Click to Download Ihyaussunna Application Form
 

 

ഒപ്പന, കോല്‍ക്കളി, ദഫ്

ഒപ്പന, കോല്‍ക്കളി, ദഫ് ശ്രവണമധുരമായ ശബ്ദങ്ങള്‍ ചിലപ്പോള്‍
നിരര്‍ഥകവും മറ്റു ചിലപ്പോള്‍ സാര്‍ഥവുമായിരിക്കും. നിരര്‍ഥശബ്ദങ്ങളുടെ സ്രോതസ് പ്രധാനമായും വാദ്യോപകരണങ്ങളാണ്. സാര്‍ഥശബ്ദങ്ങളുടെ സ്രോതസ് മനുഷ്യകണ്ഠങ്ങളും. അവയില്‍ നിന്നുത്ഭവിക്കുന്ന ശ്രവണമധുരവും വിനോദാത്മകവുമായ ശബ്ദങ്ങള്‍ കവിതയും സംഗീതവുമാണ്. കവിത നല്ലതും ചീത്തയുമുണ്‍ട്. (മററ ഹശിസ) നല്ല കവിതകളെ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നു. ചീത്തയെങ്കില്‍ നിരുത്സാഹപ്പെടുത്തുകയും നിരോധിക്കുകയും ചെയ്യുന്നു.
അതു ഒരു തരം ഭാഷണമാണ്. അതില്‍ നല്ലതു നല്ലതുതന്നെ, ചീത്ത ചീത്തയും എന്ന ഹദീസ് (ദാറഖുത്വ്നി 4/155), വ്യക്തമായ വിവേചന മാനദണ്ഢമാണ്. കവിതയില്‍ തത്വജ്ഞാനമുണ്‍ട്(ബുഖാരി 6145) എന്നു പറഞ്ഞുകൊണ്‍ട് ഒന്നാമിനത്തെ നബി (സ്വ) വത്സിച്ചപ്പോള്‍ നിങ്ങളിലൊരാളുടെ അകം ചലംകൊണ്ടു നിറയുന്നതാണ് കവിതകൊണ്‍ടു നിറയുന്നതിനേക്കാള്‍ ഉത്തമം (ബുഖാരി 6155, മുസ്ലിം 2257) എന്ന പ്രസ്താവനയിലൂടെ രണ്‍ടാമിനത്തെ നബി തിരുമേനി (സ്വ) ഭത്സിച്ചിരിക്കുകയാണ്.
സംഗീതം പലവിധമുണ്‍ട്. അതിരുവിട്ട അത്യാഹ്ളാദമുണ്‍ടാക്കാത്ത ലളിതരീതിയിലുള്ള ഗാനങ്ങള്‍ വിഷയങ്ങള്‍ക്കും ഗായകരുടെയും ആസ്വാദകരുടെയും സ്ഥിതിവിശേഷങ്ങള്‍ക്കുമനുസരിച്ച് ജാഇസ്, കറാഹത്ത്, ഹറാം എന്നീ വിധികള്‍ക്കു വിധേയമാകും. ചില പണ്ഢിതന്മാരുടെ അഭിപ്രായപ്രകാരം ചില പ്രത്യേക സാഹചര്യത്തില്‍ അതു സുന്നത്തുമാകും. എന്നിരുന്നാലും സംഗീതം, സാധാരണ ഗതിയില്‍ ഭാഷാപ്രധാനമോ സാഹിത്യപ്രധാനമോ ആശയപ്രധാനമോ അല്ലാത്തതുകൊണ്‍ട് ഇസ്ലാം അതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. ഇമാം ശാഫിഈ (റ) പറയുന്നു : സംഗീതം കറാഹത്തായ വിനോദമാണ്. അനാവശ്യസദൃശമാണ്. അതില്‍ കൂടുതല്‍ വ്യാപൃതനാവുന്നവന്‍ വിഡ്ഢിയാണ്. അവന്‍ സാക്ഷ്യത്തിനു അയോഗ്യനാണ് (ഇഹ്യാ 2/293). ഇമാം മാവര്‍ദി (റ) എഴുതുന്നു: സംഗീതത്തിന്റെ ലക്ഷ്യം വിനോദമാണ്. ഒട്ടകത്താരാട്ടുഗാനം ഇതില്‍ നിന്നു വ്യത്യസ്തമാണ്. അതുകൊണ്‍ടുദ്ദേശിക്കുന്നത് വാഹനമൃഗത്തിനു ഉന്മേഷം പകര്‍ന്നു അതിന്റെ സഞ്ചാരത്തിനു വേഗത കൂട്ടുക, യാത്രാക്ഷീണം ലഘൂകരിച്ചു യാത്രക്കാര്‍ക്കു മാനസികോല്ലാസം നല്‍കുക എന്നീ കാര്യങ്ങളാണ് (അല്‍ഹാവീ 17/195). നബി (സ്വ) അരുള്‍ ചെയ്യുന്നു: കുറ്റകരമായ രണ്‍ടു ശബ്ദങ്ങള്‍ ഞാന്‍ നിങ്ങള്‍ക്കു നിരോധിക്കുന്നു. ഒന്നു സംഗീതം മറ്റൊന്നു ചാവുകരച്ചില്‍ (തുര്‍മുദി 1005).
