Click to Download Ihyaussunna Application Form
 

 

ഇസ്ലാമും യുദ്ധവും

വിശുദ്ധ ഇസ്ലാമിലെ യുദ്ധ ചരിത്രവും നിയമങ്ങളും രണ്ട് വിഭാഗം ആളുകള്‍ വ്യത്യസ്ത ലക്ഷ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നുണ്ട്. സമാധാനത്തിന്റെ മതമായ വിശുദ്ധ ഇസ്ലാമിനെയും അതിന്റെ പ്രചാരകരായ മുഹമ്മദ് നബി(സ്വ) തങ്ങളെയും യുദ്ധവുമായി ബന്ധപ്പെടുത്തി വിരുദ്ധ പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നവരാണ് ഒരു വിഭാഗം. അതിതീക്ഷ്ണവും തിക്തവുമായ പശ്ചാത്തലങ്ങളുടെ അടിസ്ഥാനത്തില്‍ അനിവാര്യമായ ധര്‍മസമരത്തിനുള്ള ഇസ്ലാമിന്റെ നിര്‍ദേശങ്ങളെയും പാഠങ്ങളെയും കേവലവും സ്വന്തവുമായ താല്‍പര്യ സംരക്ഷണത്തിനായി ദുരുപയോഗിക്കുന്നവരാണ് മറ്റൊരു വിഭാഗം.

ഒന്നാമത്തെ വിഭാഗം മനഃസാക്ഷിക്ക് നിരക്കാത്ത ക്രൂരതകള്‍ക്ക് കാരണമാവുന്ന നിര്‍ദേശങ്ങളും നടപടികളും രീതിശാസ്ത്രമാക്കിയ ഇസ്ലാം ക്രൂരവും മനുഷ്യത്വരഹിതവുമാണെന്ന് സ്ഥാപിച്ച് മനുഷ്യ സ്നേഹത്തിന്റെ പേരില്‍ ഇസ്ലാം ക്രൂര‏-ഭീകര മതമാണെന്ന് സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നു.

രണ്ടാമത്തെ വിഭാഗം വര്‍ത്തമാനകാല സാമൂഹ്യ കാലുഷ്യങ്ങളെയും വിഹ്വലതകളെയും പെരുപ്പിച്ച് പ്രചരിപ്പിച്ച് സമുദായ സ്നേഹത്തിന്റെയും സുരക്ഷയുടെയും പേരില്‍ സായുധ നീക്കത്തിനും സമാധാന ഭംഗത്തിനും കാരണക്കാരായിത്തീരുന്നു.

രണ്ടും ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം പ്രചാരണ പ്രബോധന പ്രതിസന്ധി തീര്‍ക്കുന്നുണ്ട്. ഇസ്ലാമിന്റെയും സമുദായത്തിന്റെയും പേരില്‍ സമര വേദാന്തമവതരിപ്പിക്കുന്ന രണ്ടാമത്തെ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളാണ് വലിയ പ്രതിസന്ധിയായിത്തീരുന്നത്.

കാരണം, ഒന്നാമത്തെ വിഭാഗത്തിന്റെ പ്രചാരണങ്ങള്‍ക്ക് തെളിവും സാഹചര്യവും അനുകൂലമാക്കി തീര്‍ക്കുകയാണിക്കൂട്ടര്‍. സമാധാനത്തിന്റെ മതമാണെന്ന് സ്ഥാപിക്കുകയും പ്രചരിപ്പിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ സമൂഹത്തിന് നേതൃത്വം നല്‍കുകയും ചെയ്യുന്ന ദീനീ പ്രവര്‍ത്തകര്‍ ഇതിനാല്‍ തെറ്റിദ്ധരിക്കപ്പെടുകയാണ്.

ഇസ്ലാമിന് പുറത്തു നിന്നുള്ള അപവാദ പ്രചാരണവും തെറ്റിദ്ധാരണ വളര്‍ത്തലും ചരിത്രത്തിലെ ചില ഘട്ടങ്ങള്‍ ദുര്‍വ്യാഖ്യാനിച്ചും കല്‍പിതമായവതരിപ്പിച്ചുമാണ് നടക്കുന്നത്. എന്നാല്‍ സമകാലീനമായിട്ടുള്ള ചില സംഭവ വികാസങ്ങളുടെ പിന്നിലുള്ള മുസ്ലിം നാമധാരികളുടെ സാന്നിധ്യം ഇസ്ലാം വിരുദ്ധതക്ക് അതിപ്രചാരണ ശേഷി നല്‍കിയിട്ടുണ്ട്.

ഇത്തരമൊരു സാഹചര്യത്തില്‍ ഇസ്ലാമിക സമൂഹത്തിന്റെ പുഷ്കലമായ കാലത്തെ ചരിത്ര സംഭവങ്ങളുടെ പശ്ചാത്തലവും സാഹചര്യപരമായ അനിവാര്യതയും മനസ്സിലാക്കപ്പെടേണ്ടതാണ്. ജിഹാദ് എന്ന ആശയം അതിന്റെ സത്തും ചൈതന്യവും ചോരാതെ അവതരിപ്പിക്കേണ്ടതനിവാര്യമായി വന്നിരിക്കയാണ്.

വിപുലമായ പഠനത്തിന്റെ സാധ്യതയും ആവശ്യകതയും നിലനില്‍ക്കുന്നെങ്കിലും അനിവാര്യമായതും അത്യാവശ്യമായറിയേണ്ടതുമായ അല്‍പം ചില യാഥാര്‍ഥ്യങ്ങള്‍ ഇവിടെ സൂചിപ്പിക്കുകയാണ്.

‘ജിഹാദ്’ എന്നാല്‍

ജിഹാദ് എന്ന പദത്തിന്റെ അര്‍ഥം കഠിനമായ പരിശ്രമം എന്നത്രെ. അതിന്റെ വിശാലമായ അര്‍ഥതലം യുദ്ധത്തെയും ഉള്‍ക്കൊള്ളുന്നുണ്ട്. ആ നിലയില്‍ യുദ്ധം എന്ന അര്‍ഥത്തിലും ജിഹാദ് ഉപയോഗിക്കാറുണ്ട്.

യഥാര്‍ഥത്തില്‍ ജിഹാദ് എന്നത് പ്രകൃതിപരമായ ഒരനിവാര്യതയാണ്. ഇസ്ലാമെന്നോ മുസ്ലിമെന്നോ, പ്രസ്ഥാന വ്യക്തി കേന്ദ്രീകൃതമായല്ലാതെ തന്നെ ഇതുപയോഗിച്ചു വരുന്നുണ്ട്. ‘മണ്ണിനോട് മല്ലടിച്ചു, പ്രകൃതിയോട് പടവെട്ടി’ തുടങ്ങിയ മലയാള ശൈലികള്‍ നമുക്ക് പരിചിതമാണ്. കഠിനമായ പ്രതികൂലതകളെ തീവ്രമായ ശ്രമത്തിലൂടെ അതിജയിക്കാനുള്ള ശ്രമം, കഠിനാധ്വാനം ചെയ്യുക തുടങ്ങിയവയൊക്കെയാണ് ജിഹാദ് അര്‍ഥമാക്കുന്നത്. അത് എല്ലാവരും അംഗീകരിക്കുന്നതുമാണ്.

