Click to Download Ihyaussunna Application Form
 

 

ഇജ്തിഹാദ്

ഇഹപര വിജയത്തിനു വേണ്ടി, സത്യവിശ്വാസത്തിലൂന്നി നിന്നു കൊണ്ട്, ജീവിതം നയിക്കുന്നതിനു  ആവശ്യമായ ദൈവിക നിയമ വ്യവസ്ഥയാണ് മതം എന്ന് പറയുന്നത്. ‘അല്ലാഹുവിങ്കല്‍ സ്വീകാര്യമായ മതം ഇസ്ലാമാകുന്നു; നിശ്ചയം’ (വി.ഖു. 3:19). ഇസ്ലാം അല്ലാത്തതിനെ വല്ല വ്യക്തിയും മതമായി തേടിയാല്‍ അവന്റെ പക്കല്‍ നിന്നു അതു സ്വീകരിക്കപ്പെടുകയില്ല. അവന്‍ പരലോകത്ത് നഷ്ടബാധിതരുടെ കൂട്ടത്തിലത്രെ’ (വി.ഖു. 3:85). അപ്പോള്‍ സൌഭാഗ്യത്തിന്റെ മാര്‍ഗം ഇസ്ലാം മതാശ്ളേഷം മാത്രമാണ്. അതിന്റെ നിഷേധം ദൌര്‍ഭാഗ്യത്തിന്റെ കാരണവും. പക്ഷേ, എന്താണീ ഇസ്ലാം? അതാണല്ലോ മനുഷ്യനെ സുഭഗനോ ദുര്‍ഭഗനോ ആക്കുന്നത്. മനുഷ്യന്‍ സ്വര്‍ഗ്ഗത്തിലോ നരകത്തിലോ എന്നു തീരുമാനിക്കുന്നത്. കേവല മനുഷ്യനായി ജീവിച്ചതു കൊണ്ടോ നല്ല പേരില്‍ അറിയപ്പെട്ടതു കൊണ്ടോ ഒരാള്‍ മുസ്ലിമാവില്ല എങ്കില്‍ എന്താണ് ഇസ്ലാം? അതു ആദര്‍ശമാണ്; ശക്തമായ ആദര്‍ശം. വിശ്വാസമാണ് അതിന്റെ അസ്തിവാരം. വിശ്വാസത്തിനനുസൃതമായ പ്രവര്‍ത്തനമാണ് അതിന്റെ മുഖമുദ്ര. അഖില ചരാചര വസ്തുക്കളെയും സൃഷ്ടിച്ചു, കാരുണ്യ പൂര്‍വം അടക്കി ഭരിക്കുന്ന റബ്ബിനു കീഴ്പ്പെടുകയാണ് അതിന്റെ രത്ന ചുരുക്കം. അനുസരണവും കീഴ്വണക്കവുമാണ് ഇസ്ലാം എന്ന പദത്തിന്റെ തന്നെ അര്‍ഥം. അല്ലാഹുവിന്റെ ദീനിനെ ജീവിത സരണിയായി സ്വീകരിച്ചവനാണ് മുസ്ലിം.

ഖുര്‍ആനും സുന്നത്തും

ഒരു മുസ്ലിം അവന്റെ ജീവിതത്തിന്റെ എല്ലാ വശങ്ങളിലും ഇസ്ലാമിനെ അനുധാവനം ചെയ്യാന്‍ ബാധ്യസ്ഥനാണ്. ഇഷ്ടാനുസരണം ചില ഭാഗങ്ങള്‍ സ്വീകരിക്കുകയും മറ്റു ഭാഗങ്ങള്‍ തിരസ്കരിക്കുകയും ചെയ്യാവതല്ല. അത് പൈശാചിക മാര്‍ഗമാണ്. ‘സത്യ വിശ്വാസികളെ, നിങ്ങള്‍ ഇസ്ലാമില്‍ പൂര്‍ണമായി പ്രവേശിക്കുക, പിശാചിന്റെ കാല്‍പാടുകളെ നിങ്ങള്‍ അനുഗമിക്കരുത്. അവര്‍ നിങ്ങള്‍ക്കു പ്രത്യക്ഷ ശത്രുവാകുന്നു’ (വി.ഖു.2:208).

