Click to Download Ihyaussunna Application Form
 

 

കളി കാര്യത്തിന്, വിനോദം ആവശ്യത്തിന്

ഹാറൂന്റഷീദ് ചക്രവര്‍ത്തിയുടെ സമകാലികനും ഉപദേശം കൊണ്‍ട് അദ്ദേഹത്തെ വിറകൊള്ളിച്ച ധീരപണ്ഢിതനും പ്രാര്‍ഥനക്ക് ഉടനെ ഉത്തരം ലഭിക്കുന്ന വലിയ്യുമായിരുന്നു ബഹ്ലൂല്‍ എന്ന മഹാപുരുഷന്‍ (ത്വബഖാത്ത്: ശഅ്റാനി 1/68).ബഹ്ലൂല്‍ ഒരു ദിനം ബസ്വറയിലെ ഒരു വഴിയിലൂടെ നടന്നുപോകുമ്പോള്‍ കളിച്ചുകൊണ്‍ടിരിക്കുന്ന ഏതാനും കുട്ടികളെ കണ്‍ടു. അവരെ വീക്ഷിച്ചുകൊണ്‍ട് കളിയിലേര്‍പ്പെടാതെ മാറിനില്‍ക്കുന്ന ഒരു കുട്ടി അദ്ദേഹത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചു. ആ കുട്ടി വിലപിക്കുന്നുണ്‍ടായിരുന്നു. കുട്ടികള്‍ തങ്ങളുടെ കയ്യിലുള്ള വസ്തുക്കള്‍ കൊണ്‍ട് കളിക്കുമ്പോള്‍ തനിക്കു കളിക്കാന്‍ തന്റെ കയ്യിലൊന്നുമില്ലാത്തതുകൊണ്‍ടായിരിക്കാം ഈ കുട്ടി കരയുന്നതെന്ന് ബഹ്ലൂല്‍ വിചാരിച്ചു. കുഞ്ഞുമോനേ, നീ എന്തിനാണ് കരയുന്നത്? മറ്റു കുട്ടികളോടൊപ്പം നിനക്കു കളിക്കാനാവശ്യമായത് ഞാന്‍ വാങ്ങിത്തരാം. ഉടനെ കുട്ടി ബഹ്ലൂലിന്റെ മുഖത്തുനോക്കി ഇപ്രകാരം പറഞ്ഞു: ബുദ്ധി കുറഞ്ഞ മനുഷ്യാ, കളിക്കാന്‍ വേണ്‍ടിയല്ല നാം സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.പിന്നെ എന്തിനാണ് കുഞ്ഞുമോനേ നാം സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്? ബഹ്ലൂല്‍ ചോദിച്ചു. അറിവ് സമ്പാദിക്കാനും ആരാധന നടത്തുവാനും കുട്ടി മറുപടി നല്‍കി. ബഹ്ലൂല്‍ തെളിവ് ചോദിച്ചപ്പോള്‍ കുട്ടി പറഞ്ഞു. നിങ്ങളെ നാം അലക്ഷ്യമായി സൃഷ്ടിച്ചതാണെന്നും നിങ്ങള്‍ നമ്മിലേക്ക് മടക്കപ്പെടുന്നവരല്ലെന്നും നിങ്ങള്‍ ധരിച്ചുവോ? എന്ന ഖുര്‍ആന്‍ വാക്യത്തില്‍ നിന്നാണ് ഞാനിത് മനസ്സിലാക്കിയത്. ബഹ്ലൂല്‍ പറയുന്നു: ഈ കുട്ടി ആരാണെന്നു ഞാന്‍ അന്വേഷിച്ചു. അലിയ്യുബ്നു അബീത്വാലിബ് (റ) വിന്റെ പുത്രനായ ഹുസൈന്‍ (റ) വിന്റെ സന്താനപരമ്പരയില്‍പെട്ടവനാണെന്ന് ജനങ്ങള്‍ പറഞ്ഞു. ഈ ഫലം ആ വൃക്ഷത്തില്‍ നിന്ന് ഉണ്‍ടായതല്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ (റൂഹുല്‍ബയാന്‍ 6/112).

