Click to Download Ihyaussunna Application Form
 

 

കോഴിപ്പോര്

മനുഷ്യന് കാണാനും പഠിക്കാനും ആസ്വദിക്കാനും സഹായകമായ എണ്ണമറ്റ അത്ഭുതദൃശ്യങ്ങള്‍ ഭൂമുഖത്തുണ്‍ട്. പോരെങ്കില്‍ കണ്ണുതുറന്ന് വിണ്ണിലേക്ക് നോക്കിയാല്‍ ചിന്തക്കും ആസ്വാദനത്തിനും യോഗ്യമായ പലതും കാണാം. കരയിലും കടലിലും അന്തരീക്ഷത്തിലും നയനപര്യടനം നടത്തിയാല്‍ ജനങ്ങളുടെ സൌഹൃദപ്രകടനങ്ങളുടെയും ഇണക്കപിണക്കങ്ങളുടെയും സംഘട്ടനങ്ങളുടെയും ആസ്വാദ്യകരമായ സ്വാഭാവിക ദൃശ്യങ്ങള്‍ സുലഭമായി കാണാം. എന്നാല്‍ ഇതിലൊന്നും സംതൃപ്തരാകാത്ത ചില ദുഷ്ടമനസ്കര്‍ കണ്‍ടുപിടിച്ചിട്ടുള്ള ക്രൂരവിനോദങ്ങളിലൊന്നാണ് കോഴിപ്പോര്.

ഇന്ത്യയിലടക്കം പണ്‍ടുമുതലേ പ്രചാരം നേടിയ ഒരു വിനോദമാണിത്. കോഴികളുടെ പൂര്‍വ്വീകരെല്ലാം കാട്ടുകോഴികളായിരുന്നുവെന്നും, കോഴിപ്പോര് എന്ന വിനോദമാകണം കാട്ടുകോഴികളെ ഇണക്കിവളര്‍ത്താന്‍ മനുഷ്യനെ പ്രേരിപ്പിച്ചതെന്നുമുള്ള ജന്തുശാസ്ത്രജ്ഞരുടെ നിഗമനം ഈ വിനോദത്തിന്റെ പൌരാണികതയിലേക്കും പ്രാചീനതയിലേക്കുമാണ് വിരല്‍ ചൂണ്‍ടുന്നത്. മധ്യകാല കേരളത്തില്‍ ഭടന്‍മാര്‍ അങ്കം വെട്ടുന്നതിനു മുമ്പ് കോഴിയങ്കം നടത്തുമായിരുന്നുവത്രെ. കോഴിയങ്കത്തിലെ ജയം അങ്കവിജയസൂചകമായി കരുതിപ്പോന്നിരുന്നു.

ഇന്ത്യയുള്‍പ്പെടെ ലോകത്തെങ്ങും ഇന്ന് കോഴിപ്പോര് നിരോധിച്ചിട്ടുണ്‍ട്. മത്സരത്തില്‍ ആവേശം അതിരുകടക്കുമ്പോള്‍ അതു നാടിന്റെ പ്രശ്നമാകുന്നു. ക്രമസമാധാന പ്രശ്നമായി വളര്‍ന്നുവന്ന ചരിത്രവും കോഴിപ്പോരു മത്സരങ്ങള്‍ക്കുണ്‍ട്. അങ്ങനെ അങ്കക്കലിയും വാതുവെപ്പുമൊക്കെ മുറുകി മനുഷ്യര്‍ തന്നെ അങ്കംവെട്ടാന്‍ തുടങ്ങിയപ്പോഴാണ് സര്‍ക്കാരിനു കോഴിയങ്കം നിയമംമൂലം നിരോധിക്കേണ്‍ടി വന്നത്. ഇന്ത്യയിലെ ശിക്ഷാനിയമം 428, 429 വകുപ്പുകളിലും മൃഗപീഢന നിയമം 11-ാം വകുപ്പിലും കോഴിപ്പോരു നടത്തുന്നവരെ അറസ്റുചെയ്യാന്‍ നിയമമുണ്‍ട്. എന്നിട്ടും ഒറീസ, ആന്ധ്രാപ്രദേശ്, ബീഹാര്‍, തമിഴ്നാട്, പാലക്കാട് എന്നിവിടങ്ങളിലെ ഗ്രാമങ്ങളില്‍ കോഴിപ്പോര് നടക്കുന്നുണ്‍ട്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് തമിഴ്ഗ്രാമങ്ങളില്‍ കോഴിയങ്കം നടക്കുന്നത്. തിരുച്ചി, തഞ്ചാവൂര്‍, മധുരൈ, പുതുക്കോട്ട ജില്ലകളിലാണ് കോഴിപ്പോര് മത്സരങ്ങള്‍ ഏറിയകൂറും നടക്കുന്നത്. പൊള്ളാച്ചി, മീനാക്ഷിപുരം തുടങ്ങിയ സ്ഥലങ്ങളിലും പാലക്കാട് ജില്ലയിലെ തമിഴ്നാടിനോട് ചേര്‍ന്നു കിടക്കുന്ന ചില ഗ്രാമങ്ങളിലും കോഴിപ്പോര് മത്സരങ്ങള്‍ നടക്കാറുണ്‍ട്.

