Click to Download Ihyaussunna Application Form
 

 

ശിക്ഷാ നിയമങ്ങള്‍

ഇസ്ലാമിലെ ശിക്ഷാ നിയമങ്ങളുടെ ആത്യന്തിക ലക്ഷ്യം സമാധാന സംസ്ഥാപനമാണ്. കൈക്കരുത്തും മെയ്ക്കരുത്തും ദുര്‍മോഹവും അധമ വികാരവും അതിരുകടന്നുണ്ടായിത്തീരുന്ന അരുതായ്മകള്‍ക്കെതിരെ ഫലപ്രദവും പ്രാ യോഗികവുമായ നടപടിക്രമങ്ങളാണിസ്ലാം നിര്‍ദേശിക്കുന്നത്. കുറ്റവാളികള്‍ സൃഷ്ടിക്കപ്പെട്ട ശേഷം അവര്‍ ശിക്ഷിക്കപ്പെടുക എന്നതല്ല അതിന്റെ താല്‍പര്യം. മറിച്ച് കുറ്റവാളികള്‍ ഇല്ലാതായിത്തീരണമെന്നാണതിന്റെ ലക്ഷ്യം. ഒരു കുറ്റത്തിന് ലഭിക്കുന്ന ശിക്ഷയുടെ ലാളിത്യവും ഗൌരവവുമല്ല പ്രധാനം. സമകാല സമൂഹത്തില്‍ അപമാനിതനാവുന്ന സാഹചര്യം ആത്മാഭിമാനികള്‍ക്ക് എങ്ങനെയാണ് സഹിക്കാനാവുക.

സദാചാര ദുരാചാര ബോധത്തോടെയും അച്ചടക്കത്തോടെയും ജീവിക്കുക വഴി പ്രപഞ്ച ക്രമത്തിന്റെ സുതാര്യതക്ക് സഹായവും സഹജീവികള്‍ക്ക് പ്രയോജനവും ആത്മ സുരക്ഷയും അഭിമാന സംരക്ഷണവും ഉറപ്പ് വരുത്താന്‍ വിശ്വാസി കടപ്പെട്ടവനാണ്.

ഇസ്ലാമിന്റെ നിയമ നിര്‍ദേശങ്ങളും വിധിവിലക്കുകളും അംഗീകരിക്കുന്നവരും അനുവര്‍ത്തിക്കുന്നവരുമായ ക്ളിപ്ത സമൂഹമായി രൂപപ്പെട്ട് നില്‍ക്കുന്നവരില്‍ ഉണ്ടാ യിത്തീരാനിടയുള്ള അസ്വാരസ്യങ്ങളെയും അരുതായ്മകളെയും ഇല്ലായ്മ ചെയ്യുന്നതിനുള്ള അവസരത്തെ ആ സമൂഹം സ്വയം ആവശ്യപ്പെടുന്നതാണ്. പുത്തന്‍ നാഗരിക ക്രമത്തിലും ശിക്ഷാവിധികളും അച്ചടക്ക നടപടികളും യുദ്ധ നിയമങ്ങളും പ്രതിരോധ നടപടികളും സന്നാഹങ്ങളും നമുക്ക് കാണാമല്ലോ. മനുഷ്യനിര്‍മിതമായ ഭൌതിക നിയമങ്ങളില്‍ സാഹചര്യപരമായ ചടുലതകള്‍ മാത്രമായിരിക്കും പരിഗണിക്കപ്പെട്ടിരിക്കുക. അതിനാല്‍ അതില്‍ ഇടക്കിടെ ഭേദഗതികളുണ്ടായിത്തീരുന്നു. ഇസ്ലാമിക നിയമങ്ങള്‍ മുഴുവന്‍ നാഗരികത്തുടിപ്പുകളും സൃഷ്ടിച്ചേക്കാവുന്ന ഏത് വിധത്തിലുള്ള മനുഷ്യ‏-പ്രകൃതി‏-ദേശ വിരുദ്ധതകളെയും നേരത്തെ തന്നെ ലക്ഷ്യം വെച്ചിരിക്കുകയാണ്. അതുവഴി സമ്പൂര്‍ണമായ സംസ്കരണവും സംരക്ഷണവും ആണ് ഇസ്ലാം താല്‍പര്യപ്പെടുന്നത്.

ഈദൃശവ്യതിരിക്തകളെ കൃത്യമായി പരിഗണിച്ചുകൊണ്ട് കാര്യങ്ങളെ നിരീക്ഷിക്കുന്നതിന് പകരം സ്വയം മേനി നടിക്കലിന്റെ രീതിശാസ്ത്രമാണ് ചിലര്‍ സ്വീകരിക്കുന്നത്. ഇസ്ലാമിലെ അച്ചടക്ക ശിക്ഷാ‏-ശിക്ഷണ‏-യുദ്ധ നിയമങ്ങളെ തെറ്റിദ്ധരിപ്പിക്കാനും അതുപോലെ ഇസ്ലാമിലെ നിയമ നിര്‍ദേശങ്ങളുടെ നടപ്പാക്കലിനുള്ള അടിസ്ഥാന ഉപാധികള്‍ വിസ്മരിച്ച് ഉപരിപ്ളവമായ കാരണങ്ങള്‍ വിലയിരുത്താനുമാണ് ചിലര്‍ക്ക് താല്‍പര്യം. അത്തരക്കാരാണ് സ്ഥലകാല ബോധമില്ലാതെ യുദ്ധനിര്‍ദേശമുള്ള ഖുര്‍ആനിക വചനങ്ങളും പ്രവാചക വചനങ്ങളും ഉദ്ധരിച്ച് അണികളെ സജ്ജീകരിക്കുന്നത്.

