Click to Download Ihyaussunna Application Form
 

 

ഏപ്രില്‍ ഫൂള്‍

“കേരളത്തിലെ ഇടുക്കി ജില്ലയിലെ മലങ്കര ജലാശയത്തില്‍ മുട്ടം എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥി അശ്വിന്‍ എന്ന ഇരുപതുകാരന്‍ സുഹൃത്തുക്കള്‍ക്കൊപ്പം നീന്താനിറങ്ങി. 2008 ഏപ്രില്‍ ഒന്നാം തീയതി ഉച്ചക്ക് ഒരു മണിക്കായിരുന്നു അത്. അശ്വിന് നന്നായി നീന്താനറിയാമെന്ന് സഹപാഠികള്‍ കരുതി. എന്നാല്‍ ഇതിനിടയില്‍ അവന്‍ മുങ്ങിത്താഴാന്‍ തുടങ്ങി. മുങ്ങുന്നതിനിടയില്‍ സഹായത്തിനായി, ഒന്നിലേറെ തവണ അശ്വിന്‍ കൈയുയര്‍ത്തി വീശി. വിഡ്ഢിദിനത്തില്‍ തങ്ങളെ ഫൂളാക്കാന്‍ അവന്‍ ശ്രമിക്കുകയാണെന്ന് സുഹൃത്തുക്കള്‍ തെറ്റിദ്ധരിച്ചു. ഒടുവില്‍ താഴ്ന്നുപോയ അശ്വിന്‍ ഉയര്‍ന്നുവരാതായപ്പോള്‍ ആശങ്കയിലായി. അത് കൂട്ടനിലവിളിയാകാന്‍ നിമിഷങ്ങളേ വേണ്‍ടിവന്നുള്ളൂ. അപകടം തിരിച്ചറിഞ്ഞ സുഹൃത്തുക്കള്‍ക്ക് നീന്തലറിയില്ലായിരുന്നു. അവര്‍ കരയില്‍ നിന്നു വാവിട്ടുകരഞ്ഞു. സമീപവാസികള്‍ ഓടിയെത്തി. കയത്തിലേക്കു ചാടിയ പ്രദേശവാസികളിലൊരാള്‍ അശ്വിനെ ആഴങ്ങളില്‍ നിന്ന് മുങ്ങിയെടുത്തെങ്കിലും സമയം വൈകിയിരുന്നു. ഇനി ഒരു വിഡ്ഢിദിനത്തിലെ തമാശകളും അവര്‍ക്ക് ആഹ്ളാദം പകരില്ല. തങ്ങളുടെ ആത്മസുഹൃത്തിനെ മരണം വെള്ളത്തിലേക്കു താഴ്ത്തിക്കൊണ്‍ടു പോയതിന്റെ ഓര്‍മയില്‍ ഏപ്രില്‍ ഒന്ന് അവര്‍ക്കെന്നും നൊമ്പരമാകും”.

