Click to Download Ihyaussunna Application Form
 

 

റാഗിംഗ് എന്ന പീഡനവിനോദം

പ്രൊഫഷണല്‍ കോളേജുകളില്‍ പുതുതായി പ്രവേശനം നേടിയെത്തുന്നവരെ, അവരില്‍ സഹനശീലം വളര്‍ത്താനും ലജ്ജയകറ്റാനും വേണ്‍ടി, സീനിയര്‍ വിദ്യാര്‍ഥികള്‍ ആഘോഷപൂര്‍വ്വം സ്വീകരിക്കുന്ന ഒരു വിനോദച്ചടങ്ങായാണ് റാഗിംഗ് തുടങ്ങിയത്. വ്യക്തിത്വവികാസത്തിനുകൂടി അതു സഹായകമാവുമെന്നാണ് അനുകൂലികളുടെ ന്യായം. നവാഗതരെ പാട്ടുപാടിച്ചും സാങ്കല്‍പിക കസേരയിലിരുത്തിച്ചും തുടങ്ങിയ ഈ പീഡനകല ഇന്ന് ഒരു വിധത്തിലും ന്യായീകരിക്കാന്‍ പറ്റാത്ത അറുവഷളും ഭീകരവുമായ ആഭാസക്കലയായി മാറിയിട്ടുണ്‍ട്്.

ജൂനിയര്‍മാരുമായുള്ള ക്രൂരവും അശ്ളീലമയവുമായ പരിചയപ്പെടല്‍, സീനിയര്‍മാര്‍ക്കു മദ്യവും ഭക്ഷണവും നവാഗതരുടെ ചിലവില്‍ ഏര്‍പ്പാടു ചെയ്യിക്കുക, കത്തുന്ന ട്യൂബ്ലൈറ്റ് ഊതിക്കെടുത്താന്‍ നിര്‍ബന്ധിക്കുക, പത്രമില്ലാതെ സാങ്കല്‍പിക പത്രവായന, സാങ്കല്‍പിക സൈക്കിള്‍ചവിട്ട്, സാങ്കല്‍പിക നീന്തല്‍ ആദിയായവ ചെയ്യിക്കുക, ഫിസിക്കല്‍ ടെസ്റ് എന്ന പേരില്‍ നവാഗതരുടെ നഗ്നതാപരിശോധന, റാഗിംഗ്പടയുടെ ബാത്ത്റൂം വൃത്തിയാക്കുക, അവരുടെ അടിവസ്ത്രം പോലും അലക്കിക്കുക, വയറ്റത്തടിച്ച് പാട്ടുപാടിച്ച്, അന്ധന്‍മാരെപ്പോലെ തെണ്‍ടിക്കുക, അടുക്കളപ്പണിയെടുപ്പിക്കുക, നഗ്നയോട്ടം നടത്തിക്കുക ഇങ്ങനെ പോകുന്നു റാഗിംഗ് ആഭാസങ്ങളുടെയും അതിന്റെ പീഡന-വിനോദങ്ങളുടെയും പട്ടിക. ഇതിനെല്ലാം പുറമെ ക്രൂരമായ ശാരീരിക-ലൈംഗിക പീഡനങ്ങള്‍ക്കു ജൂനിയര്‍ വിദ്യാര്‍ഥികളെ വിധേയരാക്കുകയും അവരുടെ പണം കൊള്ളയടിക്കുകയും ചെയ്യുന്നു.

