Click to Download Ihyaussunna Application Form
 

 

ആന പ്രദര്‍ശനം

ആയെന്നൊരക്ഷരം പോലെ, ആന നില്‍ക്കുന്നിതമ്പടാ എന്ന കവിതാശകലം മലയാളത്തിലെ ആദ്യാക്ഷരത്തിന്റെ ഭീകരകൌതുകം വരച്ചുകാണിക്കുന്നതിനു കവി പാടിയതാണെങ്കിലും അതില്‍ നിന്ന് ആനയുടെ ആകാരകൌതുകവും കൂടി മനസിലാക്കാവുന്നതാണ്. വലിപ്പഭാരങ്ങള്‍ കൊണ്‍ട് ഏറ്റവും ശ്രദ്ധേയമായ ആന കരയില്‍ ജീവിക്കുന്ന ഏറ്റവും വലിയ സസ്തനിയാണ്. 2 മുതല്‍ 4 വരെ മീറ്ററുകള്‍ ഉയരവും 1000 മുതല്‍ 7000 വരെ കിലോഗ്രാം തൂക്കവുമുണ്‍ടായിരിക്കും വളര്‍ച്ചയെത്തിയ ഒരാനക്ക്. തൊലി കട്ടിയുള്ളതും കഠിനവുമാണെങ്കിലും അതു വളരെ സൂക്ഷ്മഗ്രാഹകമാണ്. ചെറുപ്രാണികളുടെ കടികള്‍ പോലും അവ മനസിലാക്കും. ആന കാട്ടില്‍ ജീവിക്കുന്ന വന്യജീവിയെങ്കിലും ഇണങ്ങിയാല്‍ നാട്ടുജീവിയാകും. വനത്തില്‍ വന്യജീവിയായോ നാട്ടില്‍ രാജവാഹനമായോ ജീവിക്കുമ്പോഴാണ് ആനക്ക് ശോഭ എന്ന് പഞ്ചതന്ത്രത്തിലും കലീല വദിംനയിലും പറഞ്ഞത് കാര്യമുള്ള തമാശയാണ്.
വലിപ്പം, പൊക്കം, ആകൃതി, തുമ്പിക്കൈ, ചെവി, നടത്തം, ശക്തി എന്നിവ കൊണ്‍ടെല്ലാം പ്രേക്ഷകരെ ഹഠാദാകര്‍ഷിക്കുന്ന ജീവിയാണ് ആന. തുമ്പിക്കൈ ഉപാസ്ഥി കൊണ്‍ടു നിര്‍മിതമാണ്. അതിന്റെ മൂക്കും കൈയുമാണത്. ആഹാരപാനീയങ്ങള്‍ ആന അതിന്റെ വായിലേക്കെടുക്കുന്നത് തുമ്പിക്കൈ കൊണ്‍ടാണ്. അതുപയോഗിച്ച് അത് പോരാട്ടം നടത്തുകയും വിസിലടിക്കുകയും ചെയ്യുന്നു. വന്‍വൃക്ഷങ്ങളെ കടപുഴക്കാന്‍ അതിനുകഴിയും. പാപ്പാന്‍മാരുടെ ശിക്ഷണങ്ങള്‍ സ്വീകരിക്കുന്നതിനും കല്‍പനകള്‍ അനുസരിക്കുന്നതിനും യുദ്ധത്തിലും സമാധാനത്തിലും നിര്‍ദ്ദേശാനുസാരം നന്‍മയും തിന്‍മയും പ്രവര്‍ത്തിക്കുവാനും സഹായകമായ ബുദ്ധി ആനക്കുണ്‍ട്. ആനകള്‍ പരസ്പരം ഏറ്റുമുട്ടാറുണ്‍ട്. പരാജിതന്‍ അവസാനം ജേതാവിനു കീഴടങ്ങുന്നു. സ്തുത്യര്‍ഹമായ പല ഗുണങ്ങളും ആനക്കുണ്‍ട്. ആകാരകൌതുകം, നീണ്‍ട തുമ്പിക്കൈ, വിസ്തൃതമായ ചെവികള്‍, ശരീരഭാരം, ലഘുവായ കാല്‍വെയ്പ്പ് എന്നിവ അതിന്റെ സവിശേഷതകളാണ്. മനുഷ്യന്റെ സമീപം ആന നടന്നുപോയാല്‍ അവനറിഞ്ഞെന്നു വരില്ല. അത്രക്ക് ശാന്തവും ഋജുവുമാണ് അതിന്റെ കാല്‍വെയ്പ്പ് (ദൈറബി: ഹയാത്തുല്‍ ഹയവാന്‍ 2/309).
