Click to Download Ihyaussunna Application Form
 

 

രോഷം കൊണ്ട ഉമ്മ

സാബൂഖ മൈതാനിയില്‍ ഒരു കൊടുങ്കാറ്റ് കെട്ടഴിഞ്ഞ് വീശുകയായിരുന്നു. ഹിജ്റാബ്ദം മുപ്പത്തിയാറ് ജമാദുല്‍ ആഖിര്‍ മാസത്തിന്റെ ഒരോ പുലരിയും സംഘര്‍ഷം നിറഞ്ഞതായിരുന്നു. ബസ്വറയിലെ സാബൂഖയായിരുന്നു അതിന്റെ സങ്കേതം. വാഴ വെട്ടിയിട്ടത് പോലെ വാള്‍മുനകളില്‍ മനുഷ്യ ദേഹങ്ങള്‍ കഷ്ണങ്ങളായി വീഴുകയായിരുന്നു. സബഇയ്യ ലഹളക്കാര്‍ തിരികൊളുത്തിയ മനുഷ്യക്കുരുതി സംഹാരതാണ്‍ഢവമാടുകയായിരുന്നു. മാതൃ, പിതൃ സഹോദര ബന്ധങ്ങള്‍ മറന്ന് പരസ്പരം വെട്ടുകയായിരുന്നു. ഒരു യുദ്ധം വേണ്ടെന്ന് വെക്കാന്‍ അലി(റ)യും ആഇശയും കൊണ്ട് പിടിച്ചു നടത്തിയ ശ്രമം സബഇയ്യക്കാരുടെ നുഴഞ്ഞു കയറ്റം മൂലം നഷ്ടപ്പെടുകയായിരുന്നു.

സാബൂഖയുടെ അല്‍പം ദൂരെ ഹുദ്ദാനില്‍ തമ്പടിച്ച് താമസിക്കുകയായിരുന്നു ആഇശ (റ). ഇരുപക്ഷത്തെയും ജനങ്ങള്‍ ഏറ്റുമുട്ടലാരംഭിച്ചപ്പോള്‍ പരസ്പരം ഒതുക്കിത്തീര്‍ക്കുന്നതിനായി ആഇശ(റ)ഒട്ടകപ്പുറത്തേറി സാബൂഖയില്‍ വന്നു. താമര തണ്ടുപോലെ ഒടിഞ്ഞുവീണ മനുഷ്യ ശരീരങ്ങള്‍ കണ്ട് ബീവി ഞെട്ടിപ്പോയി. അവരുടെ ഹൃദയത്തില്‍ നിന്ന് അലിവ് അണക്കെട്ട് കണക്കെ പൊട്ടിയൊലിച്ചു. ഏറ്റുമുട്ടല്‍ അവസാനിപ്പിക്കാനായി അവര്‍ കൈപൊക്കി കേണപേക്ഷിച്ചു. കലാപക്കാര്‍ അത് കേട്ട ഭാവം നടിച്ചില്ല. കണ്ണില്‍ പെട്ടവരെയെല്ലാം നിഷ്ഠൂരമായി അവര്‍ വധിച്ചുകൊണ്ടേയിരുന്നു. സമാധാന പാലനത്തി ന്റെ നെല്ലിപ്പടിയെന്നോണം ആഇശ(റ) ഒരു മുസ്വ്ഹഫ് എടുത്ത് ബസ്വറയിലെ ഖാളിയായ കഅ്ബ്ബിന്‍ സൂറിന്റെ കൈയില്‍ കൊടുത്തുകൊണ്ടുപറഞ്ഞു: “താങ്കള്‍ ഇത് ഉയര്‍ത്തിപ്പിടിച്ച് ഇരുവിഭാഗം ജനങ്ങളോടും ശാന്തരാകാന്‍ കല്‍പിക്കൂ”.