ചുരുക്കത്തില്‍, മൃഗത്തെപ്പോലും നാണിപ്പിക്കുന്ന മൃഗീയ നീചകൃത്യങ്ങളാണ് ഇന്ന് റാഗിംഗിന്റെ പേരില്‍ കാമ്പസുകളില്‍ നടക്കുന്നത്. കാമ്പസുകളിലെ വിദ്യാര്‍ഥി ഗുണ്‍ടാസംഘങ്ങളാണ് ഇതിന് നേതൃത്വം നല്‍കുന്നത്. സ്വാശ്രയവിദ്യാഭ്യാസ വ്യവസായം കൊടികുത്തിവാഴുന്ന തമിഴ്നാട്ടിലും ആന്ധ്രയിലും കര്‍ണാടകയിലും ബഹുഭൂരിപക്ഷം കാമ്പസുകളും ഭരിക്കുന്നത് ഇത്തരം ഗുണ്‍ടാസംഘങ്ങളാണ് (മാധ്യമം 20-02-2008). റാഗിംഗിന്റെ പേരില്‍ ക്രൂരമായ കൊള്ളയും ശാരീരിക-ലൈംഗിക പീഡനവും നടത്തുന്നതില്‍ മെഡിക്കല്‍ സ്ഥാപനങ്ങള്‍ പോലും ഒഴിവല്ലത്രെ! വൈദ്യശാസ്ത്ര വിദ്യാര്‍ഥികള്‍ ഇത്തരം ക്രൂരമായ സ്വഭാവത്തിലേക്കു നീങ്ങുന്നത് ഭാവിയില്‍ ദുഃഖകരമായ അനുഭവങ്ങള്‍ സമൂഹത്തിനു സംഭാവന ചെയ്യും. രാജ്യത്ത് ഓരോ വര്‍ഷവും 250 റാഗിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. 20 കുട്ടികളെങ്കിലും പ്രതിവര്‍ഷം റാഗിംഗിന്റെ പേരില്‍ കൊല്ലപ്പെടുന്നു. ഇതു അസാധാരണമായി പുറത്തുവന്ന ചില വാര്‍ത്തകള്‍ മാത്രമാണ്. റാഗിംഗ് സംബന്ധിച്ച വാര്‍ത്തകള്‍ അധികവും പുറത്തുവരാറില്ല. കാരണം, പുറത്തുപറഞ്ഞാല്‍ റാഗിംഗ് ഗുണ്‍ടകളുടെ പ്രതികാരം മാത്രമല്ല; മാനേജുമെന്റുകളുടെ ഭീഷണികളുമുണ്‍ടാകും. പരീക്ഷയില്‍ തോല്‍പിക്കും, സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവെക്കും, അച്ചടക്ക നടപടികള്‍ സ്വീകരിക്കും. വേണ്‍ടിവന്നാല്‍ മയക്കുമരുന്ന് സ്ഥാപനത്തില്‍ കൊണ്‍ടുവന്നെന്ന കുറ്റം ചുമത്തി പോലീസില്‍ ഏല്‍പിക്കും. ഇങ്ങനെ പോകുന്നു ഭീഷണിയുടെ പട്ടിക. ശാരീരികവും ലൈംഗികവും സാമ്പത്തികവുമായ കനത്ത പീഡനങ്ങള്‍ക്ക് ഇരയായ വിദ്യാര്‍ഥി ഇവ്വിധം മാനസിക സംഘര്‍ഷത്തിലകപ്പെടുമ്പോള്‍ രംഗം വിടാനൊരുങ്ങുന്നു. പക്ഷേ, രക്ഷിതാക്കള്‍ തുടരാന്‍ നിര്‍ബന്ധിക്കുന്നു. രക്ഷയില്ലെന്നുറപ്പാകുമ്പോള്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്യുന്നു. റാഗിംഗ് ഗുണ്‍ടകള്‍ പറയുന്ന സംഖ്യകള്‍ കൊടുക്കണം, അവര്‍ പറയുന്നതൊക്കെ ചെയ്യണം, അവര്‍ ചെയ്യുന്നതൊക്കെ സഹിക്കണം, ലൈംഗികാഭാസങ്ങള്‍ക്കും പേക്കൂത്തുകള്‍ക്കും കീഴടങ്ങണം. ഇല്ലെങ്കില്‍ ക്രൂരമായ മര്‍ദ്ദനം. ആരോടും പറയാന്‍ വയ്യ. വീട്ടിലറിയിക്കാന്‍ നാണം. സ്ഥാപനാധികൃതരോട് പരാതിപ്പെട്ടാല്‍ ഭീഷണി, പുറത്തുപറഞ്ഞാല്‍ ഗുണ്‍ടകളുടെയും മാനേജുമെന്റുകളുടെയും പ്രതികാരം. പിന്നെയെന്തുണ്‍ട് പ്രതിവിധി? അഭിമാനബോധമുള്ള കുട്ടി ചിന്തിക്കുന്നു; ഇനിയെന്തു ജീവിതം? ആത്മഹത്യ അവന്റെ ജീവനും കുടുംബത്തിന്റെ പ്രതീക്ഷകള്‍ക്കും തിരശ്ശീല വീഴ്ത്തുന്നു. ഈറോഡിലെ ഒരു കാമ്പസില്‍ ഗുരുതരമായ റാഗിംഗ് പീഡനമേറ്റ് 2008 ഫെബ്രുവരിയില്‍ ആശുപത്രിശയ്യയില്‍ ജീവന്‍ അവസാനിപ്പിച്ച സാനുകുര്യാക്കോസ് എന്ന വിദ്യാര്‍ഥിയും പൂന്തമല്ലിയിലെ ഒരു എഞ്ചിനീയറിംഗ് കോളേജിലെ റാഗിംഗ് ഗുണ്ടാപടയുടെ പീഡനത്തെത്തുടര്‍ന്ന് മാനസിക സംഘര്‍ഷം നിമിത്തം ഹോസ്റല്‍ ജനലിന്റെ കമ്പിയില്‍ 2004 ഡിസംബറില്‍ കെട്ടിത്തൂങ്ങിമരിച്ച മോഹന്‍കാര്‍ത്തിക് എന്ന പത്തൊമ്പതുകാരനും റാഗിംഗ് എന്ന നീചകൃത്യത്തിന്റെ അനിഷേധ്യ ഇരകളാണ്. മനുഷ്യത്വത്തിന്റെ മൂല്യം കളഞ്ഞുകുളിച്ചു, പരപീഡനകലയിലൂടെ സഹജീവിയെയും സഹപാഠിയെയും കൊല്ലാകൊലയോ കൊലയോ നടത്തുന്നതിന് കൌമാരത്തെയും യുവത്വത്തെയും പ്രേരിപ്പിക്കുന്ന കാരണമെന്താണ്? ഇവ്വിഷയകമായി പഠനം നടത്തിയോ അല്ലാതെയോ അഭിപ്രായപ്രകടനം നടത്തിയ പലരും പല കാരണങ്ങളാണ് പറഞ്ഞിട്ടുള്ളത്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടവ നമുക്കിവിടെ സംഗ്രഹിച്ചു പരിശോധിക്കാം.