ജീവിതത്തിന്റെ അഖില പ്രശ്നങ്ങളും ഇസ്ലാമിക ശരീഅത്തിന്റെ അടിസ്ഥാനത്തിലാണ് പരിഹരിക്കേണ്ടത്. ഇസ്ലാമിക നിയമവ്യവസ്ഥിതിയുടെ മൂല സ്രോതസ്സ് വിശുദ്ധ ഖുര്‍ആനാണ്. പക്ഷേ, ഖുര്‍ആന്‍ അതിന്റെ യഥാര്‍ഥ വ്യാഖ്യാനമായ സുന്നത്തോടു കൂടി മാത്രമേ പ്രമാണമാവുകയുള്ളൂ. ആവശ്യമായ വിശദീകരണങ്ങളോട് കൂടി, സാന്ദര്‍ഭികമായി ജനങ്ങള്‍ക്കു പഠിപ്പിക്കുന്നതിന് വേണ്ടിയാണ് വിശുദ്ധ ഖുര്‍ആന്‍ ഘട്ടം ഘട്ടമായി നബി (സ്വ) ക്കു അവതരിപ്പിക്കപ്പെട്ടത്.

“ജനങ്ങള്‍ക്കു അവതരിപ്പിക്കപ്പെട്ട കാര്യം അവര്‍ക്ക് വിശദീകരിച്ചു കൊടുക്കുന്നതിനു വേണ്ടിയും അവര്‍ ചിന്തിക്കുന്നതിനു വേണ്ടിയും ഖുര്‍ആന്‍ താങ്കള്‍ക്കു നാം അവതരിപ്പിച്ചു (വി.ഖു 16:44).

അപ്പോള്‍ അല്ലാഹുവിന്റെയും റസൂലിനെയും അനുസരിക്കണം. അഥവാ ഖുര്‍ആനും സുന്നത്തും സ്വീകരിക്കണം. അതുരണ്ടുമാണ് ഇസ്ലാമിന്റെ മൂലപ്രമാണങ്ങള്‍. അവ മുറുകെ പിടിച്ചു ജീവിക്കുമ്പോഴൊന്നും സമുദായവും വ്യക്തിയും വഴി പിഴക്കില്ല. നബി (സ്വ) യുടെ പ്രസ്താവന വളരെ ശ്രദ്ധേയമാണ്.

“രണ്ടു കാര്യങ്ങള്‍ നിങ്ങളില്‍ വിട്ടേച്ചു കൊണ്ടാണ് ഞാന്‍ പോകുന്നത്. അവ മുറുകെ പിടിച്ചു കൊണ്ടിരിക്കുമ്പോഴൊന്നും നിങ്ങള്‍ വഴി പിഴക്കില്ല. നിശ്ചയം അല്ലാഹുവിന്റെ ഗ്രന്ഥവും ദൂതന്റെ സുന്നത്തുമത്രെ ആ രണ്ടു കാര്യങ്ങള്‍” (മുവത്വാ).

ഇജ്തിഹാദിന്റെ ആവശ്യകത

ഖുര്‍ആനും സുന്നത്തും വെളിച്ചം നല്‍കാത്ത ഒരു കാര്യവുമില്ല. മനുഷ്യന്റെ ഐഹികവും പാരത്രികവുമായ അഭ്യുദയത്തിനു ആവശ്യമുള്ള സകല വിധിവിലക്കുകളും ഖുര്‍ആനിലും സുന്നത്തിലുമുണ്ട്. എന്നാല്‍ പല കാര്യങ്ങളും സ്പഷ്ടമായിട്ടാണ് പറഞ്ഞിട്ടുള്ളതെങ്കില്‍ മറ്റു പല കാര്യങ്ങളും അസ്പഷ്ടമായിട്ടാണ് പറഞ്ഞിട്ടുള്ളത്. ഈ അവ്യക്ത കാര്യങ്ങള്‍ ബുദ്ധിയും വിവരവുമുള്ളവര്‍ക്ക് ഗവേഷണം ചെയ്തു കണ്ടു പിടിക്കാവുന്ന രീതിയിലാണ് വച്ചിട്ടുള്ളത്. ഇത്തരം ഗവേഷണ പരമായ കാര്യങ്ങളെ യോഗ്യത നേടിയ വ്യക്തികള്‍ ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും കണ്ടു പിടിച്ചെടുക്കുന്നതിനാണ് ‘ഇജ്തിഹാദ്’ എന്ന് പറയുന്നത്. ഇമാം ഗസ്സാലിയുടെ നിര്‍വ്വചനം കാണുക. ‘മതപരമായ വിധികളെ കുറിച്ചു, അറിവു തേടുന്നതില്‍ ഒരു മുജ്തഹിദ് തന്റെ കഴിവു വിനിയോഗിക്കുന്നതിനാണ് ‘ഇജ്തിഹാദ്’ എന്ന് പറയുന്നത് (മുസ്തസ്വ്ഫാ 2 :101).