പരിശുദ്ധ ഖുര്‍ആന്‍ കൈയില്‍ പൊക്കിപ്പിടിച്ച് കൊടുങ്കാറ്റ് കണക്കെ കഅ്ബ് മുന്നോട്ട് നീങ്ങി. കണ്ഠം പൊട്ടുമാറ് ശബ്ദത്തില്‍ അദ്ദേഹം ആര്‍ത്ത് വിളിച്ചു. ‘ജനങ്ങളെ സമാധാനിക്കുക, രക്തം ചിന്താതിരിക്കൂ. നാമെല്ലാം മുസ്ലിംകളല്ലേ. നമ്മുടെ പ്രശ്നങ്ങള്‍ ഇതാ ഈ ഖുര്‍ആനിന്റെ വെളിച്ചത്തില്‍ പറഞ്ഞു തീര്‍ക്കാം”.

കേവലം വനരോദനമായി ആ ശബ്ദം അവഗണിക്കപ്പെട്ടു. കൂഫാ പട്ടാളത്തിന്റെ മുന്‍പന്തിയിലുണ്ടായിരുന്നത് ദുഷ്ടനായ അബ്ദുല്ലാഹിബ്നു സബഅ് ആയിരുന്നു. ഈ കൊടുംകലാപത്തിന്റെ നെടുംനായകന്‍. രക്തരാക്ഷസനായ അവന്‍ ഖാളിയുടെ ശബ്ദം പുച്ഛിച്ചു തള്ളി. രൌദ്രഭീമന്‍ കണക്കെ മുന്നോട്ടാഞ്ഞു വലിച്ചൂരിയ അസ്ത്രങ്ങള്‍ എയ്തു കൊണ്ടേയിരുന്നു. കഅ്ബ് നിമിഷ നേരം കൊണ്ട് മലര്‍ന്നടിച്ചുവീണു. രക്തം വാര്‍ന്നൊഴുകി അദ്ദേഹം ഊര്‍ദ്ധശ്വാസം വലിച്ചു. മുസ്വ്ഹഫ് തെറിച്ചു തറയില്‍ ചിതറിക്കിടന്നു.

അക്രമികള്‍ ആഇശ(റ)ഇരിക്കുന്ന ഒട്ടകത്തെ വളഞ്ഞു. ഒട്ടകപ്പുറത്ത് കൂടാരം. കൂടാരത്തിനകത്ത് പൂര്‍ണ ഹിജാബില്‍ ബീവി ഇരിക്കുന്നു. കണ്ണില്‍ ചോരയില്ലാത്ത കലാപകാരികള്‍ അമ്പെയ്ത്താരംഭിച്ചു. തുരുതുരാ ശൂലങ്ങള്‍ കൂടാരത്തില്‍ തറച്ചുകൊണ്ടിരുന്നു. ജനങ്ങള്‍ ഓടി കൂടി സര്‍വ്വശക്തിയും സംഭരിച്ചു അവരെ തടഞ്ഞുകൊണ്ടിരുന്നു. പ്രതിരോധത്തിന് വഴങ്ങാത്ത അവര്‍ ശരവര്‍ഷം തുടര്‍ന്നു. കൂടാരം മുള്ളന്‍പന്നിയെപോലെ തറച്ച ശൂലങ്ങള്‍ നിറഞ്ഞു നിന്നു. കൂടാരത്തിനകത്ത് നിന്ന് ബീവി വിതുമ്പിക്കരഞ്ഞ് പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. “നാഥാ ഉസ്മാന്‍(റ)നെ വധിച്ചവരെ നീ വെറുതെ വിടരുതേ. അവര്‍ക്ക് നിന്റെ നാശം വിധിക്കണമേ…’ കണ്ഠത്തില്‍ കുരുങ്ങിയ ശബ്ദത്തോടെ മനമുരുകിയ പ്രാര്‍ഥന കേട്ട് ജനങ്ങള്‍ ആമീന്‍ ..ആമീന്‍. എന്നിങ്ങനെ പറഞ്ഞുകൊണ്ടിരുന്നു. ഒടുവില്‍ അത് കൂട്ടക്കരച്ചിലായി. ശബ്ദം ഉയര്‍ന്നുപൊങ്ങിയപ്പോള്‍ അലി(റ) ആരാ ഞ്ഞു: “എന്താണീ കേള്‍ക്കുന്നത്?” ആഇശാ(റ) ഉസ്മാന്‍(റ)ന്റെ ഘാതകര്‍ക്കെതിരെ പ്രാര്‍ഥിക്കുകയാണ്”. കൂട്ടത്തില്‍ ആരോ അറിയിച്ചു. പൂര്‍വ്വോപരി സജീവതയോടെ അലി(റ)യും ആ പ്രാര്‍ഥനയില്‍ ലയിച്ചു.

