Click to Download Ihyaussunna Application Form
 

 

സര്‍പ്പയജ്ഞം

സര്‍പ്പത്തിനു വിഷമുണ്‍ടോ? ഉണ്‍ട്, ഇല്ല. സര്‍പ്പദംശനം മാരകമാണോ? ആണ്, അല്ല. സര്‍പ്പം നമ്മുടെ ശത്രുവാണോ? ആണ്, അല്ല. സര്‍പ്പത്തെ വധിക്കണമോ? വധിക്കണം, വധിക്കേണ്‍ട. സര്‍പ്പയജ്ഞം അനുവദനീയമാണോ? ആണ്, അല്ല. സര്‍പ്പം പിശാച് ആണോ? ആണ്, അല്ല. ഇനി നമുക്ക് ഈ ദ്വിമുഖ മറുപടികളുടെ വിശദാംശങ്ങളിലേക്ക് കടക്കാം. സങ്കീര്‍ണമാണ് പാമ്പിന്‍വിഷത്തിന്റെ ഘടന. നിമിഷങ്ങള്‍ക്കുള്ളില്‍ മരണം സാധ്യമാക്കാന്‍ ശേഷിയുള്ളതാണ് അവയിലെ വിഷഘടകം. ഇരയെ നിശ്ചലമാക്കാനും ചിലപ്പോള്‍ ദഹിപ്പിക്കാനും പാമ്പുകള്‍ വിഷം ഉപയോഗിക്കുന്നു. വിഷം ശരീരത്തില്‍ കയറിയാല്‍ ഉടന്‍ ജോലി തുടങ്ങും. ഹൃദയം, ശ്വാസകോശം, പേശികള്‍, ചുവന്ന രക്താണുക്കള്‍ എന്നിവയെയൊക്കെ ആക്രമിക്കും. ഇന്ത്യയിലും ശ്രീലങ്കയിലും തെക്ക് കിഴക്ക് ഏഷ്യയിലും കാണുന്ന അണലികള്‍ കൊടും വിഷമുള്ളവയാണ്. രണ്‍ടടിയേ അവക്ക് നീളം കാണൂ. പക്ഷേ, ഒരു കടിക്ക് മരണം ഉറപ്പ്. രാജവെമ്പാലയാണ് ലോകത്തിലെ ഏറ്റവും വലിയ വിഷപ്പാമ്പ്. 18 അടി നാലിഞ്ചു വരെ നീളമുള്ള രാജവെമ്പാലയെ കണ്‍ടെത്തിയിട്ടുണ്‍ട്. ഇണചേരുന്ന കാലത്തും കുഞ്ഞുങ്ങളുള്ളപ്പോഴും അവ വളരെയേറെ ആക്രമണോത്സുകത കാണിക്കും. മൂന്നു മണിക്കൂറിനുള്ളില്‍ ഒരാനയെ കൊല്ലാനുള്ള വിഷം രാജവെമ്പാലക്കുണ്‍ട് (ദേശാഭിമാനി, കിളിവാതില്‍ 10-01-2008). ബഹുഭൂരിപക്ഷം പാമ്പുകളും നിരുപദ്രവകാരികളാണ്. പോരാ, മനുഷ്യന് ഉപകാരികളാണ്. ലോകമൊട്ടാകെ ഏകദേശം 2500 ഇനം പാമ്പുകളുണ്‍ട്. അവയില്‍ 375 ഇനം മാത്രമാണ് വിഷമുള്ളവ. മാരകവിഷമുള്ളവയുടെ എണ്ണം അതിലും തുലോം ചുരുക്കമാണ്. ഇന്ത്യയില്‍ 216ല്‍ പരം പാമ്പുകളുണ്‍ട്. അവയില്‍ തന്നെ 52 ഇനങ്ങള്‍ക്കാണ് വിഷമുള്ളത്. മാരകവിഷമാണെങ്കില്‍ ആറിനം പാമ്പുകള്‍ക്കു മാത്രം. കേരളത്തില്‍ കാണുന്ന പ്രധാന വിഷപ്പാമ്പുകള്‍ ആകെ അഞ്ച് ഇനങ്ങളാണ്. രാജവെമ്പാല, മൂര്‍ഖന്‍, വെള്ളിക്കെട്ടന്‍, ചേനത്തണ്‍ടന്‍, ചുരുട്ടമണ്ഢലി എന്നിവയാണ് ഈ അഞ്ചിനങ്ങള്‍. ഈ വസ്തുതകളില്‍ നിന്നും ഒരുകാര്യം വ്യക്തമാണ്.പാമ്പുകടിയേല്‍ക്കുന്നവരില്‍ ഏതാണ്‍ട് നാലിലൊന്നുപേര്‍ മാത്രമാണ് വിഷപ്പാമ്പുകളുടെ ദംശനത്തിനിരയാകുന്നത് (പാമ്പുകളുടെ ലോകം, പേജ് 9-17). പാമ്പുകളിലധികവും വിഷമില്ലാത്തവയാണ്. വിഷമുള്ളവ കടിച്ചാല്‍ തന്നെ വിഷം കയറണമെന്നില്ല. പ്രഥമശുശ്രൂഷ കൊണ്‍ട് വിഷം ഏറെക്കുറെ പുറത്തുകളയാം. ആശുപത്രികളില്‍ ഫലപ്രദമായ ചികിത്സാ സൌകര്യവുമുണ്‍ട്. എന്നിട്ടും സര്‍പ്പദംശനം കൊണ്‍ട് ആളുകള്‍ മരിക്കുന്നത് എന്തുകൊണ്‍ടാണ്? ഭയവും പരിഭ്രാന്തിയുമാണ് മിക്കപ്പോഴും മരണത്തിനു വഴിതെളിക്കുന്നത്. ഇതു രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും വിഷം വളരെ വേഗം വ്യാപിക്കാന്‍ സഹായിക്കുകയും പ്രശ്നം ഗുരുതരമാക്കുകയും ചെയ്യുന്നു. മാത്രമല്ല, രോഗിയുടെ അതിരുകവിഞ്ഞ ഭയവും ഉത്കണ്ഠയും മരുന്നിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താനിടയുണ്‍ട്. വിഷമില്ലാത്ത പാമ്പുകള്‍ കടിച്ചാലും മാനസികവിഭ്രാന്തി പലപ്പോഴും മരണത്തിനു കാരണമാകാറുണ്‍ട്. ചേരയും നീര്‍ക്കോലിയും കടിച്ചിട്ടു മരണം സംഭവിച്ച കേസുകളുണ്‍ട്. ജാഹിള് എന്ന അറബി സാഹിത്യകാരന്‍ അദ്ദേഹത്തിന്റെ ഹയാതുല്‍ ഹയവാനില്‍ രേഖപ്പെടുത്തിയ ഒരു സംഭവം: ഒരിക്കല്‍ ഒരാള്‍ വൃക്ഷച്ചുവട്ടില്‍ കിടന്നുറങ്ങി. ഒരു സര്‍പ്പം ഇറങ്ങിവന്ന് ഉറക്കത്തില്‍ അയാളുടെ തലക്കു കൊത്തി. അയാള്‍ ഞെട്ടിയുണര്‍ന്നു. മുഖം ചുവന്നിട്ടുണ്‍ടായിരുന്നു. തലക്കു ചൊറിഞ്ഞു ചുറ്റും നോക്കി. ആരെയും കണ്‍ടില്ല. അതുകൊണ്‍ടുതന്നെ ഒരു സംശയവും ജനിച്ചില്ല. വീണ്‍ടും തല ചായ്ച്ചു അയാള്‍ ഉറങ്ങുകയായി. കുറേ കഴിഞ്ഞു അയാള്‍ ഞെട്ടിയെണീറ്റു. ശാന്തനായിരുന്ന അയാളോട് ഈ രംഗം വീക്ഷിച്ചിരുന്ന മറ്റൊരാള്‍ ചോദിച്ചു: നിങ്ങള്‍ വൃക്ഷച്ചുവട്ടിലുറങ്ങിയപ്പോള്‍ പെട്ടെന്നുണര്‍ന്നതിന്റെ കാരണം മനസ്സിലായോ? ഇല്ല, എനിക്കൊന്നും മനസ്സിലായില്ല, സത്യം; അയാള്‍ പറഞ്ഞു: അത് ഒരു സര്‍പ്പം നിമിത്തമായിരുന്നു; അതിറങ്ങി വന്ന് നിങ്ങളുടെ തലക്കു കടിച്ചു. താങ്കള്‍ പേടിച്ചെഴുന്നേറ്റപ്പോള്‍ അത് പിന്‍വലിയുകയും ചെയ്തു. ദൃക്സാക്ഷി സംഗതി അയാളെ അറിയിച്ചു. അയാള്‍ സംഭ്രാന്തനായി. ഈ സംഭ്രാന്തി കനത്ത മാനസികാഘാതത്തിനിടവരുത്തി; അത് അയാളുടെ മരണത്തിനും. ജാഹിള് ഇക്കഥ പറഞ്ഞുകൊണ്‍ട് തുടരുന്നു: മനോവിഭ്രാന്തിയാണ് ഇയാളുടെ മരണത്തിനിടയാക്കിയതെന്നാണ് ജനങ്ങളുടെ അഭിപ്രായം. അത് രക്തസമ്മര്‍ദ്ദം മുഖേന വിഷത്തിന്റെ വ്യാപനത്തിനു സൌകര്യമുണ്‍ടാക്കുകയാണുണ്‍ടായത്’ (ഹയാതുല്‍ ഹയവാനില്‍ കുബ്റാ ദമീരി 1/390). പാമ്പ് നമ്മുടെ ശത്രുവല്ലെന്നു പറയാം. കീരിക്കു പാമ്പിനോടെന്നപോലെ പാമ്പിന് മനുഷ്യനോട് ജ•ശത്രുതയൊന്നുമില്ല. ഇഴജന്തുക്കള്‍ പൊതുവെ ബുദ്ധി കുറഞ്ഞവയായിട്ടാണ് കണക്കാക്കപ്പെടുന്നത്. പാമ്പും അതില്‍ നിന്ന് വ്യത്യസ്തമല്ല. ജന്‍മവാസനയല്ലാതെ ബുദ്ധിശക്തി അവ പ്രകടമാക്കുന്നില്ല. ആഹാരം സമ്പാദിക്കുക, ഇണചേരുക, സുരക്ഷ ഉറപ്പുവരുത്തുക ഇക്കാര്യങ്ങളില്‍ മാത്രമേ ഇവക്കു ശ്രദ്ധയുള്ളൂ. അതിനു കുറുക്കുവഴികളോ തന്ത്രപരമായ രീതികളോ ഒന്നും പ്രയോഗിക്കാറില്ല. ആരോടും ശത്രുതയോ സ്നേഹമോ വച്ചുപുലര്‍ത്താറില്ല. ദിവസേന തീറ്റകൊടുക്കുന്ന ആളിനോട് സ്നേഹഭാവം പ്രകടിപ്പിക്കും. എന്നാല്‍ നിസ്സാരകാര്യത്തിനും ക്ഷോഭിച്ചെന്നു വരാം (പാമ്പുകളുടെ ലോകം, പേജ് 22). പാമ്പ് മനുഷ്യന്റെ ശത്രുവാണെന്നു പറയാന്‍ കഴിയില്ല. പാമ്പിനെ ഉപദ്രവിച്ചാല്‍ അത് പകവീട്ടാന്‍ കാത്തിരിക്കും എന്ന ധാരണയും തെറ്റാണ് (പേജ് 59). പാമ്പുകള്‍ക്ക് മറ്റുജീവികളെപ്പോലെ ഓര്‍മശക്തിയോ ബുദ്ധിശക്തിയോ ഇല്ല. ഉടമസ്ഥനെ തിരിച്ചറിഞ്ഞ് സ്നേഹം പ്രകടിപ്പിക്കാനും കഴിവില്ല. കാതുകള്‍ ഇല്ലാത്തതുകൊണ്‍ട് ശ്രവണശേഷി ഇല്ല. കണ്ണുകള്‍ ഉണ്‍ടെങ്കിലും കാഴ്ചശക്തി കുറവാണ് (പേജ് 55). ഒരു വസ്തുവില്‍ ദൃഷ്ടി ഉറപ്പിച്ച് അതിനെ വ്യക്തമായി മനസ്സിലാക്കുന്നതിനുള്ള ശക്തി കണ്ണുകള്‍ക്കില്ല (പേജ് 20). വളരെ അടുത്തുള്ള വസ്തുക്കളെ, പ്രത്യേകിച്ച് ചലിക്കുന്നവയെ മാത്രമേ പാമ്പിനു കാണാന്‍ കഴിയുകയുള്ളൂ. പാമ്പിനു കണ്ണുകൊണ്‍ടു പരിസരത്തെ സാമാന്യജ്ഞാനം മാത്രമേ കിട്ടുന്നുള്ളൂ. ഒന്നിന്റെയും വ്യക്തവും ദൃഢവുമായ കാഴ്ച കിട്ടാന്‍ കണ്ണ് പ്രയോജനപ്പെടുന്നില്ല (പേജ് 24). പാമ്പിന് കാഴ്ച കൂടുതല്‍ കിട്ടുന്നത് മുന്‍വശത്താണ് (പേജ് 54). തലയുയര്‍ത്തി നില്‍ക്കുന്ന പാമ്പിന് അതിന്റെ നേരെ പിറകിലുള്ളതൊന്നും കാണാന്‍ കഴിയില്ല. അതായത് തലയുയര്‍ത്തി നില്‍ക്കുന്നതിനു നേരെ പിറകിലുള്ള അര്‍ദ്ധവൃത്തത്തില്‍ നടക്കുന്ന കാര്യങ്ങള്‍ സാധാരണഗതിയില്‍ അവ അറിയുകയേയില്ല. ഭൂമിയില്‍ തട്ടിയുണ്‍ടാകുന്ന ഏതു ശബ്ദവും അതെത്ര ചെറുതായാലും പാമ്പിനു തിരിച്ചറിയുകയും ചെയ്യാം (പേജ് 55-58). രക്ഷപ്പെടാനുള്ള പഴുത് ഇല്ലാതാകുകയോ ദേഹോപദ്രവം ഉണ്‍ടാക്കുകയോ ചെയ്യുമ്പോഴേ പാമ്പ് കടിക്കാനൊരുങ്ങുകയുള്ളൂ. മനുഷ്യനെ ശത്രുതാമനോഭാവത്തോടെ ഉപദ്രവിക്കുക പാമ്പിന്റെ പ്രകൃതമല്ല (പേജ് 54). മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, പാമ്പ് നമ്മുടെ ശത്രുവാണ്. നമുക്ക് വീട്ടിലും നാട്ടിലും സ്വൈരമായി ജീവിക്കുകയും വിഹരിക്കുകയും ചെയ്യണം. പാമ്പിനെ ഒരതിരുവരെ മാത്രമേ സൂക്ഷിക്കാന്‍ കഴിയൂ. അത് മാളങ്ങളിലൊളിച്ചിരിക്കുന്ന ജീവിയാണ്. വീട്ടിനകത്തും പുറത്തും അത് ഒളിച്ചിരിക്കാറുണ്‍ട്. എപ്പോഴാണ് അത് പുറത്തിറങ്ങുകയെന്നറിയില്ല. എവിടെയാണുള്ളതെന്നുറപ്പ് പറയാന്‍ കഴിയില്ല. എങ്ങനെയാണ് അതിന്റെ ദംശനത്തിന് വിധേയമാവുകയെന്നു പറയാന്‍ കഴിയില്ല. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു പത്രവാര്‍ത്ത കാണാനിടയായി. ബസ്സില്‍ യാത്ര ചെയ്യുന്ന ഒരു സ്ത്രീ തന്റെ സീറ്റിലിരുന്ന് വിളറി പിടിക്കുന്നു. അസ്വാസ്ഥ്യം കണ്‍ടു അടുത്തുള്ളവര്‍ തിരക്കി. എന്തോ വസ്ത്രത്തിനുള്ളില്‍! സ്ത്രീ പറഞ്ഞു. അടുത്തുള്ള ഒരാള്‍ തന്റെ തലപ്പാവ് അഴിച്ചുകൊടുത്തു. അവള്‍ ഉടനെ വസ്ത്രം അഴിച്ചുമാറ്റി. എന്താണ് വസ്ത്രത്തിലുള്ളതെന്നറിയാന്‍ അയാള്‍ വസ്ത്രമൊന്നു പൊക്കിനോക്കി. ഉടനെ ഒരു കടി. അത് ഉഗ്രവിഷമുള്ള പാമ്പായിരുന്നു. അയാളുടെ മരണത്തിനു അതു കാരണമാവുകയും ചെയ്തു. ഒരു ദിവസം എന്റെ സ്ഥാപനത്തിലെ പള്ളിയുടെ റൂമില്‍, ഒരു കട്ടിലില്‍ വെച്ച ശീട്ടെടുക്കാന്‍ തലയിണ പൊക്കിയപ്പോള്‍ ഒരു സര്‍പ്പം സ്വസ്ഥമായി ചുരുണ്‍ടുകിടക്കുന്നു. കണ്‍ടില്ലെങ്കില്‍ കൈ അമര്‍ത്തും, അമര്‍ത്തിയാല്‍ കടിക്കും. പക്ഷേ, അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ അന്നു രക്ഷപ്പെട്ടു. എന്നാല്‍ അതിനു മുമ്പൊരിക്കല്‍ മഗ്രിബിനു പള്ളിയിലേക്കു പോവുകയാണ്. പാമ്പിനെ സൂക്ഷിക്കേണ്‍ട സമയമായിട്ടില്ല. പാറപ്പുറത്ത് അല്‍പം പൊടിമണ്ണുള്ള സ്ഥലത്തെത്തിയപ്പോള്‍ കാല്‍വിരലില്‍ കമ്പി കോര്‍ത്ത പ്രതീതി. നോക്കിയപ്പോള്‍ അത് കമ്പിയല്ല; ഒരു സര്‍പ്പമാണ്. ഉടനെ കടിവായിന് മുകളില്‍ കെട്ടി വിഷവൈദ്യനെ സമീപിച്ചു. ഒരാഴ്ചത്തെ ചികിത്സകൊണ്‍ട് പൂര്‍ണമായും സുഖം പ്രാപിച്ചു; അല്ലാഹുവിന് സ്തുതി. അപ്പോള്‍ പാമ്പ് നമ്മുടെ ജ•ശത്രുവല്ലെങ്കിലും നിരുപദ്രവകാരിയാണെന്നു പറഞ്ഞുകൂടാ. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് നടത്തിയ ഒരു പഠനമനുസരിച്ച് ഇന്ത്യയില്‍ പ്രതിവര്‍ഷം 20 ലക്ഷം പേര്‍ക്ക് പാമ്പുകടിയേല്‍ക്കുന്നുണ്‍ട്. 15,000-30,000 പേര്‍ മരണപ്പെടുന്നു (പാമ്പുകളുടെ ലോകം, പേജ് 9). പാമ്പിന്റെ ഉപദ്രവമേല്‍ക്കാതിരിക്കാന്‍ നാം മൂന്ന് മാര്‍ഗങ്ങള്‍ സ്വീകരിക്കണം. ഒന്ന്, ബദ്ധശ്രദ്ധ തന്നെ. സന്ധ്യാസമയത്ത് വെളിച്ചം കൂടാതെ സഞ്ചരിക്കരുത്. അത് പാമ്പ് തീറ്റ തേടാനിറങ്ങുന്ന സമയമാണ്. രാത്രി സഞ്ചരിക്കുമ്പോള്‍ പാദം മൂടുന്ന പാദരക്ഷ ധരിക്കുക. പുല്‍പ്രദേശത്തും ജലതീരത്തും രാത്രി നടക്കേണ്‍ടിവരുമ്പോള്‍ സാവകാശം താഴോട്ട് ശ്രദ്ധിച്ച് നടക്കണം. പാമ്പിന്റെ നിത്യാഹാരവും