തിരഞ്ഞെടുത്ത് പരിശീലനം നല്‍കിയ പൂവന്‍കോഴികളെക്കൊണ്‍ട്, വാശിയോടെ അന്യോന്യം പൊരുതിക്കുന്ന ഒരു വിനോദമാണ് കോഴിപ്പോര്. പ്രാകൃതരായ ഗ്രാമീണര്‍ ഒരു നേരമ്പോക്കിനായി തുടങ്ങിയ ഈ വിനോദം ഇന്ന് ചൂതുകളി വ്യവസായമായി മാറിയിട്ടുണ്‍ട്. ആദ്യമെല്ലാം വളര്‍ത്തുകോഴികളെയാണ് പോരിനുവേണ്‍ടി പോര്‍ക്കളത്തിലിറക്കിയിരുന്നത്. സംഘടിതമായ ഒരു വിനോദം എന്ന നിലയില്‍ കോഴിപ്പോരിന് പ്രചാരം ലഭിച്ചതോടെ മെയ്യൊതുക്കവും സമരാസക്തിയുമുള്ള പോരുകോഴികളെ പ്രത്യേകം വളര്‍ത്തിയെടുക്കുന്ന സമ്പ്രദായം ആരംഭിച്ചു. പ്രകൃതിദത്തമായ ചുണ്‍ടും കാലിലെ നഖങ്ങളും മുള്ളും ഉപയോഗിച്ച്, ജന്‍മവാസന പ്രകാരം പൊരുതിവന്നിരുന്ന പൂവന്‍കോഴികളെ പുതിയ പയറ്റുകള്‍ പരിശീലിപ്പിക്കുക, അവയുടെ നഖങ്ങളിലും, മുള്ളിലും അള്ളുകള്‍ എന്ന പേരില്‍ കൂര്‍ത്തുമൂര്‍ത്ത ലോഹനിര്‍മിതമായ നഖങ്ങളും മുള്ളുകളും വെച്ചുപിടിപ്പിക്കുക തുടങ്ങിയ സമ്പ്രദായങ്ങള്‍ക്കു പ്രചാരം ലഭിച്ചു.

