Click to Download Ihyaussunna Application Form
 

 

ആയുധ പന്തയം

പന്തയ മത്സരങ്ങളില്‍ അനുവദനീയമായവയും അനുവദനീയമല്ലാത്തവയുമുണ്‍ട്. ധര്‍മസമരത്തിന് അഥവാ വിശുദ്ധ യുദ്ധത്തിനു സഹായകമായ മത്സരങ്ങള്‍ അനുവദനീയമാണെന്നു മാത്രമല്ല അതു സുന്നത്തായ പുണ്യകര്‍മം കൂടിയാണ്. രാജ്യത്തിന്റെയും സമൂഹത്തിന്റെയും പ്രതിരോധത്തിനും രക്ഷക്കും അല്ലാഹു അനുവദിച്ച രീതിയില്‍ നടത്തുന്ന യുദ്ധം ധര്‍മസമരമാണ്. പ്രപഞ്ചത്തിലുടനീളം സമരവും സംഘട്ടനവുമാണ് നടന്നുകൊണ്‍ടിരിക്കുന്നത്. കാറ്റുകളും മേഘങ്ങളും ഇടിനാദങ്ങളും മിന്നല്‍പിണരുകളും മലവെള്ളങ്ങളും മഴവെള്ളങ്ങളുമെല്ലാം ഇപ്രകാരം സംഘട്ടനത്തിലേര്‍പ്പെട്ടിട്ടുള്ള പ്രതിഭാസങ്ങളാണ്. ഈ സംഘട്ടനത്തിനു വിധേയമാകാത്ത ഒരു അണുപോലും പ്രപഞ്ചത്തിലില്ല. പ്രകൃതിപരവും ഭൌമികവുമായ എല്ലാ പ്രതിഭാസങ്ങളും ഈ സംഘട്ടനത്തില്‍ നിന്നാണുല്‍ഭവിക്കുന്നത്. രക്തത്തിന്റെയോ ജലത്തിന്റെയോ ഒരു കണിക, ഒരു മൈക്രോസ്കോപ്പിലൂടെ വീക്ഷിക്കുന്നുവെങ്കില്‍ ജീവാണുക്കളുടെ കനത്ത സേനകളെ സംഘട്ടനത്തിനും സമരത്തിനും ശേഷം അവ പരസ്പരം വിഴുങ്ങുന്നതായി കാണാം (അല്‍ ബഅ്സുല്‍ ഇസ്ലാമി, വാല്യം 39, ലക്കം 3, പേജ് 36).
ഈ സമരം നഗ്ന ദൃഷ്ടികൊണ്‍ട് വ്യക്തമായി കാണണമെന്നാഗ്രഹമുണ്‍ടെണ്ടങ്കില്‍ ഹിംസ്രപ്പക്ഷികളും വന്യമൃഗങ്ങളും കൊണ്‍ടു വീര്‍പ്പുമുട്ടുന്ന ഘോരവനങ്ങളിലേക്ക് ഒന്ന് ദൃഷ്ടി തിരിച്ചാല്‍ മതി. അവിടെ ആന തൊട്ട് കൊച്ചു പുഴു വരെയുള്ള ജീവികള്‍ നിരന്തര ആയോധനത്തിലാണ്. ആഴിയുടെ ആഴത്തിലേക്ക് നോക്കിയാല്‍ തത്തുല്യമായ അസംഖ്യം സൈന്യങ്ങളെ കാണാം. അവ സദാ സംഘട്ടനവും സമരവും യുദ്ധവും നടത്തിക്കൊണ്‍ടരിക്കുന്നു-ജീവന്‍മരണ സംഘട്ടന സമരയുദ്ധങ്ങള്‍ (അല്‍ ഹര്‍ബു അലാ ഹദ്യില്‍ കിതാബി വസ്സുന്നതി, പ്രൊ. അഹമ്മദ് ഹുസൈന്‍, പേജ്: 11).
