Click to Download Ihyaussunna Application Form
 

 

ഇസ്ലാമിലെ ധാര്‍മിക വ്യവസ്ഥ

വിശാലമായ അര്‍ഥത്തില്‍ ഇസ്ലാമിക സമ്പൂര്‍ണതയുടെ അപരനാമമായിരിക്കും ധാര്‍മിക വ്യവസ്ഥ. അതിന്റെ പ്രായോഗിക സമീപന രീതികള്‍ ആത്യന്തികമായി സര്‍വലോക സമാധാനവും സുസ്ഥിതിയുമാണ് താല്‍പര്യപ്പെടുന്നത്.

താന്‍ നിമിത്തം ഒന്നും ഒരാളും കഷ്ടതയനുഭവിക്കരുതെന്ന് എല്ലാവരും നിശ്ചയിക്കുകയും തദനുസൃതം ജീവിക്കുകയും ചെയ്യുന്നതിലൂടെ സമാധാനവും സുസ്ഥിതിയുമുണ്ടാവും. സഹവാസത്തിന്റെയും അയല്‍വാസത്തിന്റെയും പരിപക്വമായ സംരക്ഷണം വഴി ഇത് സാധിക്കുമെന്നതിന് കൂടുതല്‍ തെളിവൊന്നുമാവശ്യമില്ല. ഓരോരുത്തരും തനിക്ക് സിദ്ധമായിട്ടുള്ള അനുഗ്രഹ ശേഷി വിശേഷതകള്‍ അപരന് കൂടി ഗുണകരമായ വിധത്തില്‍ വിനിയോഗിക്കണമെന്നാണ് ഇസ്ലാമിക പാഠം.

ഗുണപരമായ സമീപനമില്ലാതിരിക്കുക എന്നതുതന്നെ ഒരു തരത്തില്‍ അരുതാത്തതാണ്. എങ്കില്‍ പിന്നെ ദോഷകരമായ സമീപനം അതിരൂക്ഷമായ അപരാധമായിത്തീരുന്നതാണെന്നതില്‍ സംശയമില്ല. ഇസ്ലാമിന്റെ ധാര്‍മിക സമീപനത്തിന്റെ അടിസ്ഥാന നിര്‍ദ്ദേശങ്ങളുള്‍ക്കൊള്ളുന്ന ഖുര്‍ആനിക സൂക്തങ്ങളില്‍ നിന്നും ഉദാഹരണത്തിന്:

‘നിങ്ങള്‍ അല്ലാഹുവിന് ഇബാദത്ത് ചെയ്യുക. അവനോട് നിങ്ങള്‍ ഒന്നിനെയും പങ്ക് ചേര്‍ക്കരുത്. മാതാപിതാക്കള്‍, അടുത്ത കുടുംബക്കാര്‍, അനാഥകള്‍, അഗതികള്‍, കുടുംബ ബന്ധമുള്ളതോ അല്ലാത്തതോ ആയ അയല്‍വാസികള്‍, സഹവാസികള്‍, വഴിയാത്രികര്‍, നിങ്ങളുടെ അധീനതയിലുള്ളവര്‍ എന്നിവര്‍ക്ക് നിങ്ങള്‍ ഗുണം ചെയ്യുക’ (ആശയം, അന്നിസാഅ്: 36).

വിശ്വാസികളോട് അവരുടെ ജീവിതത്തിലെ സുപ്രധാന ദൌത്യമായ അല്ലാഹുവിന് ഇബാദത്ത് ചെയ്യുക എന്നതിനുള്ള കല്‍പനയും ഏറ്റവും വലിയ തിന്മയായ ബഹുദൈവ വിശ്വാസത്തിലേക്ക് വഴുതി വീഴുന്നതിനെതിരെയുള്ള താക്കീതും നല്‍കുന്നതോടൊപ്പമാണ് ഗുണപരമായ സമീപനത്തിനായുള്ള നിര്‍ദേശം. അതില്‍ നിന്നു തന്നെ അതിന്റെ പ്രാധാന്യവും ഗൌരവവും മനസ്സിലാക്കാന്‍ സാധിക്കുന്നു.

മാതാവ്, പിതാവ്, കുടുംബക്കാര്‍, അനാഥ, അഗതി, അയല്‍വാസി, സഹവാസി, അടിമകള്‍ (തൊഴിലാളികള്‍) ഈ ഏതെങ്കിലും ഒരു വിഭാഗത്തില്‍ പെടാത്തവരുമായി നമ്മുടെ സമ്പര്‍ക്കത്തിന്റെ രീതിശാസ്ത്രം വിവരിക്കേണ്ടതാവശ്യമില്ല. സമ്പര്‍ക്കപ്പെടാന്‍ സാധ്യതയുള്ളവരോടൊക്കെ ഗുണം മാത്രം ചെയ്യുക എന്ന നിര്‍ദേശം സാര്‍വത്രികമായ ഗുണഫല വിതരണത്തിനുള്ള ആഹ്വാനം തന്നെയാണ്. അഥവാ സര്‍വര്‍ക്കും ഗുണം ചെയ്യണമെന്നത് ഖുര്‍ആനിന്റെ അടിസ്ഥാന നിര്‍ദേശങ്ങളില്‍ പെടുന്നു. ഇബാദത്ത് പോലെയും തൌഹീദ് പോ ലെയും പ്രധാനമാണത്. ഉപരിസൂക്തത്തിലെ അയല്‍വാസികളെ വിവരിക്കുന്ന ഭാഗത്ത് കുടുംബ ബന്ധമുള്ളവരും അല്ലാത്തവരുമായ അയല്‍വാസികള്‍ എന്നതിനു പകരം മുസ്ലിംകളും അമുസ്ലിംകളുമായ അയല്‍വാസികള്‍ എന്നാണ് അബൂ ഇസ്ഹാഖ്(റ) വിവരിക്കുന്നത് (തഫ്സീര്‍ ഇബ്നുകസീര്‍ 1/645).

അയല്‍വാസികളെ അവരുമായുള്ള ബന്ധവും അടുപ്പവും അടിസ്ഥാനപ്പെടുത്തി മൂന്നായി വിഭജിച്ചുകൊണ്ട് നബി(സ്വ) തങ്ങള്‍ പറയുന്നത് കാണുക.

‘അയല്‍വാസികള്‍ മൂന്ന് വിഭാഗമാണ്. ഒരുതരം അവകാശമുള്ളവരാണ് ഒന്നാമത്തെ വിഭാഗം. ഇവരാണ് അയല്‍വാസികളില്‍ അവകാശം കുറഞ്ഞവര്‍. രണ്ട് അവകാശമുള്ളവരാണ് രണ്ടാ മത്തെ വിഭാഗം. മൂന്ന് തരം അവകാശമുള്ളവരാണ് മൂന്നാമത്തെ വിഭാഗം. ഇവരാണ് അയല്‍വാസികളില്‍ മുഖ്യമായ അവകാശമുള്ളവര്‍.’

ഒരു തരം അവകാശമുള്ള അയല്‍വാസി എന്നാല്‍ ബഹുദൈവ വിശ്വാസിയായ (അവിശ്വാസിയായ) ബന്ധുവല്ലാത്ത അയല്‍വാസിയാണ്. അവന് അയല്‍വാസം എന്ന ഒരു അവകാശമുണ്ട്. രണ്ട് തരം അവകാശമുള്ളവന്‍ മുസ്ലിമായ(ബന്ധുവല്ലാത്ത) അയല്‍വാസിയാണ്. അവന് ഇസ്ലാം എന്നതും അയല്‍വാസം എന്നതുമായ രണ്ട് അവകാശമുണ്ട്. മൂന്ന് അവകാശമുള്ളവര്‍ കുടുംബ ബന്ധമുള്ള മുസ്ലിമായ അയല്‍വാസിയാണ്. അവന് സത്യവിശ്വാസം, അയല്‍വാസം, കുടുംബ ബന്ധം എന്നീ അവകാശങ്ങളുണ്ട് (തഫ്സീര്‍ ഇബ്നുകസീര്‍ 1/647).

അയല്‍വാസി എന്ന നിലയില്‍ മാനുഷികമായ അവകാശങ്ങളില്‍ അവിശ്വാസിയും വിശ്വാസിയും ഒരുപോലെയാണെന്നതിന് ഈ ഹദീസും ഉപര്യുക്ത ഖുര്‍ആന്‍ വ്യാഖ്യാനവും തെളിവാണ്. അയല്‍വാസികളുമായുള്ള ബന്ധം നല്ലനിലയില്‍ നിലനിര്‍ത്തുന്നതിനായി ആവശ്യപ്പെടുന്ന ധാരാളം ഹദീസുകളുണ്ട്. അതിന് അയല്‍വാസിയാകുക എന്നത് മാത്രമാണടിസ്ഥാനം. ഈ ഗുണപരമായ സമീപനത്തിന് പകരം ഉപദ്രവകരമായ അവസ്ഥയില്‍ പെരുമാറിയാല്‍ അതിന്റെ പരിണിതിയെക്കുറിച്ച് നബി(സ്വ) തങ്ങള്‍ താക്കീത് നല്‍കുന്നുണ്ട്.

