Click to Download Ihyaussunna Application Form
 

 

ഗാനാലാപനം, സംഗീതാസ്വാദനം

ബുദ്ധിയാണ് മനുഷ്യന്റെ യഥാര്‍ഥ ജ്ഞാനേന്ദ്രിയം. പഞ്ചേന്ദ്രിയങ്ങള്‍ ബുദ്ധിയുടെ മാധ്യമങ്ങളാണ്. അറിവും ജ്ഞാനവും കൊണ്‍ട് മനുഷ്യബുദ്ധി ആസ്വാദനവും സംതൃപ്തിയും കൊള്ളുന്നത് പോലെ പഞ്ചേന്ദ്രിയങ്ങളും അവക്കു ആസ്വാദ്യകരമായ കാര്യങ്ങള്‍കൊണ്‍ട് ആസ്വാദനം കൊള്ളുന്നു. രസനേന്ദ്രിയം രുചികള്‍കൊണ്‍ടും സ്പര്‍ശനേന്ദ്രിയം മാര്‍ദ്ദവമിനുസാദികള്‍കൊണ്‍ടും, ഘ്രാണേന്ദ്രിയം പരിമളങ്ങള്‍കൊണ്‍ടും ദര്‍ശനേന്ദ്രിയം സുന്ദരദൃശ്യങ്ങള്‍കൊണ്‍ടും ആസ്വാദനം കൊള്ളുന്നതുപോലെ ശ്രവണേന്ദ്രിയം മധുരശബ്ദങ്ങള്‍കൊണ്‍ടും ആസ്വാദനം കൊള്ളുന്നു. അപ്പോള്‍ മനുഷ്യന്റെ ശ്രവണേന്ദ്രിയം, മറ്റു ജ്ഞാനേന്ദ്രിയങ്ങളെപ്പോലെ തന്നെ അതിനു ഗോചരീഭവിക്കുന്ന ആസ്വാദ്യകാര്യങ്ങള്‍കൊണ്‍ട് ആനന്ദിക്കുന്നു. നല്ല ശബ്ദങ്ങളാണ് ആസ്വാദ്യശ്രാവ്യങ്ങള്‍.
മധുരശബ്ദം എല്ലാവര്‍ക്കും ഇഷ്ടകരമാണ്. ചീത്തശബ്ദം ആരും ഇഷ്ടപ്പെടില്ല. അതുകൊണ്ടാണ് ശബ്ദങ്ങളില്‍ ഏറ്റവും അനിഷ്ടകരമായത് കഴുതയുടേതാണെന്ന് വിശുദ്ധ ഖുര്‍ആന്‍ (31:19) വ്യക്തമാക്കിയത്. നല്ല ശബ്ദം ഒരു അനുഗ്രഹമാണ്. മനുഷ്യന് ഒരു അലങ്കാരവും കൂടിയാണത്. അതുകൊണ്‍ടാണ് പ്രവാചകന്‍മാരെ അല്ലാഹു സുമുഖരാക്കിയതുപോലെ മധുരശബ്ദരുമാക്കിയത്. നബി (സ്വ) പറയുന്നു: നല്ല ശബ്ദത്തിന്റെ ഉടമയായിട്ടല്ലാതെ ഒരു പ്രവാചകനെയും അല്ലാഹു നിയോഗിച്ചിട്ടില്ല. നിങ്ങളുടെ പ്രവാചകന്‍ സുമുഖനും സുന്ദരശബ്ദത്തിന്റെ ഉടമയുമാകുന്നു (തുര്‍മുദി, ദാറഖുത്വ്നി). ശബ്ദസൌന്ദര്യത്തോടെ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന അബൂമൂസല്‍ അശ്അരി (റ) യെ നബി (സ്വ) പ്രശംസിച്ച് ഇപ്രകാരം പറയുകയുണ്‍ടായി. ദാവൂദ് നബി (അ) യുടെ സ്വരമാധുര്യം ഇദ്ദേഹത്തിന് നല്‍കപ്പെട്ടിട്ടുണ്ട് (ബുഖാരി, മുസ്ലിം).
