Click to Download Ihyaussunna Application Form
 

 

ഒളിച്ചുകളി; ഒളിപ്പിച്ചുകളി

കണ്ണുപൊത്തിക്കളിയാണ് ഒളിച്ചുകളി (ഒശറല മിറ ലെലസ) എന്നു പറയുന്നത്. മറ്റാര്‍ക്കും ഉപദ്രവം വരുത്താത്ത രീതിയില്‍ നടത്തുന്നതിനു വിരോധമില്ല. തമാശയ്ക്കുവേണ്‍ടി ഒരിക്കല്‍ നബി (സ്വ) തന്റെ ഒരു ശിഷ്യന്റെ കണ്ണുപൊത്തുകയുണ്‍ടായി. അത് അദ്ദേഹത്തെ സന്തോഷിപ്പിക്കുന്നതിനുവേണ്‍ടിയായിരുന്നു. സംഭവമിങ്ങനെയാണ്: സാഹിറുബ്നു ഹറാം എന്ന ഗ്രാമീണനായ സ്വഹാബി ഗ്രാമത്തില്‍ നിന്നു പല വസ്തുക്കളും കൊണ്‍ടുവന്നു പ്രവാചകര്‍ക്കു സമ്മാനിക്കാറുണ്‍ടായിരുന്നു. തിരിച്ചു പോകാന്‍ അദ്ദേഹം ഉദ്ദേശിക്കുമ്പോള്‍ വേണ്‍ട യാത്രാ സന്നാഹങ്ങള്‍ തിരുമേനി (സ്വ) അദ്ദേഹത്തിന് ഒരുക്കിക്കൊടുക്കുകയും ചെയ്യും. അവിടുന്ന് ഒരിക്കല്‍ പറയുകയുണ്‍ടായി. സാഹിര്‍ നമ്മുടെ ഗ്രാമീണനും നാം അവന്റെ നഗരനിവാസികളുമാണ്. ഗ്രാമീണ വസ്തുക്കള്‍ അദ്ദേഹം മുഖേന നമുക്ക് ലഭിക്കുന്നു. നബി (സ്വ)ക്ക് അദ്ദേഹത്തോട് വലിയ ഇഷ്ടമായിരുന്നു. അദ്ദേഹമാകട്ടെ, കാഴ്ചയില്‍ ഒരു വിരൂപിയും. അദ്ദേഹം ഒരു ദിനം തന്റെ ചരക്ക് വിറ്റുകൊണ്‍ടിരിക്കുകയാണ്. അപ്പോള്‍ നബി (സ്വ) വന്നു പിന്നില്‍ നിന്ന് അദ്ദേഹത്തെ ആലിംഗനം ചെയ്തു. ഇരുകൈകള്‍ കക്ഷങ്ങളിലൂടെ കടത്തി കൈകള്‍ കൊണ്‍ട് സാഹിറിന്റെ കണ്ണുകള്‍ പൊത്തിയായിരുന്നു ആലിംഗനം. ആരാണിത്? എന്നെവിടൂ സാഹിര്‍ പറഞ്ഞു. വാല്‍ക്കണ്ണുകൊണ്‍ട് തിരിഞ്ഞുനോക്കിയപ്പോള്‍ നബി (സ്വ) യെ തിരിച്ചറിഞ്ഞു. അപ്പോള്‍ പരമാവധി തന്റെ പുറം നബി (സ്വ) യുടെ മാറിടത്തേക്കു ചേര്‍ത്തുവെക്കാന്‍ അദ്ദേഹം ശ്രമിച്ചു. നബി (സ്വ) ചോദിക്കാന്‍ തുടങ്ങി: ഈ അടിമയെ ആരാണ് വിലയ്ക്കു വാങ്ങുക? തദവസരം സാഹിര്‍ പറഞ്ഞു: എങ്കില്‍, അല്ലാഹുവിന്റെ പ്രവാചകരെ, അങ്ങ് എന്നെ വാങ്ങാനാളില്ലാത്ത വസ്തുവായി കണ്‍ടെത്തും; അല്ലാഹു തന്നെ സത്യം. പക്ഷേ, അല്ലാഹുവിന്‍കല്‍ നീ വേണ്‍ടാത്ത വസ്തുവല്ല നബി (സ്വ) മറുപടി കൊടുത്തു (അഹ്മദ് 12648, ശമായിലുത്തുര്‍മുദി 239, ബൈഹഖി 10/248, ശര്‍ഹുസ്സുന്ന 3604).