ഒരിക്കല്‍ നബി(സ്വ) തങ്ങള്‍ ഇങ്ങനെ പറഞ്ഞു: ‘അല്ലാഹുവാണ്, ഒരാള്‍ പൂര്‍ണ സത്യവിശ്വാസിയാകില്ല, ഒരാള്‍ പൂര്‍ണ സത്യവിശ്വാസിയാകില്ല, ഒരാള്‍ പരിപൂര്‍ണ സത്യവിശ്വാസിയാകില്ല.’ (ഇത് മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചപ്പോള്‍) സ്വഹാബികള്‍ ചോദിച്ചു: ‘ആരാണവന്‍?’ നബി(സ്വ) പറഞ്ഞു: ‘തന്റെ അയല്‍വാസി, തന്റെ തിന്മയില്‍ നിന്നും രക്ഷപ്പെടാത്തവനായവന്‍ ആണ്’ (കന്‍സുല്‍ ഉമ്മാല്‍: 24922).

രണ്ട് അയല്‍വാസികളില്‍ ഓരോരുത്തരും അപരന്റെ അതിക്രമത്തില്‍ നിന്നും അവിഹിതമായ ഇടപെടലില്‍ നിന്നും രക്ഷപ്പെട്ടിരിക്കണം. അക്രമമോ അനര്‍ഥമോ കാണിക്കുന്ന അയല്‍വാസിയുടെ സത്യവിശ്വാസത്തിന്റെ പൂര്‍ണതയില്‍ കുറവുള്ളവനാണെന്നാണിതിന്റെ അര്‍ഥം. സത്യവിശ്വാസം അയല്‍വാസ ബന്ധത്തിന്റെ സുസ്ഥിതി ആവശ്യപ്പെടുന്നതാണെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. അപരനോടും സഹജീവികളോടും മാന്യമായ സമീപനം നടത്താനുള്ള ആഹ്വാനത്തോടൊപ്പം അതിന്റെ വിപരീത സാധ്യത അവസാനിപ്പിക്കാനാവശ്യമായ നിര്‍ദേശങ്ങളും നല്‍കുകയാണിസ്ലാം.

നല്ല ബന്ധം നിലനിര്‍ത്തുന്നതിന് പ്രതിബന്ധമാവുന്ന എല്ലാ സാഹചര്യങ്ങളെയും ഒഴിവാക്കാന്‍ വിശ്വാസി ബാധ്യസ്ഥനാണ്. സാഹചര്യപരമായ ദുരനുഭവങ്ങള്‍ പോലും അസമാധാനത്തിനും അക്രമത്തിനും കാരണമാകരുതെന്നാണ് ഖുര്‍ആന്റെ നിര്‍ദേശം. അല്ലാഹു പറയുന്നു:

‘നിങ്ങളെ മസ്ജിദുല്‍ ഹറാമിനെ തൊട്ട് തടഞ്ഞിരിക്കുന്നു എന്ന കാരണത്താല്‍, നിങ്ങള്‍ക്ക് ഒരു ജനതയോടുള്ള ഈര്‍ഷ്യത നിങ്ങള്‍ അതിക്രമം കാണിക്കുന്നതിന് കാരണമാവരുത്. നിങ്ങള്‍ ഗുണത്തിലും ഭക്തിയിലും പരസ്പരം സഹകാരികളാവുക. തിന്മയിലും അതിക്രമത്തിലും നിങ്ങള്‍ സഹകാരികളാവരുത്. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. നിശ്ചയം അല്ലാഹു (അതിക്രമികള്‍ക്ക്) കഠിന ശിക്ഷ നല്‍കുന്നവനാണ്’ (ആശയം: അല്‍ മാഇദ: 2).

ഹിജ്റ ആറാം വര്‍ഷം നബി(സ്വ) തങ്ങളും അനുചരരും ഉംറ നിര്‍വഹിക്കാനായി മക്കയിലേക്ക് പു റപ്പെടുകയുണ്ടായി. വഴിയില്‍ ഹുദൈബിയയില്‍ വെച്ച് അവരെ മക്കക്കാരായ ആളുകള്‍ തടഞ്ഞു. ഉംറ നിര്‍വഹിക്കാനനുവദിച്ചില്ല. വളരെ വലിയ താല്‍പര്യത്തോടെ തങ്ങളുടെ നേതാവിന്റെ കൂടെ പരിശുദ്ധമായൊരു തീര്‍ഥയാത്ര നടത്തുന്നവരെ അകാരണമായി തടഞ്ഞാലുണ്ടാവുന്ന പ്രതിഷേധവും ഈര്‍ഷ്യതയും എന്തായിരിക്കും. ഇങ്ങനെ തടയപ്പെട്ട അവസ്ഥയിലുള്ള സ്വഹാബാക്കളോടാണ് ഖുര്‍ആന്‍ അതിക്രമം അരുതെന്ന് പറയുന്നത്. സമാധാന ഭംഗത്തിന്റെ ഒരു സാഹചര്യത്തിനും നാം കാരണമാവരുതെന്നാകുന്നു അതിലെ പാഠം.

യഥാര്‍ഥത്തില്‍ അനിവാര്യമായ യുദ്ധാനുമതിക്ക് ശേഷം നാല് വര്‍ഷം കഴിഞ്ഞാണീ സംഭവം നടന്നത്. ഇതില്‍ നിന്ന് നമുക്കൊരു കാര്യം മനസ്സിലാക്കാവുന്നതാണ്. നാം മുന്നിട്ടിറങ്ങിയ ഒരു കാര്യം പ്രക്ഷുബ്ദാവസ്ഥയിലേക്ക് നീങ്ങുമെന്നായാല്‍ അതവസാനിപ്പിക്കാന്‍ നാം തന്നെയാണ് അല്‍പം ത്യാഗം സഹിക്കേണ്ടത്.

സാഹചര്യപരമായ പരിമിതികള്‍ നിലനിന്നാലും വ്യക്തിപരമായ കൊള്ളക്കൊടുക്കലുകളിലും സമീപന സമ്പര്‍ക്കങ്ങളിലും നീതി നടപ്പാക്കുക എന്നത് എല്ലാവര്‍ക്കും ബാധ്യതയാണ്. സമ്പൂര്‍ണമായ സാമൂഹ്യ നീതിക്ക് അതിന്റെ സാഹചര്യപരമായ ഒത്തുകൂടലുകള്‍ വേണ്ടി വന്നേക്കും. എന്നാല്‍ വൈയക്തികമായ വിഷയത്തില്‍ ഒരാള്‍ക്ക് നീതിമാനാവുന്നതിന് തടസ്സമൊന്നുമില്ലാത്തതാണ്. അപരന്റെ സമീപനത്തിലെ അപക്വതകള്‍ അവനോട് ഈര്‍ഷ്യതയും അകല്‍ച്ചയും ഉണ്ടാക്കിയെന്നാല്‍ തന്നെയും നമ്മുടെ സമീപന രീതി നീതിപൂര്‍വകമായിരിക്കണം.

‘വിശ്വാസികളെ നിങ്ങള്‍ അല്ലാഹുവിന് വേണ്ടി നീതിയുടെ സാക്ഷികളായി കാര്യനിര്‍വാഹകരാവുക. ഒരു ജനതയോട് നിങ്ങള്‍ക്കുള്ള ഈര്‍ഷ്യത അവരോട് നിങ്ങള്‍ നീതി ചെയ്യാതിരിക്കുന്നതിന് പ്രേരിപ്പിക്കാതിരിക്കട്ടെ. നിങ്ങള്‍ നീതി ചെയ്യുക. അത് തഖ്വയോടേറ്റവും അടുത്തതാണ്. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. നിശ്ചയം അല്ലാഹു നിങ്ങള്‍ ചെയ്യുന്നതെല്ലാം സസൂക്ഷ്മം അറിയുന്നവനാണ്’ (ആശയം: അല്‍ മാഇദ: 8).

നീതിയുടെ സംസ്ഥാപനം വിശ്വാസിയുടെ ദൌത്യമാണെന്നിരിക്കെ അതിന് തടസ്സമായി ഒന്നുമുണ്ടാ യിക്കൂടെന്ന് മാത്രമല്ല ഒരു തടസ്സവും അതിന്റെ നിര്‍വഹണത്തില്‍ സ്വാധീനിക്കാനും പാടില്ല. തനിക്ക് ഈര്‍ഷ്യതയുള്ള ഒരു ജനതയുടെ വിഷയത്തിലായിരുന്നാല്‍ പോലും അനീതി അനുവദനീയമല്ല.

ഇതര മതവിശ്വാസികളോടടക്കം നീതിപൂര്‍വകവും അക്രമരഹിതവുമായി പെരുമാറുക എന്നത് ഇസ്ലാമിലെ ധാര്‍മിക വ്യവസ്ഥയുടെ പ്രധാന ഭാഗമാണ്. ഈ നീതി നിര്‍വഹണത്തില്‍ അതുല്യമായ മാതൃകകള്‍ ഉത്തമരായ പ്രവാചകാനുയായികളുടെയും ശേഷമുണ്ടായ മുസ്ലിം ഭരണാധികാരികളുടെയും ചരിത്രത്തില്‍ ധാരാളം കാണാന്‍ സാധിക്കും.

