Click to Download Ihyaussunna Application Form
 

 

കളിയും വിനോദവും

എന്നും മരിക്കാതെ ജീവിക്കണമെന്ന് മനുഷ്യന്‍ ആഗ്രഹിക്കുന്നു. ഉല്‍ക്കടമായി ആഗ്രഹിക്കുന്നു. മരണവക്ത്രത്തിലെത്തിനില്‍ക്കുന്ന പടുവൃദ്ധനും മൃത്യുവിനോട് മല്ലടിക്കുന്ന മാറാരോഗിയും മരണത്തില്‍ നിന്നുള്ള മോചനമാണ് ആഗ്രഹിക്കുന്നത്. പക്ഷേ മരിക്കാതെ നിര്‍വാഹമില്ല. അതില്‍ നിന്നു ആര്‍ക്കും മോചനമില്ല.

നബിയേ പറയുക, ഏതൊരു മരണത്തില്‍ നിന്നു നിങ്ങള്‍ ഓടി അകലുന്നുവോ തീര്‍ച്ചയായും ആ മരണം നിങ്ങളെ അഭിമുഖീകരിക്കുക തന്നെ ചെയ്യും. പിന്നീട് അദൃശ്യവും ദൃശ്യവുമായ സകലകാര്യങ്ങളും അറിയുന്നവന്റെ അടുക്കലേക്ക് നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്‍ടിരിക്കുന്ന കാര്യങ്ങളെ കുറിച്ച് അവന്‍ നിങ്ങളെ വിവരമറിയിക്കും (വിശുദ്ധ ഖുര്‍ആന്‍ 62:8). ഒരാളെയും അവധി വന്നാല്‍ അല്ലാഹു പിന്തിരിപ്പിക്കുകയില്ല. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെകുറിച്ച് അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു (വിശുദ്ധ ഖുര്‍ആന്‍ 63:11). തന്റെ യൌവ്വനം എന്നെന്നും നിലനില്‍ക്കണമെന്ന് എല്ലാ യുവതീയുവാക്കളും ആഗ്രഹിക്കുന്നു. പക്ഷേ, ഈ വസന്തം എന്നും നിലനില്‍ക്കുകയില്ല. മരണം ആയുഷ്കാലത്തിനു അല്‍പ്പകാലം വഴിമാറികൊടുത്താല്‍ തന്നെ വാര്‍ദ്ധക്യത്തിലേക്കാണ് മനുഷ്യന്‍ നീങ്ങുന്നത്. തന്നെ ദുര്‍ബലനും നിഷ്ക്രിയനും പരാശ്രയനുമാക്കുന്ന വാര്‍ദ്ധക്യത്തിലേക്ക്; അറിവും വിവേകവും നഷ്ടപ്പെടുത്തി ശൈശവാവസ്ഥയിലേക്ക് തിരിച്ചു കൊണ്‍ടുപോകുന്ന വാര്‍ദ്ധക്യത്തിലേക്ക്. വല്ലവനും നാം ദീര്‍ഘായുസ് നല്‍കുന്നുവെങ്കില്‍ അവനെ നാം പ്രകൃതിയില്‍ തലതിരിച്ചുകൊണ്‍ടുവരുന്നു. എന്നിട്ടും അവര്‍ ചിന്തിക്കുന്നില്ലേ? (വിശുദ്ധ ഖുര്‍ആന്‍ 36:68). തന്റെ ഭവനവും സമ്പത്തും ജീവിതസൌകര്യങ്ങളും തന്റേതായി എന്നെന്നും നിലനില്‍ക്കണമെന്ന് മനുഷ്യന്‍ കൊതിക്കുന്നു. പക്ഷേ, ഈ മോഹം മിഥ്യാസ്വപ്നം മാത്രമാണെന്ന് ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നു. എത്രയെത്ര തോട്ടങ്ങളും അരുവികളും കൃഷികളും മാന്യമായ പാര്‍പ്പിടങ്ങളും