Click to Download Ihyaussunna Application Form
 

 

തീവ്രവാദം

തീവ്രവാദത്തിന്റെ പര്യായമായ ഭീകരവാദമാണിവിടെ ചര്‍ച്ച ചെയ്യുന്നത്. ഭീകരവാദമെന്തെന്നറിയു മ്പോഴാണ് അതിനെ ഇസ്ലാമിക പരിപ്രേക്ഷ്യത്തില്‍ നോക്കി കാണുന്നതിന് കൂടുതല്‍ സൌകര്യമുണ്ടാവുക. വളരെ സങ്കീര്‍ണമാണിത്. അതിന്റെ രീതിശാസ്ത്രവും പ്രയോഗവുമെല്ലാം കാലുഷ്യം മാത്രമാണ്. ലോകത്ത് നടന്നതും നടക്കുന്നതുമായ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു നിഗമനത്തിലെത്താനേ അതിന്റെ നിര്‍വചനത്തിന്റെ വിഷയത്തില്‍ നമുക്ക് സാധിക്കുന്നുള്ളൂ. വിഷയം മനസ്സിലാക്കുന്നതിന് ഒരു നിര്‍വചനത്തിന്റെ അനിവാര്യത ഉണ്ടെന്ന് തോന്നുന്നില്ല. അതിരുവിട്ട അസഹിഷ്ണുതയും പരിധിവിട്ട പക്ഷപാതവും സ്വാര്‍ഥതയും ദുര്‍മോഹവും നിമിത്തം സ്വീകരിക്കുന്ന ക്രൂരവും ഭീതിതവുമായ നയനിലപാടുകളും അവയെ സഹായിക്കലും ന്യായീകരിക്കലും എല്ലാം ഭീകരവാദപരം തന്നെയാണ്.

ഒരു അരുതായ്മയുടെ പ്രായോഗികത പോലെ തന്നെ അതിനെ ന്യായീകരിക്കലും അതിനെ സഹായിക്കലും അഭിശപ്തമായതാണ്. സഹായികളുടെയും ന്യായക്കാരുടെയും മാനസികമായ പി ന്തുണ അക്രമിയെ കൂടുതല്‍ അക്രമിയും നീചനെ അതിനീചനുമാക്കിത്തീര്‍ക്കുമെന്നതാണ് പാഠം. അതിനാല്‍ കൃത്യത്തെ ഭീകര താണ്ഢവമായും സഹായിക്കുന്നതും ന്യായീകരിക്കുന്നതും ഭീ കരവാദമായും വേര്‍തിരിക്കാവുന്നതാണ്. സമാധാനത്തോടെ ജീവിക്കാനുള്ള മനുഷ്യാവകാശത്തെയും സന്തുലിതമായി നിലനില്‍ക്കുന്ന സാമൂഹ്യ സാഹചര്യത്തെയും നി ഹനിക്കുന്നതൊക്കെ ഭീകരത തന്നെയാണ്.

ലക്ഷ്യം എന്ത്?

ഭീകരവാദികളുടെ ലക്ഷ്യങ്ങള്‍ ഒരിക്കലും സാമുഹ്യമായ മാനം നേടാറില്ല. തികച്ചും സങ്കുചിതമായ രാഷ്ട്രീയ സാമ്പത്തിക അധീശത്വ താല്‍പര്യങ്ങളായിരിക്കും അതിന്റെ പിന്നിലുണ്ടാവുക. ഉപരിപ്ളവമായതും ആകര്‍ഷകത്വമുള്ളതുമായ മുദ്രാവാക്യങ്ങളുണ്ടാവാമെങ്കിലും ആത്യന്തികമായി സ്വാര്‍ഥതയിലാണതിന്റെ വേരുകള്‍ കാണാനാവുക. സമൂഹത്തിലെ ഒരു വിഭാഗത്തിനോ ഭൂരിഭാഗത്തിനോ വേണ്ടി വക്കാലത്തേറ്റെടുത്ത് ത്യാഗം ചെയ്യുന്നതായുള്ള നാട്യമാണവര്‍ക്കുണ്ടാ വുക. രാജ്യം തകരുന്നു, മതം തകരുന്നു തുടങ്ങിയ പൊതുസ്വീകാര്യമായ വിഹ്വലതകള്‍ പെരുപ്പിച്ചുകാട്ടി അംഗീകാരം നേടാനവര്‍ ശ്രമിക്കും. പക്ഷേ, ആത്യന്തികമായി അവരുടെ ലക്ഷ്യം സ്വാര്‍ഥപരമായിരിക്കും. സാമൂഹ്യ സാഹചര്യത്തില്‍ നിന്നും നാഗരിക പരിസരത്ത് നിന്നും ആവേശിതമായ ഏത് വിധത്തിലുള്ള സ്വാര്‍ഥതയുമാകാം അത്. അധികാര കേന്ദ്രീകൃതമായ വര്‍ത്തമാന സാമൂഹ്യ മേലാളത്വത്തിന്റെ ഇടുങ്ങിയ ലോകത്തു നിന്നാണിത് മുഖ്യമായും ലക്ഷ്യങ്ങള്‍ നിശ്ചയിക്കുന്നത്. അതിനാല്‍ തന്നെ പല രാഷ്ട്രങ്ങളും ഇതിന് സുന്ദരമായ നിര്‍വചനങ്ങള്‍ നല്‍കിയത് കാണാം. അഥവാ ലക്ഷ്യം പ്രധാനമായും അധികാര രാഷ്ട്രീയമാണ്. രാഷ്ട്രീയമെന്നത് വര്‍ത്തമാന കാലത്ത് പണവും പദവിയും നേടാനും ബലഹീനതകള്‍ പൂര്‍ ത്തീകരിക്കാനുമുപകരിക്കുന്ന ഒന്നാം തരം ഉപാധിയാണ്. അതിനാല്‍ രാഷ്ട്രീയമെന്ന പ്രയോഗം തന്നെ ഇതര സ്വാര്‍ഥതകളെയും പ്രതിനിധാനം ചെയ്യുന്നതാണ്. കിരീടം വെച്ചില്ലെങ്കിലും സിംഹാസനത്തിലിരുന്നില്ലെങ്കിലും കുറച്ചാളുകളുടെ മനസ്സില്‍ വീരനായകനാവാനെങ്കിലും സാധിക്കുമല്ലോ എന്ന് ചിന്തിക്കുന്നവര്‍ക്കുമിതൊരു വഴിയാണ്. ചുരുക്കത്തില്‍ സാമ്രാജ്യത്വ ശക്തികള്‍ പ്രത്യക്ഷ രാഷ്ട്രീയ മേധാവിത്തത്തിനും അല്ലാത്തവര്‍ വീരപുരുഷ പദവിക്കും മറ്റുമാണിതൊക്കെ നടത്തുന്നത് എന്ന് മനസ്സിലാക്കാനാവും.