ഹസ്രത്ത് മുആദുബിന്‍ ജബലി (റ) നെ യമനിലേക്കു (ഗവര്‍ണറായി) റസൂല്‍ തിരുമേനി (സ്വ) നിയോഗിച്ചപ്പോള്‍ അവിടുന്ന് ചോദിച്ചു: ‘വല്ല പ്രശ്നവും മുമ്പില്‍ വന്നാല്‍ താങ്കള്‍ എങ്ങനെ വിധിക്കും?’ ഞാന്‍ അല്ലാഹുവിന്റെ ഗ്രന്ഥം കൊണ്ടു വിധിക്കും.’ മുആദ് പറഞ്ഞു. അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ നീ കണ്ടില്ലെങ്കില്‍? നബി (സ്വ) ചോദിച്ചു. ‘അല്ലാഹുവിന്റെ പ്രവാചകന്റെ സുന്നത്തു കൊണ്ടു വിധിക്കും?’ അദ്ദേഹം പ്രതിവചിച്ചു. ‘പ്രവാചകന്റെ സുന്നത്തിലും നീ കണ്ടില്ലെങ്കിലോ?’ തിരുമേനി വീണ്ടും ചോദിച്ചു. ‘ഞാന്‍ ഒട്ടും വീഴ്ചവരുത്താതെ എന്റെ ബുദ്ധി ഉപയോഗിച്ചു ഇജ്തിഹാദ് ചെയ്യും’ എന്ന് മുആദ് (റ) മറുപടി നല്‍കിയപ്പോള്‍ നബി (സ്വ) അദ്ദേഹത്തിന്റെ മാറിടത്തില്‍ തട്ടിക്കൊണ്ട് ഇപ്രകാരം പറഞ്ഞു :

അല്ലാഹുവിന്റെ ദൂതന്റെ ദൂതനു, അല്ലാഹുവിന്റെ ദൂതന്‍ ഇഷ്ടപ്പെടുന്ന കാര്യത്തിനു സഹായം നല്‍കിയ  അല്ലാഹുവിനത്രെ സകല സ്തുതിയും!’ (തുര്‍മുദി, അബൂദാവുദ്, ദാരിമി).

ഇപ്രകാരം ഇജ്തിഹാദ് ചെയ്യല്‍ അനുവദനീയമാണെന്ന കാര്യത്തില്‍ പരിഗണനീയരായ പണ്ഢിതന്മാര്‍ക്കിടയില്‍ പക്ഷാന്തരമില്ല. ‘ഖുര്‍ആനിലും സുന്നത്തിലും പണ്ഢിത പ്രസ്താവനയില്ലാത്ത ഏതൊരു സംഭവത്തിലും ബുദ്ധി ഉപയോഗിച്ചു ഇജ്തിഹാദ് നടത്തി വിധി കണ്ടെത്താമെന്നതില്‍ സ്വഹാബത്ത് ഏകകണ്ഠമായി ഏകോപിച്ചിരിക്കുന്നുവെന്നത് ഇജ്തിഹാദിന് തെളിവാകുന്നു (മുസ്തസ്വ്ഫാ 2 : 57).

മുജ്തഹിദിന്റെ യോഗ്യതകള്‍

ഒരു മുജ്തഹിദ്, ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നീ അടിസ്ഥാന പ്രമാണങ്ങളെ കുറിച്ച് പൂര്‍ണമായ അറിവു നേടിയവനായിരിക്കണം. ഖുര്‍ആനില്‍ ആമ്മ്, ഖാസ്സ്വ്, മുജ്മല്‍, മുബയ്യന്‍, മുത്വ്ലഖ്, മുഖയ്യദ്, നസ്സ്വ്, ളാഹിര്‍, നാസിഖ്, മന്‍സൂഖ്, മുഹ്കം, മുതശാബിഹ് എന്നീ ഇനങ്ങളെ കുറിച്ചും ഹദീസില്‍ മുതവാതിര്‍, ആഹാദ്, മര്‍ഫൂഅ്, മൌഖൂഫ്, മുര്‍സല്‍ ആദിയായ വിഭാഗങ്ങളെകുറിച്ചും ഹദീസ് റിപ്പോര്‍ട്ടര്‍മാരുടെ ബലാബലത്തെക്കുറിച്ചും വ്യക്തമായ ജ്ഞാനം കരസ്ഥമാക്കിയിരിക്കണം.

