Click to Download Ihyaussunna Application Form
 

 

വിഫലമായ ചാരപ്പണി

കാരക്കപഴുക്കുന്ന തീക്കാറ്റിനെ വകവെക്കാതെ സാറ മരുഭൂമിയിലൂടെ നടന്നു മദീനയിലെത്തി. ഓര്‍മകള്‍ ഓളംവെട്ടുന്ന മനസ്സും ഒട്ടിയവയറും അവളെ നന്നേ ക്ഷീണിപ്പിച്ചിരുന്നു.

ഒരുകാലത്ത് ഖുറൈശി പോക്കിരികളുടെ സ്വപ്നങ്ങള്‍ക്ക് ചിറക് തുന്നിച്ചേര്‍ത്ത മക്കയിലെ ഗായികയാണ് സാറ. തിരുനബിയുടെ വല്ല്യുപ്പ ഹാശിമിന്റെ പേരമകന്‍ അബൂഅംറിന്റെ വീട്ടു ജോലിക്കാരി. ഇപ്പോള്‍ നബിയുടെ മുമ്പില്‍ നില്‍ക്കുന്നത് പട്ടുപാവാടയും ജാക്കറ്റുമിട്ട് ആകര്‍ഷിക്കുന്ന അധരങ്ങളും അഴകുള്ളപാദങ്ങളുമായി ജനങ്ങളെ കോരിത്തരിപ്പിച്ചിരുന്ന സാറയല്ല, പണ്ടത്തെ ആ സൌന്ദര്യമൊക്കെ എവിടെയോ പോയ്മറഞ്ഞിരിക്കുന്നു. മുഖത്തിന്റെ പ്രസന്നത മങ്ങിയിരിക്കുന്നു. കണ്ണുകള്‍ക്കു താഴെ വല്ലാത്തൊരു കരുവാളിപ്പ്. കവിളുകള്‍ ഒട്ടി കഴുത്തെല്ലുകള്‍ തെളിഞ്ഞ് വല്ലാത്തൊരു കോലമായിരിക്കുന്നു. എന്തോ ആലോചിക്കുന്ന മട്ടില്‍ തലയും താഴ്ത്തി നില്‍ക്കുന്ന അവളോട് നബി (സ്വ) ചോദിച്ചു:

“’നീ മുസ്ലിമായി വന്നതാണോ സാറാ,?’

മിഴികളില്‍ തുളുമ്പിവന്ന ചുടുനീര്‍ ഒഴുക്കിക്കൊണ്ടവള്‍ നബി(സ്വ)യെ നോക്കി മറുപടി പറഞ്ഞു:

‘അല്ല. ഞാന്‍ മുസ്ലിമായി വന്നതല്ല. ഉണ്ണാനും ഉടുക്കാനുമില്ലാതെ  പാഴ്ത്തടിപോലെ പൊങ്ങിയും താണും ഒഴുകി ഇവിടെയെത്തിയതാണ്. എന്റെ കുടുംബക്കാരും ബന്ധുക്കളും പലരും ഇവിടെയുണ്ടല്ലോ. അവരെയൊക്കെ ഒന്നു കാണാമെന്നുവെച്ചാണിറങ്ങിയത്.’’

കവിളിലൂടെ ഒഴുകിയെത്തിയ കണ്ണീര്‍തുള്ളികള്‍ കഴുത്തില്‍ വീണതു തുടച്ചുമാറ്റുന്നതിനിടയില്‍ നബി(സ്വ) ചോദ്യം തുടര്‍ന്നു.

മക്കയിലെ ചെറുപ്പക്കാര്‍ക്ക് നിന്നെ വേണ്ടാതായോ?’

ചോദ്യം കേട്ടപ്പോള്‍ സാറയുടെ മിഴികള്‍ വീണ്ടും തുളുമ്പി. പോര്‍ക്കളങ്ങളില്‍ ചെറുപ്പക്കാരെ ത്രസിപ്പിച്ച നിരവധി പാട്ടുകള്‍ താന്‍ ആലപിച്ചിട്ടുണ്ട്. നബി(സ്വ)ക്കെതിരെ സമരവീര്യം പകര്‍ന്ന് ആവേശം കയറ്റിയ രാഗമല്ലികയായിരുന്നു താന്‍. പക്ഷേ, ഇന്നവര്‍ക്കു തന്നെ വേണ്ടാതായിരിക്കുന്നു.

