Click to Download Ihyaussunna Application Form
 

 

ഓര്‍മകള്‍

സ്വഫിയ്യ ബീവി പുറത്തേക്ക് നോക്കിനിന്നു. വീശിയെത്തുന്ന കാറ്റിന് മണ്ണിന്റെ നറുമണം. ഉമറുല്‍ഫാറൂഖി(റ)ന്റെ ഭരണത്തില്‍ മദീനായുടെ മുഖഛായ നാള്‍ക്കുനാള്‍ മാറിവരുന്നു.

എഴുപതു കഴിഞ്ഞ സ്വഫിയ്യ(റ)യുടെ ഓര്‍മകള്‍ പിന്നോട്ടുപാഞ്ഞു. ഖുറൈശീതറവാട്ടില്‍ അബ്ദുല്‍മുത്വലിബിന്റെ പുത്രിയായി ജനിച്ച നാള്‍ മുതല്‍ പ്രൌഢിയുടെയും ധീരതയുടെയും കഥകള്‍ മാത്രമേ ഓര്‍ക്കാനുള്ളൂ. പേരും പെരുമയുമുള്ള കുടുംബമാണ് ഖുറൈശ്. വീരശൂരന്മാരായ സ്ത്രീ പുരുഷന്മാരാണ് ആ തറവാട്ടില്‍ ജനിച്ചവരെല്ലാം.

തറവാട്ടിലെ അബ്ദുല്ലയുടെ ഏകപുത്രനായി മുഹമ്മദ് ജനിച്ചത് മുതല്‍ കുടുംബത്തില്‍ ഐശ്വര്യവും സമൃദ്ധിയും കളിയാടി. പരദൈവപൂജയെയും അന്ധവിശ്വാസങ്ങളെയും എതിര്‍ത്ത് പ്രവാചകനായി മുഹമ്മദ്(സ്വ) ആഗതനായപ്പോള്‍ താനും വിശ്വസിച്ചു. ഇസ ലാമിക വിശ്വാസവുമായി സ്വന്തം കുടുംബത്തിലും നാട്ടിലും പിടിച്ചുനില്‍ക്കാന്‍ കഴിയാതായപ്പോള്‍ പുത്രനായ സുബൈറുബിന്‍ അവ്വാമിനോടൊപ്പം മദീനയിലേക്ക് പലായനം ചെയ്തു. മദീനയിലെത്തിയത് മുതല്‍ സഹോദരപുത്രന്‍ കൂടിയായ നബിതിരുമേനി (സ്വ) ക്ക് ഉത്തമസഹായിയായി വര്‍ത്തിച്ചു. തിരുനബിയുടെയും സ്വിദ്ദീഖി(റ)ന്റെയും കാലം കഴിഞ്ഞ് ഇപ്പോള്‍ ഉമറി(റ)ന്റെ കാലമായി. ഇതിനിടയില്‍ എന്തെല്ലാം മാറ്റങ്ങള്‍, സംഭവങ്ങള്‍, സ്മരണകള്‍.

ഉഹ്ദ് മലയും ഖന്‍ദഖ് താഴ്വരയും സംസാരിക്കുമെങ്കില്‍ തന്റെ ത്യാഗോജ്വലകഥകള്‍ അവ വിളിച്ചുപറയുമായിരുന്നു.

ഒരു കാലത്ത് തനിക്ക് എന്തിനും ആരോഗ്യവും ധൈര്യവുമുണ്ടായിരുന്നു. അതൊക്കെ എവിടെയോ പോയ് മറഞ്ഞിരിക്കുന്നു. നെയ്തിരി നാളങ്ങളുടെ തിളക്കമുണ്ടായിരുന്ന നീര്‍മിഴികളിലെ വെളിച്ചം കെട്ടുപോയിരിക്കുന്നു. കണ്ണുകള്‍ക്കു താഴെ വല്ലാത്തൊരു ക രുവാളിപ്പ്. കവിളുകള്‍ ഒട്ടി കഴുത്തെല്ലുകള്‍ തെളിഞ്ഞ് വികൃത കോലമായിരിക്കുന്നു ഇന്ന്. ആരോഗ്യം നശിച്ചെങ്കിലും മരിക്കാത്ത ഓര്‍മ്മകള്‍ തന്നെ ഇപ്പോഴും ആവേശം കൊള്ളിക്കുന്നു.