ജിഹാദ് എന്ന പദവും ആപേക്ഷികമായാണ് അതിന്റെ അര്‍ഥ കല്‍പനയെ പ്രകാശിപ്പിക്കുന്നത്. ഉദാത്തമായ ഒരു ലക്ഷ്യസാക്ഷാത്കാരത്തിന് വേണ്ടിയോ കണിശമായൊരു ജീവിത വിശുദ്ധിക്ക് വേണ്ടിയോ ധര്‍മ നിര്‍വഹണത്തിന് വേണ്ടിയോ സുരക്ഷാപൂര്‍ണമായ ജീവിത സുസ്ഥിതിക്ക് വേണ്ടിയോ നടത്തുന്ന പരിശ്രമങ്ങളൊക്കെ ജിഹാദാണ്. അക്രമവും അനീതിയും അരുതായ്മയും അപക്വതയും ഒരിക്കലും അത് താല്‍പര്യപ്പെടുന്നില്ല.

ഇസ്ലാം ആവശ്യപ്പെടുന്ന ജിഹാദിന്റെ അനിവാര്യത മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യേണ്ടത് ഇസ്ലാമിക പരിപ്രേക്ഷ്യത്തിലാണ്. ‘ജിഹാദ്’ എന്ന പദം ‘ജുഹ്ദ്’ എന്ന ധാതുവില്‍ നിന്നാണ് ഉണ്ടാവുന്നത്. ‘ജിഹാദ്’ എന്നതിന്റെ ഒരു വകഭേദമാണ് ‘മുജാഹദത്’. രണ്ടും ഒരേ അര്‍ഥം തന്നെ പ്രകാശിപ്പിക്കുന്നതാണ് എന്നത്രെ പദോല്‍പത്തി ശാസ്ത്രത്തിന്റെ തേട്ടം. എന്നാല്‍ ‘മുജാഹദത്’ എന്ന പദം തെറ്റിദ്ധരിപ്പിക്കപ്പെട്ടിട്ടില്ല താനും. വിശുദ്ധ ഖുര്‍ആനിലും തിരുസുന്നത്തിലും ഈ പദം അതിന്റെ വിവിധാര്‍ഥങ്ങളിലായി ഉപയോഗിച്ചത് കാണാം.

‘ആരെങ്കിലും കഠിന പരിശ്രമം നടത്തുന്നതായാല്‍ അവന്‍ അവനുവേണ്ടി തന്നെയാണ് പരിശ്രമിക്കുന്നത്. നിശ്ചയം അല്ലാഹു സര്‍വ ലോകരില്‍ നിന്നും ഐശ്വര്യവാനാണ്’ (ആശയം: അല്‍ അന്‍കബൂത്ത്: 6).

ഇമാം നസ്വഫി(റ) ഈ ആയത്തിന്റെ വിശദീകരണത്തില്‍ പറയുന്നു:’ഒരാള്‍ തന്റെ ശരീരത്തോട് അല്ലാഹുവിനെ വഴിപ്പെടുന്നതിന്റെ പേരിലും പിശാചിനോട് അവന്റെ ദുര്‍ബോധനങ്ങള്‍ക്കെതിരിലും പോരാടിയാല്‍’ (തഫ്സീര്‍ മദാരിക് 3/250).

ഹസന്‍ ബസ്വരി(റ) പറയുന്നു: ‘നിശ്ചയം മനുഷ്യന്‍ പോരാട്ടം നടത്തുന്നു. പക്ഷേ, ഒരു കാലത്തും അയാള്‍ വാള്‍ പ്രയോഗം നടത്തിയിട്ടില്ലതാനും’ (തഫ്സീര്‍ ഇബ്നു കസീര്‍ 3/532).ഇത് നേരത്തെ സൂചിപ്പിച്ച ആയത്തിന്റെ വ്യാഖ്യാനത്തില്‍ ഇബ്നുകസീര്‍(റ) ഉദ്ധരിച്ചിട്ടുണ്ട്.

‘ഇനി അവര്‍ രണ്ടുപേരും നിനക്കറിയാത്ത വല്ലതിനെയും എന്നെക്കൊണ്ട് പങ്ക് ചേര്‍ക്കാന്‍ പ്രേരിപ്പിച്ചാല്‍ നീ അവര്‍ക്ക് വഴിപ്പെടരുത്’ (ആശയം: അല്‍ അന്‍കബൂത്ത്: 8).

‘അവര്‍ രണ്ടുപേരും ശിര്‍ക്കിന്റെ വിഷയത്തില്‍ നിന്നെ പ്രേരിപ്പിച്ചാല്‍ നീ അവരെ വഴിപ്പെടേണ്ടതില്ല’ (തഫ്സീര്‍ മദാരിക് 3/251).

‘നമ്മുടെ മാര്‍ഗത്തില്‍ പരിശ്രമിക്കുന്നവര്‍, നിശ്ചയം അവരെ നാം നമ്മുടെ വഴികളിലേക്ക് മാര്‍ഗദര്‍ശനം ചെയ്യും’ (ആശയം: അല്‍ അന്‍കബൂത്ത്: 61).

വിശുദ്ധ ഖുര്‍ആനിലെ സൂറത്തുല്‍ അന്‍കബൂത്തില്‍ നിന്നാണ് ഈ മൂന്ന് സൂക്തങ്ങളും ഉദ്ധരിച്ചിരിക്കുന്നത്. യുദ്ധത്തിന് അനുമതി ലഭിച്ചത് തന്നെ ഹിജ്റക്കു ശേഷമാണ്. അന്‍കബൂത്ത് അധ്യായം ഹിജ്റക്ക് മുമ്പ് അവതരിച്ചതാണ്. അതിനാല്‍ ഇതില്‍ ജിഹാദ് എന്ന പദങ്ങള്‍ പ്രത്യക്ഷമായി പ്രതിഫലിപ്പിക്കുന്നത് സായുധ സമരത്തെയല്ല എന്നത് വ്യക്തമാണ്. ഹസന്‍ ബസ്വരി (റ)യുടെ വിശദീകരണം പോലെ വാള്‍ പ്രയോഗം വരാത്ത യുദ്ധമാണതെന്ന് ചുരുക്കം.