‘അശ്വിന്‍ മുങ്ങിത്താണു; കൂട്ടുകാര്‍ ഏപ്രില്‍ ഫൂളെന്നു കരുതി’ എന്ന ശീര്‍ഷകത്തില്‍ മാതൃഭൂമി ദിനപത്രത്തില്‍ 2-04-2008ന് വന്ന ഒരു വാര്‍ത്തയാണ് മുകളില്‍ കൊടുത്തത്. ഇംഗ്ളീഷ് കലണ്‍ടറിലെ നാലാമത്തെ മാസമാണ് ഏപ്രില്‍. ഏപ്രില്‍ ഒന്നാം തീയതി ലോക വിഡ്ഢിദിനമായി അറിയപ്പെടുന്നു. ശല്യമോ നഷ്ടമോ ഉണ്‍ടാക്കുന്ന വികടപ്രവൃത്തികള്‍ നടത്തി സ്നേഹിതന്മാരെ വിഡ്ഢികളാക്കുന്നു. തമാശകളാല്‍ പരിഹസിക്കുന്ന ഈ ആചാരം അനേകം രാജ്യങ്ങളില്‍ നൂറ്റാണ്‍ടുകളായി നിലനില്‍ക്കുന്നു. ഇതിന്റെ ഉത്ഭവം അജ്ഞാതമാണെന്ന് മലയാളം എന്‍സൈക്ളോപീഡിയ (1/268) യും അഖിലവിജ്ഞാനകോശവും (1/195) സര്‍വ്വവിജ്ഞാനകോശവും (5/389) പറയുന്നുണ്‍ടെങ്കിലും ഫ്രാന്‍സിലെ രാജാവായിരുന്ന ചാറല്‍സ് ഒമ്പതാമനാണ് ഈ ആചാരത്തിനു കാരണക്കാരന്‍ എന്നു പറയപ്പെടുന്നു. 1564 മാര്‍ച്ച് മാസത്തില്‍ തീനും കുടിയും കഴിഞ്ഞിരിക്കുമ്പോള്‍ ചാറല്‍സ് രാജാവിനു ഒരു കിറുക്കു തോന്നി. പുതുവത്സരം ഏപ്രില്‍ ഒന്നിനു തുടങ്ങിയാലെന്താ? രാജാവല്ലേ, ആരു ചോദിക്കാന്‍?! ഉടനെ വിളംബരം ചെയ്തു. പ്രജാസഞ്ചയം രാജശാസന അനുസരിച്ചു. പക്ഷേ, അവരെല്ലാവരും ജനുവരി ഒന്നിന് ബന്ധുമിത്രാദികള്‍ക്ക് നവവത്സരാശംസകള്‍ അയച്ചുകഴിഞ്ഞതാണ്. എന്തുചെയ്യും? അവര്‍ ഏപ്രില്‍ ഒന്നാം തീയതി രാജകല്‍പന മാനിച്ചുകൊണ്‍ട് ബന്ധുമിത്രാദികള്‍ക്ക് ചില സാങ്കല്‍പിക സമ്മാനങ്ങള്‍ അയച്ചുകൊടുത്തു. വെറും പായ്ക്കറ്റുകള്‍ മാത്രം. ഈ സങ്കല്‍പ സമ്മാനം ‘ഏപ്രില്‍ ഫിഷ്’ എന്ന പേരിലറിയപ്പെട്ടു. മീനം രാശിയില്‍ സൂര്യന്‍ വന്നതുകൊണ്‍ട് (മലയാള മനോരമ, സണ്‍ഡേ സപ്ളിമെന്റ് 1979 ഏപ്രില്‍ 1).

വിഡ്ഢികള്‍ക്ക് വിഡ്ഢിദിനമാണ് ഏപ്രില്‍ ഒന്നാം ദിവസമെങ്കിലും ബുദ്ധിമാന്മാരായ മുസ്ലിംകള്‍ക്ക് മറ്റു നാളുകളെപ്പോലെ തന്നെ ജീവിതത്തിലെ ഒരു പ്രധാന ദിനമാണ്. സമയം മനുഷ്യന്റെ മൂലധനമാണ്. അത് വിഡ്ഢിത്തം കാട്ടി നശിപ്പിക്കാനുള്ളതല്ല. നുണ പറഞ്ഞോ പരിഹസിച്ചോ തമാശ കളിച്ചോ ആരെയും ഉപദ്രവിക്കാന്‍ പാടില്ല. അതു ഹറാമാണ്. വ്യാജം ഒരു ദിവസവും അനുവദനീയമല്ല. ആര്, എവിടെ അതു അനുവദനീയമാക്കിയാലും നുണവിനോദം നടത്തി മനുഷ്യോപദ്രവം ചെയ്യുന്നത് ഇസ്ലാം അനുവദിക്കുന്നില്ല.

തിരുനബി(സ്വ) അരുള്‍ ചെയ്യുന്നത് കാണുക: “സത്യം നന്മയിലേക്കു നയിക്കുന്നു. നന്മ സ്വര്‍ഗത്തിലേക്കും നയിക്കുന്നു. ഒരാള്‍ സത്യനിഷ്ഠ പാലിക്കുന്നു. അങ്ങനെ അയാള്‍ അല്ലാഹുവില്‍ സത്യവാനായി രേഖപ്പെടുത്തപ്പെടുന്നു. വ്യാജം തെറ്റിലേക്ക് നയിക്കുന്നു. തെറ്റ് നരകത്തിലേക്കും നയിക്കുന്നു. ഒരാള്‍ വ്യാജശീലം പുലര്‍ത്തുന്നു. അങ്ങനെ അയാള്‍ അല്ലാഹുവിങ്കല്‍ വ്യാജനായി രേഖപ്പെടുത്തപ്പെടുന്നു” (ബുഖാരി 6094, മുസ്ലിം 2607).സ്വപ്നത്തെക്കുറിച്ചു പോലും വ്യാജം പറയാന്‍ പാടില്ലെന്നാണ് തിരുവചനം. കാണാത്ത സ്വപ്നം കണ്‍ടു എന്നു പറയുന്നത് ഏറ്റവും വലിയ വ്യാജമാണെന്നാണ് നബി(സ്വ) പ്രസ്താവിച്ചിട്ടുള്ളത് (ബുഖാരി, രിയാള് 1545).

വ്യാജത്തേക്കാള്‍ റസൂലുല്ലാഹി(സ്വ)ക്ക് ഏറ്റവും ദേഷ്യമുള്ള മറ്റൊരു ദുഃസ്വഭാവമുണ്‍ടായിരുന്നില്ല. വല്ല വ്യക്തിയും വ്യാജം പറഞ്ഞതായി അറിഞ്ഞാല്‍ അയാള്‍ അതില്‍ നിന്ന് ഖേദപൂര്‍വ്വം പിന്‍വാങ്ങിയെന്നറിയുന്നതുവരെ അവിടുത്തെ തിരുമനസ്സില്‍ നിന്ന് അവന്‍ പുറത്താകുമായിരുന്നു (അഹ്മദ്, ബസ്സാര്‍). ഒരു കുട്ടിയെപ്പോലും നുണപറഞ്ഞ് വഞ്ചിക്കാന്‍ പാടില്ല. തിരുമേനി (സ്വ) പറയുന്നു: “വല്ല വ്യക്തിയും ഒരു കുട്ടിയോട് ‘വരൂ, ഇതാ നിനക്കു ഞാന്‍ തരാം’ എന്നു പറഞ്ഞിട്ട് അവന്‍ ആ കുട്ടിക്ക് ഒന്നും നല്‍കുന്നില്ലെങ്കില്‍ അതൊരു വ്യാജമാകുന്നു” (അഹ്മദ്). മനുഷ്യസഹജമായി, വിശ്വാസ ദൌര്‍ബല്യം കൊണ്‍ട്, ഒരു വിശ്വാസിയില്‍ നിന്ന് പല ദുഃസ്വഭാവങ്ങളുമുണ്‍ടാകാം. എന്നാല്‍ വ്യാജശീലം അവനില്‍ നിന്നുണ്‍ടാവില്ല. അതു കപടവിശ്വാസിയുടെ ലക്ഷണമാണ്. റസൂലുല്ലാഹി(സ്വ)യോട് ചോദിക്കപ്പെട്ടു: ‘ഒരു വിശ്വാസി ഭീരുവാകുമോ?’ ‘അതെ’യെന്ന് അവിടുന്ന് പറഞ്ഞപ്പോള്‍ രണ്‍ടാമതൊരു ചോദ്യമുണ്‍ടായി. ‘വിശ്വാസി പിശുക്കനാകുമോ?’ ‘അതെ’യെന്നു പറഞ്ഞപ്പോള്‍ മൂന്നാമതൊരു ചോദ്യം പൊങ്ങിവന്നു. ‘വിശ്വാസി വ്യാജനാകുമോ?’ ‘ഇല്ല’ എന്നായിരുന്നു തിരുമേനി(സ്വ)യുടെ മറുപടി (ഇമാം മാലിക് (റ).