നിലപാട്

സ്വയം പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ഒരു തരം നിലപാടാണ് തീവ്രവാദികളില്‍ കാണുന്നത്. ഫാഷിസത്തിന്റെ ആത്മ പ്രശംസാപരമായ ആദര്‍ശത്തിന് സമാനമാണ് തീവ്രവാദത്തിന്റെ ആദര്‍ശാടിത്തറയും. സ്വന്തം പ്രവര്‍ത്തനങ്ങളെയും നിലപാടുകളെയും പുണ്യവത്കരിക്കുക, അത് സാക്ഷാത്കരിക്കുന്നതിനായി എന്തും ചെയ്യുക എന്നു വന്നാല്‍ അവിടെ എന്തും നീതിയും ന്യായവും ക്രമവും അനിവാര്യവുമായിരിക്കും. ചോദ്യം ചെയ്യപ്പെടാത്ത, അപ്രമാദിത്വം ചാര്‍ത്തപ്പെട്ട നേതാക്കളുണ്ടാവാം. ഒരു പ്രവാചകന്റെ റോളില്‍ ആധികാരികതയോടെ (?) അനുയായികളില്‍ ആവേശം കുത്തിനിറക്കുക വഴി നേതാവും പാര്‍ട്ടിയും പറയുന്നതിനപ്പുറം കാണാനും നോക്കാനും സാധിക്കാത്ത വിധം അനുയായികള്‍ വിധേയവല്‍ക്കരിക്കപ്പെട്ടിരിക്കും. പഠിച്ചതും അറിഞ്ഞതും ശീലിച്ചതും തിരുത്താനും മായ്ക്കാനും മറക്കാനും നേതാവ് പറഞ്ഞാല്‍ പി ന്നെ മറുവാക്കില്ല.

ഈ അവസ്ഥ നേരത്തെ കണ്ടിരുന്നത് ഫാഷിസ്റ്റുകളിലാണ്. ഹിറ്റ്ലറോ മുസ്സോളിനിയോ മാത്രമായിരുന്നില്ല ഫാഷിസ്റ്റുകള്‍. സമാനനിലപാടുകളെടുത്തവരൊക്കെ ആ പേരിന് അര്‍ഹരായിരിക്കും. ചെറിയ ഒരു ന്യൂനപക്ഷത്തിന് ആയുധവും അര്‍ഥവും നല്‍കി പ്രചണ്ഢമായ പ്രചാര വേലയും ചാരപ്രവര്‍ത്തനവും നടത്തി ഭൂരിപക്ഷത്തിനുമേല്‍ അടിച്ചമര്‍ത്തലിന്റെ നയം സ്വീകരിക്കുക എന്നതാണ് ഫാഷിസ്റ്റ് രീതിശാസ്ത്രം. ഫാഷിസത്തിന് അതിന്റേതായ അര്‍ഥാനര്‍ഥങ്ങളുമുണ്ട്. നൂറു ശതമാനം കൃത്യമായ ഒരു തുലനമല്ല ഇത്. മറിച്ച് ഭൂരിപക്ഷത്തിനുമേല്‍ അവകാശം സ്ഥാപിക്കാന്‍ ധൃഷ്ടരായ ന്യൂനപക്ഷത്തെയാണ് ഹിറ്റ്ലറും മുസ്സോളിനിയും ഉപയോഗപ്പെടുത്തിയത്.

എന്നാല്‍ നമുക്കിടയില്‍ അറിയപ്പെടുന്നവരായ തീവ്രവാദികള്‍ ഒരു പടികൂടി മുന്നിലാണോ എന്ന് തോന്നിപ്പോവുകയാണ്. അഥവാ അധികാരത്തെയും ഭൂരിപക്ഷത്തെയും അതിജയിക്കാനാവുമെന്ന വ്യാമോഹം വളര്‍ത്തുകയാണിവര്‍. നേതാവിന്റെയും കേന്ദ്രത്തിന്റെയും മാസ്മര ഭാവമുള്ള വാഗ്വിലാസത്തില്‍, പരിണിതി ആലോചിക്കാതെ എടുത്തുചാടാന്‍ അനുയായി പാ കപ്പെടുത്തപ്പെട്ടിരിക്കുന്നു. അതിനാല്‍ തന്നെ ഹിറ്റ്ലര്‍ അല്‍പം നേടി നശിച്ചു. ഇവിടെ നേട്ടമെന്നത് അപ്രതീക്ഷിതവും നിലനില്‍പ്പില്ലാത്തതുമാണ്. അതിനാല്‍ തന്നെ തികഞ്ഞ നഷ്ടക്കച്ചവടം തീര്‍ക്കുകയാണ് എന്ന പ്രകടമായൊരു വ്യത്യാസമുണ്ടെന്നു മാത്രം.

