Click to Download Ihyaussunna Application Form
 

 

ചീട്ടുകളി

നബി(സ്വ) പ്രസ്താവിക്കുന്നു: മനുഷ്യന്‍ നേരമ്പോക്കിനായി നടത്തുന്ന എല്ലാ വിനോദവും അബദ്ധമാണ്. അവന്റെ വില്ലുപയോഗിച്ചുള്ള അസ്ത്രമെയ്ത്ത്, കുതിരക്കു പരിശീലനം നല്‍കല്‍, ഭാര്യയുമായുള്ള വിനോദം എന്നിവയൊഴിച്ച് (തുര്‍മുദി, ഇബ്നുമാജ, ദാരിമി, അഹ്മദ്). വിനോദത്തിലെ ന്യായവും അന്യായവും വേര്‍തിരിക്കുന്നതിനുള്ള അടിസ്ഥാന മാനദണ്ഢമാണ് ഈ തിരുവചനം. കാരണം, മതത്തിന്റെ വീക്ഷണത്തില്‍ ഇഹത്തിലോ പരത്തിലോ ഒരു ഗുണവും നല്‍കാത്ത വല്ല വിനോദത്തിലും ഒരാള്‍ വ്യാപൃതനാകുന്നുവെങ്കില്‍ അതു അബദ്ധമാണ്, അന്യായമാണ്. അത് ആക്ഷേപാര്‍ഹവുമാണ്. മൂന്നു വിനോദങ്ങള്‍ അവയില്‍ നിന്നൊഴിവാണ്. അവ മൂന്നും നേരമ്പോക്കിനും വിനോദത്തിനും വേണ്‍ടി നടത്തിയാലും സുബദ്ധമാണ്. കുതിര യുദ്ധവാഹനമാണ്, അസ്ത്രമെയ്ത്തു ശീലിക്കുന്നതും യുദ്ധത്തിനു സഹായകമാണ്. ഭാര്യയുമായുള്ള സല്ലാപം അല്ലാഹുവിന്റെ ഏകത്വം അംഗീകരിച്ചു അവനെ ആരാധിക്കുന്ന വിശ്വാസികളായ സന്താനങ്ങള്‍ക്കു ജന്‍മം നല്‍കുന്നതിനു പ്രേരകമാകുന്നു. അതുകൊണ്‍ട് ഈ മൂന്നു വിനോദങ്ങളും സുബദ്ധങ്ങളാകുന്നു. ന്യായമാകുന്നു (കഫ്ഫുറആഅ്, ഇബ്നുഹജര്‍ 145).

അപ്പോള്‍ നന്‍മക്കു പ്രചോദകമായ ഉപര്യുക്തവിനോദങ്ങള്‍ യുക്തവും പ്രോത്സാഹനാര്‍ഹവുമാണെന്നു വന്നു. പ്രോത്സാഹനാര്‍ഹമല്ലാത്ത മറ്റുള്ള വിനോദങ്ങള്‍ രണ്‍ടു വിധമുണ്‍ട്. അനുവദനീയവും അനനുവദനീയവും. അനുവദനീയമായവ തന്നെ, അനഭികാമ്യങ്ങളാണ്, കറാഹത്താണ്; വര്‍ജ്ജനമാണുത്തമം. ഒന്നാമിനത്തില്‍ പെട്ടതാണ് ചതുരംഗം അഥവാ ചെസ്സ്. അതു കറാഹത്തെങ്കിലും മുമ്പുപറഞ്ഞ ഉപാധികളോടെ അനുവദനീയമാണ്. രണ്‍ടാമിനത്തില്‍ പെട്ടതാണ് പകിടകളി. അതു ചൂതാട്ട സ്വഭാവത്തിലല്ലെങ്കിലും ഹറാമുതന്നെ. ഇതു രണ്‍ടുമാണ് വിനോദങ്ങളില്‍ അനുവദനീയവും നിഷിദ്ധവും വിവേചിക്കാനുള്ള മാനദണ്ഢം. ചെസ്സിന്റെ സ്വഭാവത്തില്‍ പെട്ടതെല്ലാം അതിനുപറഞ്ഞ ഉപാധികളോടെ അനുവദനീയവും, പകിടയുടെ സ്വഭാവത്തില്‍ പെട്ടതെല്ലാം ഹറാമാണ്. ഈ രണ്‍ടു കളികള്‍ക്കും തമ്മില്‍ അന്തരം കുറിക്കുന്ന വൈപരീത്യമെന്താണ്? ആ വൈപരീത്യമാണ് നേരമ്പോക്കിനു നടത്തുന്ന വിനോദങ്ങളുടെ അനുവദനീയ-അനനുവദനീയതകളുടെ അച്ചുതണ്‍ട്.

