Click to Download Ihyaussunna Application Form
 

 

കുഫുവ് ഒത്ത ഇണ

ഭാര്യ ഭര്‍ത്താക്കന്‍മാര്‍ പരസ്പരം യോജിപ്പും പൊരുത്തവുമുള്ളവരായിരിക്കണം. പരസ്പരം അറിഞ്ഞും സഹകരിച്ചും നീങ്ങേണ്ട ദാമ്പത്യ ബന്ധത്തിന്റെ വിജയപരാജയങ്ങള്‍ ഇരുവരുടേയും വ്യക്തിത്വത്തിന്റെ നിലവാരത്തിനനുസരിച്ചാണ്. മാനസിക ഐക്യമാണ് പരമപ്രധാനമെങ്കിലും ഈ ഐക്യ രൂപീകരണത്തില്‍ വിദ്യാഭ്യാസം, കുടുംബസാഹചര്യങ്ങള്‍, സാമ്പത്തിക സ്ഥിതി, തൊഴില്‍ തുടങ്ങിയവക്ക് വ്യക്തമായ പങ്കുണ്ട്. പരമ്പരാഗതമായി ഉന്നത നിലവാരത്തില്‍ ജീവിച്ചു അല്ലലറിയാതെ കഴിയുന്ന ഒരു പെണ്‍കുട്ടിക്ക് നിത്യവൃത്തിക്ക് തൊഴിലെടുത്ത്, അര്‍ദ്ധപട്ടിണിയുമായി കഴിയുന്ന ചെറുപ്പക്കാരനെ ഉള്‍ക്കൊള്ളാനും മനസ്സു തുറന്ന്‍ ജീവിതാനുഭവങ്ങള്‍ കൈമാറാനും പ്രയാസമാണ്. പണ്ഡിത കുലത്തില്‍ ജനിക്കുകയും പാണ്ഡിത്യത്തിന്റെ നന്‍മയും കണിശമായ ജീവിതരീതിയും ശീലിക്കുകയും ചെയ്ത പെണ്‍കുട്ടിക്ക്  കേവലമൊരു സാധാരണക്കാരനുമായി ഇണങ്ങിച്ചേരാന്‍ കഴിയുമോ? സുഖാനന്ദങ്ങളുടെ പറുദീസയില്‍ വളര്‍ന്ന   ഒരു ഉതഉദ്യോഗസ്ഥന്റെ പുത്രിയെ അറിവും അര്‍ത്ഥവുമില്ലാത്ത ഒരു യുവാവിന്റെ ചെറ്റകൂരയിലേക്ക് പറഞ്ഞയക്കുമ്പോള്‍ ആബന്ധത്തിന് ആത്മാര്‍ത്ഥമായ സ്നേഹവും സന്തോഷവും പകരാന്‍ സാധിച്ചില്ലന്ന്‍ വരാം.
ഇസ്ലാം, ഇത്തരം മാനസിക സംഘര്‍ഷങ്ങള്‍ ഒഴിവാക്കി പരസ്പരം ലയിച്ച് ചേര്‍്ന്ന്‍ ഒരു മെയ്യും ഒരു മനസ്സുമാകണം ദമ്പതികളെന്നഗ്രഹിക്കുന്നു. അത്തരമൊരു സാഹചര്യത്തിലേ വിവാഹബന്ധത്തിന് ദൃഢതയും സൗന്ദര്യവും ആനന്ദവും കൈവരികയുള്ളൂ എന്ന്‍ മനസ്സിലാക്കുന്നു. ദമ്പതികള്‍ പരസ്പരം ‘കഫാഅത്‘ (അനുയോജ്യത) ഒത്തവരായിരിക്കണമെന്നു ഇസ്ലാം അനുശാസിക്കുന്നത് ഈ സാഹചര്യത്തിലാണ്. ഫത്ഹുല്‍ മുഈന്‍ കുഫുവ്നെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് അവതരിപ്പിക്കുതു കാണുക. …… അനുയോജ്യത വിവാഹത്തില്‍ പരിഗണനീയമാണ്. വിവാഹത്തിന്റെ സാധുതക്കു വേണ്ടിയല്ല. പക്ഷേ, സ്ത്രീക്കും തന്റെ വലിയ്യിനുമുള്ള അവകാശമാണത്. അതു വേണ്ടാന്ന് വെക്കാന്‍
അവര്‍ക്കിരുവര്‍ക്കും അനുവാദമുണ്ട്(
പേജ്; 331). കുഫുവ്നെ കുറിച്ചുള്ള മതകാഴ്ചപ്പാടിതാണ്. വിവാഹം സാധുവാകാനുള്ള നിബന്ധനയല്ല ഇത്. തന്റെ ഭാവിജീവത ഭദ്രത ഉറപ്പുവരുത്താനുള്ള സ്ത്രീയുടെ അവകാശമാണ്. കുഫുവ്നെ കുറിച്ചുള്ള അവകാശബോധം സ്ത്രീക്കും അവളുടെ വലിയ്യിനുമാണുണ്ടാകേണ്ടത്‌. പുരുഷന്റെ നിലവാരമാണ് ഈ വിഷയത്തില്‍ പരിഗണിക്കപ്പെടുന്നത്. സ്ത്രീയുടെ അവസ്ഥകളല്ല. അഥവാ പെണ്‍കുട്ടിയുടെ ഭാഗത്ത് നിന്നാണ്  വിവാഹം അന്വേഷിക്കുന്ന പുരുഷന്‍ തനിക്ക് അനുയോജ്യനാണോ എന്നുള്ള അന്വേഷണമു ണ്ടാകേണ്ടത്‌. ദാമ്പത്യജീവിതത്തിലും മറ്റു രംഗങ്ങളിലുമെല്ലാം മേല്‍ക്കോയ്മ പുരുഷനു തന്നെയാണ് പുരുഷന്‍മാര്‍ സ്ത്രീകളുടെ കാര്യകര്‍ത്താക്കളാണ് എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. സ്ത്രീയുടെ മുഴുവന്‍ ബാധ്യതകളും ഏറ്റെടുക്കുകയാണ് വിവാഹത്തിലൂടെ പുരുഷന്‍ ചെയ്യുന്നത്. ബാധ്യതകള്‍ ഏറ്റെടുക്കുന്നവര്‍ക്കു സ്വാഭാവികമായും അധികാരങ്ങളും മേല്‍ക്കോയ്മയുമുണ്ടാകും. പരസ്പരം ലൈംഗികബന്ധം പുലര്‍ത്താനുള്ള കേവലമൊരു അംഗീകാരമല്ല ഇസ്ലാമിലെ വിവാഹം. പുരുഷന് ഭീമമായ ബാധ്യതകളും ഉത്തരവാദിത്വങ്ങളും വരുത്തിവെക്കുന്ന ഒരു കര്‍മ്മമാണ്. അതിനനുസരിച്ചുള്ള മേധാവിത്വം വകവെച്ച് കൊടുക്കുകയാണിസ്ലാം ചെയ്യുന്നത്. ഇവിടെ കീഴടക്കലിന്റെയും കീഴടങ്ങലിന്റെയും പ്രശ്നങ്ങളല്ല ബാധ്യതയുടെയും നിര്‍വവഹണത്തിന്റെയും തലങ്ങളാണ്.