ചെറുപ്പത്തിലേ കോഴികളെ പിടികൂടി, ചെറിയ കൂടുകളിലടക്കുകയും നന്നായി തീറ്റയും മരുന്നുകളും നല്‍കുകയും ചെയ്യുന്നു. പേശികള്‍ പെട്ടെന്നു വികസിപ്പിക്കാന്‍ മനുഷ്യര്‍ സ്റെറോയിഡുകള്‍ കഴിക്കുന്നതുപോലെ ഇവയ്ക്ക് ഉത്തേജക മരുന്നുകള്‍ നല്‍കുന്നു. മരുന്നുകളുടെ ശക്തിയില്‍ ഇവ പെട്ടെന്ന് വലുതാവുകയും ആക്രമണകാരികളായി മാറുകയും ചെയ്യുന്നു. പിന്നെ കാലുകളിലെ പിന്‍നഖം വെട്ടിക്കളഞ്ഞ് മുറിവുണങ്ങുമ്പോള്‍ തല്‍സ്ഥാനത്ത് മൂന്നിഞ്ചുവരെ വലിപ്പമുള്ള കത്തികളോ അഗ്രം വളഞ്ഞ കൊളുത്തുകളോ ഘടിപ്പിക്കും. ഇടക്കിടെ ഇവയെ പ്രകോപിച്ചുകൊണ്‍ടിരിക്കുകയും ചെയ്യും. അഞ്ചുകിലോ മുതല്‍ പത്തുകിലോ വരെ ഭാരമുള്ള കോഴികളാണ് സാധാരണയായി അങ്കത്തിനെത്താറുള്ളത്. ചോളവും കോറയും നല്‍കി, രണ്‍ടു വര്‍ഷത്തോളം പരിശീലനം നല്‍കിയ അങ്കക്കോഴികള്‍ക്ക് ആയിരത്തിയഞ്ഞൂറു മുതല്‍ എണ്ണായിരം രൂപ വരെയാണ് വില.

അങ്കത്തട്ട് പോലെ അഞ്ചോ ആറോ മീറ്റര്‍ വ്യാസത്തില്‍, വൃത്താകൃതിയില്‍ സജ്ജമാക്കിയ പോര്‍ക്കളത്തിലാണ് മത്സരം നടക്കുക. സാധാരണ ചോക്കുകൊണ്‍ട് വരച്ചതോ കയറുകൊണ്‍ടുണ്‍ടാക്കിയ വൃത്തത്തിലോ ആണ് കോഴിപ്പോര് നടക്കുക. അട്ടഹസിക്കുന്ന ജനം വൃത്തത്തിനു ചുറ്റുമുണ്‍ടായിരിക്കും. പൊടിനിറഞ്ഞ വൃത്തത്തിനുള്ളിലേക്ക് പോരുതുടങ്ങാനായി കോഴികളെ കൊണ്‍ടുവരുന്നു. അല്പം മദ്യവും ഇവയ്ക്കു നല്‍കും. തുടര്‍ന്ന് മലദ്വാരങ്ങളില്‍ മുളകുപുരട്ടുന്നതോടെ വേദനയോടെ ഇവ ആര്‍ത്തുകരയും. ഒന്നിന്റെ കഴുത്തില്‍ മുറുക്കിപ്പിടിച്ചു, രണ്‍ടാമത്തേതിനെക്കൊണ്‍ടു കൊത്തിച്ച് ദേഷ്യം പിടിപ്പിക്കുന്നു. പിന്നെ രണ്‍ടിനെയും അടുപ്പിച്ചു കൊണ്‍ടുവരും. അതോടെ ഇരുവരും ശത്രുക്കളെ തിരിച്ചറിയും. ദുരിതങ്ങളെല്ലാം അനുഭവിച്ച ഇവയുടെ ചെറിയ ചുവന്ന കണ്ണുകള്‍ ദേഷ്യംകൊണ്‍ടു തിളങ്ങും. വേദനയും ഭ്രാന്തും നിറഞ്ഞ അവസ്ഥയില്‍ ഒരു വിചാരമേ അവയ്ക്കുണ്‍ടാവൂ-കൊല്ലുക. പിന്നെ ഇവയെ നിലത്തുവിട്ടശേഷം ആളുകള്‍ ചുറ്റും നില്‍ക്കുന്നു.