‘ഇല്ല. അവര്‍ക്കെന്നെ വേണ്ട. ബദര്‍യുദ്ധം കഴിഞ്ഞതിനുശഷം അവരെന്നെ പാട്ടുപാടാന്‍ വിളിച്ചിട്ടില്ല’’

സാറയുടെ ജീവിതം വഴിമുട്ടിയെന്ന് മനസ്സിലാക്കിയ ദയാലുവായ നബി(സ്വ) മുത്വലിബ്, അബ്ദുല്‍മുത്വലിബ് സന്തതികളെ വിളിച്ചുവരുത്തി അവള്‍ക്കു വല്ലതും സഹായിക്കാന്‍ പ്രേരിപ്പിച്ചു. പ്രേരണ ഉള്‍ക്കൊണ്ട അവര്‍ കൈനിറയെ പണവും ‘ഭക്ഷണവും വസ്ത്രവും കൊടുത്ത് സാറയെ സമാധാനിപ്പിച്ചു. വേനല്‍ മഴകണക്കെ തെല്ലൊരാശ്വാസം വീണ അവളുടെ മുഖത്ത് സന്തോഷം തളിരിട്ടു. മക്കയിലേക്ക് തിരിച്ചുപോകാന്‍ തയ്യാറെടുക്കുമ്പോഴാണ് മദീനക്കാരനായ ഹാത്വിബ്ബിന്‍ അബീബല്‍തഅത്ത്(റ)വുമായി കണ്ടുമുട്ടുന്നത്. തന്റെ മനസ്സിനെ അലട്ടുന്ന ആരാരുമറിയാതെ സൂക്ഷിച്ച ഒരുകാര്യം ഇവള്‍ മുഖേന നടപ്പിലാക്കാമെന്ന് ഹാത്വിബ് മനസ്സിലാക്കി. ഇവളേതായാലും ദരിദ്രയാണ്. ‘ഭിക്ഷയെടുത്ത് നടക്കുന്നവള്‍. ആരെന്തു കൊടുത്താലും പുഞ്ചിരിയോടെ വാങ്ങുന്നവള്‍. പണത്തിനു വേണ്ടി എന്തും ചെയ്യുന്നവള്‍. വീണുകിട്ടിയ അവസരം പാഴാക്കേണ്ടെന്നു കരുതി ഹാത്വിബ് പതിഞ്ഞ സ്വരത്തില്‍ അവളോട് ചോദിച്ചു.

‘ഞാന്‍ ഒരു കാര്യമേല്‍പ്പിച്ചാല്‍ നീ അത് നിറവേറ്റുമോ സാറേ?’’

അവള്‍ ചോദിച്ചു.

‘എന്താണ് സംഗതി. കേള്‍ക്കട്ടെ, എന്നിട്ടുപറയാം മറുപടി’’

മുന്‍കൂട്ടി തയ്യാറാക്കിയ ഒരു കത്ത് പോക്കറ്റില്‍ നിന്നെടുത്ത് അവളുടെ നേരെ നീട്ടിയിട്ട് ഹാത്വിബ് പറഞ്ഞു.

‘ഇതാ, ഈ കത്ത് മക്കയില്‍ എത്തിക്കണം. ആരും അറിയരുത്. ആര്‍ക്കും പിടികിട്ടാത്ത സ്ഥലത്താകണം നീ ഇത് സൂക്ഷിക്കുന്നത്. ഇതാ പത്ത് സ്വര്‍ണനാണയം. ഇതവിടെ വെച്ചോളൂ. നിനക്കു കുറച്ചു ബുദ്ധിമുട്ടൊക്കെയുള്ളതല്ലേ.’’

കത്തും പ്രതിഫലവും സാറയെ ഏല്‍പ്പിക്കുമ്പോള്‍ ഹാത്വിബിന്റെ നെഞ്ചുപിടക്കുന്നുണ്ടായിരുന്നു. കരങ്ങള്‍ വിറച്ചിരുന്നു. എങ്കിലും ആരോരുമറിയാതെ കൃത്യം നിര്‍വഹിച്ചതില്‍ അദ്ദേഹം സമാധാനിച്ചു. കാശ് കയ്യില്‍ കിട്ടിയ സന്തോഷത്തില്‍ സാറ തിരിഞ്ഞും മറിഞ്ഞും നോക്കാതെ നടന്നു. മനസ്സ് നിറയെ ആഹ്ളാദം അലതല്ലി. മക്കത്തെത്തി രഹ സ്യ കത്ത് കൈമാറുമ്പോള്‍ അവരോടും തനിക്ക് പണം വാങ്ങാമെന്ന കണക്കുകൂട്ടലില്‍ നടത്തത്തിന് വേഗത കൂടിക്കൂടിവന്നു.

*** ***  ****  *****

ഹുദൈബിയ്യയില്‍ വെച്ച് തയ്യാറാക്കിയ സമാധാനകരാര്‍ രണ്ടുവര്‍ഷം പിന്നിട്ടപ്പോള്‍ മക്കാ മുശ്രിക്കുകള്‍ തന്നെ ലംഘിക്കുകയും പത്രികക്കു വിരുദ്ധമായി ചില നീക്കങ്ങള്‍ നടത്തുകയും  യുദ്ധത്തിന്റെയും പ്രതികാരത്തിന്റെയും എണ്ണത്തിരികള്‍ കത്തിക്കപ്പെടുകയും ചെയ്തപ്പോള്‍ നബി(സ്വ) യും സ്വഹാബികളും മക്ക ജയിച്ചടക്കാന്‍ തീരുമാനിച്ചു. പക്ഷേ, തീരുമാനം അതീവരഹസ്യമാണ്. വിരലിലെണ്ണാവുന്ന സ്വഹാബിമാരല്ലാതെ ആ രും അറിയില്ല. ജനങ്ങള്‍ അറിഞ്ഞാല്‍ വാര്‍ത്ത കൈമാറിക്കൈമാറി മക്കയിലുമെത്തും. രഹസ്യനീക്കത്തിലൂടെ പെട്ടെന്ന് മക്കാപ്രവേശം നടത്താനാണ് തീരുമാനം. മക്കക്കാര്‍ മുന്‍കൂട്ടി വിവരമറിഞ്ഞാല്‍ ഒരു യുദ്ധത്തിനുള്ള സന്നാഹങ്ങള്‍ അവര്‍ നടത്തും. രക്തരഹിതമായ ഒരു കടന്നാക്രമണത്തിലൂടെ മക്കയില്‍ സത്യസന്ദേശം സ്ഥാപിക്കുകയെന്ന നബി(സ്വ) യുടെ ദൌത്യം വിജയിക്കാതെ പോകും. അതിനാല്‍ സൈനിക നീക്കം രഹസ്യമായിത്തന്നെ സൂക്ഷിക്കണം. ഉറച്ച തീരുമാനമെടുത്ത് നബി(സ്വ)യും സ്വഹാബി പ്രമുഖരും പിരിഞ്ഞു.

*** ***  ***  ****  ****

ഒരു ചുഴിയില്‍ അകപ്പെട്ടതുപോലെ ഹാത്വിബിന്റെ ഹൃദയം ഒന്നുലഞ്ഞു. ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്തൊരധ്യായമാണത്. ഓര്‍ക്കുമ്പോഴൊക്കെ നെഞ്ചില്‍ കാരമുള്ള് തറക്കുന്നപോലെ  നബി(സ്വ)യുടെ വിശ്വസ്തനായ തന്നില്‍ നിന്നതുണ്ടാകാന്‍ പാടില്ലായിരുന്നു. അഥവാ നബിതിരുമേനിയെങ്ങാനും സംഭവം അറിയാനിടവന്നാല്‍ താന്‍ ജീവിച്ചിട്ടെന്തുകാര്യം. ഹാത്വിബിന്റെ ഓര്‍മകള്‍ ഒരു വര്‍ഷം പിന്നോട്ട് സഞ്ചരിച്ചു. ഈജിപ്തിലെ മുഖൌഖിസ് രാജാവിന്റെ കൊട്ടാരത്തില്‍ നബി(സ്വ)യുടെ ദൂതനായി തന്നെയായിരുന്നു നിയമിച്ചത്. ആ കൃത്യം സത്യസന്ധമായി താന്‍ നിര്‍വഹിച്ചു. ഇസ്ലാമിലേക്കു ക്ഷണിച്ചുകൊണ്ട് നബി(സ്വ) എഴുതിയ കത്ത് രാജാവിന് നേരില്‍ നല്‍കി. രാജാവ് തന്നെ അത്യധികം ആദരിച്ചു. കത്തിലെ സന്ദേശം വിശദീകരിച്ചുകൊണ്ട് താന്‍ പ്രസംഗിച്ചു: താങ്കളുടെ മുമ്പ് വലിയ തമ്പുരാനായി ചമഞ്ഞ പലരും വന്നിരുന്നു. അവരെയൊക്കെ അ ല്ലാഹു ഇരുത്തേണ്ടിടത്ത് ഇരുത്തി. താങ്കള്‍ പാഠം ഉള്‍ക്കൊള്ളണം. മുഹമ്മദ് നബി സ ത്യമതത്തിലേക്കാണ് ക്ഷണിക്കുന്നത്. സ്വീകരിച്ചാല്‍ അങ്ങേക്ക് നല്ലത്.’