ഒളിച്ചുകളിയെന്ന ലളിതവിനോദത്തിന്റെ ഉദാഹരണമാണിത്. ഇവ്വിധം മറ്റു ദൂഷ്യങ്ങളൊന്നും വരാത്ത രീതിയില്‍ കണ്ണുപൊത്തിക്കളി അനുവദനീയമാണ്. എന്നാല്‍ ഒളിപ്പിച്ചുകളി ഇതില്‍ നിന്നും വ്യത്യസ്തമാണ്. മറ്റൊരാളുടെ സാധനം അയാളറിയാതെ എടുത്ത് ഒളിപ്പിച്ചുവെച്ചു അയാളെ സംഭ്രമിപ്പിക്കുന്ന വിനോദമാണിത്. ഇതു അനുവദനീയമല്ല. ഇമാം സര്‍കശി പറയുന്നു: തമാശ രൂപേണ, മറ്റു വല്ലവരുടെയും സാധനം എടുത്തുവെക്കുന്ന സമ്പ്രദായം ഹറാമാണ്. തന്റെ കൂട്ടുകാരന്റെ സാധനം തമാശക്കും കാര്യത്തിനുമായി, ഒരാളും എടുത്തുവെക്കരുത് എന്ന് നബി (സ്വ) പറഞ്ഞിട്ടുണ്‍ട്. തിരിച്ചു നല്‍കാനുദ്ദേശിക്കുന്നതുകൊണ്‍ടാണ് തമാശക്കുവേണ്‍ടി എന്നു പറഞ്ഞത്. എന്നാല്‍ തന്റെ സാധനം നഷ്ടപ്പെട്ടുവോ എന്ന ഭയപ്പാട് ഉടമസ്ഥനായ മുസ്ലിം സഹോദരനില്‍ നിന്നുണ്‍ടാകുന്നുവെന്നതുകൊണ്‍ടാണ് കാര്യത്തിനുമെന്ന് പറഞ്ഞത് (തുഹ്ഫ 10/287).
ഒരിക്കല്‍ ഒരു സ്വഹാബി ഒരു ഒളിപ്പിച്ചുകളി നടത്തിയത് നബി (സ്വ) യുടെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ അവിടുന്ന് അതു നിരോധിക്കുകയുണ്‍ടായി. സംഭവമിതാണ്: ഹിജ്റ അഞ്ചാം വര്‍ഷം പതിനായിരത്തോളം ശത്രുക്കള്‍ സംഘടിച്ചു മദീനയെ ആക്രമിക്കാന്‍ പുറപ്പെട്ടു. ഖുറൈശ്, ഗത്ഫാന്‍ എന്നീ ഗോത്രങ്ങളുടെ നേതൃത്വത്തിലായിരുന്നു സൈനിക സംഘാടനം. വിവരമറിഞ്ഞു മദീനയുടെ വടക്കുവശത്ത് പ്രതിരോധ ഗര്‍ത്തം (ഖന്തഖ്) കുഴിക്കാന്‍ തിരുനബി (സ്വ) ഉത്തരവിട്ടു. വടക്കുവശമാണ് ശത്രുക്കളുടെ പ്രവേശനത്തിന് സുതാര്യമായ മാര്‍ഗം. മറ്റു ഭാഗങ്ങളെല്ലാം കെട്ടിടങ്ങളും ഈന്തപ്പനകളും കൊണ്‍ട് സുരക്ഷിതങ്ങളാണ്. ശത്രുക്കള്‍ മദീനയിലെത്തും മുമ്പ് കിടങ്ങു പൂര്‍ണമാകണം. തകൃതിയായി പണി നടക്കുകയാണ്. തിരുനബി (സ്വ) യും സ്വഹാബിമാരോടൊപ്പം രംഗത്തുണ്‍ട്. ഒരു പതിനഞ്ചുകാരന്‍ മുതിര്‍ന്നവരോടൊപ്പം മണ്ണുനീക്കിക്കൊണ്‍ടിരിക്കുന്നത് നബി (സ്വ) യുടെ ദൃഷ്ടിയില്‍ പെട്ടു. നല്ല കുട്ടി