ആന ഒരു കൌതുക ദൃശ്യമായതുകൊണ്‍ട് കാണാത്തവന്‍ കാണാനും കണ്‍ടവര്‍ വീണ്‍ടും കാണാനും താത്പര്യം കാണിക്കുന്നു. ആന വരുന്നു എന്നു കേട്ടാല്‍ തല പൊക്കാത്തവര്‍ വിരളം. ആഘോഷവേളകളില്‍ ആനപ്രദര്‍ശനവും എഴുന്നള്ളത്തും നടത്താറുണ്‍ട്. നെറ്റിപ്പട്ടമണിയിച്ചും സത്യക്കുടചൂടിയും നടത്തുന്ന ആനയെഴുന്നള്ളത്തുകള്‍ നമ്മുടെ നാട്ടില്‍ സാധാരണമാണ്. ആനയെ പ്രദര്‍ശിപ്പിക്കുന്നതിനോ അതു കാണുന്നതിനോ വിരോധമില്ല. ആറാം ഖലീഫയായ മുആവിയ (റ) യുടെ ഭരണകാലത്ത് അദ്ദേഹത്തിന്റെ ആസ്ഥാന നഗരിയായ ഡമസ്കസില്‍ ഒരിക്കല്‍ ആന വന്നു. നാട്ടുകാര്‍, തങ്ങള്‍ കണ്‍ടിട്ടില്ലാത്ത ഈ അപൂര്‍വദൃശ്യം കാണുവാന്‍ ഇറങ്ങിപ്പുറപ്പെട്ടു. ആനദര്‍ശനത്തിനു ഖലീഫയും ഒരുങ്ങി. അദ്ദേഹം കൊട്ടാരത്തിനുമുകളില്‍ കയറിക്കൊണ്‍ടാണ് ദര്‍ശനം നടത്തിയത് (ദൈറബീ, ഹയാതുല്‍ ഹയവാന്‍ 2/312).
ആനക്കാര്യം വലിയ കാര്യമാണെങ്കിലും അതും ഗൌനിക്കാത്ത കാര്യക്കാരുണ്‍ട്. അബൂ ആസ്വിം ളഹ്ഹാക് എന്ന മഹാന്‍ അക്കൂട്ടത്തില്‍ പെട്ട ഒരാളാണ്. ബസ്വറയില്‍ ഇബ്നുഖുറൈജ് എന്ന പണ്ഢിതന്റെ സദസ്സിലിരിക്കുകയായിരുന്നു അദ്ദേഹം. അപ്പോള്‍ അവിടെ ആന വന്നു. ആളുകള്‍ ആനയെക്കാണാന്‍ പോയി. അബൂ ആസ്വിം ളഹ്ഹാക് പോയില്ല. നിങ്ങളെന്താ ആനയെക്കാണാന്‍ പോകാത്തത്? ഇബ്നുഖുറൈജ് എന്ന ഗുരുവര്യന്‍ ചോദിച്ചു: നിങ്ങള്‍ക്കു പകരം മറ്റൊന്നും ഞാന്‍ കാണുന്നില്ല. അബൂ ആസ്വിമിന്റെ മറുപടി അങ്ങനെയായിരുന്നു. ഗുരുവര്യന്‍ പറഞ്ഞു: നീയാണ് വിശിഷ്ടന്‍. പിന്നീട് അബൂ ആസ്വിം എപ്പോള്‍ വന്നാലും നബീല്‍ (വിശിഷ്ടന്‍) വന്നു എന്ന് അദ്ദേഹം പറയുമായിരുന്നു. ഈ വൈശിഷ്ട്യം അബൂ ആസ്വിമിന്റെ ജീവിതത്തിലുടനീളം ദൃശ്യമായിരുന്നു. ഗീബത്ത് ഹറാമാണെന്നറിഞ്ഞ ശേഷം ഞാന്‍ ഒരാളെയും ഗീബത്ത് പറഞ്ഞിട്ടില്ല എന്നു പറഞ്ഞ മഹാവ്യക്തിയാണദ്ദേഹം (ഹയാതുല്‍ ഹയവാന്‍ 2/319).
