Click to Download Ihyaussunna Application Form
 

 

യുദ്ധ നിയമങ്ങളില്‍ നിന്ന്

നിയമങ്ങളാവിഷ്കരിക്കുന്നത് സാധ്യതയുടെ പേരിലായിരിക്കാം. നാഗരികതയുടെ തേട്ടമാണത്. ഒരു രാഷ്ട്ര സങ്കല്‍പത്തിന്റെ അനിവാര്യതയാണത്. സുസ്ഥിതിക്കാവശ്യമായ നിയമ നിര്‍ദേശങ്ങളെന്ന പോ ലെ സുരക്ഷക്കും പ്രതിരോധത്തിനും നിര്‍ദേശങ്ങളുണ്ടാവണം. ഒരു നിര്‍ദേശത്തെ അതിന്റെ നിശ്ചിത പശ്ചാത്തലത്തിലാണ് മനസ്സിലാക്കേണ്ടത്. അപ്പോഴാണതിന്റെ പ്രസക്തിയും സാധ്യതയും മനസ്സിലാക്കാന്‍ സാധിക്കുക.

സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തിയെടുത്ത് പെരുപ്പിച്ച് പെരുമ്പറയടിക്കുന്നത് നല്ല രീതിയല്ല. ഇതര യുദ്ധ വ്യവസ്ഥകളില്‍ നിന്നും ഭിന്നമായി പ്രതിപക്ഷത്തെയും പരിഗണിക്കുന്ന വ്യവസ്ഥയാണ് ഇസ്ലാമിലുള്ളത്. യുദ്ധമുഖത്തെ അതിതീക്ഷ്ണമായ നിമിഷങ്ങളിലല്ലാതെ അത് പ്രതിയോഗിയെ നിശിതമായി സമീപിക്കുന്നില്ല. അതിനാല്‍ തന്നെ അനിവാര്യവും സുതാര്യവുമായ യുദ്ധ നിയമങ്ങളാണത് മുന്നോട്ടു വെച്ചിട്ടുള്ളത്.

ഇസ്ലാമിക സമൂഹം രൂപപ്പെട്ടു വന്ന ആദ്യ നാളുകളില്‍ തന്നെ അതിരൂക്ഷമായ യുദ്ധമുഖത്തേക്കവര്‍ എടുത്തെറിയപ്പെടുകയുണ്ടായി. അതുകൊണ്ട് ഇസ്ലാമിക യുദ്ധ നിയമങ്ങളുടെ പ്രായോഗിക രൂപം പ്രവാചകര്‍(സ്വ) തങ്ങളുടെ ശ്രദ്ധയോടെ തന്നെ ലോകത്തിന് സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. പ്രവാചക പ്രതിനിധികളായ ഖലീഫമാരുടെ കാലത്തും അതിന്റെ തുടര്‍ച്ച കാണാനായി. സ്വന്തം നാട്ടിലെ ജീവിതത്തിന് പ്രതിസന്ധിയുണ്ടാക്കിയവരോട് അവരുടെ സമീപനമെന്തായിരുന്നു എന്നത് ചരിത്രം വ്യക്തമാക്കിയതാണ്. എമ്പതോളം വരുന്ന യുദ്ധങ്ങളില്‍ കൊല ചെയ്യപ്പെട്ടവരുടെ എണ്ണവും തടവുകാരുടെ എണ്ണവും ‘ശിക്ഷാനിയമങ്ങള്‍’ എന്ന ലേഖനത്തില്‍ വിശദമാക്കിയിട്ടുണ്ട്. അതില്‍ നിന്നുതന്നെ ഇസ്ലാമിക യുദ്ധങ്ങളുടെ ലക്ഷ്യം വ്യക്തമാവും.