അപ്പോള്‍ ജീവികള്‍ക്കിടയിലുള്ള സംഘട്ടനവും ഏറ്റുമുട്ടലും പ്രാപഞ്ചിക പ്രകൃതിയില്‍ പെട്ടതാണ്. ജനങ്ങള്‍ ചിന്താപരമായി എത്ര ഉയര്‍ന്നാലും, വൈജ്ഞാനികമായി എത്ര വളര്‍ന്നാലും, പരിഷ്കാരങ്ങളില്‍ എത്ര പുരോഗതി പ്രാപിച്ചാലും അവരുടെ മധ്യേ ഈ സംഘട്ടനം ഉണ്‍ടായിക്കൊണ്‍ടിരിക്കുമെന്ന് പരീക്ഷണാനുഭവങ്ങള്‍ തെളിയിച്ചിരിക്കുകയാണ്. ലോകജനസമുദായങ്ങളുടെ ഇടയില്‍ സംഭവിക്കുന്ന ആഗോള യുദ്ധങ്ങള്‍ അതിനു വ്യക്തമായ തെളിവാണ് (അള്വാഉന്‍ അലല്‍ ഹളാറതില്‍ ഇസ്ലാമിയ്യ: ഡോ. അഹ്മദ് സായിഹ്, പേജ്: 179).
അപ്പോള്‍ സമരപ്രകൃതം മനുഷ്യമനസുകളില്‍ അന്തര്‍ലീനമാണ്. സാഹചര്യങ്ങളും പ്രേരകങ്ങളും ഒത്തിണങ്ങുമ്പോള്‍ അതു ബഹിര്‍ഗമനം നടത്താന്‍ വൈകുകയില്ല. ബുദ്ധിയും വിവേകവും യോജിച്ചു, മനുഷ്യന്റെ സമരവീര്യം നിയന്ത്രിക്കുവാനും അതു നന്‍മയുടെ വഴിക്കു തിരിച്ചുവിടാനുമാണ് മതം ശ്രമിക്കുന്നത്. അങ്ങനെ മനുഷ്യരെ, നന്‍മയുടെയും ദയയുടെയും നീതിയുടെയും സത്യത്തിന്റെയും ശാന്തമാര്‍ഗത്തിലൂടെ ഭക്തരും വിശാലമനസ്കരുമാക്കിത്തീര്‍ക്കുകയാണ് മതത്തിന്റെ ലക്ഷ്യം. പക്ഷേ, മതത്തെ അംഗീകരിക്കാത്തതുകൊണ്‍ടോ, മതമൂല്യങ്ങള്‍ വേണ്‍ടവിധം ഉള്‍ക്കൊള്ളാത്തതുകൊണ്‍ടോ, മതത്തിനു ജീവിതത്തിന്റെ കടിഞ്ഞാണ്‍ പൂര്‍ണമായി വിട്ടുകൊടുക്കാത്തതുകൊണ്‍ടോ തിന്‍മയുടെയും ക്രൂരതയുടെയും അക്രമത്തിന്റെയും അസത്യത്തിന്റെയും വക്താക്കളും വാഹകരുമായി മാറിയ വക്രപ്രകൃതരുണ്‍ടാകും. അവര്‍ എക്കാലത്തും ഗണ്യമായ ഒരു വിഭാഗമാണ്. അവരില്‍ ചിലരെ ഉപദേശങ്ങള്‍ കൊണ്‍ടു സംസ്കരിക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ പലരും ഉപദേശങ്ങള്‍ കൊണ്‍ട് സംസ്കൃതരാകാന്‍ കഴിയാത്തവിധം അക്രമവാസനയുള്ളവരാണ്. അക്രമം ഒരു ധര്‍മമായി സ്വീകരിച്ചവരും പരദ്രോഹം ഒരു പ്രസ്ഥാനമായി സ്വീകരിച്ചവരും അവരുടെ കൂട്ടത്തിലുണ്‍ട്. എല്ലാ അതിര്‍വരമ്പുകളും അതിലംഘിച്ചു, അധികാര മോഹത്തിന്റെയോ ധനമോഹത്തിന്റെയോ പേരില്‍ മറ്റു സമൂഹങ്ങളെയോ രാജ്യങ്ങളെയോ കടന്നാക്രമിക്കുന്നവരുമുണ്‍ട്. ഇത്തരം ദുഃശക്തികളെ അമര്‍ച്ച ചെയ്തില്ലെങ്കില്‍ മറ്റുള്ളവരുടെ സ്വൈര്യജീവിതം നഷ്ടപ്പെടും, അത്തരക്കാരെ രാജ്യത്തിനകത്ത് അമര്‍ച്ച ചെയ്യുന്നതിനാണ് പോലീസും, ഒരു വിഭാഗം