ചെസ്സിലെ വിജയം സുചിന്തിതമായ ആസൂത്രണത്തെയും ധൈഷണികമായ കൌശലത്തെയും ആശ്രയിച്ചിരിക്കുന്നതുകൊണ്‍ട് ആ വിനോദം ബുദ്ധിവികാസത്തെയും ചിന്താശീലത്തെയും ആസൂത്രണപാടവത്തെയും വളര്‍ത്തുന്നു. ഈ രീതിയിലുള്ള എല്ലാ വിനോദങ്ങളും വിധിയില്‍ ചെസ്സിന്റെ ഗണത്തില്‍ പെടുന്നു; അനുവദനീയമാകുന്നു. എന്നാല്‍, കേവലം ഭാഗ്യത്തെ മാത്രം ആസ്പദിച്ചാണിരിക്കുന്നത് പകിടയിലെ വിജയം. ഇവ്വിധം ലക്കിനെ മാത്രം ആശ്രയിക്കുന്ന എല്ലാ വിനോദവും വിധിയില്‍ പകിട വിനോദത്തിന്റെ ഗണത്തില്‍ പെടുന്നു; ഹറാമാകുന്നു (തുഹ്ഫ 10/216, മുഗ്നി 4/428, കഫ്ഫുറആഅ് 160).

ചെസ്സും പകിടയും തമ്മിലുള്ള ഈ അന്തരം നിഷ്പക്ഷ ചിന്തകരെല്ലാം അംഗീകരിച്ചിട്ടുണ്‍ട്. ചെസ്സിനെക്കുറിച്ച് സര്‍വ്വവിജ്ഞാനകോശത്തിന്റെ അഭിപ്രായം കാണുക: കുശാഗ്രബുദ്ധിയും ഏകാഗ്രതയും ഓര്‍മശക്തിയും ആവശ്യപ്പെടുന്ന ചെസ്സ് ഗൌരവമേറിയ കളികളില്‍ ഒന്നാണ്. ബുദ്ധിശാലികളുടെ വിനോദം എന്ന ബഹുമതി ചെസ്സിനുണ്‍ട് (11/183). ഇതോടൊപ്പം പകിടകളിയെക്കുറിച്ചുള്ള അഖിലവിജ്ഞാനകോശത്തിന്റെ പ്രസ്താവനയും കൂട്ടിച്ചേര്‍ത്ത് വായിക്കുക: പ്രായഭേദമോ സ്ത്രീപുരുഷഭേദമോ ഇല്ലാതെ ഏര്‍പ്പെടാവുന്ന വിനോദമാണ് പകിടകളി. ഭാഗ്യനിര്‍ഭാഗ്യങ്ങളെ ആശ്രയിച്ചുള്ളതാകയാല്‍ ഇത് ഭാഗ്യകളിയാണ് (3/644). അപ്പോള്‍ നിരോധിത കളികളില്‍ നിന്ന് നബി(സ്വ) ഒഴിച്ചുനിര്‍ത്തിയ മൂന്നിനം വിനോദങ്ങളുടെ കൂട്ടത്തില്‍ ചെസ്സിനെ ഉള്‍പ്പെടുത്താവുന്നതാണ്. കാരണം, യുദ്ധതന്ത്രങ്ങള്‍, ഇച്ഛാശക്തിയുടെ സമ്പാദന മാര്‍ഗങ്ങള്‍, സൈനികാസൂത്രണം എന്നീ കാര്യങ്ങളില്‍ അത് അവബോധം നല്‍കുന്നു. ഇതിനു പ്രേരകമായ വിനോദം യുദ്ധായുധമോ യുദ്ധവാഹനമോ ഉപയോഗിച്ചുള്ള മത്സരവിനോദം പോലെ സുന്നത്തും, അഭികാമ്യവുമാണെന്ന് പറയാവതല്ലെങ്കിലും നിഷിദ്ധമോ നിരോധിതമോ ആകാവതല്ല (അല്‍ ഹാവീ, ഇമാം മാവര്‍ദി 17/179).

