Click to Download Ihyaussunna Application Form
 

 

ചെസ്സുകളി

ഒരു പ്രാചീന മത്സരക്കളിയാണ് ചതുരംഗം. യുദ്ധത്തിനു ഉപയോഗിച്ചിരുന്ന സേനാവിഭാഗങ്ങളെ ആധാരമാക്കിയുള്ളതാണ് ഈ കളി. രാജാക്കന്‍മാരുടെയും പ്രഭുക്കന്‍മാരുടെയും വിനോദമായിരുന്നു ഇത്. പിന്നീട് സാര്‍വ്വജനീന വിനോദമായി മാറി. രണ്‍ടുപേര്‍ തമ്മിലാണ് ചതുരംഗക്കളി നടക്കുക. ചതുരംഗത്തിന്റെ ജന്‍മഭൂമി ഏത് എന്ന കാര്യത്തില്‍ അഭിപ്രായാന്തരമുണ്‍ടെങ്കിലും ഭാരതത്തിലാണ് ഇതിന്റെ ആവിര്‍ഭാവം എന്ന അഭിപ്രായമാണ് പ്രബലം. ബ്രിട്ടീഷ് ചരിത്രകാരനായ ഡോ. തോമസ് ഹൈഡ് ഉന്നയിക്കുകയും പിന്നീട് സംസ്കൃത പണ്ഢിതനായ വില്യം ജോണ്‍സ് പിന്താങ്ങുകയും ചെയ്ത ഈ അഭിപ്രായത്തെ 1913ല്‍ എച്ച്. ജെ. ആര്‍. മുറെ, അദ്ദേഹത്തിന്റെ ഹിസ്ററി ഓഫ് ചെസ്സ് എന്ന ഗ്രന്ഥത്തില്‍ സ്ഥിരീകരിച്ചിട്ടുണ്‍ടെന്ന് അഖിലവിജ്ഞാനകോശം 3/250-251ല്‍ പറയുന്നു. ഈ അഭിപ്രായം തന്നെ നമ്മുടെ പൂര്‍വപണ്ഢിതമാര്‍ക്കുമുള്ളത്. പേര്‍ഷ്യന്‍ ചക്രവര്‍ത്തിയായിരുന്ന അര്‍ദശീര്‍ പകിടകളി ഏര്‍പ്പെടുത്തിയപ്പോള്‍ അതിനുപകരമായി ഒരിന്ത്യന്‍ രാജാവ് ആവിഷ്കരിച്ച വിനോദമാണ് ചതുരംഗം എന്നാണ് അവരുടെ പക്ഷം (കഫ്ഫ്: ഇബ്നുഹജര്‍ 65 നോക്കുക).

ഇന്ത്യയില്‍ ആവിര്‍ഭവിച്ച ചതുരംഗം, പേര്‍ഷ്യ, അറേബ്യ എന്നീ രാജ്യങ്ങളിലേക്കാണ് ആദ്യം കുടിയേറിയത്. പേര്‍ഷ്യയില്‍ ചത്-രംഗ് എന്ന പേരിലും അറേബ്യയില്‍ ശത്വ്റന്‍ജ് എന്ന പേരിലുമാണ് ഇത് അറിയപ്പെട്ടത്. ക്രമേണ ഇത് ശ്രദ്ധേയമായ ഒരു വിനോദമത്സരമായി ഒട്ടുമിക്ക രാജ്യങ്ങളിലും പ്രചരിച്ചു. അതിനിടെ ഭാരതത്തിലെ ചതുരംഗ വിനോദം നിരവധി പരിഷ്കാരങ്ങള്‍ക്കു വിധേയമായി ചെസ്സ് എന്ന പുതിയ രൂപം കൈവരിച്ചു. കരുക്കളുടെ പേരുകളിലും ചില കരുക്കളുടെ അധികാരങ്ങളിലും ചില വ്യത്യാസങ്ങളുണ്‍ടായി. ചതുരംഗത്തിലെ മന്ത്രി ചെസ്സില്‍ ക്വീന്‍ ആയി; ആന ബിഷപ്പും, ദേവന്‍ കിങ്ങും, തേര് അഥവാ രഥം റൂക്കുമായി. അപ്രകാരം തന്നെ ചതുരംഗത്തിലെ കുതിരയ്ക്കു പകരമായി ചെസ്സില്‍ നൈറ്റ് നിലവില്‍ വന്നു. ചുരുക്കത്തില്‍ ചതുരംഗത്തിന്റെ പരിഷ്കാര രൂപമാണ് ചെസ്സ്. കുശാഗ്രബുദ്ധിയും ഏകാഗ്രതയും ഓര്‍മശക്തിയും ആവശ്യപ്പെടുന്ന ചെസ്സ് ഗൌരവമേറിയ കളികളില്‍ ഒന്നാണ്. ബുദ്ധിശാലികളുടെ വിനോദം എന്ന ബഹുമതി ചെസ്സിനുണ്‍ട് (സര്‍വ്വവിജ്ഞാനകോശം 11/183).

ചതുരത്തിലുള്ള ചെസ് ബോര്‍ഡില്‍ 8 കളങ്ങള്‍ വീതമുള്ള 8 നിരകളിലായി ആകെ 64 കളങ്ങളുണ്‍ടായിരിക്കും. ഒന്നിടവിട്ടുള്ള കളങ്ങള്‍ കറുപ്പും വെളുപ്പും നിറത്തിലാണ്. 16 വെള്ള, 16 കറുപ്പ് എന്നിങ്ങനെ കളി തുടങ്ങുമ്പോള്‍ 32 കരുക്കളാണ് ഉപയോഗിക്കുന്നത്. ഒരു കളിക്കാരന് ഒരേ നിറത്തിലുള്ള കരുക്കളാണ് നല്‍കുക. ഓരോ സെറ്റിലും ഒരു കിങ്ങ്, ഒരു ക്വീന്‍, രണ്‍ട് റൂക്ക്, രണ്‍ട് നൈറ്റ്, രണ്‍ട് ബിഷപ്പ്, എട്ട് പാണ്‍ എന്നീ കരുക്കളാണുള്ളത്. ചെസ്സിലെ ഏറ്റവും പ്രധാനപ്പെട്ട കരു കിങ്ങ് ആണ്. എതിരാളിയുടെ കിങ്ങിനെ ഏതെങ്കിലും കരു കൊണ്‍ട്, വെട്ടിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കളിക്കാര്‍ കരുനീക്കങ്ങള്‍ നടത്തുന്നത്. കിങ്ങിനെ വെട്ടിലാക്കുന്നതിനാണ് ചെക്ക് എന്നു പറയുന്നത്. ചെക്ക് നീക്കാനാവാതെ വരികയോ എതിരാളി സ്വയം രാജിവെക്കുകയോ ചെയ്യുമ്പോള്‍ കളി അവസാനിക്കുന്നു (സര്‍വ്വവിജ്ഞാനകോശം 11/184, 185).

ഭാഗികമായി വ്യക്തികളോ, ക്ളബ്ബുകളോ നടത്തിയിരുന്ന ചെസ്സ് ഇന്ന് ഒരു ആഗോള വിനോദമായി മാറിയിരിക്കുകയാണ്. റഷ്യയുടെ ദേശീയ വിനോദമാണ് ചെസ്സ്. മോസ്കോയിലെ കേന്ദ്ര കായിക ഇന്‍സ്റിറ്റ്യൂട്ടില്‍ 1950ല്‍ തുറന്ന ചെസ്സ് ഡിപ്പാര്‍ട്ടുമെന്റില്‍ ചെസ്സ് പഠനത്തിനും ചെസ്സ് കളിയില്‍ ബിരുദം നേടുന്നതിനും സൌകര്യങ്ങളുണ്‍ട്. 1886 മുതല്‍ ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ തുടങ്ങി. 1924ല്‍ ലോക ചെസ്സ് സംഘടനയായ ഫിഡെ രൂപം കൊണ്‍ടു. 1927ല്‍ ചെസ്സ് ഒളിമ്പ്യാഡ് തുടങ്ങി. ഇത്യാദി കാര്യങ്ങള്‍ ചെസ്സിന്റെ ലോകം വിപുലമാക്കുകയും ചെസ്സിനെ ഒരു വിശ്വവിനോദമാക്കുകയും ചെയ്തു. തുടര്‍ന്ന് ആധുനിക ടെക്നോളജി കമ്പ്യൂട്ടറിലൂടെ ഈ വിനോദത്തിനു കൂടുതല്‍ സൌകര്യം നല്‍കി. 1974ല്‍ സ്റോക്ഹോമില്‍ ആദ്യത്തെ കമ്പ്യൂട്ടര്‍ ചെസ്സ് മത്സരം നടന്നു. ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പ് ഈ രംഗത്തെ പരമോന്നത ബഹുമതിയായി ഗണിക്കുന്നു.