പില്‍ക്കാലത്തു നിലവില്‍ വന്ന കേവലം താളാത്മകവും ഹരപ്രധാനങ്ങളും വിനോദമാത്രങ്ങളുമായ സംഗീതങ്ങള്‍ നിരുപാധികം കറാഹത്താണ് എന്നതാണ് പ്രബലാഭിപ്രായം. മറ്റു നിഷിദ്ധഘടകങ്ങള്‍ ചേരുമ്പോള്‍ അതു ഹറാമായിത്തീരുന്നു. പ്രസ്തുത ഘടകങ്ങളില്‍ ഏറ്റവും പ്രധാനവും ആസ്വാദ്യകരവുമായിട്ടുള്ളത് വാദ്യോപകരണങ്ങളാണ്. ഉപകരണങ്ങള്‍കൊണ്‍ടുള്ള വാദനങ്ങളില്‍ ഒപ്പന, ദഫ്മുട്ട്, കോല്‍ക്കളി എന്നീ ലളിത വാദനങ്ങളും വൈവിധ്യമാര്‍ന്ന സംഗീതോപകരണങ്ങളുടെ പ്രയോഗങ്ങളും ഉള്‍പ്പെടുത്താം. പാട്ടിനു താളക്കൊഴുപ്പ് കൂട്ടാന്‍വേണ്‍ടി ഉപധാനങ്ങളില്‍ വടികൊണ്‍േടാ കൈകൊണ്‍േടാ അടിക്കുന്ന സമ്പ്രദായമുണ്‍ടായിരുന്നു. ഇതുപേക്ഷിക്കണമെന്നാണ് പണ്ഢിതപക്ഷം. ഹറാമാണെന്നു ചിലര്‍ പറഞ്ഞിട്ടുണ്‍ട്. കറാഹത്താണെന്നു മറ്റൊരു പക്ഷവും. രണ്‍ടാം അഭിപ്രായമാണ് പ്രബലം. കാരണം ഇത് ഒറ്റക്ക് പുളകം നല്‍കുകയില്ല. പാട്ടിനു പുളകം ചാര്‍ത്തുക മാത്രമാണ് ചെയ്യുന്നത്. ഈ ഉപധാനമടിയുടെ വിധി തന്നെയാണ് കൈകൊട്ടിനുമുള്ളത്. സ്ത്രീകള്‍ക്കു അനുവദനീയമാണെങ്കിലും പുരുഷന്‍മാര്‍ക്ക് കറാഹത്താണെന്നതാണ് പ്രബലമായ അഭിപ്രായം. ഹറാമാണെന്ന പക്ഷക്കാര്‍ രണ്‍ടു തെളിവുകളാണ് പറഞ്ഞിട്ടുള്ളത്. ഒന്ന്, കൈകൊട്ട് സ്ത്രീകള്‍ക്കു മാത്രമാണ് എന്ന ഹദീസാണ്. ഈ ഹദീസ് ബുഖാരി, മുസ്ലിം, അബൂദാവൂദ്, തുര്‍മുദി, നസാഈ, ഇബ്നുമാജ, ഇമാം അഹ്മദ് എന്നിവര്‍ ഉദ്ധരിച്ചിട്ടുണ്‍ട്. രണ്‍ട്, ഇതു സ്ത്രീകളുടെ പ്രവര്‍ത്തനമാണ്. സ്ത്രീകളോട് സാദൃശ്യം പുലര്‍ത്തല്‍ ഹറാമാണ്. ഈ രണ്‍ടു തെളിവുകളും ഹറാമാണെന്നു തെളിയിക്കാന്‍ പര്യാപ്തങ്ങളല്ല. ഹദീസ് പ്രാമാണികമാണെങ്കിലും അതില്‍ പറഞ്ഞ കൈകൊട്ട് നിസ്കാരത്തില്‍ പുരുഷന്റെ ഉണര്‍ത്തു തസ്ബീഹിനു പകരമുള്ള സ്ത്രീയുടെ കൈകൊട്ടു മാത്രമാണ്. നിസ്കാരത്തില്‍ മറ്റുള്ളവരെ ഉണര്‍ത്തേണ്‍ട വല്ല അനിവാര്യ കാരണങ്ങളുമുണ്‍ടായാല്‍ പുരുഷന്‍ തസ്ബീഹ് ചൊല്ലുകയും സ്ത്രീ കൈകൊട്ടുകയുമാണ് ചെയ്യേണ്‍ടത്. ഇതെക്കുറിച്ചാണ് ഹദീസില്‍ പറഞ്ഞിട്ടുള്ളത്. സ്ത്രീകള്‍ മാത്രം ചെയ്യുന്ന ഒരു കാര്യമല്ല കൈകൊട്ട്. അതുകൊണ്‍ടുതന്നെ സ്ത്രീ സാദൃശ്യപ്രശ്നം ഇവിടെ ഉദിക്കുന്നുമില്ല. അതിന്റെ പേരില്‍ ഹറാമാകാന്‍ സാധ്യതയില്ല. ആകയാല്‍ നിസ്കാരത്തിനു പുറത്ത് ആവശ്യത്തിനുവേണ്‍ടി കൈകൊട്ടുന്നത് സ്ത്രീക്കും പുരുഷനും അനുവദനീയമാണ്. വിനോദത്തിനുവേണ്‍ടിയാണെങ്കില്‍ പുരുഷനു ഹറാമാണെന്നു പറഞ്ഞുകൂടാ. പക്ഷേ, കറാഹത്താണ്. ഉപേക്ഷിക്കുന്നതാണുത്തമം. ഈ വസ്തുതകള്‍ കഫ്ഫുറആഅ് 106-108, തുഹ്ഫ 2/149, ശര്‍വാനി 2/150, 10/219, കുര്‍ദി 1/292, ജമല്‍ 5/381, ബിഗ്യ 284 എന്നീ ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ നിന്നും വ്യക്തമായി മനസ്സിലാക്കാം.
ചുരുക്കത്തില്‍ കൈകൊട്ടു വിനോദം സ്ത്രീകള്‍ക്കു അനുവദനീയവും പുരുഷന്‍മാര്‍ക്ക് കറാഹത്തുമാണ്. പക്ഷേ, ഇന്നു സാധാരണമായ ഒപ്പനകല നിരുപാധികം അനുവദനീയമാണെന്നു പറഞ്ഞുകൂടാ. കൊഞ്ചിക്കുഴഞ്ഞുകൊണ്‍ടുള്ള നൃത്തം ഹറാമാണ്. ഈ നൃത്തത്തോടുകൂടിയുള്ള ഒപ്പനയും ഹറാമാണ്. അപ്രകാരം തന്നെ നിഷിദ്ധമായ സഭ്യേതരമോ ശ്ളീലേതരമോ ആയ ഗാനങ്ങളോടു ചേര്‍ന്നുവരുമ്പോള്‍ ഒപ്പന നിഷിദ്ധമാണ്. മാത്രമല്ല, പുരുഷന്‍മാരുടെ ഒപ്പന സ്ത്രീകളോ, സ്ത്രീകളുടേത് പുരുഷന്‍മാരോ കണ്‍ടാസ്വദിക്കുന്നതും ഹറാമാണ്. മാപ്പിളകല എന്ന ഓമനപ്പേരു നല്‍കി ഒപ്പനയെ ഇസ്ലാമികവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത് ക്ഷന്തവ്യമല്ല. നബിദിന കലാപരിപാടികളിലും മറ്റും ഒപ്പനയെ അരങ്ങത്തു കൊണ്‍ടുവന്നു അതിനു ആരാധനയുടെ പരിവേഷം നല്‍കാന്‍ ശ്രമിക്കുന്നത് ഒട്ടും ക്ഷന്തവ്യമല്ല. ഒപ്പനയും ചൂളംവിളിയും ആരാധനയാക്കിയവരെ വിശുദ്ധ ഖുര്‍ആന്‍ രൂക്ഷമായി അധിക്ഷേപിച്ചിട്ടുണ്‍ട്.