“ഉസ്മാന്‍(റ)ന്റെ ഘാതകരെ നീ ശപിക്കണേ നാഥാ”, കത്തുന്ന തീയില്‍ എണ്ണയൊഴി ച്ചതുപോലെ കലാപം നടത്തിക്കൊണ്ടിരിക്കുന്ന സബഇയ്യക്കാര്‍ക്കിത് സഹിച്ചില്ല. അവര്‍ അസ്ത്രമെയ്ത്ത് ശക്തിയാക്കി. ശാന്തിമന്ത്രങ്ങള്‍ അവര്‍ക്ക് പരിഹാസ്യമായിത്തോന്നി. കോപാഗ്നി കത്തിയാളിച്ചു കൊണ്ടവര്‍ മുന്നോട്ടു നീങ്ങി. ബീവിയുടെ ഒട്ടകമാണവരുടെ ലക്ഷ്യം. പ്രമുഖ സ്വഹാബിള്‍ മനുഷ്യ മതില്‍ തീര്‍ത്ത് അവരെ തടഞ്ഞുനോക്കി. പക്ഷേ, വലയം ഭേദിച്ച് അതിലൊരാള്‍ മുന്നോട്ടാഞ്ഞു. കോപാഗ്നികൊണ്ട് അയാളുടെ മുഖം തുടുത്തിരുന്നു. നെറ്റിയിലെ ഞരമ്പുകള്‍ വലിഞ്ഞുമുറുകി. മുറുക്കിപ്പിടിച്ച കരവാള്‍ ഉയര്‍ന്നുതാണു. നേരെ ഒട്ടകത്തിന്റെ കാലുകള്‍ മുറിച്ചു. ഘോരമായ ശബ്ദത്തോടെ ഒട്ടകം നിലം പതിച്ചു. ഒട്ടകപ്പുറത്തെ കൂടാരം തെറിച്ചു തറയില്‍ വീണു. അരിശം തീരാത്ത അക്രമി ഒട്ടകത്തെ അറുത്ത് തുണ്ടമാക്കി. ഘോര ശബ്ദത്തോടെ ഒട്ടകം കരഞ്ഞു കരഞ്ഞു ജീവന്‍ പോയി. കൂടാരം വീണതോടെ ചുറ്റും നിന്ന് ജനങ്ങള്‍ ഓടി അകന്നു. സങ്കടം അലതല്ലി അവര്‍ കരഞ്ഞുകൊണ്ടിരുന്നു. നബി(സ്വ)യുടെ പ്രിയ പത്നി. സത്യവിശ്വാസികളുടെ ഉമ്മ എന്നീ നിലയിലുള്ള ആഇശ(റ)ക്ക് വല്ല പോറലുമേറ്റാല്‍ വലിയ ദുരന്തമല്ലേയത്? അവര്‍ പരസ്പരം പറഞ്ഞുകൊണ്ടിരുന്നു.