സമൂഹത്തില്‍ ഇത്രയും സ്വാധീനവും പ്രചാരവും നേടിയ ഒരു വിനോദത്തിന്റെ വിധി വ്യക്തമായും മനസിലാക്കിയിരിക്കേണ്‍ടത് ഓരോ മുസ്ലിമിന്റെയും ബാധ്യതയാണ്. ശരിയെ ശരിവെക്കാനും തെറ്റിനെ നിഷേധിക്കാനും അറിവ് വേണമല്ലോ. ചതുരംഗത്തിന്റെ പരിഷ്കൃത രൂപമാണ് ചെസ്സ് എന്നുവരുമ്പോള്‍, മറ്റു ഹറാമുകളൊന്നും അതില്‍ ചേരാതിരിക്കുമ്പോള്‍ ഒന്നാമത്തേതിന്റെ വിധി തന്നെയാണ് രണ്‍ടാമത്തേതിനുമെന്ന് മനസിലാക്കാവുന്നതാണ്.
ചതുരംഗം കളി ഹറാമാണെന്നാണ് മദ്ഹബിന്റെ ഇമാമുകളില്‍ ഇമാം ശാഫിഈ (റ) ഒഴിച്ചുള്ള മറ്റു മൂവരും പറഞ്ഞിട്ടുള്ളത്. അനുവദനീയമാണെന്നാണ് ഇമാം ശാഫിഈ (റ) യുടെ പക്ഷം. കാരണം, കുറ്റകരമാണെന്നതിനു ഉദ്ധരിക്കപ്പെട്ടിട്ടുള്ള ഹദീസുകള്‍ ദുര്‍ബലങ്ങളോ, അയോഗ്യങ്ങളോ, അന്യഥാവ്യാഖ്യാനത്തിന് വിധേയമോ ആണ്. അനുവദനീയമാണെങ്കിലും അനഭികാമ്യമായ കാര്യമാണ് ചെസ്സ് കളി. അഥവാ കറാഹത്താണ്, ഉപേക്ഷിക്കുന്നതാണ് ഉത്തമം. മതത്തില്‍ അതുകൊണ്‍ടൊരു ഗുണവുമില്ല; ജീവിതത്തില്‍ അതിന്റെ ശരിയായൊരാവശ്യവുമില്ല. മാത്രമല്ല, അല്ലാഹുവെക്കുറിച്ചും പരലോകത്തെക്കുറിച്ചുമുള്ള സ്മരണയില്‍ നിന്നും ശ്രേഷ്ഠസമയങ്ങളില്‍ നിസ്കാരം നിര്‍വഹിക്കുന്നതില്‍ നിന്നും അത് കളിക്കാരനെ അശ്രദ്ധനാക്കും. അതുകൊണ്‍ടാണ് അനുവദനീയമെങ്കിലും അനഭികാമ്യമാണെന്നു പറഞ്ഞിട്ടുള്ളത്.

