Click to Download Ihyaussunna Application Form
 

 

സംഗീതത്തിന്റെ നിരോധിത മേഖലകള്‍

1980 ജൂലായ് 31ന് മുഹമ്മദ് റഫി സാഹിബ് നിര്യാതനായ വാര്‍ത്ത റേഡിയോവിലൂടെ അറിഞ്ഞ് ക്ളബില്‍ സംഗീതക്ളാസെടുക്കാന്‍ വന്നിരുന്ന നാടോടിയായ ഉസ്താദ് അന്‍വര്‍ഖാന്‍ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ പൊട്ടിക്കരഞ്ഞു. ജലപാനമില്ലാതെ രാത്രി വൈകുവോളം കിടന്നു. ശിഷ്യന്‍മാര്‍ക്കും ഉസ്താദിനെ സമാധാനിപ്പിക്കാനായില്ല. ഒടുവില്‍ ഉസ്താദിനൊരു കൂട്ടിനായി രണ്‍ടുമൂന്നുപേര്‍ രാത്രി ക്ളബില്‍ കഴിച്ചുകൂട്ടി. പാതിരാത്രിക്ക് ആരോ പാടുന്നതുകേട്ട് അവരുണര്‍ന്നപ്പോള്‍ ഉസ്താദ് അന്‍വര്‍ഖാന്‍ ഹാര്‍മോണിയം വായിച്ച് പാടുകയായിരുന്നു. റഫി സാഹിബിന്റെ അനശ്വരഗാനം, ഓ ദുനിയാ കേ രഖ്വാലേ… (മാതൃഭൂമി വാരാന്തപ്പതിപ്പ് 21-5-2005). സംഗീതവും ഗായകരും സംഗീതപ്രണേതാക്കളില്‍ ചെലുത്തുന്ന സ്വാധീനത്തിന്റെ ആഴവും പരപ്പും തെളിച്ചുകാണിക്കുന്ന ഒരുദാഹരണമാണ് ഈ വാര്‍ത്തയില്‍ നാം കാണുന്നത്. സംഗീതം എക്കാലത്തും മനുഷ്യസമൂഹത്തില്‍ അത്യധികമായ സ്വാധീനം ചെലുത്തിയിട്ടുണ്‍ട്. കര്‍ണകവാടത്തിലൂടെ ആത്മാവിന്റെ ആസ്ഥാനമായ ഹൃദയത്തിലേക്ക് പ്രവേശിച്ചു അവിടെ ചലനം സൃഷ്ടിക്കുന്നു. ഈ ചലനത്തിന്റെ അലയടി മനോവാക്കര്‍മങ്ങളിലും വിചാര വികാര വീക്ഷണങ്ങളിലും പ്രകടമാകുന്നു.
ഈ ചലനത്തിന്റെ സ്വഭാവം മിക്കപ്പോഴും ഗാനത്തിന്റെ സ്വഭാവത്തെ ആശ്രയിച്ചിരിക്കും. ഗാനത്തിലെ പ്രതിപാദ്യം നല്ലെതെങ്കില്‍ ചലനവും നന്നാവും. ചീത്തയെങ്കില്‍ ചലനം ചീത്തയാകും. ചിലപ്പോള്‍ അതു ഗാനത്തിന്റെ അവതരണ രീതിയെ ആശ്രയിച്ചിരിക്കും. നൃത്തത്തിന്റെയോ വാദ്യോപകരണങ്ങളുടെയോ അകമ്പടിയോടെയാണ് ആലാപനമെങ്കില്‍ അതു ചീത്തഫലം ഉളവാക്കും. ഗായകരുടെ നിലയും ഗാനത്തിന്റെ ചാലകസ്വഭാവത്തില്‍ സ്വാധീനം