വിവാഹത്തിനു മുമ്പു തന്നെ തന്റെ ഇണയുടെ വ്യക്തിത്വത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് സ്ത്രീക്കുണ്ടാകണം. തന്നോട്   ഇണങ്ങാനും തന്നെ സ്നേഹിച്ച് സംരക്ഷിച്ചു സുന്ദരമായ ജീവിതാനുഭവങ്ങള്‍ പങ്കിടാനും തന്റെ ഇണയാകാന്‍ പോകുന്ന പുരുഷന് സാധിക്കുമോ? ഈ ചിന്തയാണ് സത്യത്തില്‍ ‘കുഫുവ് ‘ പരിഗണിക്കണമെന്ന ഇസ്ലാമിക നിര്‍ദ്ദേശത്തിന്റെ പൊരുള്‍. കന്യകയായ പെണ്‍കുട്ടിക്ക് ഈ വിഷയത്തില്‍ അനുഭവങ്ങളില്ലാത്തതു കൊണ്ട് തീരുമാനമെടുക്കാനുള്ള അവളുടെ കഴിവിന് പരിമിതിണ്ട്. ഇവിടെയാണ് രക്ഷിതാവിന്റെ സാന്നിദ്ധ്യം അനിവാര്യമാകുന്നത്. തന്റെ മകള്‍ക്കു അനുയോജ്യനാണോ ഈ പുരുഷനെന്നു രക്ഷിതാവ് ചിന്തിക്കണം. പൂര്‍ണ്ണത ബോധ്യ പ്പെടുമ്പോള്‍ മാത്രമേ വിവാഹം ഉറപ്പിക്കാന്‍ രക്ഷിതാവിനു പാടുള്ളൂ. അത് പരിഗണിക്കാതെ മറ്റെന്തെങ്കിലും താല്പര്യത്തിനു വേണ്ടി അനുയോജ്യനല്ലാത്ത പുരുഷനു  പെണ്‍കുട്ടിയെ നിക്കാഹ് ചെയ്തു കൊടുക്കുന്ന രക്ഷിതാവിന്റെ നടപടിക്ക് ഇസ്ലാം അംഗീകാരം നല്‍കുന്നില്ല. ഈ വിവാഹത്തിന് നിയമത്തിന്റെ ബലം ലഭിക്കുകയില്ല. അനുയോജ്യത നിക്കാഹിന് ശര്‍ത്ത്വല്ലങ്കിലും ചില സന്ദര്‍ഭങ്ങളില്‍ അത് ശര്‍ത്ത്വായിത്തീരും. അകന്യകയായ പെണ്‍കുട്ടിയെ പിതാവ് പിതാമഹന്‍ എന്നീ നിര്‍ബന്ധാധികാരമുള്ളവരടങ്ങുന്ന രക്ഷിതാക്കള്‍ നിക്കാഹ് ചെയ്തു കൊടുക്കുമ്പോഴും മാനസികരോഗമുള്ള സ്ത്രീയുടെ വിവാഹത്തിലും ഇത് നിര്‍ബന്ധമായും പാലിക്കപ്പെടേണ്ട ഉപാധി (ശര്‍ത്ത്വ്) ആയിത്തീരും. ഈ സന്ദര്‍ഭങ്ങളില്‍ അനുയോജ്യത പരിഗണിക്കാതെയുള്ള നിക്കാഹ് അസാധുവാണ്. അകന്യകയായ സ്ത്രീക്ക് തിരഞ്ഞെടുക്കുന്ന പുരുഷന്‍ അനുയോജ്യനാകണം. പക്ഷേ, ഇവിടെ സ്ത്രീയുടെ വാമൊഴിയിലൂടെയുള്ള സമ്മതം അനിവാര്യമായതു  കൊണ്ട് രക്ഷിതാവ് തിരഞ്ഞെടുത്ത പുരുഷനെക്കുറിച്ച് പഠിക്കാനും – തീരുമാനമെടുക്കാനും സ്ത്രീ ബാധ്യസ്ഥയാണ്. ഈ ബാധ്യത നിര്‍വ്വഹിക്കാതെ രക്ഷിതാവിന്റെ ഇംഗിതത്തിനു സമ്മതം നല്‍കുകയും നിക്കാഹിന് ശേഷം ഭര്‍ത്താവ് അനുയോജ്യനല്ലന്നു ബോധ്യപ്പെടുകയും ചെയ്താല്‍ ഈ ബോധോദയത്തിനു യാതൊരു പരിഗണനയുമില്ല. നേരത്തെ ചിന്തിക്കാതെ സമ്മതം നല്‍കിയതിന്റെ പരിണിതഫലം അനുഭവിക്കുകയല്ലാതെ നിര്‍വ്വാഹമില്ല. അനുയോജ്യനാണന്ന് ബോധ്യപ്പെട്ട പുരുഷന്റെ അനുയോജ്യത വിവാഹശേഷം നീങ്ങുന്നതു കൊണ്ട് വിവാഹത്തിനു തകരാര്‍ വരുന്നല്ല. അതെയവസരം അനുയോജ്യനാണ്  എന്ന് വ്യാജമായി ധരിപ്പിച്ച് വിവാഹം ചെയ്യുകയും പിന്നീടുള്ള അനുഭവ ജീവിതത്തില്‍, താന്‍ കബളിപ്പിക്കപ്പെട്ടതായി സ്ത്രീക്ക് ബോധ്യപ്പെടുകയും ചെയ്താല്‍ വിവാഹം
ഫസ്ഖ് ചെയ്യാനുള്ള അവകാശം സ്ത്രീക്കുണ്ട്.