ആഹ്ളാദപൂര്‍വ്വം അവര്‍ ആസ്വദിച്ചുകൊണ്‍ടിരുന്ന ജീവിത സൌഖ്യങ്ങളുമാണ് അവര്‍ വിട്ടേച്ച് പോയത്. അപ്രകാരം നാം ചെയ്തു. അതെല്ലാം മറ്റൊരു ജനവിഭാഗത്തിനും നാം അവകാശപ്പെടുത്തികൊടുക്കുകയും ചെയ്തു. അപ്പോള്‍ ആകാശഭൂമികള്‍ അവരുടെ പേരില്‍ കരഞ്ഞില്ല. അവര്‍ താമസം നല്‍കപ്പെടുന്നവരുമായിരുന്നില്ല (വിശുദ്ധ ഖുര്‍ആന്‍ 44:25?29). ജീവിതത്തില്‍ യാതൊരു ക്ളേശവും പ്രയാസവുമില്ലാതെ ജീവിക്കണമെന്നാണ് മനുഷ്യന്‍ മോഹിക്കുന്നത്. പക്ഷേ, ഇത് വ്യാമോഹം മാത്രമാണ്. ജന്‍മം തൊട്ട് മരണം വരെ ക്ളേശങ്ങള്‍, ശാരീരികമോ മാനസികമോ ആയ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചുകൊണ്‍ടേ മനുഷ്യന് ഭൂമുഖത്ത് ജീവിക്കാന്‍ കഴിയൂ. തീര്‍ച്ചയായും ക്ളേശത്തിലായിട്ടാണ് മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത് (വിശുദ്ധ ഖുര്‍ആന്‍ 90:4). ചുരുക്കത്തില്‍ പ്രകൃത്യാ നാം ആഗ്രഹിക്കുന്ന നിത്യ സൌഖ്യസൌഭാഗ്യങ്ങള്‍ക്കു പകരം കഷ്ടനഷ്ടങ്ങള്‍ക്കും ദുഃഖസാഹസങ്ങള്‍ക്കും നാം വിധേയരാവുന്നു. നബി(സ്വ) യുടെ ഒരു ഉപദേശം ഇവിടെ പ്രതിവിധിയാണ്. ഏഴു കാര്യങ്ങളെ സത്കര്‍മങ്ങള്‍ കൊണ്‍ട് നിങ്ങള്‍ അതിജയിക്കുക. എല്ലാം വിസ്മരിപ്പിക്കുന്ന ദാരിദ്യ്രം, മനുഷ്യനെ അതിക്രമിയാക്കുന്ന ഐശ്വര്യം, ശാരീരികശക്തി നശിപ്പിക്കുന്ന രോഗം, വിവേകം നഷ്ടപ്പെടുത്തുന്ന വാര്‍ദ്ധക്യം, കഥ കഴിക്കുന്ന മരണം, ദജ്ജാല്‍ (എന്ന പ്രവചിത ഭീകരന്‍), ? അതു പ്രതീക്ഷിക്കപ്പെടുന്നതില്‍ ഏറ്റവും മോശപ്പെട്ടതാണ് ലോകവസാനം, അതു ഏറ്റവും ഭയാനകവും അസഹ്യവുമാണ് ഈ ഏഴുകാര്യങ്ങളില്‍പ്പെട്ട ഏതെങ്കിലും ഒരു കാര്യമല്ലാതെ മറ്റു വല്ലതും നിങ്ങള്‍ക്കു പ്രതീക്ഷിക്കാനുണ്‍ടോ? (തുര്‍മുദി 2306). ഒടുവില്‍ പ്രതീക്ഷകള്‍ക്കതീതമായി ഒരുനാള്‍ നാം മരിക്കും. അപ്പോള്‍ നമ്മുടെ അഭിലാഷം സാക്ഷാത്ക്കരിക്കപ്പെടില്ലേ? നിത്യ സൌഭാഗ്യവും ശാശ്വത സൌഭാഗ്യവും കൈവരിക്കണമെന്ന ആഗ്രഹം സഫലമാകില്ലേ? അതു സഫലമാകും; സാക്ഷാത്കൃതമാകും. ഒട്ടും സംശയമില്ല എന്നാണ് ഇസ്ലാമിന്റെ മറുപടി. അതിനു അനന്തമായ യുഗവും രോഗ, വാര്‍ദ്ധക്യ, ദുഃഖ, ക്ളേശ, മരണാദികളില്ലാത്ത ജീവിതവും, ശാശ്വതവും