ഒന്ന്: കലാലയ കാമ്പസുകളുടെ അരാഷ്ട്രീയത, അന്യസംസ്ഥാനങ്ങളിലെ അരാഷ്ട്രീയ കാമ്പസുകളില്‍ പ്രതികരിക്കാനും പ്രതിരോധിക്കാനും പ്രതിഷേധിക്കാനും വിദ്യാര്‍ഥിസംഘടനകളില്ലാത്തതുകൊണ്‍ടാണ് റാഗിംഗ് അക്രമം ഉണ്‍ടാകുന്നത്. ഈ അഭിപ്രായം പൂര്‍ണമായും ശരിയല്ല. വിദ്യാര്‍ഥിരാഷ്ട്രീയ സംഘടനകളില്ലാത്ത അന്യസംസ്ഥാനങ്ങളില്‍ മാത്രമല്ല, കേരളത്തിലും റാഗിംഗ് പീഡനങ്ങള്‍ പലപ്പോഴും നടന്നിട്ടുണ്‍ട്. 1978ല്‍ തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജിലുണ്‍ടായ ഒരു റാഗിംഗ് ഏറെ വിവാദം സൃഷ്ടിക്കുകയുണ്‍ടായി. കോളേജുകളില്‍ മാത്രമല്ല, സ്കൂളുകളില്‍പോലും സമീപകാലത്ത് അക്രമസംഭവങ്ങളും റാഗിംഗ് പീഡനങ്ങളുമുണ്‍ടായിട്ടുണ്‍ട്. പന്തല്ലൂരിലെ സര്‍ക്കാര്‍ സ്കൂളില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ പീഡനത്തിനിരയായ പ്ളസ്വണ്‍ വിദ്യാര്‍ഥി രവികുമാര്‍ 2004 ആഗസ്റ് 16നു വിഷം കഴിച്ചു ജീവനൊടുക്കിയ വിവാദസംഭവം നാം മറന്നിട്ടില്ല.

വിദ്യാര്‍ഥിയൂണിയനുകള്‍ കാമ്പസുകളില്‍ നീതിയും സമാധാനവും ഉറപ്പുവരുത്തുകയല്ല, മറിച്ച് ആക്രമണപ്രവര്‍ത്തനങ്ങള്‍ക്ക് ആക്കംകൂട്ടുകയാണ് ചെയ്തുകൊണ്‍ടിരിക്കുന്നത്. “കലാലയങ്ങളില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും അല്ലാതെയും വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍ അക്രമങ്ങള്‍ നടത്തുന്നത് കേരളത്തിലും സാധാരണമായിരിക്കുന്നു. വിദ്യാര്‍ഥികളില്‍ ജനാധിപത്യവീക്ഷണവും സഹിഷ്ണുതയും നേതൃഗുണവും മറ്റും വളര്‍ത്താനാണ് കലാലയരാഷ്ട്രീയം സഹായകമാകേണ്‍ടത്. ദൌര്‍ഭാഗ്യവശാല്‍ നിസ്സാരകാര്യങ്ങള്‍ക്കുപോലും ചില വിദ്യാര്‍ഥിസംഘടനകള്‍ പരസ്പരം ഏറ്റുമുട്ടുന്നു. ചില സ്ഥലങ്ങളില്‍ ഇത്തരം സംഘട്ടനങ്ങളില്‍ മാരകായുധങ്ങള്‍ വരെ പ്രയോഗിക്കാറുണ്‍ട്. വിദ്യാര്‍ഥികളെ അക്രമത്തിന് പ്രേരിപ്പിക്കാനും എതിര്‍ചേരിക്കാരെ നേരിടുന്നതിന് അവരെ സഹായിക്കാനും ചിലപ്പോള്‍ ബാഹ്യശക്തികളും എത്തുന്നു. ഇവയെല്ലാം കലാലയങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തെയും വിദ്യാര്‍ഥികളുടെ പഠനത്തെയും ബാധിക്കും. ഇക്കാര്യത്തില്‍ നീതിപീഠങ്ങള്‍ പലവട്ടം ആശങ്ക പ്രകടിപ്പിച്ചിട്ടുള്ളതാണ്. പലയിടത്തും വിദ്യാര്‍ഥി സംഘട്ടനങ്ങളെ നിയന്ത്രിക്കുന്നത് ബന്ധപ്പെട്ട രാഷ്ട്രീയകക്ഷികളാണെന്നത് രഹസ്യമല്ല” (മാതൃഭൂമി ദിനപത്രം 10-12-2008).