പട്ടാളവും, കോടതിയും ജയിലും നിയമപാലകരുമെല്ലാം. പുറം ശത്രുക്കളെ, വേണ്‍ടിവന്നാല്‍ നേരിടുന്നതിനാണ് യുദ്ധവും ജവാന്‍മാരുമെല്ലാം. ആയുധവും സായുധസേനയും പ്രതിരോധവുമൊന്നുമുണ്‍ടായിരുന്നില്ലെങ്കില്‍ സത്യത്തിന്റെയും നീതിയുടെയും നന്‍മയുടെയും പ്രണേതാക്കള്‍ ഭൂമുഖത്തു നിന്നും നിഷ്കാസിതരായേനെ. വിശുദ്ധ ഖുര്‍ആനിന്റെ പ്രസ്താവന വളരെ ശ്രദ്ധേയം: മനുഷ്യരില്‍ ചിലരെ മറ്റുചിലരെക്കൊണ്‍ട് അല്ലാഹു തടുത്തില്ലായിരുന്നുവെങ്കില്‍ അല്ലാഹുവെ ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന സന്യാസിമഠങ്ങളും ക്രിസ്തീയാരാധനാലയങ്ങളും ജൂത ദേവാലയങ്ങളും മുസ്ലിം പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നവരെ അല്ലാഹു സഹായിക്കും; നിശ്ചയം തീര്‍ച്ചയായും അല്ലാഹു ശക്തനും അജയ്യനുമാകുന്നു (വിശുദ്ധ ഖുര്‍ആന്‍ 22: 40). ഓരോ ശരീഅത്തും നിലവിലുണ്‍ടായിരുന്ന കാലത്ത് തൌഹീദിലധിഷ്ഠിതമായി ആരാധന നടത്തിയിരുന്ന മഠങ്ങളും ആരാധനാലയങ്ങളുമാണ് ഇവിടെ അല്ലാഹുവിന്റെ നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന ഭവനങ്ങള്‍ കൊണ്‍ടു വിവക്ഷ (സ്വ 3: 97). പ്രതിരോധത്തിനുവേണ്‍ടിയുള്ള ധര്‍മസമരങ്ങള്‍ പൂര്‍വസമുദായങ്ങളിലൂടെ നിലനിന്നുവന്ന കാര്യമാണ് (ഖുര്‍ത്വുബി 12/7).
അപ്പോള്‍ ഏതൊരു സമുദായത്തിലെ വ്യക്തികള്‍ അസ്ഥിത്വം അപകടപ്പെടുന്ന അനിവാര്യ ഘട്ടത്തില്‍ സാവേശം ത്യാഗത്തിന് സന്നദ്ധരാകാതിരിക്കുകയും ജിഹാദിന്റെ ആഹ്വാനം ചെവിക്കൊള്ളാതിരിക്കുകയും ചെയ്യുന്നുവോ ആ സമുദായം അഭിമാനവും യശസ്സുമില്ലാത്ത സമുദായമാണ്. അവരെ മറ്റു സമുദായങ്ങളും സമൂഹങ്ങളും റാഞ്ചിയെടുക്കാന്‍ ഒട്ടും വൈകുകയില്ല. ശക്തരും ദുര്‍ബലരും അവരെ കയ്യേറ്റം നടത്താന്‍ താത്പര്യം കാണിക്കും. മുസ്ലിം രാജ്യത്തിന്റെ സംരക്ഷണം അവിടത്തെ ഭരണകര്‍ത്താക്കളുടെയും പൌരന്‍മാരുടെയും ബാധ്യതയാണ്. ഇന്ത്യാ രാജ്യം ഒരു മതേതര രാജ്യമാണ്. മറ്റു മതക്കാര്‍ക്കുള്ളതുപോലുള്ള എല്ലാ സ്വാതന്ത്യ്രവും ഇവിടെ മുസ്ലിംകള്‍ക്കുമുണ്‍ട്. മതം പഠിക്കാനും പഠിപ്പിക്കാനും അത് ആചരിക്കുവാനും ആരാധന നടത്തുവാനും മതപ്രചാരണം നടത്തുവാനുമുള്ള സ്വാതന്ത്യ്രം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നു.