രണ്ടാമത്തെ സൂക്തത്തിന്റെ അവതരണ പശ്ചാത്തലം കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ ഒന്നുകൂടി ആശയം ഗ്രാഹ്യമാവുന്നതാണ്. മഹാനായ സ്വഹാബീ പ്രമുഖന്‍ സഅ്ദുബ്നു അബീവഖ്ഖാസ് (റ) സത്യമതം വിശ്വസിച്ചപ്പോള്‍ മാതാവ് അതിനെതിരെ പ്രതിഷേധിച്ചു. സഅ്ദ് ഇസ്ലാമുപേക്ഷിക്കുന്നതുവരെ, അല്ലെങ്കില്‍ അവര്‍ മരിക്കുന്നതുവരെ അന്നപാനാദികള്‍ വര്‍ജിക്കാനായി തീരുമാനമെടുത്തു. സഅ്ദ്(റ) നബി(സ്വ) തങ്ങളോട് ഈ വിഷയത്തെ കുറിച്ച് പറഞ്ഞു. ആ സന്ദര്‍ഭത്തിലാണ് ഈ ആയത്തിന്റെ അവതരണമുണ്ടായത് (അസ്ബാബുന്നുസൂല്‍ 65). ഇതിലെ നിയമം പൊതുവെ ബാധകമാണ്. പക്ഷേ, സഅ്ദിന്റെ ഉമ്മയുടെ ജിഹാദ് ഒരു തരത്തിലുമുള്ള ആയുധ പ്രയോഗമായിരുന്നില്ലല്ലോ.

ജിഹാദ് എന്നത് അനിവാര്യമായ ഒരു നിലപാടിനെയോ അതിയായ ഒരാഗ്രഹത്തെയോ പ്രതിഫലിപ്പിക്കുന്നു എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്.

നബി(സ്വ) ഈ അര്‍ഥത്തില്‍ ജിഹാദ് എന്ന പദം പ്രയോഗിച്ചിട്ടുണ്ട്. ഇസ്ലാമിലെ സംസ്കരണ ശാസ്ത്ര ശാഖയില്‍ ‘മുജാഹദ’ എന്ന പദമാണ് ഇതിന് പകരം കൂടുതലായി ഉപയോഗിച്ചിട്ടുള്ളത്.

ഒരു യുദ്ധത്തില്‍ നിന്നും തിരിച്ചുവരുമ്പോള്‍ നബി(സ്വ) സ്വഹാബികളോട് പറഞ്ഞു:’നാം നല്ല നിലയില്‍ മുന്നോട്ടു പോവുന്നു. ചെറിയ ജിഹാദില്‍ നിന്നും വലിയ ജിഹാദിലേക്ക് മുന്നേറുന്നു. അഥവാ ഒരു അടിമ സ്വന്തം ഇഛകളോട് നടത്തുന്ന സമരത്തിലേക്ക്’ (കന്‍സുല്‍ ഉമ്മാല്‍: 11260).

മറ്റൊരു ഹദീസില്‍ മുജാഹിദ് (പോരാളി) ആരാണെന്ന് വ്യക്തമാക്കുന്നു.’അല്ലാഹുവിന്റെ വഴിയില്‍ സ്വന്തം ശരീരത്തോട് പോരാടുന്നവനാണ് യഥാര്‍ഥ പോരാളി’ (കന്‍സുല്‍ ഉമ്മാല്‍: 11261).

വിശുദ്ധ ഖുര്‍ആനിലെ ഒരു കല്‍പന ഇങ്ങനെ വന്നിട്ടുണ്ട്.’നിഷേധികളുടെ നിര്‍ദേശത്തിന് അങ്ങ് വഴിപ്പെടരുത്. വിശുദ്ധ ഖുര്‍ആന്‍ കൊണ്ട് അവരോട് നല്ല ‘ജിഹാദ്’ നടത്തുക’ (ആശയം: അല്‍ ഫുര്‍ഖാന്‍: 52).

‘അവരോട് അങ്ങ് വിശുദ്ധ ഖുര്‍ആന്‍ കൊണ്ട് സംവദിക്കുക. എല്ലാ വിധത്തിലമുള്ള സമരങ്ങളും കൊണ്ട് അവിശ്രമം നിരന്തരം പരിശ്രമം നടത്തുക’ എന്നതാണ് ഈ ആയത്തിലൂടെ ഖുര്‍ആന്‍ നിര്‍ദേശമെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. പൂര്‍വ പ്രവാചകന്മാരില്‍ നിന്നും വ്യത്യസ്തമായ സര്‍വജനീനമെന്ന അവസ്ഥ നബി(സ്വ) തങ്ങളുടെ ദൌത്യത്തിനുണ്ടെന്നതിനാല്‍ നിരന്തരവും വിശ്രമരഹിതവും ത്യാഗപൂര്‍ണവുമായ പരിശ്രമം നബി(സ്വ)യില്‍ നിന്നും പ്രബോധന വഴിയില്‍ ഉണ്ടാവണമെന്നാണ് ഇതാവശ്യപ്പെടുന്നത്. സായുധ ജിഹാദല്ല ഇതുകൊണ്ടുദ്ദേശ്യമെന്ന് ആയത്തിലെ ‘ഖുര്‍ആന്‍’ ഉദ്ദേശിച്ചുള്ള ‘ഹി’ എന്ന സര്‍വനാമം വ്യക്തമാക്കിത്തരുന്നു.

ഹര്‍ബ്, ഖിതാല്‍

ഹര്‍ബ്, ഖിതാല്‍ എന്നീ രണ്ട് പദങ്ങളും യുദ്ധത്തെയാണ് വിവക്ഷിക്കുന്നത്. ജിഹാദിന്റെ വിശാലമായ ആയത്തില്‍ നിന്ന് വളരെ ചെറിയൊരു ഭാഗം മാത്രമാണ് ഇത് പ്രതിനിധാനിക്കുന്നത്. മറ്റു പല പദങ്ങളും യുദ്ധത്തിന് പര്യായമായി ഉപയോഗിക്കാറുണ്ട്. സംഘട്ടനങ്ങളും പോ രാട്ടങ്ങളും കൊണ്ട് ജീവിതം കലുഷമാക്കിക്കഴിഞ്ഞിരുന്ന അറബികളുടെ രണവീര്യശൌര്യം തുളുമ്പുന്ന കവിതകളില്‍ ഈ പര്യായപദങ്ങള്‍ ധാരാളമായി ഉപയോഗിച്ചത് കാണാം.

ഇസ്ലാമില്‍ യുദ്ധമില്ല എന്നല്ല ഈ പരാമര്‍ശത്തിനര്‍ഥം. ജിഹാദ് എന്ന പദം വ്യത്യസ്തമായ അര്‍ഥകല്‍പന നല്‍കപ്പെടുന്ന ഒരു പദമാണ്. അതിനാല്‍ അത് കാണുകയോ കേള്‍ക്കുകയോ ചെയ്യുന്ന മാത്രയില്‍ ഭീതിപ്പെടുകയോ തെറ്റിദ്ധരിക്കുകയോ ചെയ്യേണ്ടതില്ല.

