Click to Download Ihyaussunna Application Form
 

 

ഇന്ത്യന്‍ സാഹചര്യം തേടുന്നത്

ലോക രാജ്യങ്ങളില്‍ പലതുകൊണ്ടും വ്യത്യസ്ഥത പുലര്‍ത്തുന്ന രാജ്യമാണ് ഇന്ത്യ. ജനാധിപത്യവും അതിന്റെ അനുബന്ധ ആമുഖ വ്യവസ്ഥകളും നിലപാടും അംഗീകരിക്കപ്പെടുന്ന രാജ്യമാണിത്. ഇവിടെ കഴിയുന്ന എല്ലാ ജനവിഭാഗങ്ങള്‍ക്കും ന്യായമായ അവകാശാധികാരങ്ങളുണ്ട്. അത് ലംഘിക്കപ്പെടരുതെന്നും പാലിക്കപ്പെടണമെന്നുമാണ് നമ്മുടെ ഭരണഘടനയുടെ താല്‍പര്യം. ഭരണസംവിധാനങ്ങള്‍ ഈ ദൌത്യമാണ് നിര്‍വഹിക്കേണ്ടത്. പൌരന്മാര്‍ അവകാശങ്ങളെ അഹന്താപൂര്‍വം സമീപി ക്കാതെ അവധാനതയോടെ ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. താന്‍ കാരണം ആരും വിഷമിക്കരുതെന്നും താന്‍ ആരാലും വിഷമിപ്പിക്കപ്പെടരുതെന്നും ഓരോരുത്തരും ചിന്തിക്കണം.

നമ്മുടെ പ്രാഥമിക വിദ്യാലയങ്ങളിലടക്കം ഇതിന് പ്രചോദനമാകുന്ന വിധത്തിലുള്ള പ്രതിജ്ഞ നാം ചൊല്ലിവരുന്നുണ്ട്. ഏതൊരു ഇന്ത്യക്കാരന്റെയും സമീപന രീതിയെ ആ പ്രതിജ്ഞ ഒരളവോളം പ്രതിനിധാനിക്കുന്നുണ്ട്. അതിന് വിരുദ്ധമായി അഥവാ ഭരണഘടനാ താല്‍പര്യത്തിനും സാമൂഹ്യ സുസ്ഥിതിക്കും വിഘാതമാവുന്ന നയ നിലപാടുകള്‍ നമ്മുടെ ഇന്ത്യ എന്ന അടിസ്ഥാന സങ്കല്‍പത്തിന് നിരക്കാത്തതാണ്. ആരും ആരെയും ജയിച്ചടക്കുക എന്നതല്ല മറിച്ച് എല്ലാവര്‍ക്കും ക്ഷേമവും സന്തോഷവും ഉണ്ടാവുന്നതിന് നാമാഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യണം. സ്വന്തത്തിനപ്പുറത്തെ എന്തിനെയും കണ്ടില്ലെന്ന് നടിക്കരുത്. സ്വന്തമായ ജീവിത വീക്ഷണങ്ങളുണ്ടെങ്കില്‍ അപരന് ശല്യമാവാതെ അത് നിലനിര്‍ത്തുന്ന വഴിയാണിന്ത്യക്കാര്‍ക്കഭികാമ്യം.

ശക്തിയും സ്വാധീനവും ഏറിയും കുറഞ്ഞുമിരിക്കും. വ്യക്തികളിലും സാമുഹ്യ വിഭാഗങ്ങളിലും അതുണ്ടാവാം. പക്ഷേ, മേല്‍ക്കോയ്മക്ക് വേണ്ടി അരുതാപ്പണികള്‍ ചെയ്യരുത്. ഇന്ത്യക്കാരായ നമുക്കെല്ലാവര്‍ക്കും സ്വന്തം അഭിപ്രായങ്ങളും ആശയങ്ങളും വെച്ചുപുലര്‍ത്തി ആത്മാഭിമാനത്തോടെ ജീവിക്കാനാവണം ഇന്ത്യന്‍ അസ്തിത്വത്തിന്റെ പ്രചോദനങ്ങളിങ്ങനെയായിരിക്കണമെന്നാണ് സാഹചര്യം തേടുന്നത്. അത് സാര്‍ഥകമാക്കാന്‍ എല്ലാവരും അവരവരുടെ ഭാഗധേയത്വം നിര്‍വഹിച്ചിരിക്കണം.