അപ്പോള്‍ കലാലയകാമ്പസുകളുടെ അരാഷ്ട്രീയതയാണ് വഴിതെറ്റിയ റാഗിംഗിന്റെ പ്രധാനകാരണമെന്നു പറഞ്ഞുകൂടാ. കാമ്പസുകളുടെ രാഷ്ട്രീയവല്‍ക്കരണം പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ് ചെയ്യുക. കേരളത്തില്‍ നടക്കുന്ന കൊലപാതകങ്ങളില്‍ 75.8 ശതമാനവും രാഷ്ട്രീയകാരണങ്ങളാലുള്ളവയാണെന്ന് ദേശീയ ക്രൈംറെക്കോര്‍ഡ്സ് ബ്യൂറോ പറയുന്നു (മാതൃഭൂമി ദിനപത്രം 3-12-2008).

രണ്‍ട്: ദുര്‍ബലരെ ഉപദ്രവിക്കുകയെന്ന പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടാണ് റാഗിംഗ് പ്രവണതയുടെ മനഃശാസ്ത്രമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. വിദ്യാഭ്യാസത്തോടൊപ്പം ആധിപത്യവും പഠിച്ചിരിക്കണമെന്ന ബ്രിട്ടീഷ് രീതിയില്‍ നിന്നാണ് ഇതിന്റെ വ്യാപനമെന്നാണവര്‍ പറയുന്നത്. ഇതുശരിയല്ല. സ്വതന്ത്ര ഇന്ത്യയില്‍ ഈ മനോഗതി വളര്‍ത്തുന്ന സ്ഥാപനങ്ങളുള്ളതായി അറിയപ്പെട്ടിട്ടില്ല. മാത്രവുമല്ല, സമത്വബോധവും സദാചാരനിഷ്ഠയുമുള്ള കുടുംബത്തില്‍ നിന്നും വരുന്ന ശാന്തരായ വിദ്യാര്‍ഥികള്‍ പോലും ആദ്യം റാഗിംഗ് പീഡനങ്ങള്‍ക്കു ഇരകളാവുകയും പിന്നീട്, തങ്ങള്‍ സഹിച്ച വേദനകളെല്ലാം മറന്ന് അവര്‍ ചേട്ടന്‍മാരാകുമ്പോള്‍ മുന്‍ചേട്ടന്‍മാരുടെ മാതൃക സ്വീകരിച്ചു റാഗിംഗ് നടത്തി നവാഗതരെ മര്‍ദ്ദിക്കുന്നതില്‍ ആവേശം കാണിക്കുകയും ചെയ്യുന്നതായാണ് നാം കാണുന്നത്. കേവലമായ പരമ്പരാഗത മേലാളമനസ്ഥിതിയില്‍ നിന്നല്ല ഈ അക്രമവാസനയും ലൈംഗികപരാക്രമവും ധനാപഹരണവുമുണ്‍ടാകുന്നത് എന്ന കാര്യം വ്യക്തമാണ്.

മൂന്ന്: റാഗിംഗിന്റെ ക്രിമിനല്‍വല്‍ക്കരണത്തിന് പ്രധാനകാരണമായി മറ്റുചിലര്‍ കാണുന്നത് സ്വാശ്രയവിദ്യാഭ്യാസത്തിന്റെ വ്യവസായവത്കരണത്തെയാണ്. ലാഭേച്ഛുക്കളായ മാനേജുമെന്റുകള്‍, സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് എല്ലാവിധ അഴിഞ്ഞാട്ടത്തിനും സ്വാതന്ത്യ്രം നല്‍കുന്നു. ഈ ചേന്‍മാരായിരിക്കും പലപ്പോഴും നവാഗതരെ റിക്രൂട്ട് ചെയ്യുന്ന ഏജന്റുമാര്‍. അവര്‍ക്കു കമ്മീഷനുപുറമെ നല്‍കുന്ന ഒരു ആനുകൂല്യം കൂടിയാണ് റാഗിംഗിനുള്ള മൌനാനുവാദം. ഈ അഭിപ്രായത്തില്‍ ഭാഗികസത്യമുണ്‍ടായിരിക്കാം. എല്ലാ മാനേജുമെന്റും അങ്ങനെയാണെന്നു പറയാവതല്ല; വല്ല മാനേജുമെന്റും അങ്ങനെയാണെന്നു വന്നാല്‍തന്നെ അത് റാഗിംഗിന്റെ നിലനില്‍പിനും വളര്‍ച്ചക്കും മാത്രമേ കാരണമാകുന്നുള്ളൂ. അതുകൊണ്‍ട് വിദ്യാര്‍ഥികള്‍ അക്രമാസക്തരായിക്കൊള്ളണമെന്നില്ല; അക്രമവാസനയുള്ളവര്‍ക്ക് അത് തണല്‍ നല്‍കുന്നുവെങ്കിലും.