ഇസ്ലാമിക ചരിത്രത്തിലും പാഠങ്ങളിലും പരാമര്‍ശിക്കപ്പെട്ടിട്ടുള്ള യുദ്ധങ്ങള്‍ക്ക് അതിന്റേതായ പശ്ചാത്തലങ്ങളുണ്ടായിരുന്നു എന്ന് കാണാം. ആരെയെങ്കിലും പ്രതിസ്ഥാനത്ത് നിര്‍ത്തി അവര്‍ക്കെതിരെ നശീകരണ പ്രവര്‍ത്തനം നടത്തുക എന്ന നിലക്കായിരുന്നില്ല ഇസ്ലാമിക യുദ്ധങ്ങള്‍. അനിവാര്യമായ ഒരു ഘട്ടത്തില്‍ മാത്രം അനുമതി നല്‍കപ്പെടുകയായിരുന്നു. യുദ്ധാനുമതി നല്‍കപ്പെട്ട സന്ദര്‍ഭവും അതിന്റെ കാരണങ്ങളും മനസ്സിലാക്കേണ്ടതുണ്ട്.

നബി(സ്വ) അവിടുത്തെ ദൌത്യനിര്‍വഹണം ആരംഭിച്ചപ്പോള്‍ മക്കാനിവാസികളായ അവിശ്വാസികള്‍ നബി(സ്വ) തങ്ങള്‍ക്കും സത്യവിശ്വാസികള്‍ക്കുമെതിരെ ക്രൂരവും മൃഗീയവുമായ പീഡനമുറകള്‍ നടത്തുകയുണ്ടായി. മാനസികമായും ശാരീരികമായും അവരനുഭവിക്കേണ്ടി വന്ന അതിക്രമങ്ങള്‍ ചരിത്രം വിവരിച്ചതാണ്. സത്യവിശ്വാസം സ്വീകരിച്ചു എന്നതിലുപരി ഒരു തെറ്റും അവരാരും ചെയ്തിരുന്നില്ല.

തങ്ങളുടെ മാതാക്കളുടെ പ്രായമുള്ള മഹിളകളെ പോലും മനുഷ്യത്വം മരവിച്ചവര്‍ കടുത്ത പീ ഡനങ്ങള്‍ക്ക് വിധേയരാക്കി. സിന്നീറ(റ) എന്ന മഹതിയുടെ കണ്ണ് നഷ്ടപ്പെട്ടു. ഖബ്ബാബ്(റ)ന്റെ മുതുകില്‍ ചുട്ടുപഴുപ്പിച്ച ഇരുമ്പ് വെച്ച് പൊള്ളിച്ചു. ബിലാല്‍(റ)നെ ഉച്ചവെയിലില്‍ ചുട്ടുപഴുത്ത മണലില്‍ മലര്‍ത്തി കിടത്തി നെഞ്ചില്‍ കല്ലു കയറ്റിവെച്ചു. അബൂബക്കര്‍(റ)നെ മര്‍ദ്ദിച്ചവശനാക്കി. അഗ്നിയിലിട്ട് ക്രൂരമായി പീഡിപ്പിക്കപ്പെട്ട യാസിര്‍(റ)ന്റെ കുടുംബത്തില്‍ നിന്നും സുമയ്യ(റ) രക്തസാക്ഷിയായി. പക്ഷേ, ഇതൊന്നും അവരെ സത്യവിശ്വാസത്തില്‍ നിന്നും പിന്തിരിപ്പിക്കാനുപകരിച്ചില്ല എന്നതാണ് ചരിത്രം.

നബി(സ്വ) എല്ലാം ക്ഷമിക്കാനും സ്ഥൈര്യമായിരിക്കാനുമുപദേശിച്ചു. അബ്ദുറഹ്മാനുബ്നു ഔഫ്(റ), സഅ്ദുബ്നു അബീവഖ്ഖാസ്വ്(റ) തുടങ്ങിയ സ്വഹാബിവര്യര്‍ പ്രതിരോധിക്കാനായി അനുമതി തേടിയപ്പോഴും നബി(സ്വ) തങ്ങള്‍ അവരോട് ക്ഷമിക്കാന്‍ തന്നെ ഉപദേശിക്കുകയായിരുന്നു.

സത്യപ്രസ്ഥാനമാണ് തങ്ങളുടേതെന്നും പ്രപഞ്ച നാഥന്റെ ദാസന്മാരാണ് തങ്ങളെന്നുമുള്ള യാഥാര്‍ഥ്യ ബോധത്തെ മറയാക്കി ധാര്‍ഷ്ട്യം കാണിക്കാന്‍ അവരാരും മുതിരുകയായിരുന്നില്ല. വിശുദ്ധ ഖുര്‍ആനും ചരിത്രവും ഇത് വ്യക്തമാക്കുന്നുണ്ട്.

അല്ലാഹു പറയുന്നു:’നിങ്ങളുടെ കരങ്ങള്‍ നിങ്ങള്‍ നിയന്ത്രിക്കുകയും നിസ്കാരം നിലനിര്‍ത്തുകയും സകാത്ത് നല്‍കുകയും ചെയ്യുക എന്ന് പറയപ്പെട്ട ഒരു വിഭാഗത്തെ അങ്ങേക്കറിയില്ലേ?’ (ആശയം: അന്നിസാഅ്: 77).

യുദ്ധാനുമതിയും നിര്‍ദേശവും ഉണ്ടായ ശേഷം അതില്‍ നിന്നും പിന്മാറിയവരുടെ നിലപാടിനെ വിമര്‍ശിക്കുന്ന ഭാഗത്താണീ പരാമര്‍ശമുള്ളത്. മരണത്തില്‍ നിന്ന് രക്ഷപ്പെടുന്നതിന് യുദ്ധത്തില്‍ സംബന്ധിക്കാതിരിക്കല്‍ ഉപകരിക്കുകയില്ല എന്നാണിതിലൂടെ അറിയിക്കുന്നത്.

പ്രബോധനത്തിന്റെ ആദ്യകാലത്ത് വിശ്വാസികള്‍ യുദ്ധാനുമതി നല്‍കാനാവശ്യപ്പെട്ടപ്പോള്‍ അല്ലാഹുവിന്റെ നിര്‍ദേശാനുസരണം നബി(സ്വ) തങ്ങള്‍ അതിനെ നിരുത്സാഹപ്പെടുത്തുകയും ആചാരാനുഷ്ഠാനങ്ങളും വ്യക്തി ബാധ്യതകളും പൂര്‍ത്തിയാക്കി ജീവിക്കാനുപദേശിക്കുകയും ചെയ്യുകയായിരുന്നു. ഇതിലേക്ക് സൂചന നല്‍കുന്ന ഭാഗമാണ് ഉദ്ധരിക്കപ്പെട്ട സൂക്തഭാഗം.

‘നബി(സ്വ) തങ്ങളുടെ കാലത്ത് ഹിജ്റക്ക് മുമ്പ് യുദ്ധം വിരോധിക്കപ്പെട്ടതായിരുന്നു. കാരണം അന്നു നബി(സ്വ) തങ്ങളോട് നിര്‍ദേശിക്കപ്പെട്ടത് പ്രബോധനവും താക്കീത് നല്‍കലും അവിശ്വാസികളുടെ പീഡനത്തില്‍ ക്ഷമ അവലംബിക്കാനുമായിരുന്നു’ (തുഹ്ഫ 9/212).