ഒരു ദിവസം തന്നെ തമാശക്കും പരിഹാസത്തിനും വ്യാജത്തിനും നീക്കിവെച്ചാല്‍ അത് എന്തൊക്കെ അപകടങ്ങള്‍ വരുത്തിവെക്കും? മഹാനഷ്ടങ്ങള്‍ക്കും തീരാദുഃഖങ്ങള്‍ക്കും അത് ഇടവരുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. ഒരാള്‍ക്ക് നെഞ്ചുവേദന; ഹൃദയാഘാതമാണ്. അയാള്‍ നെഞ്ചത്തു കൈവെച്ചു നിലവിളിച്ചു. വേദനകൊണ്‍ടു പുളഞ്ഞു. പക്ഷേ, അന്ന് ഏപ്രില്‍ ഒന്നായിപ്പോയി എന്ന കാരണം കൊണ്‍ട് ചികിത്സ ലഭിക്കാതെ അയാള്‍ മരിക്കുന്നു. തങ്ങളെ തമാശയാക്കുകയാണെന്നാണ് കൂട്ടുകാര്‍ മനസ്സിലാക്കിയത്. മരണവാര്‍ത്ത അറിയിച്ചു. ആരും വന്നില്ല. ഏപ്രില്‍ ഫൂള്‍ ആയതുകൊണ്‍ടുതന്നെ. ഖബര്‍വെട്ടിയെ തിരക്കി ഒരാള്‍ പോയി. പക്ഷേ, അയാള്‍ വന്നില്ല. ഫൂളാക്കുകയാണെന്നാണ് അയാളും കരുതിയത്. ഇങ്ങനെയൊന്നു സങ്കല്‍പിച്ചു നോക്കൂ. വിഡ്ഢിദിനത്തിന്റെ വിനകള്‍ എത്ര വ്യാപകമായിരിക്കും. എത്ര ഗുരുതരമായിരിക്കും. അതിന്റെ ഒരു സാമ്പിള്‍ മാത്രമാണ് തുടക്കത്തില്‍ കൊടുത്ത പത്രവാര്‍ത്ത. ചിരിക്കു വകനല്‍കുക എന്നതു മാത്രമാണ് ഉപദ്രവകരമായ ഇത്തരം കോപ്രായങ്ങള്‍ കൊണ്‍ടും ഗോഷ്ടികള്‍ കൊണ്‍ടും ലക്ഷ്യമിടുന്നത്. ചിരിപ്പിക്കാന്‍ വേണ്‍ടി മാത്രം കഥകളോ വാര്‍ത്തകളോ പറയുന്നതും അഭിനയങ്ങള്‍ നടത്തുന്നതും കുറ്റകരമാണ് (തുഹ്ഫ 10/225).

നബി (സ്വ) പറയുന്നു: “ജനങ്ങളെ ചിരിപ്പിക്കുവാന്‍ വേണ്‍ടി സംസാരിച്ചു നുണ പറയുന്നവന് വന്‍നാശം; അവനു മഹാനാശം; അവനു ഭയങ്കര നാശം” (അബൂദാവൂദ്, തുര്‍മുദി, നസാഈ, ബൈഹഖി).