അപക്വമായ സമീപനങ്ങളും അതിരുകടന്ന ആക്ഷേപങ്ങളുമില്ലാതെ കേള്‍ക്കാനും അറിയാനും ചിന്തിക്കാനും അവസരം നല്‍കുന്ന പ്രബോധന രീതിയാണ് നാമവലംബിക്കേണ്ടത്. പ്രബോധിതരില്‍ ഈര്‍ഷ്യതയും നീരസവും ശത്രുതയും ഉണ്ടാക്കുന്ന സമീപനങ്ങള്‍ വിപരീത ഫലമാണുളവാക്കുക.

‘അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് യുക്തിദീക്ഷയോടെയും സദുപദേശത്തോടെയും ക്ഷണിക്കുക’ (ആശയം: അന്നഹ്ല്‍: 125).

പ്രബോധിതരില്‍ അനുകൂല പ്രതിഫലനമുണ്ടാക്കുന്നതിനുപകരിക്കുന്ന വിധം ഔചിത്യബോധത്തോടെ ഹൃദയഹാരിയായ ഉപദേശങ്ങളാണ് പ്രബോധകന്‍ നടത്തേണ്ടത്. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ ജീവിതം തന്നെ പ്രബോധനോന്മുഖമായിരിക്കണം. എല്ലാവരും പ്രാപിക്കേണ്ട സല്‍വഴി താന്‍ കാരണം ഒരാള്‍ക്കന്യമായിത്തീരാതെ ശ്രദ്ധിക്കണം. ഈ സൂക്തത്തില്‍ തന്നെ തുടര്‍ന്നു പറയുന്ന കാര്യങ്ങള്‍ പ്രബോധകന്റെ സമീപന ശാസ്ത്രമാണ്.

ബഹുദൈവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവന്‍ അല്ലാഹുവിന് നല്‍കേണ്ട സ്നേഹാദരങ്ങള്‍ അവരുടെ ദൈവങ്ങള്‍ക്ക് നല്‍കുന്നവരാണ്. അതിനാല്‍ അവരുടെ ദൈവങ്ങളെ ആക്ഷേപിക്കുന്നത് അവരില്‍ തത്തുല്യമായ പ്രതികരണങ്ങളുണ്ടാക്കും. ആ പ്രതിപ്രവര്‍ത്തനത്തിന്റെ സാഹചര്യം ഇല്ലാതാക്കുന്നതിനാണ് വിശ്വാസി ശ്രമിക്കേണ്ടത്.

‘മനുഷ്യരില്‍ അല്ലാഹുവിനെ കൂടാതെ അവന് സമന്മാരെ ഉണ്ടാക്കുന്നവരുണ്ട്. അവര്‍ അല്ലാഹുവിനെ സ്നേഹിക്കേണ്ടതുപോലെ അവയെ സ്നേഹിക്കുന്നു. എന്നാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവിനെ അതിയായി സ്നേഹിക്കുന്നവരാണ്’ (ആശയം: അല്‍ ബഖറ: 165). അല്ലാഹു പറയുന്നു:

‘അല്ലാഹുവിനെ കൂടാതെ അവര്‍ ആരാധിക്കുന്ന ദൈവങ്ങളെ നിങ്ങള്‍ ദുഷിച്ച് പറയരുത്. അപ്പോള്‍ അവര്‍ അജ്ഞത കാരണം ശത്രുതയോടെ അല്ലാഹുവിനെയും ദുഷിച്ചു പറയും’ (ആശയം: അല്‍ അന്‍ആം: 108).

മുസ്ലിമിന്റെ സംസ്കാരമെങ്ങനെയായിരിക്കണമെന്നതിനുള്ള വിധിവിലക്കുകളിലൊന്നാണിത്. ഒരു തരത്തിലുള്ള അസഹ്യാവസ്ഥയും പ്രത്യാഘാത ഹേതുവും സൃഷ്ടിക്കരുത് എന്നാണ് നാമതില്‍ നിന്നും മനസ്സിലാക്കേണ്ടത്. ഈ സൂക്തം വിശദീകരിച്ചുകൊണ്ട് ഇബ്നു കസീര്‍(റ) എഴുതുന്നു:

‘അല്ലാഹു തിരുദൂതരെയും സത്യവിശ്വാസികളെയും ബഹുദൈവ വിശ്വാസികളുടെ ദൈവത്തെ ദുഷിച്ച് പറയുന്നത് വിലക്കിയാണിത് പറഞ്ഞിരിക്കുന്നത്. അതില്‍ എന്തു ഗുണമുണ്ടെങ്കിലും അതിനാലുള്ള ദോഷം അതിനേക്കാള്‍ ഗുരുതരമായതാണ്. അഥവാ ബഹുദൈവ വിശ്വാസികള്‍ സത്യവിശ്വാസികളുടെ ഇലാഹായ അല്ലാഹുവിനെ ദുഷിച്ച് പറഞ്ഞ് അതിനോട് പ്രതികരിക്കാനിടവരും’ (ഇബ്നു കസീര്‍ 2/221).

മതപരമായ വിഷയങ്ങളിലാണ് അല്ലെങ്കില്‍ ആദര്‍ശപരമാണ് മുസ്ലിം അമുസ്ലിം വ്യത്യാസമുള്ളത്. അതിന്റെ കാതലാണ് അല്ലാഹുവിലുള്ള വിശ്വാസം. അതുമായി ബന്ധപ്പെട്ട് പോ ലും അഹിതമായതിന് കാരണമാകരുത് എന്നാണ് നിര്‍ദേശിക്കുന്നത്. ഇതര മതവിശ്വാസികളായ ആളുകളോട് അവരുടെ സമീപന രീതിയുടെ ഗുണദോഷങ്ങള്‍ക്കനുസരിച്ചും സാഹചര്യത്തിനനുസരിച്ചും പെരുമാറാനാണ് ഇസ്ലാമിക പാഠങ്ങളുള്ളത്. സത്യവിശ്വാസിയല്ല എന്ന ഒറ്റ മാനദണ്ഢത്തില്‍ അവനോട് പ്രത്യേകമായി ഒരു വിരോധത്തിന്റെ സമീപന രീതിയില്ല. പൊതുവായ ചില നിര്‍ദേശങ്ങളാണുള്ളത്. അത് അച്ചടക്കപൂര്‍ണമായ ഒരു സമൂഹ സൃഷ്ടിക്ക് അനിവാര്യമായതാണ്താനും. ‘ഇസ്ലാമും വാളും’ എന്ന അധ്യായം വായിക്കുക.

ആദര്‍ശ തീവ്രത

ഏതൊരാദര്‍ശത്തില്‍ വിശ്വസിക്കുന്നവനായാലും അതില്‍ വളരെ വ്യക്തവും കണിശവുമായ നിലപാടുണ്ടായിരിക്കുക സ്വാഭാവികമാണ്. ഈ ദൃഢമായ വിശ്വാസത്തെ ചോദ്യം ചെയ്യേണ്ടതില്ല. താന്‍ അംഗീകരിക്കുന്ന ആദര്‍ശത്തില്‍ കണിശതയും പ്രതിബദ്ധതയും ഉണ്ടായിരിക്കുക എന്നതാണ് ആത്മാര്‍ഥമായ സമീപനം.

അകം കൊത്തിവെച്ച വിശ്വാസവും പുറം പ്രഖ്യാപിക്കുന്നതും രണ്ടാവുന്നത് ശുദ്ധ കാപട്യമാണ്. വിശ്വസിക്കുന്നതിലും അനുഷ്ഠിക്കുന്നതിലുമെല്ലാം നിഷ്കര്‍ഷമായ നിലപാടാണ് സത്യവിശ്വാസി സ്വീകരിക്കേണ്ടത്. തന്റെ ആദര്‍ശവും ആചാരവും കണിശമായിത്തന്നെ പാലിക്കുന്നതിലുള്ള നിഷ്കര്‍ഷ സ്വാഭാവികമാണ്. വ്യക്തമായ ഒരു ചട്ടക്കൂടും വ്യവസ്ഥയുമുള്ള സംഘടനകളിലൊക്കെയും ഇത് നിലവിലുള്ളതാണ്. അച്ചടക്ക നിയമങ്ങള്‍ പ്രഖ്യാപിക്കുകയും അത് അംഗീകരിക്കുകയും ചെയ്യുന്നതിന്റെ പേരില്‍ ആരും എതിര്‍ക്കപ്പെടേണ്ടതില്ല.

ജീവിതം എങ്ങനെയുമാവാം എന്ന നിലപാട് വിശ്വാസിക്ക് ഭൂഷണമല്ല. ജീവിതത്തിന്റെ മുഴുവന്‍ മേഖലകളിലും യുക്തമായ നിര്‍ദേശങ്ങളുമായി വിശുദ്ധ ശരീഅത്തിന്റെ സാന്നിധ്യമുണ്ട്. അതറിയുകയും അനുവര്‍ത്തിക്കുകയും ചെയ്യാനുള്ള ശ്രമം വിശ്വാസികളില്‍ നിന്നുണ്ടാവണം. അത് മൌലികാവകാശവുമാണ്. അതില്‍ അയവ് വരുത്തുന്നതിന് ആരും ആരെയും നിര്‍ബന്ധിക്കേണ്ടതില്ല.

ഒരു ആദര്‍ശ സമൂഹമായിരിക്കുക എന്ന സത്യവിശ്വാസികളുടെ ആഗ്രഹം സഫലമാവുന്നതിന്, സാമൂഹ്യമായ അധികാരമുണ്ടായിരിക്കണമെന്ന് വാശി പിടിക്കേണ്ടതില്ല. സാഹചര്യമായ പരിമിതികളില്‍ നിന്നുതന്നെ ആപേക്ഷികമായ പരിപൂര്‍ണത ഇസ്ലാമികമായി നേടാന്‍ സാധിക്കുമെന്നതാണ് മുസ്ലിമിന്റെ പ്രത്യേകത. സാഹചര്യപരമായ അനുകൂലത ഇല്ലാത്തതിനാല്‍, അത് ആവശ്യമായ വിധിവിധേയത്വത്തിന്റെ കാര്യത്തില്‍ സത്യവിശ്വാസി കുറ്റക്കാരനായിത്തീരു കയില്ല. അടിസ്ഥാന സൌകര്യങ്ങളുണ്ടായിട്ടും അലസതയും അലംഭാവവും നിമിത്തമുണ്ടാവുന്ന നിഷ്ക്രിയത്വവും കൃത്യവിലോപവുമാണ് ആക്ഷേപാര്‍ഹമാവുന്നത്.

സാമൂഹ്യമായ സുസ്ഥിതിക്ക് നിര്‍ദേശിക്കപ്പെട്ടിട്ടുള്ള കാര്യങ്ങള്‍ നടപ്പാക്കുന്നതിന് അര്‍ഹതയുള്ള നേതൃ സാന്നിധ്യമുണ്ടായിരിക്കണം. അതില്ലാത്ത സന്ദര്‍ഭങ്ങളില്‍ സമൂഹത്തിന്റെ പൊതുവായ സമീപന രീതിയോടിണങ്ങുക മാത്രമേ ബാഹ്യമായി സാധിക്കുകയുള്ളൂ. എന്നാല്‍ വ്യക്തി കേന്ദ്രീകൃതമായ സിവില്‍ നിയമങ്ങളിലും അനുഷ്ഠാന ആചാര മുറകളിലുമെല്ലാം കണിശത അനിവാര്യമാണ്.

ഇസ്ലാമിക നിര്‍ദേശങ്ങളും പെരുമാറ്റച്ചട്ടങ്ങളും അംഗീകരിച്ചാണ് വിശ്വാസി ജീവിക്കേണ്ടത്. അതവഗണിക്കുന്നത് വലിയ പാതകമാണ്. ധിക്കാരപരമായ സമീപനം നടത്തുന്നവരോടുള്ള സമീപനരീതിയും വ്യക്തമാക്കപ്പെട്ടതാണ്. ഒരു മതത്തിലെ അംഗമായിരിക്കെ അതിന്റെ ജീവിതക്രമം അനുസരിക്കാതിരിക്കുന്നത് അച്ചടക്ക ലംഘനമാണ്. അച്ചടക്ക ലംഘനം നടത്തുന്നവരെ മാറ്റി നിര്‍ത്തുക എന്നത് പൊതുവെ സ്വീകാര്യമായ നടപടിയാണ്.

അതുകൊണ്ട് മുസ്ലിമാവുക എന്നാല്‍ ജീവിതത്തെ ഇസ്ലാമികമാക്കലാണ്. സ്വന്തം താല്‍പര്യത്തിനായി അതില്‍ തിരുത്തോ കടത്തോ നടത്തുന്നത് മഹാപാതകമാണ്. അല്ലാഹുവിന്റെ മതത്തിന്റെ നിയമങ്ങള്‍ തിരുത്താന്‍ ആര്‍ക്കും ഒരവകാശവുമില്ല. വിശുദ്ധ ഇസ്ലാമില്‍ തിരുത്തല്‍ വാദവുമായി രംഗത്ത് വന്നവരെ മുസ്ലിം സമൂഹം ഗുണദോഷിക്കുന്നതും വിമര്‍ശിക്കുന്നതുമിതിനാലാണ്. ഇസ്ലാമിന്റെ പേരില്‍ എന്തുമാവാമെന്ന നിലപാട് ആത്യന്തികമായി ഇസ്ലാമിന്റെ ചൈതന്യം കെടുത്തുന്നതാണ്.

സ്വതന്ത്രമായ അസ്തിത്വമുള്ളതിനാല്‍ മനുഷ്യര്‍ക്ക് ഏത് തരത്തിലുള്ള മതങ്ങളും ജീവിത രീതികളും അവലംബിക്കുവാന്‍ കഴിയുന്നതാണ്. അതിന് മതത്തെ തിരുത്തുകയോ അതില്‍ കടത്തിക്കൂട്ടുകയോ ചെയ്യേണ്ടതില്ല. തങ്ങളും ഇഷ്ടംപോലെ ഒരു മതം സ്ഥാപിക്കാവുന്നതാണ്. അതല്ലാതെ മുസ്ലിമായി അറിയപ്പെടുകയും വേണം. ജീവിതത്തില്‍ തന്നിഷ്ട വഴി അവലംബിക്കുകയും വേണമെന്നത് ശരിയല്ല. ഇനി ഇസ്ലാമിന്റെ പേരില്‍ നിലനില്‍ക്കുന്നുവെ ന്നവകാശപ്പെടുന്നതിനാല്‍ യഥാര്‍ഥ വിശ്വാസികളില്‍ നിന്ന് എതിര്‍പ്പ് ഇല്ലാതിരിക്കുകയുമില്ല. കാരണം സ്വന്തം മതവും ആദര്‍ശവും തെറ്റിദ്ധരിപ്പിക്കപ്പെടുന്നത് പൊറുക്കാനാവാത്തതാണ്.

സത്യവിശ്വാസ വഴിയില്‍ ദൃഢചിത്തരും സല്‍കര്‍മികളുമായിരിക്കണമെന്ന് വിശുദ്ധ ഖുര്‍ആന്‍ നിര്‍ദേശിക്കുന്നു.’വിശ്വാസികളെ നിങ്ങള്‍ വിശ്വാസത്തില്‍ സുസ്ഥിരമാവുക, ദൃഢവിശ്വാസി കളാവുക’ (ആശയം: അന്നിസാഅ്: 136).

വിശ്വാസികളായ ജനതയോട് വീണ്ടും വിശ്വസിക്കുന്നതിനുള്ള ആഹ്വാനം വിശ്വാസത്തിന്റെ ദൃഢതയും തീവ്രതയും നിലനിര്‍ത്താനുള്ള കല്‍പനയാണ്. സത്യവിശ്വാസത്തിലുള്ള ദാര്‍ഢ്യതയുടെ ഫലമായുണ്ടായിത്തീരേണ്ട സമീപന രീതികളും ഇസ്ലാം പഠിപ്പിക്കുന്നുണ്ട്. ആദര്‍ശ നിരാസത്തിന് നിമിത്തമായിത്തീരും വിധമുള്ള സഹവര്‍ത്തിത്തവും സഹകരണവും വര്‍ജിക്കാനാവശ്യപ്പെടുന്നു. പവിത്രമായി സുരക്ഷിതമാവേണ്ട ആദര്‍ശത്തെ അവിശുദ്ധ കൂട്ടുകെട്ട് വഴി അപകടത്തിലാക്കരുത്. അത്യുദാരമായ സമീപന രീതികളവലംബിക്കുന്നതിലൂടെ സുഭദ്രവും കണിശവുമായ ഒരാശയത്തിന്റെ ചൈതന്യം നശിപ്പിക്കപ്പെടുന്ന സ്ഥിതിവിശേഷം ഉണ്ടാവാന്‍ പാ ടില്ലാത്തതാണ്.

ഇസ്ലാമികാദര്‍ശത്തെ കേവലമായ നിയമ നിര്‍ദേശങ്ങളുടെ ഗണത്തിലേക്ക് വലിച്ചിഴക്കപ്പെടുന്ന സാഹചര്യം വിശ്വാസിക്കിണങ്ങിയതല്ല. അതിനാല്‍ തന്നെ ഇസ്ലാമിക കര്‍മശാസ്ത്രത്തിലെ വൈവാഹിക‏-ആരാധനാനുഷ്ഠാന നിയമങ്ങളുടെ കാര്യത്തില്‍ മതപരവും ആദര്‍ശപരവുമായ പാരസ്പര്യവും പൊരുത്തവും അനിവാര്യമായും ശ്രദ്ധിച്ചിരിക്കണം. ഇസ്ലാമിക പാഠങ്ങള്‍ പാലിക്കുന്നതിലെ ഈ കണിശത യഥാര്‍ഥത്തില്‍ തീവ്രവാദമെന്നോ മത മൌലിക വാദമെന്നോ വിളിക്കപ്പെട്ടാലും ഇല്ലെങ്കിലും വിശ്വാസ പ്രോക്തമാണ്. അതിനാല്‍ അതിനെ തീവ്രബോധമെന്നോ തീവ്ര വിശ്വാസമെന്നോ ആദര്‍ശ പ്രതിബദ്ധത എന്നോ യഥാര്‍ഥ വാദമെന്നോ മറ്റോ വിളിക്കാം. അത് വ്യക്തി കേന്ദ്രീകൃതവും മറ്റൊരാള്‍ക്ക് വിഷമം സൃഷ്ടിക്കാത്തതുമായ സമീപനമാണ്. അപരനോട് അക്രമം കാണിക്കാനും അസഹിഷ്ണുവാകാനും പ്രേരിപ്പിക്കുന്ന വിധം ഈ നിലപാടിന് അവസ്ഥാന്തരം സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് എതിര്‍ക്കപ്പെടേണ്ടതുമാണ്.