ചൂതുകളിയുടെയും പകിട വിനോദത്തിന്റെയും സ്വഭാവത്തിലുള്ള ഒരു വിനോദമാണ് ചീട്ടുകളി. ലോകത്തിലെ എല്ലാ രാജ്യങ്ങളിലും പ്രചാരത്തിലുള്ളതാണ് ചീട്ടുകളി. ചൈന, ഇന്ത്യ, അറേബ്യ തുടങ്ങിയ നാടുകളില്‍ വളരെ വര്‍ഷങ്ങള്‍ക്കു മുമ്പേ ചീട്ടുകളി പ്രചരിച്ചിരുന്നു. എ.ഡി. 969-ല്‍ ചൈനയില്‍ ചീട്ടുകളി നിലവിലുണ്‍ടായിരുന്നതായി പറയപ്പെടുന്നു. പതിനാലാം നൂറ്റാണ്‍ടി ലാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ ചീട്ടുകളിയുടെ ആരംഭം. പക്ഷേ, വളരെവേഗം അത് മറുനാടുകളിലുമെത്തി. ഇന്ന് വര്‍ഷം പ്രതി കോടിക്കണക്കിനു ചീട്ടുകെട്ടുകള്‍ നിര്‍മിക്കപ്പെടുന്നു. ഫ്രാന്‍സിലും സ്പെയിനിലും ഗവണ്‍മെന്റുതന്നെ ചീട്ടുകെട്ടുകള്‍ നിര്‍മിക്കുകയും വില്‍പന നടത്തുകയും ചെയ്യുന്നു. നേരമ്പോക്കിനു തുടങ്ങിയ ചീട്ടുകളി ഇന്നു പണം വെച്ചുള്ള ഒരു കളി എന്നതിലേക്കു മാറിയിട്ടുണ്‍ട്. സ്വദേശി-വിദേശി ഇനങ്ങളിലായി ഇന്ത്യയില്‍ മാത്രം വര്‍ഷംപ്രതി അഞ്ചുകോടി രൂപയുടെ ചീട്ടുകെട്ടുകള്‍ വില്‍പനയാകുന്നുണ്‍ടത്രെ (മലയാള മനോരമ, സണ്‍ഡേ സപ്ളിമെന്റ് 26-9-1982). ഈ കണക്കിന് 28 വര്‍ഷത്തെ പഴക്കമുണ്‍ടെന്നത് ശ്രദ്ധിക്കുക.

ഇസ്പേഡ്, ആഡുതേന്‍, ഡൈമണ്‍, ക്ളാവര്‍ എന്നിങ്ങനെ നാലു ഇനങ്ങളിലായി തിരിച്ചിട്ടുള്ള 52 ചീട്ടുകളാണ് ഇന്നത്തെ മിക്ക കളിയുടെയും അടിസ്ഥാനം. കോമാളി എന്ന 53-ാമത്തെ ചീട്ടും ചില കളികളിലുണ്‍ട്. നിരവധിയിനം ചീട്ടുകളികള്‍ നിലവിലുണ്‍ട്. റമ്മി, കനാസ്റ, കോണ്‍ട്രാക്ട് ബ്രിഡ്ജ്, പോക്കര്‍, ഹാര്‍ട്ട് തുടങ്ങിയവ ഇതില്‍ ചിലതുമാത്രമാണ്. മനുഷ്യരെ അലസരാക്കുന്നു എന്ന കാരണം പറഞ്ഞ് പല രാജാക്കന്‍മാരും ചീട്ടുകളി നിരോധിച്ചിട്ടുണ്‍ട് എന്ന് അഖിലവിജ്ഞാനകോശം (3/285) പറയുമ്പോള്‍ നിയമനടപടികളിലൂടെ ചീട്ടുകളി നിരോധിക്കാന്‍ പല ഭരണാധികാരികളും ശ്രമിച്ചിട്ടുണ്‍ടെങ്കിലും അവയൊന്നും ഫലവത്തായിട്ടില്ല, എന്ന് സര്‍വ്വവിജ്ഞാനകോശം (11/58) പരിഭവപ്പെടുന്നു.

ചൂതുകളി പോലെയും പകിടകളി പോലെയും മനുഷ്യനെ അലസനും ദൂര്‍ത്തനും ദുര്‍മോഹിയുമാക്കിത്തീര്‍ക്കുകയും മനുഷ്യജീവിതത്തിനു തന്നെ പലപ്പോഴും ഭീഷണിയായിത്തീരുകയും ചെയ്യുന്ന ഒരു വിനോദമാണ് ചീട്ടുകളി. ഇതു ചെസ്സുകളി പോലെ ധൈഷണികമല്ല. പകിടകളി പോലെ കേവലം ഭാഗ്യത്തെ ആശ്രയിച്ചിരിക്കുന്നു ചീട്ടുകളിയുടെ ജയം. നല്ല കൈയും ബുദ്ധിയും ചീട്ടുകളിയുടെ വിജയത്തിന് അനിവാര്യമാണെന്നു പറയുന്നത് ഒരു വിധത്തില്‍ ശരിയാണ്. കാരണം, വ്യവസ്ഥാപിതമായ ഏതൊരു കളിയിലും വിജയം വരിക്കണമെങ്കില്‍ നല്ല കൈയും ബുദ്ധിയും വേണം. പക്ഷേ, ചെസ്സിലെന്നപോലെ ശക്തമായ ബുദ്ധിപ്രയോഗത്തെ മാത്രം ആശ്രയിച്ചല്ല ചീട്ടുകളിയിലെ വിജയം നിലകൊള്ളുന്നത്.