ഇസ്ലാമിക സ്റ്റേറ്റും ഖലീഫയും ഉണ്ടാവുക എന്നത് മറ്റേതൊരു ഭരണ സംവിധാനത്തെയും പോ ലെ സാധ്യതയുള്ളതാണ്. നേരത്തെ അതുണ്ടായിട്ടുമുണ്ട്. ഒരു സ്റ്റേറ്റോ ഒരു സാമ്രാജ്യമോ അതിന്റെ സുരക്ഷക്ക് ആവശ്യമായ സംവിധാനങ്ങളേര്‍പ്പെടുത്താറുണ്ട്. സൈന്യവും മറ്റു സന്നാഹങ്ങളും ഏര്‍പ്പാടാക്കും എന്നപോലെ തന്നെ ഇസ്ലാമിക സ്റ്റേറ്റിനും ഖലീഫക്കും അതിന്റെ സുരക്ഷിതാവസ്ഥക്കനിവാര്യമായ നിയമവും സൈന്യവും ഉണ്ടാവും.

എല്ലാ സ്റ്റേറ്റിനെയും പോലെ തന്നെ ആക്രമണകാരികളെയും കടന്നുകയറ്റക്കാരെയും പ്രതിരോധിക്കേണ്ടി വന്നേക്കും. സൈനിക സേവനം ചിലപ്പോള്‍ നിര്‍ബന്ധിതമായിത്തീരും. ഇസ്ലാമിക യുദ്ധ നിയമത്തില്‍ വൈയക്തികമായും പൊതുവെയും ബാധ്യസ്ഥരാവുന്ന രംഗങ്ങളുണ്ട്. ശത്രുപക്ഷത്തു നിന്ന് പടനീക്കമുണ്ടായാല്‍ പ്രതിരോധം വ്യക്തിബാധ്യതയാണ്. യുദ്ധമുഖത്ത് നിന്ന് പി ന്തിരിയാവതല്ല. കാരണം അത് തന്റെ കൂടി നാശഹേതുവായിരിക്കും. അതുപോലെ സുഭദ്രമായി നിലനില്‍ക്കുന്ന ഒരു രാഷ്ട്രം പരിസര രാജ്യങ്ങളില്‍ നിന്നും വരാന്‍ സാധ്യതയുള്ള ആക്രമണങ്ങള്‍ക്കെതിരെ ജാഗ്രതയുള്ളവരായിരിക്കണം. അതിന് പ്രായോഗികമായ വഴിയിലൂടെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തി അനുനയിപ്പിക്കുകയോ സന്ധിയിലേര്‍പ്പെടുന്ന സാഹചര്യമുണ്ടാക്കുകയോ, ഇസ്ലാമികാദര്‍ശ വഴിയിലേക്ക് ആകര്‍ഷിക്കുകയോ ചെയ്യണം. അല്ലാത്തപക്ഷം, അതിര്‍ത്തി കടക്കാതിരിക്കുന്നതിന് സംവിധാനങ്ങളേര്‍പ്പെടുത്തണം.

യുദ്ധം രൂപപ്പെട്ടാല്‍ യുദ്ധമേ സാധിക്കൂ എന്നതിനാല്‍ മറ്റു വഴികളില്ല. എന്നാല്‍ ഭീഷണമായ സാഹചര്യം ഇല്ലാതാക്കാന്‍ നിര്‍ദ്ദിഷ്ട പ്രവര്‍ത്തനങ്ങളും നടത്തണം. അത് പ്രബോധന ദൌത്യം പോലെ സാമൂഹ്യ ബാധ്യതയായാണ് വരുന്നത്.