മുതിര്‍ന്നവരെക്കൂടി ബോധവല്‍ക്കരിക്കാന്‍ മാത്രം ചിന്തോദ്ദീപകമാണ് ഈ കൊച്ചുകുട്ടിയുടെ കഥ. മനുഷ്യന്‍ ഒരു മഹോന്നതമായ ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ടവനാണ്. അപ്പോള്‍ അവന്‍ കാര്യബോധമുള്ളവനാകണം. വിനോദപ്രിയനാകാന്‍ പാടില്ല. പക്ഷേ, കളിയുടെയും വിനോദത്തിന്റെയും ഒരു ഘട്ടം പിന്നിട്ടാണ് അവന്‍ യൌവ്വനത്തിലേക്ക് കാലെടുത്തുവെക്കുന്നത്. ആ കാലഘട്ടത്തില്‍ ശരിയായ വിവേചനാശക്തിയോ കാര്യബോധമോ അവനു ഉണ്‍ടായിരുന്നില്ല. അതുകൊണ്‍ട് തന്നെ ഉപര്യുക്ത ഉത്തരവാദിത്തം തദവസരം അല്ലാഹു അവനെ ഏല്‍പിച്ചിരുന്നില്ല. അവന്റെ കര്‍മങ്ങളും വാക്കുകളും രേഖപ്പെടുത്തുവാനായി അദൃശ്യരായ എഴുത്തുകാരെ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നില്ല. അവനെ നല്ല വഴിക്കു വഴി നടത്തുവാനുള്ള ഉത്തരവാദിത്തം അവന്റെ രക്ഷിതാക്കളെ ഏല്‍പിക്കുക മാത്രമാണ് ചെയ്തത്. പിന്നീട് അല്ലാഹു അവന് ബുദ്ധിയും വിവേകവും നല്‍കി. അതോടെ സത്യവും അസത്യവും ആവശ്യവും അനാവശ്യവും വിവേചിക്കുവാനുള്ള കഴിവ് അവന്‍ നേടുകയും ചെയ്തു. ഈ ദിശയിലേക്ക് കാലെടുത്തുവെക്കുന്നതോടെ അല്ലാഹുവിന്റെ വിധിവിലക്കുകള്‍ക്ക് അവനെ വിധേയനാക്കുന്ന ഉത്തരവാദിത്തം അവനു ബാധകമാകുന്നു. തത്ഫലമായി അവന്റെ വാക്കുകളും പ്രവൃത്തികളും രേഖപ്പെടുത്തുകയായി. നിശ്ചയമായും മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു. അവന്റെ മനസ് മന്ത്രിച്ചുകൊണ്‍ടി രിക്കുന്ന കാര്യങ്ങള്‍ നാം അറിയുന്നു. അവന്റെ കണ്ഠനാഡിയേക്കാള്‍ അവനോട് നാം അടുത്തവനാകുന്നു. വലതുഭാഗത്തും ഇടതുഭാഗത്തും ഇരുന്നുകൊണ്‍ട് ഏറ്റുവാങ്ങി രേഖപ്പെടുത്തുന്ന രണ്‍ടുപേര്‍ രേഖപ്പെടുത്തുന്ന സന്ദര്‍ഭം. അവന്റെ അടുത്ത് സന്നദ്ധരായി നില്‍ക്കുന്ന നിരീക്ഷകരുണ്‍ടായിട്ടല്ലാതെ ഒരു വാക്കും അവന്‍ ഉച്ചരിക്കില്ല(വിശുദ്ധ ഖുര്‍ആന്‍ 50:16-18). ഇപ്പോള്‍ അവന്‍ ഒരു പൂര്‍ണമനുഷ്യനാണ്. എല്ലാറ്റിനും മറുപടി പറയേണ്‍ടവനാണ്. ആവശ്യമുള്ളതു മാത്രം അളന്നുമുറിച്ച് സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്‍ട വനാണ്. പക്ഷേ, ഇടക്ക് ശൈശവപ്രകൃതത്തിലേക്ക് തിരിഞ്ഞുനോക്കുക സ്വാഭാവികമാണ്. അതുകൊണ്‍ട് ചെറിയൊരു വിനോദപ്രിയം മുതിര്‍ന്ന മനുഷ്യരിലും കാണാം. ചിലപ്പോഴൊക്കെ എത്ര കാര്യബോധമുള്ള ബുദ്ധിമാനും ചിരിക്കുകയും ഫലിതം പറയുകയും വിനോദിക്കുകയും ചെയ്യാറുണ്‍ടല്ലോ? അതു നിരന്തരപ്രവര്‍ത്തനത്തെത്തുടര്‍ന്നോ കഠിനാദ്ധ്വാനത്തെത്തുടര്‍ന്നോ ചിന്തായത്നത്തെത്തുടര്‍ന്നോ ആലസ്യവും വിമുഖതയുമുണ്‍ടാകുമ്പോഴാണ്. കുട്ടികളില്‍ സാധാരണമായും മുതിര്‍ന്നവരില്‍ അപൂര്‍വമായും ഉണ്‍ടാകുന്ന വിനോദതത്പരതയെ ഇസ്ലാം ശരിയായവിധം പരിഗണിച്ചിട്ടുണ്‍ട്. കുട്ടികള്‍ക്ക് അവസരോചിതമായ കളികളും വിനോദങ്ങളും അനുവദിക്കുന്നു. പക്ഷേ, അവര്‍ കേവലം കളിക്കാരും വിനോദപ്രിയരുമായി പരിണമിക്കുംവിധം അവരെ വിനോദത്തിലേക്കു സ്വതന്ത്രരായി അഴിച്ചുവിടാവതല്ല. നിഷിദ്ധമായ എല്ലാ വിനോദത്തില്‍ നിന്നും അവരെ കാത്തുസംരക്ഷിക്കണം. എങ്കിലേ അവര്‍ കാര്യബോധമുള്ളവരായി വളരുകയുള്ളൂ. അങ്ങനെ വളര്‍ന്നെങ്കിലേ അവര്‍ തങ്ങള്‍ക്കും രക്ഷിതാക്കള്‍ക്കും കുടുംബത്തിനും രാജ്യത്തിനും സമൂഹത്തിനും നന്‍മ വരുത്തുന്നവരായിത്തീരുകയുള്ളൂ. ഇവ്വിഷയകമായി ഇമാം ഗസ്സാലി(റ) നല്‍കിയ ചില ഉപദേശങ്ങള്‍ കാണുക. കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നതിന് സ്വീകരിക്കേണ്‍ട രീതി വളരെ പ്രധാനപ്പെട്ടൊരു കാര്യമാണെന്ന് മനസ്സിലാക്കണം. ഒരു ശിശു തന്റെ മാതാപിതാക്കള്‍ക്ക് അമാനത്താണ്. അവന്റെ ശുദ്ധമായ ഹൃദയം വിലപ്പെട്ട ഒരു രത്നമാണ്. അത് എല്ലാ ചിത്രത്തില്‍ നിന്നും ശൂന്യവും നിഷ്കളങ്കവുമാണ്. അതില്‍ മുദ്രണം ചെയ്യപ്പെടുന്ന ഏതു ചിത്രവും അത് സ്വീകരിക്കും. ഏത് ഭാഗത്തേക്ക് തിരിച്ചാലും അത് അങ്ങോട്ട് തിരിയും. നന്‍മ അവന് പഠിപ്പിക്കുകയും അത് ശീലമാക്കുകയും ചെയ്താല്‍ നന്‍മയിലായി ഭാഗ്യവാനായിത്തീരുകയും ചെയ്യും. മാത്രമല്ല, പ്രതിഫലത്തില്‍ അവന്റെ മാതാപിതാക്കന്‍മാരും ഗുരുനാഥന്‍മാരും അവനു ശിക്ഷണശീലങ്ങള്‍ നല്‍കിയവരും പങ്കാളികളാവും. പ്രത്യുത അവനു തിന്‍മ ശീലിപ്പിക്കുകയും മൃഗങ്ങളെപ്പോലെ അവനെ അഴിച്ചുവിടുകയും ചെയ്താല്‍ അവന്‍ ദൌര്‍ഭാഗ്യവാനായിത്തീരുകയും നാശത്തില്‍ നിപതിക്കുകയും ചെയ്യും. അവന്റെ രക്ഷിതാക്കളും മറ്റു ഉത്തരവാദപ്പെട്ടവരും കുറ്റക്കാരായിത്തീരുകയും ചെയ്യും. സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും നരാകാഗ്നിയില്‍ നിന്നു നിങ്ങള്‍ കാത്തുരക്ഷിക്കുക. മനുഷ്യരും കല്ലുകളുമാണ് അതിലെ ഇന്‍ധനം. അതിന്റെ മേല്‍നോട്ടക്കാരായി പരുഷസ്വഭാവക്കാരും ശക്തന്‍മാരുമായ മലക്കുകള്‍ ഉണ്‍ട്. അല്ലാഹു അവരോട് കല്‍പിച്ച കാര്യങ്ങളില്‍ അവനോട് അവര്‍ അനുസരണക്കേട് കാണിക്കുകയില്ല. അവരോട് കല്‍പിക്കപ്പെടുന്ന കാര്യങ്ങള്‍ അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും (വിശുദ്ധ ഖുര്‍ആന്‍ 66:6) എന്ന് അല്ലാഹുതആലാ പറഞ്ഞിട്ടുണ്‍ട്. ഭൌതികാഗ്നിയില്‍ നിന്ന് തന്റെ സന്‍താനത്തെ സംരക്ഷിക്കാന്‍ പിതാവ് ശ്രമിക്കുന്നു. അപ്പോള്‍ പാരത്രികാഗ്നിയില്‍ നിന്ന് അവനെ സംരക്ഷിക്കേണ്‍ടത് അതിലേറെ ആവശ്യമാണ്. ആ സംരക്ഷണം യാഥാര്‍ഥ്യമാകുന്നത് താഴെ പറയുന്ന കാര്യങ്ങള്‍ കൊണ്‍ടാണ്. ശിക്ഷണശീലങ്ങള്‍ നല്‍കി അവനെ മര്യാദയും സംസ്കാരവുമുള്ളവനാക്കണം. മഹദ്സ്വഭാവങ്ങള്‍ അവനെ പഠിപ്പിക്കണം. ചീത്ത കൂട്ടുകാരില്‍ നിന്ന് അവനെ സംരക്ഷിക്കണം. സുഖാസ്വാദനം അവനെ ശീലിപ്പിക്കരുത്. ആഢംബരത്തോടും സുഖലോലുപതയുടെ മാധ്യമങ്ങളോടും അവനു പ്രതിപത്തിയുണ്‍ടാക്കരുത്. അങ്ങനെ സംഭവിച്ചാല്‍ വലുതാകുമ്പോള്‍ അവയുടെ അന്വേഷണത്തിലായി അവന്‍ ആയുഷ്കാലം നഷ്ടപെടുത്തും. അതു അവന്റെ ശാശ്വതവിനാശത്തിനു വഴിതെളിക്കും (ഇഹ്യ 3/78). ആസ്വാദനവും സുഖലോലുപതയും ആഢംബരവസ്ത്രധാരണവും പതിവാക്കിയ കുട്ടികളില്‍ നിന്ന് അവനെ കാത്തുസംരക്ഷിക്കണം. പ്രസ്തുത കാര്യങ്ങളില്‍ അവന് പ്രതിപത്തി ജനിപ്പിക്കുന്ന ഒരാളുമായും സമ്പര്‍ക്കം പുലര്‍ത്താന്‍ അവനെ അനുവദിക്കരുത്. കാരണം കുട്ടിയെ അവന്റെ പ്രാരംഭദശയില്‍ ശ്രദ്ധിക്കാതെ വിട്ടാല്‍ മിക്കപ്പോഴും അവന്‍ ദുഃസ്വഭാവിയും വ്യാജനും അസൂയാലുവും മോഷ്ടാവും ഏഷണിക്കാരനും ദുര്‍വാശിക്കാരനും അനാവശ്യസംസാരം, ചിരി, കുതന്ത്രം, തമാശ എന്നിവയില്‍ മുഴുകുന്നവനുമാവും. അവയില്‍ നിന്നെല്ലാം അവനെ കാത്തുസൂക്ഷിക്കാന്‍ മെച്ചപ്പെട്ട ശിക്ഷണം വേണം (ഇഹ്യ 3/78). പിന്നീട് അവനെ വിദ്യാലയത്തില്‍ പ്രവേശിപ്പിക്കണം. അവിടെ അവന്‍ വിശുദ്ധ ഖുര്‍ആന്‍, പ്രവാചകരുടെ തിരുവചനങ്ങള്‍, മഹാന്‍മാരുടെ കഥകള്‍, അവരുടെ മഹത്തായ ജീവിതാവസ്ഥകള്‍ എന്നിവ പഠിക്കണം. അതുവഴി അവന്റെ മനസ്സില്‍ സജ്ജനങ്ങളോടുള്ള സ്നേഹം വേരുറക്കണം. അനുരാഗത്തെക്കുറിച്ചും, കാമുകീകാമുകന്‍മാരെക്കുറിച്ചും വര്‍ണിക്കുന്ന പ്രേമഗാനങ്ങളില്‍ നിന്ന് അവനെ കാത്തുസൂക്ഷിക്കണം. പ്രേമകാവ്യങ്ങള്‍ ധിഷണാശക്തിയും സ്വഭാവ സൌമ്യതയും വളര്‍ത്തുമെന്ന് ജല്‍പിക്കുന്ന സാഹിത്യകാരന്‍മാരില്‍ നിന്നും അവനെ കാത്തുസൂക്ഷിക്കണം. കാരണം അത് കുട്ടികളുടെ ഹൃദയങ്ങളില്‍ നാശത്തിന്റെ വിത്തുവിതയ്ക്കും (ഇഹ്യ 3/78). പകല്‍ കുറച്ചുസമയം നടക്കുവാനും വ്യായാമപരിശീലനം നടത്തുവാനും അവനെ ശീലിപ്പിക്കണം. എന്നാല്‍ ആലസ്യം അവനെ കീഴടക്കില്ല (ഇഹ്യ 3/79). വിദ്യാലയത്തില്‍ നിന്ന് തിരിച്ചുവന്നാല്‍, വിദ്യാലയത്തിലെ ക്ളേശത്തില്‍ നിന്നു ആശ്വാസം ലഭിക്കുന്നതിനുവേണ്‍ടി ക്ഷീണം വരാത്തവിധം കളിക്കുവാന്‍ അനുവാദം നല്‍കേണ്‍ടതാണ്. കളിയില്‍ നിന്ന് കുട്ടിയെ വിലക്കുകയും സദാ പഠനത്തിന് നിര്‍ബന്ധിക്കുകയും