ദുര്‍വ്യാഖ്യാനം

ഇസ്ലാമിക നിയമ ശാസ്ത്രം യുദ്ധ നിയമങ്ങളവതരിപ്പിക്കുന്നുണ്ട്, ചരിത്രം, യുദ്ധകഥകള്‍ വിവരിക്കുന്നുമുണ്ട്, പോരാളികള്‍ക്ക് ഉന്നതമായ പ്രതിഫലമുണ്ട് എന്നിത്യാദി അടിസ്ഥാന സത്യങ്ങള്‍ ക്രൂരമായി ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്നുണ്ടിന്ന്. യഥാര്‍ഥ നിയമ ശാസ്ത്രപരവും ചരിത്രപരവുമായ അജ്ഞതയാണിതിന് ഒരു കാരണം. എന്നാല്‍ അടിസ്ഥാന കാരണം ഇസ്ലാമിക പാഠങ്ങളെക്കുറിച്ച് മൊത്തമായുള്ള വികല വിവരമാണ്. ഇസ്ലാമിക വിജ്ഞാനങ്ങള്‍ക്ക് അവലംബിക്കേണ്ട അതിന്റെ യഥാര്‍ഥ സ്രോതസ്സുകള്‍ക്കു പകരം ചില കുപ്രചാരണങ്ങളെയും വികലമായ അവതരണങ്ങളെയും അവലംബിച്ച് അബദ്ധത്തില്‍ പെടുത്തി എന്നതാണ് വാസ്തവം.

കൂടിക്കഴിയുന്ന ഒരു സമൂഹത്തിലെ വിഹ്വലതകള്‍ക്ക് സാമൂഹ്യക്രമം തകരാത്ത സംവിധാനങ്ങളിലൂടെയാണ് പരിഹാരമുണ്ടാകേണ്ടത്. ഭദ്രവും കൃത്യവുമായ ഒരു പരിധിക്കുള്ളില്‍ ആഭ്യന്തര സുരക്ഷ സുദൃഢമാകാതെ നടക്കുന്ന ഏതൊരു പോരാട്ടവും വിജയമല്ല നേടിത്തരിക എന്നത് വ്യക്തമാണ്. അതിനാല്‍ തന്നെ ശത്രുവും മിത്രവും വേറിട്ട് കാണപ്പെടുന്ന സാഹചര്യത്തിലല്ലാതെ ഒരു യുദ്ധ നിര്‍ദേശം സ്വയം നാശമായിരിക്കും.

അങ്ങനെയുള്ള ഒരു അപക്വ സമീപനത്തിന് ഇസ്ലാം നിര്‍ദേശിക്കുന്നു എന്ന് പറയുന്നത് തന്നിഷ്ടത്തിന് ഇസ്ലാമിനെ ഉപാധിയാക്കലാണ്. ഒരു വിശ്വാസിക്കും ഇത് ചേര്‍ന്നതല്ല ഇസ്ലാമില്‍ നിയമ പ്രാബല്യമുള്ള യുദ്ധം ‘ഫീ സബീലില്ലാഹി’ മാത്രമാണ്. അങ്ങനെയാവാന്‍ അതിന്റേതായ മൂന്നുപാധികള്‍ പൂര്‍ണമായും ഒത്തുവരേണ്ടതാണ്.

കേരളത്തിലോ ഇന്ത്യയിലോ ഇന്നത്തെ സാഹചര്യത്തില്‍ യുദ്ധം ഒരനിവാര്യ കര്‍മമായി വിശ്വാസിയെ ബാധിക്കുന്നില്ല എന്നതാണ് സ്ഥിതി. അതിനാല്‍ തന്നെ ഖുര്‍ആനിക സൂക്തങ്ങളും നബിവചനങ്ങളും അതിന്റെ ബാഹ്യമായ അര്‍ഥതലത്തില്‍ മാത്രം ഒതുക്കി ഉന്നയിക്കുന്നതും മനസ്സിലാക്കുന്നതും ശരിയായ രീതിയല്ല. ഖുര്‍ആനിലെയും ഹദീസിലെയും ഏതൊരു നിര്‍ദേശങ്ങള്‍ക്കും അത് നടപ്പാക്കുന്നതിന് ഒരു രീതിശാസ്ത്രമുണ്ടാവും. അതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ അവയെ സമീപിക്കാവൂ. പൂര്‍വസൂരികളും വിജ്ഞാന വിജിഗീഷുക്കളുമായ മഹാന്മാര്‍ നമുക്കായി നല്‍കിയ പ്രായോഗിക പാഠങ്ങള്‍ സ്വീകരിക്കലാണ് നമുക്ക് കരണീയം.

വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഫലശൂന്യമായ ഒരേര്‍പ്പാടും ചെയ്യുന്നതിലര്‍ഥമില്ല. ഗുണപരമായ പ്രതിഫലനങ്ങളുള്ളതില്‍ മാത്രമേ വിശ്വാസി അവന്റെ സമ്പത്തും ശരീരവും ആരോഗ്യവും വിനിയോഗിക്കാവൂ. കാരണം അവയെല്ലാം എങ്ങനെ വിനിയോഗിച്ചു എന്നതിനെക്കുറിച്ച് വിചാരണ നേരിടേണ്ടവനാണെന്ന വിശ്വാസം തന്റെ ആദര്‍ശത്തിന്റെ ഭാഗമാണ്. എങ്കില്‍ പിന്നെ നാശഹേതുകമായതില്‍ ഇടപെടുന്നത് എന്തുമാത്രം വിഡ്ഢിത്തമാണ്? ഇസ്ലാമിലെ യുദ്ധങ്ങള്‍ നടന്നത് വിജയ സുനിശ്ചിതത്വം ഉണ്ടായതിനു ശേഷമാണെന്നതാണ് വസ്തുത. മക്കയില്‍ യുദ്ധാനുമതിയുണ്ടായിരുന്നില്ല എന്ന് നമുക്കറിയാം. കാരണം പലതാണ്. സാഹചര്യത്തിന്റെ പ്രതികൂല ഭാവമായിരുന്നു പ്രധാനം. പ്രതികൂലമായ സാഹചര്യം എന്നാലര്‍ഥം നടപടിക്രമത്തിന് പ്രതിസന്ധിയുണ്ടെന്നാണ്. അത്തരം പ്രതിസന്ധികള്‍ അവസാനിച്ച ശേഷമാണ് നബി(സ്വ) തങ്ങള്‍ യുദ്ധം നയിക്കുകയോ സൈനിക നീക്കം നടത്തുകയോ ചെയ്തത്.

നാശത്തിനു കാരണമാവുന്ന എന്തും വിശ്വാസിയില്‍ നിന്നുണ്ടാവുന്നത് വിശുദ്ധ ഇസ്ലാം വിലക്കുന്നുണ്ട്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:’നിങ്ങള്‍ നാശത്തിലേക്ക് നിങ്ങളുടെ കരങ്ങള്‍ ഇടരുത്’ (ആശയം: അല്‍ ബഖറ: 195).

നാശത്തിന് നിമിത്തമാവുന്ന ക്രിയയും നിഷ്ക്രിയത്വവും സമീപനവുമെല്ലാം ഇതിന്റെ പരിധിയില്‍ വരുമെന്നാണ് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പഠിപ്പിക്കുന്നത്. ചാവേര്‍ സംബന്ധിയായ ചര്‍ച്ചയില്‍ ഇത് വിവരിച്ചിട്ടുണ്ട്. നാശം എന്ന പ്രയോഗം വളരെ അര്‍ഥഗര്‍ഭമായതാണ്. രക്തസാക്ഷിത്വം ഒരു ഉന്നതമായ പദവിയാണെന്നിരിക്കെ നാശമെന്ന പ്രയോഗത്തിനര്‍ഥം ഈ പവിത്ര പദവിയില്‍ നിന്നും മാര്‍ഗഭ്രംശം സംഭവിച്ച അവസ്ഥ വരാനുള്ള സാധ്യതയുണ്ടെന്ന് കൂടിയാണ്. സ്വയം കൃതാനര്‍ഥമായി വന്നു ഭവിക്കുന്ന നാശനഷ്ടങ്ങള്‍ ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും ഭാഗമായി വിലയിരുത്തപ്പെടുന്നതല്ല.

സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും സുഭദ്രതക്കും സത്യപ്രസ്ഥാനത്തിന്റെ പ്രത്യക്ഷതക്കും പ്രകാശനത്തിനും ആവശ്യമായ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന്റെ ബാധ്യത ആപേക്ഷികമായ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. കേവലമായ വൈകാരിക പ്രക്ഷോഭത്തിന്റെ സൃഷ്ടിയായല്ല അതുരുത്തിരിയേണ്ടത്. അതിനാല്‍ തന്നെ ഇസ്ലാമിക സമൂഹത്തിന്റെ സാമൂഹ്യ ബാധ്യതകള്‍ക്ക് നിര്‍വഹണ സാഹചര്യം ഒത്തിണങ്ങേണ്ടതത്യാവശ്യമാണ്.

