Click to Download Ihyaussunna Application Form
 

 

വിവാഹാലോചന

അനുയോജ്യനായ വരനെ കണ്ടെത്തിയാല്‍ പിന്നെ വിവാഹാന്വേഷണത്തിന് സൗകര്യമായി.  സാധാരണഗതിയില്‍ ഇസ്ലാമിക ലോകത്താകെ നടപ്പുള്ളത് ഒരേ ശൈലിയാണ്.
അനുയോജ്യനായ വരനെ കണ്ടെത്താനുള്ള ശ്രമമാണ് അന്വേഷണത്തിന്റെ തുടക്കം.  ഒരു ചെറുപ്പക്കാരനെക്കുറിച്ച് അവന്‍ ഏറെക്കുറെ തന്റെ മകള്‍ക്ക് അനുയോജ്യനാകുമെന്ന് ബോധ്യപ്പെട്ടുകഴിഞ്ഞാല്‍ പിന്നെ രക്ഷിതാക്കള്‍ തമ്മില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നു.  പരസ്പരം അറിയാനും പ്രശ്നങ്ങളും പ്രയാസങ്ങളും നേരത്തെ മനസ്സിലാക്കാനും ഈ അന്വേഷണം സഹായകമാണ്.
വരനെക്കുറിച്ചുള്ള പഠനമാണ് വിവാഹാന്വേഷണരംഗത്ത് നിര്‍ണ്ണായക വിഷയം.  വരന്റെ സ്വഭാവം, വിദ്യാഭ്യാസം, മതബോധം, തൊഴില്‍, കുടുംബത്തിന്റെ മതബോധം, സാമൂഹിക നിലവാരം, ആദര്‍ശം, സാമ്പത്തിക സ്ഥിതി തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് അന്വേഷിച്ച് അറിയേണ്ടതുണ്ട്. തന്റെ പുത്രിക്ക് ഇയാള്‍ അനുയോജ്യനാണോ.  ഒരു നല്ല ദാമ്പത്യ ജീവിതത്തിന് ഈ ബന്ധം വഴിതെളിക്കുമോ എന്നൊക്കെ കിട്ടാവുന്ന എല്ലാ ഉറവിടങ്ങളിലും ചെന്ന് പഠിക്കണം. വരന്റെ കൂട്ടുകാര്‍, വരന്റെ നാട്ടിലെ പൊതുപ്രവര്‍ത്തകര്‍, പണ്ഡിതന്മാര്‍  ആ നാട്ടില്‍ തനിക്കുള്ള ബന്ധുക്കള്‍, കൂട്ടുകാര്‍ എല്ലാവരെയും ഉപയോഗപ്പെടുത്താം.  വരന്റെ സ്വഭാവം, മതബോധം, വിദ്യാഭ്യാസം, ആദര്‍ശം എന്നിവ വ്യക്തമായും നിര്‍ണ്ണിതമായും മനസ്സിലാക്കാന്‍ അവിടത്തെ പള്ളിയിലെ ഖാള്വി, ഖത്ത്വീബ്, ഇമാം, മുദര്‍രിസ് എന്നിവരെയും ദീനി സംഘടനകളെയും അവലംബിക്കാവുന്നതാണ്.  മതബോധമുള്ള ഒരു ചെറുപ്പക്കാരനെ അവിടത്തെ ഖത്ത്വീബും മുദര്‍രിസുമാരും സംഘടനാ പ്രവര്‍ത്തകരും അറിയാതിരിക്കില്ല.