അവിടുന്ന് പ്രശംസിച്ചു. സൈദുബ്നു സാബിത് (റ) ആയിരുന്നു ഈ കുട്ടി. പണിയെടുത്ത് ക്ഷീണിതനായ സൈദിനു ഉറക്കം വന്നു. ആയുധം വെച്ചു കിടങ്ങില്‍ തന്നെ ഉറങ്ങി. ഇതുകണ്‍ട ഉമാറത്തുബ്നുഹശ്മിനു ഒരു തമാശ തോന്നി. അദ്ദേഹം സൈദിന്റെ ആയുധമെടുത്ത് ഒളിപ്പിച്ചുവെച്ചു. ഉണര്‍ന്നെണീറ്റ സൈദ്, തന്റെ ആയുധത്തെക്കുറിച്ച് ആശങ്കയിലായി. ഹേ സുകൃതനായ മനുഷ്യാ, ആയുധം നഷ്ടപ്പെടുവോളമുറങ്ങിയല്ലേ നബി (സ്വ) സൈദിനോട് പറഞ്ഞു. എന്നിട്ടവിടുന്ന് ചോദിച്ചു: ഈ കുട്ടിയുടെ ആയുധത്തെക്കുറിച്ച് ആര്‍ക്കാണ് അറിവുള്ളത്? അല്ലാഹുവിന്റെ പ്രവാചകരേ, ഞാനാണതെടുത്തത്. അതെന്റെ വശമുണ്ട്. ഉമാറത് (റ) പറഞ്ഞു. അപ്പോള്‍ തിരുമേനി (സ്വ) അതു തിരിച്ചുകൊടുക്കാന്‍ കല്‍പിച്ചു. ഒരു മുസ്ലിമിനെ തമാശക്കുവേണ്‍ടി, അയാളുടെ സാധനമെടുത്തുവെച്ച് ഭയപ്പെടുത്തുന്നത് അവിടുന്ന് നിരോധിക്കുകയും ചെയ്തു. മറ്റൊരാളുടെ സാധനം അയാളറിയാതെ എടുത്തുവെക്കുന്നത് ഹറാമാണെന്നതിനു ഈ സംഭവമാണ് നമ്മുടെ ഇമാമുകള്‍ ആധാരമാക്കിയിട്ടുള്ളത് (സീറഃ ഹലബിയ്യ 2/313).
എന്നാല്‍ ഒരു സംശയം സ്വാഭാവികമായും ഇവിടെ ഉദിക്കുന്നു. ഇത്തരം തമാശകള്‍ പലരും പലപ്പോഴും നടത്താറുണ്‍ട്. അത് അനുവദനീയമാണെന്ന് കുറിക്കുന്ന ചില സംഭവങ്ങളുമുണ്‍ട്. അപ്പോള്‍ മറ്റൊരാള്‍ക്കു ആശങ്കയുണ്‍ടാക്കുന്ന സകല വിനോദവും നിഷിദ്ധമാണെന്നെങ്ങനെ പറയും? മറുപടി ഇപ്രകാരമാണ്. ഗുരുതരമായ ആശങ്കയുളവാക്കുന്ന പ്രവര്‍ത്തനം നിഷിദ്ധം തന്നെ. നേരിയ ഭയാശങ്കയുളവാക്കുന്നത് അനുവദനീയവും. സൈദിന്റെ ആയുധമൊളിപ്പിച്ച സംഭവം ഗുരുതരമായ ഭയപ്പാട് സൃഷ്ടിച്ചിട്ടുണ്‍ട്. മക്കയില്‍ നിന്നും പുറപ്പെട്ട ശത്രുക്കള്‍ മദീനയിലെത്തും മുമ്പ് കിടങ്ങുകുഴിച്ചു കഴിയണം. ഓരോ പത്തുപേര്‍ക്കും അതിനായി നാല്‍പതു മുഴം നീളം നബി (സ്വ) നിശ്ചയിച്ചുകൊടുക്കുകയും ചെയ്തിട്ടുണ്‍ട്. തിരക്കുപിടിച്ച ഈ തീവ്രയത്നത്തിനിടയില്‍ ആയുധം നഷ്ടപ്പെട്ടാലുണ്‍ടാകുന്ന മനോവിഷമം ഊഹിക്കാവുന്നതേയുള്ളൂ.