ആ ഭവനത്തിന്റെ (കഅ്ബയുടെ) സമീപത്ത് അവരുടെ പ്രാര്‍ഥന ചൂളം വിളിയും കൈകൊട്ടുമല്ലാതെ മറ്റൊന്നുമായിരുന്നില്ല. (അതിനാല്‍ അന്ത്യദിനത്തില്‍ അവരോട് പറയപ്പെടും) നിങ്ങള്‍ സത്യനിഷേധികളായതുകൊണ്‍ട് ശിക്ഷ ആസ്വദിച്ചുകൊള്ളുക (വിശുദ്ധ ഖുര്‍ആന്‍ 8/35).
കോല്‍ക്കളികള്‍ പലവിധമുണ്‍ട്. വടികൊണ്‍ട് പരസ്പരം അടിച്ചുകളിക്കുന്ന സാഹസിക വിനോദമാണ് അവയിലൊന്ന്. ഇതു കളരിപ്പയറ്റിലെ ഒരു പ്രാചീന ഇനമാണ്. അപകടം സംഭവിക്കാത്തവിധം പരിശീലനം നേടിയവര്‍ക്കു ഈ കോല്‍ക്കളി അഥവാ വടിക്കളി അനുവദനീയമാണ് (ശര്‍വാനി 9/398). മറ്റൊന്ന് താലത്തിന്മേല്‍ അസ്ത്രങ്ങള്‍ കൊണ്ടടിച്ച് വാദനം നടത്തുകയാണ്. അമിതപുളകം സൃഷ്ടിക്കുന്നതുകൊണ്‍ട് ഇതു നിഷിദ്ധമാണ് (ബിഗ്യ 284). ഉപധാനങ്ങളില്‍ വടികൊണ്‍ട് അടിച്ചുകൊണ്‍ടുള്ള കളിയാണ് മൂന്നാമത്തേത്. ഇതു മുകളില്‍ പറഞ്ഞപോലെ അനഭികാമ്യമാണ്, കറാഹത്താണ് (ശര്‍വാനി 2/150, കഫ്ഫ് 106). നാലാമത്തേത് ഒരു തടിക്കഷ്ണം മറ്റൊരു തടിക്കഷ്ണത്തില്‍ അടിച്ചുകൊണ്‍ടുള്ള വാദനമാണ്. സാധാരണയായി അന്ധഗായകന്‍മാര്‍ തങ്ങളുടെ പാട്ടുകള്‍ക്കു ഇമ്പം പകരുന്നതിനു ഇതുപയോഗിച്ചുവരുന്നു. ഇലത്താളം അടിക്കുന്നതുപോലെ ഇതും ഹറാമാണ് (ബിഗ്യ 284, ശര്‍വാനി 10/219). അഞ്ചാമത്തേത് കോല്‍ക്കളി എന്ന പേരില്‍ പ്രസിദ്ധമായ സാധാരണ കളി തന്നെ. അന്ധന്‍മാരുടെ തടിയടി ഹറാമാണെന്നു വരുമ്പോള്‍ അതിനേക്കാള്‍ പുളകം കൊള്ളിക്കുന്ന കോല്‍ക്കളി നിഷിദ്ധമാണെന്നു പറയേണ്‍ടതില്ലല്ലോ. മാത്രമല്ല പ്രസ്തുത വിധിയില്‍ തന്നെ കോല്‍ക്കളി പെടുമെന്നു പല പണ്ഢിതന്മാരും പറഞ്ഞിട്ടുണ്‍ട്.