ഇവിടെ പ്രത്യേകം ശ്രദ്ധേയമായൊരു കാര്യമുണ്ട്. നമുക്കിടയില്‍ രംഗത്ത് വന്നിട്ടുള്ള തീവ്രവാദ നിലപാടുകളുള്ള പ്രസ്ഥാനങ്ങളില്‍ ചേക്കേറുന്നവരൊക്കെ ക്രമേണ ആദര്‍ശപരമായ കാര്യങ്ങളില്‍ അഴുകൊഴമ്പന്‍ നിലപാടുകാരായിത്തീരുന്നുണ്ട്. നേരത്തെ അനുഷ്ഠിച്ചതും ആചരിച്ചിരുന്നതുമായ കാര്യങ്ങളില്‍ താല്‍പര്യം കുറയുന്നതായും, അതിന് വേണ്ടിയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാതിരിക്കുകയും അതിനെതിരെയുള്ള പ്രവര്‍ത്തനങ്ങളെ നിസ്സംഗതയോടെ വീക്ഷിക്കുകയും ചെയ്യുന്നവരായിത്തീരുന്നു.

അങ്ങനെ ആദര്‍ശപരമായി ഉണ്ടാവേണ്ടിയിരുന്ന പ്രതിബദ്ധതക്ക് പകരം ആദര്‍ശ നിരാസത്തിന്റെ അവസ്ഥ വരെ വന്നുചേരുന്നുണ്ട്. നേതൃത്വം പറഞ്ഞ് പഠിപ്പിച്ചതിലപ്പുറം ഒന്നും ചിന്തിച്ചുകൂടെന്ന നിര്‍ബന്ധ ബുദ്ധിയാണനുയായികള്‍ക്ക്. അപായകരമായ ആദര്‍ശ ഷണ്ഢീകരണത്തിനു വിധേ യരായിത്തീരുന്നവര്‍ ഫലത്തില്‍ ആത്യന്തികമായ ആത്മീയ നാശത്തെ വരിക്കുന്നുവെന്നത് ഖേദകരമാണ്. അതിനാല്‍ ഇസ്ലാമിക വിശ്വാസത്തോടുള്ള പ്രതിബദ്ധതയല്ല ആരെയും ഭീകരവാദികളാക്കുന്നതെന്ന് വിലയിരുത്താം.

സഹിഷ്ണുത

വ്യത്യസ്ത മതസംസ്കാര വിഭാഗങ്ങള്‍ നിലനില്‍ക്കുമ്പോള്‍ അവര്‍ക്കിടയില്‍ സ്പര്‍ദ്ധയും കലഹവും ഉണ്ടാവാതിരിക്കുന്നതിനാവശ്യമായ നിയമ നിര്‍ദേശങ്ങളനിവാര്യമാണ്. അവരുടെ മത വികാരം വ്രണപ്പെടുത്താതിരിക്കാന്‍ ഓരോരുത്തരും ശ്രമിക്കുകയാണതിനുള്ള മാര്‍ഗം. ഓരോരുത്തര്‍ക്കും അവനവനുമായി ബന്ധപ്പെട്ടതെന്തും വളരെ ന്യായവും യുക്തവുമായിരിക്കും. അതിനാല്‍ സ്വന്തം വിശ്വാസത്തിന്റെയും ആദര്‍ശത്തിന്റെയും അന്തഃസത്ത ചോര്‍ന്നു പോ വാത്തവിധം പരമത വിശ്വാസികളുമായി ബന്ധപ്പെടുന്നതാണ് അഭികാമ്യം. സ്വന്തം മതാദര്‍ശങ്ങളുടെ ചട്ടക്കൂട്ടില്‍ അച്ചടക്കത്തോടെ ജീവിക്കുമ്പോള്‍ തന്നെ അതിന് സാധിച്ചിരിക്കണം.

സമാധാന പൂര്‍ണമായ സാമൂഹ്യ സാഹചര്യം തീര്‍ക്കാനായി നാഗരികത ഇത് ആവശ്യപ്പെടുന്നുണ്ട്. വിശുദ്ധ ഇസ്ലാം നാഗരികതയുടെ സ്രോതസ്സാണെന്നതിനാല്‍ അകാരണവും അപക്വവുമായി ഒരുതരം ഇടപെടലും അനുവദിക്കുന്നില്ല. സാഹചര്യപരമായ കാരണങ്ങളാലുണ്ടായിത്തീരുന്ന അസ്പൃശ്യതകള്‍ തന്നെ അരുതായ്മ ചെയ്യാന്‍ പ്രേരണയാവരുതെന്നാണിസ്ലാമിക പാഠം. സമൂഹത്തിലെ മുഴുവന്‍ വിഭാഗങ്ങളും കണിശമായും തന്റേതെല്ലാം ശരിയെന്ന് കരുതുന്നതോടൊപ്പം അപരനില്‍ അത് അടിച്ചേല്‍പ്പിക്കാതിരിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. അതുപോലെ അപരന്റെ ആരാധനാനുഷ്ഠാനമുറകളോട് അസഹിഷ്ണുവായിത്തീര്‍ന്ന് അത് തടുക്കാനോ തകര്‍ക്കാനോ ശ്രമിക്കരുത്. ഒരു മതമോ ആദര്‍ശമോ വെച്ചു പുലര്‍ത്തുന്നവര്‍ നിര്‍മിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന സംവിധാനങ്ങള്‍ അവരുള്ള കാലത്തോളം നിലനില്‍ക്കേണ്ടതുണ്ട്. അതിന്റെ ആളുകള്‍ അതേറ്റെടുക്കാനോ സംരക്ഷിക്കാനോ ഇല്ലാതായാല്‍ സ്വാഭാവികമായ മാറ്റങ്ങളുണ്ടാവുക എന്നത് അതിന്റെ സംരക്ഷണത്തിനാവശ്യമാണ്താനും.

ഇസ്ലാമിക ഖിലാഫത്തിന്റെ അധീനതയിലുണ്ടായിരുന്ന രാജ്യങ്ങളില്‍ അനേകം ജൂത ക്രൈ സ്തവ ദേവാലയങ്ങള്‍ നിലനിന്നിരുന്നു എന്നത് ചരിത്രത്തില്‍ കാണാം. ഒരു പ്രദേശത്ത് അധികാരമുണ്ടാവുക എന്നത് ആ പ്രദേശത്തെ എല്ലാം തകര്‍ക്കുന്നതിനുള്ള അര്‍ഹതയായി കാണുന്നത് കാടത്തമാണ്. ഭൂരിപക്ഷമെന്നതോ ന്യൂനപക്ഷമെന്നതോ അടിസ്ഥാനപ്പെടുത്തിയല്ല ഒരു വിഭാഗത്തിന്റെ നിലനില്‍പ്പും മൌലികാവകാശങ്ങളും തീരുമാനിക്കപ്പെടേണ്ടത്. മറിച്ച് നിലനില്‍ക്കുന്നതും അനുഭവിക്കുന്നതുമായ സ്വാതന്ത്യ്രത്തിന്റെ വിഷയത്തില്‍ സുരക്ഷ നല്‍കപ്പെടേണ്ടതുണ്ട്.

മതപരമായ വൈജാത്യമൊരിക്കലും കലഹ നിമിത്തമായിത്തീരരുത്. നന്മയുടെ വഴിയില്‍ സഹകരിക്കുവാനും തിന്മയുടെ വഴിയില്‍ സഹകരിക്കാതിരിക്കാനും ഖുര്‍ആന്‍ നിര്‍ദേശിക്കുന്നുണ്ട്. സൂറത്തുല്‍ മാഇദയിലെ രണ്ടാം സൂക്തത്തിന്റെ ആശയവും പശ്ചാത്തലവും നമ്മെ ഇതിലേക്കാണ് മാര്‍ഗദര്‍ശനം നടത്തുന്നത്.

മഹാനായ റസൂല്‍(സ്വ)തങ്ങള്‍ അവിടുത്തെ വിടവാങ്ങല്‍ പ്രസംഗത്തില്‍ ജീവന്റെയും രക്തത്തിന്റെയും സമ്പത്തിന്റെയും പവിത്രത കാത്തുസൂക്ഷിക്കാന്‍ ശക്തമായി ആഹ്വാനം ചെയ്തിട്ടുണ്ട്. മതജാതി പരിഗണനകള്‍ക്കതീതമായിത്തന്നെ ഇതിന് അര്‍ഥവ്യാപ്തിയുണ്ട്. സത്യവിശ്വാസിയുടെ ജീവിതത്തിന്റെ പ്രത്യക്ഷഭാവം ഒരിക്കലും അവനില്‍ നിന്നും സഹജീവികളെ അകറ്റാന്‍ കാരണമാവരുത്. സന്തോഷവും ലാളിത്യവും സുതാര്യതയും പകരുന്ന ജീവിത ശീലമാണ് മുസ്ലിം അവലംബിക്കേണ്ടത്.