അന്നൊരുനാള്‍ നബി(സ്വ) യും കൂട്ടരും ഖന്‍ദഖിലേക്ക് പോയപ്പോള്‍ ശേഷിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും താന്‍ കാവല്‍ നിന്നത് മനസ്സില്‍ തെളിയുന്നു. ഓര്‍ക്കാന്‍ സുഖകരമാണത്. ചിരിയും കരച്ചിലും സമ്മാനിക്കുന്ന അദ്ധ്യായം. കൊടും ശൈത്യത്തി ല്‍, മഞ്ഞുപെയ്യുന്ന രാത്രിയില്‍ കൊടുങ്കാറ്റടിച്ചതും ശത്രുക്കള്‍ നാലുപാടും തിരിഞ്ഞോടിയതും ഇന്നലെ കഴിഞ്ഞതുപോലെ.

സമാധാനക്കരാര്‍ ലംഘിച്ച് നബി(സ്വ)യോട് യുദ്ധം ചെയ്ത മദീനക്കാരായ യഹൂദരാണ് ബനൂനളീര്‍ കുടുംബം. അവരെ അക്കാരണത്താല്‍ നാടുകടത്തിയിരുന്നു. ചിലര്‍ ഖൈബറിലും വേറെ ചിലര്‍ അദ്രിആത്തിലും കുടിയേറി. ഖൈബറിലെ യഹൂദര്‍ പകവീട്ടാന്‍ തീരുമാനിച്ചു. അതിനായി ഖുറൈശികളെയും മറ്റും അവര്‍ കൂട്ടിനുപിടിച്ചു സഖ്യസേന രൂപീകരിച്ചു. പതിനായിരം പേരടങ്ങുന്ന സേന മദീനയെ വലയം ചെയ്തു. മുസ്ലിംകള്‍ സംഭവമറിഞ്ഞു പേടിച്ചരണ്ടുപോയി. ശത്രുസേനയെ നേരിടാന്‍ മുവ്വായിരം മുസ്ലിംകളും തമ്പടിച്ചു. മദീനയെ ആക്രമിക്കുന്നത് തടയാനായി  ചുറ്റും കിടങ്ങുകീറി അശ്വഭടന്മാരെ പ്രതിരോധിക്കാന്‍ നബി(സ്വ) തീരുമാനിച്ചു. അതുകൊണ്ടാണ് യുദ്ധത്തിന് ഖന്‍ ദഖ് (കിടങ്ങ്) എന്ന് പേരുവന്നത്. കിടങ്ങ് കീറുന്ന ജോലിയില്‍ നബി(സ്വ) ഉള്‍പ്പെടെ സര്‍വ്വരും പങ്കാളികളായി. ഓരോ പത്തുപേര്‍ക്കും നാല്‍പ്പത് മുഴം വീതം കുഴിക്കുന്നതിനായി നബി(സ്വ) പകുത്തുകൊടുത്തു. എല്ലാ പുരുഷന്മാരും യുദ്ധമുഖത്തേക്ക് കുതിച്ചു. സ്ത്രീകളെയും കുഞ്ഞുങ്ങളെയുമെല്ലാം ഹസ്സാനുബിന്‍ സാബിതി(റ)ന്റെ കോട്ടയിലാക്കി. മദീനയില്‍ പല കോട്ടകളുമുണ്ടായിരുന്നെങ്കിലും ഹസ്സാന്റേതായിരുന്നു അവയില്‍ വലുത്. കോട്ടക്കകത്തേക്ക് ആര്‍ക്കെങ്കിലും കയറിവരാനോ അക്രമിക്കാനോ കഴിഞ്ഞിരുന്നില്ല.

അന്നൊരു നിലാവില്ലാത്ത രാത്രിയില്‍ കൂരിരുട്ടിന്റെ അകമ്പടിയില്‍ കോട്ടക്ക് പുറത്ത് മെല്ലെ ഒരാള്‍പെരുമാറ്റം! ആളറിയാതിരിക്കാന്‍ പാടുപെട്ടുള്ള ശ്വാസോച്ഛാസം. ഖന്‍ദഖില്‍നിന്ന് നബി(സ്വ)യും മുസ്ലിംകളും ഇപ്പോഴിങ്ങോട്ട് വരില്ലെന്ന് മനസ്സിലാക്കിയ ഒരു യഹൂദി സ്ത്രീ കേമ്പ് നിരീക്ഷിക്കാനും അക്രമിക്കാനും വന്നതായിരുന്നു. ആണ്‍തുണയായി കേമ്പില്‍ ഞങ്ങള്‍ക്കുണ്ടായിരുന്നത് ഹസ്സാന്‍(റ)വായിരുന്നു. ഹസ്സാനോട് ഞ ങ്ങള്‍ ആവശ്യപ്പെട്ടു : ‘താങ്കള്‍ ഒന്ന് പുറത്തിറങ്ങി ആ ജൂതനെ നേരിടണം.’