ഭരണകൂട ഭീകരത

ഭീകരതകളില്‍ അതിരൂക്ഷവും അപ്രതിരോധ്യവുമാണ് ഭരണകൂട ഭീകരത. ഭരണവര്‍ഗം സ്വന്തം രാഷ്ട്രത്തിലെ ജനങ്ങളോടു കാണിക്കുന്ന ക്രൂരതകള്‍, അയല്‍ രാഷ്ട്രങ്ങളോടു കാണിക്കുന്ന ക്രൂരതകള്‍ എന്നിങ്ങനെ രണ്ടു തരത്തില്‍ ഭരണകൂട ഭീകരത പ്രത്യക്ഷപ്പെടുന്നുണ്ട്. അടിസ്ഥാനപരമായി ഉപരിസൂചിപ്പിച്ച രാഷ്ട്രീയ ദുഷ്ടലാക്കുകളായിരിക്കും അതിന് പിന്നില്‍. നിസ്സാര കാരണങ്ങള്‍ പറഞ്ഞും സൃഷ്ടിച്ചും നിരായുധരായ ആളുകളുടെ മേല്‍ അധികാര വാഴ്ച നടത്തുകയാണിതിന്റെ രീതി. കുറ്റാരോപണം നടത്തിയും കരുതല്‍ നിയമങ്ങളുടെ മറപിടിച്ചും സിവിലിയന്മാരെ പീഡിപ്പിക്കുന്നത് ഒരു ഭരണകൂട സംസ്കാരമായി വളര്‍ന്നു വന്നിട്ടുണ്ട്. ഉപരിവ്യക്തമാക്കിയപോലെ ഫാഷിസ്റ്റ് രീതിശാസ്ത്രത്തിന്റെ തണലില്‍ കൂടുതല്‍ പിടിച്ചു നില്‍ക്കാനാവുമോ എന്നന്വേഷിക്കുകയാണ് ഭരണവര്‍ഗം.

ഭരണവര്‍ഗത്തിന്റെ ജാതീയമോ വര്‍ഗീയമോ പ്രാദേശികമോ ആയ വൈകാരിക ഭാവത്തെ തുല്യ സമീപനക്കാരായ പൌരന്മാരില്‍ കൂടുതല്‍ രൂക്ഷമാക്കാനും അവര്‍ക്കിടയില്‍ വീര പൌരുഷപട്ടം നേടാനും ഇതുവഴി സാധിക്കുമെന്നവര്‍ കണക്കുകൂട്ടുന്നു. വര്‍ഗീയവും വംശീയവും ഭാഷാപരവും പ്രാദേശികവുമായ കുടില ചിന്തകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തിയതിന്റെ പൊള്ളുന്ന കഥകള്‍ നമുക്കനുഭവമല്ലേ. ഒരു ന്യൂനപക്ഷത്തെ വൈകാരികമായി ഭ്രാന്താവേശരാക്കി നടത്തുന്ന വര്‍ഗീയമായ പ്രവണതകള്‍ക്ക് വളം നല്‍കുന്ന ഭരണകൂട സമീപനം ഇന്ത്യയില്‍ ഇപ്പോള്‍ രൂക്ഷമായി നിലനില്‍ക്കുന്നുണ്ട് എന്നതാണ് യാഥാര്‍ഥ്യം. ഒരു റഫറിയുടെ റോളില്‍ പോലും പ്രത്യക്ഷപ്പെടാനാവാതെ പൂര്‍ണമായും പക്ഷം ചേരുന്നു എന്നതാണ്, പലതിന്റെയും ബാക്കി പത്രം വേദനാജനകമാക്കിയത്.

ക്രമവും സമാധാനവും സ്ഥാപിക്കാനും നിലനിര്‍ത്താനും ബാധ്യതപ്പെട്ട ഭരണകൂടങ്ങള്‍, വിരുദ്ധ പ്രവണതകളില്‍ നേരിട്ട് കക്ഷി ചേരുകയോ വിരുദ്ധ പ്രവര്‍ത്തനങ്ങളോട് നിസ്സംഗത പുലര്‍ത്തുകയോ ചെയ്യുന്നു. ഭരണകൂടത്തിലെ പങ്കുപറ്റുകാരുടെ താല്‍പര്യം സംരക്ഷിച്ച് ഭരണമുറപ്പിക്കാനും ഭരണ താല്‍പര്യത്തിന് ഭീഷണിയാകുന്ന സംവിധാനങ്ങള്‍ നിഷ്കാസനം ചെയ്യാനുമാണ് ഭരണകൂടങ്ങള്‍ ഇത്തരം ശപ്തമായൊരു പതനത്തെ സ്വയം വരിച്ചിരിക്കുന്നത്. പാര്‍ലമെന്റും ജുഡീഷ്യറിയും നിഷ്പ്രഭമാകും വിധത്തില്‍ എക്സിക്യൂട്ടീവ് തലത്തില്‍ ചേക്കേറിയ താപ്പാനകള്‍ നടത്തുന്ന പക്ഷപാ തപരമായ നിലപാടുകള്‍ നമ്മുടെ ജനാധിപത്യത്തിന്റെ അന്തസ്സ് തന്നെ തകര്‍ത്തിട്ടുണ്ട്. അഥവാ ഭരണകൂടത്തിന് സമാധാന സംസ്ഥാപനാര്‍ഥം എന്തെങ്കിലും ചെയ്യുന്നതിന് പരിമിതിയുണ്ടെന്നു വന്നിരിക്കുന്നു എന്നതാണവസ്ഥ.