എന്നാല്‍ നവ്യത നിലനില്‍ക്കുന്നതുമായ സര്‍വ്വസൌകര്യസുസജ്ജമായ സ്വര്‍ഗരാജ്യവും വേണം. അതാണ് അല്ലാഹു ഓഫര്‍ ചെയ്യുന്നത്. അങ്ങോട്ടുള്ള ഒരു കവാടം മാത്രമാണ് മരണം. ഏതൊരു വ്യക്തിയും മരണം ആസ്വദിക്കുന്നതാണ്. കര്‍മഫലങ്ങള്‍ ഖിയാമത്തു നാളില്‍ നിങ്ങള്‍ക്കു പൂര്‍ണമായി നല്‍കപ്പെടുക തന്നെ ചെയ്യും. അപ്പോള്‍ ആര്‍, നരകത്തില്‍ നിന്ന് അകറ്റപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവന്‍ വിജയിച്ചു കഴിഞ്ഞു. ഐഹിക ജീവിതം കബളിപ്പിക്കുന്ന ഒരു വിഭവം മാത്രമാകുന്നു (വിശുദ്ധ ഖുര്‍ആന്‍ 3:185). ഈ മഹാവിജയം കൈവരിക്കാന്‍ മനുഷ്യന്‍ തന്റെ സ്രഷ്ടാവും യജമാനനുമായ അല്ലാഹുവിനു നന്ദി രേഖപ്പെടുത്തുകയും അവനെ സ്നേഹിക്കുകയും ചെയ്യണം. എന്താണ് നന്ദി? അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളെ അവനിഷ്ടമുള്ള കാര്യങ്ങളില്‍ ഉപയോഗിക്കുകയാണ് നന്ദി. അവ തീരെ ഉപയോഗപ്പെടുത്താതിരിക്കുകയോ അവനു അനിഷ്ടകരമായ കാര്യങ്ങളില്‍ ഉപയോഗിക്കുകയോ ചെയ്യുന്നത് നന്ദികേടും (ഇഹ്യ: ഇമാം ഗസ്സാലി 4/93). അല്ലാഹുവോടുള്ള സ്നേഹ പ്രകടനം എങ്ങനെയാണ്? അടിമക്കു അല്ലാഹുവോടുള്ള സ്നേഹം, അവനെ അനുസരിക്കാനുള്ള തീരുമാനവും അവനു ഇഷ്ടകരമായ കാര്യങ്ങള്‍ നേടിയെടുക്കുന്നതിലുള്ള ബദ്ധശ്രദ്ധയുമാണ്. അല്ലാഹു തന്റെ ദാസനെ മാന്യനാക്കി തീര്‍ക്കുകയും അവന്റെ അനുസരണത്തിലായി അവനെ ഉപയോഗപ്പെടുത്തുകയും അനുസരണക്കേടുകളില്‍ നിന്നു അവനെ സംരക്ഷിക്കുകയും ചെയ്യുന്നത് അവനു തന്റെ ദാസനോടുള്ള സ്നേഹമാണ് (ബൈളാവി 1/120). അപ്പോള്‍ പരലോക വിജയമാണ് വിജയം. അവിടത്തെ നഷ്ടമാണ് നഷ്ടം. വിജയം കൈവരിക്കാന്‍ അല്ലാഹുവിനെ സ്നേഹിച്ചു അവന്റെ പ്രീതി സമ്പാദിക്കണം. അതിനു അവനോട് നന്ദി രേഖപ്പെടുത്തണം. അവന്റെ അനുഗ്രഹങ്ങള്‍ മുഴുവനും അവനിഷ്ടകരമായ കാര്യങ്ങളില്‍ ഉപയോഗിക്കുന്നതാണ് നന്ദി. നന്ദിയെയും നന്ദികേടിനെയും ആശ്രയിച്ചാണ് വിജയവും പരാജയവും. സ്വര്‍ഗവും നരകവും. നന്ദിയുടെ അളവിനെ ആസ്പദിച്ചാണ് സ്ഥാനത്തിന്റെ ഉയര്‍ച്ചയും താഴ്ചയും. നന്ദി രേഖപ്പെടുത്താനുള്ള അവസരം നമ്മുടെ ജീവിതകാലമാണ്. അതു പരിമിതമാണ്. അതില്‍ ജീവസന്ധാരണം, ഉറക്കം, ഭോജനം, വിസര്‍ജനം, ആദിയായ അവശ്യകാര്യങ്ങള്‍ കഴിച്ചാല്‍ കിട്ടുന്ന കാലയളവ് അത്യധികം പരിമിതം തന്നെ. ഈ ഹ്രസ്വകാലയളവാണ് നമ്മുടെ മൂലധനം. അതിസൂക്ഷ്മതയോടെ, സുചിന്തിതമായ ആസൂത്രണത്തോടെ, അതു വിനിയോഗിച്ചില്ലെങ്കില്‍ ജീവിത വ്യാപാരം നഷ്ടത്തില്‍ കലാശിക്കും. നികത്താന്‍ കഴിയാത്ത നഷ്ടം. പല ഭൌതിക സൌകര്യങ്ങളും നഷ്ടപ്പെട്ടാല്‍ അതു വീണ്‍ടെടുക്കാന്‍ കഴിയും. ആയുഷ്കാലത്തില്‍ ഒരു നിമിഷം പോലും നീട്ടികൊടുക്കാന്‍ ലോകത്ത് ഒരു ശാസ്ത്രജ്ഞനും കഴിയില്ല. വേര്‍പ്പെടുന്ന ആത്മാവിനെ തിരിച്ചുകൊണ്‍ടുവരാന്‍ ഒരു ശക്തിക്കും കഴിയില്ല. നാം നിങ്ങള്‍ക്കിടയില്‍ മരണം നിശ്ചയിച്ചിരിക്കുന്നു. നിങ്ങളെപ്പോലെയുള്ളവരെ പകരം കൊണ്‍ടുവരുകയും നിങ്ങള്‍ക്ക് അറിവില്ലാത്ത വിധത്തില്‍ നിങ്ങളെ വീണ്‍ടും സൃഷ്ടിച്ചുണ്‍ടാക്കുകയും ചെയ്യുന്ന കാര്യത്തില്‍ നാം ഒരിക്കലും അതിജയിക്കപ്പെടുകയില്ല (വിശുദ്ധ ഖുര്‍ആന്‍ 55: 6061). ആത്മാവ് കണ്ഠനാളത്തിലെത്തുമ്പോള്‍ എന്തുകൊണ്‍ട് നിങ്ങള്‍ക്കത് പിടിച്ചുനിര്‍ത്താന്‍ കഴിയില്ല, നിങ്ങള്‍ തദവസരം നോക്കിക്കൊണ്ടിരിക്കെ? നാമാണ് അവനോട് നിങ്ങളെക്കാള്‍ അടുത്തവന്‍. പക്ഷേ, നിങ്ങള്‍ കാണുന്നില്ല. എന്നാല്‍ നിങ്ങള്‍ അല്ലാഹുവിന്റെ നിയമത്തിനു വിധേയരല്ലെങ്കില്‍ നിങ്ങള്‍ക്കെന്തുകൊണ്‍ട് ആ ജീവന്‍ തിരിച്ചെടുക്കാന്‍ കഴിയുന്നില്ല; നിങ്ങള്‍ സത്യവാദികളെങ്കില്‍ (വിശുദ്ധ ഖുര്‍ആന്‍ 56:8387). അല്ലാഹുവിലും പരലോകത്തിലും വിശ്വാസമില്ലാത്ത അവിവേകികള്‍ക്കു ജീവിതനിമിഷങ്ങളുടെ വില അറിയുകയില്ല. ഐഹിക ജീവിതം കളിയും വിനോദവും മാത്രമാണ്. പാരത്രിക ലോകമാണ് അല്ലാഹുവെ ഭയക്കുന്നവര്‍ക്കു ഉത്തമമായിട്ടുള്ളത്. നിങ്ങള്‍ ചിന്തിക്കുന്നില്ലയോ? (വിശുദ്ധ ഖുര്‍ആന്‍ 6:32). അവിശ്വാസികളുടെയും വിശ്വാസികളെന്ന് നടിക്കുന്ന കപടന്‍മാരുടെയും ജീവിതം അനാവശ്യകാര്യങ്ങള്‍ക്കുപയോഗിക്കുന്നതുകൊണ്‍ട് നിഷ്ഫലമാകുന്നു. സത്യവിശ്വാസിയാകട്ടെ അവന്റെ ജീവിതം സദ്കര്‍മങ്ങളില്‍ നിരതമാക്കുന്നതുകൊണ്‍ട് അതു സഫലമാകുന്നു. ഇതാണ് പ്രസ്തുത ഖുര്‍ആന്‍ വാക്യത്തിന്റെ സാരം (റാസി 12/200). ജീവിതത്തിനു ശരിയായ ലക്ഷ്യവും