നബി(സ്വ) പറയുന്നു: ‘നിങ്ങള്‍ സുതാര്യമാക്കുക, സങ്കീര്‍ണമാക്കരുത്. നിങ്ങള്‍ സന്തോഷിപ്പിക്കുക, വെറുപ്പിക്കരുത്’ (മുസ്ലിം: 1732).

താനൊരു വിശ്വാസിയാണെന്നതിനാല്‍ അവിശ്വാസിയുമായി മിണ്ടിക്കൂടാ കൂടിക്കൂടാ എന്നൊരു നിരാസ നിലപാടിലെത്തുക എന്നത് വിശ്വാസിശീലമല്ല. മതപരമായ വിഷയങ്ങളില്‍ അവിശ്വാസികളോട് പങ്കാവുന്നത് മാത്രമേ വിലക്കപ്പെട്ടിട്ടുള്ളൂ. കാരണം ഒരു മതമെന്ന നിലക്ക് സത്യവിശ്വാസി അംഗീകരിക്കുന്ന ഇസ്ലാം ഒരു സമ്പൂര്‍ണ വ്യവസ്ഥയാണെന്നതിനാല്‍ മറ്റെന്തെങ്കിലും പുറമെ നിന്ന് സ്വീകരിക്കേണ്ട ആവശ്യമതിനില്ല. അതിനാല്‍ മതപരമായ ചടങ്ങുകള്‍, മതം അടിസ്ഥാനപ്പെടുത്തിയ മറ്റു അനിവാര്യമായ കാര്യങ്ങള്‍ ഇവയിലെല്ലാം മുസ്ലിം ഇസ്ലാം അനുസരിച്ച് മാത്രമേ ഇടപെടാവൂ. എന്നാല്‍ മാനുഷികവും ജൈവികവുമായ കൊള്ളക്കൊടുക്കലുകളില്‍ മതനിയമങ്ങള്‍ അവഗണിക്കപ്പെടുന്ന സ്ഥിതിയില്ലാതെ പരസ്പരം ഗുണം ചെയ്തും സഹകരിച്ചും തന്നെയാണ് കഴിയേണ്ടത്. അപരര്‍ക്ക് മൌലിക സ്വാതന്ത്യ്രം വകവെച്ച് കൊടുക്കാന്‍ എല്ലാവരും തയ്യാറാവണം. മതപരമായ വ്യതിരിക്തത സംരക്ഷിക്കാനാവശ്യമായ മാതൃക ഉപദേശിച്ച ഉടനെ അല്ലാഹു പറയുന്നു:

‘മതവിഷയത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാത്തവരും നിങ്ങളുടെ വീടുകളില്‍ നിന്നും നിങ്ങളെ  പുറത്താക്കിയിട്ടുമില്ലാത്തവര്‍ക്ക് നിങ്ങള്‍ ഗുണം ചെയ്യുന്നതും അവരോട് നീതിപൂര്‍വ്വം പെരുമാറുന്നതും അല്ലാഹു നിങ്ങളോട് വിലക്കിയിട്ടില്ല. നിശ്ചയം അല്ലാഹു നീതി പ്രവര്‍ത്തിക്കുന്നവരെ ഇഷ്ടപ്പെടുന്നവനാണ്’ (ആശയം: അല്‍ മുംതഹിന: 8).

ഏത് മതക്കാരനും ഈ നിലപാട് സ്വീകരിക്കാന്‍ സാധിക്കുന്നതാണ്. സങ്കീര്‍ണതകള്‍ ഇതിലില്ല. നാഗരിക സമൂഹത്തിന്റെ സമാധാനത്തിനും സുസ്ഥിതിക്കും ഇത് ഗുണകരമാണെന്ന കാര്യത്തില്‍ സംശയമില്ല.

നബി(സ്വ) തങ്ങളുടെ ജീവിത പാഠത്തിലും ഖലീഫമാരുടെ ജീവിതത്തിലും നമുക്കിതിന് ഉപോ ല്‍ബലകമായ ധാരാളം സംഭവങ്ങള്‍ കാണാന്‍ സാധിക്കും.

സുമാമ(റ) സത്യവിശ്വാസാനന്തരം ഉംറ നിര്‍വഹിക്കാന്‍ മക്കത്തെത്തിയപ്പോള്‍ മക്കക്കാരായ അവിശ്വാസികള്‍ അദ്ദേഹത്തെ, താനൊരു നാട്ടു പ്രമുഖനായിട്ടു പോലും മര്‍ദ്ദിക്കുകയുണ്ടായി. മക്കയിലേക്ക് ഗോതമ്പ് എത്തിയിരുന്നത് സുമാമ(റ)വിന്റെ നാട്ടില്‍ നിന്നായിരുന്നു. തന്നെ മക്കക്കാര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഗോതമ്പ് വിതരണം അദ്ദേഹം നിര്‍ത്തിവെച്ചു. അവര്‍ പട്ടിണി കൊണ്ട് പൊറുതിമുട്ടി. നബി(സ്വ) തങ്ങളോട് സഹായിക്കാനാവശ്യപ്പെട്ടു. അങ്ങനെ നബി (സ്വ) ആവശ്യപ്പെട്ടതനുസരിച്ച് സുമാമ(റ)വിന്റെ നാട്ടില്‍ നിന്നും മക്കക്കാര്‍ക്ക് വീണ്ടും ഗോതമ്പ് എത്തിത്തുടങ്ങി. ഇത് ഒരു ഉദാഹരണമാണ്. ഇതര മതവിശ്വാസികളോട് നബി(സ്വ) അനുവര്‍ത്തിച്ച നിലപാട് വളരെ വ്യക്തമായ ചരിത്രമാണ്.

അതിനാല്‍ ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഇതര മതവിശ്വാസികളോട് അസഹിഷ്ണുവായിത്തീരാന്‍ സാധിക്കില്ല. അതിന് ആര്‍ക്കെങ്കിലും ഉള്‍വിളിയുണ്ടാവുന്നുവെങ്കില്‍ അത് പൈശാചികമായ ദുര്‍ബോധനമാണ് എന്നതാണ് യാഥാര്‍ഥ്യം. കാരണം നല്ല സമീപനത്തിനായി ആഹ്വാനമോ പ്രചോദനമോ നല്‍കുന്ന ഖുര്‍ആനിക സൂക്തങ്ങളവസാനിക്കുന്നത് ഗുണം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു എന്ന് പറഞ്ഞാണ്. അല്ലാഹു ഇഷ്ടപ്പെടാത്തതെന്തും പിശാചിനിഷ്ടമുള്ളതായിരിക്കും. ഇസ്ലാമിലെ ധാര്‍മിക നിയമങ്ങളുടെ പരിധിയില്‍ ഒതുങ്ങി അപരനുമായി സമ്പര്‍ക്കപ്പെടാന്‍ സാധിക്കുക എന്നത് വിശ്വാസിയുടെ വിജയമാണ്.

വര്‍ഗീയതയെന്തിന്?

മനുഷ്യന്‍ ഒരു വര്‍ഗമാണെന്നിരിക്കെ അതിന്റെ വിശാലമായ അര്‍ഥതലത്തെ പ്രാപിക്കാനും ഉള്‍ക്കൊള്ളാനും നമുക്ക് കഴിയണം. മതപരമോ ജാതീയമോ ഭാഷാപരമോ ആയ വേര്‍തിരിവുകള്‍ പരസ്പരം ശത്രുതയുടെ കാരണമായിത്തീരുന്നത് അപകടമാണ്. നാം ജീവിക്കുന്ന നാടിന്റെയും നാട്ടാരുടെയും സര്‍വസ്വമായ സുസ്ഥിതിക്ക് വേണ്ടിയുള്ള ഭാഗധേ യത്വമാണ് ഓരോരുത്തരും നിര്‍വഹിക്കേണ്ടത്. വ്യത്യസ്തമായ മതങ്ങളും ദര്‍ശനങ്ങളും ഭാഷകളും അവയുടെയൊക്കെ വക്താക്കളുമുള്ള ഒരു ഭൂപ്രദേശമാണ് നമ്മുടെ ഇന്ത്യ. നമുക്ക് നമ്മുടെ ദേശീയമായ അതിര്‍ത്തിക്കുള്ളിലൊതുങ്ങി പാരസ്പര്യത്തില്‍ കഴിയാനാവുന്ന സാഹചര്യം ഇവിടെയുണ്ട്. ആ സൌകര്യം ഉപയോഗപ്പെടുത്തി ജീവിക്കാനാണിവിടെയുള്ളവരെ ല്ലാവരും തയ്യാറാവേണ്ടത്.