സാമ്രാജ്യത്വ ഭീകരത

സാമ്രാജ്യത്വ ശക്തികള്‍ അകവും പുറവും ഒരുപോലെ അശുദ്ധമായ മോഹങ്ങളുമായാണ് പ്രവര്‍ത്തിക്കുന്നത്. അവയില്‍ പ്രഥമമായത് ഇസ്ലാം വിരോധമാണ്. അതില്‍ കേന്ദ്രീകൃതമാണ് സാമ്രാജ്യത്വത്തിന്റെ അതിതീവ്രമായ ആക്രമണ പ്രവണതകള്‍. സോവിയറ്റ് ചേരിയുടെ ശൈഥില്യത്തോടെ പാശ്ചാത്യര്‍ക്ക് യോജിക്കാനൊരു പൊതുശത്രു ആവശ്യമായിരുന്നു. അതിന് വംശീയവും മതകീയവുമായ ചുവയുള്ള ഒരേകകത്തെ അവര്‍ നിശ്ചയിച്ചു അതാണ് ഇസ്ലാമും മുസ്ലിംകളും.

പതിനഞ്ചാം നൂറ്റാണ്ടു മുതല്‍ സാമ്രാജ്യത്വത്തിന്റെ നീചമായ താല്‍പര്യങ്ങള്‍ പൂവണിയാന്‍ തുടങ്ങിയിട്ടുണ്ട്. അന്നൊക്കെ തേരോട്ടത്തിനിരയായത് പ്രധാനമായും പ്രകൃതി സമൃദ്ധങ്ങളായ ഭൂപ്രദേശങ്ങളായിരുന്നു. അതിന് ജാതിയുടെയും മതത്തിന്റെയും മാത്രമായ ഒരു മുഖമുണ്ടാ യിരുന്നില്ല. നിരപരാധികളായ പതിനായിരങ്ങളെ ദിനേനയെന്നോണം കൊന്നൊടുക്കിയാണവര്‍ അമേരിക്ക കണ്ടെത്തിയതും വിജയാഘോഷം നടത്തിയതും.

അധിനിവേശത്തിന്റെ അഞ്ഞൂറ് വര്‍ഷകാലത്തെ ചരിത്രമന്വേഷിച്ച് നടത്തിയ വിശകലനത്തില്‍ ‘വിനിന്‍ പെരീര’യും ‘ജെറമീസീബ്രൂക്കും’ അധിനിവേശ ശക്തികളുടെ നരമേധവും വംശശുദ്ധീകരണവും സംബന്ധിയായ ഞെട്ടിക്കുന്ന സംഭവങ്ങളവതരിപ്പിച്ചിട്ടുണ്ട്. മതപരമായ ആവേശവും മത കേന്ദ്രങ്ങളുടെ പ്രോത്സാഹനവും അതിനുണ്ടായിരുന്നുവെന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. വംശവെറിയുടെയും സാമുദായിക പക്ഷപാതത്തിന്റെയും കൂടി പി ന്തുണയോടെയാണ് സാമ്രാജ്യതേര്‍വാഴ്ച നടന്നിട്ടുള്ളത്.

സാമ്രാജ്യത്വ ശക്തികളുടെ അല്ലെങ്കില്‍ മുന്നണിയുടെ സമകാലികമായ വിരുദ്ധ മനോഭാവം മുഖ്യമായും കേന്ദ്രീകൃതമായിരിക്കുന്നത് ഇസ്ലാമിനും മുസ്ലിംകള്‍ക്കുമെതിരെയാണ്. ഇസ്ലാമെന്നാല്‍ ഭീകരവാദമെന്നും മുസ്ലിം എന്നാല്‍ ഭീകരവാദിയെന്നും മനസ്സിലാക്കപ്പെടുന്ന സാഹചര്യം വളര്‍ത്താനാണവര്‍ ശ്രമിക്കുന്നത്. അന്താരാഷ്ട്ര രംഗത്ത് ഉത്ഭൂതമാകുന്ന ഏതൊരു സംഘര്‍ഷാവസ്ഥകളെയും ഫലപ്രദമായി അതിനവര്‍ ഉപയോഗപ്പെടുത്തുകയാണ്. ബഹുമുഖ പ്രതികരണ സാധ്യതയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി, അതുവഴി കുറെ ആളുകളെ പ്രകോപി തരാക്കുകയും അങ്ങനെ ഉണ്ടായിത്തീരുന്ന പ്രതിപ്രവര്‍ത്തനങ്ങള്‍ ഉപാധിയാക്കി അടിച്ചമര്‍ത്തല്‍ ശക്തമാക്കുകയും ചെയ്യുക എന്നതാണതിന്റെ ഇന്നത്തെ രീതി.

അന്താരാഷ്ട്ര രംഗത്ത് സാമ്രാജ്യത്വത്തിന്റെ താണ്ഢവം നടക്കുന്നിടങ്ങളിലെല്ലാം ഒരുതരം വിളവെടുപ്പാണ് നടന്നുകൊണ്ടിരിക്കുന്നത്. പ്രശ്നം വിതച്ച് പ്രകോപനമുണ്ടാക്കി കലാപകാരികളെയും പോരാളികളെയും സൃഷ്ടിച്ച് അവിടെ ഇടപെടല്‍ നടത്തുകയായിരുന്നു. സമാധാനം സ്ഥാപിക്കേണ്ടതിന് യത്നിക്കേണ്ട കേന്ദ്രങ്ങളുണ്ടെങ്കിലും സാമ്രാജ്യത്വ ദുര്‍മോഹികളുടെ ഉപവിഭാഗമെന്ന പോലെ പ്രവര്‍ത്തിക്കാനേ അവര്‍ക്കൊക്കെ സാധിക്കുന്നുള്ളൂ. എല്ലാറ്റിലും സാമ്രാജ്യത്വ ദുര്‍മോഹത്തിന്റെ മതാഭിമുഖ്യഭാവം പ്രത്യക്ഷമാണ്. അല്ലെങ്കില്‍ ഇസ്ലാം മുസ്ലിം വിരുദ്ധ മനോഭാവം തെളിഞ്ഞു കാണാവുന്നതാണ്.