അല്ലാമാ ഇബ്നുഹജര്‍ ഹൈതമിയുടെ ആധികാരിക വിശദീകരണം കാണുക: ഒരാള്‍ക്ക് മറ്റൊരാളില്‍ നിന്ന് കിട്ടാനുള്ള സാധനം, കോടതിയുടെ സഹായം തേടാതെയും അയാളറിയാതെയും സ്വന്തമായിത്തന്നെ പിടിച്ചെടുക്കല്‍ അനുവദനീയമാണ്. പക്ഷേ, പിടിച്ചെടുക്കുന്നതുകൊണ്‍ട് തനിക്കോ മറ്റാര്‍ക്കെങ്കിലുമോ വല്ല കുഴപ്പവും ഉണ്‍ടാകുമെന്ന ആശങ്കയില്ലാതിരിക്കണം. ഈ വിധിയില്‍ നിന്ന് അപരനെ ഭയപ്പെടുത്തുന്ന ഏതു പ്രവര്‍ത്തനവും ഹറാമാണെന്ന് മനസിലാക്കാവുന്നതാണ്. സൈദുബ്നു സാബിത് (റ) ഖന്തഖ് കുഴിക്കവെ ഉറങ്ങുകയും തദവസരം കൂട്ടുകാരില്‍ ചിലര്‍ അദ്ദേഹത്തിന്റെ ആയുധമെടുത്തു വെക്കുകയും ചെയ്തപ്പോള്‍ മുസ്ലിമിനെ ഭയപ്പെടുത്തുന്ന പ്രവര്‍ത്തനം അന്നുതൊട്ട് നബി (സ്വ) നിരോധിച്ചുവെന്നതാണ് മുകളില്‍ പറഞ്ഞതിന് തെളിവ്. ഈ സംഭവം ഇബ്നുഹജറുല്‍ അസ്ഖലാനി (റ) തന്റെ അല്‍ ഇസ്വാബ എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിച്ചിട്ടുണ്‍ട്. പക്ഷേ, ഇമാം അഹ്മദ് (റ) ഉദ്ധരിച്ച മറ്റൊരു സംഭവം ഈ വിധിയില്‍ സംശയം ജനിപ്പിക്കുന്നു. അബൂബക്ര്‍ (റ) ഒരിക്കല്‍ കച്ചവടാവശ്യാര്‍ഥം യാത്രയായി. കൂടെ ബദ്റില്‍ പങ്കെടുത്ത രണ്‍ടു സ്വഹാബിമാരുമുണ്‍ടായിരുന്നു. നുഐമാനും സുവൈബിതും. നുഐമാന്‍ സുവൈബിതിനോട് ആഹാരം ചോദിച്ചു. അബൂബക്ര്‍ (റ) സ്ഥലത്തെത്തിയിട്ട് തരാമെന്നു പറഞ്ഞു. അദ്ദേഹം സമീപത്തുണ്‍ടായിരുന്ന ഏതാനും ആളുകളെ സമീപിച്ചു. എന്റെ അടിമയാണെന്നു പറഞ്ഞു സുവൈബിതിനെ അവര്‍ക്കു വിറ്റു. പത്തു ഒട്ടകങ്ങള്‍ക്കു പകരമായിരുന്നു വില്‍പന. അവര്‍ വന്നു സുവൈബിതിന്റെ കഴുത്തില്‍ കയറിട്ടു കൊണ്‍ടുപോയി. വിവരമറിഞ്ഞു അബൂബക്ര്‍ (റ) തന്റെ കൂട്ടുകാരോടൊപ്പം അവരെ സമീപിച്ചു സുവൈബിതിനെ മോചിപ്പിച്ചുകൊണ്‍ടുവന്നു. ഈ വിവരം പിന്നീട് കേട്ട് നബി (സ്വ) അവിടുത്തെ വിശുദ്ധ ദന്തം പ്രത്യക്ഷപ്പെടുമാറ് ചിരിച്ചുപോയി. കൂട്ടത്തില്‍ സ്വഹാബിമാരും ചിരിച്ചു.