നാല്: ശിക്ഷാനടപടികളുടെ കാര്‍ക്കശ്യക്കുറവാണ് വേറെ ചിലര്‍ കാരണമായിപ്പറയുന്നത്. ഇത് ഒരളവോളം ശരിയാണ്. പക്ഷേ, ശിക്ഷാനടപടികള്‍കൊണ്‍ടു മാത്രം ഈ പ്രവണത അവസാനിപ്പിക്കാന്‍ കഴിയില്ല. ഏതു നടപടിയെയും മറികടക്കാനിന്ന് പണത്തിനും സ്വാധീനത്തിനും കഴിയും. പ്രിന്‍സിപ്പലോ മാനേജുമെന്റോ ശക്തമായ നടപടി സ്വീകരിച്ചാല്‍ തന്നെ, ബാഹ്യ ഇടപെടലുകളുടെ ഫലമായി ഗുണ്‍ടകള്‍ ശിക്ഷയില്‍ നിന്നും രക്ഷപ്പെടുന്ന സംഭവങ്ങള്‍ ധാരാളമാണ്.

റാഗിംഗ് ക്രിമിനലുകളെ മാത്രമല്ല, ബന്ധപ്പെട്ട സ്ഥാപനാധികൃതരെയും കേസില്‍ ചേര്‍ക്കണമെന്നാണ് ചിലരുടെ പക്ഷം. എന്നാല്‍ കേസിലൂടെയും കോടതി നടപടിയിലൂടെയും മാത്രം, ഇന്നത്തെ സാഹചര്യത്തില്‍ ഒരു കാര്യത്തിനും അറുതിവരുത്താന്‍ സാധ്യവുമല്ല. ഇന്ത്യയിലെ കോടതികളില്‍ 2,59,00,000 കേസുകള്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നു. സുപ്രീംകോടതിയില്‍ മാത്രം 49,000, ഹൈക്കോടതിയില്‍ 98 ലക്ഷം, ബാക്കി കീഴ്കോടതികളില്‍. എത്ര ശ്രമിച്ചാലും ആണ്‍ടില്‍ 22,000ലധികം കേസുകളില്‍ വിധിപറയാന്‍ സുപ്രീംകോടതിക്കാവില്ല. ഈ കണക്കുകള്‍ ഇന്ത്യയിലെ പരമോന്നത ന്യായാധിപന്‍ സുപ്രീംകോടതി ചീഫ്ജസ്റിസ് കെ. ജി. ബാലകൃഷ്ണന്‍ തന്നെ പറഞ്ഞിട്ടുള്ളതായി 2007 ആഗസ്റ് 13ന് മാതൃഭൂമി ദിനപത്രം എഴുതിയതാണ്. എന്നാല്‍ രാജ്യത്ത് തീര്‍പ്പാക്കാതെ കിടക്കുന്ന കേസുകള്‍ 3.50 കോടിയിലേറെ വരുമെന്നും സുപ്രീംകോടതിയില്‍ മാത്രം പ്രതിവര്‍ഷം കേസുകളുടെ എണ്ണം 23 ശതമാനവും കൂടുന്നുവെന്നും മാതൃഭൂമി തന്നെ അതിന്റെ 22-12-2008ലെ പ്രസംഗത്തില്‍ പറയുന്നു. പ്രശ്നസങ്കീര്‍ണത അനുദിനം കൂടുന്നുവെന്നര്‍ഥം.