ആന വന്നാലും കാര്യം വിട്ടുകളിക്കാത്ത വിശിഷ്ട വ്യക്തിത്വങ്ങളില്‍ പെട്ട മറ്റൊരാളാണ് സ്പെയിന്‍കാരനായ യഹ്യബ്നു യഹ്യാലൈസി. അദ്ദേഹം മദീനയില്‍ ഇമാം മാലിക് (റ) ന്റെ തിരുസവിധത്തിലിരിക്കുകയായിരുന്നു. അവിടെ ഒരു സംഘം വിദ്യാര്‍ഥികള്‍ ഇമാമില്‍ നിന്ന് അധ്യയനം നടത്തിക്കൊണ്‍ടിരിക്കുകയാണ്. അപ്പോള്‍ ആന വന്നിട്ടുണ്‍ടെന്ന് ഒരാള്‍ പറഞ്ഞു. താമസംവിനാ ആനയെക്കാണാന്‍ എല്ലാവരും പുറപ്പെട്ടു. സദസ്സില്‍ യഹ്യാലൈസി മാത്രം അവശേഷിച്ചു. ഈ അത്ഭുതസൃഷ്ടിയെ കാണാന്‍ താങ്കള്‍ എന്തുകൊണ്‍ട് പോയില്ല? ഇത് താങ്കളുടെ നാട്ടിലില്ലാത്ത ജീവിയാണല്ലോ? ഇമാം മാലിക് (റ) ചോദിച്ചു. ഞാന്‍ എന്റെ നാട്ടില്‍ നിന്നു വന്നത് നിങ്ങളെ കാണാനും നിങ്ങളുടെ ചര്യയില്‍ നിന്നും വിദ്യയില്‍ നിന്നും പഠിക്കാനുമാണ്; ആനയെക്കാണാനല്ല എന്ന് അദ്ദേഹം മറുപടി പറഞ്ഞു. ഈ മറുപടി ഇമാമിന് വളരെ ഇഷ്ടപ്പെട്ടു. സ്പെയിന്‍കാരിലെ ബുദ്ധിമാന്‍ എന്ന് അദ്ദേഹത്തിന് നാമകരണം നല്‍കുകയും ചെയ്തു. പിന്നീട് പഠനം പൂര്‍ത്തീകരിച്ചു. സ്വരാജ്യത്തേക്ക് തിരിച്ചപ്പോള്‍ പണ്ഢിതനേതൃത്വം അവിടെ അദ്ദേഹത്തിന്റെ കൈയിലണഞ്ഞു. അദ്ദേഹം മുഖേനയാണ് മാലികി മദ്ഹബ് സ്പെയിനില്‍ പ്രസിദ്ധിയാര്‍ജ്ജിച്ചത്. ഇമാം മാലിക് (റ) ന്റെ മുവത്വ എന്ന ഹദീസുഗ്രന്ഥത്തിന്റെ നിവേദനങ്ങളില്‍ ഏറ്റവും പ്രഖ്യാതമായത് യഹ്യാലൈസിയുടേതാണ്. മുസ്ലിം ഭരണനായകരുടെയടുത്ത് ആദരണീയരായിരുന്ന യഹ്യാലൈസി പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുന്ന ഒരു മഹാനായിരുന്നു. ഹിജ്റ 234ലായിരുന്നു മരണം. ഖുര്‍ത്വുബ (കൊര്‍ദോവ) നഗരത്തിന്റെ പ്രാന്തത്തില്‍ മഖ്ബറ: ഇബ്നുഅബ്ബാസ് എന്ന സ്ഥലത്താണ് അന്ത്യവിശ്രമം കൊള്ളുന്നത്. അനാവൃഷ്ടി വേളയില്‍ അവിടെ ചെന്നു പ്രാര്‍ഥിച്ചാല്‍ മഴ ലഭിക്കുന്നു (ഹയാതുല്‍ ഹയവാന്‍ 2/318).