ചെലുത്തും. യുവതികള്‍ യുവാക്കളുടെ മുമ്പിലും യുവാക്കള്‍ യുവതികളുടെ മുമ്പിലും സംഗീതമാലപിക്കുമ്പോള്‍ സ്ത്രീ സ്ത്രീയുടെ മുമ്പിലോ പുരുഷന്‍ പുരുഷന്റെ മുമ്പിലോ അവതരിപ്പിക്കുന്ന പ്രതീതിയല്ല ഉണ്‍ടാവുക. ശ്രോതാക്കളുടെ മാനസികാവസ്ഥയും ഈ ചലനത്തിന്റെ സ്വഭാവത്തില്‍ സ്വാധീനം ചെലുത്തും. സദുദ്ദേശ്യത്തോടെ ഒരാള്‍ പാടിയ പാട്ടില്‍ നിന്ന് ഒരു ദുശ്ചിന്തകന്‍ ചീത്ത ആശയം മനസ്സിലാക്കിയേക്കാം. ദുരുദ്ദേശ്യത്തോടെ ഒരാള്‍ ആലപിച്ച പാട്ടില്‍ നിന്ന് ഒരു സഹൃദയന്‍ നല്ല ആശയം ഗ്രഹിച്ചെന്നും വരും. ശൈഖ് ഇബ്നുഅബ്ബാദ് പറഞ്ഞ രണ്‍ടു സംഭവങ്ങള്‍ ഉദാഹരണത്തിനു ഇവിടെ കുറിക്കട്ടെ. പന്ത്രണ്‍ടു വിജ്ഞാനശാഖകളില്‍ വിവരം നേടിയ അല്‍ജൌസി എന്ന പണ്ഢിതന്‍ ഒരു ദിനം ബഗ്ദാദിലെ തന്റെ വിദ്യാലയത്തിലേക്കു പോവുകയാണ്. അപ്പോള്‍ ഇങ്ങനെ ഒരാള്‍ പാടുന്നതു കേട്ടു.
ഈ കവിതയെ നമുക്ക് ഇങ്ങനെ വിവര്‍ത്തനം ചെയ്യാം: ശഅ്ബാന്‍ ഇരുപത് കഴിഞ്ഞാല്‍ രാവും പകലും കുടിക്കുക. റമളാനായാല്‍ പകല്‍ കുടിക്കാന്‍ കഴിയില്ല. അതുകൊണ്‍ട് റമളാനടുത്താല്‍ രാവും പകലും കുടിക്കണം. കൊച്ചുചഷകങ്ങള്‍ കൊണ്‍ട് കുടിക്കരുത്. കാരണം സമയം കൊച്ചുചഷകങ്ങള്‍ക്കു സങ്കുചിതമായിരിക്കുന്നു. ഈ പാട്ടു കേട്ടപ്പോള്‍ പരിഭ്രാന്തനായ ജൌസി ബഗ്ദാദ് വിട്ടു മക്കയിലേക്കു യാത്രയായി. മരണം വരെ അവിടെത്തന്നെ താമസിച്ചു (ശര്‍ഹുല്‍ഹികം 2/20). കവി പറഞ്ഞതല്ല അഗാധചിന്തകനായ ദിവ്യപണ്ഢിതന്‍ ഗ്രഹിച്ചത്. മരണാനന്തര ജീവിതമാകുന്ന റമളാന്‍ സമാഗതമായാല്‍ പിന്നെ കര്‍മങ്ങള്‍ ചെയ്യാന്‍ കഴിയില്ല. അതുകൊണ്‍ട് മരണം അടുത്താല്‍ രാവും പകലും സത്കര്‍മങ്ങളില്‍ മുഴുകി ആരാധനാനിരതനാകണം. അതിനു ബഗ്ദാദിലെ കൃത്യാന്തര ബഹുലത തന്നെ അനുവദിക്കില്ല. കഅ്ബയുടെ ചാരത്ത് അഭയം തേടുകയാണ് ഉത്തമം. ഈ രീതിയിലായിരിക്കണം അദ്ദേഹം ചിന്തിച്ചത്.