ഇജ്മാഇനെ ഒരിക്കലും മറികടക്കാന്‍ പാടില്ലാത്തതു കൊണ്ട്, മുന്‍ഗാമികളുടെയെല്ലാം അഭിപ്രായഗതികള്‍ മനസ്സിലാക്കുകയും വേണം. മാത്രമല്ല, ഖുര്‍ആനിന്റെയും സുന്നത്തിന്റെയും ഭാഷയായ അറബിയില്‍, ഭാഷാ ശാസ്ത്രം, പദോല്‍പത്തി ശാസ്ത്രം, വ്യാകരണ ശാസ്ത്രം, സാഹിത്യ ശാസ്ത്രം എന്നീ ശാഖകളില്‍ വൈദഗ്ധ്യവും ബുദ്ധി വൈഭവവും ആവശ്യമാണ്. ഈ കഴിവുകളെല്ലാം ഒത്തിണങ്ങിയ ഒരാള്‍ക്ക് മാത്രമേ ഇജ്തിഹാദിന്നധികാരമുള്ളൂ.

അപ്പോള്‍ ഇജ്തിഹാദ് ക്ഷിപ്രസാദ്ധ്യമായ ഒരു കാര്യമല്ല; അല്ലാഹുവിന്റെ പ്രത്യേകാനുഗ്രഹത്തിനു ഭാജനങ്ങളായിത്തീരുന്ന മഹാ വ്യക്തികള്‍ക്കു മാത്രം സാധിക്കുന്ന വളരെ ശ്രമകരമായ പ്രവര്‍ത്തനമാണ്. കഴിവില്ലാത്തവര്‍ അപ്പോള്‍ എന്തു ചെയ്യും? കഴിവുള്ളവരെ അനുഗമിക്കുക തന്നെ. അല്ലാഹു പറയുന്നു : നിങ്ങള്‍ വിവരമില്ലാത്തവരാണെങ്കില്‍ വിവരമുള്ളവരോട് ചോദിക്കുക” (വിശുദ്ധ ഖുര്‍ആന്‍ : 21:7, 16 : 43).


RELATED ARTICLE

  • സ്വഹാബത്തിനെ തഖ്ലീദ് ചെയ്യാത്തത് എന്തു കൊണ്ട്
  • ഇജ്തിഹാദിന്റെ അനിവാര്യത
  • ഇമാം ശാഫിഈ (റ) യുടെ വസ്വിയ്യത്ത്
  • ഉസ്വൂലുല്‍ ഫിഖ്ഹ്
  • മുജ്തഹിദുകളുടെ വകുപ്പുകള്‍
  • തഖ്ലീദ് സത്യവിശ്വാസികളുടെ മാര്‍ഗം
  • തഖ്ലീദിനു സ്വഹാബത്തിന്റെ അംഗീകാരം
  • മദ്ഹബ് വിരോധികളുടെ പുതിയ കുതന്ത്രം
  • തഖ്ലീദ് പണ്ഢിത പൂജയല്ല
  • തഖ്ലീദ്
  • ചില സംശയങ്ങള്‍
  • ശാഖാപരമായി അഭിപ്രായ വ്യത്യാസമുണ്ടാകാം
  • മുഖല്ലിദുകള്‍ ഖുര്‍ആനും സുന്നത്തും പഠിക്കുന്നതെന്തിന്?
  • ഖാസി, മുഫ്തി, ഇജ്തിഹാദ്
  • പുതിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം
  • ഇമാം നവവി (റ), ഇമാം റാഫിഈ (റ) എന്നിവര്‍ക്കെതിരായി ഭൂരിപക്ഷത്തിനഭിപ്രായമുണ്ടാവുമോ?.
  • അല്‍ മുത്വ്ലഖുല്‍ മുസ്തഖില്ല്
  • മുജ്തഹിദുല്‍ മദ്ഹബ്
  • മുജ്തഹിദുല്‍ ഫത്വാ വത്തര്‍ജീഹ്
  • അല്‍ മുജ്തഹിദുന്നിസബിയ്യ്
  • മുത്‌ലഖു മുന്‍തസിബ്‌
  • മുജ്തഹിദുകളും നിബന്ധനകളും
  • മുഫ്തി
  • മദ്ഹബ് സ്വീകരിക്കല്‍ നിര്‍ബന്ധം
  • കവാടം അടച്ചതാര്?
  • ഇജ്തിഹാദ്
  • ഇജ്മാഅ്
  • സുകൂതിയ്യായ ഇജ്മാഅ്
  • ഹദീസും മുജ്തഹിദും
  • അവര്‍ പറയാതിരുന്നാല്‍
  • അടക്കപ്പെട്ട കവാടം
  • മദ്ഹബിന്റെ ഇമാമുകള്‍