എന്നാല്‍ അനഭികാമ്യമായ ഇക്കാര്യം അനുവദനീയമാകുന്നതിന് അഞ്ചു ഉപാധികളുണ്‍ട്. ഒന്ന്: ചതുരംഗക്കരുക്കള്‍ ജീവിരൂപമുള്ളവയോ ജീവികളുടെ ചിത്രങ്ങള്‍ മുദ്രണം ചെയ്യപ്പെട്ടവയോ ആവരുത്. അവയില്‍ ഒന്നെങ്കിലും അവ്വിധമായാല്‍ അവ കൊണ്‍ടുള്ള കളി നിഷിദ്ധമാകും. കാര്യഗൌരവത്തോടെ ചെസ്സ് ബോര്‍ഡില്‍ കളിക്കുന്ന കരുക്കള്‍ക്ക് വന്ദനം വരുന്നതുകൊണ്‍ട്, ചവിച്ചട്ടിയിലും, വിരിപ്പിലും തത്തുല്യമായ വന്ദനസ്വഭാവമില്ലാത്ത ചിത്രങ്ങളോട് അവയെ സാദൃശ്യമാക്കി അനുവദനീയമാണെന്ന് വയ്ക്കാവതല്ല. രണ്‍ട്: കളിയോടനുബന്ധിച്ച് അസഭ്യമോ, ശണ്ഠ-ശകാരങ്ങളോ ഉണ്‍ടാവരുത്. അങ്ങനെ വല്ലതുമുണ്‍ടായാല്‍ ചതുരംഗം ഹറാമാകും. മൂന്ന്: കളി പണം വച്ചുകൊണ്‍ടാകരുത്. ഇരു കക്ഷികളും പണം വച്ചു പന്തയസ്വഭാവത്തില്‍ കളിക്കുന്നുവെങ്കില്‍ അതു ഹറാമായ ചൂതാട്ടമാണ്. ഒരു ഭാഗത്തുനിന്നും മാത്രമാണ് പണം വയ്പ് എങ്കിലും ഹറാം തന്നെ. കാരണം, അവിടെ ചൂതാട്ടം വരുന്നില്ലെങ്കിലും നിയമവിരുദ്ധമായ ഒരിടപാടും അവിഹിതമായ ധനസമ്പാദനവും വരുന്നുണ്‍ട്. നാല്: നിസ്കാരം തുടങ്ങിയ നിര്‍ബന്ധ ബാധ്യതകള്‍ അതുമൂലം മുടങ്ങാതിരിക്കണം. അതിനിടവന്നാലും കളി ഹറാമാകും. അപ്പോള്‍ നിസ്കാരം നഷ്ടപ്പെടുമെന്നോ സമയം വിട്ടു പിന്തിപ്പോകുമെന്നോ ബോധ്യപ്പെട്ടാല്‍ ചെസ്സിലേര്‍പ്പെടുന്നത് നിഷിദ്ധമാവും. അഞ്ച്: ഇതു ഹറാമാണെന്നു വിശ്വസിക്കുന്നവന്റെ കൂടെയാവരുത് കളി. കാരണം ശാഫിഈ മദ്ഹബില്‍ ഇത് അനുവദനീയമാണെങ്കിലും മറ്റു മൂന്ന് മദ്ഹബിലെ പണ്ഢിതന്‍മാരും ഹറാമാണെന്ന പക്ഷക്കാരാണ്. അപ്പോള്‍ ഹറാമാണെന്ന് വിശ്വസിക്കുന്ന മദ്ഹബുകാരന്റെ കൂടെ കളിക്കുമ്പോള്‍ അവനെ അവന്റെ വിശ്വാസപ്രകാരവും അറിവുപ്രകാരവുമുള്ള ഒരു തെറ്റിനു സഹായിക്കുകയാണ്. അപ്പോള്‍ ഈ അഞ്ചു ഉപാധികളും പാലിക്കുമ്പോള്‍ മാത്രമാണ് ചതുരംഗക്കളി കുറ്റകരമല്ലാത്ത കറാഹത്തുമാത്രമാവുന്നത്.

ഇവിടെ സ്വാഭാവികമായും ചില ചോദ്യങ്ങളുദിക്കുന്നുണ്‍ട്. അവയുടെ മറുപടികള്‍ മനസിലാക്കിയിരിക്കേണ്‍ടതാണ്. ഒന്ന്: ചതുരംഗം ഹറാമാണെന്നാണല്ലോ ബഹുഭൂരിപക്ഷം പണ്ഢിതന്‍മാരും പറഞ്ഞിട്ടുള്ളത്. അവര്‍ക്കനുകൂലമായ ഹദീസുകള്‍ വല്ലതുമുണ്‍ടോ? ഹദീസുകള്‍ പലതുമുണ്‍ട്.:

അല്ലാഹുവിന് ഓരോ ദിനരാത്രങ്ങളിലും മുന്നൂറ്റി അറുപത് അനുഗ്രഹ നോട്ടമുണ്‍ട്. അവയിലൊന്നുപോലും ചതുരംഗ കളിക്കാരനു നേരെയുണ്‍ടാവില്ല, ചതുരംഗക്കളിക്കാരന്‍ ശാപവിധേയനാണ്, ചതുരംഗം കളിക്കുന്നവന്‍ പന്നിമാംസമാണ് തിന്നുന്നത്, വല്ലവനും ചതുരംഗം കളിച്ചാല്‍ അല്ലാഹുവോടും അവന്റെ പ്രവാചകനോടും അവന്‍ അനുസരണക്കേട് കാണിച്ചു, ചതുരംഗം കളി നബി (സ്വ) നിരോധിച്ചിട്ടുണ്‍ട;് ഈ ഹദീസുകളെല്ലാം ഇമാം ദൈലവി ഉദ്ധരിച്ചിട്ടുള്ളവയാണ്. പൂര്‍വിക പണ്ഢിതന്‍മാരുടെ ചില പ്രസ്താവനകളും അവര്‍ക്കു തെളിവായി വര്‍ത്തിക്കുന്നു.

ഏതാനും ഉദാഹരണങ്ങള്‍: പേര്‍ഷ്യക്കാരുടെ ചൂതുകളിയാണ് ചതുരംഗമെന്ന് അലി (റ) പ്രസ്താവിച്ചിട്ടുണ്‍ട്. അലി (റ) ഒരിക്കല്‍ ചതുരംഗം കളിച്ചുകൊണ്‍ടിരിക്കുന്ന ഒരു വിഭാഗമാളുകളുടെ സമീപം നടക്കാനിടയായി. അദ്ദേഹം തദവസരം ചോദിച്ചു: നിങ്ങള്‍ ഭജനമിരിക്കുന്ന ഈ വിഗ്രഹങ്ങളെന്താണ്? ഇവ കൈകൊണ്‍ട് സ്പര്‍ശിക്കുന്നതിനേക്കാള്‍ ഭേദം തീക്കനലുകള്‍, അവ കെട്ടണയും വരെ കൈകള്‍ കൊണ്‍ടു സ്പര്‍ശിക്കുന്നതാണ്. അല്ലാഹുവാണ് സത്യം, ഇതിനല്ല നിങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ഇമാം മാലിക് (റ) പറയുകയുണ്‍ടായി: മഹാനായ ഇബ്നുഅബ്ബാസ് (റ) തന്റെ രക്ഷാധീനത്തിലുള്ള ഒരു അനാഥ ബാലനു തന്റെ പിതാവില്‍ നിന്നു ലഭിച്ച സമ്പത്തില്‍ ചെസ്സുപകരണങ്ങള്‍ കാണാനിടയായി. ഉടനെ അവ ചുട്ടുകരിച്ചു കളയുകയാണ് അദ്ദേഹം ചെയ്തത്. അവകൊണ്‍ടുള്ള വിനോദം അനുവദനീയമായിരുന്നുവെങ്കില്‍ അവ ചുട്ടെരിക്കുന്നത് അദ്ദേഹം അനുവദനീയമായി കാണുമായിരുന്നില്ല. കാരണം, അനാഥന്റെ ധനത്തില്‍ പെട്ടതായിരുന്നു അവ. അവയുപയോഗിച്ചുള്ള കളി ഹറാമായതുകൊണ്‍ടു തന്നെയാണ് അദ്ദേഹം കരിച്ചു നശിപ്പിച്ചത്. അപ്പോള്‍ ചെസ്സ് ബോര്‍ഡും കരുക്കളും മദ്യത്തിനു സമാനമാണെന്നു വന്നു. ഒരു അനാഥന്റെ ധനത്തില്‍ മദ്യമുണ്‍ടെങ്കില്‍ അതു മറിച്ചുകളയല്‍ രക്ഷിതാവിനു നിര്‍ബന്ധമാണല്ലോ.
മഹാനായ മുജാഹിദ് (റ) പറയുകയുണ്‍ടായി: ഏതൊരു വ്യക്തിയും മരണാസന്നനാകുമ്പോള്‍ അവന്റെ സാധാരണമായ സദസ്യരാരാണോ അവനെ, അവന്റെ കണ്‍മുമ്പില്‍ കാണും. ചെസ്സുകളി സാധാരണമാക്കിയ ഒരാള്‍ മരണാസന്നനായപ്പോള്‍ ലാഇലാഹ ഇല്ലല്ലാഹ് എന്നു ചൊല്ലാന്‍ ഒരാള്‍ ഉപദേശിച്ചു. തദവസരം ഷാഹക് എന്നായിരുന്നു അയാള്‍ ഉരുവിട്ടത്. ഇതു ചതുരംഗക്കാര്‍ കളിക്കിടെ പറയാറുള്ള ഒരു വാക്കാണ്. അതോടെ അയാള്‍ മരണപ്പെട്ടു. ഈ ചീത്തവാക്കായിരുന്നു പരിശുദ്ധ വാക്യത്തിനുപകരം അയാളുടെ അന്തിമവാക്യം. വിജയികളോടൊപ്പം, നരകസുരക്ഷിതരായി, സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതിനു കാരണമായി നബി (സ്വ) പറഞ്ഞിട്ടുള്ള അന്തിമവാക്യം ലാഇലാഹ ഇല്ലല്ലാഹ് എന്നതാണ്.