പഥ്യാഹാരവുമായ എലിയുടെയും പൂച്ചയുടെയും സാന്നിധ്യം വീട്ടിലും പരിസരത്തും ഇല്ലാതെയാക്കണം. മാളങ്ങളിലോ ദ്വാരങ്ങളിലോ മൂത്രിക്കരുത്; അവയില്‍ കാലുകളോ വിരലുകളോ ഇടരുത്. അവയുടെ മുഖത്ത് ചവിട്ടുകയും ചെയ്യരുത്. പാമ്പിന്റെ ഗതി തടയുകയോ മുമ്പില്‍ നിന്ന് ചലനമുണ്‍ടാക്കി ഭയപ്പെടുത്തുകയോ ചെയ്യരുത്. രക്ഷപ്പെടാനുള്ള പഴുത് ഇല്ലാതാക്കുകയോ ദേഹോപദ്രവം ഏല്‍ക്കുകയോ ഭയക്കുകയോ ഇരയാണെന്ന് ധരിക്കുകയോ ചെയ്യുമ്പോള്‍ മാത്രമാണ് പാമ്പ് കടിക്കാനൊരുങ്ങുന്നത്. വീടിനു സമീപത്തോ വരാന്തയിലോ വേനല്‍ക്കാലത്ത് വെള്ളം പതിവായി സംഭരിച്ചു വെക്കരുത്. വെള്ളമന്വേഷിച്ച് ഉഷ്ണകാലത്ത് പാമ്പുവരും. പാമ്പിന് ഒളിച്ചിരിക്കാന്‍ സഹായകമായ പഴുതും പൊത്തും ഉണ്ടാകുന്നവിധം വീടിനുപരിസരത്ത് കല്ലോ മറ്റു സാധനങ്ങളോ കൂട്ടിയിടരുത്. ഇട്ടാല്‍ എടുക്കുമ്പോള്‍ ജാഗ്രത പാലിക്കണം. വീടിനകത്തു നിന്ന് പുറത്തേക്കുള്ള ദ്വാരങ്ങളും ഓവുകളും അടച്ചിടണം. പാള, ഓല, കൂട്ടിയിട്ട സാധനങ്ങള്‍, കട്ടിലിനടിയിലെ പാത്രങ്ങള്‍ എന്നിവയെടുക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം. പൊത്തില്‍ കുത്തിയോ മുന്‍വശത്തുനിന്നോ പാമ്പിനെ കൊല്ലാന്‍ ശ്രമിക്കരുത്. തള്ളപ്പൂച്ചകളെ വീട്ടിനകത്ത് ശ്രദ്ധിക്കണം. അവ കുഞ്ഞുങ്ങള്‍ക്ക് തീറ്റയായോ കളിപ്പാട്ടമായോ കൊണ്ടുവരുന്ന ജീവികളുടെ കൂട്ടത്തില്‍ പലപ്പോഴും വെള്ളിക്കെട്ടന്‍ പാമ്പുകളുണ്ടാകാറുണ്‍ട്. രാത്രിസമയത്ത് കോഴിക്കൂട്ടില്‍ ബഹളം കേട്ടാല്‍ പെട്ടെന്ന് വാതില്‍ തുറക്കരുത്. കോഴിക്കുഞ്ഞുങ്ങളെ പിടിക്കാന്‍ അവിടെ സര്‍പ്പങ്ങള്‍ വരാറുണ്‍ട്. പ്രതിരോധത്തിനായി, രണ്ടാമതായി നാം ചെയ്യേണ്‍ടത് നമ്മുടെ പരിസരത്തു പ്രത്യക്ഷപ്പെടുന്ന വിഷപ്പാമ്പുകളെ കൊല്ലുകയാണ്. ഉപദ്രവകാരികളായ ജീവികളെ നശിപ്പിക്കുന്നത് അനുവദനീയമാണ്. അക്കൂട്ടത്തില്‍പെട്ട ഒരു ജീവിയാണ് സര്‍പ്പം. ഗരുഡന്‍, എലി, പാമ്പ്, തേള്‍, ചെള്ള്, കടന്നല്‍, മൂട്ട, പേന്‍, കൊതുക് ആദിയായ ഉപദ്രവകാരികളെ വധിക്കാവുന്നതാണ്. മനുഷ്യന്‍ പെരുമാറുന്ന സ്ഥലത്തുള്ള ഉപദ്രവകാരികളായ ജീവികളെ കണ്‍ടെത്തുമ്പോള്‍ വധിക്കുന്നതുകൊണ്‍ട് അവയുടെ വംശനാശം സംഭവിക്കുകയില്ലെന്നു പറയേണ്‍ടതില്ലല്ലോ. വിഷസര്‍പ്പത്തെ വധിക്കുന്നതിനു പ്രേരകമായ ഹദീസുകള്‍ ഇമാം നസാഈ (മനാസിക് 114), അഹ്മദ് (1/385, 6/209, 6/238), അബൂദാവൂദ് (അദബ് 162) ഉദ്ധരിച്ചിട്ടുണ്‍ട്. മൂന്നാമതായി, നമുക്ക് ചെയ്യാനുള്ളത് പൂര്‍ണമായ അര്‍പ്പണവും പ്രാര്‍ഥനയുമാണ്. ചെറുതും വലുതുമായ അനേകായിരം ജീവജാലങ്ങള്‍ക്കിടയിലാണ് നാം ജീവിക്കുന്നത്. അവയുടെ കൂട്ടത്തില്‍ കാണാന്‍ കഴിയുന്നവയും കഴിയാത്തവയുമുണ്‍ട്. വല്ലപ്പോഴും നമ്മുടെ ദൃഷ്ടിയില്‍ പെടുന്ന സര്‍പ്പത്തെ നാം വധിച്ചതുകൊണ്‍ട് സര്‍പ്പോപദ്രവത്തില്‍ നിന്ന് നാം സുരക്ഷിതരാകുമെന്നുറപ്പില്ലല്ലോ. എന്നാല്‍ സംശയവും ആശങ്കയുമായി നടന്നാല്‍ നമുക്ക് സ്വസ്ഥമായി ജീവിക്കാനും കഴിയില്ല. പരമാവധി നമുക്ക് ചെയ്യാവുന്ന കരുതല്‍ നടപടികളാണ് മുകളില്‍ പറഞ്ഞത്. അവ സ്വീകരിച്ച ശേഷം എല്ലാം അല്ലാഹുവില്‍ അര്‍പ്പിച്ച് അവനില്‍ അഭയം തേടണം. നബി (സ്വ) യുടെ ഒരു പ്രാര്‍ഥന അബുല്‍ യസര്‍ ഉദ്ധരിക്കുന്നത് കാണുക: അല്ലാഹുവേ! കെട്ടിട തകര്‍ച്ച, മറിഞ്ഞുവീഴല്‍ എന്നിവയില്‍ നിന്ന് നിന്നോട് ഞാന്‍ രക്ഷ ചോദിക്കുന്നു. അഗ്നിബാധ, മുങ്ങിമരണം എന്നിവയില്‍ നിന്ന് നിന്നോട് ഞാന്‍ അഭയം തേടുന്നു. മരണസമയത്ത് പിശാച് വഴിതെറ്റിക്കുന്നതില്‍ നിന്ന് നിന്നോട് ഞാന്‍ സുരക്ഷ ചോദിക്കുന്നു. നിന്റെ മാര്‍ഗത്തില്‍ നിന്നു പിന്തിരിഞ്ഞു മരിക്കുന്നതില്‍ നിന്നും രക്ഷ തേടുന്നു. വിഷജന്തുവിന്റെ ദംശനമേറ്റു മരിക്കുന്നതില്‍ നിന്നു നിന്നോട് ഞാന്‍ അഭയം തേടുന്നു (അബൂദാവൂദ് 1552). വിഷസര്‍പ്പങ്ങള്‍ ഉപദ്രവകാരികളായിരിക്കെ അവയെ അല്ലാഹു എന്തിനു സൃഷ്ടിച്ചു? ഒന്നാമതായി ഖബ്റിലും നരകത്തിലുമുള്ള സര്‍പ്പങ്ങളെ ഭൌതിക സര്‍പ്പങ്ങളുമായി തുലനം ചെയ്തു മനസ്സിലാക്കുവാന്‍ സാധിക്കുന്നു. ഈ സര്‍പ്പങ്ങളുടെ രൂപങ്ങളും ദംശനങ്ങളും ഇത്രക്കു ഭയാനകമാണെങ്കില്‍ പാരത്രിക സര്‍പ്പങ്ങളുടെ രൂപങ്ങളും ദംശനങ്ങളും എത്രമേല്‍ ഭയങ്കരമാണെന്ന് ഊഹിക്കാവുന്നതാണ്. രണ്‍ടാമതായി പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുവാന്‍ സര്‍പ്പങ്ങളുടെ സാന്നിധ്യം ആവശ്യമാണ്. പ്രകൃതിയില്‍ അധികപ്പറ്റായി ഒന്നുമില്ല. ഏതെങ്കിലും ജീവികളുടെ വംശനാശം വരുത്തിയാല്‍ പ്രകൃതി അതിനെതിരായി പ്രതികരിക്കാറുണ്‍ട്. തവളക്കാല്‍ കയറ്റിയയച്ച് വിദേശനാണ്യം നേടിയപ്പോള്‍ നെല്‍പാടങ്ങളില്‍ മുഞ്ഞരോഗം വര്‍ദ്ധിച്ചത് നാം മറന്നുകാണുകയില്ല. പാമ്പുകളെയെല്ലാം കൊന്നുതീര്‍ത്താലും അനുഭവം മറിച്ചായിരിക്കില്ല. കാരണം പ്രകൃതി അതിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുവാന്‍ എപ്പോഴും വ്യഗ്രത കാണിക്കും (പാമ്പുകളുടെ ലോകം, പേജ് 16-17). കര്‍ഷകന്റെ ശത്രുവായ എലികളുടെ ക്രമാതീതമായ വര്‍ദ്ധനവ് നിയന്ത്രിക്കുന്നതില്‍ പാമ്പുകള്‍ വലിയ പങ്കുവഹിക്കുന്നുണ്‍ട്. ഒരിടത്തും ഒരു പരിധി കഴിഞ്ഞ് എലികളുടെ എണ്ണം പെരുകാറില്ല. എലികള്‍ വര്‍ദ്ധിച്ചാല്‍ ഒരുപറ്റം പാമ്പുകളും അവിടെ രംഗപ്രവേശം ചെയ്യും. അപ്പോള്‍ എലികള്‍ ദിനേന കുറഞ്ഞുവരും. എവിടെയെങ്കിലും എലികള്‍ പെരുകിയിട്ടുണ്‍ടെങ്കില്‍ അവിടെ പാമ്പുകള്‍ കുറവാണെന്നു കരുതിയാല്‍ മതി. മൂന്നാമതായി പല ജീവന്‍രക്ഷാ മരുന്നുകളും പ്രതിവിഷവും പാമ്പുകളില്‍ നിന്ന് ലഭിക്കുന്നുണ്‍ട്. ബോംബെയിലെ ഹാഫ്കിന്‍ സ്ഥാപനത്തിലും കസാളിയിലെ കേന്ദ്രഗവേഷണ സ്ഥാപനങ്ങളിലും ഇപ്പോള്‍ പ്രതിവിഷം ഉണ്ടാക്കുന്നുണ്‍ട് (പാമ്പുകളുടെ ലോകം, പേജ് 16). പാമ്പുകടിയേറ്റാല്‍ കുത്തിവെക്കാനുള്ള മറുമരുന്നിന്റെ നിര്‍മാണം പാമ്പിന്‍വിഷത്തിന്റെ മുഖ്യമായ ഉപയോഗ മേഖലയാണ്. വിഷം തന്നെ ചെറിയ അളവില്‍ പെര്‍ച്ചറോണ്‍ ഇനത്തില്‍ പെട്ട വലിയ കുതിരകളില്‍ കുത്തിവെച്ചാണ് ഈ മറുമരുന്നിന്റെ നിര്‍മാണം. ഈ വിഷം കുതിരകള്‍ക്ക് ദോഷമാകുന്ന അളവിലുണ്‍ടാകില്ല. വിഷം ഉള്ളില്‍ ചെല്ലുമ്പോള്‍ അതിനെ നേരിടാനുള്ള ആന്റിബോഡി കുതിരയുടെ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടും. ഈ കുതിരകളുടെ രക്തം ശേഖരിക്കും. ഒരു വര്‍ഷത്തോളം ഇങ്ങനെ രക്തമെടുക്കും. ഈ രക്തത്തിലെ പ്ളാസ്മയില്‍ പാമ്പിന്‍വിഷത്തിനുള്ള മറുവിഷമുണ്‍ടാകും. ഇത് പിന്നീട് വേര്‍തിരിച്ച് മരുന്നാക്കും. പല ജീവന്‍രക്ഷാ മരുന്നുകളിലും പാമ്പിന്‍വിഷം മുഖ്യഘടകമാണ്. അമിത രക്തസമ്മര്‍ദ്ദം തടയാനുള്ള മരുന്നില്‍ പാമ്പിന്‍വിഷം പ്രധാന ചേരുവയാണ്. ഹൃദ്രോഗ ചികിത്സയിലും ചിലതരം ക്യാന്‍സര്‍ ട്യൂമറുകള്‍ ഇല്ലാതാക്കാനും പോളിയോക്കും