ശൈഖ് മകീനുദ്ദീന്‍ അസ്മര്‍ എന്ന മഹാന്റെ കഥയാണ് രണ്‍ടാമത്തേത്. അദ്ദേഹത്തെ വിശിഷ്ട വലിയ്യുമാരായ അബ്ദാലുകളുടെ കൂട്ടത്തിലാണ് ശൈഖ് ശാദുലി (റ) എണ്ണിയിട്ടുള്ളത്. അതില്‍ നിന്നുതന്നെ അദ്ദേഹത്തിന്റെ സ്ഥാനവലിപ്പം മനസിലാക്കാം. അദ്ദേഹത്തിന്റെ സമീപത്തുവെച്ച് ഒരു കവിതയുടെ മൂന്ന് വരികള്‍ ഒരാള്‍ ആലപിക്കുകയുണ്‍ടായി.
മദ്യം കൊണ്‍ട് എനിക്ക് സൌഭാഗ്യം നല്‍കുന്ന വല്ല വ്യക്തിയും ഉണ്‍ടാകുന്നുവെങ്കില്‍ മദ്യപാനത്തിനു ഞാന്‍ നോമ്പു മുറിക്കുന്ന സമയം പ്രതീക്ഷിച്ചു നില്‍ക്കുകയില്ല.
നീ കുടിക്കുന്ന ശ്രേഷ്ഠമായ പാനീയമാണ് മദ്യം. അതുകൊണ്‍ട് നീ കുടിക്കുക. മദ്യം നിനക്ക് കുറ്റങ്ങള്‍ ഏറ്റിവെച്ചാലും, തെളിഞ്ഞ മദ്യം കുടിക്കുന്നതിന്റെ പേരില്‍ എന്നെ അധിക്ഷേപിക്കുന്ന മനുഷ്യാ, സ്വര്‍ഗങ്ങളെല്ലാം നീ എടുത്തോളൂ. എന്നെ നരകത്തില്‍ നിവസിക്കുവാനായി വിട്ടേക്കുക.
ഇതുകേട്ടപ്പോള്‍ സദസ്യരിലൊരാള്‍ ഈ വരികള്‍ പാടാന്‍ പാടില്ലെന്നു പറഞ്ഞു. തദവസരം ശൈഖ് മകീനുദ്ദീന്‍ അസ്മര്‍ അതുപാടിയ വ്യക്തിയോടു പറഞ്ഞു. നീ പാടുക, ഇദ്ദേഹം (ദിവ്യദര്‍ശനത്തില്‍ നിന്നും ദിവ്യാനുരാഗത്തില്‍ നിന്നും) മറക്കപ്പെട്ടവനാകുന്നു (ശര്‍ഹുല്‍ഹികം 2/20). ദിവ്യപണ്ഢിതന്‍മാര്‍ അല്ലാഹു അവര്‍ക്ക് തുറന്നുകൊടുക്കുന്ന ആത്മീയാനുഭൂതികളെ മദ്യംകൊണ്‍ട് ഉദ്ദേശിക്കാറുണ്‍ട്. തദടിസ്ഥാനത്തില്‍ മദ്യവര്‍ണന നടത്താറുമുണ്‍ട്. അപ്പോള്‍ അവര്‍ക്കു അതു നിഷിദ്ധമാവുകയില്ല (കഫ്ഫുറആഅ്, പേജ്: 57). ഈ വീക്ഷണത്തില്‍ പ്രസ്തുത വരികള്‍ക്ക് ഇങ്ങനെ അര്‍ഥകല്‍പന നടത്താം. ദിവ്യവെളിപാടിന്റെ മധുരമദ്യം ലഭിക്കാനുള്ള സൌഭാഗ്യമുണ്‍ടാകുന്നുവെങ്കില്‍ അതു പാനം ചെയ്യുന്നതിന് ഞാന്‍ മറ്റൊരവസരം കാത്തിരിക്കുകയില്ല. എന്തു പ്രതിബന്ധമുണ്‍ടെങ്കിലും താമസംവിനാ ഞാനതു കുടിക്കും. അതു ശ്രേഷ്ഠമായ പാനീയമാണ്. അതു കഴിച്ചു മത്തുപിടിച്ചതിന്റെ പേരില്‍ പ്രകടമാകുന്ന സവിശേഷാവസ്ഥകളുടെ പേരില്‍ ആക്ഷേപങ്ങള്‍ സഹിക്കേണ്‍ടി വന്നാലും. ആ വിശുദ്ധ മദ്യം പാനം ചെയ്യുന്നതിന്റെ പേരില്‍ അധിക്ഷേപിക്കുന്നവരോട് എനിക്ക് പറയാനുള്ളത്, ഈ മദ്യം കഴിച്ചവര്‍ നരകത്തിലും കഴിക്കാത്തവര്‍ മാത്രം സ്വര്‍ഗത്തിലുമാണെങ്കില്‍ ആ മിഥ്യാസ്വര്‍ഗം നീ എടുത്തോളൂ. എനിക്ക് ഈ നരകം മതി എന്നാണ്.