ആനയെക്കാണുന്നത് തെറ്റായതുകൊണ്‍ടല്ല, അബൂആസ്വിമും യഹ്യാലൈസിയും പോകാതിരുന്നത്. വിജ്ഞാന സദസ്സില്‍ നിന്നെഴുന്നേറ്റ് അതുകാണാന്‍ പോകുന്നത് അഭംഗിയായതുകൊണ്‍ട് മാത്രമാണ്. കാണാത്ത, അല്ലെന്‍കില്‍ സാധാരണ കാണാത്ത ഒരത്്ഭുതം കാണാന്‍ സദസ്സില്‍ നിന്ന് അനുവാദം വാങ്ങി പോകുന്നത് തെറ്റായ കാര്യമല്ല. അതുകൊണ്‍ടാണ് മറ്റുള്ളവര്‍ പോയത്. അതുകൊണ്‍ടു തന്നെയാണ് അവരെ ഗുരുവര്യര്‍ കുറ്റപ്പെടുത്താതിരുന്നതും. ചുരുക്കത്തില്‍ ആനപ്രദര്‍ശനവും ആനദര്‍ശനവും അനുവദനീയമാണ്. ഒരു ഉപാധിയോടെ; ആനക്കോ ജനങ്ങള്‍ക്കോ അതുകൊണ്‍ട് ഉപദ്രവമുണ്‍ടാവാത്ത വിധമായിരിക്കണമത്. ഇത് തുഹ്ഫ 9/398, ശര്‍വാനി 10/221 എന്നിവിടങ്ങളില്‍ നിന്ന് മനസിലാക്കാവുന്നതാണ്. എന്നാല്‍, വാദ്യമേളങ്ങളോടെ ആനയെ ചമയിച്ചൊരുക്കി, എഴുന്നള്ളിക്കുന്ന ആരാധനകള്‍ മുസ്ലിംകള്‍ക്ക് അന്യമാണ്. അതു വിഗ്രഹപൂജകളുമായും ക്ഷേത്രോത്സവങ്ങളുമായും ബന്ധപ്പെട്ട ചടങ്ങുകളാണ്. നല്ല സ്വീകരണ പരിപാടികളിലോ ഘോഷയാത്രകളിലോ ആനയെ നയിക്കുന്നത് തെറ്റാണെന്നല്ല ഇപ്പറഞ്ഞതിന്റെ ഉദ്ദേശ്യം. പ്രത്യുത അന്ധമായ അനുകരണം കൊണ്‍ട്, മേല്‍പറഞ്ഞവിധം ആരാധനകളുടെ മുഖം വികൃതമാക്കരുത് എന്നാണ്.
ഇനി നമുക്ക് ആനയോട്ടമത്സരത്തെക്കുറിച്ച് ചിന്തിക്കാം. ആനകളുടെ മത്സര ഓട്ടമാണ് ആനയോട്ടം. കേരളത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മാത്രമാണിത് നടക്കുന്നത്. ഉത്സവങ്ങളുമായി ബന്ധപ്പെട്ട ആനയോട്ടം മുസ്ലിംകള്‍ക്കില്ല. വിഗ്രഹാരാധനയും തദനുബന്ധമായ ഉത്സവവും ഇസ്ലാം നിരോധിച്ചിട്ടുണ്‍ടെന്നതാണ് അതിനു കാരണം. എന്നാല്‍ ആനയോട്ടം എന്ന കല അനുവദനീയമാണോ? നീ ജയിച്ചാല്‍ ഞാന്‍ സമ്മാനം തരും, ഞാന്‍ ജയിച്ചാല്‍ നീയും സമ്മാനം തരണം എന്ന ഉപാധിയോടെയാണെങ്കില്‍ അതില്‍ ചൂതാട്ടസ്വഭാവമുള്ളതുകൊണ്‍ട് പാടില്ല. മറിച്ചു മറ്റൊരാള്‍ ജേതാവിന് സമ്മാനം ഓഫര്‍ ചെയ്യുന്നുവെങ്കില്‍ അനുവദനീയമാണ്. ആന യുദ്ധവാഹനമാണ്. അതുകൊണ്‍ട് ആനയോട്ട മത്സരം സമ്മാനസഹിതമാണെങ്കിലും അനുവദനീയമാണെന്നതാണ് പ്രബലാഭിപ്രായം (റൌള 1849).