മധുരശബ്ദം ചിലപ്പോള്‍ സമതുലിതവും അനുക്രമവുമായിരിക്കും. ചിലപ്പോള്‍ താളലയ ക്രമത്തിനു വഴങ്ങാത്തതും സമതുലിതമല്ലാത്തതുമായിരിക്കും. കവിതയും പാട്ടും സംഗീതവുമെല്ലാം ഒന്നാമിനത്തില്‍ പെടുന്നു. ഈ ഇനത്തില്‍പ്പെട്ട അനുക്രമമായ മധുരശബ്ദത്തിനു മനുഷ്യമനസ്സുകളില്‍ വലിയ സ്വാധീനം ചെലുത്താന്‍ സാധിക്കും. മൃഗങ്ങളിലും കുട്ടികളിലും വരെ അത് സ്വാധീനം ചെലുത്താറുണ്‍ട്. അറബികള്‍ യാത്രാവേളയില്‍ ഒട്ടകങ്ങള്‍ക്കു ആവേശം പകരാന്‍ പാട്ടു പാടാറുണ്‍ടായിരുന്നു. ക്ഷീണവും വിശപ്പും ദാഹവും വകവെക്കാതെ, ആവേശഭരിതമായി ഒട്ടകം നീണ്‍ട വഴിദൂരങ്ങള്‍ താണ്‍ടികടക്കുന്നതിന് അതു കാരണമാകാറുണ്‍ട്. അബൂബക്കര്‍ ദൈനൂരി പറഞ്ഞ ഒരു രസകരമായ കഥ ഇമാം ഗസ്സാലി (റ) ഉദ്ധരിച്ചിട്ടുണ്‍ട്. ഒരു മരുഭൂമിയില്‍ ഞാന്‍ ഒരു അറബി ഗോത്രത്തെ കണ്‍ടു. അവരിലൊരാള്‍ എനിക്കു ആതിഥ്യം നല്‍കി തന്റെ കൂടാരത്തില്‍ പ്രവേശിപ്പിച്ചു. അവിടെ ചങ്ങലയില്‍ ബന്ധിതനായ ഒരു കറുത്ത അടിമയെ കണ്‍ടു. ആ കൂടാരത്തിനു മുന്നില്‍ ഏതാനും കുതിരകള്‍ ചത്തുകിടക്കുന്നു. മരിക്കാറായ ഒരു മെലിഞ്ഞ ഒട്ടകം മാത്രം അവശേഷിച്ചിട്ടുണ്‍ട്. ബന്ധിതനായ ദാസന്‍ എന്നോട് പറഞ്ഞു. നിങ്ങള്‍ അതിഥിയാണ്, നിങ്ങള്‍ക്ക് ചെറിയൊരവകാശമുണ്‍ട്. അതുകൊണ്‍ട് എന്റെ കാര്യത്തില്‍ യജമാനനോട് ശിപാര്‍ശ ചെയ്യണം. അതിഥികളെ ആദരിക്കുന്ന സ്വഭാവക്കാരനാണദ്ദേഹം. അതുകൊണ്‍ട് ഇക്കാര്യത്തില്‍ നിങ്ങളുടെ ശിപാര്‍ശ അദ്ദേഹം തിരസ്കരിക്കുകയില്ല. അദ്ദേഹം എന്നെ മോചിപ്പിച്ചേക്കാം. ആഹാരം കൊണ്‍ടുവന്നപ്പോള്‍ ഞാന്‍ പറഞ്ഞു: ഈ ദാസന്റെ കാര്യത്തില്‍ എന്റെ ശിപാര്‍ശ സ്വീകരിച്ചെന്‍കിലേ ഞാന്‍ ഭക്ഷണം കഴിക്കുകയുള്ളൂ. അപ്പോള്‍ വീട്ടുകാരന്‍ പറഞ്ഞു: ഇവന്‍ എന്നെ ദരിദ്രനാക്കിയിരിക്കുകയാണ്. എന്റെ സമ്പത്ത് മുഴുവന്‍ അവന്‍ നഷ്ടപ്പെടുത്തിയിട്ടുണ്‍ട്. എന്താണെന്ന് അന്വേഷിച്ചപ്പോള്‍ അയാള്‍ പറഞ്ഞു: ഈ ഒട്ടകങ്ങളെ വാഹനമാക്കി ഞാന്‍ ജീവിച്ചുവരികയായിരുന്നു. മധുരശബ്ദത്തിന്റെ ഉടമയായ ഇവന്‍ അവക്കു ഭാരിച്ച ചുമടുകളേറ്റി പാട്ടുപാടി കൊണ്‍ടുപോകാന്‍ തുടങ്ങി. അവന്റെ സ്വരരാഗ മാധുര്യത്തില്‍ പുളകം കൊണ്‍ട ഒട്ടകങ്ങള്‍ മൂന്നു ദിവസത്തെ വഴിദൂരം ഒരു രാത്രികൊണ്‍ട് താണ്‍ടിക്കടന്നു. ചുമടുകള്‍ ഇറക്കി കഴിഞ്ഞപ്പോള്‍ അവ ചത്തു വീഴുകയാണുണ്‍ടായത്. ഈ ഒരെണ്ണം മാത്രം അവശേഷിച്ചു. എന്നിരുന്നാലും താന്‍കള്‍ എന്റെ അതിഥിയാണ്. താന്‍കളോടുള്ള വന്ദനം പരിഗണിച്ച് അവനെ ഞാന്‍ താന്‍കള്‍ക്കുവേണ്‍ടി മോചിപ്പിച്ചിരിക്കുന്നു. ഇതുകേട്ടപ്പോള്‍ അവന്റെ ശബ്ദം കേള്‍ക്കാന്‍ എനിക്കു താത്പര്യം വന്നു. നേരം പുലര്‍ന്നപ്പോള്‍ യജമാനന്റെ കല്‍പന പ്രകാരം വെള്ളം കൊണ്‍ടുവരുന്ന ഒട്ടകത്തിനു വേണ്‍ടി അവന്‍ പാട്ടുപാടാന്‍ തുടങ്ങി. ഒട്ടകം ഇളകിവശായി; കയറുകള്‍ പൊട്ടിച്ചു. ഞാന്‍ തറയില്‍ വീണുപോയി. അതിനേക്കാള്‍ സുന്ദരമായൊരു ശബ്ദം കേട്ടതായി ഓര്‍ക്കുന്നില്ല (ഇഹ്യാ 2/300).
സംഗീതം ചില മൃഗങ്ങളില്‍ ചെലുത്തുന്ന സ്വാധീനമാണ് നാമിവിടെ കണ്‍ടത്. കരയുന്ന കുട്ടിയുടെ വിലാപം നിര്‍ത്തുവാനും അവനെ തൊട്ടിലിലുറക്കുവാനും ഉമ്മയുടെ താരാട്ടിനു കഴിയുന്നു. പാട്ടിന്റെയോ സംഗീതത്തിന്റെയോ ആശയം ഗ്രഹിച്ചത് കൊണ്‍ടല്ല മൃഗം ആവേശം കൊണ്‍ടതും ശിശു ആശ്വാസം പൂണ്‍ടതും. മൃഗത്തിനും ശിശുവിനും അതിനുള്ള കഴിവില്ലല്ലോ. പിന്നെ എന്താണ് ഈ സ്വാധീനത്തിനു കാരണം? അനുക്രമമായ ശബ്ദങ്ങള്‍ ആത്മാക്കളോട് ഔചിത്യം പുലര്‍ത്തുന്നു. അഥവാ സമതുലിതമായ സ്വരരാഗങ്ങള്‍ മനസ്സുകളോട് ഇണക്കം കാണിക്കുന്നു. ഈ ഔചിത്യത്തിലും ഇണക്കത്തിലുമുള്ള ഒരു ഗൂഢരഹസ്യമാണ് ഈ സ്വാധീനത്തിനു കാരണം. അതുകൊണ്‍ട് ഈ സ്വാധീനം അത്്ഭുതകരമാണ്. സ്വരരാഗങ്ങളില്‍ സന്തോഷിപ്പിക്കുന്നവയും ദുഃഖിപ്പിക്കുന്നവയുമുണ്‍ട്. മയക്കുന്നവയും ഉറക്കുന്നവയുമുണ്‍ട്. ചിരിപ്പിക്കുന്നവയും പുളകം കൊള്ളിക്കുന്നവയുമുണ്‍ട്. അപ്രകാരം തന്നെ അവയുടെ ഈണത്തിനൊത്ത് മനുഷ്യാവയവങ്ങളെ ചലിപ്പിച്ചു താളം പിടിപ്പിക്കുന്നവയുമുണ്‍ട് (ഇഹ്യാ 2/300).
മനുഷ്യഹൃദയങ്ങള്‍ രഹസ്യങ്ങളുടെ ഖജനാവുകളും രത്നങ്ങളുടെ ഖനികളുമാണ്. ഹൃദയങ്ങളിലേക്ക് കടക്കാനുള്ള കവാടങ്ങള്‍ കര്‍ണപുടങ്ങളാണ്. ഹൃദയങ്ങളെ ചലിപ്പിച്ചു ഹൃദയരഹസ്യങ്ങള്‍ പുറത്തു കൊണ്‍ടുവരാനുള്ള മാര്‍ഗം ശ്രവണവുമാണ്. ശ്രവണമധുരമായ ഗാനങ്ങള്‍ ഹൃദയങ്ങളില്‍ കുടികൊള്ളുന്ന സദ്വികാരങ്ങളെയും ദുര്‍വികാരങ്ങളെയും പുറത്തുകൊണ്‍ടുവരുന്നതിനു സഹായകമാകുന്നു. ഒരു പാത്രം കുലിങ്ങിയാല്‍ അതിലുള്ള ദ്രവമാണ് സ്രവിക്കുക. ജലചഷകത്തില്‍ നിന്നു ജലവും ക്ഷീരഭാജനത്തില്‍ നിന്നു പാലും മദ്യവീപ്പയില്‍ നിന്നു മദ്യവും. അപ്രകാരം സ്വരരാഗങ്ങള്‍ കൊണ്‍ടു തരളിതമാകുമ്പോള്‍, ഹൃദയച്ചെപ്പുകളില്‍ കുടികൊള്ളുന്നത് നല്ല ചിന്തകളാണെങ്കില്‍, സദ്വികാരങ്ങളും ദുഷ്ചിന്തകളാണെങ്കില്‍ ദുര്‍വികാരങ്ങളുമാണ് ബഹിര്‍ഗമിക്കുക (ഇഹ്യ 2/292). അപ്പോള്‍ പാട്ടുകളും സംഗീതങ്ങളും എല്ലാവരിലും ഒരേ പ്രതികരണമല്ല സൃഷ്ടിക്കുന്നത്. അതു ചിലരില്‍ നല്ല പ്രതികരണം സൃഷ്ടിക്കുമ്പോള്‍ ചിലരില്‍ ചീത്ത പ്രതികരണമാണ് സൃഷ്ടിക്കുന്നത്. ഈ പ്രതികരണത്തിനനുസൃതമായി വിധിവിലക്കുകളിലും വ്യത്യാസമുണ്‍ടാവുക സ്വാഭാവികമാണ്.