അര്‍ഥവുമുള്ളവനാണു മുസ്ലിം. ദിശാബോധമില്ലാത്ത അവിശ്വാസികളോ അവരെ അന്ധമായി അനുകരിക്കുന്ന കപടവിശ്വാസികളോ വ്യാപൃതരാകുന്ന വിനോദങ്ങളില്‍ വിവേചന ബോധമില്ലാതെ പങ്കുകൊള്ളാന്‍ സത്യവിശ്വാസിക്കു കഴിയില്ല. അവിവേകികള്‍ക്കു വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞതുപോലെ ജീവിതം തന്നെ വിനോദമാണ്. കളിച്ചും കളിപ്പിച്ചും അതു കണ്‍ടാസ്വദിച്ചും അവര്‍ ജീവിതം കഴിക്കുന്നു. അതിനപ്പുറം ഒരര്‍ഥവും ജീവിതത്തിനവര്‍ കല്‍പിച്ചിട്ടില്ല. വിനോദലഹരിയില്‍ അവരുറങ്ങുന്നു. അതില്‍ തന്നെ ഉണരുന്നു. പത്ര, വാരിക, പാക്ഷിക, മാസികാദി ആനുകാലികത്താളുകള്‍ വിനോദത്തില്‍ കുളിച്ചു നില്‍ക്കുന്നു. ദൃശ്യശ്രാവ്യ മാധ്യമങ്ങള്‍ കളിയാണ്, അതു തന്നെയാണ്, അതു മാത്രമാണ് ജീവിതമെന്നു മാലോകരെ ബോധ്യപ്പെടുത്തുന്നു. ക്ളബ്ബുകളും കലാസാംസ്കാരിക സംഘടനകളും അതിനായി യത്നവും രത്നവും വിതറുന്നു. സംസ്ഥാന ദേശീയ ഗവണ്‍മെന്റുകളും പ്രചോദനത്തിന്റെ പേമാരി വര്‍ഷിപ്പിക്കുന്നു. വിനോദം, സര്‍വ്വത്ര വിനോദം! ലോകം വിനോദമയം!! മനുഷ്യനെ കാര്യബോധത്തിലേക്കും ഗവേഷണ ചിന്തയിലേക്കും സദാചാരത്തിലേക്കും സാംസ്കാരികമഹിമയിലേക്കും നയിക്കുന്ന കാര്യക്ഷമവും ആരോഗ്യകരവുമായ രംഗങ്ങളിലല്ല ഇന്ന് ഏറിയകൂറും മത്സരങ്ങള്‍ നടക്കുന്നത്. ഗിന്നസ്ബുക്ക് പരിശോധിച്ചാല്‍ അതില്‍ അധികപേരും വിനോദകലകളിലെയും അനാവശ്യ കോമാളിത്തരങ്ങളിലെയും ചാമ്പ്യന്‍മാരാണെന്നു കാണാം. അതുകൊണ്ടുതന്നെ കുട്ടികളും യുവാക്കളും പേരിനും പ്രശസ്തിക്കും ചാമ്പ്യന്‍ഷിപ്പിനുമായി അര്‍ഥശൂന്യമായ, ബുദ്ധിഹീനമായ കാര്യങ്ങളില്‍ മത്സരങ്ങളും അതിനായുള്ള പരിശീലനങ്ങളും നടത്തി ജീവിതം നശിപ്പിക്കുന്നു. ഓട്ടം, ചാട്ടം, നൃത്തം, നീന്തല്‍, ഗുസ്തി, കമ്പവലി, സൈക്കിള്‍ റൈസിങ്, വിവിധയിനം പന്തുകളികള്‍, സംഗീതം, അക്ഷരശ്ളോകം, ചെസ്, പകിടകളി, കാരംസ് മാത്രമല്ല, തുപ്പുക, നഖം നീട്ടുക, കേശം വളര്‍ത്തുക, മീശവെക്കുക, കേയ്ക്കു നിര്‍മിക്കുക, പുട്ടു നിര്‍മിക്കുക, ആദിയായ കാര്യങ്ങളിലും മത്സരം നടക്കുന്നു. തീറ്റ മത്സരം, സൌന്ദര്യ മത്സരം, പുകവലി മത്സരം എന്നിവക്കു പുറമെ ജീവികളെ ഉപയോഗിച്ചു