ഹസ്സാന്‍(റ)ന്റെ ശരീരം വിറക്കാന്‍ തുടങ്ങി. ഒച്ചയില്ല. അദ്ദേഹം അങ്ങനെ നിന്നു. ഭയന്നുവിറച്ചുനിന്ന അദ്ദേഹത്തിന്റെയടുത്തേക്ക് ചെന്ന് ഞാന്‍ ചോദിച്ചു: ‘എന്താ ഹസ്സാന്‍, ഒരു മൌനം?’

ഹസ്സാന്‍(റ)ന്റെ തൊണ്ടയിടറി. മുള്ളില്‍ കുരുങ്ങിയ വാക്കുകള്‍കൊണ്ടദ്ദേഹം സംസാരിച്ചു : ‘എനിക്കതിനു കഴിയുകയില്ല. സാധിച്ചിരുന്നെങ്കില്‍ ഞാന്‍ യുദ്ധമുഖത്തേക്ക് പോകുമായിരുന്നില്ലേ?’

അദ്ദേഹത്തിന്റെ വാക്കുകളില്‍ ആത്മാര്‍ഥത നിഴലിച്ചിരുന്നു.

‘ഇനിയെന്തു വഴി? ഞാന്‍ ആലോചിച്ചു. അങ്ങകലെ ഖന്‍ദഖില്‍ നിന്ന് പുരുഷന്മാര്‍ക്ക് ഇങ്ങോട്ട് വരാന്‍ ഒരു നിര്‍വ്വാഹവുമില്ല. ആ തക്കം നോക്കിത്തന്നെയാണ് ഈ ജൂതന്‍ ആക്രമണത്തിനെത്തിയതും. അവന്‍ ഒറ്റയാനാണെങ്കിലും അവന്റെ പിന്നാലെ വേറെയും സംഘങ്ങളുണ്ടാകും. ശിരസ്സിലെ സര്‍വ്വ ഞരമ്പുകളും വലിഞ്ഞുമുറുകി. ക്ഷോഭം കൊണ്ട് എന്റെ നാസിക വിറച്ചു. അവനെ വകവരുത്തിയേ അടങ്ങൂ എന്ന് ഞാന്‍ ശപഥം ചെയ്തു. പക്ഷേ, എങ്ങനെ അവനെ നേരിടും? കയ്യില്‍ ആയുധമൊന്നുമില്ല.

കോട്ടക്കകത്ത് നാലുപാടും പരതി നടന്നപ്പോള്‍ ഒരു മരക്കമ്പ് കിട്ടി. ഞാനതെടുത്ത് മെല്ലെ കോട്ട വാതിലനരികിലെത്തി. അടഞ്ഞുകിടന്ന ആ വാതില്‍ പെട്ടെന്ന് തുറന്നാല്‍ അവന്‍ ഭയന്ന് ഓടിയെങ്കിലോ? ഉന്നംപിഴക്കാതെ അവനെ കിട്ടണം. അതിനാല്‍ കതക് പാളി മെല്ലെ തുറന്നു.

ആഗതന്‍ കോട്ടമതില്‍ ചാരി എങ്ങോ നോക്കി കാത് കൂര്‍പ്പിച്ചുനില്‍ക്കുകയാണ്. അക്രമിയെ അല്‍പ്പനേരം ഞാന്‍ നോക്കിനിന്നു. ഒരിക്കല്‍പ്പോലും കണ്ടുമറന്ന മുഖമല്ലായിരുന്നു അത്.

ആരെടാ അത്? നീ ആരാണെടാ?

എന്റെ ഗര്‍ജ്ജനം കേട്ട് പേക്കിനാവ് കണ്ട് ഉണര്‍ന്നപോലെ ഭയന്നുവിറച്ച് അവന്‍ എന്റെ നേരെ തിരിഞ്ഞു. എന്റെ സ്വഭാവം പന്തിയല്ലെന്നുതോന്നിയ അവന്‍ വെട്ടിത്തിരിഞ്ഞുനടക്കാന്‍ ഭാവിച്ചു.