ഇസ്ലാമിക സമൂഹം ഒരു യുദ്ധം ഏറ്റെടുക്കേണ്ടി വന്നാല്‍ അന്യത്ര സൂചിപ്പിച്ച പശ്ചാത്ത ലങ്ങളും സാഹചര്യങ്ങളും അടിസ്ഥാനപ്പെടുത്തിയും അവക്ക് വിധേയപ്പെട്ടുമാണത് നിര്‍വ ഹിക്കേണ്ടത്. ഇമാമോ അദ്ദേഹം നിര്‍ദേശിക്കുന്ന പ്രതിനിധിയോ ആയിരിക്കും അതിന് നേതൃത്വം നല്‍കുക. യുദ്ധം കൊണ്ട് രൂപപ്പെടുന്ന സാമൂഹ്യ ബന്ധങ്ങളും അതിന്റെ അനുബന്ധങ്ങളും സംസ്കാര നാഗരിക കൈമാറ്റത്തിന് നിമിത്തമായേക്കും. വികാര വിക്ഷോഭമുണ്ടാക്കി മുസ്ലിംകള്‍ക്കെതിരെ നയിക്കപ്പെട്ട സൈന്യത്തിലെ അംഗങ്ങള്‍ക്ക് മുസ്ലിംകളുടെ സംസ്കാരവും ജീവിതവും അടുത്തറിയാനവസരമുണ്ടാവും.

രണ്ടു നൂറ്റാണ്ട് നീണ്ടുനിന്ന കുരിശുയുദ്ധങ്ങള്‍ കുരിശു പട്ടാളക്കാരുടെ പരാജയത്തിലാണ് കലാശിച്ചത്. അവര്‍ നടത്തിയ അതിക്രൂരവും നീചവുമായ നരമേധ‏-നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലും ഇടയിലും തങ്ങള്‍ക്ക് മാപ്പ് നല്‍കപ്പെടുന്നതാണവര്‍ക്കനുഭവം. ഇസ്ലാമിക സംസ്കാരത്തിന്റെ ഇത്തരം ജീവല്‍ പ്രകടനങ്ങള്‍ അവരെ ആലോചനക്ക് പ്രേരിപ്പിച്ചു. ഈ നീണ്ട കാലയളവില്‍ മുസ്ലിംകളുമായുള്ള ഇടപഴകലിലൂടെ അവരാര്‍ജിച്ച ശാസ്ത്ര നാഗരിക ബോധമാണ് യൂറോപ്പിന്റെ വളര്‍ച്ചക്ക് അസ്ഥിവാരമായത് എന്നാണ് ചരിത്രം.

ഇസ്ലാമിന്റെയും മുസ്ലിംകളുടെയും സംസ്കാരവും ദാര്‍ശനിക സൌന്ദര്യവും സഹജീവികള്‍ക്കെത്തുന്നതിന് പ്രതിബന്ധമൊന്നുമില്ലാതിരിക്കേണ്ടതാണ്. അത്തരം സാഹചര്യത്തിന്റെ വിപാടനമാണ് ജിഹാദ് പൊതുബാധ്യതയായതിന്റെ താല്‍പര്യം. ശത്രു സംഹാരമല്ല, സുപ്രസിദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാവ് മുജാഹിദ്(റ)യെ സയ്യിദുല്‍ ബക്റി(റ) ഉദ്ധരിക്കുന്നു:

‘യുദ്ധം നിര്‍ബന്ധം എന്നാല്‍ അതിനര്‍ഥം ഉപാധികള്‍ നിര്‍ബന്ധമാണെന്നാണ്. മറിച്ച് ലക്ഷ്യമല്ല നിര്‍ബന്ധമാവുക. (കാരണം) ലക്ഷ്യം ഹിദായത്തും (സന്മാര്‍ഗാവലംബം) പോരാളിയുടെ വീരമരണവുമാണ്. അവിശ്വാസികളെ വധിക്കുന്നതല്ല യുദ്ധ ലക്ഷ്യം. എത്രത്തോളമെന്നോ, തെളിവുകള്‍ നിരത്തി സന്മാര്‍ഗ പ്രചാരണം സാധിക്കുമെങ്കില്‍ യുദ്ധത്തെക്കാളുത്തമം അതാണ്’ (ഇആനതുത്ത്വാലിബീന്‍ 4/216).