എല്ലാം സശ്രദ്ധം ശ്രവിച്ച രാജാവ് തലകുലുക്കി സമ്മതിച്ചു. ആലോചിച്ചു മറുപടി പറയാമെന്നു പ്രതികരിച്ചു. താന്‍ അന്ന് തല്‍ക്കാലം കൊട്ടാരം വിട്ടിറങ്ങി. സൈന്യാധിപരെയും ഉദ്യോഗസ്ഥപ്രമുഖരെയും മറ്റും വിളിച്ചുകൂട്ടി രാജാവ് വിഷയത്തിന്റെ ഗൌരവം ശ്രദ്ധയി ല്‍പെടുത്തി. അവരെല്ലാവരും ഏകസ്വരത്തില്‍ ഇസ്ലാമിനു പിന്തുണനല്‍കി. രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോള്‍ തന്നെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. ഇസ്ലാമിനെയും നബിയെയും വല്ലാതെ പ്രശംസിച്ചു. നബി(സ്വ)ക്ക് ചില സമ്മാനങ്ങളുമായി തന്നെ തിരിച്ചയ ച്ചു. ഈജിപ്തിലെ കോപ്റ്റ് വംശത്തില്‍ ഉന്നതസ്ഥാനംവഹിച്ചിരുന്ന മാരിയ(റ), അവരുടെ രണ്ടുസഹോദരിമാര്‍, വിലപിടിപ്പുള്ള വസ്ത്രങ്ങള്‍, വാഹനങ്ങള്‍ എന്നിവയായിരുന്നു സമ്മനങ്ങള്‍. ഇവ സുരക്ഷിതമായി മദീനയിലെത്തിക്കുന്നതിനാവശ്യമായ സഹായവും നല്‍കി തന്നെ തിരിച്ചയച്ചു.

അത്രയും വിശ്വസ്തനായ താനിന്ന് ചാരപ്പണി നടത്തയിരിക്കുന്നു.

ചിന്തയില്‍ മുഴുകിയ ഹാത്വിബിനെ പെട്ടെന്ന് ഒരു വിളിയാളം തട്ടിയുണര്‍ത്തി. നബി(സ്വ) പള്ളിയിലേക്ക് എല്ലാവരെയും വിളിച്ചുവരുത്തുകയാണ്. ആ ക്ഷണം ഹാത്വിബിന്റെ മനസ്സില്‍ മിന്നല്‍പിണര്‍പോലെ കടന്നുപോയി. ശരീരം തളരുന്നതുപോലെ തോന്നി. ധൈര്യം സംഭരിച്ച് പുറത്തിറങ്ങി നോക്കുമ്പോള്‍ സര്‍വ്വജനങ്ങളും പള്ളി ലക്ഷ്യം വെച്ച് നീ ങ്ങുന്നു. അസമയത്ത് ഒരു സമ്മേളനം. എന്താണാവോ കാര്യം? പുതിയ വല്ല പ്രശ്നങ്ങ ളും ഉണ്ടായിട്ടുണ്ടാകും. ഹാത്വിബും പള്ളിയിലെത്തി.