മതസ്വാതന്ത്യ്രമാണല്ലോ ജിഹാദിന്റെ ലക്ഷ്യം. വിശുദ്ധ ഖുര്‍ആനിന്റെ പ്രസ്താവന ശ്രദ്ധിക്കുക:
ഭൂമിയില്‍ നാം സ്വാധീനം നല്‍കിയാല്‍ നിസ്കാരം മുറപോലെ നടത്തുകയും സകാത്തു കൊടുത്തുവീട്ടുകയും നന്‍മ കല്‍പിക്കുകയും ചീത്ത നിരോധിക്കുകയും ചെയ്യുന്നവരാണവര്‍; കാര്യങ്ങളുടെ പര്യവസാനം അല്ലാഹുവിനുള്ളതാകുന്നു (വിശുദ്ധ ഖുര്‍ആന്‍ 22/41). നാം ന്യൂനപക്ഷമാണെങ്കിലും, നമ്മുടെ അവകാശങ്ങളും മതസ്വാതന്ത്യ്രവും അനുവദിച്ചുതരുന്ന ഒരു ഭരണഘടനയുടെ ശീതളച്ഛായയില്‍ ഒരു സ്വതന്ത്രരാജ്യത്ത് സ്വതന്ത്ര പൌരരായാണ് നാം ജീവിക്കുന്നത്. അതുകൊണ്‍ട് ഈ രാജ്യത്തിന്റെ ഭദ്രതക്ക് വേണ്‍ടി യത്നിക്കുവാനും, അകം ശത്രുക്കളില്‍ നിന്നും പുറം ശത്രുക്കളില്‍ നിന്നും രാജ്യത്തെ രക്ഷിക്കുവാനും നാം ബാധ്യസ്ഥരാണ്. അതാണ് ഇന്ത്യന്‍ മുസ്ലിംകളുടെ ജിഹാദ്.
ഓരോ വ്യക്തിയും സ്വന്തത്തെയും കുടുംബത്തെയും സമൂഹത്തെയും രക്ഷിക്കുവാന്‍ ബാധ്യസ്ഥനാണ്. ആയോധനത്തിനു ആയുധവും വാഹനവും വേണം. അവ ഉപയോഗിക്കാന്‍ പരിശീലനം നേടണം. പരിശീലനത്തിന്റെ ഒരു മാര്‍ഗമാണ് പന്തയമത്സരങ്ങള്‍. അതുകൊണ്‍ട്, യുദ്ധത്തിന് സഹായകമായ വാഹനങ്ങളും ആയുധങ്ങളുമുപയോഗിച്ചുള്ള മത്സരങ്ങള്‍ ഇസ്ലാം അനുവദിച്ചിട്ടുണ്‍ട്. മാത്രമല്ല, അതു സുന്നത്തായ ഒരു പുണ്യകര്‍മം കൂടിയാണ്. ഇവിടെ വിനോദം കാര്യത്തിനു വേണ്‍ടിയാണ്. നബി (സ്വ) പറയുന്നു:
വിനോദം മൂന്ന് കാര്യങ്ങളിലാണ്. നിന്റെ കുതിരക്ക് പരിശീലനം നല്‍കുക, നിന്റെ വില്ലെടുത്ത് അസ്ത്രമെയ്ത്ത് നടത്തുക, നിന്റെ സഹധര്‍മ്മിണിയുമായി സല്ലപിക്കുക. ഈ മൂന്ന് കാര്യങ്ങളില്‍ (നസാഇ, കഫ്ഫുറആഅ് 151).
മലക്കുകളുടെ സാന്നിധ്യമുള്ള വിനോദങ്ങള്‍ മൂന്നെണ്ണം മാത്രമാണ്. പുരുഷന്‍ തന്റെ ഭാര്യയോടൊപ്പം വിനോദിക്കുക, കുതിരയോട്ടമത്സരം നടത്തുക, അമ്പെയ്ത്തുമത്സരം നടത്തുക (ഹാകിം, കഫ്ഫ് 151).