ചുരുക്കത്തില്‍, പ്രതിപാദ്യവിഷയം, ഗായകന്‍, ആലാപനരീതി, ശ്രോതാവിന്റെ മനോഗതി എന്നിവക്കനുസൃതമായി സംഗീതത്തിന്റെ വിധി വ്യത്യാസപ്പെടും. സുന്നത്ത്, ഹറാം, കറാഹത്, മുബാഹ് എന്നിങ്ങനെ നാലിനമാണ് സംഗീതമെന്ന് ഫിഖ്ഹ് പണ്ഢിതന്‍മാരുടെ വിശകലനങ്ങളില്‍ നിന്നു ഗ്രഹിക്കാവുന്നതാണ്. അല്ലാഹുവിനോടും റസൂലിനോടുമുള്ള സ്നേഹപ്രകടനം, സത്കര്‍മത്തിനുള്ള പ്രേരണ, മഹാന്‍മാരെക്കുറിച്ചുള്ള പ്രകീര്‍ത്തനം, സദുപദേശം ആദിയായ നല്ല കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന പാട്ടുകളും സംഗീതങ്ങളും സുന്നത്താണ്. താഴെ കൊടുത്ത ഉദ്ധരണികള്‍ ശ്രദ്ധിക്കുക.
സംഗീതം മനസില്‍ കാപട്യം നട്ടുവളര്‍ത്തുമെന്ന് തിരുവചനത്തില്‍ പറഞ്ഞിട്ടുള്ളത് സ്ത്രീവര്‍ണനപോലെയുള്ള വിഷയങ്ങള്‍ സ്പര്‍ശിക്കുന്ന കവിതകള്‍ ആലപിക്കുന്നതിനെക്കുറിച്ചു മാത്രമാണ്. അല്ലാഹുവിനെയോ അവന്റെ പ്രവാചകനെയോ വര്‍ണിക്കുന്നതും അവരോട് സ്നേഹം പ്രകടിപ്പിക്കുന്നതും ആദിയായ മറ്റു നല്ലകാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ സംഗീതം അതില്‍പെടില്ല. അതു ആരാധനക്കു പ്രേരകമാകുന്നു എന്നതുകൊണ്‍ട് ഇമാം ഗസ്സാലി (റ) യും ഇമാം അദ്റഇ (റ) യും പറഞ്ഞതുപോലെ സത്കര്‍മമായിത്തീരുന്നു. സംഗീതം കൊണ്‍ടു മനസിനു സത്കര്‍മത്തിലേക്ക് ആവേശം നല്‍കുകയാണ് ലക്ഷ്യമെങ്കില്‍ അതു സത്കര്‍മമാണ്. തെറ്റിനു പ്രേരണ നല്‍കുകയാണ് ലക്ഷ്യമെങ്കില്‍ അതു കുറ്റകരമാകുന്നു. നമയും തിന്‍മയും ഉദ്ദേശിച്ചില്ലെങ്കില്‍ അതു ശിക്ഷാര്‍ഹമായ പാപമല്ല എന്നാണ് ഇമാം ഗസ്സാലി (റ) പറഞ്ഞിട്ടുള്ളത് (ശര്‍വാനി 10/218). അദ്റഇ (റ) യുടെ പ്രസ്താവന ഇപ്രകാരമാണ്. ഭാരിച്ച ജോലിയില്‍ ഏര്‍പ്പെടുകയോ ഭാരം ചുമക്കുകയോ ചെയ്യുമ്പോള്‍ പതിവായി നടത്താറുള്ള പാട്ടുകള്‍ അനുവദനീയമാണെന്ന കാര്യത്തില്‍ സംശയമില്ല. അറബി ഗ്രാമീണരുടെ ഒട്ടകഗാനവും സ്ത്രീകള്‍ കുട്ടികളെ സമാശ്വസിപ്പിക്കാന്‍ നടത്തുന്ന താരാട്ടും ഈ ഇനത്തില്‍ പെട്ടതാണ്. ഇത്യാദി ഗാനങ്ങള്‍ അനുവദനീയമാണെന്നു മാത്രമല്ല അതു യാത്രക്കു ഉന്‍മേഷം പകരുകയോ നന്‍മക്കു പ്രചോദനം നല്‍കുകയോ ചെയ്യുന്നുവെങ്കില്‍ സുന്നത്തുകൂടിയാണ്. ഹജ്ജ് യാത്രയിലും യുദ്ധയാത്രയിലും നടത്തുന്ന പാട്ടുകള്‍ ഈ വകുപ്പില്‍പെടുന്നു. സ്വഹാബിമാരില്‍ ചിലര്‍ ആലപിച്ചതായി വന്നിട്ടുള്ള പാട്ടുകള്‍ ഈ രൂപത്തിലുള്ളതാണെന്നു മനസ്സിലാക്കേണ്‍ടതാണ് (തുഹ്ഫ 10/219). ഇമാം ഖുര്‍ത്വുബി (റ) പറയുന്നു: ജോലിയില്‍ ഏര്‍പ്പെടുമ്പോഴും ഭാരം ചുമക്കുമ്പോഴും മരുഭൂമികള്‍ താണ്‍ടിക്കടക്കുമ്പോഴും മനുഷ്യമനസ്സുകള്‍ക്കു ആനന്ദവും ആവേശവും പകരുവാന്‍ വേണ്‍ടി പാട്ടുകള്‍ പാടുന്നത്, അശ്ളീലമോ നിഷിദ്ധ വര്‍ണനയോ ഇല്ലെങ്കില്‍, അനുവദനീയമാണെന്ന കാര്യത്തില്‍ സംശയത്തിനോ അഭിപ്രായാന്തരത്തിനോ വകയില്ല. ഹജ്ജ്-യുദ്ധയാത്രകളിലെ പാട്ടുപോലെ സല്‍പ്രവര്‍ത്തനത്തിനു ആവേശം പകരുമ്പോള്‍ അതു സുന്നത്തുകൂടിയായിത്തീരുന്നു. അതുകൊണ്‍ടാണ് നബി (സ്വ) യും സ്വഹാബിമാരും മദീനാ പള്ളിയുടെ നിര്‍മാണവേളയിലും ഖന്‍ദഖ് കിടങ്ങ് കുഴിക്കുമ്പോഴും പാട്ടുപാടിയത്. അതു പ്രസിദ്ധമാണ്. ഒരു വിവാഹാഘോഷത്തില്‍ സ്ത്രീകളോട് പാട്ടുപാടാന്‍ അവിടുന്ന് കല്‍പിക്കുകയുണ്‍ടായി. ദുന്‍യാവില്‍ വിരക്തിയും ആഖിറത്തില്‍ താത്പര്യവും ജനിപ്പിക്കുന്ന പദ്യങ്ങളും സുന്നത്താണ്. അതു ഏറ്റവും ഉപകാരപ്രദമായ ഉപദേശമാണ്. അതുകൊണ്‍ടുതന്നെ അതിനു ലഭിക്കുന്ന പ്രതിഫലവും ഏറ്റവും വലുതാണ് (കഫ്ഫുറആഅ്, പേജ്: 60).