ഞാന്‍ പൊട്ടിത്തെറിച്ചു. ‘ഫാ! നീ സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഉപദ്രവിക്കാന്‍ വന്നിരിക്കയാണല്ലെടാ, പറഞ്ഞുതീരുംമുമ്പേ മരക്കൊമ്പ് ആഞ്ഞുവീശി. അത് അവന്റെ ശരീരത്തില്‍ പതിച്ചു. ഒരു നിലവിളിയോടെ ജൂതന്‍ മണല്‍വിരിച്ച മുറ്റത്ത് മലര്‍ന്നടിച്ചുവീണു.

‘ഞങ്ങളുടെ നേരെവരാന്‍ നിനക്കെങ്ങനെ ധൈര്യംവന്നെടാ മൃഗമേ, എന്റെ കൈകൊണ്ട് ചാകാനാണ് നിനക്ക് വിധി, കുറച്ചു നേരം പിടഞ്ഞ് ആ ശരീരം ശബ്ദവും ചലനവുമറ്റുകിടപ്പായി.

കോട്ടമുറ്റത്ത് ഇതെല്ലാം നടക്കുമ്പോള്‍ അങ്ങകലെ ഖന്‍ദഖില്‍ സഖ്യകക്ഷികള്‍ തോറ്റ് പുളയുകയായിരുന്നു. പതഞ്ഞുറഞ്ഞ ദേഷ്യം തണുപ്പിച്ച് കോട്ടക്കകത്തേക്ക് ഓടിക്കയറി വീണ്ടും ഹസ്സാനോട് ഞാന്‍ പറഞ്ഞു:

‘ഞാനവനെ ശരിപ്പെടുത്തിയിട്ടുണ്ട്. ഇനി നിങ്ങളുടെ പേടിമാറിയല്ലോ. പോയി അവന്റെ ശിരസ്സ് പിഴുതെടുത്ത് ജൂതന്മാരുടെ മുന്നിലേക്കിട്ടുകൊടുക്കുക.’

ഒരു മിന്നല്‍പിണര്‍ ഹസ്സാന്‍(റ)ന്റെ പാദം മുതല്‍ ഉച്ചിവരെ പാഞ്ഞുകയറി. അദ്ദേഹത്തിന്റെ കരുവാളിച്ച അധരങ്ങള്‍ ഒന്നുപിടഞ്ഞു. കണ്ണുകള്‍ പൊടുന്നനവെ നിറഞ്ഞു. പൂര്‍ണ്ണമായും തോറ്റതുപോലെ ഹസ്സാന്‍(റ)ന് തോന്നി.

‘എന്റെ മനസ്സിന്റെ ദുര്‍ബലത എന്നെ തോല്‍പ്പിച്ചിരിക്കുന്നു. പെണ്ണ് ജയിച്ചിടത്ത് തോ ല്‍ക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ. അത്തരം ഒരു കൃത്യത്തിനും എനിക്ക് കഴിയില്ല.’

പ്രകൃതിപരമായ പേടിയില്‍ ഹസ്സാനി(റ)നോട് എനിക്ക് ദയതോന്നി. എനിക്കല്ലാഹു നല്‍ കിയ ആത്മധൈര്യത്തില്‍ സന്തുഷ്ടിയും.

ഞാന്‍ വീണ്ടും അവന്റെ നേരെ ചെന്നു. തലപിഴുതെടുത്തു താഴ്ഭാഗത്ത് കൂട്ടംചേര്‍ന്നുനില്‍ക്കുന്ന ജൂതപ്പടയുടെ മുന്നിലേക്കെറിഞ്ഞുകൊടുത്തു. അവര്‍ അതില്‍ ദൃഷ്ടിപായിച്ചു. ഉള്‍ക്കിടിലത്തോടെ വിളറിവെളുത്ത മുഖങ്ങളുമായി പരസ്പരം നോക്കിനിന്നു. ‘നമ്മുടെ ധാരണ പിശകി, അവരില്‍ ചിലര്‍ പറഞ്ഞു.

‘കോട്ടയില്‍ കേവലം സ്ത്രീകള്‍ മാത്രമേയുള്ളൂ എന്നാണ് നാം ധരിച്ചിരുന്നത്. ഈ കൃത്യം ചെയ്യണമെങ്കില്‍ ഒരു സംഘം പുരുഷന്മാരില്ലാതെ സാധിക്കുകയില്ല. അതിനാല്‍ ഖന്‍ദഖില്‍ തോറ്റുകൊണ്ടിരിക്കുന്ന നാം കോട്ടയുടെ ചാരത്തുചെന്നാല്‍ ഇതായിരിക്കും നമ്മുടെയും അനുഭവം. ശിരസ്സ് ഉടലില്‍തന്നെ നിലനിര്‍ത്തി തിരിച്ചുപോകലാണ് നമുക്ക് നല്ലത്.’