അലി(റ) സഗൌരവം ചാടി വീണു. കൂടാരത്തിന്റെ ചാരത്ത് വന്നുനിന്നു. ആരെയും അങ്ങോട്ടടുക്കാന്‍ അനുവദിക്കാതെ കാവലാളായി. “പിരിഞ്ഞു പോടാ നിങ്ങള്‍” അദ്ദേ ഹം വിറച്ച സ്വരത്തില്‍ പറഞ്ഞുകൊണ്ടിരുന്നു. ചുറ്റും മരിച്ചുവീണ മൃതശരീരങ്ങള്‍ക്കിടയില്‍ ഉറ്റവരും ഉടയവരും അലമുറയിട്ടു കരയുന്നു. അങ്ങുമിങ്ങും ജനങ്ങള്‍ പരക്കം പാ യുന്നു. കലാപക്കാര്‍ ആനന്ദനൃത്തം ചവിട്ടുന്നു. അതിനിടയില്‍ ദൂരേക്ക് കണ്ണ് നട്ട് കൈ പൊക്കി മാടിക്കൊണ്ട് അലി(റ)വിളിച്ചു. മുഹമ്മദ്, അമ്മാര്‍ രണ്ടാളും ഇങ്ങോട്ടുവരൂ. സങ്കടം അണ പൊട്ടിയ മനസ്സുമായി ഇരുവരും ഓടിക്കിതച്ചെത്തി. മുഹമ്മദ്(റ) ആഇശയുടെ സഹോദരന്‍ തന്നെ. ദീനതപൂണ്ട അവര്‍ അലി(റ)യുടെ മുന്നില്‍ വിനയത്തോടെ നിന്നു.

“നിങ്ങളിരുവരും അങ്ങ് മാറി ഒരിടത്ത് ഒരു തമ്പ് അടിച്ചുണ്ടാക്കണം. എന്നിട്ട് ആഇശ(റ)ബീവിയുടെ കൂടാരം പൊക്കിക്കൊണ്ടുപോയി അവരെ അതില്‍ താമസിപ്പിക്കണം”.

അലി(റ) ഉത്തരവിട്ടു.

കേട്ടപാതി ഇരുവരും കിതച്ചോടി. കാര്യങ്ങള്‍ ഭംഗിയായി നടത്തി. ആഇശ(റ) തമ്പിനകത്ത് വിശ്രമിക്കുകയായി. ആഇശ(റ)യുടെ പതനത്തോടെ യുദ്ധരംഗം ശാന്തമായി. ജനങ്ങള്‍ കൂട്ടലും കിഴിക്കലുമായി അങ്ങിങ്ങായി പിരിഞ്ഞുപോയി. ടെന്റിനകത്ത് വിശ്രമിക്കുന്ന ഉമ്മയുടെ സമീപത്ത് ഓരോരുത്തരായി വന്ന് ക്ഷേമാന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നു. മരണപ്പെട്ടവരുടെ പേരും എണ്ണവും കേള്‍പ്പിക്കുന്നു. ഓരോ പേര് കേള്‍ക്കുമ്പോഴും അത്യധികം ദുഃഖിക്കുകയും അവരുടെ പരലോക വിജയത്തിനായി പ്രാര്‍ഥിക്കുകയും ചെയ്യുന്നു.

“വീഴ്ചയില്‍ വല്ല അപകടവും പിണഞ്ഞോ സഹോദരീ” തമ്പിനകത്ത് കയറിച്ചെന്ന് സഹോദരന്‍ മുഹമ്മദ്(റ)തിരക്കി.

‘ഇല്ല, ഒന്നും പറ്റിയിട്ടില്ല” ആഇശ(റ) കാര്യം നിസ്സാരമാക്കി. മുഹമ്മദ് മാറിയ ഉടനെ ത മ്പിന്റെ പിന്നാമ്പുറത്ത് നിന്ന് ഒരു സലാം ഒഴുകിയെത്തി. ‘അസ്സലാമു അലൈക്കും യാ ഉമ്മീ’ അമ്മാറിന്റെതായിരുന്നു ശബ്ദം. സലാം മടക്കി. ആഇശ(റ)തിരക്കി; ആരാണത്?