താഴെ പറയുന്ന കാരണങ്ങളില്‍ വല്ലതുമുണ്‍ടായാല്‍ സംഗീതം ഹറാമാകും. ഉള്ളടക്കത്തിലെ ദൂഷ്യമാണ് ഒന്നാമത്തെ കാരണം. ചില ഉദാഹരണങ്ങള്‍ പറയാം. സാധാരണഗതിയില്‍ തെറ്റിനു പ്രേരകമായ പ്രതിപാദനം നടത്തുക. ഇതാണ് ഒന്നാമത്തെ ഉദാഹരണം. മദ്യം തുടങ്ങിയ നിഷിദ്ധകാര്യത്തെ വര്‍ണിക്കുന്നതും കൌമാരപ്രായത്തിലുള്ള സുന്ദരനെയോ അന്യസ്ത്രീയെയോ സൌന്ദര്യവര്‍ണന നടത്തുന്നതും ഈ ഇനത്തില്‍ പെടുന്നു (തുഹ്ഫ 10/219). സ്ത്രീവര്‍ണന നിഷിദ്ധമാകുന്നത് ഒരു നിശ്ചിത സ്ത്രീയെക്കുറിച്ചാകുകയോ അശ്ളീലരൂപത്തിലാവുകയോ പള്ളിയില്‍വെച്ചാവുകയോ ചെയ്യുമ്പോള്‍ മാത്രമാണ്. അല്ലെങ്കില്‍ ഹറാമില്ല. പക്ഷേ, കേള്‍ക്കുന്നവന്‍ തദവസരം തന്റെ കാമുകിയായ അന്യസ്ത്രീയെ അനുസ്മരിച്ചയവിറക്കിയാല്‍ അവന്‍ കുറ്റക്കാരനാകും. അത്തരക്കാര്‍ സ്ത്രീവര്‍ണന തീരെ കേള്‍ക്കാതിരിക്കുകയാണ് വേണ്‍ടത്. വൈയക്തികമായി അറിയാത്ത സ്ത്രീനാമങ്ങളെ ആധാരമാക്കി സൌന്ദര്യവര്‍ണന നടത്തുന്ന പതിവ് കവികള്‍ക്കുണ്‍ട്. അത് അവരുടെ സാഹിത്യകലക്കു മികവുകൂട്ടുന്നതിനുവേണ്‍ടിയാണ്. അതുകൊണ്‍ട് കുഴപ്പമുണ്‍ടാവില്ലെങ്കില്‍ പാടുന്നതോ കേള്‍ക്കുന്നതോ ഹറാമില്ല. എന്നാല്‍ മദ്യവര്‍ണന നിരുപാധികം നിഷിദ്ധമാണ്. പള്ളിക്കകത്തും പുറത്തും പാടില്ല. കാരണം പെണ്ണ് സാധാരണമായി നിശ്ചിത ഉപാധികളോടെ അനുവദനീയമാകും. മദ്യം അങ്ങനെയല്ല. അതു നിരുപാധികം ഹറാമാണ്. പക്ഷേ, ഒരു മദ്യത്തെ വര്‍ണിക്കാം. അത്യധികം രുചിയുള്ളതും എന്നാല്‍ ലഹരിയില്ലാത്തതുമായ മദ്യം. അതു സ്വര്‍ഗീയ മദ്യമാണ്.