ജൂതപ്പട തിരിച്ചുപോയി. സ്വഫിയ്യാബീവി(റ)ക്ക് ചാരിതാര്‍ഥ്യമായി.

കഥാസാരം

സ്ത്രീകള്‍ പൊതുവെ ധൈര്യത്തില്‍ പിന്നോക്കമാണ്. എന്നാല്‍തന്നെയും ഈമാനിക ധൈര്യം അവര്‍ക്കുവേണം. രാത്രി ഇരുട്ടിയാല്‍ അവര്‍ കൂടുതല്‍ ദുര്‍ബലരാകുന്നു. തെരുവുനായ്ക്കളുടെ കുരകേള്‍ക്കുമ്പോഴേക്കും ഭയവിഹ്വലരാകുന്നു. അങ്ങനെയായിരുന്നില്ല പൂര്‍വ്വമഹതിമാര്‍. എന്തിനുപേടിക്കണം? അല്ലാഹുവല്ലേ സംരക്ഷിക്കുന്നവന്‍ എന്ന ധൈര്യം അവര്‍ക്കുണ്ടായിരുന്നു. സ്വന്തം ശരീരത്തെ ശത്രുവിന് കീഴ്പ്പെടുത്തിക്കൊടുക്കല്‍ തെറ്റാണ്. കഴിവിന്റെ പരമാവധി ചെറുത്തുനില്‍ക്കണം. സ്വഫിയ്യ(റ) ഒരു മാതൃകയാണ്. ഹിജ്റ 20ല്‍ ഉമര്‍(റ)ന്റെ ഭരണകാലത്ത് എഴുപത്തിമൂന്നാം വയസ്സിലാണ് സ്വഫിയ്യ(റ) മരണപ്പെട്ടത്. മദീനയിലെ പൊതുശ്മശാനമായ ജന്നത്തുല്‍ബഖീഇല്‍ പ്രവേശനകവാടത്തിനടുത്തുതന്നെയാണ് ആ മഹതിയുടെ ഖബര്‍.


RELATED ARTICLE

  • വിനോദത്തിന്റെ മായാവലയം
  • കവിത: ആലാപനവും ആസ്വാദനവും
  • വൈദ്യന്‍ നോക്കിയിട്ടുണ്ട്
  • മുതലാളി
  • മരിച്ചാലും മരിക്കാത്തവര്‍
  • മാപ്പ്
  • മംഗല്യസാഫല്യം
  • മടക്കയാത്ര
  • ലുബാബയുടെ ഉപ്പ
  • കോഴിയുടെ കൊത്ത്
  • ഒരു കൌമാരം തളിര്‍ക്കുു
  • ഖൌലയുടെ നൊമ്പരങ്ങള്‍
  • മനസ്സില്‍ കാറ്റ് മാറി വീശുന്
  • കാര്‍മേഘം
  • ജാബിറിന്റെ ഭാര്യ
  • ദരിദ്രന്‍
  • ധീരമാതാവ്
  • ചോരക്കൊതി
  • അതിരില്ലാത്ത സന്തോഷം
  • അന്ത്യ നിമിഷം
  • അനസിന്റെ ഉമ്മ
  • അബൂലഹബിന്റെ അന്ത്യം
  • വ്യാജന്‍
  • വഴിപിരിയുന്നു
  • സ്നേഹത്തിന്റെ മഴവില്‍
  • രോഷം കൊണ്ട ഉമ്മ
  • പട്ടി കുരച്ച രാത്രി
  • വരൂ, നമുക്കൊരുമിച്ച് നോമ്പ് തുറക്കാം
  • ചോരയില്‍ കുതിര്‍ന്ന താടിരോമം
  • ആദ്യ രക്തസാക്ഷി സുമയ്യ
  • വിഫലമായ ചാരപ്പണി
  • വന്‍മരങ്ങള്‍ വീഴുന്നു
  • മദീനയിലെ മണിയറയിലേക്ക്
  • ഒരു നിശബ്ദ രാത്രിയില്‍
  • പൊടിക്കൈകള്‍
  • തണ്ണീരും കണ്ണീരും
  • സ്വര്‍ഗത്തിലേക്കുള്ള വഴി
  • വിരഹദുഃഖം
  • തീപ്പന്തങ്ങള്‍
  • തകര്‍ന്ന ബന്ധം
  • ഇഷ്ടമാണ്;പക്ഷേ,
  • ഓര്‍മകള്‍