ഇത്രയും തെളിവുകള്‍ ചെസ്സ് ഹറാമാണെന്ന വാദത്തിനനുകൂലമായി നിലകൊള്ളുമ്പോള്‍ അത് അനുവദനീയമാണെന്ന് എങ്ങനെയാണ് പറയുക? ഇതാണ് രണ്‍ടാം ചോദ്യം. അതിനു വിഖ്യാത ശാഫിഈ പണ്ഢിതനായ ഇമാം ഇബ്നുഹജര്‍ ഹൈതമി (റ) തന്റെ കഫ്ഫുറആഇല്‍ (പേജ് 57) പറഞ്ഞ മറുപടി ഇങ്ങനെ സംഗ്രഹിക്കാം: ഇവ്വിഷയകമായി വന്നിട്ടുള്ള ഹദീസുകള്‍ മൊത്തമെടുത്തു പരിശോധിച്ചാല്‍ അവയില്‍ തെളിവിനു യോഗ്യമായ (സ്വഹീഹോ ഹസനോ ആയ) ഒരു ഹദീസുപോലും കാണില്ല. ഭേദപ്പെട്ടതായി പറയാവുന്നതുതന്നെ ദുര്‍ബലമായ (ളഈഫായ) അല്‍പം ചില ഹദീസുകളാണ്. അവയിലധികവും തെളിവിന് അയോഗ്യമാണ് എന്ന് മഹാന്‍മാരായ ഹദീസ് പണ്ഢിതന്‍മാര്‍ പറഞ്ഞിട്ടുണ്‍ട്. പത്തോളം സ്വഹാബിമാര്‍ ഈ വിനോദത്തെ അധിക്ഷേപിച്ചിട്ടുണ്‍ടല്ലോ എന്നാണ് പറയുന്നതെങ്കില്‍ അവയില്‍ ഭൂരിഭാഗവും ശരിയായ പരമ്പരയോടെ വിശ്വാസയോഗ്യമായി ലഭിച്ചിട്ടില്ലെന്നും അവശേഷിക്കുന്നവ അന്യഥാവ്യാഖ്യാനത്തിനു വിധേയമാണെന്നതുമാണ് തിരിച്ചു പറയാനുള്ളത്.
അബോധാവസ്ഥയിലുള്ളവനും മറവി സംഭവിച്ചവനും വിവരമില്ലാത്തവനുമൊക്കെ വിധി വിലക്കുകള്‍ക്കു വിധേയരല്ലാത്തതുകൊണ്‍ട് (തക്ലീഫ് ഇല്ലാത്ത അവസ്ഥയിലായതുകൊണ്‍ട്) കുറ്റമുക്തരാണല്ലോ. പിന്നെങ്ങനെയാണ് അനുവദനീയമായ ചെസ്സുകളിയില്‍ മുഴുകി അശ്രദ്ധയിലകപ്പെട്ടു നിസ്കാരം നഷ്ടപ്പെട്ടുപോയ വ്യക്തി കുറ്റക്കാരനാവുക? അഥവാ ഈ സാഹചര്യത്തില്‍, മുകളില്‍ പറഞ്ഞപോലെ അവന്റെ കളി ഹറാമായിത്തീരുക? ഇതാണ് മൂന്നാമത്തെ ചോദ്യം. മറുപടി ഇബ്നുഹജര്‍ തന്നെ പറയട്ടെ (കഫ്ഫ് 58):