കേവലമായ ദാസ്യവൃത്തി കൊണ്ട് തൃപ്തിപ്പെടാന്‍ പോലും തയ്യാറല്ലാത്തവിധം അതിമോഹത്തിനടിമപ്പെട്ടിരിക്കുകയാണ് സാമ്രാജ്യത്വം. മധ്യപൌരസ്ത്യ ദേശത്ത് നടത്തുന്ന സൈനിക നീക്കങ്ങളും സന്നാഹങ്ങളും അതാണ് കുറിക്കുന്നത്. രാഷ്ട്രീയമായ ദാസ്യവൃത്തിക്ക് സമകാലിക പാശ്ചാത്യന്‍ ഭാഷ്യത്തില്‍ വേറിട്ട ഒരു ആശയം തന്നെ ഉണ്ടായിട്ടുണ്ട്. ഉടമാവകാശവും അധീശാധികാരവുമടക്കം പതിച്ചു നല്‍കണമെന്ന നിര്‍ബന്ധത്തിലാണ് സാമ്രാജ്യത്വ കശ്മലന്മാര്‍. അതിന് വശപ്പെടുന്നതിനുള്ള വൈമനസ്യം പ്രകടിപ്പിക്കുന്നതിനാലാണ് മനുഷ്യപ്പറ്റില്ലാത്ത ക്രൂര പീഡനങ്ങള്‍ക്ക് നിരപരാധികളും സ്ത്രീകളുമടക്കമുള്ളവരെ അവര്‍ വിധേ യരാക്കുന്നത്.

വകഭേദങ്ങള്‍

ഭീകരതയുടെ വകഭേദങ്ങള്‍ പലതുമുണ്ട്. കല്‍പ്പിതമാവുന്ന പരിധിക്കനുസൃതമായി അതിനു വ്യത്യസ്തമായ പേരുകള്‍ ലഭിച്ചിട്ടുണ്ട്. കൂടുതല്‍ ആക്രമണപരവും പ്രത്യാഘാതമുളവാക്കുന്നതും അടിച്ചമര്‍ത്തുന്നതില്‍ സംഹാരാത്മകത കൂടുതല്‍ ഉണ്ടാവുന്നതും ഭരണകൂട-സാമ്രാജ്യത്വ ഭീ കരതകള്‍ക്കാണ്. സൌകര്യത്തിന്റെയും പരിശീലനത്തിന്റെയും മികവും വ്യാപൃ തിയുമനുസരിച്ചായിരിക്കും മറ്റു ഭീകരതകള്‍ നടനം നടത്തുന്നത്. ഭരണകൂട പങ്കാളിത്തമോ നിസ്സംഗതയോ അനുകൂലമാക്കാനാവുന്നവരുടേതും അതിരൂക്ഷമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.

ഒരു മതവിശ്വാസി മറ്റൊരു മതവിശ്വാസിക്കു നേരെ കാണിക്കുന്ന ക്രൂരതകളെ മതഭീകരത എന്നു പറയാം. സെര്‍ബ് ക്രിസ്ത്യാനികള്‍ ബോസ്നിയന്‍ മുസ്ലിംകള്‍ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന പൈശാചികമായ ക്രൂരത ഉദാഹരണം. ഇസ്റയേല്‍ ഫലസ്തീനികളോടും പരിസര രാഷ്ട്രങ്ങളോടും കാണിക്കുന്ന കൊടും ക്രൂരതകളും കേവല രാഷ്ട്രീയമായതു മാത്രമല്ല, ജൂത മതത്തിന്റെ ഇസ്ലാം മുസ്ലിം വൈരത്തിന്റെ പ്രതിഫലനം കൂടിയാണ്. ചരിത്രത്തില്‍ തുല്യതയില്ലാത്ത ക്രൂരതകളാണ് ഇസ്റയേല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സ്വന്തം നാട്ടില്‍ നിന്നും വിശുദ്ധ ഭൂമി (?) യിലേക്ക് പലായനം നടത്തിയെത്തിയവരോട് പാകിസ്ഥാന്‍ തീവ്രവാദികള്‍ കാണിക്കുന്ന ക്രൂരത വംശീയമായ ഭീകരതയുടെ ഗണത്തില്‍ പെടുന്നു. നിയമപരമായി പാ കിസ്ഥാനില്‍ കഴിയാനവസരമുണ്ടായിട്ടും അതനുവദിക്കാന്‍ പാകിസ്ഥാന്‍ തീവ്രവാദികള്‍ ഒരുക്കമല്ല. ഇന്ത്യന്‍ ഫാഷിസ്റ്റുകള്‍ മുസ്ലിംകള്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങളും അടിച്ചമര്‍ത്തലുകളും വര്‍ഗീയത എന്നു നാം വിളിക്കുന്നതാണെങ്കിലും അതിനൊരു മറുവശമുണ്ട്. പാകിസ്ഥാന്‍ ചാരന്മാരും പാകിസ്ഥാന്‍ രക്തമുള്ളവരുമാണ് മുസ്ലിംകളെന്ന പ്രചാരണവും വീക്ഷണവും തന്നെയാണ് അടിസ്ഥാന കാരണം. അതിനാല്‍ അതും വംശീയ ഭീകരതയാണ്.