സ്വതന്ത്രസ്ത്രീക്കു അടിമയായ പുരുഷനും, ചാരിത്ര്യവതിയും മതബോധമുള്ളവളുമായ പെണ്ണിന് തെമ്മാടിയും ചാരിത്ര്യവിശുദ്ധിയും മതബോധവുമില്ലാത്തവനുമായ പുരുഷനും അനുയോജ്യനല്ല.  സുന്നിവിശ്വാസിയും സുകര്‍മ്മിണിയുമായ സ്ത്രീക്ക് ബിദ്അത്തുകാരനും ദുഷ്ടനും അനുയോജ്യനല്ല.  ഉന്നത കുലജാതയായ സ്ത്രീക്ക് താഴ്ന്ന തറവാട്ടുകാരന്‍ അനുയോജ്യനല്ല.  ഹാശിം, മുത്ത്വലിബ് വംശജരായ സ്ത്രീകള്‍ക്കു അതേ വംശത്തില്‍ നിന്നു തന്നെയുള്ള പുരുഷരാണ് അനുയോജ്യര്‍.  എല്ലാ സയ്യിദ് ഖബീലക്കാരും പരസ്പരം അനുയോജ്യരാണ്.  അവരെല്ലാം ഹാശിം, മുത്ത്വലിബ് ഗോത്രക്കാരാണ്.  പാരമ്പര്യ മുസ്ലിം സ്ത്രീക്ക് നവാഗതനായ മുസ്ലിം അനുയോജ്യനല്ല.
സാമ്പത്തിക ശേഷി അനുയോജ്യതയുടെ വിഷയത്തില്‍ പരിഗണിക്കപ്പെടേണമോ എന്നതില്‍ കര്‍മശാസ്ത്രപണ്ഡിതന്‍മാര്‍ വ്യത്യസ്ത വീക്ഷണക്കാരാണ്.  പരിഗണിക്കപ്പെടേണ്ടതില്ലെന്നാണ് ഒരു വിഭാഗത്തിന്റെ വീക്ഷണം.  ഭാര്യക്ക് ചിലവു കൊടുക്കാനുള്ള കഴിവുണ്ടോ എന്ന് പരിഗണിക്കേണ്ടതാണെന്നാണ് മറ്റൊരഭിപ്രായം. ചിലവിനും മഹറിനും കഴിവുണ്ടായിരിക്കണമെന്നാണ് ഇനിയും ഒരു പക്ഷത്തിന്റെ വീക്ഷണം.  സാമ്പത്തിക സ്ഥിതി പരിഗണിക്കുന്നതിലൂടെ ദാമ്പത്യബന്ധത്തിനു ദാര്‍ഢ്യത കൈവരുമെന്നതുകൊണ്ട് സാമ്പത്തിക ശേഷിയുള്ള പെണ്‍കുട്ടിക്ക് തന്റെ നിലവാരത്തിലുള്ള പുരുഷന്‍ തന്നെയാണ് ഏറ്റവും അനുയോജ്യന്‍.  മാന്യമായ  വരുമാനസാധ്യതയുള്ള തൊഴിലും സമ്പത്തായി പരിഗണിക്കാവുന്നതാണ്. മാന്യമായ ജോലി എടുക്കുന്ന ഒരാളുടെ പുത്രിക്ക് താഴ്ന്ന ജോലിക്കാരന്‍ അനുയോജ്യനല്ല.  കച്ചവടക്കാരന്‍ പണ്ഡിതപുത്രിക്ക് അനുയോജ്യനല്ല എന്നൊക്കെ ഫുഖഹാക്കള്‍ വ്യക്തമാക്കിയിരിക്കുന്നു.