‘അമ്മാറാണത്, ഞങ്ങള്‍ രണ്ടാളും കൂടിയാണ് തമ്പ് നിര്‍മ്മിച്ചത്” മുഹമ്മദ് മറുപടി പറഞ്ഞു. ‘ഞാന്‍ നിന്റെ ഉമ്മയല്ലടാ’ ആഇശ(റ)യുടെ മുഖം ചുളിഞ്ഞു. ഞരമ്പ് പിടച്ചു.  ”അതെ ഉമ്മാ നിങ്ങള്‍ വെറുത്താലും ഞങ്ങള്‍ വെറുക്കില്ല. നിങ്ങള്‍ ഞങ്ങളുടെ ഉമ്മ തന്നെ” അമ്മാര്‍(റ)ന്റെ സ്വരം വിറച്ചു. പെട്ടെന്ന് അമ്മാറിന്റെ തോളില്‍ കയ്യിട്ട് മാറ്റിക്കൊണ്ട് അലി(റ) രണ്ടടി മുന്നോട്ട് വെച്ചു വിനയത്തോടെ നിന്നു. അമ്മാര്‍(റ) അലി(റ)യുടെ പിന്നില്‍ മാറി നിന്നു.

‘അസ്സലാമു അലൈക്കും’ സലാം പറഞ്ഞുകൊണ്ട് തമ്പിന്റെ മറയില്‍ അലി(റ)നിന്നു. ഉമ്മ സലാം മടക്കി. എന്താണുമ്മാ വിശേഷം. തല കുനിച്ച് കാല്‍പാദത്തിലേക്ക് നോക്കി നിന്നു സ്വരം താഴ്ത്തി അദ്ദേഹം ചോദിച്ചു.

‘ഖൈറ് തന്നെ’ തമ്പിനകത്തെ കൂടാരത്തില്‍ നിന്ന് മറുപടി വന്നു. ‘അല്ലാഹു നിങ്ങള്‍ക്ക് മാപ്പ് തരട്ടെ’, അലി(റ)അവസരം ഉപയോഗപ്പെടുത്തി. ‘എനിക്കു മാത്രമല്ല താങ്കള്‍ക്കും’ ആഇശ(റ)വിട്ടു കൊടുത്തില്ല. സ്നേഹ മസൃണമായ ആ സംസാരവും കുശലാന്വേഷണവും പല തവണ തുടര്‍ന്നുകൊണ്ടേയിരുന്നു. കൂട്ടത്തില്‍ ഒരാള്‍ ദാഹാര്‍ത്തമായ കണ്ണുകളോടെ ഓടിക്കിതച്ചെത്തി. മറയും വിരിയും ഒന്നും കാര്യമായെടുക്കാതെ തമ്പിനകത്ത് പാഞ്ഞു കയറി ബീവി ഇരിക്കുന്ന ഒട്ടക കൂടാരത്തിനകത്തേക്ക് തലയിട്ടുനോക്കി. ആഇശ(റ)യുടെ രോഷം ഇരച്ചുകയറി. ക്ഷോഭംകൊണ്ട് നാസിക വിറച്ചു. ‘പോടാ പുറത്ത്. നാശം പിടിച്ചവനേ’ കോപാഗ്നിയില്‍ അവരുടെ സ്വരം വിറച്ചു. ആഇശ(റ)യുടെ രോഷം കാര്യമായെടുക്കാതെ ആഗതന്‍ പരിഹാസത്തില്‍ ചാലിച്ച മറുപടി പറഞ്ഞു: “ചുവന്ന് തുടുത്ത സുന്ദരിയെ ഒന്ന് നോക്കിയതാണേ” ഇത് കേട്ട പാടെ ആഇശ(റ)യുടെ കാല്‍പാദം മുതല്‍ ഒരു വിറ അരിച്ചു കയറി. കോപം കലിതുള്ളി അവര്‍ ശപിച്ചു.

“പോടാ നിന്റെ മറ അല്ലാഹു പൊളിക്കട്ടെ. നിന്റെ കൈ അല്ലാഹു മുറിച്ചുകളയട്ടെ. നിന്റെ നഗ്നത അവന്‍ വെളിപ്പെടുത്തട്ടെ”.

