‍കൊണ്ട് അമ്മാറിന്റെ മുഖത്ത് തടവി. അപ്പോള്‍ അദ്ദേഹത്തി ന്റെ മനസ്സിലെ മുറിപ്പാടുകളില്‍ തേനുറവ പതഞ്ഞു.

‘യാ നാറു കൂനീ ബര്‍ദന്‍ വസലാമന്‍ അലാ അമ്മാര്‍.’ ‘ഇബ്റാഹിം നബിക്ക് സുരക്ഷയായതുപോലെ അഗ്നീ, നീ അമ്മാറിനു സുരക്ഷയും തണുപ്പുമായി മാറുക.’ നബിതിരുമേനി അമ്മാറിനെ മന്ത്രിച്ചുകൊണ്ടിരുന്നു. നബി(സ്വ)യുടെ സാന്ത്വന വചനങ്ങളില്‍ സമാധാനിച്ചു അമ്മാര്‍ കരുത്ത് വീണ്ടെടുക്കുമ്പോള്‍ മറുഭാഗത്തു നിന്ന് ഒരു ചോദ്യമുയര്‍ന്നു. ദൈന്യതയാര്‍ന്ന ചോദ്യം: ‘ആയുഷ്കാലം മുഴുവന്‍ ഈ യാതനയില്‍ കഴിയേണ്ടിവരുമോ റസൂലേ.’

മര്‍ദ്ദനമേറ്റ് വേദനകൊണ്ട് പുളയുന്ന യാസിറിന്റേതായിരുന്നു ചോദ്യം. ഇടറുന്ന ശബ്ദത്തില്‍ അദ്ദേഹം കരയുന്നുണ്ടായിരുന്നു. നബി(സ്വ) അവരെ സമാധാനിപ്പിക്കാന്‍ പാടുപെട്ടു. ‘സന്തോഷിക്കുക. കുടുംബമേ നിങ്ങള്‍ക്കു പരലോകത്ത് സ്വര്‍ഗമുണ്ട്.’ നബി(സ്വ) പറഞ്ഞു.

ഇതൊക്കെ നടക്കുമ്പോഴും ബീവിസുമയ്യ ഒരു കൂസലുമില്ലാതെ ഉരുവിട്ടിരുന്നു: ‘അല്ലാഹു അഹദ്.’ നമുക്കിനി സ്വര്‍ഗത്തില്‍ കാണാമെന്ന ഭാവത്തില്‍ പ്രജ്ഞയറ്റുകൊണ്ടിരുന്നു ആ ശരീരം. തിരിഞ്ഞുകിടക്കുമ്പോള്‍ പെട്ടെന്ന് പിന്നില്‍ നിന്ന് ഒരു കനത്ത കൈ ത്തലം ശരീരത്തില്‍ അമര്‍ന്നതറിഞ്ഞ് സുമയ്യ വെട്ടിത്തിരിഞ്ഞു. ക്രുദ്ധനായ  അബൂജഹ്ല്‍ പല്ലിറുമ്മി നില്‍ക്കുന്നതുകണ്ട് സുമയ്യ നടുങ്ങി. ദീര്‍ഘകായനായ അബൂജഹ്ലിനെ യാചനയോടെ ഒന്നുനോക്കി. കാത്തുനില്‍ക്കാന്‍ സമയമില്ലാത്ത ആ ക്രൂരന്‍ കയ്യില്‍ കരുതിവന്ന ശൂലംകൊണ്ട് സുമയ്യാബീവിയെ ആഞ്ഞുകുത്തി. ആരോഗ്യം നശിച്ച വൃദ്ധയായ സുമയ്യ കുത്തേറ്റു പിടഞ്ഞു. കരയില്‍ പിടിച്ചിട്ട മത്സ്യം പോലെ വേദനകൊണ്ട് അവര്‍ പുളയുമ്പോള്‍ ആ ദുഷ്ടന്റെ ശൂലം പലതവണ അവരുടെ ഭഗദ്വാരത്തില്‍ ആഴ് ന്നിറങ്ങി.

അല്ലാഹ്……..അല്ലാഹ്…. എന്ന ശബ്ദം ഉരുവിട്ട് സുമയ്യ ബീവി യാത്രപറഞ്ഞു. അവസാനയാത്ര. തിരിച്ചുവരാന്‍ കഴിയാത്ത ലോകത്തേക്ക്.

ഇസ്ലാമിലെ ആദ്യത്തെ  രക്തസാക്ഷി. തന്റെ പ്രാണസഖി രക്തസാക്ഷിയാകുന്നതുകണ്ട് കിടക്കാനേ യാസിറിനു കഴിഞ്ഞുള്ളൂ. വേദനതിന്നു മരവിച്ച ആ ശരീരത്തില്‍ അപ്പോഴും മരവിക്കാത്ത രണ്ടവയവങ്ങളുണ്ടായിരുന്നു. നാവ്, ഹൃദയം. തൌഹീദല്‍ അടിയുറച്ച് അപ്പോഴും അദ്ദേഹം ഉരുവിട്ടു: അല്ലാഹ്…. അല്ലാഹ്.