പൊരുതാന്‍ പ്രത്യേകം പരിശീലിപ്പിച്ച കോഴികള്‍ പ്രകോപനം കൂടാതെ തന്നെ പരസ്പരം പൊരുതും. ചിറകുവിരിച്ചോ ചിറകടിച്ചോ അല്‍പനേരം പരസ്പരം തുറിച്ചുനോക്കിക്കൊണ്‍ട് അനങ്ങാതെ നിന്നശേഷം ഓടിയടുത്തു കൊത്തുക, ഒഴിഞ്ഞുമാറി തലയുടെ പലഭാഗത്തും പൂവിലും മുതുകിലും കഴുത്തിലും കൊത്തുക, കൊത്തുന്നതോടൊപ്പം ചിറകടിക്കുക, ചാടിയും പറന്നും കൊത്തുക, ഒറ്റക്കാലില്‍ നിന്നുകൊണ്‍ടും മുകളിലേക്കു ചാടിക്കൊണ്‍ടും കാലുകള്‍ കൊണ്‍ട് നഖങ്ങളും മുള്ളുകളും കൊള്ളുമാറ് തലയിലും മറ്റുഭാഗങ്ങളിലും ആഞ്ഞടിക്കുക, മുള്ളുകൊണ്‍ട് അള്ളുക തുടങ്ങിയവയാണ് പയറ്റുമുറകള്‍. ചുഴറ്റിയെടുത്ത് അക്രമം നടത്തുന്ന കോഴികള്‍ തങ്ങളുടെ കൃത്രിമായുധം ഉപയോഗിച്ച്, പ്രതിയോഗിയെ പ്രഹരിക്കുമ്പോള്‍ ചിറകുകളും കാലുകളും മുറിയുന്നു. ചോരപുരണ്‍ട തൂവലുകള്‍ നിലത്തുപടരും. ഓരോ തവണയും പിന്‍വാങ്ങി വീണ്‍ടും അടുക്കുന്ന ഇവയുടെ ലക്ഷ്യം തങ്ങളുടെ കൃത്രിമമുള്ളുകൊണ്‍ട് എതിരാളിയുടെ പ്രധാന രക്തധമനിയോ കണ്ണോ തകര്‍ക്കുക എന്നതായിരിക്കും. കിതച്ചും ക്ഷീണിച്ചും പിടച്ചും കൊക്കിലൂടെ രക്തമൊഴുക്കി അവസാനം ഒന്ന് മരിച്ചുവീഴുന്നു. രണ്‍ടാമത്തേതിനു മാരകമായി മുറിവേറ്റിട്ടുണ്‍ടാകും. ഇനിയും പോരാട്ടത്തിനു ശേഷിയുണ്‍ടെങ്കില്‍ അതിനെ തിരികെ കൂട്ടിലാക്കും. എന്നാല്‍ കാലൊടിയുകയോ കണ്ണ് തകരുകയോ ചെയ്തിട്ടുണ്‍ടെങ്കില്‍ ഉടമ അതിന്റെ കഴുത്തു ഞെരിക്കും.

പോരിനിറങ്ങുന്ന കോഴികളില്‍ 70 ശതമാനവും കണ്ണ് വെളിയില്‍ ചാടിയും ശ്വാസകോശം മുറിഞ്ഞും ചിറകുകീറിയും ആദ്യ അഞ്ചുമിനുട്ടിനുള്ളില്‍ തന്നെ ചാകും. അഞ്ചുമിനുട്ടുനേരത്തെ വിനോദത്തിനുവേണ്‍ടിെയാണ് ഈ ക്രൂരതയെല്ലാം. കോഴിയങ്കം ജയിക്കുക പണത്തിന്റെ മാത്രം പ്രശ്നമല്ല, മത്സരക്കാരുടെ അഭിമാനത്തിന്റെ കൂടി പ്രശ്നമാണ്. പോരാട്ടം തുടങ്ങി മിനുട്ടുകള്‍ക്കകമോ, നിമിഷങ്ങള്‍ക്കകമോ ഏതെങ്കിലുമൊരു കോഴി ചത്തുവീഴുന്നതോടെ വാതുവെച്ച പണവും ചത്തുവീഴുന്ന കോഴിയും ജയിച്ച കോഴിയുടെ ഉടമസ്ഥനു ലഭിക്കുന്നു. അങ്കം ജയിച്ച കോഴിയും ചിലപ്പോള്‍ ചത്തുവീഴാറുണ്‍ട്. അവയുടെ ഇറച്ചിയാണ് ജേതാവിനും അനുയായികള്‍ക്കും അന്നത്തെ സദ്യ (അവലംബം: മാതൃഭൂമി വാരാന്തപ്പതിപ്പ് 27-10-2002, മാതൃഭൂമി ദിനപത്രം 6-9-2004, സിറാജ് ദിനപത്രം 6-10-2005, സര്‍വ്വവിജ്ഞാനകോശം 9/242, 9/260, അഖിലവിജ്ഞാനകോശം 3/42).