വര്‍ഷത്തിലൊരിക്കല്‍ ശ്രമം നടത്തല്‍ പൊതു ബാധ്യതയാണെന്നത് സ്റ്റേറ്റിന്റെ സുരക്ഷയു ടെയും സത്യമത പ്രബോധന പ്രതിബദ്ധതയുടെയും ഭാഗമാണ്. അതൊരു രക്തരൂക്ഷിത രണാങ്കണം തീര്‍ക്കാനുള്ള നിര്‍ദേശമല്ല എന്നത് വ്യക്തമാണ്.

ഒരു സൈനിക നീക്കം നടക്കുന്നുവെങ്കില്‍ എല്ലാവര്‍ക്കുമത് നിര്‍ബന്ധമാവുന്നതുമല്ല. കുട്ടികള്‍, സ്ത്രീകള്‍, രോഗികള്‍, വികലാംഗര്‍, കൈ‏-കാല്‍‏-വിരലുകളോ മറ്റോ മുറിക്കപ്പെട്ടവര്‍, യുദ്ധ സജ്ജീകരണമില്ലാത്തവര്‍, അടിമകള്‍, ഹജ്ജ് യാത്രക്ക് പ്രതിബന്ധമാവുന്ന വല്ലതും ഉള്ളവന്‍ തുടങ്ങിയവര്‍ക്ക് യുദ്ധം നിര്‍ബന്ധമില്ല.

അവധിയെത്തിയ കടമുള്ളവന്‍ കടക്കാരന്റെ അനുമതിയില്ലാതെയും, മാതാപിതാക്കള്‍ ജീവിച്ചിരിപ്പുള്ളവന്‍ അവരുടെ സമ്മതമില്ലാതെയും യുദ്ധത്തിനു പോവല്‍ ഹറാമാണ്. മാതാപി താക്കളും കടക്കാരനും നല്‍കിയ സമ്മതം യുദ്ധത്തിനു പുറപ്പെടും മുമ്പ് റദ്ദാക്കിയാല്‍ യാത്ര വീണ്ടും ഹറാമായിത്തീരും. യുദ്ധമാരംഭിച്ചാല്‍ യുദ്ധമുഖത്ത് നിന്ന് പിന്തിരിയലും നിഷിദ്ധം തന്നെ. ഇസ്ലാമിക സ്റ്റേറ്റില്‍ പ്രവേശിച്ചു ശത്രുക്കള്‍ക്കെതിരെ യുദ്ധം ചെയ്യല്‍ തദ്ദേശീയര്‍ക്ക് വ്യക്തിപരമായിത്തന്നെ നിര്‍ബന്ധമാണ്.

ഇമാമിന്റെയോ പ്രതിനിധിയുടെയോ അനുമതിയില്ലാതെ യുദ്ധം ആരംഭിക്കുന്നത് കറാഹത്താണ്. യുദ്ധമുന്നണിയില്‍ കുഴപ്പമുണ്ടാവാന്‍ കാരണമാവുന്ന ഭീരുത്വം പ്രകടിപ്പിക്കുന്നവരെയും വലിപ്പത്തരം പറയുന്നവരെയും മാറ്റി നിര്‍ത്തല്‍ ഇമാമിന് സുന്നത്താണ്. സൈനിക കമാന്ററായി നിയമിക്കപ്പെടുന്ന ആള്‍ക്ക് ചില ഗുണവിശേഷണങ്ങളനിവാര്യമാണ്. മതബോധവും യുദ്ധ പരിചയവും, സേനാംഗങ്ങളെ അല്ലാഹുവിന് വഴിപ്പെടുന്നതില്‍ പ്രേരിപ്പിക്കുന്ന സ്വഭാവവും ഉള്ളവനായിരിക്കണം. ദുര്‍നടപ്പുകാരനെ മേധാവിയാക്കുന്നത് നിഷിദ്ധമാണ്.

ഇമാം ശാഫിഈ(റ) പറയുന്നു:’മതകാര്യത്തില്‍ വിശ്വസ്തനും, ശാരീരികമായ ധീരനും, പക്വമതിയും, യുദ്ധ തന്ത്രജ്ഞനും, അതില്‍ നല്ല കാഴ്ചപ്പാടുള്ളവനും, ധൃതി കാണിക്കാത്തവനും, ശുണ്ഠി പിടിക്കാത്തവനും അല്ലാത്തവരെ ഇമാം യുദ്ധകാര്യം ഏല്‍പ്പിക്കാവതല്ല’ (അല്‍ ഉമ്മ് 4/237).

