Click to Download Ihyaussunna Application Form
 

 

ഉപകരണ സംഗീതം

ഗായകരുടെ ആലാപനത്തോടൊപ്പം പ്രത്യേകതരം ഉപകരണങ്ങളുടെ നാദം കൂടി ചേര്‍ത്താണ് സംഗീതം അവതരിപ്പിക്കാറുള്ളത്. ഉപകരണങ്ങളില്‍ നിന്നുള്ള നാദത്തിന്റെ അകമ്പടി രാഗാലാപനത്തിനു കൂടുതല്‍ ഗാംഭീര്യവും മാധുര്യവും നല്‍കുകയും അതിന്റെ താളഘടനയെ സുവ്യക്തമാക്കുകയും ചെയ്യുന്നു. ഇതിനായി നിര്‍മിക്കപ്പെടുന്ന ഉപകരണങ്ങളെ വാദ്യോപകരണങ്ങള്‍ എന്നു പറയുന്നു (അഖില വിജ്ഞാനകോശം 4/490). സംഗീതം ഭാരതീയമോ പാശ്ചാത്യമോ ആയിക്കൊള്ളട്ടെ, അതിനു കൊഴുപ്പേകാന്‍ ഉപകരണങ്ങള്‍ അനിവാര്യമത്രെ. താഴെ പറയുന്ന പതിനെട്ടുവാദ്യങ്ങള്‍ സംഗീതോപകരണങ്ങളില്‍ പ്രസിദ്ധങ്ങളാണ്. ചെണ്ട, മൃദംഗം, മിഴാവ്, മദ്ദളം, പെരുമ്പറ, ഇടയ്ക്ക, കുഴല്‍, കടുന്തുടി, ഇലത്താളം, കുഴിത്താളം, ഉടുക്ക്, തമ്പേറ്, വീക്കന്‍ചെണ്‍ട, തിമില, ചങ്കിടിക്കുഴല്‍, ചല്ലരി, അങ്കും, ഉയരെ വെച്ചുകൊട്ടുന്ന വാദ്യം (ശബ്ദതാരാവലി 1160) നാഗസ്വരം, വീണ, തമ്പുരു, വയലിന്‍, തകില്‍, ഘടം, ഗഞ്ചിറ എന്നിവയും അറിയപ്പെട്ട സംഗീതോപകരണങ്ങളാണ് (മാതൃഭൂമി സംഗീതം സ്പെഷ്യല്‍ 22-9-2003).
ഇലക്ട്രിക് ഓര്‍ഗനും സിന്തസൈസറും ചേര്‍ത്ത് ഒരു ഗാനമേളയില്‍ നാനാതരത്തിലുള്ള ശബ്ദങ്ങള്‍ ഉണ്‍ടാക്കുന്നത് ഈയിടെ ധാരാളമായി അനുഭവപ്പെടുന്നു. അരങ്ങത്ത് വളരെ കുറച്ച് സംഗീതോപകരണങ്ങള്‍ മാത്രമേ നമുക്ക് ദര്‍ശിക്കാന്‍ കഴിയൂ. വളരെയധികം ഉപകരണങ്ങളുടെ ശബ്ദം മേല്‍പറഞ്ഞ ഉപകരണം തന്നെ പുറപ്പെടുവിക്കുന്നു. കമ്പ്യൂട്ടറിന്റെ കടന്നാക്രമണം മറ്റു മേഖലകളിലെന്നപോലെ സംഗീതത്തിലും ഉണ്‍ടായിക്കഴിഞ്ഞു. ഇലക്ട്രിക് ഓര്‍ഗന്‍, സിന്തസൈസര്‍ എന്നിവയെ കമ്പ്യൂട്ടറുമായി ഘടിപ്പിച്ച് നാനാതരത്തിലുള്ള സ്വരങ്ങള്‍ ഉണ്‍ടാക്കുവാനും പാട്ടുകള്‍ക്ക് സംഗീതം നല്‍കുവാനും ആലേഖനം ചെയ്യുവാനും അനായാസേന ഇപ്പോള്‍ സാധിക്കുന്നുണ്‍ട് (സ്വരങ്ങളുടെ ശാസ്ത്രം, പേജ്: 74). മാത്രമല്ല ഗാനമേളക്ക് ഗായകര്‍ മാത്രം മതി എന്ന നില വന്നിരിക്കുന്നു. വേദിയില്‍ നിരന്ന സംഗീതോപകരണങ്ങളുമായി നടക്കുന്ന ഗാനമേളകളുടെ മുഖഛായ മാറുന്നു. വേദിയില്‍ ഗായകരെയേ കാണൂ. ഉപകരണസംഗീതം കാസറ്റില്‍ നിന്നൊഴുകും. ഇത്തരം കരോക്കെ ഗാനമേളകള്‍ സംഗീതലോകത്ത് സജീവമായിരിക്കുകയാണ്. നഗരങ്ങളിലെ വിരുന്നുകള്‍തൊട്ട് ഗ്രാമങ്ങളിലെ കല്യാണ വിരുന്നുകള്‍ക്കുവരെ മുഴങ്ങുന്നത് കാസറ്റ് സംഗീതമാണ്. ഓഡിയോ കാസറ്റില്‍ നിന്ന് സംഗീതം നല്‍കുന്ന രീതിയാണ് കരോക്കെ. ഗാനമേള സംഘടിപ്പിക്കുന്നതിന്റെ മൂന്നിലൊന്നേ ഇതിന് ചെലവുവരൂ (മാതൃഭൂമി).