എന്നാല്‍ മുകളില്‍ പറഞ്ഞപോലെ ആന പ്രദര്‍ശനത്തിലും ആനയോട്ടത്തിലും ആനകള്‍ക്കോ ആളുകള്‍ക്കോ മിക്കവാറും അപകടവും ഉപദ്രവമുണ്‍ടാവുകയില്ലെന്നു ഉറപ്പുവരുത്തണം. ആന കാട്ടുജീവിയാണ്. സ്വതന്ത്രമായി തിന്നും, ഇണചേര്‍ന്നും ഓടിച്ചാടി നടന്നും ജീവിക്കുന്ന ജീവി. അതിനെ മനുഷ്യന്‍ ഇണക്കി തടവിലാക്കുകയാണ്. പീഢനവും അവകാശധ്വംസനവും അസഹ്യമാകുമ്പോള്‍ അതിന്റെ സമനില തെറ്റും. സമനില തെറ്റിയാല്‍ ആനക്കും ജനങ്ങള്‍ക്കും ആപത്തുപിണയും. അങ്ങനെ പലപ്പോഴും ആപത്തു പിണയാറുണ്‍ട്. പിണഞ്ഞ വാര്‍ത്തകള്‍ ധാരാളം വര്‍ത്തമാനപത്രങ്ങളില്‍ വരാറുമുണ്‍ട്. അതുകൊണ്‍ട് താഴെ പറയുന്ന കാര്യം ആനക്കാര്‍ ശ്രദ്ധിക്കേണ്ടതുണ്‍ട്.
(1) ആനയെ കൂടുതല്‍ വേദനിപ്പിക്കരുത്. വേദനിപ്പിച്ചാല്‍ അത് പകവെച്ച് ഉപദ്രവിക്കും. സ്നേഹിച്ചനുസരിച്ചുപോരുന്ന പാപ്പാനെ ഒന്നാം ശത്രുവായിക്കാണും. പ്രസിദ്ധ അറബി സാഹിത്യകാരനായ ജാഹിള് (775-868) ഉദ്ധരിച്ച ഒരു സംഭവം കാണുക: ഒരു പാപ്പാന്‍ ആനയെ അടിച്ചു, പൊതിരെ അടിച്ചു വേദനിപ്പിച്ചു. ഇതുകണ്‍ട കൂട്ടുകാര്‍ പറഞ്ഞു: അരുത് ആനയെ സൂക്ഷിക്കണം. ആനക്ക് വലിയ പകയും പ്രതികാരവാഞ്ഛയുമുണ്‍ട്. ആകയാല്‍ ആനക്ക് എത്തിപ്പിടിക്കാന്‍ കഴിയുന്നിടത്ത് ഉറങ്ങരുത്. പാപ്പാന്‍ അത് ഗൌനിച്ചില്ല. അവന്‍ ആനയെ ഒരു വൃക്ഷത്തില്‍ കെട്ടി ബന്ധനം നന്നായി ഉറപ്പിച്ചു. എന്നിട്ട് ഒരു മുഴം മാറി അയാള്‍ കിടന്നുറങ്ങി. വിശ്രമാര്‍ഥമുള്ള ദിവാനിദ്ര. ആന സന്ദര്‍ഭം പാഴാക്കിയില്ല. സമീപം കിടന്നിരുന്ന ഒരു കമ്പെടുത്ത് അതിന്റെ തലക്ക് ചവിട്ടി അതില്‍ ശാഖകളുണ്‍ടാക്കി. തുമ്പിക്കൈ കൊണ്‍ട് മറ്റേ അഗ്രം പിടിച്ച് കമ്പ് പാപ്പാന്റെ തലക്കു നേരെ നീട്ടി. ചതച്ചുണ്‍ടാക്കിയ ശാഖകളില്‍ അയാളുടെ നീണ്‍ട കുടുമ പിണച്ചു. എന്നിട്ടൊരൊറ്റവലി. അപ്പോഴേക്കും ആ പാപ്പാന്‍ ആനയുടെ കാല്‍ക്കീഴിലമര്‍ന്നു. ഒറ്റച്ചവിട്ടിന് അയാളുടെ കഥ കഴിക്കുകയും ചെയ്തു (തഹ്ദീബ് ഹയവാനില്‍ ജാഹിള്: അബ്ദുസ്സലാം ഹാറൂണ്‍, പേജ്: 258).