തുടര്‍ന്ന് അപകട സാധ്യതയുള്ള നിര്‍ദേശങ്ങളൊന്നും പോരാളികളോട് നിര്‍ദേശിക്കുകയോ അതിനു പ്രേരിപ്പിക്കുകയോ ചെയ്യരുതെന്നും ചുമതല നല്‍കുന്നവരെ ഇമാം അറിയിക്കണമെന്ന് പറയുന്നുണ്ട്. ഇനി ഇമാം അങ്ങനെ ചെയ്തില്ലെങ്കില്‍ ‘ഇസ്തിഗ്ഫാര്‍’ പാപമോചനം തേടണമെന്ന് വ്യക്തമാക്കുന്നുമുണ്ട്.

യുദ്ധമുഖത്താണ് താനെന്നും ഒരു പോരാളിയാണെന്നുമുള്ള ബോധത്തോടെയല്ല യുദ്ധത്തില്‍ പങ്കെടുക്കേണ്ടത്. മറിച്ച് എല്ലാവരും സുസ്ഥിതിയിലും സത്യവിശ്വാസത്തിലും ആയിത്തീരണമെ ന്നും അതിന് ഞാന്‍ കാരണമായാല്‍ എനിക്കതിന് മഹത്തായ പ്രതിഫലം ലഭിക്കുമെന്നുള്ള ചിന്തയാണവനെ നയിക്കേണ്ടത്. സേനയെ നിയോഗിക്കുന്ന സമയത്ത് നബി(സ്വ) തങ്ങള്‍ വളരെ കര്‍ക്കശമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.

‘അല്ലാഹുവിന്റെ പേരില്‍ അല്ലാഹുവിനെ മുന്‍നിര്‍ത്തി അല്ലാഹുവിന്റെ ദൂതര്‍ പഠിപ്പിച്ച വഴിയില്‍ നിങ്ങള്‍ യാത്രയാവുക. വയോവൃദ്ധരെയും ചെറിയ കുട്ടികളെയും സ്ത്രീകളെയും നിങ്ങള്‍ വധിക്കരുത്. നിങ്ങള്‍ നല്ലത് ചെയ്യുക. ഗുണകരമായ വിധം പ്രവര്‍ത്തിക്കുക. അല്ലാഹു ഗുണവാ ന്മാരെ ഇഷ്ടപ്പെടുന്നവനാണ്’ (കന്‍സുല്‍ ഉമ്മാല്‍: 11013).

നബി(സ്വ) തങ്ങള്‍ സൈന്യത്തെ യാത്രയാക്കുമ്പോള്‍ ഇങ്ങനെ പറയാറുണ്ടായിരുന്നു. ‘നിങ്ങള്‍ ജനങ്ങളോട് ഇണക്കമുള്ളവരാണ്. അവര്‍ക്കെതിരെ നിങ്ങള്‍ ക്ഷോഭിച്ച് അവരെ പാട്ടിന് വിടരുത്. ഭൂമിയിലുള്ളവരൊക്കെ മുസ്ലിംകളാവുന്നതാണ് നിങ്ങള്‍ ആണുങ്ങളെയെല്ലാം വധിച്ച് സ്ത്രീക ളെയും കുട്ടികളെയും യുദ്ധത്തടവുകാരായി കൊണ്ടുവരുന്നതിനെക്കാള്‍ ഞാനിഷ്ടപ്പെടുന്നത്’ (കന്‍സുല്‍ ഉമ്മാല്‍: 11396).