പ്രാചീനവും അപ്രാചീനവുമായ നിരവധി സംഗീതോപകരണങ്ങള്‍ ഇന്ന് നിലവിലുണ്‍ട്. ഉപകരണങ്ങള്‍ എന്നതിലുപരി ആരാധ്യവസ്തുക്കള്‍ എന്നപോലെ അവ ബഹുമാനപൂര്‍വം ശേഖരിച്ച് സൂക്ഷിക്കുന്നവരുണ്‍ട്. മ്യൂസിക്ക് മ്യൂസിയങ്ങള്‍ തന്നെ പലയിടങ്ങളിലുമുണ്‍ട്. വാഷിംഗ്ടണിലെ മ്യൂസിക് മ്യൂസിയം പ്രസിദ്ധമാണ്. സംഗീതസംബന്ധിയായ അനേകം കൌതുകങ്ങളുള്ള ഈ മ്യൂസിയത്തിലാണ് ലോകത്ത് ആദ്യമായി ഗിറ്റാര്‍മരം ഉയര്‍ന്നത്. അഞ്ഞൂറോളം ഗിറ്റാറുകള്‍ കൊണ്‍ടാണ് ഈ മരം നിര്‍മിച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ശേഖരിക്കപ്പെട്ട അതിപുരാതന ഗിറ്റാറുകള്‍ മുതല്‍ ഏറ്റവും ആധുനിക ഗിറ്റാര്‍ വരെ ഈ ഗിറ്റാര്‍ മരത്തിലുണ്‍ട് (മലയാള മനോരമ 9-3-2000). സംഗീത സ്വാധീനത്തിന്റെ ആഴവും പരപ്പുമാണ് ഇതെല്ലാം കാണിക്കുന്നത്. ആരാധന, ആശയവിനിമയം, വിനോദം, ചലനങ്ങളുടെ ഏകോപനം മുതലായ കാര്യങ്ങള്‍ക്ക് സംഗീതം ഉപയോഗിക്കുന്നു. സമീപകാലത്ത് സംഗീതസിദ്ധാന്തം സ്പെഷലൈസേഷനുള്ള ഒരു വിഷയമായി മാറിയിരിക്കുന്നു (മലയാളം എന്‍സൈക്ളോപീഡിയ 3/2167). മാത്രമല്ല, ഒരു ചികിത്സോപാധിയെന്ന നിലയില്‍ മ്യൂസിക്തെറാപ്പി ഇന്ന് വൈദ്യശാസ്ത്രം അംഗീകരിച്ചിട്ടുണ്‍ട്. ജന്‍മനാ മൂകയായ സംഗീത എന്ന ബാലിക കടുങ്ങല്ലൂര്‍ ഹരിഹരന്‍നായരുടെ മ്യൂസിക്തെറാപ്പിയിലൂടെ ഇപ്പോള്‍ സംസാരിക്കുകയും മധുരമായി പാടുകയും ചെയ്യുന്നു. അദ്ദേഹം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനില്‍ മ്യൂസിക്തെറാപ്പിയെക്കുറിച്ച് പ്രബന്ധം അവതരിപ്പിച്ച് പ്രശസ്തരായ ഡോക്ടര്‍മാരുടെ മുക്തകണ്ഠമായ പ്രശംസ നേടുകയുണ്‍ടായി (മാതൃഭൂമി വാരാന്തപ്പതിപ്പ് 22-9-2002).