പക്ഷേ, നമ്മുടെ നാടിനെ പലപ്പോഴും പല കാരണങ്ങളാലും പല അസ്വാസ്ഥ്യങ്ങള്‍ പി ടികൂടിയിട്ടുണ്ട്. കാരണങ്ങളെന്തെന്നറിയുന്നതിനേക്കാള്‍ ആ സാഹചര്യം ഒഴിവാക്കാമായിരുന്നില്ലേ എന്നാലോചിക്കുകയാണ് വേണ്ടത്. ഈ രാജ്യത്തിന്റെ മജ്ജയിലും മാംസത്തിലും നിലീനമാണ് ഇസ്ലാം മതവിശ്വാസികളുടെ അസ്തിത്വം. വിരുദ്ധ പ്രവണതകള്‍ക്കെതിരെ ധീരമായ നിലപാടെടുത്തവരാണവര്‍. ഏത് കടുത്ത മറകൊണ്ടതിനെ തമസ്കരിച്ചാലും അതിനെ വകഞ്ഞുമാറ്റി പ്രകാശം പരത്തുന്ന മഹാത്യാഗിവര്യന്മാരും ദേശാഭിമാനികളും അവരിലുണ്ടായിരുന്നിട്ടുണ്ട്.

ഈദൃശ്യ യാഥാര്‍ഥ്യങ്ങള്‍ അംഗീകരിക്കുകയും മാനിക്കുകയും ചെയ്യലാണ് ഇന്ത്യന്‍ സമൂഹത്തിന്റെ പൊതുവായ അവസ്ഥയാകേണ്ടിയിരുന്നത്. ചിലരെങ്കിലും ഏതെങ്കിലും കേന്ദ്രങ്ങള്‍ ഉപാധിയാക്കി അരുതാക്കളികള്‍ നടത്തുന്നത് ഇതിനപവാദമാണ്. അതിന്ത്യന്‍ അസ്തിത്വത്തിന്റെ പ്രാധാന്യം മനസ്സിലാക്കാത്തതിനാലോ, അന്ധമായ സ്വാര്‍ഥ മോഹത്താലോ ആണ്. കുടിലവും സങ്കുചിതവുമായ മോഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് വര്‍ഗീയവും ജാതീയവുമായ ചിന്തകളെ ഉദ്ദീപിപ്പിച്ച് പലതും നടത്തുന്നവരുണ്ട്. അവര്‍ ജനങ്ങളെ ജാതി തിരിച്ച് വര്‍ഗം തിരിച്ച് പ്രതിസ്ഥാനത്ത് നിര്‍ത്താറുണ്ട്. അവസരങ്ങള്‍ സൃഷ്ടിച്ച് അടിച്ചമര്‍ത്താനും അരക്ഷിതാബോധം സൃഷ്ടിക്കാനും ശ്രമിക്കുന്നതിന്റെ ഫലമായി നാട്ടില്‍ പല അക്രമ സംഭവങ്ങളുമുണ്ടായിട്ടുണ്ട്. അവയെ ഫലപ്രദമായി ഇല്ലായ്മ ചെയ്യാനും സമാധാനന്തരീക്ഷം തീര്‍ക്കാനും നീതിപൂര്‍വം സമീപിക്കാനും ഭരണകൂടങ്ങള്‍ക്ക് സാധിക്കാതെ വരികയോ കൃത്യവിലോപം കാണിക്കുകയോ ചെയ്ത സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട്.

ഇത്തരം പ്രശ്നഘട്ടങ്ങളില്‍ അതിനെ നേരിടേണ്ടതിന് സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ എരിയുന്ന തീയില്‍ എണ്ണ ഒഴിക്കുന്നതിന് സമാനമുള്ളതാവരുത്. ഇന്ത്യന്‍ സമൂഹത്തിന് നിര്‍ദേശിക്കപ്പെട്ട അച്ചടക്ക വ്യവസ്ഥയെ അതിലംഘിക്കുന്നത് ശരിയായിരിക്കില്ല. ഇന്ത്യന്‍ ജനതയില്‍ മഹാഭൂരിഭാഗവും ഇവിടെ കഴിയുന്ന ജനതയെ ഒന്നടങ്കം ഇന്ത്യക്കാരായും സഹോദരങ്ങളായും കാണുന്നവരാണ്. സനാതന ഇന്ത്യന്‍ സംസ്കൃതിയുടെ സംഭാവനയായ കൊള്ളകൊടുക്കലിന്റെയും പരസ്പരാദരത്തിന്റെയും പാരമ്പര്യം സുരക്ഷിതമാവണമെന്ന് ചിന്തിക്കുന്നവരാണ്. നാട്ടില്‍ നടക്കുന്ന സംഭവ വികാസങ്ങളില്‍ ഇരയാക്കപ്പെടുന്നില്ലെങ്കിലും ഇരകളോടൊപ്പം വേദനയനുഭവിക്കുന്നവരാണവര്‍.

