Click to Download Ihyaussunna Application Form
 

 

വിരഹദുഃഖം

നേരം വെളുത്തുവരുന്നതേയുള്ളൂ; അസ്മാബീവി നേരത്തെതന്നെ എഴുന്നേറ്റു. മരച്ചില്ലകളില്‍ കളകളാരവം. ദൂരെ എവിടെയോ നിന്ന് സ്വുബ്ഹി ബാങ്കിന്റെ നേര്‍ത്ത ശബ്ദം. കുട്ടികള്‍  ഗാഢനിദ്രയിലാണ്. ഒന്നുകൂടി സൂക്ഷിച്ചു നോക്കി.  അവര്‍ ഉറങ്ങുകയാണ്. അബ്ദുല്ല, മുഹമ്മദ്, ഔന്. മുന്നുപേരും ഒരുതരക്കാരാണ്. കളിച്ചുനടക്കുന്ന പ്രായം. കു ട്ടികളുടെ ഉപ്പ ശാമിലെ മുഅ്തത്തിലേക്ക് പോയതാണ്; ഇസ്ലാമിന്റെ ശത്രുക്കളോട് പടപൊരുതാന്‍.   അടുത്തെന്നെങ്കിലും തിരിച്ചുവരും. മദീനയില്‍ നിന്ന് ആയിരത്തി ഒരുനൂറ് കിലോമീറ്റര്‍ അകലെ ബൈത്തുല്‍ മഖ്ദിസിനടുത്താണ് മുഅ്തത്ത് എന്ന ഗ്രാമം. അദ്ദേഹം ഒറ്റക്കല്ല. മുവ്വായിരം പട്ടാളക്കാരെയാണ് നബി(സ്വ) പറഞ്ഞയച്ചത്.

സംഘത്തിനു യാത്രയയപ്പ് നല്‍കിയപ്പോള്‍ ഇസ്ലാമിന്റെ പതാക സൈദുബിന്‍ ഹാരിസയുടെ കയ്യില്‍ കൊടുത്തുകൊണ്ട് അവിടുന്ന് പറഞ്ഞു: അദ്ദേഹം യുദ്ധത്തില്‍ രക്തസാക്ഷിയായാല്‍ രണ്ടാമതായി ജഅ്ഫറും മൂന്നാമതായി അബ്ദുല്ലാഹിബിന്‍ റവാഹയും പതാക വഹിക്കട്ടെ. അപ്പോള്‍ രണ്ടാം ചാന്‍സ് തന്റെ ഭര്‍ത്താവിനാണ് ലഭിച്ചത്. ഇസ്ലാമിന്റെ പതാക വഹിക്കാനുള്ള മഹാഭാഗ്യം.

റോമാ സാമ്രാജ്യത്തിലെ ഖൈസറുമാരോട് പൊരുതാനാണ് അദ്ദേഹം പോയിട്ടുള്ളത്. രണ്ടുലക്ഷം പട്ടാളക്കാരാണത്രെ മറുഭാഗത്ത് തമ്പടിച്ചിട്ടുള്ളത്. ഒരുലക്ഷം റോമക്കാരും ഒരുലക്ഷം സഹായികളായ അറബികളും. ഒരു വെള്ളിയാഴ്ചയാണ് അദ്ദേഹം മദീനയി ല്‍ നിന്ന് യാത്രയായത്. ദിവസങ്ങള്‍ കുറേ കഴിഞ്ഞിരിക്കുന്നു. ഒരു വിവരവും ഇതുവരെ അറിഞ്ഞിട്ടില്ല. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോയതല്ലേ. സാരമില്ല. ഏതായാലും ഒരാപത്തും വരാതിരിക്കട്ടേയെന്ന് അസ്മ ഉള്ളുരുകി പ്രാര്‍ഥിച്ചു.