ഒരു ഖലീഫയുടെയോ ഇമാമിന്റെയോ നേതൃത്വത്തില്‍ ജ്വലിച്ച് നില്‍ക്കുന്ന ഒരു ഇസ്ലാമിക രാഷ്ട്രം അതിന്റെ സാമൂഹികവും സാംസ്കാരികവുമായ ദൌത്യം നിര്‍വഹിക്കാന്‍ ബാധ്യസ്ഥമാണ്. ഒരു ജനാധിപത്യ രാഷ്ട്ര സംവിധാനത്തില്‍ നിന്നും ഉന്നതമായി മനുഷ്യരുടെയും പ്രപഞ്ചത്തിന്റെയും സമ്പൂര്‍ണമായ സുസ്ഥിതിയും സുരക്ഷയും മോക്ഷവും അടിസ്ഥാനപ്പെടുത്തിയുള്ള രീതിയാണിസ്ലാമിക സ്റ്റേറ്റിനുണ്ടാവുക. രാഷ്ട്രത്തിന്റെയും രാഷ്ട്രത്തിലെ ജനങ്ങളുടെയും സുരക്ഷക്ക് ഭീഷണിയാവുന്ന പ്രതിലോമ പ്രവണതകളെയും അയല്‍രാജ്യങ്ങളില്‍ നിന്നും ഉണ്ടായേക്കാവുന്ന ഭീഷണിയെയും ഒരു രാഷ്ട്രത്തിനും കണ്ടില്ലെന്ന് നടിക്കാനാവില്ല. പ്രതിരോധത്തിനായി വളരെ വലിയ സന്നാഹങ്ങള്‍ എല്ലാ രാജ്യങ്ങളും സജ്ജീകരിക്കാറുണ്ട്. ഇസ്ലാമിലെ യുദ്ധ നിയമ നിര്‍ദേശങ്ങള്‍ ഇങ്ങനെയേ നിരീക്ഷിക്കേണ്ടതുള്ളൂ.

നീതി നിഷേധിക്കപ്പെട്ടവരും ചിന്താ സ്വാതന്ത്യ്രമില്ലാത്തവരുമായ പീഡിത ജനതയെ അവരനുഭവിക്കുന്ന കഷ്ടതകളില്‍ നിന്നും മോചിപ്പിക്കുന്നതിനായി പടനീക്കം നടത്തുന്നതിന് പു ത്തന്‍ സാമൂഹ്യ ക്രമത്തില്‍ പോലും അംഗീകാരമുള്ളതാണ്. ഇസ്ലാമിക ഖിലാഫത്തിന്റെ ആദ്യനാളുകളില്‍ നടന്ന പേര്‍ഷ്യന്‍ റോമന്‍ പ്രദേശങ്ങളിലേക്കുള്ള സൈനിക നീക്കം ഈ ഗണത്തിലുള്‍പ്പെട്ടതാണ്. റോമും പേര്‍ഷ്യയും ഒരു ജനതയെ ഏത് വിധത്തിലാണ് പീ ഡിപ്പിച്ചിരുന്നതും ചൂഷണം ചെയ്തിരുന്നതും എന്ന് ചരിത്രം നമുക്ക് വിവരിച്ചു തരുന്നുണ്ട്. അതിനെതിരെ അവിടങ്ങളിലെ സാമ്രാട്ടുക്കളോടും അവരുടെ സില്‍ബന്ധികളോടുമാണ് മുസ്ലിംകള്‍ യുദ്ധം ചെയ്തത്. അങ്ങനെ ഇസ്ലാമിന്റെ പ്രവേശനമുണ്ടായ നാടുകളിലെല്ലാം സമാധാനവും ശാന്തിയും പുലര്‍ന്നത് ചരിത്ര സത്യമാണ്. ഹിമ്മസ്വ് നിവാസികളുടെ അഭിപ്രായ പ്രകടനവും തീരുമാനവും ഇതിനുദാഹരണമാണ്. ഖാലിദുബ്നുല്‍ വലീദ്(റ)വിന്റെ കാലത്ത് ഹിമ്മസ്വില്‍ വിജയമുണ്ടായി, ഒരു പ്രവിശ്യയില്‍ ഇസ്ലാമിക ഭരണം നിലവില്‍ വന്നു. അവിടെയുണ്ടായിരുന്ന ക്രിസ്തുമത വിശ്വാസികള്‍ ഭരണകൂടത്തിന് കീഴൊതുങ്ങി ജീവിക്കാന്‍ തീരുമാനിച്ചു. അവര്‍ കപ്പം നല്‍കാന്‍ തയ്യാറായി. അങ്ങനെയിരിക്കെ റോമന്‍ ചക്രവര്‍ത്തിയുടെ വലിയ സൈനിക സന്നാഹം ആക്രമണ സജ്ജരായി അങ്ങോട്ട് വരുന്നെന്നറിഞ്ഞു. അപ്രതിരോധ്യമായിരിക്കുമതെന്ന് മനസ്സിലായപ്പോള്‍ മുസ്ലിം ഭരണകൂടം അവിടം വിടുന്നതിനായി തീരുമാനിച്ചു. തദ്ദേശീയരായ ക്രിസ്ത്യാനികളെ വിളിച്ച് നിസ്സഹായതയറിയിച്ചുകൊണ്ട് കപ്പം തിരിച്ചു നല്‍കാമെന്ന് പറഞ്ഞു. പക്ഷേ, അവരപ്പോള്‍ പ്രതികരിച്ചതിങ്ങനെയായിരുന്നു.