അഞ്ച്: രക്ഷിതാക്കളുടെ അശ്രദ്ധയാണ് കാരണമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്‍ട്. ഇതുമാത്രം കാരണമല്ലെങ്കിലും ഇതും പ്രധാനകാരണങ്ങളിലൊന്നാണെന്ന് സമ്മതിക്കാതെ വയ്യ. വികാരം വിവേകത്തിനു വഴിമാറുന്ന പ്രായമാണ് കൌമാരവും യൌവനപ്പിറവിയും. രക്ഷിതാക്കളുടെ ബദ്ധശ്രദ്ധയും സൂക്ഷ്മനിരീക്ഷണവും ഉണ്ടാകേണ്‍ട സമയമാണിത്. അപ്പോള്‍ രക്ഷിതാക്കളുടെ നോട്ടമില്ലെങ്കില്‍ കുട്ടികള്‍ അവര്‍ ബന്ധപ്പെടുന്ന സാഹചര്യങ്ങളുടെ അടിമകളാകും.

സാമൂഹിക സ്റാറ്റസിന്റെ പേരിലോ പഠനാനന്തര ജോലിയുടെ വേതനവലിപ്പത്തിന്റെ പേരിലോ പല രക്ഷിതാക്കളും കുട്ടികളുടെ അഭിരുചി നോക്കാതെ അവര്‍ക്കു താത്പര്യമില്ലാത്ത പഠനമേഖല തിരഞ്ഞെടുക്കുന്നതിനു നിര്‍ബന്ധിക്കുന്നു. അതിന് വിദ്യാഭ്യാസസ്ഥാപനം തിരഞ്ഞെടുക്കുമ്പോള്‍ ആ സ്ഥാപനത്തിന്റെ ചരിത്രമോ പശ്ചാത്തലമോ നോക്കാതെ റിക്രൂട്ടിംഗ് ഏജന്റുമാര്‍ നല്‍കുന്ന ബാഹ്യചിത്രം മാത്രം ആധാരമാക്കുന്നു. തദ്ഫലമായി വിദ്യാര്‍ഥികള്‍ വഷളായ അന്തരീക്ഷത്തില്‍ എത്തിപ്പെടുന്നു. മാതൃകാധ്യാപകരോ സദ്സ്വഭാവികളായ വിദ്യാര്‍ഥികളോ ഇല്ലാത്ത സാഹചര്യം, ശ്വാസം മുട്ടിക്കുന്ന അധ്യയനവും വരിഞ്ഞുകെട്ടിയ പഠനവും; ഇതിനിടയില്‍ വല്ല അവധിയോ ഇടവേളയോ കിട്ടിയാല്‍ വൈകൃതം പ്രാപിച്ച മനോവികാരങ്ങള്‍ മൃഗീയസ്വഭാവങ്ങളിലൂടെ ബഹിര്‍പ്രകടനം നടത്തുന്നു. കാമ്പസില്‍ നേരത്തെ അനുഭവപ്പെട്ട നീചവൃത്തികള്‍ അവര്‍ മാതൃകയാക്കുന്നു. അതുകൊണ്‍ട് രക്ഷിതാക്കള്‍ പഠനമേഖലയും സ്ഥാപനവും തിരഞ്ഞെടുക്കുമ്പോള്‍ ബദ്ധശ്രദ്ധ പുലര്‍ത്തുകയും പിന്നീട് പഠനകാലത്ത് കുട്ടികളുടെ ചലനങ്ങളും കൂട്ടുകെട്ടുകളും അന്വേഷിച്ചുകൊണ്‍ടിരിക്കുകയും ശരിയായ നിരീക്ഷണത്തിലൂടെ അവരെ നിയന്ത്രിക്കുകയും ചെയ്യണം.

എന്നാല്‍ രക്ഷിതാക്കളുടെയോ അധ്യാപകരുടെയോ മാനേജുമെന്റുകളുടെയോ നിയമപാലകരുടെയോ നിയന്ത്രണങ്ങള്‍ക്കെല്ലാം പരിധിയും പരിമിതിയുമുണ്‍ട്. കുട്ടികള്‍ വിചാരിച്ചാല്‍ അതെല്ലാം മറികടക്കാനും സ്വേച്ഛാനുസാരം പ്രവര്‍ത്തിക്കാനും കഴിയും. അതുകൊണ്‍ട് അവരില്‍ സ്വയംബോധം സൃഷ്ടിക്കണം. ഓരോ തലമുറയും വരുംതലമുറക്ക് തലവേദനയാകുന്നതിന് പകരം അവര്‍ക്ക് മാതൃകയാവണം. അതിനവരില്‍ ധര്‍മബോധം ഉണ്‍ട ാക്കണം. ശരിയായ ധാര്‍മികബോധം ശരിയായ വിശ്വാസത്തില്‍ നിന്നും തജ്ജന്യമായ ഭക്തിയില്‍ നിന്നും മാത്രമേ ഉണ്‍ടാവുകയുള്ളൂ. അല്ലാഹുവിലും പരലോക വിചാരണയിലുമുള്ള അചഞ്ചലമായ വിശ്വാസം കുട്ടികളില്‍ രൂഢമൂലമാക്കുന്നതില്‍ മുസ്ലിം രക്ഷിതാക്കള്‍ ബദ്ധശ്രദ്ധരാകണം. മുസ്ലിംകുട്ടികള്‍ മറ്റുകുട്ടികള്‍ക്ക് മാതൃകയാവണം. റാഗിംഗിന്റെ പേരില്‍ ഇന്നുനടക്കുന്ന നീചപ്രവര്‍ത്തനങ്ങളെല്ലാം ഇസ്ലാം നിരോധിച്ചിട്ടുള്ള കാര്യങ്ങളാണ്. ഒരാളെയും ശാരീരികമായോ മാനസികമായോ സാമ്പത്തികമായോ പീഡിപ്പിക്കാന്‍ പാടില്ല.