അസ്മ കുട്ടികളെ ഓരോരുത്തരെ വിളിച്ചുണര്‍ത്തി. രാവിലെ തന്നെ കുളിപ്പിച്ചു. തലയി ല്‍ എണ്ണപൂശി. വീട്ടുവേലകള്‍ ഓരോന്ന് ചെയ്തുകൊണ്ടിരുന്നു. പ്രാതലിനുള്ള റൊട്ടി ചുടുന്നതിന് മാവ് കുഴച്ചു. തുകല് ഊറയിടാനുള്ളത് ചെയ്തുകൊണ്ടിരിക്കവേ അപ്രതീക്ഷിതമായി നബി അങ്ങോട്ട് കയറിവന്നു.

‘അസ്മാ…’ നബി നീട്ടിവിളിച്ചു.

വീടിന്റെ ഉല്പില്‍ നിന്ന് അസ്മാ വിളികേട്ടു.

‘ലബ്ബൈക്ക്, ഇതാവന്നേ…’

‘എവിടെ ജഅ്ഫറിന്റെ കുട്ടികള്‍?’

‘അവരിവിടെയുണ്ട്.’

കുട്ടികള്‍ മൂന്നുപേരെയും വിളിച്ചരികെ നിര്‍ത്തി അവരുടെ തലയില്‍ നബി(സ്വ) തൃക്കരം കൊണ്ട് തടവിക്കൊണ്ടിരുന്നു. ആ കുഞ്ഞുമക്കള്‍ നബിയുടെ മുഖത്തേക്ക് നോക്കിനിന്നു. നബിയുടെ ഖല്‍ബ് പൊട്ടി. ദുഃഖം അണപൊട്ടി. കണ്ണുകള്‍ നിറഞ്ഞൊഴുകി. കുഞ്ഞുങ്ങള്‍ക്ക്  ഒന്നും മനസ്സിലായില്ല. നബി ജഅ്ഫറിനെക്കുറിച്ച് ഓര്‍ക്കുകയായിരു ന്നു. അനാഥനായി വളര്‍ന്ന നബിയെ എട്ട് വയസ്സ് മുതല്‍ സംരക്ഷിച്ച പിതൃവ്യനായ അബൂത്വാലിബിന്റെ മകനാണ് ജഅ്ഫര്‍. അലി(റ)യുടെ സഹോദരന്‍.

യുദ്ധഭൂമിയില്‍ നിന്നുള്ള വാര്‍ത്ത മക്കയില്‍ എത്തുന്നതിനു മുമ്പ്, തലേനാള്‍തന്നെ നബി അഭൌതിക നിലയില്‍ എല്ലാം അറിഞ്ഞിരുന്നു. അതനുസരിച്ച് അന്നുതന്നെ ജനങ്ങ ളെ വിവരം അറിയിച്ചിരുന്നു. മദീനാപള്ളിയിലെ മിമ്പറില്‍ കയറി നബി വിമ്മി വിമ്മിക്കരയാന്‍ തുടങ്ങി. ജനങ്ങളും കണ്ണീര്‍ തുടച്ചു.

നബി പറഞ്ഞു: ‘യുദ്ധത്തലവന്മാരില്‍ സൈദും ജഅ്ഫറും അബ്ദുല്ലയും ശഹീദായി. പക്ഷേ, വമ്പിച്ച വിജയത്തോടെ ആ സംഘം തിരിച്ചുവരുന്നതാണ്.’

വീടിന്റെ ഉള്ളില്‍നിന്ന് അസ്മാഅ് ബീവി ചോദിച്ചു:

‘വല്ല വിവരവും….?’

‘അതെ, അറിഞ്ഞിട്ടുണ്ട്.’

അല്പനേരം മൌനം.

നബി കരഞ്ഞു.

‘ജഅ്ഫര്‍…. ശഹീദായി.’

വീട്ടിനുള്ളില്‍ ആര്‍ത്തനാദം. അടങ്ങാത്ത കരച്ചില്‍.