നബി(സ്വ)  ഏറെ ഗൌരവത്തില്‍ പ്രസംഗം തുടങ്ങി. ആമുഖങ്ങള്‍ക്കുശേഷം. ഒരു കടലാസ് തുണ്ട് എടുത്ത് പൊക്കിക്കാണിച്ചു. നേരത്തെ ഹാത്വിബ് സാറ വശം കൊടുത്തയച്ച കത്തായിരുന്നു അത്. ഭിക്ഷക്കാരിയായി വന്ന് ചാരയായി മാറിയ സാറ മദീന വിട്ട ഉടനെ ജിബ് രീല്‍(അ) നബിയെ സമീപിച്ചു. ചാരവൃത്താന്തം അറിയിച്ചു.  ഉടനെതന്നെ നബി(സ്വ) കുതിരസവാരിയില്‍ പേരെടുത്ത അലി, അമ്മാര്‍, സുബൈര്‍, ത്വല്‍ഹത്ത്, മിഖ്ദാദ്, അബ്ദുമര്‍സദ് എന്നീ ആറുപേരെ വിളിച്ചുവരുത്തി. അവരെ കാര്യം ധരിപ്പിച്ചു. ‘മക്കാ മദീനക്കിടയില്‍ ഖാഖ് എന്ന തോട്ടത്തില്‍ എത്തിയിട്ടുണ്ട് ആ സ്ത്രീ. അവള്‍ മക്കയിലെത്തി കത്ത് കൈമാറാനിടവരാതെ അവളെ പിടികൂടി കത്ത് വാങ്ങിക്കൊണ്ടുവരണം. അവളെ വെറുതെ വിട്ടേക്ക്. ഒന്നുംചെയ്യേണ്ട. അവള്‍ വഴങ്ങിയില്ലെങ്കില്‍ ബലം പ്രയോഗിക്കണം.’

ഉന്നംപിഴച്ചില്ല. ഖാഖ് തോട്ടത്തില്‍ വെച്ച് അവളെ പിടികൂടി കത്ത് ചോദിച്ചു. ആദ്യം നിഷേധിച്ച അവള്‍ രക്ഷപ്പെടില്ലെന്ന് കണ്ടപ്പോള്‍ മുടിക്കുത്തിനുള്ളില്‍നിന്ന് കത്തെടുത്ത് കൊടുത്തു.

ആ കത്താണ് നബി(സ്വ) പൊക്കിക്കാണിക്കുന്നത്. ഹാത്വിബിനെ വിളിച്ചു സദസ്സില്‍ വെച്ച് നബി(സ്വ) ചോദിച്ചു: “’ഇത് നീ അറിയുമോ ഹാത്വിബ്?’’

‘അറിയാം.’’

പറയുമ്പോള്‍ ഹാത്വിബ് ആലിലപോലെ വിറക്കുന്നുണ്ടായിരുന്നു.

കത്ത് പരസ്യമായി പൊട്ടിച്ചു:

“പ്രിയപ്പെട്ട മക്കക്കാരേ,

നിശ്ചയം, റസൂലുല്ലാഹി മക്കയിലേക്ക് വരാനുദ്ദേശിക്കുന്നു. അതിനാല്‍ രക്ഷപ്പെടാന്‍ സ്വന്തം പാളയങ്ങള്‍ കണ്ടെത്തിക്കൊള്‍ക”

- എന്ന് ഹാത്വിബ്

ദൈന്യതയാര്‍ന്ന മുഖത്തോടെ നിന്നുവിറക്കുന്ന ഹാത്വിബിനോട് നബി(സ്വ)ചോദ്യം തുടര്‍ന്നു.

എന്തിനുവേണ്ടിയാണ് നീയിത് എഴുതിയത്?’

ഹാത്വിബ് വിങ്ങി വിങ്ങി ഉള്ളുതുറക്കാന്‍ തുടങ്ങി:

‘നബിയേ, ഞാന്‍ കുഫ്റിനെ ഇഷ്ടപ്പെട്ടതുകൊണ്ടോ കപടവിശ്വാസിയായതുകൊണ്ടോ  ചെയ്തതല്ല.  പ്രത്യുത എന്റെ കുടുംബക്കാര്‍ പലരും അവിടെയുണ്ട്. നാം മക്കയിലെത്തുമ്പോള്‍ അവിടത്തെ മുശ്രിക്കുകള്‍ ദേഷ്യംകൊണ്ട് പലവിധ മര്‍ദ്ദനമുറകള്‍ അഴിച്ചുവിട്ടേക്കും. അപ്പോള്‍ എന്റെ കുടുംബത്തെ ഉപദ്രവിക്കാതിരിക്കുന്നതിന് വേണ്ടിയാണ് ഞാനീ കടുംകൈ ചെയ്തത്. തെറ്റാണ് ചെയ്തതെന്നെനിക്കറിയാം. അരുതാത്തത് വന്നുപോയി’.’

ഇതുകേട്ട ഉമര്‍(റ) ചാടിയെണീറ്റു. ക്രുദ്ധനായി കാണപ്പെട്ട അദ്ദേഹം വിറക്കുന്നുണ്ടായിരുന്നു. നെറ്റിചുളിച്ചു കടപ്പല്ല് ഞെരിച്ചു.