യുദ്ധത്തിനു സഹായകമായ ഏതൊരു മൃഗവും ആയുധവും ഉപയോഗിച്ചുകൊണ്‍ടുള്ള മത്സരങ്ങള്‍ അനുവദനീയമാണ്. അതു സമ്മാനക്കരാറോടെ പന്തയസ്വഭാവത്തിലാണെങ്കിലും ശരി. കുതിര, ഒട്ടകം, കഴുത, കോവര്‍കഴുത എന്നിവയെല്ലാം മത്സരം അനുവദിക്കപ്പെട്ടിട്ടുള്ള വാഹനമൃഗങ്ങളാണ്. ഇവയെ ഉപയോഗിച്ച് ഓട്ടമത്സരം നടത്താവുന്നതാണ്. അസ്ത്രം, കുന്തം, ചാട്ടുളി, ശില, വെടിയുണ്‍ട ആദിയായവ മത്സരം അനുവദിക്കപ്പെട്ടിട്ടുള്ള യുദ്ധായുധങ്ങളാണ്. ഇവ ഉപയോഗിച്ചു നിശ്ചിത ഉന്നത്തിലേക്കു എയ്ത്തു മത്സരം നടത്താവുന്നതാണ്. തുഹ്ഫ, നിഹായ, മുഗ്നി, റൌള, ശര്‍ഹുല്‍ മുഹദ്ദബ് തുടങ്ങിയ ഫിഖ്ഹ് ഗ്രന്ഥങ്ങള്‍ മുസാബഖ അഥവാ പന്തയ മത്സരങ്ങള്‍ എന്ന അധ്യായത്തില്‍ ഇക്കാര്യം സവിസ്തരം പ്രതിപാദിച്ചിട്ടുണ്‍ട്.
യുദ്ധായുധങ്ങളും യുദ്ധവാഹനങ്ങളും ഉപയോഗിച്ചുകൊണ്‍ടുള്ള മത്സരങ്ങള്‍ നിയമാനുസൃതമാകുന്നതിനു പൊതുവായി ഏഴു ഉപാധികളും ആയുധമത്സരത്തിനു പ്രത്യേകമായി അഞ്ചു ഉപാധികളുമുണ്‍ട്. മത്സരക്കരാര്‍ യുദ്ധോപകരണത്തിന്‍മേലാകുക, മത്സരത്തില്‍ പങ്കെടുക്കുന്നവരെല്ലാം ഉപയോഗിക്കുന്നത് ഒരിനം ഉപകരണമാവുക, മത്സരസ്ഥലത്തിന്റെ തുടക്കം, അവസാനം, അവയ്ക്കിടയിലുള്ള അകലം എന്നിവ അറിയുക, മത്സരാര്‍ഥികള്‍ക്കെല്ലാം തുടക്കാവസാന പോയിന്റുകള്‍ തുല്യമായിരിക്കുക, വാഹനങ്ങള്‍, അവയില്‍ കയറുന്നവര്‍, അസ്ത്രമെയ്ത്തുകാര്‍ എന്നിവരെ നിര്‍ണയിക്കുക, ഓരോരുത്തര്‍ക്കും വിജയസാധ്യതയുണ്‍ടായിരിക്കുക, പ്രതിഫലം കാലേകൂട്ടി അറിയിക്കുക എന്നിവയാണ് പൊതുവായ ഉപാധികള്‍. തുടങ്ങേണ്‍ടത് ആര് എന്നു നിശ്ചയിക്കുക, എയ്ത്തിന്റെ എണ്ണം നിര്‍ണയിക്കുക, എത്ര എണ്ണം ഉന്നം പ്രാപിക്കണമെന്ന് തീരുമാനിക്കുക, ഉന്നത്തിന്റെ അളവ് വ്യക്തമാക്കുക, അതു നിലത്തുനിന്ന് എത്ര പൊക്കത്തിലാണെന്ന് വ്യക്തമാക്കുക എന്നിവയാണ് ആയുധ മത്സരത്തിനു പ്രത്യേകമായുള്ള ഉപാധികള്‍ (ശര്‍ഹുല്‍ മന്‍ഹജ്, ജമല്‍ 5/281).