ദാരുണ മരണത്തിനോ ആത്മഹത്യക്കോ ഇടവരുത്തുന്ന പീഡനമാണ് റാഗിംഗ് മുറകളില്‍ ഏറ്റവും ഗുരുതരമായത്. അശ്ളീല ഫലിതങ്ങളാണ് ഏറ്റവും ലഘുവായത്. ശാരീരിക പീഡനം, മാനസികപീഡനം, ലൈംഗികാക്രമണം, ധനാപഹരണം, മാനഭംഗപ്പെടുത്തല്‍ ആദിയായവയാണ് ഇടനിലമുറകള്‍. ഇവയെല്ലാം ഹറാമും കുറ്റകരവുമാണ്. അന്യായമായി ആരെയും വധിക്കാന്‍ പാടില്ല. അതിനു പ്രേരിപ്പിക്കാനും കാരണം സൃഷ്ടിക്കാനും പാടില്ല. ആത്മഹത്യയും അതിനു ഹേതുവാകുന്ന പ്രവര്‍ത്തനങ്ങളും മഹാപാതകങ്ങളാണ്. വിശ്രുതകര്‍മശാസ്ത്ര പണ്ഢിതനായ ഇബ്നുഹജര്‍(റ) തന്റെ സവാജിര്‍ എന്ന ഗ്രന്ഥത്തില്‍ തെളിവുകള്‍ നിരത്തി മഹാപാപങ്ങള്‍ വിശദീകരിച്ചപ്പോള്‍, ഒരു മുസ്ലിമിനെയോ അമുസ്ലിം പൌരനെയോ വധിക്കുക, ആത്മഹത്യ ചെയ്യുക, നിഷിദ്ധമായ വധത്തിനു സഹായിക്കുക, അതു ചെറുക്കാതെ കണ്‍ടുനില്‍ക്കുക, വധത്തിനു കാരണം സൃഷ്ടിക്കുക ഇവയെല്ലാം വന്‍കുറ്റങ്ങളില്‍പെട്ടതായി രേഖപ്പെടുത്തിയിട്ടുണ്‍ട്. മാത്രമല്ല, ഒരു മുസ്ലിമിനെയോ അമുസ്ലിം പൌരനെയോ അന്യായമായി അടിക്കുന്നതും വന്‍കുറ്റമാണ്. ഒരു മുസ്ലിമിനെ ഭീഷണിപ്പെടുത്തുന്നതും അവനുനേരെ ആയുധം ചൂണ്‍ടുന്നതും അവന്റെ ധനം ഒളിപ്പിച്ചു ഭീതിപ്പെടുത്തുന്നതും മഹാപാപങ്ങളുടെ കൂട്ടത്തില്‍ തന്നെ എണ്ണിയിട്ടുണ്‍ട് (സവാജിര്‍ 2/97-98 നോക്കുക).

മൃഗത്തെപ്പോലും അനാവശ്യമായി അടിച്ചുവേദനിപ്പിക്കാന്‍ പാടില്ല; അനിവാര്യഘട്ടത്തില്‍ തന്നെ അസഹ്യമായി വേദനിപ്പിക്കാന്‍ പാടില്ല (നിഹായ 7/242, സവാജിര്‍ 2/87).

ഒരു ജീവിയെയും മാനസികമായിപ്പോലും പീഡിപ്പിക്കാന്‍ പാടില്ല. അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) പറയുന്നു: “ഞങ്ങള്‍ റസൂലുല്ലാഹി(സ്വ)യുടെ കൂടെ ഒരു യാത്രയിലായിരുന്നു. അപ്പോള്‍ തിരുമേനി(സ്വ) തന്റെ ആവശ്യനിര്‍വഹണത്തിനുപോയി. ഞങ്ങള്‍ തദവസരം ഒരു അടക്കാക്കിളിയെ കണ്‍ടു. അതിന്റെ കൂടെ രണ്‍ടു കുഞ്ഞുങ്ങളുമുണ്‍ടായിരുന്നു. കുഞ്ഞുങ്ങളെ പിടിച്ചുവെച്ചു. അടക്കാക്കിളി വന്നു ചിറകുവിടര്‍ത്തി വട്ടമിട്ടു പറക്കാന്‍ തുടങ്ങി. തിരുമേനി(സ്വ) തിരിച്ചെത്തി. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ഈ പക്ഷിയുടെ കുഞ്ഞുങ്ങളെ പിടിച്ചുവെച്ചു അതിനെ വേദനിപ്പിച്ചതാരാണ്? കുഞ്ഞുങ്ങളെ അതിനു തിരിച്ചുനല്‍കുക” (അബൂദാവൂദ് 2675).