സൈദിന്റെ സംഭവത്തില്‍ നിരോധവും സുവൈബിതിന്റെ സംഭവത്തില്‍ അനുവാദവുമാണ് നാം കണ്‍ടത്. രണ്‍ടും തമ്മില്‍ വൈരുധ്യമില്ല. ഒന്നാം സംഭവത്തിലെന്നപോലെ അസഹ്യമായ ഭയപ്പാടുണ്‍ടാക്കുന്നുവെങ്കില്‍ ഈ തമാശ നിഷിദ്ധവും രണ്‍ടാം സംഭവത്തിലെന്നപോലെ നിസാരമായ ഭയപ്പാട് മാത്രമാണുളവാക്കുന്നതെങ്കില്‍ അതു അനുവദനീയവുമാണ്. ഇപ്രകാരം അവ രണ്‍ടും സംയോജിപ്പിക്കേണ്‍ടതാണ്. സുവൈബിതിനെ വില്‍പന നടത്തിയ നുഐമാന്‍ തമാശക്കാരനായി അറിയപ്പെട്ടിട്ടുള്ള ആളാണ്. അങ്ങനെയുള്ള ഒരാളുടെ പ്രവര്‍ത്തനം, അയാളുടെ നിലപാട് അറിയാവുന്ന ഒരാളില്‍ ഗുരുതരമായ ഭയം സൃഷ്ടിക്കുകയില്ല (തുഹ്ഫ 10/287).
ഒളിപ്പിച്ചുകളിയുടെ മറ്റൊരിനമാണ് ഒറ്റയിരട്ടക്കളി. കൈയില്‍ ഒളിപ്പിച്ചത് ഒറ്റയോ ഇരട്ടയോ എന്നു പറയുക. ശരിയായാല്‍ പറഞ്ഞവന്‍ വിജയിച്ചു. ഇല്ലെങ്കില്‍ തോറ്റു. ഇക്കളി അനുവദനീയമാണ്. പക്ഷേ, പണം വെച്ചു കളിക്കാന്‍ പാടില്ല (തുഹ്ഫ 9/399).


RELATED ARTICLE

  • സര്‍പ്പയജ്ഞം
  • ചൂതാട്ടം, പകിടകളി
  • ചെസ്സുകളി
  • കോഴിപ്പോര്
  • ഒളിച്ചുകളി; ഒളിപ്പിച്ചുകളി
  • പ്രാവുകളി
  • ആന പ്രദര്‍ശനം
  • ആയുധ പന്തയം
  • ഗാനാലാപനം, സംഗീതാസ്വാദനം
  • ഉപകരണ സംഗീതം
  • ഒപ്പന, കോല്‍ക്കളി, ദഫ്
  • സംഗീതത്തിന്റെ നിരോധിത മേഖലകള്‍
  • നിരോധിത സംഗീതങ്ങള്‍
  • കളി കാര്യത്തിന്, വിനോദം ആവശ്യത്തിന്
  • കാളപ്പോരും കാളപൂട്ടും
  • ചീട്ടുകളി
  • ഏപ്രില്‍ ഫൂള്‍
  • റാഗിംഗ് എന്ന പീഡനവിനോദം
  • കളിയും വിനോദവും