മതപരമായതോ മറ്റെന്തെങ്കിലുമോ ഒരു വ്യത്യസ്തത, അപരന് മേല്‍ അക്രമം കാണിക്കുന്നതിന് കാരണമാവാതെ നോക്കേണ്ടതനിവാര്യമാണ്. മനുഷ്യന്‍ എന്ന ഏകകത്തില്‍ ഒരുമിച്ചു നില്‍ക്കാന്‍ സാധിക്കുന്നതിലൂടെ നമുക്ക് ധാരാളം ഗുണങ്ങളും നേട്ടങ്ങളും ഉണ്ടാക്കാന്‍ സാധിക്കും. ഇങ്ങനെ ഒരു നിലപാട് സ്വീകരിക്കുന്നതിന് ഒരു മതവും എതിരാവുമെന്ന് തോന്നുന്നില്ല. എല്ലാവരും തന്നെപ്പോലെ തന്റെ മതവും സ്വീകരിക്കണമെന്ന് ആഗ്രഹിക്കുന്നത് ആപേക്ഷികമായ സദുപദിഷ്ടമാണ്. എന്നാല്‍ അത് മാത്രമേ ആകാവൂ മറ്റൊന്നായിക്കൂടാ എന്ന നിലപാടെടുത്ത് അതിന്റെ പേരില്‍ ആക്രമണം അഴിച്ചുവിടുന്നത് അഭിശപ്തമായ വര്‍ഗീയതയാണ്.

ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം ആത്യന്തിക സത്യമായ ഏക ഇലാഹിലേക്കും അവന്റെ മതത്തിലേക്കുമാണ് അത് ജനങ്ങളെ വിളിക്കുന്നത്. എല്ലാ മനുഷ്യരും ഇതര സൃഷ്ടികളെപ്പോലെ തന്നെ ഏകനായ സ്രഷ്ടാവിനാല്‍ സൃഷ്ടിക്കപ്പെട്ടവരാണ്. അവനേകിയ സൌകര്യവും സൌജന്യവും അനുഭവിക്കുന്നവരാണ്. അവരെ സൃഷ്ടിക്കുന്നതിനായി അവന്‍ ആദ്യം ഒരാണിനെയും പിന്നെ അതില്‍ നിന്ന് ഒരു പെണ്ണിനെയും സൃഷ്ടിച്ചു. അങ്ങനെയാണ് മനുഷ്യവര്‍ഗത്തിന് തുടക്കമിട്ടത്. വിശുദ്ധ ഖുര്‍ആന്‍ ഈ യാഥാര്‍ഥ്യം വിവരിക്കുന്നുണ്ട്.

‘ഒരു ശരീരത്തില്‍ നിന്ന് നിങ്ങളെ സൃഷ്ടിക്കുകയും അതില്‍ നിന്ന് തന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവര്‍ രണ്ടുപേരില്‍ നിന്നും ധാരാളം സ്ത്രീ പുരുഷന്മാരെ വ്യാപി പ്പിച്ചവനുമായ നിങ്ങളുടെ നാഥനെ നിങ്ങള്‍ സൂക്ഷിച്ച് ജീവിക്കുക…’ (ആശയം: അന്നിസാഅ്: 1).

എല്ലാ മനുഷ്യരുടെയും ആദ്യ പിതാവ് ആദം എന്നറിയപ്പെടുന്ന പ്രഥമ മനുഷ്യനാണെന്നതാണ് ഇസ്ലാമിന്റെ പാഠം. അദ്ദേഹത്തിന്റെ സന്താന പരമ്പരയില്‍ പെട്ടവരാണ് മുഴുവന്‍ മനുഷ്യരും. ഇവരെല്ലാവരും ഒരു പിതാവിന്റെ സന്തതികളെന്ന നിലയില്‍ ഒരു കുടുംബമായിരിക്കണ മെന്നതാണ് സ്വാഭാവികമായും താല്‍പര്യപ്പെടുന്നത്. മനുഷ്യ വിഭാഗത്തിന്റെ വംശ വര്‍ദ്ധനവും വ്യാപനവും പരിഗണിച്ച് വ്യവഹാരത്തിനും വിനിമയത്തിനും സൌകര്യമുണ്ടാവുന്നതിനായി ഭിന്ന ഗോത്രപ്പേരുകളിലും കുടുംബ പേരുകളിലും അറിയപ്പെടുകയായിരുന്നു.

അല്ലാഹു പറയുന്നു:’ഓ ജനങ്ങളെ, നിങ്ങളെ നാം ഒരാണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നും സൃഷ്ടിച്ചിരിക്കുന്നു. നിങ്ങളെ നാം ഗോത്രങ്ങളും സമുദായങ്ങളുമാക്കിയത് നിങ്ങള്‍ പരസ്പരം അറിയുന്നവരാവാനാണ്’ (ആശയം: അല്‍ ഹുജുറാത്ത്: 13).

ആവാസ മേഖലയുമായി ബന്ധപ്പെട്ടോ കുടുംബ സംവിധാനവുമായി ബന്ധപ്പെട്ടോ രൂപപ്പെട്ടു വന്നിട്ടുള്ള വ്യത്യാസങ്ങളും സ്വഭാവങ്ങളും പാരസ്പര്യത്തിന്റെ സൌകര്യാര്‍ഥം അല്ലാഹു ഏര്‍പ്പെടുത്തിയ ഒരു ക്രമീകരണമാണെന്നാണീ സൂക്തം വിളംബരപ്പെടുത്തുന്നത്. എന്നാല്‍ സ്രഷ്ടാവിനോടും പ്രപഞ്ചത്തോടുമുള്ള സമീപനത്തിന്റെ രീതിയും മാര്‍ഗവും ഒന്നായിരിക്കണമെന്നു തന്നെയാണ് പ്രപഞ്ച നാഥനായ സ്രഷ്ടാവിന്റെ തീരുമാനം. അതിനാണ് പ്രപഞ്ചത്തില്‍ ഒട്ടനവധി സൌകര്യങ്ങളേര്‍പ്പെടുത്തിയിരിക്കുന്നത്. പക്ഷേ, കാലാന്തരത്തില്‍ അവരില്‍ വന്ന മാറ്റത്തെ ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.

മനുഷ്യര്‍ക്കിടയില്‍ പ്രപഞ്ച നാഥനാല്‍ സമ്മാനിതമായ മത നിയമങ്ങളുമായി പ്രവാചകന്മാര്‍ നിയോഗിതരായി. അവര്‍ സത്യാദര്‍ശം പ്രബോധനം ചെയ്യുകയും അതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ സംസ്കരിക്കുകയും ചെയ്തുവന്നു. പ്രവാചകരുടെ കാലശേഷം അവര്‍ ദര്‍ശനം ചെയ്ത വഴിയില്‍ നിന്നും ജനങ്ങളകലുകയായിരുന്നു. അങ്ങനെയാണ് പല മതങ്ങളും കാഴ്ചപ്പാടുകളുമുണ്ടായത്. ചിലതൊക്കെ പഴയ മത യാഥാര്‍ഥ്യത്തിന്റെ പേരില്‍ പി ടിച്ചുനില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ചിലത് പുതുതായി തട്ടിപ്പടച്ചതുമാണ്. വ്യത്യസ്തമായ മതങ്ങളും വിഭാഗങ്ങളും പലതിന്റെയും അടിസ്ഥാനത്തില്‍ നിലവിലുള്ളപ്പോള്‍ സത്യാദര്‍ശം പ്രഖ്യാപി ക്കുകയും അനുവര്‍ത്തിക്കുകയും ചെയ്യുന്നതോടൊപ്പം ഇതര മത ആദര്‍ശ നിലപാടുകാരോട് സമാധാനപൂര്‍വം ഇടപെടാനാണ് മനുഷ്യന്‍ പരിശീലിക്കേണ്ടത്. അപരന്‍ തന്റെ ജാതിയല്ല, അല്ലെങ്കില്‍ തന്റെ മതക്കാരനല്ല എന്നത് തന്റെ മെയ്ക്കരുത്ത് അവനുമേല്‍ പരീക്ഷിക്കാന്‍ കാരണമാവരുത്. തന്റെ മതമോ ചിന്തയോ അവനുമേല്‍ അടിച്ചേല്‍പ്പിക്കുന്നതും അതിനായി ആക്രമണങ്ങള്‍ നടത്തുന്നതും നാഗരിക സമൂഹത്തിനു യോജിച്ചതല്ല.

നിര്‍ബന്ധപൂര്‍വം ഒരാദര്‍ശത്തിലേക്ക് ഒരാളെ കൊണ്ടുവരാനാവുമെന്ന് ധരിക്കുന്നത് മൌഢ്യമാണ്. കാരണം ആദര്‍ശങ്ങളെ വരിക്കേണ്ടതും ഉള്‍ക്കൊള്ളേണ്ടതും മനസുകളാണ്. മനസ് കീഴടക്കാന്‍ സ്നേഹത്തിനു മാത്രമേ കഴിയൂ. അതിനാല്‍ തന്നെ വിശുദ്ധ ഇസ്ലാം ഒരാളെയും ഇസ്ലാമിലേക്ക് സ്നേഹപൂര്‍വം ക്ഷണിക്കുകയല്ലാതെ അതിനായി നിര്‍ബന്ധിക്കുന്നില്ല.

‘മതത്തിലേക്ക് നിര്‍ബന്ധിക്കലില്ല, നിശ്ചയം സന്മാര്‍ഗം അബദ്ധ ധാരണകളില്‍ നിന്നും വേര്‍തിരിഞ്ഞു വ്യക്തമായിരിക്കുന്നു’ (ആശയം: അല്‍ ബഖറ: 256).