നബി(സ്വ) തങ്ങളെ സമീപിച്ച് യുദ്ധാനുമതി തേടിയവര്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ പ്രവാചകരെ, ഞങ്ങള്‍ മുശ്രിക്കുകളായിരിക്കെ വലിയ(ബാഹ്യ) പ്രതാപികളായിരുന്നു. അങ്ങനെ ഞങ്ങള്‍ വിശ്വസിച്ചപ്പോള്‍ ഞങ്ങള്‍ നിന്ദിതരായിത്തീര്‍ന്നിരിക്കുകയാണ്?’ അപ്പോള്‍ നബി(സ്വ) തങ്ങള്‍ അവരോട് പറഞ്ഞു: ‘നിശ്ചയം എന്നോട് മാപ്പ് നല്‍കാനാണു നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. അതിനാല്‍ നിങ്ങള്‍ ആ ജനതയോട് യുദ്ധം ചെയ്യരുത്’ (തഫ്സീര്‍ ഇബ്നുകസീര്‍ 1/687).

ഈ സന്ദര്‍ഭത്തില്‍ അവരുടെ സ്ഥിതിയെക്കുറിച്ച് ഇബ്നു കസീര്‍ എഴുതുന്നു.’അവര്‍ പീ ഡനങ്ങളില്‍ കത്തിയെരിയുകയായിരുന്നു. അവരുടെ ശത്രുക്കളില്‍ നിന്നും ശാന്തത ലഭിക്കാനായി യുദ്ധത്തിന് നിര്‍ദേശിക്കപ്പെട്ടിരുന്നെങ്കില്‍ എന്നവരാഗ്രഹിക്കുകയും ചെയ്തിരുന്നു’ (തഫ്സീര്‍ ഇബ്നുകസീര്‍ 1/686).

അത്ത്വൂര്‍ 48, അസ്സുഖ്റുഫ് 89, അല്‍ഹിജ്ര്‍ 85, അല്‍ജാസിയ 14, അല്‍മുഅ്മിനൂന്‍ 96 തുടങ്ങിയ സൂക്തങ്ങളിലൂടെ ധാരാളം നിര്‍ദേശങ്ങളും ഉപദേശങ്ങളും മക്കാ കാലഘട്ടത്തിലുണ്ടായിട്ടുണ്ട്. അവിശ്വാസികളോട് സമീപിക്കേണ്ട രീതിയും സ്വയം സ്വീകരിക്കേണ്ട നിലപാടുകളും പഠിപ്പിക്കുന്നവയാണതെല്ലാം. ഇമാം ഇബ്നുഹജര്‍(റ) (തുഹ്ഫ ഭാഗം 9 പേജ് 212) എഴുപതിലധികം സൂക്തങ്ങളില്‍ യുദ്ധം നിരുത്സാഹപ്പെടുത്തുകയോ നിരോധിക്കുകയോ ചെയ്തിരുന്നു എന്ന് വ്യക്തമാക്കിയിട്ടുണ്ട്. തഫ്സീര്‍ റാസി 23/35, റൂഹുല്‍ മആനി 9/154, മദാരിക് 3/103 തുടങ്ങി ധാരാളം ഖുര്‍ആന്‍ വ്യാഖ്യാതാക്കളും മറ്റു ചരിത്രകാരന്മാരും ഇത് വ്യക്തമാക്കിയിട്ടുണ്ട്.

ഈ നിരുത്സാഹപ്പെടുത്തല്‍ വിശ്വാസികളായ ആളുകള്‍ നിസ്സാരവല്‍കരിക്കപ്പെടുന്നതിന്റെയോ അവഗണിക്കപ്പെടുന്നതിന്റെയോ ഭാഗമായിരുന്നില്ല. മറിച്ച് അല്ലാഹു തന്നെ അവരെ സഹായിക്കുകയും ശത്രുക്കളില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യുമെന്നേറ്റെടുത്തുകൊണ്ടാ ണങ്ങനെ ചെയ്തിട്ടുള്ളത്. അക്രമങ്ങളും പീഡനങ്ങളും തുടര്‍ന്നിട്ടും സത്യവഴിയില്‍ നിന്നും പി ന്തിരിയാതെ സ്ഥൈര്യമായിരിക്കുന്നതിനും ത്യാഗത്തിന് പാകപ്പെടുന്നതിനും അല്ലാഹുവിന്റെ സഹായമുണ്ടാവുന്നതാണെന്നര്‍ഥം. ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ എല്ലാറ്റിനേക്കാളും തന്റെ ആദര്‍ശത്തിന്റെ സദ്ഫലം നഷ്ടപ്പെടാതിരിക്കലാണ് പ്രധാനം. അതിനാല്‍ തന്നെ ഒരു ആദര്‍ശ നിരാസത്തിന്റെ കഥ ആദ്യകാല മുസ്ലിംകളില്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. വിശ്വാസ സംരക്ഷണാര്‍ഥം ഏത് ത്യാഗത്തിനുമവര്‍ ഒരുക്കമായിരുന്നു എന്നതിന് ചരിത്രം സാക്ഷിയാണ്.

അസഹ്യമായ അക്രമ പീഡനങ്ങള്‍ തുടര്‍ന്നപ്പോള്‍ ഹബ്ശയിലേക്ക് ഒന്നും രണ്ടും പലായനങ്ങള്‍ നടന്നു. അങ്ങനെ ഏതാനും വിശ്വാസികള്‍ വിദേശത്ത് പോയിക്കഴിഞ്ഞിരുന്നു. അവിടെയും സ്വൈരം കൊടുക്കാതെ പ്രാദേശിക രാജാവിനെ(നജ്ജാശിയെ) സ്വാധീനിക്കാന്‍ അവിശ്വാസികളായ മക്കക്കാര്‍ ശ്രമിച്ചു. പക്ഷേ, രാജാവ് തന്റെ അഭയം തുടര്‍ന്നുകൊണ്ട് മാന്യത കാണിച്ചു.

നുബുവത്തിന്റെ പതിമൂന്നാം വര്‍ഷം മക്കയില്‍ നിന്നും മദീനയിലേക്ക് പലായനം ചെയ്യാനനുമതിയും നിര്‍ദേശവുമുണ്ടായി. ആദ്യമാദ്യം സ്വഹാബിവര്യന്മാരും പിന്നീട് നബി(സ്വ) തങ്ങളും മദീനയിലെത്തി. മദീനയില്‍ ഒരു അച്ചടക്കമുള്ള സാമൂഹ്യ രംഗം തീര്‍ക്കുന്നതിനായി കരാറിലായി. അവിടെയും സ്വസ്ഥമായി കഴിയാനനുവദിക്കാത്ത വിധത്തില്‍ അവിശ്വാസികള്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സ്വന്തം ജന്മനാടുപേക്ഷിക്കാന്‍ പോലും വിധിക്കപ്പെട്ടവര്‍ക്കെതിരെ വീണ്ടും അതിക്രമം തുടര്‍ന്നപ്പോള്‍ അതിനെ പ്രതിരോധിക്കാനായി യുദ്ധം ചെയ്യുന്നവര്‍ക്കെതിരെ യുദ്ധം ചെയ്യാനാണ് അനുമതിയുണ്ടായത്.