മദീനയിലെ സ്ത്രീകളെല്ലാം ആ വീട്ടില്‍ കൂടിയിരിക്കുന്നു. അസ്മായുടെ സങ്കടം ആരോട് പറയാന്‍. ദീനരോദനം അടങ്ങാതെ വന്നപ്പോള്‍ വീടിന്റെ പൂമുഖത്തുനിന്ന് നബി പറഞ്ഞു:

‘അസ്മാ നീ നെഞ്ചത്തടിക്കല്ലേ, അതുമിതും വിളിച്ചുപറയല്ലേ.’

അവസാനനിമിഷം വരെ പൊരുതിനിന്നു ജഅ്ഫര്‍(റ). ഇസ്ലാമിന്റെ പതാക ഉയര്‍ത്തിപ്പിടിച്ച അദ്ദേഹത്തിന്റെ  വലതുകൈ ഛേദിക്കപ്പെട്ടപ്പോള്‍ ഇടതുകൈയില്‍ പിടിച്ചുകൊണ്ട് മുന്നേറി. അതും മുറിക്കപ്പെട്ടപ്പോള്‍ പതാക രണ്ടു തോള്‍കൈകള്‍ കൊണ്ടിറുക്കിപ്പിടിച്ചു മുന്നേറി. അവസാനം പോര്‍ക്കളത്തില്‍ ശഹീദായിവീണു. മുപ്പത്തിമൂന്നുകാരനായ ജഅ്ഫര്‍(റ) എന്നെന്നേക്കുമായി വിടപറഞ്ഞു.

അസ്മ(റ)യുടെ കരച്ചിലടങ്ങുന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു. കുട്ടികളെ കാണുമ്പോള്‍ വീണ്ടും കണ്ണുനിറയും.

അവര്‍ കിടന്ന് ഓര്‍ക്കുകയായിരുന്നു; സല്‍സ്വഭാവിയായ ജഅ്ഫറുമായി ജീവിതം പങ്കുവെച്ച കാലം. ഇസ്ലാമിന്റെ പ്രാരംഭ ദശയില്‍ തന്നെ ഇസ്ലാം സ്വീകരിച്ച മഹതിയാണ് ഉവൈസിന്റെ പുത്രി അസ്മാഅ്. അതുകൊണ്ടുതന്നെ അസ്മായുടെ ഓര്‍മകള്‍ക്ക് ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടായിരുന്നു. ഇസ്ലാം സ്വീകരിച്ചതിന്റെ പേരില്‍ ക്രൂരമായി മുശ്രിക്കുകള്‍ മുസ്ലിംകളെ മര്‍ദ്ദിച്ചിരുന്നു. പലതരം ഭീഷണികളും നേരിട്ടു. സ്വന്തം നാട്ടില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ എത്യോപ്യയിലേക്ക് പലായനം ചെയ്യാന്‍ നിര്‍ദ്ദേശമുണ്ടായി. അതനുസരിച്ച് പോയ രണ്ടാംസംഘത്തില്‍ അസ്മാഉം ഭര്‍ത്താവും പങ്കുചേര്‍ന്നു. ആകെ 83 പുരുഷന്മാരും 18 സ്ത്രീകളുമുണ്ടായിരുന്ന ആ സംഘത്തിന്റെ നേതാവ്  തന്റെ ഭര്‍ത്താവായിരുന്നു. അഭയാര്‍ഥികളെ മാന്യമായി സ്വീകരിച്ച എത്യോപ്യന്‍ രാജാവിനെ പിന്‍തിരിപ്പിക്കാന്‍ വന്ന ജനങ്ങള്‍ക്കുമുമ്പില്‍ കാര്യം സംസാരിക്കുന്നതിന് രാജാവ് വിളിപ്പിച്ചത് അദ്ദേഹത്തെയായിരുന്നു. അഭയാര്‍ഥി സംഘത്തെ പ്രതിനിധീകരിച്ച് സംസാരിച്ചതും ഭര്‍ത്താവായിരുന്നു.  സസുഖം ആ നാട്ടില്‍ വര്‍ഷങ്ങളോളം കഴിഞ്ഞു. എന്റെ മൂന്നു മക്കളും അവിടെയാണ് ജനിച്ചത്. ഹിജ്റ ഏഴാം വര്‍ഷം നടന്ന ഖൈബര്‍ യുദ്ധമുഖത്തേക്കാണ് എന്നെയും കുട്ടികളെയും കൂട്ടി ജഅ്ഫര്‍ പോയത്. ഞങ്ങളുടെ കൂടെ കുറച്ച് പുരുഷന്മാരും വിധവകളായ സ്ത്രീകളുമുണ്ടായിരുന്നു. ഖൈബറിലെത്തി നബിയുടെ ചാരത്തുചെന്നപ്പോള്‍ സന്തോഷംകൊണ്ട് പുളകിതനായി നബി എഴുന്നേറ്റു ജഅ്ഫറിനെ ആലിംഗനം ചെയ്തു. ഇരുകണ്ണുകള്‍ക്കിടയില്‍ തുരുതുരാ ഉമ്മവെച്ചു.

‘ഖൈബറിന്റെ വിജയത്തിലോ ജഅ്ഫറിന്റെ വരവിലോ ഞാന്‍ ആഹ്ളാദിക്കേണ്ടത്?’ എന്ന് നബി പറയുകയുണ്ടായി.

അങ്ങനെ ഞങ്ങള്‍ മദീനയില്‍ വന്ന് താമസമാക്കി. മദീനത്തെത്തിയിട്ട് ഒരുവര്‍ഷം കഴിഞ്ഞതേയുള്ളൂ . ഇത്രവേഗം അദ്ദേഹം വിട്ടുപിരിയുമെന്ന് കരുതിയില്ല. എന്തുചെയ്യാന്‍? അല്ലാഹുവിന്റെ വിധി. ആര്‍ക്കാണത് തടുക്കാന്‍ കഴിയുക? ഇല്ല. ആര്‍ക്കും കഴിയില്ല. അദ്ദേഹം സ്വര്‍ഗത്തില്‍ നേരത്തെയെത്തി. അതില്‍ സമാധാനിക്കാം. അട്ടഹസിച്ചുകരയാന്‍ പാടില്ലല്ലോ. ഇല്ല. ഞാനിനി അട്ടഹസിക്കില്ല. നെഞ്ചിലും കവിളിലും അടിക്കില്ല. നബിയുടെ നിര്‍ദ്ദേശം ധിക്കരിക്കാന്‍ പാടില്ല. പ്രിയപ്പെട്ടവരുടെ മരണത്തില്‍ വേദനയുണ്ടാവുക സ്വാഭാവികമാണ്. ആ വേദന കണ്ണീര്‍ തുള്ളികളായി ഒഴുകാം. പക്ഷേ, ക്ഷമകേട് കാണിക്കരുത്.

മരണവീട്ടിലേക്ക് ജനങ്ങള്‍ വന്നുകൊണ്ടിരുന്നു. ആ വീട്ടില്‍ ആരും ഭക്ഷണം കഴിച്ചിട്ടില്ല. കുട്ടികള്‍ പൂര്‍ണ പട്ടിണിയിലാണ്. എല്ലാ മരണവീടും ഇങ്ങനെ തന്നെയായിരിക്കും.

നബി പറഞ്ഞു: ‘ജഅ്ഫറിന്റെ കുടുംബത്തിന് നിങ്ങള്‍ ഭക്ഷണമുണ്ടാക്കി കൊടുക്കുക. അവര്‍ മരണസംബന്ധമായ വിഷമങ്ങളിലാണ്.’

മനോവേദനയും വിരഹദുഃഖവുമായി കഴിയുന്ന അസ്മായെ നബി വിളിച്ചു.