സര്‍വ്വവിജ്ഞാനകോശം പത്രാധിപസമിതി അംഗമായ ഗിരീഷ് പുലിയൂര്‍ എഴുതുന്നതു കാണുക: ഇന്ത്യയില്‍ വര്‍ത്തുളാകൃതിയിലുള്ള ചീട്ടുകള്‍ ചെസ്ബോര്‍ഡില്‍ നിര്‍ത്തി കളിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. അതു ബുദ്ധിശക്തിയെ മാത്രം അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ഒരുപക്ഷേ, ഇതില്‍ നിന്നാകാം നിമിത്തം മാനദണ്ഢമായിത്തീര്‍ന്ന ഇന്നത്തെ ചീട്ടുകളിയുടെ ആവിര്‍ഭാവം (11/58). അപ്പോള്‍ ഇന്നു പ്രചാരത്തിലുള്ള ചീട്ടുകളി സൂക്ഷ്മജ്ഞരായ പണ്ഢിതന്‍മാര്‍ പറഞ്ഞതുപോലെ, കേവലം ഭാഗ്യത്തെ മാത്രം ആധാരമാക്കിയുള്ളതാണ്. അതുകൊണ്‍ട്, തീക്ഷ്ണമായ ബുദ്ധിവ്യാപാരത്തെ ആശ്രയിക്കുന്ന ചെസ്സിന്റെ ഇനത്തിലല്ല, ലക്കിനെ ആധാരമാക്കുന്ന പകിടയുടെ ഇനത്തിലാണ് ചീട്ടുകളിയെ എണ്ണേണ്‍ടത്. ചീട്ടുകളി ഇതനുസരിച്ച് ഹറാമാണെന്നു പറയേണ്‍ടതില്ലല്ലോ. പണം വെച്ചാണ് കളിയെങ്കില്‍ ചൂതാട്ടം എന്ന ഹറാമുകൂടി വന്നുചേരുന്നു.

ചീട്ടുകളി ഒരു ശാപമാണ്; വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും. നിര്‍മാണാത്മകവും ഉപകാരപ്രദവുമായ കാര്യത്തില്‍ വ്യാപൃതമാകേണ്‍ട സമയം, ബുദ്ധിയും കരങ്ങളുമെല്ലാം അനാവശ്യവും ഉപദ്രവകരവുമായ കാര്യങ്ങളിലേക്ക് തിരിച്ചുവിടുകയാണിവിടെ. എല്ലാ ഉത്തരവാദിത്തങ്ങളും മറന്നുകൊണ്‍ട് ശ്വാസമടക്കിപ്പിടിച്ച് ഉത്കണ്ഠയുടെ മുള്‍മുനയില്‍ നിന്നുകൊണ്‍ടുള്ള ചീട്ടുകളി എപ്പോഴും വഴക്കിനും വക്കാണത്തിനും ഇടവരുത്തുന്നു; പലപ്പോഴും കയ്യാങ്കളിക്കും, ചിലപ്പോള്‍ കൊലപാതകത്തിനും. ചീട്ടുകളിച്ചു തുലഞ്ഞു കുടുംബത്തെ നിരാലംബമാക്കിയ എത്ര ഹതഭാഗ്യരായ കളിക്കാരുണ്‍ട്. എല്ലാം നഷ്ടപ്പെട്ടു അവസാനം ഒരു കഷ്ണം കയറിന്റെ തുമ്പില്‍ ജീവനൊടുക്കിയ എത്ര ചിന്താശൂന്യരുണ്‍ട്?!


RELATED ARTICLE

 • സര്‍പ്പയജ്ഞം
 • ചൂതാട്ടം, പകിടകളി
 • ചെസ്സുകളി
 • കോഴിപ്പോര്
 • ഒളിച്ചുകളി; ഒളിപ്പിച്ചുകളി
 • പ്രാവുകളി
 • ആന പ്രദര്‍ശനം
 • ആയുധ പന്തയം
 • ഗാനാലാപനം, സംഗീതാസ്വാദനം
 • ഉപകരണ സംഗീതം
 • ഒപ്പന, കോല്‍ക്കളി, ദഫ്
 • സംഗീതത്തിന്റെ നിരോധിത മേഖലകള്‍
 • നിരോധിത സംഗീതങ്ങള്‍
 • കളി കാര്യത്തിന്, വിനോദം ആവശ്യത്തിന്
 • കാളപ്പോരും കാളപൂട്ടും
 • ചീട്ടുകളി
 • ഏപ്രില്‍ ഫൂള്‍
 • റാഗിംഗ് എന്ന പീഡനവിനോദം
 • കളിയും വിനോദവും