ചുരുക്കത്തില്‍ മധുരശബ്ദങ്ങള്‍ വിശിഷ്യാ താളലയങ്ങള്‍ക്കു വിധേയമാകുന്ന അനുക്രമശബ്ദങ്ങള്‍ മനുഷ്യമനസ്സുകളില്‍ വലിയ സ്വാധീനം ചെലുത്തുകയും അവയെ നന്‍മയിലേക്കോ തിന്‍മയിലേക്കോ നയിക്കുകയും ചെയ്യുന്നു. സംഗീതാത്മകമായ അനുക്രമശബ്ദങ്ങളുടെ സ്രോതസ്സുകള്‍ മൂന്നെണ്ണമാണ്. കണ്ഠേതരങ്ങളായ വസ്തുക്കളാണ് ഒന്നാമത്തേത്. നിര്‍ജീവങ്ങളായ അചേതനോപകരണങ്ങളെല്ലാം ഈയിനത്തില്‍പെടുന്നു. ഇവയില്‍ സിംഹഭാഗവും നിഷിദ്ധമാണ്. അപൂര്‍വ്വം ചിലത് അനുവദനീയവും. കുയിലുകള്‍, വാനമ്പാടികള്‍ തുടങ്ങിയ പക്ഷിമൃഗാദികളുടെ കണ്ഠങ്ങളാണ് സംഗീതാത്മകമായ മധുരശബ്ദങ്ങളുടെ രണ്‍ടാമത്തെ സ്രോതസ്സ്. മനുഷ്യേതര ജീവികളുടെ ഇത്യാദി ശബ്ദങ്ങള്‍ ശ്രവിക്കുന്നത് ഹറാമാണെന്ന് ഒരാളും അഭിപ്രായപ്പെട്ടിട്ടില്ല (ഇഹ്യ 2/294). മനുഷ്യകണ്ഠങ്ങളാണ് മധുരഗാനങ്ങളുടെ മൂന്നാമത്തെ ഉറവിടം.
മനുഷ്യകണ്ഠങ്ങളില്‍ നിന്നു പുറത്തുവിടുന്ന മധുരഗാനങ്ങളുടെ തുടക്കം പ്രകൃതിയില്‍ നിന്നാണ്. ഇമാം ഗസ്സാലി (റ) പ്രസ്താവിക്കുന്നു. സംഗീതശബ്ദങ്ങളുടെ അടിസ്ഥാനം മനുഷ്യേതരജീവികളുടെ കണ്ഠങ്ങളാണ്. സംഗീതങ്ങള്‍ വെച്ചിട്ടുള്ളത് അവയുടെ കണ്ഠങ്ങളില്‍ നിന്നു വന്ന ശബ്ദങ്ങള്‍ക്കനുസൃതമായാണ്. അതു കലയുടെ പ്രകൃതിയോടുള്ള അനുകരണമാണ് (ഇഹ്യ 2/296). ഇമാം ഗസ്സാലി (റ) ഒമ്പതു നൂറ്റാണ്‍ടുകള്‍ക്കു മുമ്പ് പറഞ്ഞകാര്യം ആധുനിക സ്വരശാസ്ത്രപണ്ഢിതന്‍മാരുടെ വാക്കുകളില്‍ തെളിഞ്ഞുകാണാം. പുലരിവെട്ടത്തില്‍ ഉറക്കം തെളിഞ്ഞ് പാറിപ്പറക്കുന്ന കിളികളുടെ കളമൊഴി, കാറ്റിലുലയുന്ന ഇളംതളിരുകളുടെ സുഖദമര്‍മരം, ഇല്ലിമുളം തുളകളില്‍ ഒളിച്ചുകളിക്കുന്ന ഇളംകാറ്റിന്റെ ചൂളം വിളി, ഗുഹാന്തരങ്ങളില്‍ ചീറി ചുഴലുന്ന കൊടുന്‍കാറ്റിന്റെ ഹുങ്കാരം, കടലിന്റെ വിരിമാറില്‍ താണ്ഢവം തിമര്‍ക്കുന്ന തിരമാലകളുടെ പൊട്ടിച്ചിരി, ചക്രവാള ചുമരുകളില്‍ മാറ്റൊലികൊള്ളുന്ന മേഘഭീകരന്‍മാരുടെ ഗര്‍ജനം, മൃദുലവും സാന്ദ്രവുമായ സ്വരങ്ങളുടെ നിലക്കാത്ത മേളമാണ് നമുക്ക് ചുറ്റുമുള്ള പ്രകൃതി. സൂക്ഷ്മശ്രുതികളുടെയും സങ്കീര്‍ണതാളങ്ങളുടെയും ഗംഭീരോരമായ ആവാദ്യവൃന്ദത്തില്‍നിന്നു തിരഞ്ഞെടുത്ത സൌഭാഗ്യങ്ങളുടെ സമ്മോഹന സംവിധാനമത്രെ സംഗീതം (സ്വരങ്ങളുടെ ശാസ്ത്രം. ആമുഖം, പേജ്: 4).