പാമ്പിന്‍ വിഷം മരുന്നാണ്. ബോധം കെടുത്താനുള്ള അനസ്തറ്റിക് മരുന്നുകളിലും ഇവ ഉപയോഗിക്കുന്നു. രക്തം കട്ടിയാകുന്നത് തടയാന്‍ പാമ്പിന്‍ വിഷത്തിന് കഴിയും. ഈ സാധ്യത ഉപയോഗിച്ച് ചിലതരം ഹൃദ്രോഗങ്ങളും പക്ഷാഘാതവും ചികിത്സിക്കുന്നു. അണലിയുടെ വിഷമാണ് ഇതിന് കൂടുതല്‍ പറ്റിയത്. മൂര്‍ഖന്റെ വിഷം ക്യാന്‍സര്‍ ചികിത്സക്കും വേദനസംഹാരികളിലുമാണ് ഉപയോഗിക്കുക (ദേശാഭിമാനി, കിളിവാതില്‍ 10-12-2008). സര്‍പ്പമാംസം നിഷിദ്ധമാണ്. അതുകൊണ്‍ട് നിര്‍മിച്ച ഔഷധവും നിഷിദ്ധം തന്നെ. നിര്‍ബന്ധിത സാഹചര്യത്തിലല്ലാതെ അത് ഉപയോഗിക്കാന്‍ പാടില്ല. സര്‍പ്പങ്ങള്‍ പൊതുവെ ഉപദ്രവകാരികളായതുകൊണ്‍ട് അവയെ വധിക്കുന്നതിന് വിരോധമില്ല. കാട്ടിലും പോട്ടിലും തിരഞ്ഞുനടന്ന് അവയെ കണ്‍ടുപിടിച്ച് വംശനാശം നടത്തണമെന്ന് ഇതിനര്‍ഥമില്ല. മനുഷ്യപ്പെരുമാറ്റമുള്ള സ്ഥലങ്ങളില്‍ ഉപദ്രവകാരികളായ സര്‍പ്പങ്ങളെ കണ്‍ടാല്‍ വധിക്കാവുന്നതാണ്. അത് സുന്നത്തുകൂടിയാണ്. നബി (സ്വ) ആജ്ഞാപിച്ചിട്ടുള്ള കാര്യമാണത്. ബുഖാരി, മുസ്ലിം, നസാഈ എന്നിവര്‍ ഉദ്ധരിച്ച ഒരു സംഭവം കാണുക: ഞങ്ങള്‍ നബി (സ്വ) യോടൊപ്പം മിനായിലെ ഒരു ഗുഹയിലിരിക്കുകയായിരുന്നു. അപ്പോള്‍ തിരുമേനി (സ്വ) ക്ക് വല്‍മുര്‍സലാതി എന്ന ഖുര്‍ആനികാധ്യായം അവതീര്‍ണമായി. അങ്ങനെ തിരുവായില്‍ നിന്ന് പച്ചയായി തന്നെ ഞങ്ങള്‍ കേട്ടു പഠിക്കുകയായിരുന്നു. തദവസരം ഒരു സര്‍പ്പം ഞങ്ങളുടെ സമീപം പ്രത്യക്ഷപ്പെട്ടു. അതുകണ്‍ടപ്പോള്‍ നബി (സ്വ) പറഞ്ഞു: അതിനെ വധിച്ചേക്കുക. അതിനെ വധിക്കാന്‍ ഞങ്ങള്‍ ധൃതികൂട്ടി. അപ്പോഴേക്കും അതു കടന്നുകളഞ്ഞു. നബി (സ്വ) തദ്വേള പറഞ്ഞു: നിങ്ങളുടെ ഉപദ്രവം അതിന് അല്ലാഹു തടുത്തു. അതിന്റെ ഉപദ്രവം നിങ്ങള്‍ക്കവന്‍ തടുത്തപോലെ (ഹയാതുല്‍ ഹയവാന്‍ 1/397). വിഷസര്‍പ്പങ്ങളെ ഉപയോഗിച്ചുകൊണ്‍ടുള്ള സാഹസിക വിനോദത്തിന് സര്‍പ്പയജ്ഞം എന്നു പറഞ്ഞുവരുന്നു. ഇത് സൈക്കിള്‍ യജ്ഞം എന്നു പറയുംപോലെ ഒരു സാഹസിക വിനോദം എന്ന അര്‍ഥത്തിലാണ് ഇന്ന് ഉപയോഗിക്കുന്നതെങ്കിലും ഈ പ്രയോഗത്തിന് ഒരു അടിസ്ഥാനമുണ്‍ട്. യജ്ഞം എന്ന പദത്തിന് യാഗം, പൂജ എന്നൊക്കെയാണ് അര്‍ഥം. അപ്പോള്‍ സര്‍പ്പാരാധനയില്‍ നിന്നാണ് ഇതിന്റെ ഉത്ഭവമെന്ന് മനസ്സിലാക്കാം. അതുകൊണ്‍ടാണ് പാമ്പാട്ടിക്ക് മലയാളത്തില്‍ സര്‍പ്പാരാധകന്‍ എന്ന പേര്‍ ലഭിച്ചിട്ടുള്ളത്. സര്‍പ്പക്കാവും സര്‍പ്പക്കല്ലും സര്‍പ്പപ്പാട്ടും സര്‍പ്പബലിയും എല്ലാം സര്‍പ്പാരാധനയുടെ ഭാഗങ്ങളാണ്. സര്‍പ്പങ്ങളെ പൂജിച്ചു കുടിയിരുത്തിയും സേവിച്ചു സ്വാധീനിച്ചും വശപ്പെടുത്തുന്ന സമ്പ്രദായം പണ്‍ടുമുതലേ നിലവിലുണ്‍ട്. എങ്ങനെയാണിതു സാധിക്കുന്നത്? പറയാം. ആ രഹസ്യം ശരിയായി മനസ്സിലാക്കുന്നതിന് സര്‍പ്പങ്ങളെക്കുറിച്ചുള്ള ചില രഹസ്യങ്ങള്‍ മനസ്സിലാക്കേണ്‍ടതുണ്‍ട്. സര്‍പ്പങ്ങളുടെ കൂട്ടത്തില്‍ ജിന്ന്, ശൈത്വാന്‍ വര്‍ഗത്തില്‍പെട്ടവയുമുണ്‍ട്. സാധാരണ ജിന്നുകള്‍ക്ക് തന്നെ സര്‍പ്പരൂപം പ്രാപിക്കാന്‍ കഴിയും. ജിന്നുകള്‍ മനുഷ്യരുടെയും മൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും രൂപം പ്രാപിക്കാന്‍ സാധിക്കുന്നവരാണെന്ന കാര്യത്തില്‍ യാതൊരു സന്ദേഹവുമില്ല. ഹദീസുകളുടെ വെളിച്ചത്തില്‍ ഇക്കാര്യങ്ങള്‍ പണ്ഢിത•ാര്‍ വിശകലനം ചെയ്തിട്ടുണ്‍ട്. ഖാളി ബദ്റുദ്ദീന്‍ ശിബ്ലി (ഹിജ്റ 769) യുടെ ആക്കാമുല്‍മര്‍ജാന്‍ എന്ന ഗ്രന്ഥവും ശൈഖ് ഇബ്നുഹജര്‍ ഹൈതമിയുടെ അല്‍ഫതാവല്‍ ഹദീസിയ്യ എന്ന ഗ്രന്ഥവും ഇവ്വിഷയകമായി സമഗ്രപഠനം തന്നെ നടത്തിയിട്ടുണ്‍ട്. ജിന്നുകള്‍ സര്‍പ്പരൂപം പ്രാപിച്ചുവരാറുണ്‍ട് എന്നതുകൊണ്‍ടാണ് വിരിപ്പുകളിലോ വീടുകളിലോ സര്‍പ്പങ്ങളെ കാണാനിടയായാല്‍ മൂന്നുതവണ സ്ഥലംവിടാന്‍ അവയോട് ആവശ്യപ്പെടണമെന്നും അങ്ങനെ ആവശ്യപ്പെട്ടിട്ടും ഇറങ്ങിപ്പോകുന്നില്ലെങ്കില്‍ അഥവാ വീണ്‍ട ും പ്രത്യക്ഷപ്പെടുന്നുവെങ്കില്‍ അവയെ വധിക്കണമെന്നും നബി (സ്വ) പ്രസ്താവിച്ചിട്ടുള്ളത്. നബി (സ്വ) അരുള്‍ ചെയ്തതായി അബൂസഈദുല്‍ ഖുദ്രി (റ) നിവേദനം ചെയ്യുന്ന ഒരു ഹദീസ് തുര്‍മുദി, നസാഈ എന്നീ ഹദീസ് പണ്ഢിത•ാര്‍ ഉദ്ധരിക്കുന്നതു കാണുക: മദീനയില്‍ ഇസ്ലാം ആശ്ളേഷിച്ച ഒരു സംഘം ജിന്നുകളുണ്‍ട്. അതുകൊണ്‍ട് ഈ ഇഴജന്തുക്കളില്‍ (സര്‍പ്പങ്ങളില്‍) പെട്ട വല്ലതും കണ്‍ടാല്‍ സ്ഥലം വിടാന്‍ അതിന് അറിയിപ്പ് നല്‍കുക. എന്നിട്ടും അത് പ്രത്യക്ഷപ്പെടുന്നുവെങ്കില്‍ അതിനെ വധിച്ചുകളയുക (ആക്കാമുല്‍ മര്‍ജാന്‍, പേജ് 35). മനുഷ്യവാസമുള്ള സ്ഥലങ്ങളില്‍ പലപ്പോഴും ജിന്നുകളുടെ സാന്നിധ്യമുണ്‍ടാകാറുണ്‍ട്. ജിന്നുവര്‍ഗത്തിലെ അറുദുഷ്ടരാണല്ലോ ശൈത്വാ•ാര്‍. ഇവര്‍ ഇരുവിഭാഗവും സ്വരൂപം വിട്ട് ഇതരരൂപം പ്രാപിക്കാറുണ്‍ട്. അക്കൂട്ടത്തില്‍ സാധാരണമായ ഒരു രൂപമാണ് സര്‍പ്പരൂപം. അത് തനതായ രൂപമാറ്റമാണോ അല്ലെങ്കില്‍ പ്രതിരൂപം കാണിക്കുകയാണോ അതുമല്ലെങ്കില്‍ കേവലം മായ മാത്രമാണോ എന്ന കാര്യത്തില്‍ പണ്ഢിത•ാര്‍ക്കിടയില്‍ അഭിപ്രായാന്തരമുണ്‍ട്. എന്തായാലും മനുഷ്യദൃഷ്ടിക്ക് സര്‍പ്പങ്ങളായി ഗോചരീഭവിക്കത്തക്കവണ്ണം അവര്‍ പ്രത്യക്ഷപ്പെടുമെന്ന കാര്യത്തില്‍ പക്ഷാന്തരമില്ല. അതിനുള്ള സ്വാതന്ത്യ്രം അവര്‍ക്കുണ്‍ടെങ്കിലും മനുഷ്യരെ ഉപദ്രവിക്കാനോ ശല്യം ചെയ്യുവാനോ ഉള്ള യാതൊരവകാശവും അവര്‍ക്കില്ല. അല്ലാമാ ഇബ്നുഹജര്‍ ഹൈതമി പറയുന്നു: മഹാ•ാരായ നൂഹ് നബി (അ), സുലൈമാന്‍ നബി (അ) എന്നിവര്‍ മനുഷ്യരെ ഉപദ്രവിക്കുകയില്ലെന്ന് ജിന്നുകളോട് കരാര്‍ വാങ്ങിയിട്ടുണ്‍ട്. അപ്പോള്‍ മനുഷ്യവാസമുള്ള ഒരു സ്ഥലത്ത് പ്രത്യക്ഷപ്പെടുന്ന ഒരു സര്‍പ്പത്തോട് വേഗം സ്ഥലം വിടാനാവശ്യപ്പെട്ടാല്‍ അത് വിശ്വാസിയായ ജിന്നാണെങ്കില്‍ പ്രസ്തുത കരാര്‍ പരിഗണിച്ച് സ്ഥലം വിട്ടുകൊള്ളും. അവിശ്വാസിയെങ്കില്‍ അത് സാരമാക്കുകയില്ല. അപ്പോള്‍ മുന്നറിയിപ്പിനുശേഷം അതിനെ കൊല്ലാവുന്നതാണ്. ഇനി ആ സര്‍പ്പം ജിന്നുവര്‍ഗത്തില്‍ പെട്ടതല്ല, പ്രത്യുത യഥാര്‍ഥ സര്‍പ്പം തന്നെയാണെങ്കില്‍ അതു വധിക്കപ്പെടേണ്‍ടതു തന്നെ (അല്‍ഫതാവല്‍ ഹദീസിയ്യ, പേജ്: 17). ജിന്നുകളുടെയും ശൈത്വാന്‍മാരുടെയും കൂട്ടത്തില്‍ സര്‍പ്പങ്ങളുണ്ടെന്നും ചില ജിന്നുകള്‍ക്ക് സര്‍പ്പങ്ങളായി രൂപാന്തരപ്പെടുവാന്‍ സാധിക്കുമെന്നും ഉപര്യുക്ത വസ്തുതകള്‍ മനസിലാക്കിത്തരുന്നു. ഇത്തരം സര്‍പ്പങ്ങളെയാണ് പൂജാരാധനകളിലൂടെ ബഹുദൈവര്‍ സ്വാധീനിക്കുന്നത് എന്ന് എളുപ്പം മനസിലാക്കാം. ലോകത്ത് പല പ്രാചീന വര്‍ഗങ്ങളിലും നാഗാരാധന ഉണ്‍ടായിരുന്നു. ഭാരതത്തിലും പണ്‍ടുമുതല്‍ക്കേ ഇതു നിലനിന്നുവരുന്നു. വിഷ ചികിത്സയും സര്‍പ്പാരാധനയും ഒന്നിച്ചു നടത്തുന്നവരും ഉണ്‍ട്. കുടില്‍ മുതല്‍ കൊട്ടാരം വരെ പാമ്പിനെ ആരാധിച്ചിരുന്നുവെന്ന് മനസിലാക്കാം. എന്നാല്‍ പത്തിയുള്ള പാമ്പിനെ മാത്രമേ ആരാധിച്ചിരുന്നുള്ളൂ എന്നത് ഒരു പ്രത്യേകതയാണ്. നാഗാരാധന നടത്തുന്നത് പാമ്പുകളുടെ ശല്യം ഉണ്‍ടാകാതിരിക്കുവാനോ ദൈവപ്രീതിക്കോ ആവാം. പഴയ പല ഹൈന്ദവ സ്തോത്രങ്ങളിലും നാഗനാമം ഉള്‍ക്കൊള്ളിച്ചിട്ടുണ്‍ട്. ഇന്ത്യയില്‍ പല ഭാഗങ്ങളിലും നാഗപഞ്ചമി ദിവസം ഉത്സവം തന്നെയാണ്. പാമ്പിന്റെ ഉപദ്രവത്തില്‍ നിന്നു രക്ഷപ്പെടാന്‍ മാനസി ദേവിക്കു പൂജയര്‍പ്പിക്കുന്നു. പാലും മലരും മറ്റും നിവേദിക്കുകയും ചെയ്യുന്നു. നാഗപഞ്ചമി ദിവസം വീടും പരിസരവും അലങ്കരിക്കുന്ന സ്ഥലങ്ങളും ഉണ്‍ട്. പുരാണങ്ങളില്‍ പാമ്പിന്റെ വാസസ്ഥലം പാതാളമായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബുദ്ധമതക്കാരും പാമ്പിനെ ആദരിക്കുന്നുണ്‍ട് (പാമ്പുകളുടെ ലോകം, പേജ് 14). സര്‍പ്പങ്ങളെ പൂജിക്കുകയോ ആരാധിക്കുകയോ ചെയ്യാതെ അവയെ പിടിച്ചു വളര്‍ത്തി സര്‍പ്പയജ്ഞം എന്ന സാഹസിക വിനോദം നടത്താമോ എന്നതാണ് അടുത്ത പ്രശ്നം. പലരും സര്‍പ്പങ്ങളുടെ കൂടെ മണിക്കൂറുകളോ ദിവസങ്ങളോ കഴിച്ചുകൂട്ടി യജ്ഞം നടത്തുന്നു. പലരും സര്‍പ്പത്തെ കഴുത്തില്‍ കണ്ഠാഭരണമായി അണിയുന്നു. ചിലര്‍ സര്‍പ്പത്തെ ഉമ്മവെക്കുകപോലും ചെയ്യുന്നു. ഇത്തരം വിനോദങ്ങളുടെ വിധിയെന്ത്? മറ്റു നിഷിദ്ധകാര്യങ്ങളൊന്നുമില്ലെങ്കില്‍ ഇത് അനുവദനീയമാകുമോ? അനുവദനീയമാണെന്നാണ് പ്രബലാഭിപ്രായം. പക്ഷേ, ഒരു ഉപാധിയുണ്‍ട്. സുരക്ഷ സാധാരണമാകണം. അഥവാ അത്യപൂര്‍വമായേ അപകടം വരൂ എങ്കില്‍ അനുവദനീയമാണ്. അങ്ങനെ അനുവദനീയമാകുന്ന രൂപത്തില്‍ ആ വിനോദം കാണുന്നതും അനുവദനീയമാണ് (ശര്‍വാനി 10/221). ഒരു പാമ്പാട്ടി തന്റെ യോഗ്യത തെളിയിക്കുന്നതിനായി ഒരു സര്‍പ്പത്തെ പിടിക്കുകയും അത് അവനെ ദംശിക്കാനിടവരികയും ചെയ്താല്‍ അവന്‍ കുറ്റക്കാരനാകുമോ? ആ ദംശനത്തിലവന്‍ മരിക്കാനിടവന്നാലും അവന്‍ കുറ്റക്കാരനല്ല, രണ്‍ട് ഉപാധികളോടെ. ഒന്ന്, തന്റെ കലയില്‍ അവന്‍ വിദഗ്ധനായിരിക്കണം. രണ്‍ട്, അതിന് മുതിരുമ്പോള്‍ താന്‍ രക്ഷപ്പെടുമെന്ന മികച്ച ധാരണ ഉണ്‍ടായിരിക്കണം (ഫതാവാ നവവിയ്യ, തുഹ്ഫ 9/398). ഒരു പാമ്പാട്ടിയുടെ സര്‍പ്പക്കുട്ടയില്‍ നിന്ന് ഒരു സര്‍പ്പം തെന്നി രക്ഷപ്പെടുകയും അത് ആരെയെങ്കിലും ദംശിക്കുകയും ചെയ്താല്‍ നഷ്ടപരിഹാരത്തിന് ആ പാമ്പാട്ടി ബാധ്യസ്ഥനാണോ? അവന്‍ ബാധ്യസ്ഥനല്ലെന്നാണ് നിയമം. പക്ഷേ, ഒരു പാമ്പാട്ടി ഒരു ജനസമൂഹത്തില്‍ ചെന്നിറങ്ങിയാല്‍ തന്റെ കൂടെ സര്‍പ്പമുണ്‍ടെന്ന കാര്യം അവരെ നേരത്തെ അറിയിച്ചിരിക്കണം. ഇങ്ങനെ ഒരു സംഭവം ഉമറുബ്നു അബ്ദില്‍ അസീസിന്റെ കാലത്ത് യമനില്‍ സംഭവിച്ചപ്പോള്‍ അപ്രകാരമാണ് അദ്ദേഹം വിധി കല്‍പിച്ചത്. അതുതന്നെയാണ് ഇമാം നവവിയുടെ ഫത്വയും (ഹയാതുല്‍ ഹയവാന്‍ 1/398, 399).


RELATED ARTICLE

 • സര്‍പ്പയജ്ഞം
 • ചൂതാട്ടം, പകിടകളി
 • ചെസ്സുകളി
 • കോഴിപ്പോര്
 • ഒളിച്ചുകളി; ഒളിപ്പിച്ചുകളി
 • പ്രാവുകളി
 • ആന പ്രദര്‍ശനം
 • ആയുധ പന്തയം
 • ഗാനാലാപനം, സംഗീതാസ്വാദനം
 • ഉപകരണ സംഗീതം
 • ഒപ്പന, കോല്‍ക്കളി, ദഫ്
 • സംഗീതത്തിന്റെ നിരോധിത മേഖലകള്‍
 • നിരോധിത സംഗീതങ്ങള്‍
 • കളി കാര്യത്തിന്, വിനോദം ആവശ്യത്തിന്
 • കാളപ്പോരും കാളപൂട്ടും
 • ചീട്ടുകളി
 • ഏപ്രില്‍ ഫൂള്‍
 • റാഗിംഗ് എന്ന പീഡനവിനോദം
 • കളിയും വിനോദവും