അന്വേഷണം പൂര്‍ത്തിയായി തന്റെ പുത്രിക്ക് ചേര്‍ന്നവനാണെന്ന് ബോധ്യപ്പെട്ടാല്‍ പിന്നെ വരന്റെ രക്ഷിതാക്കളുമായി ചര്‍ച്ച ചെയ്ത് കാര്യങ്ങള്‍ തീരുമാനിക്കണം. ഹള്റത്ത് ഖദീജബീവി(റ) തിരുനബി(സ്വ)യെ വിവാഹം ആലോചിച്ചത് ഇവിടെ മാതൃകയാണ്.  ഒരു സ്ത്രീ ഒരു പുരുഷനോടോ പുരുഷന്‍ സ്ത്രീയോടോ നേരിട്ട് വിവാഹാന്വേഷണം നടത്തുന്നത് ഉചിതമല്ല.  അങ്ങനെ സ്ത്രീ പുരുഷന്മാര്‍ തമ്മില്‍ പറഞ്ഞുറച്ചാല്‍ തന്നെ രണ്ടുപേരുടേയും രക്ഷിതാക്കന്മാരെ ഇടപെടിക്കുകയും വിവാഹനിശ്ചയവും നിക്കാഹുമൊക്കെ അവര്‍ മുഖേന നടക്കുകയും വേണം.  കെട്ടുറപ്പുള്ള ഒരു കുടുംബജീവിതത്തിന്  കുടുംബങ്ങളുടെ സഹകരണവും ഒത്താശയും കൂടാതെ പറ്റില്ല.  സ്ത്രീക്കാണെങ്കില്‍ ഒരു സാഹചര്യത്തിലും തന്റെ രക്ഷിതാവിന്റെ അറിവില്ലാതെ വിവാഹത്തിന് മുതിരാന്‍ പാടില്ലതാനും.  രക്ഷിതാവില്‍ നിന്നല്ലാതെ നേരിട്ടു നിക്കാഹ് സ്വീകരിക്കാന്‍ യാതൊരു വകുപ്പുമില്ലെന്ന കാര്യം ശ്രദ്ധേയമാണ്. അല്‍ അമീനായ മുഹമ്മദ്(സ്വ)യുടെ സ്വഭാവഗുണങ്ങളും വ്യക്തിവിശുദ്ധിയും മനസ്സിലാക്കിയ ഖദീജ ബീവി(റ), നബി(സ്വ)യോട് നേരിട്ടു വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നില്ല.  നബി(സ്വ)യുടെ പിതൃവ്യനായ അബൂത്വാലിബിന്റെ അടുത്തേക്ക് ആളെ അയച്ച് അദ്ദേഹം ഖദീജ(റ)യുടെ രക്ഷിതാവായ പിതൃവ്യന്‍ അംറുമായി ബന്ധപ്പെട്ടാണ് വിവാഹം നടന്നത്. ഇസ്ലാമിക നിയമങ്ങളൊന്നുമില്ലാത്ത ജാഹിലിയ്യാ സമുഹത്തില്‍ പോലും ഖദീജയെ പോലെ പരമസ്വതന്ത്രയും സ്വയം പര്യാപ്തയുമായ ഒരു സ്ത്രീ തന്റെ വിവാഹത്തിന് തിരഞ്ഞെടുത്ത ശൈലി തന്നെയാണ് ഇസ്ലാമിക വിവാഹാന്വേഷണരീതി.  ജാഹിലിയ്യാ കാലത്തെ മാന്യതയും കുലീനതയുമുള്ള കുടുംബങ്ങളും വ്യക്തികളും ഈ നല്ല മാതൃകയായിരുന്നു പിന്തുടര്‍ന്നത്. പുരോഗമനത്തിന്റെയും സ്വാതന്ത്രത്തിന്റെയും പേരില്‍ കോളെജ് കാമ്പസിലും പാര്‍ക്കിലും കണ്ടുപരിചയപ്പെട്ടു പരസ്പരം വിവാഹമുറപ്പിക്കുന്നവര്‍ അവസാനം നൈരാശ്യത്തിന്റെയും ആത്മസംഘര്‍ഷത്തിന്റെയും കയത്തില്‍ മുങ്ങിച്ചാവുകയും കെട്ടിത്തൂങ്ങുകയുമാണ് ചെയ്യുന്നതെന്ന അനുഭവ യാഥാര്‍ത്ഥ്യം വിസ്മരിച്ചുകൂടാ.
വിവാഹന്വേഷണം ഒരു ബാധ്യതയോ ഇടപാടോ അല്ല.  കേവലമൊരു താല്‍പര്യപ്രകടനം മാത്രമാണ്.  ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്യാനാഗ്രഹമുണ്ടെന്നു അവളെയും രക്ഷിതാവിനെയും അറിയിക്കുക.  അവരുടെ പ്രതികരണം കേള്‍ക്കുക.  തടസ്സമില്ലെങ്കില്‍, തങ്ങളുടെ കക്ഷിക്ക് വിവാഹം ചെയ്തുകൊടുക്കാന്‍ തയ്യാറാണെങ്കില്‍ അതുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങള്‍ ചെയ്യാനാവശ്യമായ നടപടികള്‍ സ്വീകരിക്കുക.  ഇതാണ് വിവാഹാന്വേഷണം കൊണ്ടുദ്ദേശിക്കുന്നത്.