സമ്മാനസഹിതമുള്ള പന്തയമിടപാട് സാധുവാകണമെങ്കില്‍ അതു ചൂതാട്ടസ്വഭാവത്തിലാകരുതെന്ന ഉപാധി കൂടിയുണ്‍ട്. മത്സരാര്‍ഥികളല്ലാത്ത മറ്റാരെങ്കിലുമാണ് ഇടപാടില്‍ സമ്മാനം ഓഫര്‍ ചെയ്യുന്നതെങ്കില്‍ അവിടെ ചൂതാട്ട സ്വഭാവമില്ല. പന്തയം സാധുവാണ്. നിങ്ങള്‍ രണ്‍ടുപേരും മത്സരം നടത്തുക, വിജയിക്കുന്നവര്‍ക്ക് ഞാന്‍ ഒരു ലക്ഷം രൂപ സമ്മാനം നല്‍കും എന്ന് ഒരാള്‍ പറയുന്നുവെങ്കില്‍, മുകളില്‍ പറഞ്ഞപോലെ അത് ശരിയായ മത്സരയിടപാടാണ്. മത്സരാര്‍ഥികളില്‍ ഒരാള്‍ മാത്രം സമ്മാനം ഓഫര്‍ ചെയ്താലും അനുവദനീയമാണ്; പന്തയം സാധുവാണ്. ഉദാഹരണമായി നീ എന്നെ പരാജയപ്പെടുത്തിയാല്‍ ഞാന്‍ നിനക്ക് പതിനായിരം രൂപ തരാം; ഞാന്‍ നിന്നെ പരാജയപ്പെടുത്തിയാല്‍ നീ ഒന്നും തരേണ്ടതില്ല എന്ന് ആരെങ്കിലുമൊരാള്‍ പറഞ്ഞെന്നിരിക്കട്ടെ, എങ്കില്‍ അതു നിയമാനുസൃതവും അനുവദനീയവുമാണ്. കാരണം, അവിടെ ചൂതാട്ടമില്ല. ഇരുവരും പണംവെച്ചു മത്സരിക്കുന്നുവെങ്കില്‍ അത് അസാധുവാണ്, ഹറാമാണ്. അപ്പോള്‍ നീ എന്നെ പരാജയപ്പെടുത്തിയാല്‍ നിനക്കു ഞാന്‍ ഒരു ലക്ഷം രൂപ തരും; ഞാന്‍ നിന്നെ പരാജയപ്പെടുത്തിയാല്‍ നീ എനിക്ക് ഒരു ലക്ഷം രൂപ തരണം എന്നു പറയുന്നുവെങ്കില്‍ അവിടെ ചൂതാട്ട സ്വഭാവം വന്നതുകൊണ്‍ട് പന്തയമിടപാട് അസാധുവും നിഷിദ്ധവുമാണ്. ഓരോരുത്തര്‍ക്കും ഒരേ സമയം നേട്ടത്തിനും നഷ്ടത്തിനും സാധ്യതയുണ്‍ടാകുമ്പോഴാണ് ചൂതാട്ടസ്വഭാവമുണ്‍ടാകുന്നത്.