ദഫ് മുട്ടുന്നത് അനുവദനീയമാണ്. വിവാഹം, ചേലാകര്‍മം തുടങ്ങിയ സന്തോഷവേളകളില്‍ പ്രത്യേകിച്ചും. ദഫ്ഫുകളില്‍ ചിലമ്പുകളുണ്‍ടെങ്കിലും അതു അനുവദനീയം തന്നെ. സന്തോഷ സന്ദര്‍ഭങ്ങളില്‍ സുന്നത്താണെന്ന് പറഞ്ഞവരുമുണ്‍ട്. ഇമാം നവവി (റ) പറയുന്നു: ദഫ് മുട്ടുന്നത് വിവാഹത്തിനും ചേലാകര്‍മത്തിനും അനുവദനീയമാണ്. മറ്റു സന്തോഷകരമായ കാര്യത്തിനും അനുവദനീയമാണെന്നാണ് പ്രബലമായ അഭിപ്രായം. ചിലമ്പുകള്‍ ഉണ്‍ടെങ്കിലും ദഫ് മുട്ട് അനുവദനീയമാണ് (മിന്‍ഹാജ്, പേജ്: 206). ഇബ്നുഹജര്‍ (റ) ഇമാം നവവി (റ) യെ വ്യാഖ്യാനിക്കുന്നതു കാണുക: വിവാഹത്തിനുവേണ്‍ടി ദഫ്ഫ് മുട്ടുന്നതും അതു കേള്‍ക്കുന്നതും അനുവദനീയമാണ്. എന്തുകൊണ്‍ടെന്നാല്‍ അലി (റ), ഫാത്വിമ (റ) എന്നിവര്‍ തമ്മിലുള്ള വിവാഹ സമയത്ത് ഏതാനും പെണ്‍കുട്ടികള്‍ ദഫ് മുട്ടിയപ്പോള്‍ നബി (സ്വ) അതിനു മൌനാനുവാദം നല്‍കിയിട്ടുണ്‍ട്. മാത്രമല്ല, നാളത്തെ കാര്യം അറിയുന്ന ഒരു പ്രവാചകന്‍ നമ്മുടെ കൂട്ടത്തിലുണ്‍ട് എന്നു പാടിയ പെണ്‍കുട്ടിയോട് അതുവിട്ട് അതിനുമുമ്പ് പാടിയ ബദ്റിലെ രക്തസാക്ഷികളുടെ കീര്‍ത്തനം ആവര്‍ത്തിക്കാന്‍ അവിടുന്ന് കല്‍പിക്കുകയുണ്‍ടായി. ഇമാം ബുഖാരി (റ) അതു ഉദ്ധരിച്ചിട്ടുണ്‍ട്. അനുവദനീയമായ വിവാഹവും തെറ്റായ വിവാഹവും തമ്മിലുള്ള അന്തരം ദഫ്മുട്ടാണെന്ന് ശരിയായ ഹദീസില്‍ വന്നിട്ടുണ്‍ട്. ഈ വിവാഹം നിങ്ങള്‍ വിളംബരം ചെയ്യുകയും പള്ളികളില്‍വെച്ചു നടത്തുകയും ദഫ് മുട്ടുകയും ചെയ്യണമെന്ന പ്രവാചകനിര്‍ദ്ദേശം ദുര്‍ബലമല്ലാത്ത പരമ്പരയിലൂടെ ലഭ്യമായിട്ടുണ്‍ട്. ദുര്‍ബലമാണെന്ന ഇമാം തുര്‍മുദിയുടെ അഭിപ്രായം അസ്വീകാര്യമാണ്. അതുകൊണ്‍ടാണ് ഇമാം ബഗവിയും മറ്റുചില പണ്ഢിതന്‍മാരും വിവാഹത്തിനും മറ്റു സന്തോഷങ്ങള്‍ക്കും ദഫ്മുട്ടല്‍ സുന്നത്താണെന്ന് ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞിട്ടുള്ളത്. ചേലാകര്‍മത്തിനും ദഫ്മുട്ട് അനുവദനീയമാണ്. കാരണം ചേലാകര്‍മത്തിലും നികാഹിലും ഉമര്‍ (റ) അതു അനുവദിക്കുകയും