മിതമായ രീതിയില്‍ ഫലിതം അനുവദനീയമാണ്. വ്യാജം കലരാതെ, പരിഹാസമില്ലാതെ, ആരെയും മാനഭംഗപ്പെടുത്താതെ, ഉപദ്രവമേല്‍പിക്കാതെ തമാശ പറയാം. നബി(സ്വ) തന്റെ അനുചരരോട് ഇവ്വിധം തമാശ പറയാറുണ്‍ടായിരുന്നു. അത് വല്ലപ്പോഴും ആവശ്യത്തിനുവേണ്‍ടി മാത്രമായിരുന്നു.

ഇമാം നവവി(റ) പറയുന്നു: “പതിവായോ അമിതമായോ നടത്തുന്ന ഫലിതമാണ് നിരോധിതമായ തമാശ. ഇത് അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയില്‍ നിന്നും സുപ്രധാനമായ മതകാര്യങ്ങളെക്കുറിച്ചുള്ള ചിന്തയില്‍ നിന്നും മനുഷ്യനെ അശ്രദ്ധനാക്കുന്നു. മിക്കപ്പോഴും മറ്റുള്ളവരെ വേദനിപ്പിക്കാന്‍ അത് ഇടവരുത്തുകയും ചെയ്യുന്നു. അങ്ങനെ പക സൃഷ്ടിക്കുകയും ചെയ്യുന്നു. മാത്രവുമല്ല, ഗാംഭീര്യവും വ്യക്തിത്വവും നഷ്ടപ്പെടുത്തുന്നു. ഈ ദോഷവശങ്ങളില്‍ നിന്നു രക്ഷപ്പെട്ടിട്ടുള്ള ഫലിതമാണ് അനുവദനീയമായ തമാശ. അല്ലാഹുവിന്റെ റസൂല്‍ അപൂര്‍വമായി നടത്തിയിരുന്നത് ഈയിനം തമാശയായിരുന്നു. അതാകട്ടെ സദസ്സിന്റെ മനോവിഷമം സാന്ത്വനപ്പെടുത്തുവാനും വേണ്‍ടിയായിരുന്നു. അപ്രകാരമുള്ള ഫലിതം അഭികാമ്യമായ ചര്യയാകുന്നു”(മിര്‍ഖാത്, അലിഖാരി 9/171).

ചിരിക്കാന്‍ വേണ്‍ടി മാത്രം കഥകളോ വാര്‍ത്തകളോ മെനഞ്ഞുണ്‍ടാക്കാന്‍ പാടില്ല; അത് കുറ്റകരമാണ്. അശ്ളീലമോ നുണയോ പറഞ്ഞു സദസ്യരെ ചിരിപ്പിക്കുന്നതും അത്തരം സദസ്സില്‍ പങ്കെടുക്കുന്നതും ഹറാമാണ് (ഫത്ഹുല്‍ മുഈന്‍ 380). ചുരുക്കത്തില്‍ റാഗിംഗിന്റെ ഏറ്റവും ലഘുവായ മുറപോലും നിഷിദ്ധമാണെന്നു വരുന്നു.


RELATED ARTICLE

  • സര്‍പ്പയജ്ഞം
  • ചൂതാട്ടം, പകിടകളി
  • ചെസ്സുകളി
  • കോഴിപ്പോര്
  • ഒളിച്ചുകളി; ഒളിപ്പിച്ചുകളി
  • പ്രാവുകളി
  • ആന പ്രദര്‍ശനം
  • ആയുധ പന്തയം
  • ഗാനാലാപനം, സംഗീതാസ്വാദനം
  • ഉപകരണ സംഗീതം
  • ഒപ്പന, കോല്‍ക്കളി, ദഫ്
  • സംഗീതത്തിന്റെ നിരോധിത മേഖലകള്‍
  • നിരോധിത സംഗീതങ്ങള്‍
  • കളി കാര്യത്തിന്, വിനോദം ആവശ്യത്തിന്
  • കാളപ്പോരും കാളപൂട്ടും
  • ചീട്ടുകളി
  • ഏപ്രില്‍ ഫൂള്‍
  • റാഗിംഗ് എന്ന പീഡനവിനോദം
  • കളിയും വിനോദവും