എന്നാല്‍ മത്സരാര്‍ഥികളില്‍ ഒരാള്‍ പണം വെയ്ക്കാതെ മത്സരത്തില്‍ പങ്കെടുക്കുന്നുവെങ്കില്‍ മറ്റുള്ളവര്‍ പണം വെച്ചുകൊണ്‍ട് പന്തയം നടത്തുന്നതിന് വിരോധമില്ല. ഉദാഹരണത്തിന് മൂന്നുപേര്‍ പന്തയത്തിലേര്‍പ്പെടുന്നുവെന്ന് സങ്കല്‍പിക്കുക. അവരില്‍ രണ്‍ടുപേര്‍ പതിനായിരം രൂപ വീതം ഓഫര്‍ ചെയ്യുന്നു. മൂന്നാമന്‍ പറയുന്നു: നിങ്ങളെ ഞാന്‍ പരാജയപ്പെടുത്തിയാല്‍ രണ്ടു സംഖ്യയും (ഇരുപതിനായിരം) എനിക്കു തരണം, നിങ്ങളെന്നെ പരാജയപ്പെടുത്തിയാല്‍ ഞാനൊന്നും തരില്ല. ഇവിടെ വിജയിക്കുന്നവനാണ് സംഖ്യ. മൂന്നാമന്‍ അവരിരുവരെയും പരാജയപ്പെടുത്തിയാല്‍ മുഴുസംഖ്യയും അവനുകിട്ടി. മൂന്നാമനെ പിന്നിലാക്കിക്കൊണ്‍ട് അവരിരുവരും ഒന്നിച്ചോ അല്ലെങ്കില്‍ ആരും പരാജിതരാകാതെ മൂവരും ഒന്നിച്ചോ ഒരേ സമയം ഒരേ പോയിന്റിലെത്തുന്നുവെങ്കില്‍ ആര്‍ക്കും ഒന്നും ലഭിക്കുകയില്ല. ഇരുവരിലൊരാള്‍ മാത്രമാണ് ജയിക്കുന്നതെങ്കില്‍ രണ്‍ടാമന്റെ സംഖ്യ അവനുകിട്ടും. മൂന്നാമനു ഒന്നുമുണ്‍ടായിരിക്കില്ല. ഇരുവരിലൊരാളും മൂന്നാമനും കൂടി ഒന്നിച്ചു വിജയിച്ചാല്‍ പരാജിതന്റെ പതിനായിരം ജേതാക്കളിരുവരും പങ്കിടും (ശര്‍ഹുല്‍ മന്‍ഹജ്, ഹാശിയതുല്‍ ജമല്‍ 5/283 നോക്കുക).
അപ്പോള്‍ പന്തയം മൂന്നു വിധമുണ്‍ട്. ഒന്ന്, സംഖ്യ അന്യന്‍ വച്ചുകൊണ്‍ട് നടത്തുന്നത്. അതു ആരുമാകാം. രണ്‍ട്, മത്സരാര്‍ഥികള്‍ ഇരുവരും സംഖ്യ വച്ചുകൊണ്‍ട് നടത്തുന്നത്. മൂന്ന്, മത്സരാര്‍ഥികളില്‍ ഒരാള്‍ വച്ചുകൊണ്‍ട് നടത്തുന്നത്. ഒന്നാമത്തേത് അനുവദനീയമാണ്. ഇവിടെ സംഖ്യ മുഴുവന്‍, ഏറ്റവും മുന്‍പന്തിയിലെത്തി വിജയിക്കുന്നവനു മാത്രമോ അവന് തൊട്ടടുത്ത് വരുന്ന ഫസ്റ്, സെക്കന്റ്, തേഡ് എന്നിവരെക്കൂടി ഉള്‍പ്പെടുത്തി സംഖ്യ അവരോഹണക്രമത്തില്‍ കുറച്ചുകൊണ്‍ട് മത്സരാര്‍ഥികളില്‍ ഒരു സംഘത്തിനോ ഓഫര്‍ ചെയ്യാവുന്നതാണ്. എന്നാല്‍ വ്യത്യസ്ത പോയിന്റിലെ ജേതാക്കള്‍ക്ക്, ഉദാഹരണത്തിന് ഫസ്റിനും സെക്കന്റിനും തുല്യസമ്മാനം ഓഫര്‍ ചെയ്താല്‍ പന്തയമിടപാട് അസാധുവാകും. അവിടെ വിജയത്തിനുള്ള പ്രചോദനം നഷ്ടപ്പെടും. അതാണ് കാരണം. മത്സരാര്‍ഥികള്‍ക്കെല്ലാം തുല്യസമ്മാനം ഓഫര്‍ ചെയ്തതുമൂലം മത്സരത്തിന്റെ ചൈതന്യം നഷ്ടപ്പെട്ടതുകൊണ്‍ട് അസാധുവാകും. അവിടെ അധ്വാനിച്ച് വിജയിക്കുന്നതിന് പ്രചോദനം നഷ്ടപ്പെട്ടുവെന്നതാണ് ചൈതന്യനഷ്ടത്തിനു കാരണം. എന്നാല്‍ വിജയപോയിന്റുകളുടെ അവരോഹണത്തിനനുസരിച്ച് അവരോഹണക്രമത്തിലാണ് എല്ലാവര്‍ക്കും സമ്മാനം വാഗ്ദത്തം ചെയ്തതെങ്കില്‍ അത് അനുവദനീയവും നിയമാനുസൃതവുമാണ്. ഉദാഹരണമായി ഒരാള്‍ മത്സരത്തില്‍ പങ്കെടുക്കുന്ന പത്തുപേര്‍ക്കും കൂടി അമ്പത്തിയഞ്ച് പവന്‍ പ്രഖ്യാപിച്ചു. ഒന്നാമന് പത്തും രണ്‍ടാമന് ഒമ്പതും മൂന്നാമന് എട്ടും ഈ ക്രമത്തില്‍ പത്താമന് ഒന്നും. ഇവിടെ ഓരോരുത്തരും കൂടുതല്‍ മുന്നിലെത്താന്‍ പരമാവധി ശ്രമിക്കുന്നതിന് ഈ സമ്മാനം പ്രചോദനമാകും.