‘അസ്മാ…’

‘ലബ്ബൈക്ക് യാ റസൂലല്ലാഹ്’ പതുങ്ങിയ സ്വരത്തില്‍ അസ്മാ വിളികേട്ടു.

‘മൂന്നുമാസം നീ ഇദ്ദ (ദീക്ഷാകാലം) ആചരിക്കണം. അതിനുശേഷം നിന്റെ ഇഷ്ടംപോലെയാകാം.’

നബി(സ്വ)യുടെ വചനം അസ്മായുടെ മനസ്സിന്റെ ഏതോകോണില്‍ പോറലുണ്ടാക്കി.

‘അതിനുശേഷം നിന്റെ ഇഷ്ടംപോലെയാകാം.’

എന്താണെന്റെ ഇഷ്ടം? എനിക്കെന്തിന് ഇനി ഒരു ഭര്‍ത്താവ്? ജഅ്ഫര്‍ എനിക്ക് നല്‍കിയ സ്നേഹം നല്‍കാന്‍ ഇനി ഒരു ഭര്‍ത്താവിന് കഴിയുമോ? ഞാനൊരു വിധവ. മൂന്ന് കുഞ്ഞുങ്ങളുടെ ഉമ്മ. എന്നെ ആര് സ്വീകരിക്കാന്‍? എന്റെ മക്കളുടെ പട്ടിണിമാറ്റാന്‍ ആരാണ് മുന്നോട്ടുവരിക?

മാസങ്ങള്‍ പലതും കഴിഞ്ഞു. ഹിജ്റാബ്ദം എട്ടിന്റെ ഒടുക്കത്തില്‍ കാരുണ്യത്തിന്റെ കൈത്തിരിയുമായി സ്വിദ്ദീഖുല്‍ അക്ബര്‍(റ) അസ്മായുടെ ജീവിതത്തിലേക്ക് കടന്നുവന്നു. പല സ്ത്രീകളുമായി സല്ലപിക്കാനുള്ള മോഹംകൊണ്ടല്ല; ആത്മസുഹൃത്ത് ജഅ്ഫറിന്റെ അനാഥകളായ മക്കളുടെയും വിധവയായ അസ്മായുടെയും കണ്ണീരൊപ്പാന്‍.

അസ്മാക്ക് സമാധാനമായി. സൌമ്യന്‍, ശാന്തന്‍, മനുഷ്യസ്നേഹി, ആദ്യവിശ്വാസി, തിരുനബിയുടെ കൂട്ടുകാരന്‍, എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ ആ മഹാമനീഷിയുടെ കരങ്ങളില്‍ തന്റെയും കുട്ടികളുടെയും ജീവിതം സുരക്ഷിതമായിരിക്കും.

കാലചക്രം മുന്നോട്ടുഗമിച്ചുകൊണ്ടിരുന്നു. സൂര്യന്‍ പലതവണ ഉദിക്കുകയും അസ്തമിക്കുകയും ചെയ്തു. ഋതുക്കള്‍ മാറിമാറിവന്നു. പലരും ജനിച്ചു. പലരും മരിച്ചു. സ്വിദ്ദീഖിന്റെ തണല്‍ മനസ്സിന് തെല്ലൊരാശ്വാസം നല്‍കി വരുന്നതേയുള്ളൂ.

ഒരു ദിവസം സ്വിദ്ദീഖ്(റ) അസ്മായോട് പറഞ്ഞു: ‘ഞാന്‍ മരിച്ചാല്‍ നീയാണ് കുളിപ്പിക്കേണ്ടത്.’

‘അതിനുമുമ്പ് ഞാന്‍ മരിച്ചാലോ?’ അസ്മാ ചോദിച്ചു.

ആരാണ് ആദ്യം മരിക്കുകയെന്നറിയില്ല. പുരുഷന്മാരുടെ മയ്യിത്ത് പുരുഷനല്ലേ കുളിപ്പിക്കേണ്ടത്. സ്ത്രീകളുടേത് സ്ത്രീകളും. പക്ഷേ, ഭാര്യക്ക് ഭര്‍ത്താവിന്റെതും ഭര്‍ത്താവിന് ഭാര്യയുടെതും കുളിപ്പിക്കാം.