നബി(സ്വ) തങ്ങളുടെ നിര്‍ദേശാനുസരണം സ്വഹാബിവര്യന്മാര്‍ പ്രവര്‍ത്തിച്ചതിനാലാണ് ഇസ്ലാ മിക സമൂഹം നയിക്കേണ്ടി വന്ന യുദ്ധങ്ങളുടെ ബാക്കിപത്രം വളരെ ശോകമൂകമാവാതിരുന്നത്. വല്ലപ്പോഴും അബദ്ധവശാല്‍ നിര്‍ദേശത്തിന് വിരുദ്ധമായത് കണ്ടാല്‍ നബി(സ്വ) തങ്ങള്‍ അതില്‍ നീരസം പ്രകടിപ്പിച്ചിരുന്നു.

നബി(സ്വ) തങ്ങളുടെ മാതൃക തന്നെയാണല്ലോ ഖുലഫാക്കളും പിന്തുടര്‍ന്നത്. അവര്‍ സൈന്യത്തെ നിയോഗിക്കുമ്പോഴും കേമ്പിലേക്ക് വിവരമറിയിക്കുമ്പോഴും കര്‍ശനമായി പാ ലിക്കേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.

അബൂബക്കര്‍ സ്വിദ്ദീഖ്(റ) ശാമിലേക്ക് സൈന്യത്തെ നിയോഗിച്ചപ്പോള്‍ നല്‍കിയ നിര്‍ദേശം ഇങ്ങനെ കാണാം:

‘നിങ്ങള്‍ വഞ്ചന നടത്തരുത്, പൂഴ്ത്തിവെക്കരുത്, ചതിക്കരുത്, ചിത്രവധം നടത്തരുത്, ചെറിയ കുട്ടി, വൃദ്ധന്‍, സ്ത്രീ എന്നിവരെ കൊല ചെയ്യരുത്. ഈത്തപ്പന നശിപ്പിക്കരുത്, തീ വെക്കരുത്, ഫലമുള്ള വൃക്ഷം മുറിക്കരുത്, ഭക്ഷണാവശ്യത്തിനായി അറുക്കുന്നതല്ലാതെ ഒട്ടകങ്ങളെയും ആടുകളെയും കൊല്ലരുത്. മഠങ്ങളില്‍ സ്വസ്ഥമായിരിക്കുന്ന പുരോഹിതന്മാരെയും അവരുടെ ധ്യാനോപാധികളെയും നിങ്ങള്‍ വെറുതെ വിടണം’ (അല്‍കാമില്‍ 2/335).

ഉമര്‍(റ)വും ഇത് പ്രകാരത്തിലുള്ള നിര്‍ദേശങ്ങള്‍ നല്‍കിയത് കാണാം. ഈ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇസ്ലാമിക യുദ്ധ മര്യാദകള്‍ നിര്‍ണയിക്കപ്പെട്ടിരിക്കുന്നത്. യുദ്ധത്തിന്റെ സാഹചര്യം ഉണ്ടായിത്തീര്‍ന്നാല്‍ നേരെ യുദ്ധത്തിലേക്കെടുത്ത് ചാടണമെന്നല്ല നിര്‍ദേശിക്ക പ്പെട്ടിരിക്കുന്നത്. മറിച്ച് അതിന്റെ പ്രായോഗികമായ രീതി മുന്നോട്ട് വെച്ചിട്ടുണ്ട്. ആദ്യം സമാധാനപൂര്‍വം ഇസ്ലാമിലേക്ക് ക്ഷണിക്കുക. അങ്ങനെ യുദ്ധമില്ലാതിരിക്കാന്‍ ശ്രമിക്കണം. പിന്നീട് നിര്‍വാഹമില്ലാത്ത സാഹചര്യത്തില്‍ മാത്രമെ തുടര്‍ നടപടികളാകാവൂ. നബി(സ്വ) തങ്ങള്‍ സൈന്യത്തെ നിയോഗിക്കുമ്പോള്‍ ഇങ്ങനെ നിര്‍ദേശിക്കുമായിരുന്നു. ഒരു യുദ്ധത്തിന്‏ – സാഹചര്യമതനിവാര്യമാക്കിയാലും‏-സ്വാഭാവികമായ ചില പരിണിതികളുണ്ടാവും. എന്നാല്‍ പരമാവധി കാരുണ്യം അര്‍ഹരിലേക്ക് എത്തിക്കണമെന്നാണ് ഇസ്ലാമിക നിര്‍ദേശം.