‘ഏ നേതാവേ, ഈ കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് തന്നെ നിങ്ങളുടെ നീതിയും ഗുണവും ഞങ്ങളനുഭവിച്ചറിഞ്ഞിരിക്കുന്നു. മുമ്പ് ഞങ്ങള്‍ റോമിന്റെ അക്രമവും അനീതിയും അനുഭവിച്ചിട്ടുമുണ്ട്. അതിനാല്‍ നിങ്ങളുടെ നീതിയും ഗുണവുമാണ്, റോമിന്റെ അക്രമത്തേക്കാളും അനീതിയെക്കാളും ഞങ്ങള്‍ക്കിഷ്ടം. ആകയാല്‍ പ്രതിസന്ധിയില്‍ പതറാതെ സഹനം കൈക്കൊള്ളണമെന്നും ശത്രുക്കളോട് പോരാടണമെന്നുമാണ് ഞങ്ങള്‍ക്കാവശ്യപ്പെടാനുള്ളത്. ഞങ്ങളുടെ എല്ലാ ശക്തിയും സംഭരിച്ച് നിങ്ങളോടൊപ്പം പടപൊ രുതാന്‍ ഞങ്ങള്‍ തയ്യാറാണ്. ജീവിക്കാന്‍ സാധിച്ചാല്‍ നമുക്കെല്ലാം ഇസ്ലാമിന്റെ നീതിയുടെ തണലില്‍ ജീവിക്കാം. അല്ലെങ്കില്‍ നമുക്ക് നമ്മുടെ നാഥനെ അഭിമുഖീകരിക്കാം (ധീര മരണം വരിക്കാം). അങ്ങനെ അവര്‍ മുസ്ലിംകളോടൊപ്പം സ്വന്തം മതവിശ്വാസികളായ ക്രൈസ്തവ റോമിനെതിരെ പോരാടുകയുണ്ടായി’ (ഖബസാതുന്‍ മിന്‍ ഹയാതിര്‍റസൂല്‍ (സ്വ), പേജ്: 147).

ഇസ്ലാമിന്റെ സൌന്ദര്യവും സൌരഭ്യവും അനുഭവിക്കാനവസരം നിഷേധിക്കപ്പെട്ടവര്‍ക്ക് അതെത്തുന്നതിനുള്ള തടസ്സം നീങ്ങിയപ്പോള്‍ അതിനോടുണ്ടായ ആഭിമുഖ്യമാണിതില്‍ കാണുന്നത്. ഇസ്ലാം സ്വീകരിച്ചാലും ഇല്ലെങ്കിലും ഭൌതികമായ ജീവിത സുസ്ഥിതിയുടെ അടിസ്ഥാന സാഹചര്യങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നതാണിത് വ്യക്തമാക്കുന്നത്. സ്വന്തം മതാനുയായികളാണെങ്കിലും അധികാരികളെന്ന നിലയില്‍ നടത്തിയിരുന്ന അന്യായങ്ങളും അതിക്രമങ്ങളും അനുഭവിക്കാന്‍ മാത്രം വിധിക്കപ്പെട്ടവര്‍ ഒരു തരം വിധേയപ്പെടലിന് പാ കപ്പെട്ടവരായിരുന്നു. അതില്‍ നിന്നും ഭിന്നമായി സ്വതന്ത്രവും സുന്ദരവുമായ ഒരന്തരീക്ഷം പുറം ലോകത്തുണ്ടെന്നറിയുന്നതിനുള്ള അവകാശമാണ് ഭരണകൂടങ്ങള്‍ അവര്‍ക്ക് നിഷേധിച്ചിരുന്നത്. റോമും പേര്‍ഷ്യയും ഈ വിഷയത്തില്‍ തുല്യമായിരുന്നു എന്നതാണ് ചരിത്രം. അതുകൊണ്ടാണ് അവിടങ്ങളിലെല്ലാം ഇസ്ലാമികമായ വിജയങ്ങള്‍ വേഗത്തില്‍ സാധിച്ചത്.

അവിടങ്ങളില്‍ നിലനിന്ന ഭരണകൂടങ്ങളുടെയും സാമ്രാട്ടുക്കളുടെയും മുന്നില്‍ ധീരമായി കടന്നുചെന്ന് ഇസ്ലാമിന്റെ സന്ദേശം കേള്‍പ്പിക്കാനുള്ള ആര്‍ജ്ജവം നേടിയ ആത്മാഭിമാനികളെ ഇസ്ലാം സൃഷ്ടിച്ചിട്ടുണ്ടായിരുന്നു. റോമാന്‍ സാമ്രാട്ട് ഹെറാക്ളിയസിന്റെ മുന്നില്‍ ധീരമായി തക്ബീറും ഇസ്ലാമിക സന്ദേശവും ഉരുവിട്ട ഹിശാമുബ്നുല്‍ ആസ്വി(റ)യും റുസ്തുമിന്റെ മുന്നില്‍ ഇസ്ലാമിക സന്ദേശം സധൈര്യം ഉല്‍ഘോഷിച്ച റിബ്ഇയ്യ് ബ്നു ആമിര്‍(റ)യും ആ പ്രദേശങ്ങളിലെ അടിച്ചമര്‍ത്തപ്പെട്ടവരില്‍ പ്രതീക്ഷ വളര്‍ത്തിയിട്ടുണ്ടായിരുന്നു. ഇസ്ലാമിക ഭരണം നേരിട്ടനുഭവിക്കാന്‍ കൂടി അവസരമുണ്ടായപ്പോള്‍ അവര്‍ക്കത് വളരെ ഹൃദ്യമായിത്തീര്‍ന്നു. നിര്‍ബന്ധിതമായ മതപരിവര്‍ത്തനത്തിനായിരുന്നില്ല ആ പടയോട്ടങ്ങളെന്നതിന് ഓരോ ചരിത്ര മുഹൂര്‍ത്തങ്ങളും സാക്ഷിയാണ്. മറിച്ച് അവയെല്ലാം വിശുദ്ധ ഖുര്‍ആന്റെ നിര്‍ദേശമായ അടിച്ചമര്‍ത്തപ്പെട്ടവരുടെ മോചനത്തിന് വേണ്ടിയുള്ളതും വിജയ പ്രതീക്ഷയുള്ളതുമായ യുദ്ധങ്ങളായിരുന്നു. ഖുര്‍ആന്‍ പറയുന്നു:

‘നിങ്ങള്‍ക്കെന്തു പറ്റി? അല്ലാഹുവിന്റെ മാര്‍ഗത്തിലും ദുര്‍ബലരായ സ്ത്രീ പുരുഷന്മാരെയും കുട്ടികളെയും രക്ഷപ്പെടുത്തുന്ന വഴിയിലും നിങ്ങള്‍ യുദ്ധം ചെയ്യുന്നില്ലല്ലോ. അവര്‍(ദുര്‍ബലര്‍) ഇങ്ങനെ പറയുന്നവരാണ്’ ‘ഞങ്ങളുടെ നാഥാ, അക്രമികളായ ആളുകളുള്ള ഈ നാട്ടില്‍ നിന്നും നീ ഞങ്ങളെ രക്ഷപ്പെടുത്തേണമേ. നിന്റെ അടുത്ത് നിന്നും ഞങ്ങളെ സംരക്ഷിക്കുന്നവനെ നിശ്ചയിക്കേണമേ, നിന്റെ ഭാഗത്ത് നിന്നും ഞങ്ങള്‍ക്ക് നീ സഹായിയെ നിശ്ചയിക്കേണമേ’ (ആശയം: അന്നിസാഅ്: 75).

ഈ ആയത്തിന്റെ അവതരണം നേരിട്ട് പരാമര്‍ശിക്കുന്നത് പലായനത്തിന് സാധിക്കാതെ മക്കയില്‍ കഴിയുന്നവരെയാണ്. എന്നാല്‍ അക്രമികളുടെ തടസ്സം നിമിത്തം സ്വൈരജീവിതവും വ്യവഹാരവും നിഷേധിക്കപ്പെട്ട സ്വാതന്ത്യ്രത്തിന്റെ പുനഃസ്ഥാപനമാഗ്രഹിക്കുന്നവരെല്ലാം ഇതിന്റെ പരിധിയില്‍ വരുന്നതാണ്. അടിച്ചമര്‍ത്തപ്പെട്ട ഏതൊരു ജനതയുടെയും പ്രഥമമായ മോഹം മോചനമായിരിക്കും. ആ മോചനത്തിന് ഉപയുക്തമായ നടപടിക്രമങ്ങള്‍ നടന്നുകാണുന്നതിനായി പ്രാര്‍ഥിക്കുക എന്നത് സ്വാഭാവികമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം ദുരിതപൂ ര്‍ണമായ അവസ്ഥയില്‍ അകപ്പെട്ടവര്‍ക്കായി ഉപാധികളൊത്ത സൈനിക നീക്കങ്ങള്‍ ഈ ആയത്തിലൂടെ ആവശ്യപ്പെടുകയാണ്. അതിന് പക്ഷേ, യുദ്ധം എന്ന സങ്കീര്‍ണതയെ സമീപി ക്കേണ്ടതിന് അടിസ്ഥാനപരമായ എല്ലാ സാഹചര്യങ്ങളും ഒത്തിണങ്ങിയിരിക്കണം. ഇസ്ലാമിക ചരിത്രത്തിലെ യുദ്ധങ്ങളെല്ലാം അങ്ങനെ മാത്രമേ നടന്നിട്ടുള്ളൂ.

ഇസ്ലാമിക സമൂഹത്തിന്റെ ചരിത്രത്തിലെ യുദ്ധങ്ങളും പടനീക്കങ്ങളും, സാഹചര്യപരമായ അനിവാര്യതയെ ഇസ്ലാമിക നിയമങ്ങളുടെ അടിസ്ഥാനത്തില്‍ സമീപിച്ചതിന്റെ ഫലമാണെന്ന് ചുരുക്കം. അതിക്രമമോ ധീരതാ പ്രകടനമോ ആയിരുന്നില്ല അവരുടെ ലക്ഷ്യം. അതിനാലാണ് സൈനിക തലവന്മാര്‍ക്ക് ഖലീഫമാര്‍ കണിശമായ നിര്‍ദേശങ്ങള്‍ നല്‍കിയത്. യുദ്ധമുഖത്തെത്തി രണവീര്യം പ്രകടിപ്പിച്ചവര്‍ക്കെതിരെ മാത്രമേ യുദ്ധമുള്ളൂ. മറിച്ച് വീടുകളില്‍ കഴിയുന്ന കുട്ടികള്‍, സ്ത്രീകള്‍, വൃദ്ധന്മാര്‍, മഠങ്ങളിലും ആശ്രമങ്ങളിലും കഴിയുന്ന സന്യാസിമാര്‍, മൃഗങ്ങള്‍, വൃക്ഷങ്ങള്‍, കൃഷികള്‍ ഒന്നും നശിപ്പിക്കപ്പെടുകയോ മര്‍ദ്ദിക്കപ്പെടുകയോ ചെയ്യരുതെന്ന നിര്‍ദേശം കണിശമായിരുന്നു. പരിഷ്കൃത യുഗത്തിനു പോലും അജ്ഞാതമായ അനേകം പെരുമാറ്റ ചട്ടങ്ങള്‍ ഈ രംഗത്ത് ഇസ്ലാമിനുണ്ട്.