ഇസ്ലാമിനും മുസ്ലിംകള്‍ക്കും തികച്ചും അന്യമാണ് ഉപകരണ സംഗീതം. അറബികളില്‍ ലളിതമായ സംഗീതോപകരണങ്ങളായിരുന്നു ഉണ്‍ടായിരുന്നത്. അവര്‍ മദ്യപിച്ചും ലഭ്യമായ വാദ്യോപകരണങ്ങള്‍ ഉപയോഗിച്ചും കവിതകളാലപിച്ചും അലക്ഷ്യമായി ജീവിതം നയിച്ചുകൊണ്‍ടിരിക്കുമ്പോഴാണ് ഇസ്ലാം അവരുടെ രക്ഷക്കെത്തിയത്. ജീവിതത്തിന്റെ മഹോന്നതമായ ലക്ഷ്യം വരച്ചുകാണിക്കുകയും അതിലേക്കു ദിശാബോധം സൃഷ്ടിക്കുകയും ചെയ്തുകൊണ്‍ട് അവരെ സമഗ്രപരിവര്‍ത്തനത്തിനു വിധേയമാക്കുകയായിരുന്നു ഇസ്ലാം. മദ്യപാനത്തേയും മദ്യപാനികളുടെ സവിശേഷ ചിഹ്നങ്ങളായ വാദ്യോപകരണങ്ങളെയും ഇസ്ലാം സമൂഹത്തില്‍ നിന്ന് നിഷ്കാസനം ചെയ്തു. ഈ മഹാവിപ്ളവം സാധിച്ച പ്രവാചകര്‍ (സ്വ) പ്രഖ്യാപിച്ചു: അല്ലാഹു എന്നെ സകല ലോകത്തിനും അനുഗ്രഹവും മാര്‍ഗദര്‍ശകനുമായി നിയോഗിച്ചിരിക്കുന്നു. കുഴലുകള്‍, വീണകള്‍, മദ്യങ്ങള്‍, അജ്ഞാനകാലത്ത് ആരാധിക്കപ്പെട്ടിരുന്ന വിഗ്രഹങ്ങള്‍ എന്നിവ തുടച്ചുനീക്കാന്‍ അവന്‍ എന്നോട് ആജ്ഞാപിച്ചിരിക്കുന്നു (അഹ്മദ്. കഫ്ഫ് 41, ഇബ്നുഅബിദ്ദുന്‍യാ 31).
മദ്യപാനികളോ, സ്ത്രൈണ സ്വഭാവക്കാരോ ഉപയോഗിക്കുന്നതും അത്യാഹ്ളാദമുണ്‍ടാക്കുന്നതുമായ എല്ലാ വാദ്യോപകരണങ്ങളും ഇസ്ലാം നിരോധിച്ചിട്ടുണ്‍ട്. ഈയിനത്തില്‍ പൂര്‍വകാലത്ത് നിലവിലുണ്‍ടായിരുന്ന ഉപകരണങ്ങള്‍ നിരോധിച്ചതില്‍ നിന്നു പില്‍ക്കാലത്ത് നിലവില്‍ വന്ന തത്തുല്യമായ എല്ലാ സംഗീതോപകരണങ്ങളും നിഷിദ്ധമാണെന്നു മനസ്സിലാക്കാവുന്നതാണ്. ഇസ്ലാമിക കര്‍മശാസ്ത്രഗ്രന്ഥങ്ങള്‍ അതതുകാലത്ത് നിലവിലുണ്‍ടായിരുന്ന നിരോധിത ഉപകരണങ്ങളെ പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്‍ട്. ഉദാഹരണത്തിനു ചില ഉദ്ധരണികള്‍ നമുക്കിവിടെ വായിക്കാം. തമ്പുരു, സാരംഗി, മറ്റു വാദ്യോപകരണങ്ങള്‍, വീണക്കമ്പികള്‍, വീണക്കുഴല്‍, പുല്ലാങ്കുഴല്‍ ആദിയായ അത്യാഹ്ളാദമുണ്‍ടാക്കുന്ന വാദ്യോപകരണങ്ങള്‍ ഉപയോഗിച്ചുകൊണ്‍ട് പാട്ടുപാടുന്നതും അവ വാദനം നടത്തുന്നതും അവ നിര്‍മിക്കുന്നതും ഹറാമാണ് (അസ്നല്‍മത്വാലിബ്, ശൈഖ് സകരിയ്യല്‍ അന്‍സ്വാരി 4/344).