മത്സരാര്‍ഥികള്‍ ഓരോരുത്തരും സംഖ്യ വെച്ചുകൊണ്‍ടുള്ള പന്തയമാണല്ലോ രണ്‍ടാമത്തേത്. ഇത് മുകളില്‍ പറഞ്ഞതുപോലെ ഹറാമായ ചൂതാട്ടമാണ്. മത്സരാര്‍ഥികളില്‍ ഒരാള്‍ മാത്രം സംഖ്യ വെച്ചുകൊണ്‍ടുള്ള പന്തയം അനുവദനീയമാണ്. ഇവിടെ അപരന്‍ പണം വെക്കാത്തതുകൊണ്‍ട് ചൂതാട്ടം ഉണ്‍ടാകുന്നില്ല. അങ്ങനെ രണ്‍ടാം രൂപത്തിലും മത്സരാര്‍ഥികളിലാരെങ്കിലും പണം വെക്കാതെ മത്സരം നടത്തുന്നുവെങ്കില്‍ അനുവദനീയമാകും. അതു നൂറുപേരില്‍ ഒരാളായിരുന്നാലും മതി. മത്സരം രണ്‍ടു വ്യക്തികള്‍ക്കിടയിലോ ഗ്രൂപ്പുകള്‍ക്കിടയിലോ നടത്താവുന്നതാണ്. ഗ്രൂപ്പുകള്‍ക്കിടയില്‍ നടത്തുമ്പോള്‍ ഓരോ ഗ്രൂപ്പും വ്യക്തിയുടെ സ്ഥാനത്താണ്. അപ്പോള്‍ രണ്‍ടു ഗ്രൂപ്പും പണം വെച്ചാല്‍ മറ്റൊരു ഗ്രൂപ്പോ വ്യക്തിയോ അവരോട് പണം വെക്കാതെ മത്സരിച്ചെങ്കില്‍ മാത്രമേ പന്തയമിടപാട് നിയമവിധേയവും അനുവദനീയമാവുകയുള്ളൂ (ഇമാം മാവര്‍ദി, അല്‍ഹാവി 15/180-251, ഇമാം നവവി, റൌള 1849-1866 നോക്കുക).


RELATED ARTICLE

 • സര്‍പ്പയജ്ഞം
 • ചൂതാട്ടം, പകിടകളി
 • ചെസ്സുകളി
 • കോഴിപ്പോര്
 • ഒളിച്ചുകളി; ഒളിപ്പിച്ചുകളി
 • പ്രാവുകളി
 • ആന പ്രദര്‍ശനം
 • ആയുധ പന്തയം
 • ഗാനാലാപനം, സംഗീതാസ്വാദനം
 • ഉപകരണ സംഗീതം
 • ഒപ്പന, കോല്‍ക്കളി, ദഫ്
 • സംഗീതത്തിന്റെ നിരോധിത മേഖലകള്‍
 • നിരോധിത സംഗീതങ്ങള്‍
 • കളി കാര്യത്തിന്, വിനോദം ആവശ്യത്തിന്
 • കാളപ്പോരും കാളപൂട്ടും
 • ചീട്ടുകളി
 • ഏപ്രില്‍ ഫൂള്‍
 • റാഗിംഗ് എന്ന പീഡനവിനോദം
 • കളിയും വിനോദവും