ഹൃദ്യവും ഭാവോദ്ദീപകവുമായ ശബ്ദപ്രയോഗമാണ് സംഗീതം. നാദത്തിന്റെ സവിശേഷ വിന്യാസത്തിലാണ് സംഗീതത്തിന്റെ സൌന്ദര്യം. മനുഷ്യര്‍ ഉച്ചരിക്കുന്ന ശബ്ദത്തിന്റെ ഏറ്റവും താണ ശ്രുതി തൊട്ട് ഏറ്റവും ഉയര്‍ന്ന ശ്രുതി വരെയുള്ള വിഭിന്ന ശ്രുതികളെ പ്രതിനിധാനം ചെയ്യുന്ന സപ്തസ്വരങ്ങളുടെ ആരോഹണാവരോഹണങ്ങള്‍, പലതരം വിന്യാസങ്ങള്‍ എന്നിവയിലൂടെയാണ് സംഗീതം ഉണ്‍ടാവുന്നത് (അഖിലവിജ്ഞാനകോശം 4/489). അപ്പോള്‍ സംഗീതത്തിന്റെ അടിസ്ഥാനം സ്വരങ്ങളാണ്. സ്വരങ്ങള്‍ ഏഴാണ്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ഉടലെടുത്ത സംഗീതങ്ങളെല്ലാം അവസാനമായി സപ്തസ്വരങ്ങളില്‍ വന്നു കലാശിച്ചതായി കാണുന്നു. സ, രി, ഗ, മ, പ, ധ, നി എന്നിവയാണ് സപ്തസ്വരങ്ങള്‍ (സ്വരങ്ങളുടെ ശാസ്ത്രം, പേജ്: 5).
സ: ഷഡ്ജം (മയിലിന്റെ ശബ്ദം), രി: ഋഷഭം (കാളയുടെ ശബ്ദം), ഗ: ഗാന്ധാരം (ആടിന്റെ ശബ്ദം), മ: മധ്യമം (കൌഞ്ചത്തിന്റെ ശബ്ദം), പ: പഞ്ചമം (കുയിലിന്റെ ശബ്ദം), ധ: ധൈവതം (കുതിരയുടെ ശബ്ദം), നി: നിഷാദം (ആനയുടെ ചിന്നംവിളി). പാടുമ്പോള്‍ ആദ്യസ്വരമായ ‘സ’ മുതല്‍ അവസാനം നിഷാദത്തിന് ശേഷം ഒരു ‘സ’ കൂടിച്ചേര്‍ത്ത് എട്ടു സ്വരങ്ങള്‍ വരാറുണ്‍ട്. സരിഗമപധനിസ ഇതിന് സ്വരാഷ്ഠകം എന്നു പറയുന്നു. ഏഴ് സ്വരങ്ങളുടെ വൈവിധ്യമാര്‍ന്ന പ്രയോഗ പ്രത്യേകതകളിലൂടെ രാഗങ്ങള്‍ ജനിക്കുന്നു. ഓരോ രാഗത്തിനും നിശ്ചിത സ്വരങ്ങളേ ഉപയോഗിക്കാവൂ എന്ന് നിബന്ധനയുണ്‍ട്. എഴുപത്തിരണ്‍ട് എണ്ണമാണ് അംഗീകരിക്കപ്പെട്ടിട്ടുള്ള രാഗങ്ങള്‍ (മാതൃഭൂമി സംഗീത സ്പെഷ്യല്‍ 22-10-2003).