മദ്യപാനികളുടെ ചിഹ്നമായി അറിയപ്പെട്ടിരുന്ന തമ്പുരു, സാരംഗി, മുക്കമ്പി, കൈത്താളം, വല്ലകി, നാലുകമ്പി, കൈമണി, ഇലത്താളം, വീണക്കുഴല്‍ ആദിയായവ നിര്‍മിക്കുന്നതും, അവ വാദനം നടത്തുന്നതും അവയുടെ വാദനം കേട്ടാസ്വദിക്കുന്നതും ഹറാമാണ്. സംഗീതോപകരണങ്ങളായ മറ്റെല്ലാ വീണകളും ഊത്തുകുഴലുകളും ഇപ്രകാരം തന്നെ നിഷിദ്ധമാണ്. കാരണം അവയുടെ ആസ്വാദനം മദ്യപാനത്തിനു പ്രേരകമാണ്, മാത്രമല്ല അവ ദുര്‍നടപ്പുകാരുടെ ചിഹ്നങ്ങളാണ്. ദുര്‍നടപ്പുകാരോട് സാദൃശ്യം പുലര്‍ത്തല്‍ ഹറാമാണ് (തുഹ്ഫ, ശര്‍വാനി 10/219, നിഹായ 8/296, ശര്‍ഹുല്‍മന്‍ഹജ്, ജമല്‍ 5/381, റൌള 8/205).
സംഗീതോപകരണങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള നിരവധി ഹദീസുകള്‍ വന്നിട്ടുണ്‍ട്. ഉദാഹരണത്തിനു ചിലതു മാത്രം ഇവിടെ ഉദ്ധരിക്കാം: രണ്‍ടു ശബ്ദം ഇഹത്തിലും പരത്തിലും ശപിക്കപ്പെട്ടതാകുന്നു. അനുഗ്രഹ സമയത്തുള്ള വീണവായന, വിപല്‍ഘട്ടത്തിലുള്ള ദീനരോദനം (മുസ്നദുല്‍ ബസ്സാര്‍). മദ്യം, ചൂതാട്ടം, വാദ്യച്ചെണ്‍ട എന്നിവ അല്ലാഹു ഹറാമാക്കിയിട്ടുണ്‍ട്. എല്ലാ ലഹരിപദാര്‍ഥവും ഹറാംതന്നെ (അബൂദാവൂദ് 3696, ബൈഹഖീ 10/221, അഹ്മദ് 1/274, അബൂയഅ്ലാ 2729, ഇബ്നുഹിബ്ബാന്‍ 5341). വ്യഭിചാരം, പട്ട്, മദ്യം, സംഗീതോപകരണങ്ങള്‍ എന്നിവ അനുവദനീയമാക്കുന്ന ചില ജനങ്ങള്‍ എന്റെ സമുദായത്തിലുണ്‍ടാകും (ബുഖാരി 5590). എന്റെ സമുദായത്തില്‍ ശിലാവര്‍ഷവും രൂപംമാറ്റലും ഭൂമിയിലേക്കുള്ള ആഴലും (ഭൌതികശിക്ഷയായി) ഉണ്‍ടാകും എന്ന് റസൂലുല്ലാഹി (സ്വ) പറഞ്ഞപ്പോള്‍ അല്ലാഹുവിന്റെ തിരുദൂതരേ അതെപ്പോഴാണ് ഉണ്‍ടാവുക? എന്ന് ചോദിക്കപ്പെട്ടു. അവിടുന്ന് പ്രതിവചിച്ചു: (മുസ്ലിം സമുദായത്തില്‍) വാദ്യോപകരണങ്ങള്‍ പ്രത്യക്ഷപ്പെടുകയും പാട്ടുപാടുന്ന ഗായികസ്ത്രീകള്‍ വര്‍ദ്ധിക്കുകയും മദ്യങ്ങള്‍ പാനം ചെയ്യപ്പെടുകയും ചെയ്യുമ്പോള്‍ (തുര്‍മുദി 2213). എന്റെ സമുദായം പതിനഞ്ച് കാര്യങ്ങള്‍ ചെയ്തുകഴിഞ്ഞാല്‍ അവരില്‍ ഭൌതികശിക്ഷ വന്നിറങ്ങും എന്നു പറഞ്ഞുകൊണ്‍ട് പതിനഞ്ച് കാര്യങ്ങള്‍ എണ്ണിയപ്പോള്‍ നബി (സ്വ) മദ്യങ്ങള്‍ പാനം ചെയ്യപ്പെടുക, പട്ടു ധരിക്കപ്പെടുക, പാട്ടുകാരികളായ ഗായികമാരേയും സംഗീതോപകരണങ്ങളേയും ഉണ്‍ടാക്കുക എന്നീ കാര്യങ്ങളെയും അക്കൂട്ടത്തില്‍ എണ്ണുകയുണ്‍ടായി (തുര്‍മുദി 2211, മിശ്കാത്ത് 5451).
മ്യൂസിക്ക് ഉപകരണങ്ങളുടെയും അവയുടെ വാദനങ്ങളുടെയും അതോടൊപ്പമുള്ള കൊഴുപ്പാര്‍ന്ന സംഗീതാലാപനങ്ങളുടെയും സ്വാധീനവും വ്യാപനവുമാണ് തുടക്കത്തില്‍ തന്നെ നാം കണ്‍ടത്. എന്നാല്‍ ഒരു കാര്യത്തിനു ജനസാമാന്യത്തിലുള്ള സ്വാധീനമോ വ്യാപനമോ അതിന്റെ സാധുതക്കും അംഗീകാരത്തിനും തെളിവായി ഇസ്ലാം കാണുന്നില്ല. ബഹുദൈവത്വവും തജ്ജന്യമായ വിഗ്രഹാരാധനയും ലോകത്ത് ഒട്ടുമിക്ക രാജ്യങ്ങളിലും ഉണ്‍ടെന്നു പറയാം. അതുകൊണ്‍ട് അതു ശരിയാണെന്നോ അംഗീകൃതമാണെന്നോ പറയാമോ? അതു സ്രഷ്ടാവിനോട് സൃഷ്ടി ചെയ്യുന്ന വലിയ അനീതിയാണല്ലോ. അതുകൊണ്‍ടാണല്ലോ ലുഖ്മാന്‍ എന്ന മഹാന്‍ തന്റെ പുത്രനോട് ഇപ്രകാരം പറഞ്ഞത്:
എന്റെ കുഞ്ഞുമകനേ, നീ അല്ലാഹുവിനോട് ഒന്നിനെയും പങ്കുചേര്‍ക്കരുത്. അങ്ങനെ പങ്കുചേര്‍ക്കുന്നത് വലിയ അക്രമം തന്നെ, നിശ്ചയം (വിശുദ്ധ ഖുര്‍ആന്‍ 31: 13). അതു ബഹുഭൂരിപക്ഷത്തിന്റെ മാര്‍ഗപ്പിഴക്കു കാരണവുമാണല്ലോ. അതുകൊണ്‍ടാണല്ലോ ഇബ്റാഹീം നബി (അ) ഇപ്രകാരം പ്രാര്‍ഥിച്ചത്.
എന്നെയും എന്റെ സന്താനങ്ങളെയും വിഗ്രഹാരാധനയില്‍ നിന്നകറ്റി നിര്‍ത്തേണമേ. എന്റെ രക്ഷിതാവേ, ആ വിഗ്രഹങ്ങള്‍ മനുഷ്യരില്‍ നിന്ന് നിരവധി പേരെ വഴിപിഴപ്പിച്ചുകഴിഞ്ഞിരിക്കുന്നു (വിശുദ്ധ ഖുര്‍ആന്‍ 14: 35-36).
ചെറുപ്പം മുതല്‍ കണ്‍ടും കേട്ടും ശീലിച്ചതും സാര്‍വത്രികവുമായ കാര്യങ്ങള്‍ അരുതെന്ന് പറയുമ്പോള്‍ ചിലര്‍ക്ക് ദുര്‍വഹമായി തോന്നുക സ്വാഭാവികമാണ്. നിരാകരിച്ചു തള്ളുന്നവരും കുറവായിരിക്കില്ല. ജനങ്ങള്‍ മൂന്ന് വിഭാഗമുണ്‍ട്. സ്വേച്ഛയെ തങ്ങളുടെ ദൈവമാക്കിയവരാണ് ഒന്നാം വിഭാഗം. തങ്ങളുടെ ഇച്ഛക്കും താത്പര്യത്തിനും അനുസൃതമായതൊക്കെ അവര്‍ അംഗീകരിക്കുകയും മറ്റുള്ളതെല്ലാം നിരാകരിക്കുകയും ചെയ്യുന്നു. സത്യത്തിനും ധര്‍മത്തിനും നീതിക്കുമുള്ള അവരുടെ മാനദണ്ഢം സ്വന്തം ഇച്ഛയും ഇംഗിതവും തന്നെ.