രക്തം പോലുള്ള നജസ്സുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന ജോലിക്കാര്‍ തുല്യജോലിയില്‍ ഏര്‍പ്പെട്ടവരില്‍ നിന്ന് വിവാഹം ചെയ്യുകയാണ് നല്ലത്.  അവര്‍ തമ്മില്‍ അനുയോജ്യരുമാണ്.  അതേയവസരം ഇത്തരക്കാര്‍ മുന്തിയ ജോലി എടുക്കുന്ന കുടുംബത്തിലെ സ്ത്രീക്കു അനുയോജ്യരല്ലെന്ന് വ്യക്തമാണ്.  ഒരു കമ്പനിയുടെ ജനറല്‍ മാനേജറുടെ പുത്രിക്ക് ഒരു കര്‍ഷകതൊഴിലാളിയോ കശാപ്പുകാരനോ തന്റെ ഇണയാകുന്നത് സാധാരണഗതിയില്‍ സഹിക്കാന്‍ സാധിക്കുകയില്ലല്ലോ.  താഴ്ന്നത് എന്ന് പരിഗണിക്കപ്പെടുന്ന തൊഴിലുകള്‍ എടുത്തിരുന്ന കുടംബമെന്നത് കൊണ്ട് ഒരു കുറച്ചിലുമില്ല.  അവര്‍ ഇപ്പോഴും ആ ജോലിയിലാണോ എന്നാണ് ചിന്തിക്കേണ്ടത്.
അപ്രകാരം തറവാടിത്തം പരിഗണിക്കപ്പെടുന്നതു കുടുംബത്തിന്റെ തന്‍പ്രമാണിത്തവും ദുരഭിമാനവും പ്രതാപവും പരിഗണിച്ചല്ല.  മറിച്ച് അവരുടെ ഇസ്ലാമിക വ്യക്തിത്വവും ചുറ്റുപാടുമാണ് പരിഗണിക്കപ്പെടേണ്ടത്.  ചിരപുരാതനമായ മുസ്ലിം തറവാട്ടിലെ ഇസ്ലാമിക ചിട്ട പാലിക്കുന്ന പെണ്‍കുട്ടിക്ക് അടുത്തകാലത്ത് ഇസ്ലാം സ്വീകരിച്ച, ഇസ്ലാമിക സംസ്കാരവും ശീലവും പൂര്‍ണ്ണമായി സിദ്ധിച്ചിട്ടില്ലാത്ത നവാഗതന്‍ അനുയോജ്യനല്ലെന്ന് പറയുന്നതില്‍ യാതൊരു പന്തികേടുമില്ല.
ഇവിടെ കുടുംബത്തിന്റെയോ പാരമ്പര്യത്തിന്റെയോ തൊഴിലിന്റെയോ പേരില്‍ ഏതെങ്കിലും വിഭാഗങ്ങളെ അവഗണിക്കുകയല്ല.  മറിച്ച് വിവാഹബന്ധത്തിന്റെ നിലനില്‍പ്പും ഭദ്രതയുമാണ് പരിഗണനീയം. അതിനു സഹായകമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയാണിസ്ലാം ചെയ്യുന്നത്.  സമൂഹത്തിലെ എല്ലാവര്‍ക്കും എല്ലാവരും അനുയോജ്യരാകണമെന്ന് വാശിപിടിക്കുന്നത് പ്രയോഗികതലത്തില്‍ ശരിയല്ലല്ലോ. ഇനി ഇത്തരം പരിഗണനകളൊന്നും വേണ്ടെന്ന് വെച്ച് തനിക്കിഷ്ടപ്പെട്ട ഒരു പുരുഷനെ വരിക്കാന്‍ ഒരു സ്ത്രീ തയ്യാറായാല്‍ ഇസ്ലാം അതിന് എതിര്‍നില്‍ക്കുന്നില്ല.  സ്ത്രീക്ക് അതിനവകാശവുമുണ്ട്.  അനുയോജ്യത പരിഗണിക്കേണ്ടതില്ലെന്നു സ്ത്രീ പറഞ്ഞാല്‍ രക്ഷിതാവ് അതനുസരിക്കാന്‍ ബാധ്യസ്ഥനുമാണ്.