അപ്പോള്‍ സംഗീതം എന്നത് സാങ്കേതിക സങ്കീര്‍ണതയുള്ള ഒരു പ്രത്യേകകല തന്നെയാണ്. സാധാരണക്കാര്‍ പാടുന്ന സാധാരണപ്പാട്ടുകളുടെ ഗണത്തില്‍ അതിനെ എണ്ണാവതല്ല. അടിസ്ഥാനം കവിതയെങ്കിലും ഈണരാഗങ്ങള്‍ കൊണ്‍ട് കവിതയില്‍ നിന്നും ബഹുദൂരത്താണ് സംഗീതം. പ്രസിദ്ധ ഓറിയന്റലിസ്റും ഭാഷാസാഹിത്യ ചരിത്രകാരനുമായ ജോര്‍ജ്സെയ്ദാന്റെ പ്രസ്താവന കാണുക. സംഗീതം കവിതപോലെയാണ്. രണ്‍ടും മൂലത്തില്‍ ഒന്നുതന്നെ. പക്ഷേ, കവിത വാക്കുകളിലൂടെയും ആശയങ്ങളിലൂടെയും പ്രകൃതിസൌന്ദര്യം വ്യക്തമാക്കുന്നു. സംഗീതമാകട്ടെ ഈണങ്ങളിലൂടെയും രാഗങ്ങളിലൂടെയും അതു വ്യക്തമാക്കുന്നു (1/52). കവിതയും സംഗീതവും ഒരു മൂലത്തില്‍ നിന്നുള്ളതാണ്. കവിതയുടെ പ്രഥമ ആവിഷ്കാരം തന്നെ പരദൈവങ്ങള്‍ക്കും രാജാക്കന്‍മാര്‍ക്കും വേണ്‍ടി പാടുവാനും ആലപിക്കുവാനും വേണ്‍ടിയാണ്. അതുകൊണ്‍ടുതന്നെ ഗ്രീക്കുകാരും റോമക്കാരും കവിത രചിച്ചു എന്നല്ല, കവിത ആലപിച്ചു എന്നാണ് പറയുക. അറബികളും കവിത പാടി എന്നു പറയാറുണ്‍ട് (1/57).
അപ്പോള്‍ കവിതയുടെ സ്ഥാനം സംഗീതത്തിനില്ല. കവിത ആശയപ്രധാനവും സാഹിത്യപ്രധാനവുമാണ്. എന്നാല്‍ സംഗീതം വിനോദപ്രധാനവും ഈണപ്രധാനവുമാണ്. സ്വരരാഗസൌന്ദര്യത്തിനാണ് അവിടെ മുന്‍ഗണന. ബഹുദൈവത്വവും അതുമായി ബന്ധപ്പെട്ട ആരാധനകളും ആചാരങ്ങളുമാണ് സംഗീതത്തിന്റെ മൂലസ്രോതസ്. സപ്തസ്വരങ്ങള്‍ തന്നെ നിലവില്‍ വന്നത് ആരാധനാ രീതിയിലാണത്രെ. അതുകൊണ്‍ട് ശിര്‍ക്കുപോലെ തന്നെ അതിന്റെ സന്തതിയായ സംഗീതസ്വരങ്ങളും ലോകത്തുടനീളം വ്യാപിക്കുകയുണ്‍ടായി. പ്രൊഫസര്‍ ജോര്‍ജ് എന്‍പോള്‍ എഴുതുന്നു: വിശ്വസംഗീതത്തിനു തന്നെ ആധാരമായ ഈ സ്വരങ്ങള്‍ ഒരു സുപ്രഭാതത്തില്‍ ഒരു പ്രാചീന സംഗീതജ്ഞന്‍ ഇരുന്നുപാടി ഉറപ്പിച്ചതാകാന്‍ വഴിയില്ല എന്നു നമുക്കറിയാം. അതേസമയം ഇവയുടെ ഉല്‍പത്തിയെക്കുറിച്ച് ഐതിഹ്യങ്ങളും ആദ്ധ്യാത്മിക കഥകളും ഏറെയുണ്‍ട്. ശ്രീ പാര്‍വതിയുടെ അപേക്ഷപ്രകാരം പരമശിവന്‍ തന്റെ അഞ്ചുമുഖങ്ങളില്‍ നിന്നു പഞ്ചഭൂതങ്ങളെയും സപ്തസ്വരങ്ങളെയും സൃഷ്ടിച്ചു എന്നാണ് സംഗീത ദാമോദരത്തില്‍ പറയുന്നത് (സ്വരങ്ങളുടെ ശാസ്ത്രം, പേജ്: 1). സംഗീത ശാസ്ത്രത്തിന്റെ ഉത്ഭവം ശിവനില്‍ നിന്നാണെന്നാണ് പരമ്പരാഗത വിശ്വാസം എന്നു അഖിലവിജ്ഞാനകോശം (4/490) പറഞ്ഞിട്ടുള്ളതും പ്രസ്തുത ആശയത്തിലേക്കാണ് വിരല്‍ചൂണ്‍ടുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലനിന്നിരുന്ന വിഭിന്ന സംസ്കാരങ്ങളില്‍ വെവ്വേറെ ഉടലെടുത്തു വളര്‍ന്ന സംഗീതങ്ങളെല്ലാം തന്നെ അവസാനമായി സപ്തസ്വരങ്ങളില്‍ വന്നു കലാശിച്ചു എന്നത് വിസ്മയം ഉളവാക്കുന്ന ഒന്നാണ്. സംഗീതം എല്ലാ അതിര്‍വരമ്പുകള്‍ക്കും അതീതമാണെന്നും സാര്‍വ്വദേശീയമാണെന്നും മനസ്സിലാക്കാന്‍ ഇതില്‍കൂടുതല്‍ തെളിവ് ആവശ്യമില്ലല്ലോ (സ്വരങ്ങളുടെ ശാസ്ത്രം, പേജ്: 5).