മറ്റു സന്ദര്‍ഭങ്ങളില്‍ നിരാകരിക്കുകയും ചെയ്തതായി ഇമാം ഇബ്നുഅബീശൈബ ഉദ്ധരിച്ചിട്ടുണ്‍ട്. വിവാഹം, ചേലാകര്‍മം എന്നിവയിലെന്നപോലെ മറ്റെല്ലാ സന്തോഷസന്ദര്‍ഭങ്ങളിലും ദഫ് മുട്ട് അനുവദനീയമാണ് എന്നതാണ് ഏറ്റവും ശരിയായ അഭിപ്രായം. എന്തുകൊണ്‍ടെന്നാല്‍ നബി (സ്വ) ഒരു യുദ്ധയാത്ര കഴിഞ്ഞ് മദീനയിലേക്ക് തിരിച്ചുവന്നപ്പോള്‍ ഒരു കറുത്ത പെണ്‍കുട്ടി വന്ന് തിരുമേനി (സ്വ) യോട് ഇപ്രകാരം പറഞ്ഞു: സുരക്ഷിതനായി അങ്ങയെ അല്ലാഹു തിരിച്ചുകൊണ്‍ടുവന്നാല്‍ അങ്ങയുടെ മുമ്പില്‍ ദഫ് മുട്ടാന്‍ ഞാന്‍ നേര്‍ച്ചയാക്കിയിട്ടുണ്‍ട്. തദവസരം അവിടുന്ന് പറഞ്ഞു. നീ നേര്‍ച്ചയാക്കിയിട്ടുണ്‍ടെങ്കില്‍ നേര്‍ച്ച നിറവേറ്റിക്കൊള്ളുക. ഇമാം തുര്‍മുദി, ഇബ്നുഹിബ്ബാന്‍ എന്നീ ഹദീസ് പണ്ഢിതന്‍മാര്‍ ഈ സംഭവം ഉദ്ധരിച്ചിട്ടുണ്‍ട്. പണ്ഢിതന്‍, രാജാവ് ആദിയായവരുടെ ആഗമനത്തിനുവേണ്‍ടി ദഫ്മുട്ടല്‍ അവിതര്‍ക്കിതമായ കാര്യമാണെന്ന ബുല്‍ഖൈനിയുടെ നിഗമനത്തിനു പ്രസ്തുത ഹദീസ് അനുകൂല സാക്ഷ്യം വഹിക്കുന്നു. മാത്രമല്ല പണ്ഢിതന്‍ മുതലായവരുടെ ആഗമനത്തില്‍, അതു മുസ്ലിംകള്‍ക്കു ഗുണമുള്ള കാര്യമായതു നിമിത്തം, സന്തോഷിച്ചുകൊണ്‍ട് ദഫ് മുട്ടുന്നത് സുന്നത്താണെന്നതിനും ഈ ഹദീസ് തെളിവാണ്. കാരണം ഹദീസില്‍ നിരുപാധികമായാണ് പറഞ്ഞിട്ടുള്ളത്. ഹദീസ് സംഭവത്തിലെ ദഫ്ഫുകളില്‍ ചിലമ്പുകളുണ്‍ടായിരുന്നില്ല എന്ന വാദം തെളിവുസഹിതം സ്ഥാപിക്കേ ണ്‍ടതുണ്‍ട് (തുഹ്ഫ 10/221).
ദഫ് മുട്ടുന്നത് അനുവദനീയമാണെങ്കിലും ഹറാമോ കറാഹത്തോ ആയ കാര്യങ്ങള്‍ അതിനു ചേരുവയായി വര്‍ത്തിക്കുമ്പോള്‍ വിധി വ്യത്യാസപ്പെടുമെന്ന് പറയേണ്‍ടതില്ലല്ലോ. സ്ത്രീകളുടെ ദഫ്മുട്ട് പുരുഷന്‍മാര്‍ വീക്ഷിക്കുകയോ പുരുഷന്‍മാരുടേത് സ്ത്രീകള്‍ വീക്ഷിക്കുകയോ ചെയ്യുമ്പോള്‍ അവിടെ അന്യന്‍മാരായ സ്ത്രീപുരുഷന്‍മാര്‍ തമ്മില്‍ ദര്‍ശനം നടക്കുന്നതുകൊണ്‍ട് ഹറാമാകുന്നു. അപ്രകാരം തന്നെ ദഫ്മുട്ടിനോടൊപ്പം മ്യൂസിക്കോ ഡാന്‍സോ ഉണ്‍ടാകുമ്പോഴും അതു നടത്തലും കാണലും ഹറാമാകും.