‘കൂടാരത്തിനകത്ത് ഓടിക്കയറി മറനീക്കി ഒളിഞ്ഞുനോക്കിയത് സഹിക്കാനാകുമോ? യുദ്ധക്കളത്തില്‍ പതിനായിരങ്ങളുടെ മുമ്പില്‍ നിന്നിട്ടുപോലും തന്റെ ഹിജാബ് താന്‍ പാലിച്ചിട്ടുണ്ട്. അപ്പോഴൊന്നും തന്റെ ശരീരം പോയിട്ട് ശരീരത്തിലിട്ട വസ്ത്രം കാണാന്‍ പോലും താന്‍ അവസരമുണ്ടാക്കിയിട്ടില്ല. അത്രയും വലിയ പര്‍ദ്ദയില്‍ കഴിയുന്ന തന്റെ തമ്പില്‍ കടന്നുവന്നു കൂടാരത്തിന്റെ മറ നീക്കി ഒളിഞ്ഞുനോക്കുകയോ? ഇവനാര്? ശപിക്കപ്പെട്ടവന്‍. ആഇശ(റ)യുടെ ശിരസ്സില്‍ തരിപ്പ് ഇരച്ചുകയറി. ബീവിയുടെ ശാപവാക്കുകള്‍ കേട്ട ആഗതന്‍ തൊട്ടാവാടി പോലെ തളര്‍ന്നുപോയി. വായില്‍ നിന്ന് വീണ അബദ്ധമോര്‍ത്ത് വിതുമ്പി. ആലില പോലെ വിറച്ച അയാള്‍ മ്ളാനത നിഴലിച്ച മുഖവുമായി പിന്‍വാങ്ങി. നേരം എരിഞ്ഞടങ്ങാനായി. പകലോന്‍ പടിഞ്ഞാറസ്തമിച്ചു കൊണ്ടിരിക്കുന്നു. ക്ഷേമാന്വേഷണങ്ങള്‍ക്ക് വന്നവര്‍ ഓരോരുത്തരായി തിരിച്ചു പോയ്ക്കൊണ്ടിരുന്നു. അങ്ങകലെ വീണു കിടക്കുന്ന മൃതദേഹങ്ങള്‍ ഇരുപക്ഷത്തെയും മുസ്ലിംകളാണ്. അവരില്‍ പ്രമുഖരായ സ്വഹാബിമാരടക്കമുണ്ട്. അലി(റ) അവര്‍ക്കെല്ലാം വേണ്ടി മയ്യിത്ത് നിസ്കരിച്ചു.

നേരം ഇരുട്ടിയപ്പോള്‍ ആഇശാ(റ) സ്വസഹോദരനോടൊപ്പം ബസ്വറയിലെ ഒരു വലിയ വീട്ടില്‍ ചെന്ന് താമസമാക്കി. വീട്ടുകാരിയായ സ്വഫിയ ബിന്‍ത് ഹാരിസ് സ്നേഹത്തില്‍ ചാലിച്ച സ്വീകരണം നല്‍കി. ഏതായാലും കഴിഞ്ഞതൊക്കെ കഴിഞ്ഞു. ഇനി തനിക്ക് ബസ്വറയില്‍ നിന്ന് തിരിച്ചു പോകണം. ഇതായിരുന്നു ആഇശ(റ)യുടെ ആഗ്രഹം. വിവരമറിഞ്ഞ അലി(റ)  അതിനു വേണ്ടി സന്നാഹങ്ങളൊരുക്കി. വസ്ത്രം, ഭക്ഷണം, വാഹനം, എല്ലാമെല്ലാം. കൂടാതെ ബസ്വറക്കാരായ കുലജാതകളായ നാല്‍പതു സ്ത്രീകളുടെ അകമ്പടി. കൂടെ സഹോദരന്‍ മുഹമ്മദും. ആഇശ(റ)യുടെ കൂടെ വന്ന സംഘത്തില്‍ നിന്ന് ശേഷിക്കുന്നവരുണ്ടെങ്കില്‍ അവരും കൂടെപോവട്ടെ. അതിനും അവസരമൊരുക്കി.