ഈ സഹൃദയരെയും ദുഃഖിതരെയും വെറുപ്പിന്റെ പക്ഷത്തേക്ക് മാറ്റാനുള്ള ശ്രമം ഫാസിസത്തിന്റേതാണ്. അത് വിജയിക്കാതിരിക്കുകയാണ് വേണ്ടത്. അതിന് പ്രകോപിതരാവാതെ അവധാനതയോടെ പ്രശ്നങ്ങളെ സമീപിക്കാന്‍ സാധിക്കണം. അല്ലാത്തപക്ഷം നേട്ടം ശത്രുവിനാ യിരിക്കുമെന്ന തിരിച്ചറിവുണ്ടാകണം. ശത്രുക്കളും അസഹിഷ്ണുക്കളുമല്ലാത്തവര്‍ക്കിടയില്‍ പ്രബോധനത്തിനും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അനുകൂലാവസ്ഥ സുരക്ഷിതമാവാനതാ വശ്യമാണ്.

ഭരണകൂടത്തിന്റെ പിന്തുണയും സഹായവും ഉപയോഗപ്പെടുത്തിത്തന്നെ ചിലപ്പോള്‍ വംശീയവും വര്‍ഗീയവുമായ നീക്കങ്ങള്‍ നടക്കാറുണ്ട്. ഭരണകൂടത്തിന്റെ യാഥാര്‍ഥ്യ ബോധത്തില്‍ നിന്നുള്ള ഈ ഗതിമാറ്റത്തെ കൂടുതല്‍ കര്‍ക്കശമുള്ളതാക്കാന്‍ ആരും കാരണമാവരുത്. ഭരണകൂടത്തിന്റെ സഹായം നേടാനുതകും വിധത്തിലുള്ള കരുനീക്കങ്ങളാണ് നടത്തേണ്ടത്. അതിന് സഹൃദയരും സഹിഷ്ണുക്കളും ആയിട്ടുള്ളവരുടെ പിന്തുണയും സഹകരണവും ആര്‍ജ്ജിക്കണം. മറിച്ച് പ്രതിരോധത്തിനായി അക്രമ വഴികള്‍ അവലംബിക്കുന്നത് അപായകരമാണ്. സര്‍ക്കാരിന് പോലും ഒന്നും ചെയ്യാനാവാത്ത സ്ഥിതിയുണ്ടാവും. സായുധ പ്രതിരോധമോ മെയ്കരുത്തിന്റെ പ്രകടനമോ നടന്നാല്‍ അതും നിയമവിരുദ്ധമെന്ന പരിധിയിലാണുള്‍പ്പെടുക. അതിനാല്‍ തന്നെ അത് തകര്‍ക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയായിത്തീരും. അഥവാ സഹായിക്കേണ്ട കേന്ദ്രങ്ങളുടെ ശാത്രവം ക്ഷണിച്ചുവരുത്തുന്ന സ്ഥിതിയുണ്ടായിത്തീരും.

വര്‍ഗീയവും അച്ചടക്കരഹിതവുമായ സമീപനങ്ങള്‍ മുസ്ലിംകളുടെ ഭാഗത്തു നിന്നുണ്ടായാല്‍ അവര്‍ഗീയരായ ആളുകളുടെ ചിന്തയില്‍ അത് മാറ്റമുണ്ടാക്കും. മുസ്ലിംകള്‍ക്ക് ലഭിക്കുന്ന സ്നേഹവും സഹാനുഭൂതിയും ഇല്ലാതാക്കാനത് കാരണമാവും. ഒരുവേള അവരെയും നിക്ഷിപ്ത താല്‍പര്യക്കാര്‍ക്ക് സ്വാധീനിക്കാനായി എന്നുവരാം. അത്തരമൊരവസ്ഥ വരാതിരിക്കാന്‍ കൂടുതല്‍ ജാഗ്രതയാണിന്നാവശ്യമായിരിക്കുന്നത്.