പ്രതിഭീകരത

ഇത്തരം വിരുദ്ധ പ്രവണതകളെയും നശീകരണ ശ്രമങ്ങളെയും ചെറുക്കാനുള്ള ഉള്‍വിളി ജൈവപരമാണ്. പ്രത്യക്ഷമായതും അല്ലാത്തതുമായ എല്ലാ വിരുദ്ധതകളും തിരിച്ചറിയുന്നതിനുള്ള ശേഷി മനുഷ്യന് മാത്രമുള്ളതാണ്. ഉപരിസൂചിപ്പിച്ച വിധം അതിരൂക്ഷമായ ആക്രമണങ്ങളുടെയും പീ ഡനങ്ങളുടെയും പശ്ചാത്തലത്തില്‍ ആക്രമണപരമായ പ്രതിഷേധത്തിന്റെ സാധ്യത കൂടുതലാണ്. അതാണ് യഥാര്‍ഥത്തില്‍ പ്രതിഭീകരത. ഭരണകൂട ഭീകരതയെയും ഇതര ഭീകരതകളെയും നേരിടുന്നതിനായുള്ള ഒരുതരം വൈരുദ്ധ്യാധിഷ്ഠിതമായ സമീപനമാണത്. കടുത്തതും തീക്ഷ്ണവുമായ സാഹചര്യത്തെ ഫലപ്രദമായും വ്യവസ്ഥാപിതമായും ചെറുക്കാനുള്ള സംവിധാനമാരായുന്നതിനു പകരം ആക്രമണത്തെ ആക്രമണം കൊണ്ട് തടുക്കാമെന്ന് ധരിക്കുന്നത് ശരിയാണെന്നു തോന്നുന്നില്ല.

ഭരണകൂടവും ഭീകരതയുടെ തുടക്കക്കാരും സകല സന്നാഹ സജ്ജരാണ്. അതിനാല്‍ തന്നെ പ്രകോപനത്തിനിടവരുത്തുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കാനാണ് ശ്രമിക്കേണ്ടത്. ആരില്‍ നിന്ന് പ്രതികരണമുണ്ടായാലും അത് ജനകീയമായ പിന്തുണയും അംഗീകാരവും ലഭിക്കുന്നത് മാത്രമേ ആകാവൂ. ഒറ്റപ്പെടുത്തലിന്റെയും മാറ്റിനിറുത്തപ്പെടലിന്റെയും സംശയിക്കപ്പെടലിന്റെയും സാഹചര്യം തീര്‍ക്കാനെളുപ്പമാണ്. തിരുത്താന്‍ പ്രയാസവുമാണ് എന്നോര്‍ക്കണം.

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം മാത്രം ഉദാഹരണമായെടുക്കാം. അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചു എന്നാരോപിക്കപ്പെടുന്ന ഉസാമയും സംഘവും കൊടും ഭീകരരുടെ പട്ടികയിലാണുള്ളത്.

ഒരു പ്രശ്നത്തെ വിലയിരുത്തേണ്ടത് അതിന്റെ സ്വാഭാവികവും പ്രത്യക്ഷവുമായ നേട്ടങ്ങളെയെങ്കിലും അനുമാനിച്ചാണ്. അക്രമ തീവ്രമായ മുസ്ലിം വിരുദ്ധതയുടെ വിസ്ഫോടനം പ്രതീക്ഷിക്കുന്ന അഗ്നിപര്‍വ്വതത്തെ പൊട്ടിത്തെറിപ്പിക്കുന്നതല്ല ബുദ്ധി. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണാനന്തരം ലോക തലത്തില്‍ ഒരു മുസ്ലിം വിരുദ്ധ കൂട്ടായ്മ അതിശക്തമായി രൂപപ്പെട്ടുവെന്നതല്ലേ നേര്. ഇരുനൂറോളം മുസ്ലിംകളും അതിലകപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക് (ചന്ദ്രിക റിപ്പബ്ളിക് സ്പെഷ്യല്‍ 2002, പേജ്: 165). ഇസ്ലാമിക സമൂഹത്തിലെ ഓരോ കണ്ണിയേയും തുല്യ ആദരത്തില്‍ കാണാന്‍ പോലും സാധിക്കാത്തവരില്‍ പ്രതി ഭീകരതക്ക് പ്രചോദനമായത് സാമുദായികമോ മതപരമോ ആയ വിചാരമാകാന്‍ തരമില്ല. എല്ലാ തീവ്രവാദികളെയും ഭീകരവാദികളെയും പോലെ സാഹചര്യപരമായ വിഭ്രമാവസ്ഥയുടെ ഫലമായുണ്ടായ അന്ധവും നീചവുമായ ഒരുതരം സമീപനം എന്നു മാത്രമേ അതിന് പറയാന്‍ സാധിക്കൂ.

എങ്ങനെ?

ഭീകരതയുടെ രണ്ട് മുഖവും പ്രകടിപ്പിക്കുന്നത് രൌദ്രവും ഭയാനകവുമായ അക്രമ വാസനയാണ്. നിര്‍ഭയമായി ജീവിക്കാനുള്ള മൌലികാവകാശത്തെയാണത് തകര്‍ത്തു കളയുന്നത്. വലിയ പ്രതിഫലനവും പ്രത്യാഘാതവും ഉണ്ടാക്കുന്ന ഭീകരാക്രമണങ്ങളും മറ്റു ഭീകര പ്രവര്‍ത്തനങ്ങളും വര്‍ത്തമാനകാല മനസ്സാക്ഷിയെ വിറങ്ങലിപ്പിച്ചിട്ടുണ്ട്. ബോംബ് സ്ഫോടനങ്ങള്‍, വ്യോമാക്രമണങ്ങള്‍, സൈനിക തേര്‍വാഴ്ച, വിമാന റാഞ്ചല്‍, നയതന്ത്ര പ്രതിനിധികളെയും ടൂറിസ്റ്റുകളെയും തട്ടിക്കൊണ്ടു പോവല്‍, കൊലപാതകങ്ങള്‍, അട്ടിമറികള്‍, ചാവേറുകള്‍, പീ ഡിപ്പിക്കല്‍ തുടങ്ങിയ ഭീകരതയുടെ പ്രായോഗിക രൂപങ്ങള്‍ പലതും നടന്നുകൊണ്ടിരിക്കുന്നു. വ്യത്യസ്തമായ സമീപന രീതികള്‍ ഇതിനൊക്കെ സ്വീകരിക്കാറുമുണ്ട്.