ഹിജ്റയുടെ അവസരത്തില്‍ ഒരു വിഭാഗം സ്വഹാബിവര്യന്മാരെ വഴിമധ്യേ ആക്രമിച്ചവര്‍ക്കെതിരെ പ്രതിരോധിക്കാനായി അനുമതി നല്‍കിയതിലൂടെയാണ് യുദ്ധാനുമതിയുടെ തുടക്കമെന്ന പക്ഷമുണ്ടെങ്കിലും ഹിജ്റ രണ്ടാം വര്‍ഷത്തിലാണ് അനുമതിയുണ്ടായതെന്നതിനാണ് കൂടുതല്‍ പ്രാ മുഖ്യം. ഖുര്‍ആന്‍ പറയുന്നു:

‘യുദ്ധം ചെയ്യപ്പെടുന്നവര്‍ക്ക് അവര്‍ മര്‍ദ്ദിക്കപ്പെട്ടവരാണെന്നതിനാല്‍ യുദ്ധാനുമതി നല്‍കപ്പെട്ടിരിക്കുന്നു. നിശ്ചയം അല്ലാഹു അവരെ സഹായിക്കാന്‍ മതിയായ ശക്തനാണ്. അല്ലാഹുവാണ് ഞങ്ങളുടെ നാഥന്‍ എന്ന് പറയുന്നു എന്നതല്ലാതെ മറ്റൊരുവിധ കാരണവുമില്ലാതെ വീടുകളില്‍ നിന്നും (നാട്ടില്‍ നിന്നും) പുറത്താക്കപ്പെട്ടവരാണവര്‍. അല്ലാഹു ചിലരെ അവരില്‍ ചിലരെക്കൊണ്ട് തന്നെ പ്രതിരോധിച്ചിരുന്നില്ലെങ്കില്‍ അല്ലാഹുവിന്റെ നാമം കൂടുതലായി സ്മരിക്കപ്പെടുന്ന പള്ളികളും പ്രാര്‍ഥനാലയങ്ങളും മഠങ്ങളും ചര്‍ച്ചുകളും തകര്‍ക്കപ്പെടുമായിരുന്നു. നിശ്ചയം അല്ലാഹുവിനെ (ദീനിനെ) സഹായിക്കുന്നവരെ അവന്‍ സഹായിക്കുക തന്നെ ചെയ്യും. നിശ്ചയം അല്ലാഹു ശക്തനും പ്രതാപവാനുമാണ്. ഭൂമിയില്‍ നാമവര്‍ക്ക് സൌകര്യപ്പെടുത്തി കൊടുത്താല്‍ നിസ്കാരം നിലനിര്‍ത്തുകയും സകാത്ത് നല്‍കുകയും നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നവരുമാണവര്‍. അല്ലാഹുവിനാണ് കാര്യങ്ങളുടെ എല്ലാം അന്തിമ വിധിക്കവകാശം’ (ആശയം: അല്‍ഹജ്ജ്: 39‏-41).

അവിശ്വാസികളുടെ പീഡനത്തില്‍ നിന്നും രക്ഷതേടി സ്വന്തം നാടായ മക്കയില്‍ നിന്നും പലായനം നടത്തിയവര്‍ അവിടെയും ആക്രമിക്കപ്പെടുകയുണ്ടായി. പ്രതിരോധത്തിന് പ്രത്യക്ഷമായ ഒരു ഉപാധി തന്നെ രൂപപ്പെടണമെന്നത് സാമൂഹിക സന്തുലനത്തിനനിവാര്യമായി വന്നു. അവര്‍ സഹായിക്കപ്പെട്ടു വിജയികളാവുക എന്നത്, പ്രപഞ്ചത്തില്‍ മനുഷ്യധര്‍മം യഥാവിധി നിര്‍വഹിക്കുന്നവരുടെ സ്വൈര സാന്നിധ്യമുണ്ടാക്കുന്നതിന് ആവശ്യമായി വരികയും ചെയ്തു എന്നതൊക്കെയാണ് യുദ്ധ കാരണങ്ങളായി ഈ സൂക്തങ്ങള്‍ വ്യക്തമാക്കുന്നത്.

ആദ്യകാല മുസ്ലിംകളുടെ മര്‍ദ്ദിതാവസ്ഥ ചരിത്രം വളരെ വ്യക്തമായി പരാമര്‍ശിച്ചിട്ടുള്ളതാണ്. അതുപോലെ തന്നെ വ്യത്യസ്ത മതപുരോഹിതന്മാരും ആരാധനാലയങ്ങളും വിവിധ ഭാഗങ്ങളിലുണ്ടായിരുന്നു. മതവിശ്വാസികളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ മത‏-ധ്യാന കേന്ദ്രങ്ങളെന്ന നിലയില്‍ വൈകാരിക ബന്ധമുള്ളവയാണ് അവയെല്ലാം. അവ തകര്‍ക്കപ്പെടുന്നത് സാമൂഹിക രംഗത്ത് കൂടുതല്‍ കാലുഷ്യങ്ങളുണ്ടാക്കും. അതിനാല്‍ തന്നെ അവയുടെ സംരക്ഷകരും അതിലെ മേധാവികളും നിലനില്‍ക്കുക എന്നത് അവയുടെ നിലനില്‍പിനും സംരക്ഷണത്തിനും ആവശ്യമാണെന്ന് വരുന്നു. ഇതുപക്ഷേ, അറേബ്യയിലെ സമകാല സാഹചര്യത്തില്‍ അല്‍പം അപകടാവസ്ഥയിലായിത്തീര്‍ന്നിരിക്കുകയായിരുന്നു. അതിനാല്‍ തന്നെ അറേബ്യന്‍ അവിശ്വാസികളുടെ മാടമ്പിത്തരം തീര്‍ക്കുന്ന അനര്‍ഥങ്ങള്‍ക്ക് ഒരുതരം ഷോക്ക് ചികിത്സയായിരുന്നു യഥാര്‍ഥത്തില്‍ അന്ന് യുദ്ധം. ഈ അനിവാര്യമായി വന്ന സമരത്തില്‍ നേടുന്ന വിജയമാവട്ടെ അനര്‍ഥങ്ങള്‍ക്കും അരാചകത്വത്തിനും അന്ത്യം കുറിക്കുകയായിരിക്കും. സല്‍ഗുണ പരിശീലനം നേടിയവരുടെ ഉദാത്തവും സുതാര്യവുമായ ഇസ്ലാമിക ജീവിതമായിരിക്കും പിന്നീട് അവിടെ പുലരുക.

ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം തനിക്ക് തന്റെ നാഥനില്‍ നിന്ന് ലഭ്യമായ സഹായ സൌകര്യങ്ങള്‍ സ്വാര്‍ഥവും സങ്കുചിതവുമായി ചൂഷണം ചെയ്യുന്നതിന് പകരം അതിന്റെ ഗുണഫലങ്ങള്‍ അപരര്‍ക്കു കൂടി ലഭ്യമാക്കുന്നവനായിരിക്കും. കാരണം അവര്‍ നേരത്തെ സൂചിപ്പിച്ച ഇസ്ലാമിക ധാര്‍മിക വ്യവസ്ഥയുടെ ചട്ടക്കൂട്ടില്‍ ജീവിക്കുന്നവനായിരിക്കും. അങ്ങനെ വന്നാല്‍ സമരമുഖത്ത് പരാജയപ്പെടേണ്ടി വന്ന ശത്രുവിനു പോലും മാനുഷികമായ പരിഗണന ലഭിക്കുന്ന സ്ഥിതിയുണ്ടായിത്തീരും. അങ്ങനെ യുദ്ധത്തിന്റെ അന്തിമമായ അവസ്ഥ സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും പുലര്‍ച്ചയും അക്രമത്തിന്റെ അന്ത്യവുമായിരിക്കും.

സുസ്ഥിതി നേടിയ ഒരു സാമൂഹിക സംവിധാനത്തില്‍ മുസ്ലിം ധര്‍മം എങ്ങനെയാണ് പ്രകടിപ്പിക്കപ്പെടുക എന്ന് മനസ്സിലാക്കാന്‍ നബി(സ്വ) തങ്ങള്‍ മദീനയിലെത്തിയ ഉടനെ ഉണ്ടാക്കിയ കരാര്‍ നിരീക്ഷിച്ചാല്‍ മതി. അവിടെയുണ്ടായിരുന്ന ജൂതന്മാരുമായി സമാധാന കരാര്‍ തയ്യാറാക്കുകയും പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചംഗീകരിക്കുകയും ചെയ്തിരുന്നു. അതില്‍ ആരുടെയും വിശ്വാസ സ്വാതന്ത്യ്രത്തെ അടിച്ചമര്‍ത്തുന്ന നിര്‍ദേശങ്ങളുണ്ടായിരുന്നില്ല. ഇസ്ലാമിക ഖിലാഫത്തിന്റെ നായകന്മാരിലെല്ലാം ഇതിന്റെ തുടര്‍ച്ചയാണ് കാണാന്‍ കഴിയുക. മതമോ, വിശ്വാസമോ, ആരാധനാലയമോ ഒരിക്കലും അസഹിഷ്ണുതയോടെ വീക്ഷിക്കപ്പെട്ടിരുന്നില്ല. ഒന്നും തകര്‍ക്കപ്പെട്ടിരുന്നുമില്ല.

വിശ്രുതമായ ഈ ചരിത്ര യാഥാര്‍ഥ്യങ്ങള്‍ വിസ്മരിച്ചുകൊണ്ട് ഇസ്ലാമികമായ ജിഹാദിനെ കേവലവല്‍ക്കരിക്കുകയോ ദുര്‍വ്യാഖ്യാനിക്കുകയോ ചെയ്യുന്നത് വലിയ അപരാധമാണ്. താല്‍പര്യങ്ങള്‍ക്ക് നിലനില്‍പ് നേടാന്‍ വേണ്ടിയല്ല പ്രമാണങ്ങളെയും നിയമങ്ങളെയും പരതേണ്ടത്. പ്രമാണങ്ങളുടെ അടിസ്ഥാനത്തിലാണ് ജീവിത യാഥാര്‍ഥ്യങ്ങളെ സമീപിക്കേണ്ടത്. യുദ്ധാനുമതിയും അതിനെ തുടര്‍ന്നുള്ള പ്രോത്സാഹനവും നിര്‍ദേശവുമെല്ലാം വളരെ വ്യക്തമായ പശ്ചാത്തലവുമായി ബന്ധമുള്ളതാണ്.

ഇസ്ലാമില്‍ യുദ്ധമില്ലെന്നല്ല

ഇസ്ലാമെന്നാല്‍ ഒരു യുദ്ധരഹിത ദര്‍ശനമാണെന്ന് മനസ്സിലാക്കപ്പെടുന്നതിനല്ല ഈ വിശദീകരണം. മറിച്ച് ഒരു ജീവല്‍ പ്രസ്ഥാനത്തിന്റെ ചട്ടക്കൂട്ടില്‍ കഴിയുന്ന മുസ്ലിം സമൂഹത്തെ സംബന്ധിച്ചിടത്തോളം അനിവാര്യമായ ഘട്ടത്തില്‍ യുദ്ധം നിയമവിധേയം തന്നെയാണ്. പക്ഷേ, അതിന് അടിസ്ഥാനപരമായ ധാരാളം നിബന്ധനകളുടെ പിന്തുണ അനിവാര്യമാണ്. അഥവാ കണിശമായ നിയമ വ്യവസ്ഥകള്‍ക്ക് വിധേയമായ യുദ്ധാനുമതി ഇസ്ലാമിലുണ്ട്. ഇസ്ലാമിക രാഷ്ട്രത്തലവനോ പ്രതിനിധിയോ പ്രഖ്യാപിക്കുകയോ അര്‍ഹരായവരെ ചുമതലപ്പെടുത്തുകയോ ചെയ്യുക എന്നത് ആദ്യമായി വേണ്ടതാണ്.

ഇസ്ലാമിക നിയമശാസ്ത്ര ഗ്രന്ഥങ്ങളില്‍ ജിഹാദും അനുബന്ധ കാര്യങ്ങളും വിശദമായി വിവരിക്കുന്നുണ്ട്. ഒരു സമ്പൂര്‍ണ ദര്‍ശനത്തിന്റെ അനിവാര്യതയാണത്. പക്ഷേ, പ്രായോഗിക തലത്തില്‍ അത് നടപ്പാക്കുന്നതിന് അതിന്റെ ചേരുവകളും സാഹചര്യങ്ങളും ഒത്തിണങ്ങിയിരിക്കണം. ജിഹാദ് മാത്രമല്ല ഖിസ്വാസ്വ് (പ്രതിക്രിയ) ഹുദൂദ് (നിശ്ചിത ശിക്ഷകള്‍) തആസീര്‍ (സുല്‍ത്വാന്‍ തീരുമാനിക്കുന്ന ശിക്ഷകള്‍) എന്നിവയും ഇസ്ലാമിലുണ്ട്. എല്ലാറ്റിന്റെയും ആത്യന്തിക ലക്ഷ്യം സമ്പൂര്‍ണമായ സമാധാനമാണ്. ഓരോന്നും ഇഴപിരിച്ച് പരിശോധിച്ചാല്‍ ഇത് കൂടുതല്‍ വ്യക്തമാവുന്നതാണ്.