ഒരുകാര്യം വ്യക്തമാണ്.  വിവാഹബന്ധത്തിലൂടെ രണ്ടു ശരീരങ്ങള്‍,  രണ്ടു മനസ്സുകള്‍, രണ്ടു കുടുംബങ്ങള്‍ ഒന്നാവുകയാണ്. പൂര്‍ണ്ണമായ യോജിപ്പും ലയന സാധ്യതയുമുള്ളവര്‍ തമ്മിലേ ഈ ലക്ഷ്യം  സാധിക്കുകയുള്ളൂ.  യുവതിയുവാക്കളുടെ മാനസികാവസ്ഥയാണീ വിഷയത്തില്‍ പ്രഥമമായി പരിഗണിക്കപ്പെടേണ്ടത്.
മതപാരമ്പര്യം, അറിവ്, തൊഴില്‍,സ്വാതന്ത്രം, മതചിട്ട എന്നിവയിലാണ് കക്ഷികള്‍ തമ്മിലുള്ള തുല്യത പരിഗണിക്കപ്പെടേണ്ടത്.
മതപാരമ്പര്യത്തില്‍ തലമുറകളുടെ എണ്ണവും അവരുടെ മതനിഷ്ഠയുമാണ് പരിഗണിക്കേണ്ടത്.  ഇസ്ലാമിക സമൂഹത്തില്‍ ഈ യുവാവിന്റെ കുടുംബത്തിനു എത്രകാലത്തെ പാരമ്പര്യമുണ്ടെന്നാണ് നോക്കേണ്ടത്.  സ്ത്രീയുടെയും പുരുഷന്റെയും തലമുറകള്‍ തുല്യരാകുമ്പോഴാണ് അവര്‍ പൂര്‍ണ്ണയോജിപ്പുള്ളവരാകുന്നത്.  അതേയവസരം മറ്റു കാര്യങ്ങളിലൊക്കെ യോജിപ്പുള്ള സാഹചര്യത്തില്‍ ഈ വിഷയത്തില്‍ കണിശമായ നിലപാട് സ്വീകരിക്കാതെ വരനെ തിരഞ്ഞെടുക്കാന്‍ പെണ്‍കുട്ടിക്കും രക്ഷിതാവിനും അവകാശമുണ്ട്.
വ്യക്തിയുടെ, കുടുംബത്തിന്റെ വിദ്യാഭ്യാസ നിലവാരമാണ് മറ്റൊന്ന്.  വിദ്യാസമ്പന്നമായ കുടുംബത്തിലെ അഭ്യസ്തവിദ്യയായ പെണ്‍കുട്ടിക്ക് കേവലമൊരു സാധാരണക്കാരന്‍ അനുയോജ്യനല്ലെന്നാണ് ഫിഖ്ഹ് പറയുന്നത്.  ഇവിടെയും പെണ്ണിന് ഈ വിഷയത്തില്‍ വിവേചനാധികാരമുണ്ട്. തൊഴിലിന്റെ വിഷയത്തിലും ഇത് തന്നെ സ്ഥിതി.  ഇത്തരം പരിഗണനകളെല്ലാം മാറ്റിനിര്‍ത്തി സമ്പത്ത്, സൗന്ദര്യം, സ്നേഹബന്ധങ്ങള്‍ തുടങ്ങിയവക്ക് മാത്രം പരിഗണന നല്‍കപ്പെട്ട് നടക്കുന്ന വിവാഹങ്ങളുണ്ട്. സ്ത്രീക്ക് അതിന് അവകാശവുമുണ്ട്.  തന്റെ ഭര്‍ത്താവ് ആരായിരിക്കണം എന്ന് തീരുമാനിക്കാനുള്ള അന്തിമാധികാരം സ്ത്രീക്ക് തന്നെയാണ്. രണ്ടാമത് രക്ഷിതാവിനും. പക്ഷേ, ഈ പരിഗണനകള്‍ മാറിവരാം.  സമ്പത്ത്, സൗന്ദര്യം തുടങ്ങിയതൊന്നും സ്ഥായിയല്ല.  അവ പരിഗണിച്ച് നടക്കുന്ന വിവാഹങ്ങള്‍ ചുറ്റുപാടുകള്‍ മാറുമ്പോള്‍ ആടിയുലയുന്നത് കാണാം.  ബാഹ്യസൗന്ദര്യം മാത്രം കണക്കിലെടുത്ത് നടന്ന വിവാഹങ്ങളധികവും വഴിക്കുവെച്ച് തകര്‍ന്നടിഞ്ഞതാണനുഭവം.