കൊട്ടും പാട്ടും നൃത്തവും സംഗീതവും കളിയും കൂത്താട്ടവുമെല്ലാം മതവും ആരാധനയുമാക്കിയ ജനസമൂഹങ്ങളെ അനുകരിക്കരുതെന്നാണ് വിശുദ്ധ ഖുര്‍ആനിന്റെ കല്‍പന.
തങ്ങളുടെ മതത്തെ കളിയും വിനോദവുമാക്കിത്തീര്‍ക്കുകയും, ഐഹിക ജീവിതം തങ്ങളെ വഞ്ചിക്കുകയും ചെയ്തിട്ടുള്ളവരെ വിട്ടേക്കുക. ഏതൊരു വ്യക്തിയും താന്‍ പ്രവര്‍ത്തിച്ചതുകാരണമായി, നാശത്തിലേക്ക് തള്ളപ്പെടുന്നതുകൊണ്‍ട്, ഈ ഖുര്‍ആന്‍ മുഖേന താങ്കള്‍ ഉപദേശം നല്‍കുക. അല്ലാഹുവിനു പുറമെ ഒരാള്‍ക്കും യാതൊരു രക്ഷാകര്‍ത്താവും ശിപാര്‍ശകനും ഇല്ലതന്നെ (വിശുദ്ധ ഖുര്‍ആന്‍ 6/70). സംഗീതത്തെ ആരാധനയും ഉത്സവച്ചടങ്ങുമായി മാത്രമല്ല, ദൈവജ്ഞാനത്തിന്റെ മാര്‍ഗമായി കൂടി കാണുന്നവരുണ്‍ട്. 1994ല്‍ ഏറ്റവും നല്ല ഗായകനുള്ള കേരള സംഗീത അക്കാദമിയുടെ പുരസ്കാരം ഏറ്റുവാങ്ങി. ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്റെ അംഗീകാരം നേടി, ഭാരതത്തെ പ്രതിനിധീകരിച്ച് വിദേശത്തെവിടെയും കച്ചേരി നടത്തുവാനുള്ള അവകാശം നേടിയ സംഗീതജ്ഞനായ കടുങ്ങല്ലൂര്‍ ഹരിഹരന്‍ പറയുന്നു: ഈശ്വരനെ അറിയുവാനും ആ പരംപൊരുളില്‍ ലയിക്കുവാനും സംഗീതത്തിനുള്ള സിദ്ധി അപാരമാണ് (മാതൃഭൂമി വാരാന്തപ്പതിപ്പ് 22-9-2002). എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ അത്തരം വിനോദങ്ങളെ ദൈവസ്മരണയില്‍ നിന്നകറ്റി മനുഷ്യനെ ലൌകികലഹരിയില്‍ ലയിപ്പിക്കുമെന്നാണ് സൂചിപ്പിക്കുന്നത്.
തങ്ങളുടെ മതത്തെ വിനോദവും കളിയുമാക്കിത്തീര്‍ക്കുകയും ഐഹികജീവിതം തങ്ങളെ വഞ്ചിതരാക്കുകയും ചെയ്തിട്ടുള്ളവരാണവര്‍. അതുകൊണ്‍ട് അവരുടെ ഈ ദിവസത്തെ (അന്ത്യനാളിനെ) കണ്‍ടുമുട്ടുമെന്നത് അവര്‍ വിസ്മരിച്ചുകളഞ്ഞതുപോലെയും നമ്മുടെ ദൃഷ്ടാന്തങ്ങളെ അവര്‍ നിഷേധിച്ചു തള്ളിക്കളയുന്നവരായിരുന്നതുപോലെയും ഇന്ന് അവരെ നാം വിസ്മരിച്ചുകളയുന്നു (വിശുദ്ധ ഖുര്‍ആന്‍ 7/51).