തന്നിഷ്ടത്തെ ദൈവമാക്കിയവനെ നീ കണ്‍ടുവോ? അവന്റെ മേല്‍ കാര്യദര്‍ശിയാകുവാന്‍ താങ്കള്‍ക്ക് കഴിയുമോ? (വിശുദ്ധ ഖുര്‍ആന്‍ 25: 43). തന്നിഷ്ടക്കാരെ മാതൃകയാക്കുവാനോ വല്ല കാര്യത്തിലും അവരെ അനുഗമിക്കുവാനോ പറ്റില്ല. അവിവേകം അലക്ഷ്യജീവിതത്തിലേക്കാണ് അവരെ നയിക്കുന്നത്.
നമ്മുടെ സ്മരണയില്‍ നിന്ന് ഏതൊരാളുടെ ഹൃദയത്തെ നാം അശ്രദ്ധമാക്കുകയും തന്നിഷ്ടത്തെ അവന്‍ പിന്തുടരുകയും അവന്റെ കാര്യം ക്രമാതീതമാവുകയും ചെയ്തിട്ടുണ്‍േടാ അവനെ നീ അനുസരിച്ചുപോകരുത് (വിശുദ്ധ ഖുര്‍ആന്‍ 18: 28). രണ്‍ടാമത്തെ വിഭാഗം അല്ലാഹുവാണ് തങ്ങളുടെ ആരാധ്യനെന്ന് പറയുന്നു. എന്നാല്‍ അവരുടെ അനുസരണത്തിന് ചില ഉപാധികളുണ്‍ട്. അല്ലാഹുവിന്റെ വിധിവിലക്കുകള്‍ തങ്ങളുടെ ഇച്ഛക്കും ഇഷ്ടത്തിനും ഒത്തുവന്നാല്‍ സന്തോഷപൂര്‍വം അവര്‍ അനുസരിക്കുന്നു. ഇച്ഛക്കും ഇംഗിതത്തിനും വിരുദ്ധമെങ്കില്‍ തള്ളിക്കളയുകയും ചെയ്യുന്നു. ഇവര്‍ ഭാഗികമായി മാത്രമാണ് മതത്തെ അംഗീകരിക്കുന്നത്. യഥാര്‍ഥത്തില്‍ ഇവര്‍ മതത്തെ സര്‍വാത്മനാ അംഗീകരിക്കുകയല്ല, മതം തങ്ങളുടെ നിലപാടുകളെ അംഗീകരിക്കണമെന്ന് വാശിപിടിക്കുകയാണ്.
ഒരു വക്കില്‍ നിന്നുകൊണ്‍ട് അല്ലാഹുവെ ആരാധിച്ചുകൊണ്‍ടിരിക്കുന്നവനും ജനങ്ങളുടെ കൂട്ടത്തിലുണ്‍ട്. അവനു വല്ല ഗുണവും വന്നെത്തുന്നപക്ഷം അതിലവന്‍ സമാധാനം കൊള്ളും. വല്ല പരീക്ഷണവും അവനെ ബാധിക്കുന്നുവെങ്കില്‍ അവന്‍ തന്റെ പാട്ടിനു തിരിച്ചുപോകുകയും ചെയ്യും. ഇഹവും പരവും അവനു നഷ്ടപ്പെട്ടു. അതുതന്നെയാണ് വ്യക്തമായ നഷ്ടം (വിശുദ്ധ ഖുര്‍ആന്‍ 22: 11).
അല്ലാഹുവെ തന്റെ ആരാധ്യനായി പ്രഖ്യാപിക്കുകയും നിരുപാധികം അവനെ അനുസരിക്കുവാന്‍ സന്നദ്ധരാവുകയും ചെയ്തിട്ടുള്ളവരാണ് മൂന്നാമത്തെ വിഭാഗം. ഈ വിഭാഗം തങ്ങളുടെ ഇംഗിതങ്ങളെ അല്ലാഹുവിന്റെ ഇംഗിതത്തിന് അധീനപ്പെടുത്തി പരമാവധി അവനെ മനസാ-വാചാ-കര്‍മണാ അനുസരിച്ച് ജീവിക്കാന്‍ ശ്രമിക്കുന്നവരാണ്. നാട്ടുകാരോ വീട്ടുകാരോ കൂട്ടുകാരോ അതിനുമുമ്പില്‍ അവര്‍ക്കു പ്രശ്നമല്ല. എന്നാല്‍ അല്ലാഹുവെ അനുസരിക്കാനുള്ള മാര്‍ഗമെന്ത്? അത് അല്ലാഹുവിന്റെ റസൂലിനെ അനുസരിക്കുക തന്നെ, നിരുപാധികമായ അനുസരണം.