(2)പട്ടിണിക്കിടരുത്. വളരെക്കൂടുതല്‍ ആഹാരം ആവശ്യമുള്ള ജീവിയാണ് ആന. അതുകൊണ്‍ടാണ് അതിന് ഒരിക്കലും ഒരിടത്തുതന്നെ തങ്ങാന്‍ സാധിക്കാത്തത് (സര്‍വ്വവിജ്ഞാനകോശം 2/799). പ്രായപൂര്‍ത്തിയെത്തിയ ഒരാനക്ക് സാധാരണ ഗതിയില്‍ ദിവസേന ഉദ്ദേശം 5000 കിലോഗ്രാം പച്ചിലത്തീറ്റ ആവശ്യമാണ്. പുതിയ മേച്ചില്‍ സ്ഥലങ്ങള്‍ തേടി ഇവ എന്നും സഞ്ചരിച്ചുകൊണ്‍ടിരിക്കും. കൂട്ടങ്ങളായാണ് ജീവിക്കുക. ഒറ്റയാന്‍മാരെ അപൂര്‍വമായി കണ്‍ടെണ്ടത്താം. സാധാരണയായി മഴക്കാലത്താണ് പുതിയ മേച്ചില്‍സ്ഥലങ്ങളിലേക്ക് നീങ്ങുന്നത് (തഹ്ദീബ് ഹയവാനില്‍ ജാഹിള്: അബ്ദുസ്സലാം ഹാറൂണ്‍ 2/796). അധികം ആഹാരം ആവശ്യമുള്ള ജീവിയെ അധികം പട്ടിണിക്കിട്ടാല്‍ അതു ക്ഷോഭിക്കുമെന്ന് പറയേണ്‍ടതില്ലല്ലോ.
(3)കൂടുതല്‍ ചൂടും ദാഹവുമേല്‍പിക്കരുത്. വെയില്‍ കൊണ്‍ടാല്‍ ആനയുടെ തൊലി വെടിച്ചുകീറും. കാട്ടാനകള്‍ കൂടെക്കൂടെ കുളിക്കുകയും അതിനുശേഷം ചെളിയില്‍ ഉരുളുകയും ചെയ്യുന്നതിന്റെ രഹസ്യം ഇതാണ്. കൂടെക്കൂടെ ചെവിയാട്ടുന്നതുമൂലം ശരീരം തണുപ്പിച്ചു സൂക്ഷിക്കാന്‍ കഴിയുന്നു. വേനലില്‍ നിന്നും രക്ഷപ്പെടാന്‍ ആനകള്‍ വൃക്ഷത്തണലുകളെ അഭയം പ്രാപിക്കുന്നു (തഹ്ദീബ് ഹയവാനില്‍ ജാഹിള്: അബ്ദുസ്സലാം ഹാറൂണ്‍ 2/796). വേനല്‍ക്കാലത്ത് വെള്ളം കിട്ടാതാവുമ്പോള്‍ അവ കുന്നിന്‍മുകളില്‍ നിന്ന് താഴ്വാരങ്ങളിലേക്ക് ഇറങ്ങുന്നു. ഈ ഘട്ടത്തിലാണ് ആനപിടുത്തം തരപ്പെടുന്നത് (തഹ്ദീബ് ഹയവാനില്‍ ജാഹിള്: അബ്ദുസ്സലാം ഹാറൂണ്‍ 2/808).