പ്രഭാതം. സ്വഫിയ്യാബീവിയുടെ വീട്ടിന് പരിസരത്ത് ജനങ്ങള്‍ തിങ്ങിക്കൂടി നില്‍ക്കുന്നു. ആകാംക്ഷാഭരിതമായ നിമിഷങ്ങള്‍. ജനങ്ങള്‍ കാത് കൂര്‍പ്പിച്ചു നില്‍ക്കുന്നു. ഉമ്മയെ യാ ത്രയയക്കാന്‍ വന്ന വന്‍ജനാവലി. കുളിച്ചൊരുങ്ങി പൂര്‍ണ ഹിജാബില്‍ ആഇശ(റ) വീട്ടിനകത്ത്. ഒട്ടക കട്ടില്‍ വാതിലിനോട് ചേര്‍ത്തി വെച്ചുകൊടുത്തു. അവരതില്‍ കാലെടുത്തുവെച്ചു. ഒട്ടകക്കട്ടില്‍ ഏറ്റി ഒട്ടകപ്പുറത്ത് വെച്ചു പട്ടയിട്ട് പിടിപ്പിച്ചു.

കൂടാരത്തിനകത്ത് നിന്ന് നേര്‍ത്ത ശബ്ദത്തില്‍ ഉമ്മ പറഞ്ഞു. “മക്കളെ നിങ്ങളാരും കഴിഞ്ഞ സംഭവത്തില്‍ പരസ്പരം പഴിചാരരുത്. ഞാനും അലിയും ബന്ധുക്കളാണ്. ഞങ്ങള്‍ തമ്മില്‍ നടന്ന ഭിന്നത ഒരു കുടുംബത്തിലെ സ്ത്രീയും പുരുഷനും തമ്മില്‍ നടന്നതായി കണ്ടാല്‍ മതി. അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ”

**********************

കഥാസാരം

ഹിജ്റാബ്ദം 36ലാണ് ജമല്‍ യുദ്ധം നടന്നത്. ഇരു പക്ഷത്തും സ്വഹാബികളായത് സ്വാഭാവികം മാത്രം. ഗവേഷണ പാണ്‍ഢിത്യമുള്ളവരാണവര്‍. ഗവേഷണത്തില്‍ പിഴക്കാം. ശരിയുത്തരം ലഭിക്കാം. രണ്ടിനും പ്രതിഫലമുണ്ട്. നല്ല കാര്യത്തില്‍ ചിന്തിച്ച് പിഴച്ചാലും പ്രതിഫലമുണ്ട്.  അതിനാല്‍ പ്രസ്തുത യുദ്ധത്തില്‍ ആരെയും കുറ്റപ്പെടുത്താന്‍ പാടില്ലാത്തതാണ്. ആഇശ ബീവി യുദ്ധം നയിച്ചില്ലെയെന്ന് പറഞ്ഞ് സ്ത്രീ കള്‍ പൊതുരംഗത്തിറങ്ങാനും ഇറക്കാനും ഇതില്‍ തെളിവില്ല. കാരണം പലതാണ്. ഒന്ന് താന്‍ ഇറങ്ങിയത് തെറ്റായിപ്പോയെന്ന് പിന്നീട് പല തവണ ആഇശ(റ)ഓര്‍ത്ത് വിലപിച്ചിട്ടുണ്ട്. കൂടാതെ ഹൌബഅ് സംഭവത്തോടെ തന്റെ പുറപ്പാട് തെറ്റായിരുന്നുവെന്ന് ബോധ്യപ്പെട്ടെങ്കിലും തന്നെ നിര്‍ബന്ധിച്ച് രംഗത്തിറക്കുകയായിരുന്നു. മാത്രമല്ല, യുദ്ധത്തിനുപോയതല്ല, യുദ്ധമുണ്ടാക്കുന്ന ജനങ്ങളെ മസ്വ്ലഹത്താക്കാനാണ് ബീവി ചെന്നത്. യുദ്ധ സ്ഥലത്ത് അവര്‍ ഹാജറാകാതെ വേറെ സ്ഥലമായ ഹുദ്ദാനില്‍ ഇരിക്കുകയാ യിരുന്നു. യുദ്ധസ്ഥലമായ സാബൂഖില്‍ വന്നത് തന്നെ മുസ്വ്ഹഫ് ഉയര്‍ത്തിക്കാട്ടി ശാന്തി ഉപദേശിക്കാനായിരുന്നു. ബീവിയുടെ ഹിജാബ് ഒളിഞ്ഞ് നോ ക്കിയത് ഐനുബ്നു ഉബൈഅ് എന്നയാളായിരുന്നു. ഉമ്മയുടെ നൊമ്പരപ്പെട്ട മനസ്സിന്റെ പ്രാര്‍ഥന അയാള്‍ക്ക് ഫലിച്ചു. പിന്നീടദ്ദേഹം ബസ്വറയില്‍ കൊല്ലപ്പെടുകയാണുണ്ടായത്. കരങ്ങള്‍ ഛേദിക്ക പ്പെട്ടിരുന്നു. വസ്ത്രങ്ങള്‍ വരിഞ്ഞുകീറി നഗ്നത വെളിപ്പെട്ടിരുന്നു. അസദ് പ്രദേശത്തെ മരുഭൂമിയില്‍ ഉപേക്ഷിക്കപ്പെട്ട നിലക്ക് കണ്ടെത്തുകയായിരുന്നു അയാളുടെ മൃതദേഹം. (അല്‍ബിദായ 7/224).