യുദ്ധമാരംഭിച്ചാല്‍ അതിന് സ്വാഭാവികമായൊരന്ത്യമുണ്ടാവും. ഒരു വിഭാഗം പരാജയപ്പെട്ട് പത്തിമടക്കുകയോ പിന്തിരിഞ്ഞോടുകയോ ചെയ്യലാണത്. ശത്രു സംഹാരവും സ്വയം നാശവുമൊക്കെ അതുവഴി ഉണ്ടാവും. എന്നാല്‍ ഇത് മാത്രമല്ല യുദ്ധമവസാനിക്കുന്നതിനും അവസാനിപ്പിക്കുന്നതിനും ഇല്ലാതാക്കുന്നതിനുമുള്ള വഴി, അനുരഞ്ജനത്തിന് തയ്യാറാവുകയോ സന്ധിയിലേര്‍പ്പെട്ട് സുരക്ഷിത ഇടവേള തീര്‍ക്കുകയോ, അഭയം നല്‍കുകയോ ആവാം. ഇത്തരം ആവശ്യങ്ങളും സാഹചര്യവും ഉണ്ടായാല്‍ അംഗീകരിക്കേണ്ടതാണ്. ഇസ്ലാമിക ഖിലാഫത്തിന് കീഴില്‍ സമാധാന ജീവിതമാഗ്രഹിക്കുന്നവന് വ്യവസ്ഥാപിതമായി സമാധാന ജീവിതം നേടാനവസരമുണ്ട്. ഓരോ സന്ദര്‍ഭങ്ങളിലും പാലിച്ചിരിക്കേണ്ട വ്യവസ്ഥകള്‍ വെവ്വേറെ തന്നെ കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ വിവരിച്ചിട്ടുണ്ട്.

അല്ലാഹു പറയുന്നു: ‘അവര്‍ സമാധാനത്തിനായി ആഗ്രഹം പ്രകടിപ്പിച്ചാല്‍ അങ്ങ് അത് സ്വീകരിക്കുക’ (ആശയം: അല്‍ അന്‍ഫാല്‍: 61).

സന്ധിയും വ്യവസ്ഥയും തയ്യാറാക്കി യുദ്ധം താല്‍ക്കാലികമായി അവസാനിപ്പിക്കുന്നതിന് മുന്‍കൈ എടുക്കണം. ഹുദൈബിയ സന്ധി എന്ന പേരിലറിയപ്പെടുന്ന ചരിത്രപ്രസിദ്ധമായ സന്ധി നമുക്കറിവുള്ളതാണല്ലോ. ഒരു യുദ്ധത്തിന്റെ എല്ലാ രംഗവും ഒരുങ്ങിയപ്പോഴായിരുന്നു വലിയ വിട്ടുവീഴ്ചയോടെ നബി(സ്വ) തങ്ങള്‍ അതിന് തയ്യാറായത്.


RELATED ARTICLE

  • തീവ്രവാദം : പരിഹാരവും നിലപാടും
  • ലക്ഷ്യം പുനര്‍നിര്‍ണയിക്കുക
  • തീവ്രവാദം പരിഹാരമല്ല
  • ഇന്ത്യന്‍ സാഹചര്യം തേടുന്നത്
  • യുദ്ധ നിയമങ്ങളില്‍ നിന്ന്
  • ശിക്ഷാ നിയമങ്ങള്‍
  • ഇസ്ലാമും യുദ്ധവും
  • ഇസ്ലാമും വാളും
  • ഇസ്ലാമിലെ ധാര്‍മിക വ്യവസ്ഥ
  • തീവ്രവാദം ഇസ്ലാമിക വീക്ഷണത്തില്
  • തീവ്രവാദം