ഒരു വിഭാഗം സംഗീതത്തെ ദൈവഭക്തിയുടെയും മതാചാരത്തിന്റെയും ആരാധനയുടെയും ഭാഗമായി കണ്‍ടപ്പോള്‍ മറ്റൊരു വിഭാഗം സുഖലോലുപതയുടെയും ജീവിതാസ്വാദനത്തിന്റെയും മുഖ്യഭാഗമായാണ് കാണുന്നത്. അതിന്റെ അഭാവത്തില്‍ സുഖനിദ്ര നഷ്ടപ്പെടുന്നവരും സുഖജീവിതം തന്നെ നഷ്ടപ്പെടുന്നവരുമുണ്‍ട്. ചിലരുടെ ഉപജീവനം സംഗീതമാണെങ്കില്‍ പലരുടെയും ജീവിതം തന്നെ സംഗീതാസ്വാദനമാണ്. അവര്‍ക്കു ഉറങ്ങാനും ഉണരാനും സംഗീതം വേണം. തിന്നാനും കുടിക്കാനും ജോലി ചെയ്യുവാനും വിശ്രമിക്കാനും സംഗീതം വേണം. ശരീരേഛയാണ് അവരുടെ ദൈവം. ആ ദൈവത്തെ അവര്‍ സര്‍വ്വാത്മനാ അനുസരിക്കുന്നു. ആരാധിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:
സ്വന്തം ഇഛയെ തന്റെ ദൈവമാക്കി മാറ്റിയവനെ താങ്കള്‍ കണ്‍ടുവോ? അവന്റെ ചുമതലയേറ്റെടുത്തവനാകുവാന്‍ താങ്കള്‍ക്കു സാധിക്കുമോ? (വി. ഖു. 25/43).
ഏതൊരുവന്റെ ഹൃദയത്തെ നമ്മുടെ സ്മരണയില്‍ നിന്നു നാം അശ്രദ്ധമാക്കുകയും അവന്‍ തന്റെ ഇഛയെ പിന്തുടരുകയും അവന്റെ കാര്യം അതിരുകവിയുകയും ചെയ്തിരിക്കുന്നുവോ അവനെ താന്‍കള്‍ അനുസരിച്ചുപോകരുത് (വി. ഖു. 18/28).
എല്ലാ പാട്ടും സംഗീതവും നിഷിദ്ധമാണെന്നു പറയാവതല്ല. എന്നാല്‍ എല്ലാം അനുവദനീയമാണെന്നും പറയാവതല്ല. നല്ല ശബ്ദം ഇഷ്ടകരമാണ്. നല്ല ഈണം സന്തോഷകരമാണ്. അതു നല്ല കാര്യങ്ങള്‍ക്കെങ്കില്‍ വിശേഷിച്ചും. നബി (സ്വ) യുടെ സാന്നിധ്യത്തിലും സ്വഹാബിമാരുടെ സവിധത്തിലും സമുന്നത താബിഉകളുടെ സന്നിധാനത്തിലും ഗാനം ആലപിക്കപ്പെട്ടിട്ടുണ്‍ട്. അവരാരും അതു വിലക്കിയിട്ടില്ല. എന്നാല്‍, പാട്ടിനെയും സംഗീതത്തെയും നിരോധിച്ചുകൊണ്‍ടുള്ള ചില ഹദീസുകളും പണ്ഢിതപ്രസ്താവനകളും കാണാം. മുകളില്‍ പറഞ്ഞ അംഗീകാരവും രണ്‍ടാമതു പറഞ്ഞ നിരോധനവും തമ്മില്‍ വൈരുദ്ധ്യമുണ്‍ടോ? ഇല്ലെന്നതാണ് സത്യം. പാടുന്നവരുടെയും കേള്‍ക്കുന്നവരുടെയും വിഷയങ്ങളുടെയും ശൈലികളുടെയും അതിനു താളമേളയൊരുക്കുന്ന ഉപകരണങ്ങളുടെയും നിലയനുസരിച്ചു സംഗീതത്തിന്റെ വിധി വ്യത്യാസപ്പെടും. അതുകൊണ്‍ട് സംഗീതം ചിലപ്പോള്‍ അഭികാമ്യവും (സുന്നത്ത്) മറ്റുചിലപ്പോള്‍ അനഭികാമ്യവും (കറാഹത്ത്) വേറെ ചില സന്ദര്‍ഭങ്ങളില്‍ നിഷിദ്ധവും (ഹറാം) ഇനിയും ചില വേളയില്‍ അനുവദനീയവും (മുബാഹ്) ആയിവരും.


RELATED ARTICLE

  • സര്‍പ്പയജ്ഞം
  • ചൂതാട്ടം, പകിടകളി
  • ചെസ്സുകളി
  • കോഴിപ്പോര്
  • ഒളിച്ചുകളി; ഒളിപ്പിച്ചുകളി
  • പ്രാവുകളി
  • ആന പ്രദര്‍ശനം
  • ആയുധ പന്തയം
  • ഗാനാലാപനം, സംഗീതാസ്വാദനം
  • ഉപകരണ സംഗീതം
  • ഒപ്പന, കോല്‍ക്കളി, ദഫ്
  • സംഗീതത്തിന്റെ നിരോധിത മേഖലകള്‍
  • നിരോധിത സംഗീതങ്ങള്‍
  • കളി കാര്യത്തിന്, വിനോദം ആവശ്യത്തിന്
  • കാളപ്പോരും കാളപൂട്ടും
  • ചീട്ടുകളി
  • ഏപ്രില്‍ ഫൂള്‍
  • റാഗിംഗ് എന്ന പീഡനവിനോദം
  • കളിയും വിനോദവും