RELATED ARTICLE

  • വിനോദത്തിന്റെ മായാവലയം
  • കവിത: ആലാപനവും ആസ്വാദനവും
  • വൈദ്യന്‍ നോക്കിയിട്ടുണ്ട്
  • മുതലാളി
  • മരിച്ചാലും മരിക്കാത്തവര്‍
  • മാപ്പ്
  • മംഗല്യസാഫല്യം
  • മടക്കയാത്ര
  • ലുബാബയുടെ ഉപ്പ
  • കോഴിയുടെ കൊത്ത്
  • ഒരു കൌമാരം തളിര്‍ക്കുു
  • ഖൌലയുടെ നൊമ്പരങ്ങള്‍
  • മനസ്സില്‍ കാറ്റ് മാറി വീശുന്
  • കാര്‍മേഘം
  • ജാബിറിന്റെ ഭാര്യ
  • ദരിദ്രന്‍
  • ധീരമാതാവ്
  • ചോരക്കൊതി
  • അതിരില്ലാത്ത സന്തോഷം
  • അന്ത്യ നിമിഷം
  • അനസിന്റെ ഉമ്മ
  • അബൂലഹബിന്റെ അന്ത്യം
  • വ്യാജന്‍
  • വഴിപിരിയുന്നു
  • സ്നേഹത്തിന്റെ മഴവില്‍
  • രോഷം കൊണ്ട ഉമ്മ
  • പട്ടി കുരച്ച രാത്രി
  • വരൂ, നമുക്കൊരുമിച്ച് നോമ്പ് തുറക്കാം
  • ചോരയില്‍ കുതിര്‍ന്ന താടിരോമം
  • ആദ്യ രക്തസാക്ഷി സുമയ്യ
  • വിഫലമായ ചാരപ്പണി
  • വന്‍മരങ്ങള്‍ വീഴുന്നു
  • മദീനയിലെ മണിയറയിലേക്ക്
  • ഒരു നിശബ്ദ രാത്രിയില്‍
  • പൊടിക്കൈകള്‍
  • തണ്ണീരും കണ്ണീരും
  • സ്വര്‍ഗത്തിലേക്കുള്ള വഴി
  • വിരഹദുഃഖം
  • തീപ്പന്തങ്ങള്‍
  • തകര്‍ന്ന ബന്ധം
  • ഇഷ്ടമാണ്;പക്ഷേ,
  • ഓര്‍മകള്‍