സമാധാനത്തിന്

അനിവാര്യമായിത്തീരുന്ന യുദ്ധങ്ങള്‍ സമാധാനത്തിന്റെയും ശാന്തിയുടെയും സാഹചര്യത്തിലേക്ക് നയിക്കുംവിധത്തിലായിരിക്കണം. ഏതെങ്കിലും ഒരു വിഭാഗമാളുകള്‍ മറ്റൊരു വിഭാഗത്താല്‍ പീഡിപ്പിക്കപ്പെടുകയോ ഭീതിപ്പെടുകയോ ചെയ്യുന്ന സാഹചര്യം ഇല്ലായ്മ ചെയ്യപ്പെടണം. അതിലൂടെ മാത്രമേ സ്വാസ്ഥ്യമുണ്ടായിത്തീരൂ. അക്രമിക്ക് സ്വയം പാ കപ്പെടുന്നതിന് സാഹചര്യപരമായ സമ്മര്‍ദ്ദമുണ്ടായിത്തീരണം. അപ്പോള്‍ കുഴപ്പവും കലഹവും ഇല്ലാതാവുന്നതും സ്രഷ്ടാവിന്റെ വിധിവിലക്കുകള്‍ക്ക് വിധേയപ്പെടുന്ന വ്യവസ്ഥാപിത സംവിധാനം ഉണ്ടായിത്തീരുന്നതുമാണ്. അങ്ങനെ നിലവില്‍ വരുന്ന ഒരു ജീവിത ക്രമത്തില്‍ എല്ലാത്തരം പൌരന്മാര്‍ക്കും സ്വൈരമായും സ്വതന്ത്രമായും എന്നാല്‍ അപരന് ശല്യമാകാതെയും ജീവിക്കാന്‍ കഴിയും. കാരണം ഇസ്ലാമിന് അതിന്റേതായ ധാര്‍മിക വ്യവസ്ഥയുണ്ട്. മനുഷ്യന്‍ ബന്ധപ്പെടുന്ന സകലതിനോടും നീതിയുക്തം വര്‍ത്തിക്കണമെന്നതാണതിന്റെ കാതല്‍. ആ വ്യവസ്ഥയുടെ പുലര്‍ച്ചക്ക് വേണ്ടിയാണ് യുദ്ധം. മനുഷ്യന്റെയും പ്രകൃതിയുടെയും പ്രപഞ്ചത്തിന്റെയും സുസ്ഥിതിക്ക് വേണ്ടിയാണ് യുദ്ധമെന്നര്‍ഥം.

‘മതം (എന്ന നിലയില്‍ ഉള്ളത്) മുഴുവനായും അല്ലാഹുവിന് പൊരുത്തമുള്ളതായിത്തീരുകയും കുഴപ്പം ഉണ്ടാവാത്ത സ്ഥിതി വരികയും ചെയ്യുന്നത്വരേക്കും അവരോട് (നിങ്ങളോട് യുദ്ധം ചെയ്യുന്നവര്‍) നിങ്ങള്‍ യുദ്ധം ചെയ്യുക. ഇനി അവര്‍ സ്വയം വിരമിക്കുന്നുവെങ്കില്‍ (പിന്നെ) അക്രമികള്‍ക്കെതിരിലല്ലാതെ പ്രത്യാക്രമണം പാടില്ല’ (ആശയം: അല്‍ ബഖറ: 193).

യുദ്ധം കൊണ്ട് കുഴപ്പത്തിനൊരുങ്ങിയവര്‍ അതില്‍ നിന്നും വിരമിക്കുന്നത് വരെ പ്രത്യാക്രമണം അനിവാര്യമായിത്തീരുകയാണ്. അത് കുഴപ്പം അവസാനിച്ച് കിട്ടുന്നതിനും, സമാധാനപൂര്‍ണമായ സാഹചര്യസൃഷ്ടിക്ക് കാരണമാവുന്ന ഇസ്ലാമിന്റെ അംഗീകാരത്തിനും വേണ്ടിയാണ്. ഇനിയൊരിക്കലും അസമാധാനത്തിന് സാഹചര്യമൊരുക്കാതിരിക്കാനാണ് പൂര്‍ണമായും മതം പു ലരുക എന്ന് പറഞ്ഞത്. ഭാഗികമായ പുലര്‍ച്ച സമ്പൂര്‍ണ ഫലദായകമായിരിക്കില്ല. അങ്ങനെ ഇസ്ലാമിക വ്യവസ്ഥ നിലവില്‍ വന്നാല്‍ അവിടെ സാമൂഹ്യ രംഗം സമാധാനപൂര്‍ണമാവാനുള്ള നിര്‍ദേശങ്ങളാണ് നടപ്പാവുക. ഇസ്ലാമിക സമൂഹത്തിന് വിജയം കൈവന്ന സന്ദര്‍ഭങ്ങളില്‍ അത് പ്രകടമായതുമാണ്.

നടേ സൂചിപ്പിച്ച യുദ്ധാനുമതിയുടെ സൂക്തത്തില്‍ സാമൂഹ്യക്രമത്തിലെ സമാധാന സന്തുലനങ്ങള്‍ക്ക് വേണ്ടി പ്രപഞ്ച നാഥന്‍ തന്നെ മനുഷ്യരില്‍ ചിലരുടെ നിലപാടുകള്‍ ഉപാധിയാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ തേട്ടവും സമാധാനവും സുസ്ഥിതിയും സ്ഥാപിതമാവല്‍ തന്നെയാണ്. യുദ്ധവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളോടൊപ്പം അതിക്രമപരമായ സമീപനം ഉണ്ടാവാതിരിക്കാന്‍ ആവശ്യപ്പെടുന്നതോ, ഗുണപരമായി പെരുമാറാന്‍ നിര്‍ദേശിക്കുന്നതോ ആയ അനുബന്ധ നിര്‍ദേശ‏-പ്രോത്സാഹനങ്ങള്‍ കാണാം. ഒരു സംഘട്ടനമുഖത്തെ സ്വാഭാവികതകള്‍ ഇസ്ലാമികമായ നിര്‍ദേശാനുസരണം നടക്കുന്ന യുദ്ധ രംഗത്തിലുണ്ടാവാന്‍ പാടില്ലെന്നാണതാവശ്യപ്പെടുന്നത്.


RELATED ARTICLE

  • തീവ്രവാദം : പരിഹാരവും നിലപാടും
  • ലക്ഷ്യം പുനര്‍നിര്‍ണയിക്കുക
  • തീവ്രവാദം പരിഹാരമല്ല
  • ഇന്ത്യന്‍ സാഹചര്യം തേടുന്നത്
  • യുദ്ധ നിയമങ്ങളില്‍ നിന്ന്
  • ശിക്ഷാ നിയമങ്ങള്‍
  • ഇസ്ലാമും യുദ്ധവും
  • ഇസ്ലാമും വാളും
  • ഇസ്ലാമിലെ ധാര്‍മിക വ്യവസ്ഥ
  • തീവ്രവാദം ഇസ്ലാമിക വീക്ഷണത്തില്
  • തീവ്രവാദം