ഇരുകക്ഷികളും ബന്ധത്തിന് ഏറെക്കുറെ അനുകൂലമാണെന്ന തീരുമാനമാണ് വിവാഹന്വേഷണത്തില്‍ നിന്നുണ്ടാകേണ്ടത്.  കുടുംബപരവും മതപരവും സാംസ്കാരികവും മറ്റുമായ പരിഗണനകളെ കുറിച്ചുള്ള പരസ്പര അന്വേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷം അനുകൂലമായ തീരുമാനമാണെങ്കില്‍ അടുത്ത പടി പെണ്ണ് കാണലാണ്.
ഒരാള്‍ അന്വേഷിച്ച് പരസ്പരം വാക്കുകൊടുത്ത സാഹചര്യത്തില്‍ ആ സ്ത്രീയെ മറ്റൊരാള്‍ അന്വേഷിക്കാന്‍ പാടില്ല.  ഒന്നാമത്തെയാള്‍ തന്റെ തീരുമാനത്തില്‍ നിന്നു പിന്‍മാറുകയോ ആ ബന്ധം വേണ്ടെന്നു വെക്കുകയോ ചെയ്ത ശേഷമേ മറ്റൊരാള്‍ക്ക് പുതിയ അന്വേഷണത്തിലേര്‍പ്പെടാന്‍ പാടുള്ളൂ. അല്ലാതെയുള്ള അന്വേഷണം ഹറാമാണെന്നാണ് പണ്ഡിതന്മാരുടെ ഏകോപിതവിധി.    ഒന്നാം കക്ഷി തീരുമാനിച്ചുറച്ച സ്ത്രീയെ മറ്റൊരാള്‍ പുതിയ പ്രലോഭനങ്ങളൊ മറ്റോ നല്‍കി കല്യാണം കഴിക്കുന്നത് കുറ്റകരമാണ്.  തിരുനബി(സ്വ) പറഞ്ഞു:  തന്റെ സഹോദരന്‍ വിറ്റതിന് നിങ്ങള്‍ വിലപറയരുത്.  തന്റെ സഹോദരന്‍ വിവാഹമന്വേഷിച്ചവരില്‍ നിങ്ങള്‍ വിവാഹാന്വേഷണം നടത്തരുത്. പരസ്പരം ശത്രുതയും വൈരാഗ്യവുമുണ്ടാക്കുന്ന ഇത്തരം പ്രവൃത്തികള്‍ സമൂഹത്തില്‍ നിന്നും ഒഴിവാക്കുകയും സൗഹൃദാന്തരീക്ഷം സംജാതമാക്കുകയുമാണ് ഈ നിര്‍ദേശത്തിലൂടെ ഇസ്ലാം ചെയ്യുന്നത്.
അതേയവസരം അന്വേഷണങ്ങള്‍ വന്ന് കൊണ്ടിരിക്കുന്നു. ഒന്നും ഉറപ്പിക്കുകയോ വാക്കു കൊടുക്കുകുയോ ചെയ്തിട്ടില്ല.  ഈ സാഹചര്യത്തില്‍ വിവാഹോന്വേഷണം നടത്തുന്നതിന് വിരോധമൊന്നുമില്ല. പക്ഷേ, ഹനഫീ നിയമപ്രകാരം ഇത് കറാഹത്താണ്.  ഭൂരിപക്ഷപണ്ഡിതര്‍ ഇതിനെ ന്യായീകരിച്ചുകൊണ്ട് ഫാത്ത്വിമ ബിന്‍ത്ഖൈസി (റ)ന്റെ സംഭവം ഉദ്ധരിക്കുന്നുണ്ട്.
ഫാത്ത്വിമബിന്‍ത് ഖൈസിനെ ഹള്റത്ത് മുആവിയ(റ), അബ്ദുജഹ്മബിന്‍ ഹുദഫ, ഉസാമത് ബിന്‍ സൈദ്(റ) എന്നിവര്‍ വിവാഹാന്വേഷണം നടത്തി.  അബൂഅംറ്ബിന്‍ ഹഫ്സില്‍ നിന്ന് വിവാഹമോചനം ചെയ്ത് ഇദ്ദ കഴിഞ്ഞിരിക്കുകയായിരുന്നു ഫാത്വിമാ ബിന്‍ത്ഖൈസ്.