ദഫ്വാദനം സന്തോഷപ്രകടനത്തിനുള്ള ഒരു വിനോദമായതുകൊണ്‍ട് സ്വീകരണം, ഘോഷയാത്ര, വിവാഹാഘോഷം, പെരുന്നാളാഘോഷം, നബിദിനാഘോഷം ആദിയായവയില്‍ പരിമിതപ്പെടുത്തുകയും ഭക്തിപ്രധാനമായ മൌലിദ്, ദിക്ര്‍ മുതലായവയില്‍ ഒഴിവാക്കുകയും ചെയ്യുന്നതാണ് അഭികാമ്യം. കാരണം അതു സാധാരണക്കാരില്‍ ഭക്തിബോധം വളര്‍ത്തുന്നതിനു പകരം വിനോദരസം ഉണര്‍ത്തുകയാണ് ചെയ്യുക. ചില സ്വൂഫീശൈഖുമാരും അവരുടെ ശിഷ്യന്‍മാരും ദിക്റുവേളകളിലും കീര്‍ത്തന കവിതകളിലും ദഫ്മുട്ടാറുണ്‍ട്. അതു ദിവ്യചിന്തക്കും പ്രസ്തുത ചിന്തയിലുള്ള വിലയത്തിനും ശക്തിയും വേഗതയും കൂട്ടുന്നതിനുവേണ്‍ടിയാണ്. ജാഇസാണെന്നു ബഹുഭൂരിപക്ഷം പണ്ഢിതന്‍മാരും സന്തോഷവേളയില്‍ സുന്നത്ത് കൂടിയാണെന്നു മറ്റു ചില പണ്ഢിതന്‍മാരും പറഞ്ഞിട്ടുള്ള ദഫ്മുട്ട് സ്വൂഫീവര്യന്‍മാര്‍ ഏറ്റവും ഉല്‍കൃഷ്ടമായ ഒരു സദുദ്ദേശ്യത്തിന് ഉപയോഗിക്കുന്നത് തെറ്റാണെന്നു പറഞ്ഞുകൂടാ. അങ്ങനെ പറയുന്നതാണ് തെറ്റ്. അതു അനുഭവിച്ചവര്‍ക്കേ അവരുടെ ആത്മീയാനുഭൂതിയുടെ ഉല്‍ക്കര്‍ഷം മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. ഒരു കൊച്ചുകുട്ടിയോട് ലൈംഗിക സംഭോഗത്തിന്റെ സുഖം പറഞ്ഞറിയിക്കുന്നതുപോലെ മാത്രമാണ് സാധാരണക്കാരോട് ആത്മീയ സാഗരത്തില്‍ മുങ്ങുകയും ദിവ്യചിന്തയുടെ വിഹായസ്സില്‍ ഉയരുകയും ചെയ്തിട്ടുള്ള സ്വൂഫികളുടെ അനുഭൂതിയെക്കുറിച്ചും അതിന്റെ നിരുപമമായ വിശുദ്ധിയെക്കുറിച്ചും പറയുന്നത് എന്നാണ് ആത്മീയ മഹാഗുരുവായ ഇമാം ഗസ്സാലി (റ) പറഞ്ഞിട്ടുള്ളത്.


RELATED ARTICLE

  • ചിന്തയും ചിന്താ വിഷയവും
  • ഹിജ്റ കലണ്ടറും പുതുവര്‍ഷവും
  • സര്‍പ്പയജ്ഞം
  • ചൂതാട്ടം, പകിടകളി
  • ചെസ്സുകളി
  • കോഴിപ്പോര്
  • ഒളിച്ചുകളി; ഒളിപ്പിച്ചുകളി
  • പ്രാവുകളി
  • ആന പ്രദര്‍ശനം
  • ആയുധ പന്തയം
  • ഗാനാലാപനം, സംഗീതാസ്വാദനം
  • ഉപകരണ സംഗീതം
  • ഒപ്പന, കോല്‍ക്കളി, ദഫ്
  • സംഗീതത്തിന്റെ നിരോധിത മേഖലകള്‍
  • നിരോധിത സംഗീതങ്ങള്‍
  • കളി കാര്യത്തിന്, വിനോദം ആവശ്യത്തിന്
  • കാളപ്പോരും കാളപൂട്ടും
  • ചീട്ടുകളി
  • ഏപ്രില്‍ ഫൂള്‍
  • റാഗിംഗ് എന്ന പീഡനവിനോദം
  • കളിയും വിനോദവും
  • അന്ത്യ നിമിഷം
  • ഗള്‍ഫില്‍ നിന്ന് പണം ചവിട്ടല്‍
  • ഖാളി മുഹമ്മദിന്റെ കാല്‍പ്പാടുകള്‍ തേടി
  • മാലകള്‍ പെയ്തിറങ്ങിയ മുസ്ലിം മനസ്സുകള്‍
  • അതുല്യ നേതാവ്
  • ആശൂറാപ്പായസവും സുറുമയും