കോഴിപ്പോരു മത്സരം ഇസ്ലാമിക ദൃഷ്ട്യാ നിഷിദ്ധമാണ്; കഠിന ഹറാമാണ്. നിരവധി ഹറാമുകളുടെ സംഗമവും കൂടിയാണ്. ജീവിയെ അനാവശ്യമായി വേദനിപ്പിക്കുക, അതിനെ വിനോദോപകരണമാക്കി ഉപദ്രവിക്കുക, ജീവനോടെ തന്നെ വൈകൃതം വരുത്തുക, അനാവശ്യമായി കൊല്ലുക, ഹറാമായ മത്സരം നടത്തുക, അതിനു വാതുവെക്കുക, അതു കണ്‍ടാസ്വദിക്കുക, ചത്തകോഴിയുടെ മാംസം കഴിക്കുക, മദ്യപിക്കുക, വിജയപരാജയങ്ങളെ തുടര്‍ന്ന് കയ്യേറ്റങ്ങളും കുഴപ്പങ്ങളും സൃഷ്ടിക്കുക ഇങ്ങനെ പോകുന്നു ഹറാമുകളുടെ പരമ്പര.
കോഴിപ്പോരും അതിനോടനുബന്ധിച്ച ക്രൂരപ്രവര്‍ത്തനങ്ങളും നിഷിദ്ധമാണെന്നു തെളിച്ചുകാണിക്കുന്ന ചില രേഖകള്‍ കാണുക: 1. ആവശ്യമില്ലാതെ ഒരു ജീവിയെ വേദനിപ്പിക്കുന്നത് വന്‍ കുറ്റമാണ് (സവാജിര്‍ 2/86).

2. ജീവികള്‍ക്കിടയില്‍ പ്രകോപനമുണ്‍ടാക്കി അന്യോന്യം പൊരുതിക്കുന്നതു വന്‍ കുറ്റമാണ് (സവാജിര്‍ 2/84). 3. കോഴികളെ പരസ്പരം കൊത്തിച്ചു മത്സരം നടത്താന്‍ പാടില്ല. അതു വിഡ്ഢിത്തവും ലൂത്വ് നബി (അ) ന്റെ അഭിശപ്തരായ ജനങ്ങളുടെ ദുഷ്കൃത്യവുമാണ്. പണം വെക്കാതെയാണെങ്കിലും ഈ മത്സരം അനുവദനീയമല്ല (തുഹ്ഫ 9/399, നിഹായ 8/166). 4. പരസ്പരം കൊത്തിക്കേണ്‍ട ആവശ്യത്തിന് കോഴികളെയും കുത്തിക്കേണ്‍ട ആവശ്യത്തിന് ആടുകളെയും വില്‍ക്കുന്നത് ഹറാമാണ് (ഫത്ഹുല്‍ മുഈന്‍ 237). 5. ജീവികള്‍ക്കിടയില്‍ പ്രകോപനമുണ്‍ടാക്കി അന്യോന്യം പൊരുതിക്കുന്നത് നബി (സ്വ) നിരോധിച്ചിട്ടുണ്‍ട് (അബൂദാവൂദ് 2559). അനാവശ്യമായി ജീവികളെ വേദനിപ്പിക്കുകയും കഷ്ടപ്പെടുത്തുകയും ചെയ്യുന്നുവെന്നതാണ് അത് നിരോധിക്കുവാനുള്ള കാരണം (ഔനുല്‍ മഅ്ബൂദ് 7/165). 6. ആടുകളെയും കാളകളെയും പരസ്പരം കുത്തിക്കുക, കോഴിയങ്കം നടത്തുക, ആദിയായ ജീവോപദ്രവ വിനോദങ്ങള്‍ കഠിന നിഷിദ്ധങ്ങളാണ് (കഫ്ഫുര്‍റആഅ് 333).