സമ്പന്നന്മാരെ തട്ടിക്കൊണ്ടുപോയി വിലപേശി പണം പിടുങ്ങുന്ന ഭീകരത ഒരു പ്രാസ്ഥാനിക ഭാവം സ്വീകരിച്ചിട്ടില്ലെങ്കിലും സര്‍വവ്യാപിയാണ്. ഏത് രീതിയും പ്രത്യാഘാതങ്ങളുണ്ടാക്കുന്നതും സമാധാനത്തിനും സ്വൈര ജീവിതത്തിനും ഭീഷണിയുമാണെന്നതില്‍ തര്‍ക്കിക്കേണ്ടതില്ല.

സംഹാരത്തിന് നേതൃത്വം നല്‍കുന്നവരുടെ ശേഷിയെ അടിസ്ഥാനപ്പെടുത്തിയാണ് മാര്‍ഗങ്ങള്‍ രൂപപ്പെടുത്താറുള്ളത്. ഹിറ്റ്ലര്‍ തദ്ദേശിയരായ ദശലക്ഷങ്ങളെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ നിഷ്കരുണം പീഡിപ്പിച്ചും വെടിവെച്ചും കൊലപ്പെടുത്തുകയുണ്ടായി. അമേരിക്ക 1940കളില്‍ ഹിരോഷിമയിലും നാഗസാക്കിയിലും പ്രഥമ ബോംബ് വര്‍ഷം നടത്തി ലക്ഷങ്ങളെ കൊന്നൊടുക്കി. ഇപ്പോള്‍ വ്യത്യസ്ഥ രാജ്യങ്ങളില്‍ അമേരിക്കയും ആജ്ഞാനുവര്‍ത്തികളും നിരപരാധികളായ പതിനായിരങ്ങളെ അനുദിനമെന്നോണം ഇല്ലാക്കഥ മെനഞ്ഞ് കൊന്നൊടുക്കിക്കൊണ്ടി രിക്കുന്നു. സ്നേഹം വറ്റുകയും മനസ്സുണങ്ങുകയും ചെയ്യുന്നതോടെ ഒരാളിലുണ്ടായിത്തീരുന്ന ഭ്രാന്തമായ ആവേശത്തില്‍ ഇന്നതേ നടക്കൂ എന്ന് ക്ളിപ്തപ്പെടുത്താന്‍ സാധിക്കുകയില്ല.

ഇരകള്‍

ആക്രമണകാരികള്‍ക്ക് ലക്ഷ്യമുണ്ടെന്നാണ് ധാരണ. പക്ഷേ, മാര്‍ഗമെന്തായാലും ക്രൂരമായാണത് നമുക്ക് ബോധ്യപ്പെടുന്നത്. അമേരിക്കന്‍ ഭരണ വര്‍ഗ താല്‍പര്യവും നിലപാടുകളും എതിര്‍ക്കപ്പെടേണ്ടതായിരിക്കും, അത് പോലെ മറ്റേതെങ്കിലും ഒരു രാഷ്ട്രത്തലവന്റെ നിലപാട് കുറ്റകരവും തകര്‍ക്കപ്പെടേണ്ടതുമായിരിക്കും. നയപരമായി ഏതൊന്നിനെയും വിരുദ്ധ ചേരിയില്‍ നിര്‍ത്തുന്നത് നാഗരിക വ്യവസ്ഥയില്‍ എതിര്‍പ്പൊന്നും പ്രകടിപ്പിക്കേണ്ടതില്ല. മൌലികമായ സ്വാതന്ത്യ്രത്തിന്റെ ഭാഗമായിരിക്കുമത്. പക്ഷേ, വിരോധത്തിന്റെ മറവില്‍ അനീതി നീതിയായും അക്രമം ക്രമമായും തീരുന്നതെങ്ങനെയാണ്. ചില മാനദണ്ഢങ്ങളതിനാവശ്യമാണ്. അതിനാലാണ് നാഗരിക വ്യവസ്ഥയിലെല്ലാം തന്നെ യുദ്ധവും സമാധാനവും സുരക്ഷയും ക്രമസമാധാനവും ശിക്ഷാ നിയമങ്ങളും കുറ്റങ്ങളെ കുറിച്ച ചര്‍ച്ചയുമുണ്ടായത്.