ചോദ്യത്തില്‍ പറഞ്ഞ മൂന്നു വിഭാഗക്കാര്‍ നിയമത്തില്‍ നിന്നു മുക്തരാകുന്നത് അവരുടെ അബോധം, മറവി, അജ്ഞത എന്നിവ അവരുടെ വീഴ്ചയില്‍ നിന്നുത്ഭവിക്കാതിരിക്കുമ്പോഴാണ്. വീഴ്ച മൂലമാണെങ്കില്‍ അവര്‍ ശാസനാവിധേയരും തത്ഫലമായി കുറ്റക്കാരുമാകുന്നതാണ്. ഒരാള്‍ ചതുരംഗ കളിയില്‍ ലയിച്ചു, അവനറിയാതെ നിസ്കാരസമയം കടന്നുപോവുകയും അങ്ങനെ അവനു നിസ്കാരം തത്സമയത്ത് നഷ്ടപ്പെടുകയും ചെയ്താല്‍ അവന്‍ കുറ്റത്തില്‍ നിന്ന് ഒഴിവാകുന്നതിന് യാതൊരു ന്യായവുമില്ലെന്ന് പണ്ഢിതന്‍മാര്‍ വ്യക്തമായിപ്പറഞ്ഞിട്ടുണ്‍ട്. എന്തുകൊണ്‍ടെന്നാല്‍ ഈ അബോധാവസ്ഥ അവന്റെ വീഴ്ച കൊണ്‍ടാണ് സംഭവിച്ചിട്ടുള്ളത്. നിര്‍ബന്ധബാധ്യത നഷ്ടപ്പെടുവോളം അനഭികാമ്യമായ ഒരു വിനോദത്തില്‍ അവന്‍ കൂടുതലായി ചെസ്സുകളിക്കുന്നവനെ വ്യാപൃതനാക്കിക്കളയും. മാത്രമല്ല, അവന്‍ കളിയില്‍ ലയിച്ച് നിസ്കാര സമയം തന്നെ നഷ്ടപ്പെട്ടുപോകാനിടവരും. അങ്ങനെ വരുമ്പോള്‍ കുറ്റക്കാരനും, മറവിക്കു യാതൊരു വിട്ടുവീഴ്ചയും നല്‍കപ്പെടാത്തവനുമാകും –

കര്‍മശാസ്ത്ര പണ്ഢിതന്‍മാര്‍ അങ്ങനെ പറഞ്ഞിട്ടുള്ളതുകൊണ്‍ട്. ചതുരംഗം കളിക്കുന്നത് മുകളില്‍ പറഞ്ഞ അഞ്ച് ഉപാധിയോടെ, അനഭികാമ്യമെങ്കിലും അനുവദനീയമാണെന്നു വെയ്ക്കുമ്പോള്‍ പതിവായി ചെസ്സ് കളിക്കുന്നതുകൊണ്‍ട് അവന്റെ ധര്‍മനിഷ്ഠക്ക് (അദാലത്തിനു) ഭംഗം സംഭവിക്കുകയോ സാക്ഷിക്ക് അയോഗ്യനാവുകയോ ചെയ്യുമോ? ഇതാണ് മറ്റൊരു സംശയം. ഉത്തരം ഒറ്റവാക്കില്‍ പറയാവതല്ല. അല്പം വിശദീകരണം ആവശ്യമാണ്. ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ നല്‍കിയിട്ടുള്ള വിശദീകരണങ്ങളുടെ ഒരു സംഗ്രഹം ശര്‍ഹുല്‍ മുഹദ്ദബ് തക്മില സാനിയ 20/228ല്‍ നിന്നുദ്ധരിക്കാം. പണം വെയ്ക്കാതെ, ചെസ്സുകളിയില്‍ ഒരാള്‍ ഏര്‍പ്പെട്ടു. അതുമൂലം ഒരു നിര്‍ബന്ധ കര്‍മമോ അഭിമാനമോ നഷ്ടപ്പെട്ടില്ല. എന്നാല്‍ അയാള്‍ സാക്ഷിക്കു അയോഗ്യനാവില്ല. പണം വെച്ചാണ് കളിച്ചതെങ്കിലോ, എങ്കില്‍ ഇരുഭാഗത്തുനിന്നും പന്തയസ്വഭാവത്തില്‍ പണംവെച്ചിട്ടുണ്‍ടോ എന്നു നോക്കണം. അങ്ങനെയാണെങ്കില്‍ അതു ചൂതാട്ടമാണ്. അതുമൂലം അവന്റെ ധര്‍മനിഷ്ഠയ്ക്കു ഭംഗമേല്‍ക്കുന്നതും അവന്റെ സാക്ഷ്യം തള്ളപ്പെടുന്നതുമാണ്. കളിയില്‍ പങ്കെടുക്കുന്ന ഇരുകക്ഷികളില്‍ ഒരു കക്ഷിമാത്രമാണ് പണം ഓഫര്‍ ചെയ്യുന്നതെങ്കില്‍ (എന്നെ തോല്‍പിച്ചാല്‍ ഈ സംഖ്യ നിനക്കു തരുമെന്നു പറയുന്നുവെങ്കില്‍) ആ ഓഫര്‍ ഇടപാട് അസാധുവാണ്. യുദ്ധപരിശീലനത്തിനു സഹായകമായ മത്സരത്തില്‍ മാത്രമേ പണം ഓഫര്‍ സാധുവാകുകയുള്ളൂ. പക്ഷേ, അതു ചൂതാട്ടമല്ല. അതുകൊണ്‍ടുതന്നെ അവന്‍ സാക്ഷിക്കു അയോഗ്യനാവുകയുമില്ല.