ഇസ്ലാമിക കര്‍മശാസ്ത്ര ഗ്രന്ഥങ്ങളിലും ഖുര്‍ആന്‍ വ്യാഖ്യാനങ്ങളിലും ഹദീസ് വിവരണങ്ങളിലും അവ വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്. ഇസ്ലാമിക ചരിത്രത്തിലെ യുദ്ധത്തില്‍ നിന്നും അത് വായിച്ചെടുക്കാന്‍ സാധിക്കുന്നതുമാണ്. യുദ്ധമോഹവും സന്നാഹവുമായി സമീപത്തെത്തിയ ശത്രുസൈന്യത്തെ സംബന്ധിച്ചിടത്തോളം അവര്‍ യുദ്ധമുഖത്താണ്. ആക്രമണം അവസാനിപ്പിക്കാനും സമാധാനം പുലരാനുമായി അവിടെ പ്രത്യാക്രമണം ആവശ്യമായി വരുന്നുണ്ട്. എന്നാല്‍ സാവകാശം ലഭിക്കുന്ന യുദ്ധത്തില്‍ അവധാനതയോടെ കാര്യങ്ങള്‍ നീക്കുന്നതിന് കണിശമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതായി കാണാം. യുദ്ധമുഖത്തെത്തി പരസ്യമായി ശത്രുത പ്രകടിപ്പിക്കാത്തവര്‍ക്കെതിരെ യാതൊരാക്രമണവും അരുതെന്ന് വളരെ വ്യക്തമായിത്തന്നെ നിര്‍ദേശിക്കപ്പെട്ടിരുന്നു. ഒരു ആക്രമിയെ സംബന്ധിച്ചിടത്തോളം അവന്‍ നിലം പരിശാവുന്നതോടെ അവന്റെ ഭാഗത്ത് നിന്നുള്ള ആക്രമണം അവസാനിച്ചു. അതിനാല്‍ മൃതശരീരം വികൃതമാക്കുന്നതും അംഗവിഛേദം നടത്തുന്നതും കര്‍ശനമായി വിലക്കിയിട്ടുണ്ടാ യിരുന്നു.

യുദ്ധത്തില്‍ പങ്കെടുക്കാത്തവര്‍ ആക്രമിക്കപ്പെടരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നു. നബി(സ്വ) തങ്ങള്‍ ഉസാമാ(റ)വിന്റെ നേതൃത്വത്തിലുള്ള സൈന്യത്തെ യാത്രയാക്കിക്കൊണ്ടിങ്ങനെ പറഞ്ഞു:

‘നിങ്ങള്‍ അല്ലാഹുവിന്റെ നാമത്തില്‍ അവനെക്കൊണ്ടും അവന്റെ റസൂലിന്റെ മതത്തിന്റെ അടിസ്ഥാനത്തിലും പോവുക. നിങ്ങള്‍ വയോവൃദ്ധരെയും ചെറിയ കുട്ടികളെയും സ്ത്രീകളെയും വധിക്കരുത്. നിങ്ങള്‍ സമരാര്‍ജിത സ്വത്ത് അപഹരിക്കരുത്. അത് നിങ്ങള്‍ ഒരുമിച്ച് സംഭരിക്കണം. നിങ്ങള്‍ നല്ലത് പ്രവര്‍ത്തിക്കുക. ഗുണം പ്രവര്‍ത്തിക്കുക. നിശ്ചയം അല്ലാഹു ഗുണം പ്രവര്‍ത്തിക്കുന്നവരെ ഇഷ്ടപ്പെടുന്നവനാണ്’ (കന്‍സുല്‍ ഉമ്മാല്‍: 11013).

ഖലീഫമാരും സേനാനായകരോട് വളരെ കണിശതയോടെ തന്നെ ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. അക്രമം അമര്‍ച്ച ചെയ്യുക എന്നതല്ലാതെ ആക്രമണം നടത്തുക എന്നതായിരുന്നില്ല ഇസ്ലാമിക സമൂഹത്തിന്റെ ലക്ഷ്യമെന്നത് വ്യക്തമാണ്. നശീകരണം ഒരിക്കലും ഇസ്ലാമികമായ പോരാട്ടങ്ങളുടെ ലക്ഷ്യമായിരുന്നില്ല എന്നതിന് അവയുടെ വിശകലനം നമ്മെ സഹായിക്കുന്നതാണ്. നബി(സ്വ) തങ്ങളുടെ മദീനാ ജീവിത കാലത്ത് മാത്രം എമ്പതോളം സൈനിക പ്രബോധക നീക്കങ്ങളുണ്ടായിട്ടുണ്ട്. അതില്‍ ഒമ്പതില്‍ മാത്രമാണ് യുദ്ധം രൂപപ്പെടുകയുണ്ടായത്. മറ്റു പലതും യുദ്ധം നടക്കാത്തതും സമാധാനത്തില്‍ പിരിഞ്ഞതുമാണ്. ചിലതില്‍ മുസ്ലിം പ്രബോധകരെ വഞ്ചനയില്‍ കൊലപ്പെടുത്തിയതും കാണാം. അവിചാരിതമായുണ്ടായ ആക്രമണത്തെ പ്രതിരോധിച്ചതുമുണ്ട്.