അസ്മാ തുടര്‍ന്നു: ‘ഇത് താങ്കളുടെ വസ്വിയ്യത്താണോ?’

‘അതെ.’ സ്വിദ്ദീഖ് മറുപടി പറഞ്ഞു.

വസ്വിയ്യത്ത് അസ്മായുടെ കരങ്ങള്‍കൊണ്ട് നടപ്പാക്കാനായിരുന്നു അല്ലാഹുവിന്റെ വിധി. അലംഘനീയവിധി. ഹിജ്റാബ്ദം 13 ജമാദുല്‍ ആഖിര്‍ 21ന് തിങ്കളാഴ്ച അദ്ദേഹവും വിടപറഞ്ഞു. അസ്മ തന്നെ മയ്യിത്ത് കുളിപ്പിച്ചു.

മരിക്കുന്നതിനുമുമ്പ് സ്വിദ്ദീഖുമൊന്നിച്ച് ഹജ്ജിനുപോകാന്‍ അസ്മാക്ക് ഭാഗ്യം ലഭിച്ചിരുന്നു. മറക്കാന്‍ കഴിയാത്ത യാത്ര. അന്ന് അസ്മ പൂര്‍ണ ഗര്‍ഭിണിയായിരുന്നു. ഹിജ്റാബ്ദം 10-ാം വര്‍ഷം ദുല്‍ഖഅദ ഇരുപത്തിനാലിന് വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് യാത്രപുറപ്പെട്ടത്. കിലോമീറ്ററുകള്‍മാത്രം അകലെയുള്ള ദുല്‍ഹുലൈഫയില്‍ എത്തിയപ്പോള്‍ അസ്മാ പ്രസവിച്ചു. കുഞ്ഞിന് മുഹമ്മദെന്ന് പേരിട്ടു. യാത്ര നിര്‍ത്തി വീട്ടിലേക്ക് മടങ്ങാനായിരുന്നു സ്വിദ്ദീഖിന്റെ നിര്‍ദ്ദേശം. പക്ഷേ, നബി യാത്ര തുടരാന്‍ അനുവാദം നല്‍കി. കൈക്കുഞ്ഞിനെയുമായി മരുഭൂമികള്‍ താണ്ടി നീണ്ട ഒമ്പത് ദിവസത്തെ യാത്രക്കുശേഷം മക്കയിലെത്തി. ഹജ്ജ് കഴിഞ്ഞ് മടങ്ങിപ്പോന്നു.

**** ***** * **  ******

കഥാസാരം

1) അനാഥസംരക്ഷണം പുണ്യകര്‍മമത്രെ. യതീമുകളുടെ തലയില്‍ വാത്സല്യത്തോടെ തടവുന്നത് പോലും സുന്നത്താണ്.

2) ഇഷ്ടജനങ്ങളുടെ മരണത്തില്‍ വേദനിക്കാം. കരയാം. പക്ഷേ, ഒച്ചവെക്കലും അതുമിതും വിളിച്ചുപറയലും നിഷിദ്ധമാകുന്നു. അല്ലാഹുവിന്റെ വിധിയില്‍ ക്ഷമിച്ചുകഴിയുകയാണ് വേണ്ടത്.

3) മരണവീട്ടിലെ അംഗങ്ങള്‍ക്ക് അന്നേദിവസം ഭക്ഷണം പാകം ചെയ്ത് കൊടുക്കല്‍ അയല്‍വാസികള്‍ക്ക് സുന്നത്താകുന്നു.

4) മരണപ്പെട്ട വ്യക്തിക്ക് പ്രതിഫലം ലഭിക്കുന്നതിനായി ഭക്ഷണമോ മറ്റോ ധര്‍മ്മം ചെയ്യല്‍ സുന്നത്തുണ്ട്. അത് മരിച്ചദിവസം കഴിഞ്ഞാണ് നല്ലത്.