അല്‍പം കഴിഞ്ഞപ്പോള്‍ ഞരങ്ങിഞരങ്ങി കരഞ്ഞിരുന്ന യാസിര്‍(റ)വിന്റെ ശബ്ദവും തീ രേ കേള്‍ക്കാതായി. അന്തരീക്ഷത്തിലെവിടെയോ തങ്ങിനില്‍ക്കുന്ന ആ ശബ്ദ തരംഗങ്ങളുടെ ഉടമയായ ആത്മാവ് സ്വര്‍ഗീയാരാമത്തില്‍ പച്ചപ്പക്ഷികളായി വട്ടമിട്ടുപറക്കുന്നുണ്ടാകും, ഒപ്പം ബീവിസുമയ്യയും

****** *******

കഥാസാരം

തൌഹീദ് സംരക്ഷണത്തിനുവേണ്ടി ജീവിതം ബലിയര്‍പ്പിച്ച നിരവധി മഹാത്മാക്കള്‍ ചരിത്രത്തില്‍ കഴിഞ്ഞുപോയിട്ടുണ്ട്. ഇസ്ലാമിലെ ആദ്യത്തെ രക്തസാക്ഷിയെന്ന പേരില്‍ അറിയപ്പെട്ട മഹതിയാണ് സുമയ്യ ബീവി(റ). ഒരുപാട് സുമയ്യമാര്‍ അതിനുശേഷം കൊല്ലപ്പെട്ടിട്ടുണ്ട്. സ്വമനസ്സാലെ ഇസ്ലാം സ്വീകരിച്ച കാരണത്താല്‍ വര്‍ഗീയകോമരങ്ങളുടെ കൊലക്കത്തി ആഴ്ന്നിറങ്ങിയ സുമയ്യമാര്‍. അവരൊക്കെയും ഇന്ന് സുമയ്യയോടൊപ്പം സ്വര്‍ഗീയപക്ഷികളായി മാറിയിട്ടുണ്ടാകണം. അനേകം ജനങ്ങള്‍ ഇപ്പോഴും സ്വമനസ്സാലെ ഇസ്ലാമിലേക്കുവരുന്നുണ്ട്. പ്രചോദന പ്രകോപനങ്ങളോ അറബിപ്പണമോ അല്ല അ വര്‍ക്കുപിന്നില്‍ പ്രവര്‍ത്തിക്കുന്നത്. സത്യവിശ്വാസത്തിനുള്ള തൌഫീഖ് മാത്രമാണ്. പക്ഷേ, സുരക്ഷിത ബോധമില്ലാത്തതിനാല്‍ പലരും അറച്ചുനില്‍ക്കുകയാണ്. അത്രയും സുശക്തമാണ് ശത്രുക്കളുടെ വാള്‍മുനകള്‍. ഭൂമിയോളം ഉറച്ച ഈമാനികശക്തി തുരുമ്പുപിടിക്കുന്നിടത്ത് ജാഹിലിയ്യത്തിന്റെ ത്രിശൂലങ്ങള്‍ ഇത്തിക്കണ്ണി കണക്കെ വേരോടു ന്നു. നിരപരാധികളെ വേട്ടയാടുന്നവര്‍ക്കു കാലം മാപ്പുകൊടുക്കില്ല. തീര്‍ച്ച. സുമയ്യബീവിയെയും യാസിറിനെയും കൊലചെയ്ത അബൂജഹ്ല്‍ തുടങ്ങിയ കിങ്കരന്മാര്‍ വര്‍ഷങ്ങള്‍ കഴിഞ്ഞ് ബദ്റില്‍ വധിക്കപ്പെട്ടു. അന്ന് അമ്മാര്‍(റ)വിനെ വിളിച്ചു നബി(സ്വ) പറഞ്ഞു. ‘മോനേ അമ്മാര്‍, ഉമ്മയെയും ഉപ്പയെയും വധിച്ച അവിശ്വാസികള്‍ ഇന്ന് കൊ ല്ലപ്പെട്ടിരിക്കുന്നു.’


RELATED ARTICLE

  • വിനോദത്തിന്റെ മായാവലയം
  • കവിത: ആലാപനവും ആസ്വാദനവും
  • വൈദ്യന്‍ നോക്കിയിട്ടുണ്ട്
  • മുതലാളി
  • മരിച്ചാലും മരിക്കാത്തവര്‍
  • മാപ്പ്
  • മംഗല്യസാഫല്യം
  • മടക്കയാത്ര
  • ലുബാബയുടെ ഉപ്പ
  • കോഴിയുടെ കൊത്ത്
  • ഒരു കൌമാരം തളിര്‍ക്കുു
  • ഖൌലയുടെ നൊമ്പരങ്ങള്‍
  • മനസ്സില്‍ കാറ്റ് മാറി വീശുന്
  • കാര്‍മേഘം
  • ജാബിറിന്റെ ഭാര്യ
  • ദരിദ്രന്‍
  • ധീരമാതാവ്
  • ചോരക്കൊതി
  • അതിരില്ലാത്ത സന്തോഷം
  • അന്ത്യ നിമിഷം
  • അനസിന്റെ ഉമ്മ
  • അബൂലഹബിന്റെ അന്ത്യം
  • വ്യാജന്‍
  • വഴിപിരിയുന്നു
  • സ്നേഹത്തിന്റെ മഴവില്‍
  • രോഷം കൊണ്ട ഉമ്മ
  • പട്ടി കുരച്ച രാത്രി
  • വരൂ, നമുക്കൊരുമിച്ച് നോമ്പ് തുറക്കാം
  • ചോരയില്‍ കുതിര്‍ന്ന താടിരോമം
  • ആദ്യ രക്തസാക്ഷി സുമയ്യ
  • വിഫലമായ ചാരപ്പണി
  • വന്‍മരങ്ങള്‍ വീഴുന്നു
  • മദീനയിലെ മണിയറയിലേക്ക്
  • ഒരു നിശബ്ദ രാത്രിയില്‍
  • പൊടിക്കൈകള്‍
  • തണ്ണീരും കണ്ണീരും
  • സ്വര്‍ഗത്തിലേക്കുള്ള വഴി
  • വിരഹദുഃഖം
  • തീപ്പന്തങ്ങള്‍
  • തകര്‍ന്ന ബന്ധം
  • ഇഷ്ടമാണ്;പക്ഷേ,
  • ഓര്‍മകള്‍