(3)ലൈംഗികാവശ്യ നിര്‍വഹണത്തിന് അവസരമൊരുക്കിക്കൊടുക്കണം. 30-50 വയസിനിടക്ക് ലൈംഗിക ദാരിദ്യ്രം നിമിത്തം മദമിളകാറുണ്‍ട്. ഈ സമയത്ത് ആന മിക്കവാറും ഭ്രാന്താവസ്ഥയിലായിരിക്കും. ഒന്നര മുതല്‍ രണ്‍ടു മാസക്കാലം വരെ ഈ അവസ്ഥ നീണ്‍ടു നില്‍ക്കും (സര്‍വ്വ വിജ്ഞാനകോശം 2/793).
സാധാരണ നിലയില്‍ മനുഷ്യനെക്കണ്‍ടാല്‍ ഓടിമറയുന്ന ജീവിയാണ് ആന. മാത്രമല്ല, മനുഷ്യഗന്ധം അനുഭവപ്പെട്ടാല്‍ തന്നെ അത് ഓടിമറയുമത്രെ. അങ്ങനെയുള്ള ആനയെ കാട്ടുജീവിയില്‍ നിന്ന് നാട്ടുജീവിയിലേക്ക് മെരുക്കിയെടുക്കുവാനുള്ള സാമര്‍ഥ്യം അല്ലാഹു മനുഷ്യന് നല്‍കിയിരിക്കുന്നു. പട്ടിയും കുതിരയും കഴിഞ്ഞാല്‍ മെരുക്കി വളര്‍ത്താന്‍ ഏറ്റവും പ്രയാസം കുറഞ്ഞ ജീവിയാണത്രെ ആന. കാട്ടാനകളെ പിടികൂടി മനുഷ്യ സേവനത്തിനുപയോഗിക്കുന്ന സമ്പ്രദായത്തിന് മനുഷ്യചരിത്രത്തോളം പഴക്കമുണ്‍ട്. ഭാരിച്ച തടികളും ശിലകളും മറ്റു വസ്തുക്കളും ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് നീക്കിക്കൊണ്‍ടുപോകുന്നതിന് പണ്‍ടുമുതലേ ആനകളെ ഉപയോഗിച്ചുവരുന്നു. യുദ്ധസേവനത്തിനും ആനകളെ ഉപയോഗിക്കുന്ന സമ്പ്രദായമുണ്‍ടായിരുന്നു.
മുഹമ്മദ് നബി (സ്വ) യുടെ തിരുജനനത്തിന് അമ്പത് ദിവസം മുമ്പ് മക്കയുടെ സമീപം നടന്ന ആനക്കലഹ സംഭവം പ്രസിദ്ധമാണ്. കഅ്ബ പൊളിക്കാന്‍ വന്ന അബ്റഹത്തിന്റെ സൈന്യം പരസ്യമായി ദൈവിക ശിക്ഷക്ക് വിധേയമായി നാശമടഞ്ഞ മഹാസംഭവം വിശുദ്ധ ഖുര്‍ആന്‍ സൂറത്തുല്‍ ഫീലില്‍ പറഞ്ഞിട്ടുണ്‍ട്. ആനകളോടുകൂടിയായിരുന്നു ആ സൈന്യത്തിന്റെ വരവ്. അലക്സാണ്‍ടര്‍ ദ്വിഗ്വിജയിയായി ചൈനയിലെത്തിയപ്പോള്‍ അദ്ദേഹത്തെ നേരിട്ട ചീനാ സേനയില്‍ ആനകളുണ്‍ടായിരുന്നുവെന്ന് ദൈറബി ഹയാത്തുല്‍ ഹയവാനില്‍ (2/310-311) പറയുന്നു. ബി. സി. 4-ാം ശതകത്തില്‍ ചന്ദ്രഗുപ്തന്‍ ഗ്രീക്ക് മേധാവിയായ സെല്യൂക്കസിന് സമാധാന ഉടമ്പടിയുടെ ഭാഗമായി നല്‍കിയ 500 ആനകളെ സെല്യൂക്കസ് യുദ്ധാവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തിയതായി ഇന്ത്യാചരിത്രം രേഖപ്പെടുത്തുന്നു (സര്‍വ്വവിജ്ഞാനകോശം 2/808). ഉമര്‍ ഫാറൂഖ് (റ) തന്റെ ഭരണകാലത്ത് പേര്‍ഷ്യക്കാരുമായി നടത്തിയ അല്‍ ജിസ്റ് യുദ്ധത്തിലും ഖാദിസിയ്യ യുദ്ധത്തിലും മുസ്ലിം സൈന്യം പേര്‍ഷ്യക്കാരുടെ ആനകളെ നേരിടേണ്‍ടിവന്നിട്ടുണ്‍ട് (ഖിലാഫത്തുര്‍റാശിദ 74-80).