അല്ലാഹുവിന്റെ റസൂലിനെ ആര് അനുസരിക്കുന്നുവോ അവന്‍ അല്ലാഹുവിനെ അനുസരിച്ചു. ആര് പിന്തിരിഞ്ഞുകളയുന്നുവോ അവരുടെ മേല്‍ കാവല്‍ക്കാരനായി താങ്കളെ നാം നിയോഗിച്ചയച്ചിട്ടില്ല (വിശുദ്ധ ഖുര്‍ആന്‍ 4/80).
നിങ്ങള്‍ പ്രവാചകനെ അനുസരിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്കു സന്‍മാര്‍ഗം പ്രാപിക്കാം. റസൂലിന്റെ ബാധ്യത വ്യക്തമായ പ്രബോധനം മാത്രമാകുന്നു (വിശുദ്ധ ഖുര്‍ആന്‍ 24/54). റസൂലിനെ അനുസരിക്കാനുള്ള മാര്‍ഗമെന്ത്? അത് അവിടുത്തെ വിധിവിലക്കുകളെ നിരുപാധികം അനുസരിക്കുക തന്നെ.
അല്ലാഹുവിന്റെ ദൂതന്‍ നിങ്ങള്‍ക്കു നല്‍കിയത് നിങ്ങള്‍ സ്വീകരിക്കുക. നിരോധിച്ചത് വെടിയുകയും ചെയ്യുക (വിശുദ്ധ ഖുര്‍ആന്‍ 59/7).
മൂന്നാം വിഭാഗത്തിന്റെ നിലപാടാണ് ശരിയെന്ന കാര്യത്തില്‍ പക്ഷാന്തരമില്ല. അവര്‍ ഒരുപക്ഷേ ന്യൂനപക്ഷമായിരിക്കാം. ചിലപ്പോള്‍ ന്യൂനപക്ഷത്തില്‍ ന്യൂനപക്ഷമായേക്കാം. എന്നാലും അവരുടെ നിലപാടാണ് കരണീയം. ബഹുഭൂരിപക്ഷത്തെ അന്ധമായി അനുകരിക്കാന്‍ പാടില്ല. മൃഗീയ ഭൂരിപക്ഷം ഒരിക്കലും നേരിന്റെ മാനദണ്ഢമല്ല.
ഭൂമിയിലുള്ളവരില്‍ ബഹുഭൂരിപക്ഷത്തെ താങ്കള്‍ അനുസരിക്കുന്നപക്ഷം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് താങ്കളെ അവര്‍ വഴിപിഴപ്പിച്ചുകളയും. ഊഹത്തെ മാത്രമാണ് അവര്‍ പിന്തുടരുന്നത്. വെറും അനുമാനം മാത്രമാണ് അവര്‍ വെച്ചുപുലര്‍ത്തുന്നത് (വിശുദ്ധ ഖുര്‍ആന്‍ 6/116).