ചെയ്താല്‍ അവന്റെ ഹൃദയം ചത്തുപോവും. ധിഷണാശക്തി ദുര്‍ബലമാകും. ജീവിതം തന്നെ ദുസ്സഹമായിത്തീരും. അപ്പോള്‍ പഠനത്തില്‍ നിന്ന് പാടെ രക്ഷപ്പെടുവാന്‍ അവന്‍ കൌശലം തേടും. മാതാപിതാക്കള്‍, ഗുരുനാഥന്‍മാര്‍, മുതിര്‍ന്നവര്‍ എന്നിവരെ അനുസരിക്കുക, അവരെ ബഹുമാനാദരപൂര്‍വം വീക്ഷിക്കുക, അവരുടെ മുമ്പില്‍ നിന്ന് കളിക്കാതിരിക്കുക എന്നീ കാര്യങ്ങള്‍ അവനെ പഠിപ്പിക്കേണ്‍ടതാണ് (ഇഹ്യ 3/79). അപ്പോള്‍ കുട്ടികള്‍ക്ക് അവസരോചിതമായി കളിക്കാനും വിനോദിക്കാനും അവസരം നല്‍കണം. പക്ഷേ, അതു അമിതമാവരുത്. തെറ്റായ വിനോദവുമാവരുത്. ഈ മിതവും അനുവദനീയവുമായ വിനോദം തന്നെ അച്ചടക്കരഹിതമാവരുത്. മുതിര്‍ന്നവരുടെയും ഗുരുനാഥന്‍മാരുടെയും മുമ്പില്‍ കളിക്കാനനുവദിക്കരുത്. ബാല്യം വിട്ടു യൌവനത്തിലേക്ക് കടക്കുന്നതോടെ അല്ലാഹു ഏല്‍പിച്ച ഉത്തരവാദിത്തം യഥാവിധി നിര്‍വഹിക്കാന്‍ അവന്‍ പ്രാപ്തനും സന്നദ്ധനുമാവണം. മുഴുസമയവും ഉപകാരപ്രദമായ കര്‍മങ്ങളിലൂടെ ഉത്തരവാദിത്ത നിര്‍വഹണത്തിനായി ഉപയോഗപ്പെടുത്തണം. തന്റെ യജമാനന്റെ ആരാധനാ സേവനത്തിനുവേണ്‍ടി മാത്രം സൃഷ്ടിക്കപ്പെട്ടവനാണെന്ന ബോധം സദാ നിലനിര്‍ത്തണം. അതുകൊണ്‍ട് ജീവിതസമയം മുഴുവന്‍ ആരാധനാവല്‍കരിക്കണം. അതിനുവേണ്‍ടിയാണ് രാവും പകലും ആരാധനകള്‍ വെച്ചിട്ടുള്ളത്. നിരന്തര അധ്വാനം ശാരീരികവും മാനസികവുമായ ക്ഷീണത്തിന് സ്വാഭാവികമായും ഇടവരുത്തുന്നു. അതില്‍നിന്ന് വിശ്രമിച്ചു പുനര്‍ജന്‍മം കൊള്ളുന്നതിനാണ് നിദ്രാസ്വാദനം വെച്ചിട്ടുള്ളത്. ഒരേ രീതിയിലുള്ള ആരാധന നിരന്തരമാവുമ്പോള്‍ നീരസമുണ്‍ടാവുക സ്വാഭാവികമാണ്. അതില്ലാതിരിക്കാനാണ് ദയാലുവായ അല്ലാഹു ആരാധനകളില്‍ വൈവിധ്യം നിശ്ചയിച്ചിട്ടുള്ളത്. എന്നിരുന്നാലും ചില സന്ദര്‍ഭങ്ങളില്‍ ആലസ്യവും വൈമുഖ്യവും ഉണ്‍ടാവുക മനുഷ്യസഹജമാണ്. അതുകൊണ്‍ടു തന്നെ അല്‍പം ചില വിനോദങ്ങളും കളികളും ഇസ്ലാം അനുവദിച്ചിട്ടുണ്‍ട്. മനുഷ്യന്റെ അഭിമാനം കൊണ്‍ട് കളിക്കാത്ത കളി; അവന്റെ ഉത്തരവാദിത്തബോധം നഷ്ടപ്പെടുത്താത്ത വിനോദം. വിലപ്പെട്ട ആയുഷ്കാലം നഷ്ടപ്പെടുത്തുകയോ സാംസ്കാരികാധപതനത്തിന് ഇടവരുത്തുകയോ ജനങ്ങളുടെ സമ്പത്ത് അന്യായമായി ചൂഷണം ചെയ്യുകയോ ചെയ്യുന്ന ഒരു വിനോദത്തിലും ഏര്‍പ്പെടാവതല്ല. കായികാധ്വാനം ചെയ്യുന്നവര്‍ ഇടക്കു ശാരീരികവും മാനസികവുമായ വിശ്രമം നല്‍കുന്ന വിനോദങ്ങളിലും ഇരുന്നു ജോലിചെയ്യുന്നവര്‍ ഇടക്കു ചില കായികവിനോദങ്ങളിലും ഏര്‍പ്പെടാറുണ്‍ട്. ഇത് അനുവദനീയമാണ്. മുത്വലിബ്ബ്നു അബ്ദില്ലാഹി (റ) ഉദ്ധരിക്കുന്നു. റസൂല്‍ തിരുമേനി(സ്വ) പ്രസ്താവിച്ചു. നിങ്ങള്‍ക്കു അല്‍പം കളിയും വിനോദവുമാവാം. നിങ്ങളുടെ മതനിഷ്ഠയില്‍ പരുഷത കാണുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല (ബൈഹഖി). മനസ്സുകള്‍ക്ക് ആലസ്യം വരുമ്പോള്‍ ആനന്ദം തേടുന്നതും അവക്ക് തുരുമ്പ് കയറുമ്പോള്‍ അനുവദനീയമായ കളി വിനോദങ്ങള്‍ കൊണ്‍ട് തെളിച്ചെടുക്കുന്നതും അനുവദനീയമാണെന്നതിന് ഈ ഹദീസ് തെളിവാണ്. അതുകൊണ്‍ടാണ് ഹൃദയത്തിന് മടുപ്പ് വന്നാല്‍ അത് അന്ധമായിപ്പോകും എന്ന് അലി(റ) പറഞ്ഞിട്ടുള്ളത്. ഇബ്നുമസ്ഊദ്(റ) പറയുന്നു. ഈ മനസ്സുകള്‍ക്ക് നിങ്ങള്‍ വിശ്രമം നല്‍കുക. കാരണം അവ അതിവേഗം വിരക്തി കാണിക്കുന്നതാണ്. ഹൃദയം, ശരീരങ്ങള്‍ നിങ്ങള്‍ക്ക് മടുപ്പ് കാണിക്കുന്നതുപോലെ മടുപ്പ് കാണിക്കുന്നു. അതുകൊണ്‍ട് അവക്ക് വിജ്ഞാനപ്രദമായ വിനോദമാര്‍ഗങ്ങള്‍ അന്വേഷിക്കുക. ഇബ്നുഅബ്ബാസ്(റ) തന്റെ സദസ്സില്‍ ഖുര്‍ആന്‍, സുന്നത്ത് എന്നിവയില്‍ ചര്‍ച്ചകള്‍ ദീര്‍ഘിക്കുമ്പോള്‍ സദസ്യരോട് പറയുമായിരുന്നു. ഇനി നമുക്ക് കവിതകളിലേക്കും കഥകളിലേക്കും പ്രവേശിക്കാം. അല്ലാമാസുഹ്രി പറയുന്നു. പ്രവാചകശിഷ്യന്‍മാരായ സ്വഹാബാക്കളോടൊന്നിച്ചിരുന്ന് ഒരു മഹാന്‍ പഠനാര്‍ഹങ്ങളായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്‍ടായിരുന്നു. പ്രസ്തുത ചര്‍ച്ച നീണ്‍ടു നീരസം വന്നാല്‍ അദ്ദേഹം അവരോട് പറയും: ചെവി മടുത്തു, വിരക്തി പൂണ്‍ടു, തിരസ്കരണം നടത്തുന്നതാണ്. അതുകൊണ്‍ട് ഇനി നിങ്ങള്‍ നിങ്ങളുടെ കവിതകളും കഥകളും കൊണ്‍ടുവരിക (കഫ്ഫുര്‍റആഅ്: ഇബ്നുഹജര്‍ 151-153). വിവാഹം, പെരുന്നാള്‍ തുടങ്ങിയ സന്തോഷസന്ദര്‍ഭങ്ങളില്‍ ചില വിനോദങ്ങള്‍ അനുവദിക്കപ്പെട്ടിട്ടുണ്‍ട്. കുട്ടികള്‍ക്കും തത്തുല്യരായ സ്ത്രീപുരുഷന്‍മാര്‍ക്കും അവയിലേര്‍പ്പെടാവുന്നതാണ്. നബി (സ്വ) മക്കയില്‍ നിന്നു പലായനം ചെയ്തു മദീനയില്‍ വന്നപ്പോള്‍ അവിടെ മദീനക്കാര്‍ക്ക് രണ്‍ട് ആഘോഷദിവസങ്ങളുണ്‍ടായിരുന്നു. (അതു ആറുമാസം ഇടവിട്ടുവരുന്ന സമരാത്രദിനങ്ങളിലായിരുന്നു. അഥവാ മേഷാദി, തുലാദി എന്നീ രണ്ടു വിഷുവ ദിനങ്ങള്‍. ഒന്നാമത്തേതിന് അവര്‍ നൈറൂസ് എന്നും രണ്‍ടാമത്തെതിന് മിഹ്റജാന്‍ എന്നും പറയുമായിരുന്നു.) ഈ രണ്‍ടു ദിനങ്ങളെക്കുറിച്ചു നബി(സ്വ) അവരോടു ചോദിച്ചു. ഞങ്ങള്‍ അജ്ഞാത കാലത്ത് (ഇസ്ലാമിനുമുമ്പ്) കളിച്ചാഘോഷിക്കാറുള്ള ദിവസങ്ങളാണെന്ന് അവര്‍ പറഞ്ഞു. അപ്പോള്‍ തിരുമേനി(സ്വ) പറഞ്ഞു: അല്ലാഹു അവക്കുപകരമായി അവയേക്കാള്‍ ഉത്തമമായ രണ്‍ട് ആഘോഷദിവസങ്ങള്‍ നിങ്ങള്‍ക്കു പ്രദാനം ചെയ്തിരിക്കുന്നു. ബലിപെരുന്നാള്‍ ദിവസവും ചെറിയ പെരുന്നാള്‍ ദിവസവും (അബൂദാവൂദ് 1134). അപ്പോള്‍ വിനോദാഘോഷങ്ങള്‍ക്കുവേണ്‍ടി ദിവസങ്ങള്‍ നീക്കിവെക്കാവതല്ല. ആരാധനാപ്രധാനമായ ആഘോഷങ്ങളില്‍ വിനോദപ്രായത്തിലുള്ളവര്‍ക്ക് മിതമായ രീതിയില്‍ അനുവദനീയമായ വിനോദങ്ങളില്‍ ഏര്‍പ്പെടാവുന്നതാണ്. ബലിപെരുന്നാള്‍ നാളുകളില്‍ ഒരു ദിവസം അബൂബക്കര്‍ (റ) തന്റെ പുത്രിയും പ്രവാചകപത്നിയുമായ ആഇശ (റ) യുടെ സമീപത്ത് ചെന്നു. അവിടെ രണ്‍ട് പെണ്‍കുട്ടികള്‍ ദഫ് മുട്ടി പാടുന്നുണ്‍ടായിരുന്നു. അന്‍സ്വാറുകള്‍ പണ്‍ടു നടന്ന ബുആസ് യുദ്ധത്തില്‍ ആലപിച്ച കവിതകളായിരുന്നു അവര്‍ പാടിയിരുന്നത്. നബി(സ്വ) തദവസരം പുതച്ചുകിടക്കുന്നുണ്‍ടായിരുന്നു. അബൂബക്കര്‍ (റ) ആ പെണ്‍കുട്ടികളെ വിരട്ടിവിട്ടു. അപ്പോള്‍ നബി(സ്വ) മുഖത്തുനിന്നു പുതപ്പുനീക്കി അബൂബക്കര്‍ (റ) നോട് ഇപ്രകാരം പറഞ്ഞു: അബൂബക്കറേ, ഓരോ ജനവിഭാഗത്തിനും ആഘോഷദിവസമുണ്‍ട്. ഇത് നമ്മുടെ ആഘോഷദിവസമാണ് (ബുഖാരി 952, മുസ്ലിം 892). സജ്ജനങ്ങളായ മഹാന്‍മാരുടെ സദസ്സുകള്‍ വിനോദത്തില്‍ നിന്ന്, അത് കുറ്റമറ്റ വിനോദമെങ്കിലും, പരിശുദ്ധമായിരിക്കണമെന്നും ഒരു വലിയ നേതാവിന്റെ അനുയായി തന്റെ നേതാവിന്റെ സവിധത്തില്‍ അഭംഗിയായ ഒരു കാര്യം കണ്‍ടാല്‍ നേതാവ് സ്വയം നിരോധിക്കാനിടവരാതെ ബഹുമാനപൂര്‍വ്വം അയാള്‍ അത് നിരോധിക്കണമെന്നും ഈ ഹദീസില്‍ നിന്ന് ഗ്രഹിക്കാവുന്നതാണ് (മിര്‍ഖാത്ത്: മുല്ലാഅലീഖാരി 3/289). ഇബ്നുഅബ്ബാസ് (റ) പറയുന്നു: അല്ലാഹു ഓരോ സമുദായത്തിനും അവനെ വന്ദിക്കുവാനും, അവനോട് പ്രാര്‍ഥിക്കുവാനുമായി ഓരോ ആഘോഷദിവസം നല്‍കിയിരുന്നു. പിന്നീട് ബഹുദൈവരും വേദക്കാരുമായ അധിക ജനങ്ങളും തങ്ങളുടെ ആഘോഷദിവസങ്ങളെ കളിയും വിനോദവുമാക്കി മാറ്റി. മുസ്ലിംകള്‍ മാത്രമാണ് ഇതില്‍ നിന്ന് വ്യത്യസ്തമായി തങ്ങളുടെ ആഘോഷദിവസങ്ങളെ അല്ലാഹു കല്‍പിച്ചത് പോലെ ആരാധനാപ്രധാനങ്ങളായി ആഘോഷിച്ചുവരുന്നത് (റാസി 13/27). വിനോദത്തിനുവേണ്‍ടി വിനോദം, കളിക്കുവേണ്‍ടി കളി എന്ന വങ്കത്തത്തെ ഇസ്ലാം അനുകൂലിക്കുന്നില്ല. കാര്യത്തിനുവേണ്‍ടി കളി, ആവശ്യത്തിനുവേണ്‍ടി വിനോദം എന്നതാണ് ഇസ്ലാമിന്റെ നിലപാട്. കളിച്ചും വിനോദിച്ചും സമയം കൊല്ലുവാന്‍ ഇസ്ലാം അനുവദിക്കുന്നില്ല. അതുകൊണ്‍ടുതന്നെ ഉപകാരപ്രദമായ വിനോദത്തെ ഇസ്ലാം അനുകൂലിക്കുകയും ഉപദ്രവകരമായതിനെ നിരോധിക്കുകയും നിഷ്ഫലമായതിനെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു. നബി(സ്വ)യുടെ വിനോദത്തില്‍ ഏറ്റവും ഉത്തമമായത് നീന്തല്‍ വിനോദമാകുന്നു. സ്ത്രീയുടെ വിനോദത്തില്‍ ഏറ്റവും ഉത്തമമായത് നൂല്‍നൂല്‍ക്കലാവുന്നു(ഇബ്നുഅദിയ്യ്). ശരിയായ വിനോദം മൂന്ന് കാര്യങ്ങളിലാണ്. യുദ്ധക്കുതിരക്കു പരിശീലനം നല്‍കുക, അമ്പെയ്ത്ത് നടത്തുക, ഭാര്യയുമായി സല്ലപിക്കുക (നസാഇ). മൂന്ന് വിനോദങ്ങളില്‍ മാത്രമാണ് മലക്കുകള്‍ പങ്കെടുക്കുന്നത്. പുരുഷന്റെ ഭാര്യയോടൊപ്പമുള്ള സല്ലാപം, കുതിരയോട്ടം, അമ്പെയ്ത്ത് (ഹാകിം) (കഫ്ഫുര്‍റആഅ് 150-151). ആത്മരക്ഷക്കും രാജ്യരക്ഷക്കും ശത്രുവെ പ്രതിരോധിക്കുന്നതിനുമായി ആയുധപ്രയോഗമോ ആയോധനമുറകളോ പരിശീലിക്കുന്നത് വിനോദരൂപങ്ങളിലായാലും ശ്ളാഘനീയമാണ്. ഗാര്‍ഹികബന്ധം സുദൃഢമാക്കുകയും സ്ത്രീപുരുഷസംസര്‍ഗം പ്രചോദിപ്പിക്കുകയും ചെയ്യുന്ന ഭാര്യാഭര്‍തൃവിനോദങ്ങള്‍ പ്രോത്സാഹനാര്‍ഹമാണ്. ധനസമ്പാദനത്തിനും തൊഴില്‍ പരിശീലനത്തിനും സഹായകമായ വിനോദങ്ങളും പ്രശംസയര്‍ഹിക്കുന്നു. നിരന്തരമായ കര്‍മങ്ങളെയോ ചിന്തകളെയോ തുടര്‍ന്നുണ്‍ടാകുന്ന വിരസത നീക്കാന്‍ അല്‍പം രസകരമായ കാര്യങ്ങളിലേക്ക് നീങ്ങുന്നത് അനുവദനീയമാണ്. നിരന്തരമായ പഠനത്തെ തുടര്‍ന്ന് ആലസ്യം വന്നപ്പോള്‍ ആനന്ദകരമായ വാര്‍ത്തകളിലേക്ക് നീങ്ങാമെന്ന് ഇബ്നുഅബ്ബാസ് (റ) പറഞ്ഞതും ഇടക്കിടെ നിങ്ങള്‍ ഹൃദയങ്ങള്‍ക്ക് ആനന്ദം നല്‍കുക എന്ന് നബി (സ്വ) പറഞ്ഞതും ഈ ഉദ്ദേശ്യത്തിലാണ്. അനുവദനീയമായ വിനോദങ്ങളിലൂടെ മനഃപ്രയാസം നീക്കുക എന്ന ഈ അര്‍ഥമാണ് സാധാരണക്കാര്‍ ഈ പ്രസ്താവനകള്‍ക്ക് കല്‍പിക്കുന്നത്. എന്നാല്‍ ദിവ്യജ്ഞാനികളായ വിശിഷ്ട വ്യക്തികള്‍ ദൈവസ്മരണയില്‍ വിലയം പ്രാപിച്ചു നിര്‍വൃതി കൊള്ളുക എന്നാണ് അര്‍ഥകല്‍പന നല്‍കുന്നത്. കാരണം യഥാര്‍ഥമായ മാനസികോല്ലാസത്തിന്റെ മാര്‍ഗം അതുമാത്രമാണ് (റാസി 25/141).

ഉപകാരപ്രദമല്ലാത്ത വിനോദങ്ങള്‍ ഒന്നുകില്‍ നിഷിദ്ധം അല്ലെങ്കില്‍ അനഭികാമ്യം അഥവാ, ഹറാം അല്ലെങ്കില്‍ കറാഹത്ത് ആകുന്നു.


RELATED ARTICLE

  • സര്‍പ്പയജ്ഞം
  • ചൂതാട്ടം, പകിടകളി
  • ചെസ്സുകളി
  • കോഴിപ്പോര്
  • ഒളിച്ചുകളി; ഒളിപ്പിച്ചുകളി
  • പ്രാവുകളി
  • ആന പ്രദര്‍ശനം
  • ആയുധ പന്തയം
  • ഗാനാലാപനം, സംഗീതാസ്വാദനം
  • ഉപകരണ സംഗീതം
  • ഒപ്പന, കോല്‍ക്കളി, ദഫ്
  • സംഗീതത്തിന്റെ നിരോധിത മേഖലകള്‍
  • നിരോധിത സംഗീതങ്ങള്‍
  • കളി കാര്യത്തിന്, വിനോദം ആവശ്യത്തിന്
  • കാളപ്പോരും കാളപൂട്ടും
  • ചീട്ടുകളി
  • ഏപ്രില്‍ ഫൂള്‍
  • റാഗിംഗ് എന്ന പീഡനവിനോദം
  • കളിയും വിനോദവും