അപ്പോള്‍ ആന ഒരു യുദ്ധവാഹനമാണെന്ന് വ്യക്തമായി. യുദ്ധവാഹനമുപയോഗിച്ച് പ്രതിഫലം ഓഫര്‍ ചെയ്തുകൊണ്‍ട്, നിശ്ചിത ഉപാധികളോടെ മത്സരം നടത്താവുന്നതാണ്. അതുകൊണ്‍ട് ആനയോട്ടമത്സരം അനുവദനീയമാണ്. യുദ്ധപരിശീലന ലക്ഷ്യത്തോടെയാണെങ്കില്‍ സുന്നത്തുകൂടിയാണ് (തുഹ്ഫ 9/397-399). ഇമാം നവവി (റ) പറയുന്നു: വാഹനമൃഗ മത്സരത്തിലുള്ള അടിസ്ഥാനവാഹനങ്ങള്‍ ഒട്ടകവും കുതിരയുമാണ്. കാരണം സാധാരണയായി യുദ്ധത്തിനുപയോഗിച്ചിരുന്ന വാഹനങ്ങള്‍ അവ രണ്‍ടുമാണ്. മാത്രമല്ല, ഓട്ടത്തിനും ചാട്ടത്തിനും പൂര്‍ണയോഗ്യമായിട്ടുള്ളതും അവ തന്നെയാണ്. എന്നാല്‍ ചിലപ്പോഴെങ്കിലും യുദ്ധത്തിനുപയോഗിക്കാവുന്നതുകൊണ്‍ട് ആന, കോവര്‍കഴുത എന്നീ വാഹനങ്ങളിലും സമ്മാനമത്സരം നടത്താവുന്നതാണ് (റൌള 1849). ഇമാം മാവര്‍ദി പറയുന്നു: ഒട്ടകത്തില്‍ മത്സരം ആവാമെങ്കില്‍, ആനകളിലുമാവാം. അതുപോലുള്ള കാല്‍ക്കുളമ്പുകള്‍ ആനകള്‍ക്കുമുണ്‍ട്. മാത്രമല്ല, ശത്രുക്കളെ നേരിടുന്നതില്‍ ഒട്ടകങ്ങളേക്കാള്‍ ഫലപ്രദങ്ങളാണവ (അല്‍ഹാവി 15/185).


RELATED ARTICLE

 • സര്‍പ്പയജ്ഞം
 • ചൂതാട്ടം, പകിടകളി
 • ചെസ്സുകളി
 • കോഴിപ്പോര്
 • ഒളിച്ചുകളി; ഒളിപ്പിച്ചുകളി
 • പ്രാവുകളി
 • ആന പ്രദര്‍ശനം
 • ആയുധ പന്തയം
 • ഗാനാലാപനം, സംഗീതാസ്വാദനം
 • ഉപകരണ സംഗീതം
 • ഒപ്പന, കോല്‍ക്കളി, ദഫ്
 • സംഗീതത്തിന്റെ നിരോധിത മേഖലകള്‍
 • നിരോധിത സംഗീതങ്ങള്‍
 • കളി കാര്യത്തിന്, വിനോദം ആവശ്യത്തിന്
 • കാളപ്പോരും കാളപൂട്ടും
 • ചീട്ടുകളി
 • ഏപ്രില്‍ ഫൂള്‍
 • റാഗിംഗ് എന്ന പീഡനവിനോദം
 • കളിയും വിനോദവും