തമാശക്കായിരുന്നാലും ഒരാളെയും പീഢിപ്പിക്കുവാന്‍ പാടില്ല. അതു മാനസിക പീഢനമാണെങ്കിലും ശരി. മറ്റൊരാളുടെ വല്ല സാധനവും അയാളറിയാതെ എടുത്തുവെച്ച് തമാശയായി അയാളെ ഭയപ്പെടുത്തുന്നത് നിഷിദ്ധമാണെന്ന് പണ്ഢിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്‍ട്. അതിന് അവര്‍ ആധാരമാക്കിയിട്ടുള്ളത് ഖന്‍ദഖില്‍ നടന്ന ഒരു സംഭവമാണ്. സൈദ്ബ്നു സാബിത് (റ) എന്ന ചെറുപ്പക്കാരന്‍ ഖന്‍ദഖ് യുദ്ധം ആസന്നമായപ്പോള്‍ കിടങ്ങില്‍ നിന്ന് മണ്ണ് നീക്കുന്നവരുടെ കൂട്ടത്തില്‍ ഉണ്‍ടായിരുന്നു. അതുകണ്‍ടപ്പോള്‍ ‘നല്ലകുട്ടി’ എന്ന് നബി(സ്വ) പ്രശംസിച്ചു. ഇടക്ക് ഉറക്കം വന്ന സൈദ് കിടങ്ങില്‍ തന്നെ കിടന്നുറങ്ങി. അദ്ദേഹം ഗാഢനിദ്രയിലായിരിക്കെ ഉമാറത്ബ്നു ഹസറ എന്ന സ്വഹാബി അദ്ദേഹത്തിന്റെ ആയുധമെടുത്ത് ഒളിപ്പിച്ചു വെച്ചു. അദ്ദേഹം ഉണര്‍ന്നപ്പോള്‍ ആയുധം കാണാതെ അത്യധികം ഭയാശങ്കയിലായി. അപ്പോള്‍ നബി (സ്വ) അദ്ദേഹത്തോട് പറഞ്ഞു: ‘ഓ നല്ല മനുഷ്യാ, നീ ആയുധം നഷ്ടപ്പെടുവോളം കിടന്നുറങ്ങിയല്ലോ’. പിന്നീട് അവിടുന്ന് മറ്റുള്ളവരോട് ചോദിച്ചു: ഈ കുട്ടിയുടെ ആയുധത്തെക്കുറിച്ച് ആര്‍ക്കെങ്കിലും അറിവുണ്‍ടോ? ഉമാറത്ത് തദവസരം മറുപടി നല്‍കി: ‘ഞാനാണ് അതെടുത്തത്. അല്ലാഹുവിന്റെ പ്രവാചകരേ, അതെന്റെ വശമുണ്‍ട്’. അപ്പോള്‍ അത് അദ്ദേഹത്തിന് തിരിച്ചുനല്‍കാന്‍ തിരുമേനി(സ്വ) ഉത്തരവിടുകയും ഒരു മുസ്ലിമിനെ അയാളുടെ സാധനം തമാശക്കായി എടുത്തുവെച്ചുകൊണ്‍ട് ഭീതിപ്പെടുത്തുന്നത് നിരോധിക്കുകയും ചെയ്തു (സീറാ ഹലബിയ്യ 2/313).


RELATED ARTICLE

  • സര്‍പ്പയജ്ഞം
  • ചൂതാട്ടം, പകിടകളി
  • ചെസ്സുകളി
  • കോഴിപ്പോര്
  • ഒളിച്ചുകളി; ഒളിപ്പിച്ചുകളി
  • പ്രാവുകളി
  • ആന പ്രദര്‍ശനം
  • ആയുധ പന്തയം
  • ഗാനാലാപനം, സംഗീതാസ്വാദനം
  • ഉപകരണ സംഗീതം
  • ഒപ്പന, കോല്‍ക്കളി, ദഫ്
  • സംഗീതത്തിന്റെ നിരോധിത മേഖലകള്‍
  • നിരോധിത സംഗീതങ്ങള്‍
  • കളി കാര്യത്തിന്, വിനോദം ആവശ്യത്തിന്
  • കാളപ്പോരും കാളപൂട്ടും
  • ചീട്ടുകളി
  • ഏപ്രില്‍ ഫൂള്‍
  • റാഗിംഗ് എന്ന പീഡനവിനോദം
  • കളിയും വിനോദവും