അനുയോജ്യതയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഇസ്ലാമിന്റെ വിമര്‍ശകര്‍ ഒരുതരം ജാതീയതയും അസ്പൃശ്യതയും കണ്ടെത്താന്‍ ശ്രമിക്കാറുണ്ട്.  സത്യത്തില്‍ അത്തരം മതില്‍ക്കെട്ടുകളൊന്നും ഇസ്ലാമിലില്ല.  ഖുറൈശി കുടുംബത്തില്‍പെട്ട ഒരു പെണ്‍കുട്ടി തന്റെ വരനായി സ്വീകരിക്കുന്നതു ഒരു കശാപ്പുകാരനെയാണെങ്കില്‍ മതം അതു തടയുന്നില്ല. പെണ്‍കുട്ടിയുടെ വ്യക്തി സ്വാതന്ത്രമാണത്.  പക്ഷേ, രക്ഷിതാക്കള്‍ക്കോ മറ്റൊ ഇങ്ങനെയൊരു ബന്ധം തിരഞ്ഞെടുക്കാനോ തന്റെ പെണ്‍കുട്ടിയെ അതിന് നിര്‍ബന്ധിക്കാനോ അധികാരമില്ലെന്നാണ് ഇസ്ലാമിക നിലപാട്.
ഈ അനുയോജ്യത തീരെ പരിഗണനീയമല്ല.  മനുഷ്യരെല്ലാം തുല്യരാണ്. ഹനഫീ പണ്ഡിതനായ അബൂല്‍ഹസനുല്‍ ഖര്‍ഖിയുടെ നിലപാട് ഇതാണ്.  പക്ഷേ, ഭൂരിപക്ഷം പണ്ഡിതരും ഇത് നിരാകരിച്ചിരിക്കയാണ്.
അനുയോജ്യതയെക്കുറിച്ചുള്ള ചര്‍ച്ചകളും പഠനങ്ങളുമാണ് വിവാഹാന്വേഷണത്തിന്റെ ആരംഭം.  ഈ കാര്യങ്ങള്‍ വിലയിരുത്തി ഏകദേശം അനുയോജ്യരാണെന്ന് ബോധ്യപ്പെട്ട ശേഷമേ മറ്റു കാര്യങ്ങളിലേക്കു നീങ്ങേണ്ടതുള്ളൂ.


RELATED ARTICLE

 • ഭര്‍ത്താവിനു വേണ്ടത്
 • ഭര്‍ത്താവിന്റെ വീട്ടില്‍
 • അവകാശങ്ങളും കടപ്പാടുകളും
 • സമ്പത്ത് , ചാരിത്യ്രസംരക്ഷണം
 • പൊരുത്തവും പൊരുത്തക്കേടും
 • രഹസ്യം പുറത്തുപറയരുത്
 • ആദ്യരാത്രി
 • നിയന്ത്രിത രതി
 • രതിബന്ധങ്ങള്‍
 • സംതൃപ്ത ദാമ്പത്യം
 • മഹ്റ് മിസ്ല്
 • വിവാഹമൂല്യം
 • വചനവും സാക്ഷികളും
 • വലിയ്യും വിലായത്തും
 • വലിയ്യും വധൂവരന്‍മാരും
 • സ്ത്രീധനം
 • വിവാഹ സമ്മാനം
 • പെണ്ണ് കാണല്‍
 • വിവാഹാലോചന
 • കുഫുവ് ഒത്ത ഇണ
 • വിവാഹത്തിന് ഒരുങ്ങുമ്പോള്‍
 • ദാമ്പത്യജീവിതം