അല്‍മുഹദ്ദബ് എന്ന വിശ്രുത ഫിഖ്ഹ് ഗ്രന്ഥത്തിന്റെ കര്‍ത്താവായ അബൂഇസ്ഹാഖ് ശീറാസീ (റ) അവര്‍കള്‍ ഒരു പൌരപ്രധാനിക്കു മദ്യസ്പര്‍ശിയായ രണ്‍ടുവരികള്‍ ചൊല്ലിക്കേള്‍പ്പിക്കുകയുണ്‍ടായി. അപ്പോള്‍ അയാള്‍ പറഞ്ഞു. ശൈഖ് നീണാള്‍ വാഴട്ടെ. അങ്ങ് മദ്യം അനുവദനീയമാക്കിയല്ലോ. ഞാന്‍ സ്വര്‍ഗത്തിലെ മദ്യം മാത്രമാണ് ഉദ്ദേശിച്ചത് എന്നായിരുന്നു തദവസരം ശീറാസിയുടെ മറുപടി (കഫ്ഫുറആഅ് 55-57).
അശ്ളീലം, വ്യാജം, ഉപദ്രവകരമായ ആക്ഷേപം, പരിഹാസം, പറയാന്‍ വയ്യാത്ത കാര്യങ്ങളുടെ അനാവരണം ആദിയായവയാണ് ഉള്ളടക്കദൂഷ്യത്തിന്റെ മറ്റുദാഹരണങ്ങള്‍ (കഫ്ഫുറആഅ് 50-60). ഇപ്രകാരം ഉള്ളടക്കദൂഷ്യമുള്ള ഗാനങ്ങള്‍ രചിക്കുന്നതും പാടുന്നതും കേള്‍ക്കുന്നതും നിഷിദ്ധമാണ്. ഇത്തരം ഗാനങ്ങളെ ആക്ഷേപിച്ചുകൊണ്‍ട് നിരവധി ഹദീസുകള്‍ വന്നിട്ടുണ്‍ട്. നബി (സ്വ) പറയുന്നു: സംഗീതവും വിനോദവും ഹൃദയത്തില്‍ കാപട്യം വളര്‍ത്തും. വെള്ളം ചെടികളെ വളര്‍ത്തുന്നതുപോലെ. ഖുര്‍ആനും ദിക്റും ഹൃദയത്തില്‍ വിശ്വാസം വളര്‍ത്തും. വെള്ളം സസ്യങ്ങളെ വളര്‍ത്തുന്നതുപോലെ (ദൈലമി). സംഗീതം ഹൃദയത്തില്‍ കാപട്യം വളര്‍ത്തുമെന്ന് നബി (സ്വ) പറഞ്ഞതായി അബൂഹുറൈറ (റ), ഇബ്നുമസ്ഊദ് (റ), ജാബിര്‍ (റ) എന്നീ ഹദീസുപണ്ഢിതന്‍മാര്‍ തങ്ങളുടെ ഹദീസുഗ്രന്ഥങ്ങളില്‍ ഉദ്ധരിച്ചിട്ടുണ്‍ട് (കഫ്ഫുറആഅ് 44-47).


RELATED ARTICLE

  • സര്‍പ്പയജ്ഞം
  • ചൂതാട്ടം, പകിടകളി
  • ചെസ്സുകളി
  • കോഴിപ്പോര്
  • ഒളിച്ചുകളി; ഒളിപ്പിച്ചുകളി
  • പ്രാവുകളി
  • ആന പ്രദര്‍ശനം
  • ആയുധ പന്തയം
  • ഗാനാലാപനം, സംഗീതാസ്വാദനം
  • ഉപകരണ സംഗീതം
  • ഒപ്പന, കോല്‍ക്കളി, ദഫ്
  • സംഗീതത്തിന്റെ നിരോധിത മേഖലകള്‍
  • നിരോധിത സംഗീതങ്ങള്‍
  • കളി കാര്യത്തിന്, വിനോദം ആവശ്യത്തിന്
  • കാളപ്പോരും കാളപൂട്ടും
  • ചീട്ടുകളി
  • ഏപ്രില്‍ ഫൂള്‍
  • റാഗിംഗ് എന്ന പീഡനവിനോദം
  • കളിയും വിനോദവും