ഇസ്ലാമിന്റെ പ്രചാരകരായി നിയോഗിതരായ പ്രവാചകന്മാരോടെല്ലാം പ്രബോധനപരമായ ദൌത്യം മാത്രമാണ് നിങ്ങള്‍ക്കുള്ളതെന്ന് പറഞ്ഞിട്ടുണ്ട്. ഇത് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ പ്രബോധിത സമൂഹത്തില്‍ ഇസ്ലാമിനെ സ്വീകരിക്കാന്‍ തയ്യാറാവാത്തവരുടെ സമീപനത്തില്‍ മനഃപ്രയാസമനുഭവപ്പെട്ടപ്പോള്‍ അവരെ സാന്ത്വനിപ്പിച്ചാണങ്ങനെ പറയുകയുണ്ടായത്.

നബി(സ്വ) തങ്ങളുടെ സവിധത്തില്‍ യുദ്ധത്തടവുകാരായി പിടിക്കപ്പെട്ടവരെ പോലും ഇസ്ലാമിലേക്ക് നിര്‍ബന്ധിപ്പിക്കാതെ അവരുടെ ഹിതം പോലെ വിടുകയായിരുന്നു. ആറായിരത്തിലധികം പേരെ ഇങ്ങനെ വിട്ടയച്ചത് ചരിത്രത്തില്‍ തെളിഞ്ഞുകിടക്കുന്ന സത്യമാണ്.

ഇസ്ലാം മതത്തില്‍ ചേര്‍ന്നില്ല എന്ന കാരണത്താല്‍ നബി(സ്വ) ഏതെങ്കിലും ഒരാള്‍ക്കെതിരെ കടുത്ത നിലപാടെടുത്തത് ചരിത്രത്തിലില്ല. ഖലീഫമാരുടെ കാലത്തും ഇതു തന്നെയായിരുന്നു അവസ്ഥ. അതുപോലെ ആരുടെയെങ്കിലും തലക്കുമീതെ വാളോങ്ങി വിശ്വസിക്കൂ, അല്ലെങ്കില്‍ വധിച്ചുകളയുമെന്ന് ഭീഷണിപ്പെടുത്തിയതും ചരിത്രം പറയുന്നില്ല. മനുഷ്യ മനസ്സിനെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും ധാരണയുള്ള ഒരാള്‍ക്കും ഒരാദര്‍ശത്തിനും ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഫലശൂന്യത ബോധ്യപ്പെടും. അതിനാല്‍ തന്നെ നിര്‍ബന്ധിച്ച് മതത്തില്‍ ചേര്‍ക്കുക എന്നത് ഇസ്ലാമിക നിയമ ശാസ്ത്രത്തിലില്ല.

ഒരു മതാചാര്യനും നിര്‍ബന്ധിച്ച് മതത്തില്‍ ചേര്‍ക്കുന്നതിനെ കുറിച്ച് സംസാരിക്കാനുള്ള സാധ്യത കാണുന്നില്ല. കാരണം, നേരത്തെ സൂചിപ്പിച്ചത് തന്നെ. അതിനാല്‍ ഏതൊരു വിശ്വാസിയും സുചിന്തിതമായ ഈ പ്രവാചക തീരുമാനങ്ങളെയും സമീപനത്തെയും സ്വീകരിക്കാനാണ് ശ്രമിക്കേണ്ടത്. മതവിശ്വാസികളായറിയപ്പെടുന്നവരുടെ അപക്വമായ പ്രവര്‍ത്തനങ്ങളും മതത്തിന്റെ പേരില്‍ നടത്തപ്പെടുന്ന അക്രമണങ്ങളും താന്താങ്ങളുടെ നീതിശാസ്ത്രവും ആചാര്യപാഠവും അംഗീകരിക്കുന്നതാണോ എന്നാലോചിക്കണം. അങ്ങനെ മതത്തിന്റെ അസ്ഥിവാരങ്ങളായ ഗ്രന്ഥങ്ങളുടെയും അവയുടെ പ്രചാരകരായ മുന്‍കാല മതവിശ്വാസികളുടെയും സമീപനത്തിനെതിരായിട്ടുള്ള പുതിയ പരിഷ്കരണവാദികളുടെ പൊയ്മുഖം നാം തിരിച്ചറിയണം. മതങ്ങളുടെയും ദര്‍ശനങ്ങളുടെയും പേരില്‍ പുതിയതായി ഉയരുന്ന വാദങ്ങളെ തിരസ്കരിക്കാനും പാരമ്പര്യമായി സഹവര്‍ത്തിത്തത്തില്‍ കഴിഞ്ഞു വരുന്നതിന്റെ തുടര്‍ച്ചക്ക് ശ്രമിക്കുകയും ചെയ്യുന്നതിലൂടെ വര്‍ഗീയതയില്‍ നിന്ന് മോചനം നേടാന്‍ സാധിക്കും.

ഒരു മതത്തിന്റെ താഴ്വേരുകളെവിടെ എന്നതിന്റെ അടിസ്ഥാനത്തിലല്ല അതിന്റെ വിശ്വാസികളോട് സമീപിക്കേണ്ടത്. മറിച്ച് നാം കാലാകാലങ്ങളിലായി ജീവിച്ചുവരുന്ന നാടും പ്രദേശവും നമ്മുടേതാണ്. അവിടെ നാം മതത്തിനും ദര്‍ശനങ്ങള്‍ക്കുമതീതമായി ഒരു നാട്ടുകാരും ദേശക്കാരുമാണ്. ശാരീരികവും മാനസികവുമായ അഭീഷ്ടതകള്‍ പലര്‍ക്കും പലതായിരിക്കാം. അതുപോലെ ആദര്‍ശപരമായിട്ടുള്ള സ്വാതന്ത്യ്രവും നാം വകവെച്ചു കൊടുക്കുക. തന്റെ സ്വന്തം ആദര്‍ശാടിത്തറയുടെ തകര്‍ച്ചക്ക് കാരണമാവുന്നതൊന്നും ചെയ്യാതിരിക്കാന്‍ സ്വയം ശ്രമിക്കുകയും വേണം. അതിന് യാതൊരുവിധ പ്രതിസന്ധിയും ഇവിടെയില്ല എന്നതുപോലെ അതുകൊണ്ട് പ്രതിസന്ധിയുണ്ടായിത്തീരുന്നുമില്ല എന്നതാണ് യാഥാര്‍ഥ്യം.

വര്‍ഗീയതയുടെ ശപ്തമായ സാഹചര്യത്തിലേക്കെടുത്തെറിയപ്പെടുന്നതില്‍ നിന്നും ആത്മരക്ഷ നേടേണ്ടതുണ്ട്. അതിന് നമ്മെക്കുറിച്ചും നമ്മുടെയൊക്കെ മതദര്‍ശനങ്ങളെക്കുറിച്ചും ആവശ്യമായ അവബോധമുണ്ടാവുകയെ തരമുള്ളൂ.

അപരന്റെ മതവും വിശ്വാസവും തനിക്ക് ഭീഷണിയാണെന്നു തോന്നുന്ന ഒരുതരം മാനസികാവസ്ഥ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുകയാണിന്ന്. അതിനാല്‍ തന്നെ അപരന്റേതെന്തും സംശയ ദൃഷ്ടിയോടെ നോക്കിക്കാണുന്ന സ്ഥിതി വന്നിട്ടുണ്ട്. ഇത് ചൂഷണം ചെയ്ത് ജനങ്ങളെ പരസ്പരം പോരടിക്കാന്‍ പ്രേരിപ്പിക്കുന്ന കേന്ദ്രങ്ങളും സംഘടനകളും ഇവിടെയുണ്ടോ എന്ന് സംശയിക്കേണ്ടതുണ്ട്. ചരിത്രത്തില്‍ നിന്നും സന്ദര്‍ഭത്തിനനുസൃതമായി അടര്‍ത്തിയെടുത്തു ചില രംഗങ്ങള്‍ അവതരിപ്പിക്കപ്പെടാറുണ്ട്. യഥാര്‍ഥത്തില്‍ അതിനെല്ലാം സാഹചര്യപരമായ കാരണങ്ങളും പശ്ചാത്തലങ്ങളുമുണ്ടാവും. സ്വാര്‍ഥവും ദുര്‍മോഹപരവുമായ വീക്ഷണത്തില്‍, അത്തരം കാരണങ്ങളെ മാറ്റിവെച്ച് വിലയിരുത്തുന്നതും അവതരിപ്പിക്കുന്നതും ചരിത്രത്തോട് കാണിക്കുന്ന ക്രൂരതയാണ്.


RELATED ARTICLE

 • തീവ്രവാദം : പരിഹാരവും നിലപാടും
 • ലക്ഷ്യം പുനര്‍നിര്‍ണയിക്കുക
 • തീവ്രവാദം പരിഹാരമല്ല
 • ഇന്ത്യന്‍ സാഹചര്യം തേടുന്നത്
 • യുദ്ധ നിയമങ്ങളില്‍ നിന്ന്
 • ശിക്ഷാ നിയമങ്ങള്‍
 • ഇസ്ലാമും യുദ്ധവും
 • ഇസ്ലാമും വാളും
 • ഇസ്ലാമിലെ ധാര്‍മിക വ്യവസ്ഥ
 • തീവ്രവാദം ഇസ്ലാമിക വീക്ഷണത്തില്
 • തീവ്രവാദം