ഘോരമായ യുദ്ധം നടന്നു എന്ന് പറയാവുന്നതിലടക്കം ഇരുപക്ഷത്തു നിന്നുമായി ആകെ വധിക്കപ്പെട്ടത് 1018 പേരായിരുന്നു. മുസ്ലിംകളില്‍ നിന്നും 259 പേരും മറുപക്ഷത്ത് നിന്നും 759 പേരും. യുദ്ധത്തടവുകാരായി മുസ്ലിംകളില്‍ നിന്നും പിടിക്കപ്പെട്ടത് ഒരാളും മറുപക്ഷത്ത് നിന്ന് 6524 പേരുമാണ്. അതില്‍ സത്യമതം വിശ്വസിക്കാതിരുന്നിട്ടും 6347 പേരില്‍ ചിലരെ സോപാധികവും മറ്റു ചിലരെ നിരുപാധികവും വിട്ടയക്കുകയായിരുന്നു.

ലോകത്ത് അനിവാര്യമായിരുന്ന സാംസ്കാരികവും സാമൂഹികവുമായ ഒരു വിപ്ളവത്തിന്റെ പത്ത് വര്‍ഷത്തോളമുള്ള ചരിത്രത്തിന്റെ ബാക്കിപത്രമാണിത്. എങ്കില്‍ നശീകരണമോ ഉന്മൂലനമോ ആയിരുന്നില്ല അതിന്റെ ലക്ഷ്യമെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. തികച്ചും രാഷ്ട്രീയവും അധീശത്വപരവുമായ യുദ്ധങ്ങളനവധി അനുഭവിച്ചവരാണ് ലോക ജനത. ജനകോടികള്‍ അധികാര ദുര്‍മോഹികളുടെ തേരോട്ടത്തില്‍ ഭൂമുഖത്ത് നിന്നും നിഷ്കാസിതരായിട്ടുണ്ട്. ജനകീയമോ സാര്‍വത്രികമോ ആയ ഒരു ലക്ഷ്യവും പരിപാടിയുമില്ലാതെ നടത്തിയ നരമേധങ്ങളുടെ പൊ ള്ളുന്ന കഥകളും ഇസ്ലാമികമായ യുദ്ധങ്ങളുടെ പ്രതിഫലനവും താരതമ്യം ചെയ്യാന്‍ പോലും സാധിക്കാത്തതാണ്. യഥാര്‍ഥത്തില്‍ സമാധാന സംസ്ഥാപനത്തിന്റെ ഭാഗമായാണ് ഇസ്ലാമില്‍ യുദ്ധ നിര്‍ദേശം തന്നെയുണ്ടായതെന്നാണ് വസ്തുത. ഒരു നാഗരിക സമൂഹത്തിന്റെ മാനസികവും ചിന്താപരവുമായ സ്വാതന്ത്യ്രവും സമ്പൂര്‍ണ സുരക്ഷയും ഏതൊരു രാഷ്ട്രത്തിന്റെയും ലക്ഷ്യമായിരിക്കും. അതിനാല്‍ തന്നെ അപക്വമായ സമീപന രീതികളിലേക്ക് വലിച്ചിഴക്കപ്പെടുന്ന സ്ഥിതിയുണ്ടാവാന്‍ അതനുവദിക്കില്ല. ഒരു തരത്തിലുള്ള അവിഹിത ഇടപെടലും അംഗീകരിച്ച് കൊടുക്കാന്‍ കൂട്ടാക്കാത്ത പ്രകൃതമാണ് മനുഷ്യന്റേത്. അതിനാല്‍ തന്നെ ഒന്നിന്റെയും തുടക്കക്കാരനാവാതിരിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നത് ഇസ്ലാം നിഷ്കര്‍ഷിക്കുന്നു. അനിവാര്യമായ പ്രതിരോധത്തിന് മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്യുന്നു.


RELATED ARTICLE

  • തീവ്രവാദം : പരിഹാരവും നിലപാടും
  • ലക്ഷ്യം പുനര്‍നിര്‍ണയിക്കുക
  • തീവ്രവാദം പരിഹാരമല്ല
  • ഇന്ത്യന്‍ സാഹചര്യം തേടുന്നത്
  • യുദ്ധ നിയമങ്ങളില്‍ നിന്ന്
  • ശിക്ഷാ നിയമങ്ങള്‍
  • ഇസ്ലാമും യുദ്ധവും
  • ഇസ്ലാമും വാളും
  • ഇസ്ലാമിലെ ധാര്‍മിക വ്യവസ്ഥ
  • തീവ്രവാദം ഇസ്ലാമിക വീക്ഷണത്തില്
  • തീവ്രവാദം