ഇങ്ങോട്ടുതരൂ നബിയേ അയാളെ. ഞാനയാളുടെ പിരടി വെട്ടാം. ങും. മുനാഫിഖ്.’

നബി(സ്വ) ഉമറിനെ തെല്ലൊന്നാശ്വസിപ്പിച്ചു.

ഇരിക്കൂ ഉമര്‍. ഇദ്ദേഹം തന്റെ നിരപരാധിത്വം ഉള്ളുതുറന്ന് സമ്മതിച്ചു. മാത്രമല്ല ഇയാള്‍ ആരാണെന്നറിയാമോ? ബദ്രീങ്ങളില്‍ പെട്ട സ്വഹാബി. ഇത്തരം ചിലതാളപ്പിഴകളൊക്കെ സംഭവിക്കുമെന്ന് സര്‍വ്വജ്ഞനായ അല്ലാഹുവിന്റെ മുന്‍നിശ്ചയം ഉള്ളതുകൊണ്ടാകാം: നിങ്ങള്‍ ഇഷ്ടമുള്ളതൊക്കെ ചെയ്തോളൂ, ഞാന്‍ നിങ്ങള്‍ക്കതെല്ലാം മാപ്പാക്കിയിരിക്കുന്നുവെന്ന് ബദ്രീങ്ങളോടല്ലാഹു പറഞ്ഞിരിക്കുന്നത്. അതിനാല്‍ അല്ലാഹു അഡ്വാന്‍സാ യി പൊറുത്തുകൊടുത്ത ബദ്രീങ്ങളെ നാം ശിക്ഷിക്കാന്‍ പാടില്ല.

ബദ്രീങ്ങള്‍ക്ക് അല്ലാഹു ചെയ്ത ഔദാര്യം കേട്ട് ഉമര്‍(റ) കണ്ണുതുടച്ചു.  കുടുംബസ്നേഹം വരുത്തിവച്ച വിനയില്‍ മനംനൊന്ത് വാടിക്കരിഞ്ഞ മുഖവുമായി ഹാത്വിബ് തിരിച്ചുപോയി.


RELATED ARTICLE

  • വിനോദത്തിന്റെ മായാവലയം
  • കവിത: ആലാപനവും ആസ്വാദനവും
  • വൈദ്യന്‍ നോക്കിയിട്ടുണ്ട്
  • മുതലാളി
  • മരിച്ചാലും മരിക്കാത്തവര്‍
  • മാപ്പ്
  • മംഗല്യസാഫല്യം
  • മടക്കയാത്ര
  • ലുബാബയുടെ ഉപ്പ
  • കോഴിയുടെ കൊത്ത്
  • ഒരു കൌമാരം തളിര്‍ക്കുു
  • ഖൌലയുടെ നൊമ്പരങ്ങള്‍
  • മനസ്സില്‍ കാറ്റ് മാറി വീശുന്
  • കാര്‍മേഘം
  • ജാബിറിന്റെ ഭാര്യ
  • ദരിദ്രന്‍
  • ധീരമാതാവ്
  • ചോരക്കൊതി
  • അതിരില്ലാത്ത സന്തോഷം
  • അന്ത്യ നിമിഷം
  • അനസിന്റെ ഉമ്മ
  • അബൂലഹബിന്റെ അന്ത്യം
  • വ്യാജന്‍
  • വഴിപിരിയുന്നു
  • സ്നേഹത്തിന്റെ മഴവില്‍
  • രോഷം കൊണ്ട ഉമ്മ
  • പട്ടി കുരച്ച രാത്രി
  • വരൂ, നമുക്കൊരുമിച്ച് നോമ്പ് തുറക്കാം
  • ചോരയില്‍ കുതിര്‍ന്ന താടിരോമം
  • ആദ്യ രക്തസാക്ഷി സുമയ്യ
  • വിഫലമായ ചാരപ്പണി
  • വന്‍മരങ്ങള്‍ വീഴുന്നു
  • മദീനയിലെ മണിയറയിലേക്ക്
  • ഒരു നിശബ്ദ രാത്രിയില്‍
  • പൊടിക്കൈകള്‍
  • തണ്ണീരും കണ്ണീരും
  • സ്വര്‍ഗത്തിലേക്കുള്ള വഴി
  • വിരഹദുഃഖം
  • തീപ്പന്തങ്ങള്‍
  • തകര്‍ന്ന ബന്ധം
  • ഇഷ്ടമാണ്;പക്ഷേ,
  • ഓര്‍മകള്‍