ഈ കല്യാണാലോചനകളുടെ വിവരം തിരുനബി(സ്വ)യുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ നബി(സ്വ) പറഞ്ഞു: അബൂജഹ്മ വടി താഴെവെക്കില്ല.  (ഭാര്യയെ തല്ലുന്ന സ്വഭാവക്കാരനാണ്) മുആവിയയാണെങ്കില്‍ പരമദരിദ്രനുമാണ്.  നീ ഉസാമത്ബിന്‍ സൈദിനെ വിവാഹം ചെയ്യുക.  ഈ അടിസ്ഥാനത്തില്‍ ഒന്നിലധികം ആളുകള്‍ ഒരു സ്ത്രീയെ വിവാഹാന്വേഷണം നടത്തുന്നതിനു വിരോധമില്ല എന്നു ഗ്രഹിക്കാം.  പക്ഷേ, ഒരാള്‍ അന്വേഷിക്കുന്ന വിവരം അറിഞ്ഞാല്‍ അയാളുടെ അന്വേഷണം കഴിഞ്ഞശേഷമേ മറ്റൊരാള്‍ അന്വേഷിക്കാവൂ.  ഇതാണ് പരസ്പര സ്നേഹത്തിനും സാമൂഹിക ഭദ്രതയ്ക്കും നല്ലത്.
മതപരമായ വിലക്കില്ലാത്ത എല്ലാ സ്ത്രീകളെയും അന്വേഷിക്കാം.  പക്ഷേ, വിവാഹബന്ധം നിഷിദ്ധമായ കുടുംബാംഗങ്ങള്‍, അന്യന്റെ ഭാര്യ, അന്യന്റെ ത്വലാഖില്‍ ഇദ്ദ ഇരിക്കുന്നവള്‍ തുടങ്ങിയവരെ വിവാഹാലോചന നടത്തുന്നത് ഹറാമാണ്.
ഇദ്ദ അനുഷ്ടിക്കുന്ന സ്ത്രീയെ ഒരാള്‍ വിവാഹാലോചന നടത്തുകയം വിവാഹം ചെയ്യുകയും ചെയ്താല്‍ ഈ നിക്കാഹ് അസാധുവാണ്.  വിവാഹം കേന്‍സല്‍ ചെയ്യുകയും അവര്‍ തമ്മില്‍ വേര്‍പിരിയുകയും വേണം.  സ്വയം വേര്‍പിരിയുന്നില്ലെങ്കില്‍ കോടതി വേര്‍പെടുത്തണമെന്നാണ് നിയമം.  ഇവര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ ഇദ്ദ കൂടി കഴിഞ്ഞേ അവള്‍ക്കു മറ്റൊരാളുമായി നിക്കാഹ് ചെയ്യാന്‍ പാടുള്ളൂ.  അതേ സമയം അസാധു വിവാഹത്തില്‍ വേര്‍പെടുത്തപ്പെട്ട വ്യക്തിക്ക് ഇദ്ദ കഴിഞ്ഞ ശേഷം ഈ സ്ത്രീയെ വീണ്ടും വിവാഹന്വേഷണം നടത്തി നിക്കാഹ് ചെയ്യാമോ എന്ന വിഷയത്തില്‍ പണ്ഡിതര്‍ വ്യത്യസ്താഭിപ്രായക്കാരാണ്. ആവാമെന്നാണ് ഇമാം ശാഫിഈ, അബൂഹനീഫ(റ) എന്നിവര്‍ അഭിപ്രായപ്പെട്ടത്.  അതേ സമയം ഈ സ്ത്രീയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട പുരുഷന് ഇനി ഒരിക്കലും വിവാഹം ചെയ്യാന്‍ പാടില്ലെന്നാണ് മാലിക്, അഹമദ് (റ) തുടങ്ങിയവര്‍ പറയുന്നത്.


RELATED ARTICLE

 • ഭര്‍ത്താവിനു വേണ്ടത്
 • ഭര്‍ത്താവിന്റെ വീട്ടില്‍
 • അവകാശങ്ങളും കടപ്പാടുകളും
 • സമ്പത്ത് , ചാരിത്യ്രസംരക്ഷണം
 • പൊരുത്തവും പൊരുത്തക്കേടും
 • രഹസ്യം പുറത്തുപറയരുത്
 • ആദ്യരാത്രി
 • നിയന്ത്രിത രതി
 • രതിബന്ധങ്ങള്‍
 • സംതൃപ്ത ദാമ്പത്യം
 • മഹ്റ് മിസ്ല്
 • വിവാഹമൂല്യം
 • വചനവും സാക്ഷികളും
 • വലിയ്യും വിലായത്തും
 • വലിയ്യും വധൂവരന്‍മാരും
 • സ്ത്രീധനം
 • വിവാഹ സമ്മാനം
 • പെണ്ണ് കാണല്‍
 • വിവാഹാലോചന
 • കുഫുവ് ഒത്ത ഇണ
 • വിവാഹത്തിന് ഒരുങ്ങുമ്പോള്‍
 • ദാമ്പത്യജീവിതം