ഇരു കക്ഷികളില്‍ ഓരോ കക്ഷിക്കും ഒരേ സമയം ലാഭത്തിനും നഷ്ടത്തിനും സാധ്യതയുണ്‍ടാകുന്നവിധം ഇരുപക്ഷത്തുനിന്നും പന്തയസ്വഭാവത്തില്‍ പ്രതിഫലം നിശ്ചയിക്കുമ്പോള്‍ മാത്രമേ ചൂതാട്ടം വരികയുള്ളൂ. ഇവിടെ ജേതാവിനു നേട്ടമുണ്‍ടാകാമെങ്കിലും നഷ്ടസാധ്യതയില്ല. ചതുരംഗത്തില്‍ വ്യാപൃതനായതു നിമിത്തം അറിഞ്ഞുകൊണ്‍ട് നിസ്കാരം നഷ്ടപ്പെടുത്തുകയെന്നത് ആവര്‍ത്തിച്ചുണ്‍ടാകുന്നുവെങ്കില്‍ അവന്‍ സാക്ഷിക്കു അയോഗ്യനാകും. പ്രത്യുത അത് ആവര്‍ത്തിക്കുന്നില്ലെങ്കില്‍ ചെയ്തത് തെറ്റാണെങ്കിലും അവന്റെ യോഗ്യത നഷ്ടപ്പെടുന്നില്ല. അഭിമാനത്തിനു ക്ഷതമേല്‍ക്കത്തക്കവിധം കളിക്കുന്നുവെങ്കില്‍ സാക്ഷിക്കു അയോഗ്യനാകും. വഴിയില്‍ കളിക്കുക, കളിക്കിടയില്‍ അസഭ്യം പറയുക, രാവും പകലും കളിയില്‍ വ്യാപൃതനാവുക എന്നീ കാര്യങ്ങള്‍ കൊണ്‍ട് അഭിമാനം നഷ്ടപ്പെടും.


RELATED ARTICLE

  • സര്‍പ്പയജ്ഞം
  • ചൂതാട്ടം, പകിടകളി
  • ചെസ്സുകളി
  • കോഴിപ്പോര്
  • ഒളിച്ചുകളി; ഒളിപ്പിച്ചുകളി
  • പ്രാവുകളി
  • ആന പ്രദര്‍ശനം
  • ആയുധ പന്തയം
  • ഗാനാലാപനം, സംഗീതാസ്വാദനം
  • ഉപകരണ സംഗീതം
  • ഒപ്പന, കോല്‍ക്കളി, ദഫ്
  • സംഗീതത്തിന്റെ നിരോധിത മേഖലകള്‍
  • നിരോധിത സംഗീതങ്ങള്‍
  • കളി കാര്യത്തിന്, വിനോദം ആവശ്യത്തിന്
  • കാളപ്പോരും കാളപൂട്ടും
  • ചീട്ടുകളി
  • ഏപ്രില്‍ ഫൂള്‍
  • റാഗിംഗ് എന്ന പീഡനവിനോദം
  • കളിയും വിനോദവും