വാദ്യോപകരണങ്ങള്‍ ഉപയോഗിച്ചുകൊണ്‍ടുള്ള മ്യൂസിക്ക് അല്ലാഹുവും അവന്റെ റസൂലും നിരോധിച്ചിട്ടുള്ള വിനോദമാണെന്ന് നാം കണ്‍ടു. ഇനി അവിടെ നമ്മുടെയോ മറ്റൊരാളുടെയോ ഇഷ്ടത്തിനോ അഭിപ്രായത്തിനോ യാതൊരു സ്ഥാനവുമില്ല. ഇക്കാര്യത്തില്‍ പ്രവാചകരും അനുചരന്‍മാരും കൂടുതല്‍ കാര്‍ക്കശ്യം പാലിച്ചതായി നമുക്ക് കാണാം. പ്രമുഖ താബിഇയ്യും സ്വഹാബീപ്രമുഖനായ അബ്ദുല്ലാഹിബ്നുഉമര്‍ (റ) വിന്റെ ശിഷ്യനുമായ നാഫിഅ് (റ) പറയുന്നു: ഞാന്‍ ഒരു വഴിയിലൂടെ അബ്ദുല്ലാഹിബ്നുഉമറിനോടൊപ്പം യാത്ര ചെയ്യുകയായിരുന്നു. അപ്പോള്‍ അദ്ദേഹം ഒരു വീണക്കുഴലിന്റെ ശബ്ദം കേട്ടു. തദവസരം ഇരുവിരലുകള്‍ ചെവിയില്‍ വെച്ചുകൊണ്‍ട് അദ്ദേഹം വഴിയില്‍ നിന്ന് മറ്റൊരു വഴിയിലേക്ക് മാറി. കുറച്ചു ദൂരത്തെത്തിയപ്പോള്‍ അദ്ദേഹം ചോദിച്ചു: ഓ നാഫിഅ്, ഇപ്പോള്‍ താങ്കള്‍ വല്ലതും കേള്‍ക്കുന്നുണ്ടോ? ഇല്ല എന്നു ഞാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം ചെവികളില്‍ നിന്ന് വിരലുകള്‍ പൊക്കി. എന്നിട്ടു പറഞ്ഞു: ഞാനൊരിക്കല്‍ അല്ലാഹുവിന്റെ തിരുദൂതരോടൊപ്പം നടക്കുകയായിരുന്നു. അപ്പോള്‍ അവിടുന്ന് ഒരു പുല്ലാങ്കുഴലിന്റെ വായന കേട്ടു. തദവസരം അവിടുന്ന് ഞാന്‍ പ്രവര്‍ത്തിച്ചപോലെ പ്രവര്‍ത്തിക്കുകയുണ്‍ടായി. നാഫിഅ് പറയുന്നു, ഞാനപ്പോള്‍ ഒരു കുട്ടിയായിരുന്നു (അഹ്മദ്, അബൂദാവൂദ്, മിശ്കാത്ത് 4811). മ്യൂസിക് ശ്രദ്ധിച്ചു കേട്ടാസ്വദിക്കുന്നതാണ് കുറ്റകരം. അവിചാരിതമായി കേള്‍ക്കാനിടവരുന്നതിനു വിരോധമില്ല. എന്നിട്ടും നബി (സ്വ) തിരുമേനിയെ അനുകരിച്ച് ഇബ്നുഉമറും ചെവിപൊത്തിയത് പ്രസ്തുത ശബ്ദത്തോടുള്ള അവരുടെ വെറുപ്പും അല്ലാഹുവിന്റെ വിലക്കിനെ അനുസരിക്കുന്നതിലുള്ള സൂക്ഷ്മതയും പ്രകടിപ്പിക്കുവാന്‍ വേണ്‍ടിയായിരുന്നു. ഒരു രോഗത്തിന് മറ്റൊരു ചികിത്സാ മാര്‍ഗവുമില്ലെന്ന് വിശ്വാസയോഗ്യരായ ഒന്നിലധികം ചികിത്സാരികള്‍ പറഞ്ഞാല്‍ മ്യൂസിക് തെറാപ്പി സ്വീകരിക്കാവുന്നതാണ്. അത് നജസുകൊണ്‍ടുള്ള ചികിത്സ അനുവദിക്കപ്പെടുന്നതുപോലെ നിര്‍ബന്ധിതാവസ്ഥയിലുള്ള അനുവാദം മാത്രമാണ് (തുഹ്ഫ 10/219-220 നോക്കുക).


RELATED ARTICLE

  • സര്‍പ്പയജ്ഞം
  • ചൂതാട്ടം, പകിടകളി
  • ചെസ്സുകളി
  • കോഴിപ്പോര്
  • ഒളിച്ചുകളി; ഒളിപ്പിച്ചുകളി
  • പ്രാവുകളി
  • ആന പ്രദര്‍ശനം
  • ആയുധ പന്തയം
  • ഗാനാലാപനം, സംഗീതാസ്വാദനം
  • ഉപകരണ സംഗീതം
  • ഒപ്പന, കോല്‍ക്കളി, ദഫ്
  • സംഗീതത്തിന്റെ നിരോധിത മേഖലകള്‍
  • നിരോധിത സംഗീതങ്ങള്‍
  • കളി കാര്യത്തിന്, വിനോദം ആവശ്യത്തിന്
  • കാളപ്പോരും കാളപൂട്ടും
  • ചീട്ടുകളി
  • ഏപ്രില്‍ ഫൂള്‍
  • റാഗിംഗ് എന്ന പീഡനവിനോദം
  • കളിയും വിനോദവും