പൊതുവായി അംഗീകരിക്കപ്പെട്ട ഒരു തത്വമാണ് ഒരു നിരപരാധി ഒരിക്കലും ശിക്ഷിക്കപ്പെടരുതെന്നത്. അപരാധികളെ നിര്‍ണയിക്കാനായതിന് ശേഷമേ ശിക്ഷാ നടപടിക്ക് ന്യായമുള്ളൂ. അപരാധിയെ കിട്ടിയില്ലെങ്കില്‍ അപരാധിയെ സൃഷ്ടിക്കുക എന്ന തലതിരിഞ്ഞ വീക്ഷണമാണിന്നുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ നടക്കുന്നത്. യഥാര്‍ഥ പ്രതികള്‍ സസുഖം സുരക്ഷിതരായിരിക്കുമ്പോള്‍ നിരപരാധികള്‍ പീഡിപ്പിക്കപ്പെടുകയാണ്. ഉസാമയെ തിരഞ്ഞാണ് അമേരിക്ക അഫ്ഗാന്‍ ആക്രമണം തുടങ്ങിയത്. എന്നാല്‍ ഉസാമ ഇന്നും സുരക്ഷിതനാണെന്നാണ് അറിവ്. സദ്ദാമിനും തന്റെ ചില മന്ത്രിമാര്‍ക്കും വേണ്ടി (?) യാണ് ഇറാഖിനെ ആക്രമിച്ചത്. പാവം ഇറാഖികള്‍ പതിനായിരങ്ങളാണ് ഹോമിക്കപ്പെട്ടത്. ഇറാഖികളുടെ സമാധാനത്തിനും (?) സുരക്ഷിതത്വത്തിനും അമേരിക്ക ഇറാഖില്‍ ആക്രമണം നടത്തി. സമാധാനമില്ലാത്ത നാളുകളാണിപ്പോള്‍… 2006 ഏപ്രില്‍ 8, ശനിയാഴ്ച ഒരു ചാവേറാക്രമണത്തിന്റെ വാര്‍ത്ത നാമറിഞ്ഞതാണ്. മൂന്ന് ചാവേറുകള്‍ ഒന്നിച്ച് ഒരു പള്ളിയില്‍ ആക്രമണം നടത്തി. ആ പള്ളിയില്‍ ജുമുഅഃക്കെത്തിയവരെല്ലാവരും അവിടുത്തെ ഇമാമിന്റെ അമേരിക്കന്‍ ഉപാസകത്വത്തെ അംഗീകരിക്കുന്നവരാവണമെന്നില്ല.

2006 ഡിസംബര്‍ 30ന് സദ്ദാം ഹുസൈനെ അമേരിക്കന്‍ പാവ സര്‍ക്കാര്‍ തൂക്കിലേറ്റി. അതിനെ തുടര്‍ന്നും ഇറാഖ് കത്തിയെരിയുകയാണ്. ഇറാഖില്‍ ആക്രമണം തുടരുമെന്നും സൈനിക ശേഷി വര്‍ദ്ധിപ്പിക്കുമെന്നും അമേരിക്കന്‍ പിശാച് വ്യക്തമാക്കിയിട്ടുണ്ട്. 2006ല്‍ മാത്രം ഇറാഖില്‍ 26782 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് യു. എന്‍. നല്‍കുന്ന കണക്ക്. അമേരിക്കന്‍ അധിനിവേശത്തിനു ശേഷം 16 ലക്ഷം പേര്‍ ഇറാഖില്‍ നിന്നു പലായനം ചെയ്തിട്ടുമുണ്ട്.

നിരപരാധികളും പൊതുസ്വത്തും സ്വകാര്യസ്വത്തും നശിപ്പിക്കപ്പെടുന്നതിലൂടെ കാര്യം നേടാമെന്നത് വ്യാമോഹമാണ്. നമ്മുടെ അറിവില്‍പെട്ട ഏതൊക്കെ തീവ്രവാദപരമായ ഓപ്പറേഷനുകളുണ്ടോ അതിലെല്ലാം പ്രഖ്യാപിത ലക്ഷ്യം എന്തായിരുന്നാലും അനുഭവിച്ചതത്രയും നിരപരാധികളാണ്. നഷ്ടമായത് അവരുടെ സമ്പത്തുകളുമാണ്. നിരപരാധികളിലും സമ്പത്തിലും സംഭവിക്കുന്ന കഷ്ടതകളില്‍ പ്രശ്നങ്ങളുടെ പരിഹാരമല്ല അക്രമികള്‍ കാണുന്നത്. മറിച്ച് അതൊരു ഷോക്ക് ട്രീറ്റ്മെന്റാണ് എന്ന നിലക്കാണത്രെ.

ഒരു ന്യായശാസ്ത്രത്തിലും നീതീകരണമാര്‍ജ്ജിച്ചിട്ടില്ലാത്ത ഈ അടിസ്ഥാന അപചയത്തില്‍ കേന്ദ്രീകൃതമാണ് ഏത് തരത്തിലുള്ള ഭീകരതകളും. ബുഷിന്റെയും കൂട്ടാളികളുടെയും സാമ്രാജ്യത്വ ഭീകരത തുടങ്ങി റിപ്പര്‍ ചന്ദ്രനിലോളമുള്ള എല്ലാ ഭീകരതകളും ആത്യന്തികമായി സ്വാര്‍ഥമായ ചില സുഖിപ്പിക്കലുകള്‍ നല്‍കുന്നുവെന്നല്ലാതെ അതിന്റെ പരിണിതി ഭീകരവും കൈരാതികവുമാണ്. അതാകട്ടെ പ്രഖ്യാപിതമായ ലക്ഷ്യത്തിന്റെ വഴിയില്‍ ഒന്നും നേടിക്കൊടുത്തിട്ടില്ലാത്തതുമാണ്.


RELATED ARTICLE

  • തീവ്രവാദം : പരിഹാരവും നിലപാടും
  • ലക്ഷ്യം പുനര്‍നിര്‍ണയിക്കുക
  • തീവ്രവാദം പരിഹാരമല്ല
  • ഇന്ത്യന്‍ സാഹചര്യം തേടുന്നത്
  • യുദ്ധ നിയമങ്ങളില്‍ നിന്ന്
  • ശിക്ഷാ നിയമങ്ങള്‍
  • ഇസ്ലാമും യുദ്ധവും
  • ഇസ്ലാമും വാളും
  • ഇസ്ലാമിലെ ധാര്‍മിക വ്യവസ്ഥ
  • തീവ്രവാദം ഇസ്ലാമിക വീക്ഷണത്തില്
  • തീവ്രവാദം