7. ജീവികളെ അംഗച്ഛേദം വരുത്തി വികൃതമാക്കുന്നവനെ നബി (സ്വ) ശപിച്ചിട്ടുണ്‍ട് (ബുഖാരി 5515). 8. വല്ല വ്യക്തിയും വല്ല ജീവിയെയും അംഗച്ഛേദം നടത്തി വികൃതമാക്കിയാല്‍ അന്ത്യദിനത്തില്‍ അല്ലാഹു അവനും വൈകൃതം വരുത്തും-അവന്‍ പശ്ചാത്തപിച്ചു മടങ്ങിയില്ലെങ്കില്‍ എന്ന് നബി (സ്വ) പ്രസ്താവിച്ചിട്ടുണ്‍ട് (അഹ്മദ്, സവാജിര്‍ 1/208). 9. ഒരു ജീവിയെയും ആയുധപ്രയോഗത്തിനു ഉന്നമാക്കാന്‍ പാടില്ല. ജീവനുള്ള വസ്തുവിനെ ഉന്നമാക്കുന്നവനെ നബി (സ്വ) ശപിച്ചിട്ടുണ്‍ട് (മുസ്ലിം 1958). 10. ജീവിയെ അനാവശ്യമായി അടിച്ചുവേദനിപ്പിക്കുകയോ തടവിലിടുകയോ അനിവാര്യ ജീവനദ്രവ്യം നല്‍കാതിരിക്കുകയോ കഴിവിലുപരിയായ ഭാരം വഹിപ്പിക്കുകയോ ചെയ്യുന്നത് ഹറാമാണ് (സവാജിര്‍ 2/87). 11. ഒരു ജീവിയെയും അനാവശ്യമായി വധിക്കാന്‍ പാടില്ല. അതൊരു കൊച്ചുകുരുവിയായിരുന്നാല്‍ പോലും. നബി (സ്വ) പറയുന്നു: ഒരു കുരുവിയെ ആരെങ്കിലും വധിച്ചാല്‍ അന്ത്യദിനം അത് അല്ലാഹുവോട് പരാതിപ്പെടും. എന്റെ നാഥാ, ഇന്നയാള്‍ എന്നെ അനാവശ്യമായി കൊന്നുകളഞ്ഞു. ഒരു പ്രയോജനത്തിനല്ല അവനെന്നെ വധിച്ചത് (നസാഈ, ഇബ്നുഹിബ്ബാന്‍, സവാജിര്‍ 1/209).


RELATED ARTICLE

 • സര്‍പ്പയജ്ഞം
 • ചൂതാട്ടം, പകിടകളി
 • ചെസ്സുകളി
 • കോഴിപ്പോര്
 • ഒളിച്ചുകളി; ഒളിപ്പിച്ചുകളി
 • പ്രാവുകളി
 • ആന പ്രദര്‍ശനം
 • ആയുധ പന്തയം
 • ഗാനാലാപനം, സംഗീതാസ്വാദനം
 • ഉപകരണ സംഗീതം
 • ഒപ്പന, കോല്‍ക്കളി, ദഫ്
 • സംഗീതത്തിന്റെ നിരോധിത മേഖലകള്‍
 • നിരോധിത സംഗീതങ്ങള്‍
 • കളി കാര്യത്തിന്, വിനോദം ആവശ്യത്തിന്
 • കാളപ്പോരും കാളപൂട്ടും
 • ചീട്ടുകളി
 • ഏപ്രില്‍ ഫൂള്‍
 • റാഗിംഗ് എന്ന പീഡനവിനോദം
 • കളിയും വിനോദവും