5) യാത്ര കഴിഞ്ഞുവരുന്നവരെ സ്വീകരിക്കലും ആലിംഗനം ചെയ്യലും സുന്നത്താണ്. ഹജ്ജ്, ഉംറ, സിയാറത്ത് തുടങ്ങിയ പുണ്യയാത്രകളാകുമ്പോള്‍ വിശേഷിച്ചും.

6) ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് പരസ്പരം മയ്യിത്ത് കുളിപ്പിക്കാവുന്നതാണ്. അസ്മാ (റ)യുടെ സംഭവത്തില്‍ ഭാര്യ ഭര്‍ത്താവിനെ കുളിപ്പിക്കാനായിരുന്നു വസ്വിയ്യത്ത്. ‘ആഇശാ നീ എന്റെ മുമ്പ് മരിച്ചാല്‍ നിന്റെ മയ്യിത്ത് ഞാന്‍ കുളിപ്പിക്കും. ഞാന്‍ നിന്നെ കഫന്‍ ചെയ്യും. ഞാന്‍ നിനക്ക് നിസ്കരിക്കും എന്ന്’ നബി(സ്വ) പ്രസ്താവിച്ചതായി ഹദീസിലുണ്ട്. അതുപ്രകാരം ഭര്‍ത്താവിന് ഭാര്യയെയും കുളിപ്പിക്കാവുന്നതാണ്.


RELATED ARTICLE

  • വിനോദത്തിന്റെ മായാവലയം
  • കവിത: ആലാപനവും ആസ്വാദനവും
  • വൈദ്യന്‍ നോക്കിയിട്ടുണ്ട്
  • മുതലാളി
  • മരിച്ചാലും മരിക്കാത്തവര്‍
  • മാപ്പ്
  • മംഗല്യസാഫല്യം
  • മടക്കയാത്ര
  • ലുബാബയുടെ ഉപ്പ
  • കോഴിയുടെ കൊത്ത്
  • ഒരു കൌമാരം തളിര്‍ക്കുു
  • ഖൌലയുടെ നൊമ്പരങ്ങള്‍
  • മനസ്സില്‍ കാറ്റ് മാറി വീശുന്
  • കാര്‍മേഘം
  • ജാബിറിന്റെ ഭാര്യ
  • ദരിദ്രന്‍
  • ധീരമാതാവ്
  • ചോരക്കൊതി
  • അതിരില്ലാത്ത സന്തോഷം
  • അന്ത്യ നിമിഷം
  • അനസിന്റെ ഉമ്മ
  • അബൂലഹബിന്റെ അന്ത്യം
  • വ്യാജന്‍
  • വഴിപിരിയുന്നു
  • സ്നേഹത്തിന്റെ മഴവില്‍
  • രോഷം കൊണ്ട ഉമ്മ
  • പട്ടി കുരച്ച രാത്രി
  • വരൂ, നമുക്കൊരുമിച്ച് നോമ്പ് തുറക്കാം
  • ചോരയില്‍ കുതിര്‍ന്ന താടിരോമം
  • ആദ്യ രക്തസാക്ഷി സുമയ്യ
  • വിഫലമായ ചാരപ്പണി
  • വന്‍മരങ്ങള്‍ വീഴുന്നു
  • മദീനയിലെ മണിയറയിലേക്ക്
  • ഒരു നിശബ്ദ രാത്രിയില്‍
  • പൊടിക്കൈകള്‍
  • തണ്ണീരും കണ്ണീരും
  • സ്വര്‍ഗത്തിലേക്കുള്ള വഴി
  • വിരഹദുഃഖം
  • തീപ്പന്തങ്ങള്‍
  • തകര്‍ന്ന ബന്ധം
  • ഇഷ്ടമാണ്;പക്ഷേ,
  • ഓര്‍മകള്‍