കാളപൂട്ട്, കാളപ്പോര്, കോഴിപ്പോര്, പ്രാവുകളി, സര്‍പ്പയജ്ഞം ആദിയായ മത്സരങ്ങളും നടക്കുന്നു. യന്ത്രോഞ്ഞാല്‍, സര്‍ക്കസ്, മരണക്കിണര്‍, സൈക്കിള്‍യജ്ഞം, ഒപ്പന, നാടകം, കോല്‍ക്കളി, കളരിപ്പയറ്റ്, മിമിക്രി, വള്ളംകളി, ആദിയായ വിനോദങ്ങള്‍ പ്രസിദ്ധങ്ങളാണ്. എല്ലാ വിനോദങ്ങളും അനുവദനീയമാണെന്നോ എല്ലാം നിഷിദ്ധങ്ങളാണെന്നോ നിരുപാധികം പറയാവതല്ല. കലകളിലും കായിക വിനോദങ്ങളിലും ഹറാമായവയും അനുവദനീയമായവയുമുണ്‍ട്. ചുരുക്കം ചിലത് പ്രോത്സാഹനമര്‍ഹിക്കുന്നവയാണ്. പലതും നിരുത്സാഹപ്പെടുത്തേണ്‍ട കറാഹത്തുകളാണ്. മറ്റു ചില കളികള്‍ ഹറാമിന്റെ ഇനത്തില്‍ പെട്ടവയുമാണ്. മനുഷ്യന്റെ ഇഹപരക്ഷേമമറിയുന്നവന്‍ അല്ലാഹുവാണ്. മനുഷ്യന്റെ ക്ഷേമത്തിനുവേണ്‍ടി അവന്‍ അവതരിപ്പിച്ച നിയമവ്യവസ്ഥിതിയാണ് മതം. സ്വേഛക്കു അനുകൂലമോ പ്രതികൂലമോ എന്നു നോക്കാതെ അവ നിരുപാധികം അംഗീകരിക്കേണ്‍ടത് വിശ്വാസിയുടെ കടമയാണ്. തന്റെ ഇംഗിതത്തിനു അനുകൂലമായതുമാത്രം അംഗീകരിക്കുകയും അല്ലാത്തവ തള്ളിക്കളയുകയും ചെയ്യുന്നവന്‍ വിശ്വാസിയല്ല. ബാഹ്യത്തില്‍ അവന്‍ വിശ്വാസിയാണെന്ന വകാശപ്പെടുന്നു വെങ്കിലും അവന്‍ കപടനാണ്.

അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ വിധി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍, സത്യവിശ്വാസിക്കോ, സത്യവിശ്വാസിനിക്കോ സ്വകാര്യത്തെ സംബന്ധിച്ചു സ്വതന്ത്രമായ അഭിപ്രായം ഉണ്‍ടായിരിക്കാന്‍ പാടില്ല. വല്ലവനും അല്ലാഹുവിനെയും റസൂലിനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചുകഴിഞ്ഞു (വിശുദ്ധ ഖുര്‍ആന്‍ 33:36).


RELATED ARTICLE

  • സര്‍പ്പയജ്ഞം
  • ചൂതാട്ടം, പകിടകളി
  • ചെസ്സുകളി
  • കോഴിപ്പോര്
  • ഒളിച്ചുകളി; ഒളിപ്പിച്ചുകളി
  • പ്രാവുകളി
  • ആന പ്രദര്‍ശനം
  • ആയുധ പന്തയം
  • ഗാനാലാപനം, സംഗീതാസ്വാദനം
  • ഉപകരണ സംഗീതം
  • ഒപ്പന, കോല്‍ക്കളി, ദഫ്
  • സംഗീതത്തിന്റെ നിരോധിത മേഖലകള്‍
  • നിരോധിത സംഗീതങ്ങള്‍
  • കളി കാര്യത്തിന്, വിനോദം ആവശ്യത്തിന്
  • കാളപ്പോരും കാളപൂട്ടും
  • ചീട്ടുകളി
  • ഏപ്രില്‍ ഫൂള്‍
  • റാഗിംഗ് എന്ന പീഡനവിനോദം
  • കളിയും വിനോദവും