വാര്‍ത്താ മാധ്യമങ്ങളധികവും സാമ്രാജ്യത്വ ഭീമന്മാരുടെയും അധികാര ദുര്‍മോഹികളുടെയും പക്ഷത്ത് നില്‍ക്കാനാണ് താല്‍പര്യപ്പെടുന്നത്. അതിനാല്‍ തന്നെ അത്തരത്തിലുള്ളവയൊക്കെ മുസ്ലിം വിരുദ്ധവുമായിരിക്കും. മുസ്ലിംകളില്‍ നിന്നുണ്ടാവുന്ന ഏതൊരു നീക്കത്തെയും പര്‍വതീകരിച്ച് പ്രചാരണം നടത്തുന്നതിലാണ് മാധ്യമങ്ങളധികവും ഏര്‍പ്പെടുന്നത്. അവയെ അന്ധമായി അവലംബിക്കുന്നവര്‍ മുസ്ലിംകളെ തെറ്റിദ്ധരിക്കുന്നതിന് ഇത് കാരണമായിട്ടുണ്ട്. ചെറിയ ഒന്നിന്റെ തുടക്കം വലിയ ഒന്നിന്റെ കാരണമായിത്തീരും. അങ്ങനെ ആക്രമണ പരമ്പരകള്‍ തന്നെ നടക്കാനിട വന്നേക്കും.

കുടുംബനാഥന്മാരുടെ നാശവും കുടുംബിനികളുടെയും സോദരിമാരുടെയും ചാരിത്യ്ര ധ്വംസനവും നടക്കാനിട വരും. സുരക്ഷയുടെ പേരില്‍ ആവിഷ്കൃതമായ കരിനിയമങ്ങളുടെ കുരുക്കില്‍ യുവാക്കളും കുടുംബനാഥന്മാരും ബന്ധിക്കപ്പെടും. ഭരണവര്‍ഗത്തിന്റെ പലപ്പോഴുള്ള ക്രൂരതയുടെ രീതിശാസ്ത്രത്തിന്റെ ബലിയാടുകളായി അവര്‍ മാറും. ഇത്തരമൊരവസ്ഥയുടെ ആലോചന പോലും നമുക്കാവുമോ, എന്നിട്ടല്ലേ അനുഭവം. തെളിയിക്കപ്പെടാത്തതും കുറ്റപത്രങ്ങള്‍ പോലും സമര്‍പ്പിക്കപ്പെടാത്തതുമായ കുറ്റാരോപിതര്‍ എത്രയാണ് ഇന്ത്യന്‍ ജയിലുകളിലുള്ളത്.

ഭരണഘടനയുടെയും കാലാകാലത്തില്‍ അതില്‍ നടന്ന വ്യാഖ്യാന വിശദീകരണങ്ങളുടെയും അടിസ്ഥാനത്തില്‍ അംഗീകരിക്കപ്പെട്ട അവകാശാധികാരങ്ങളെല്ലാവര്‍ക്കുമുണ്ട്. അതിന്റെ പരിധിയില്‍ നിന്ന് നിയമാനുസൃതമായി സുരക്ഷയും പുരോഗതിയും നേടാനുള്ള ആലോചനയും ശ്രമവുമാണെല്ലാവര്‍ക്കും കരണീയമായിട്ടുള്ളത്. അവര്‍ഗീയവും പക്ഷപാതരഹിതവുമായ നിലപാ ടെടുക്കുന്നതിന് ഭരണകൂടത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയും, അതിന് സാഹചര്യമനുകൂലമാക്കു കയും ചെയ്യേണ്ടതുണ്ട്.

ഇന്ത്യന്‍ ഭരണഘടന ഇന്ത്യന്‍ പൌരന്മാര്‍ക്ക് നിശ്ചയിച്ചിട്ടുള്ള മൌലികമായ അവകാശങ്ങളുണ്ട്. അവ ശ്രദ്ധിക്കുക.

ഒന്ന്: സമത്വത്തിനുള്ള അവകാശം: നിയമത്തിനു മുന്നില്‍ തുല്യത, മത‏-ജാതി‏-വര്‍ഗ‏-ജന്മ സ്ഥല‏-ലിംഗ വ്യത്യാസത്തിന്റെ പേരില്‍ വിവേചനരാഹിത്യം. ഉദ്യോഗ കാര്യത്തില്‍ അവസര സമത്വം എന്നിവ ഈ വകുപ്പ് ഉറപ്പ് നല്‍കുന്നു.

രണ്ട്: സ്വാതന്ത്യ്രത്തിനുള്ള അവകാശം: സ്വതന്ത്രമായി ആശയ വിനിമയം നടത്താം. യോഗം ചേരാം. സംഘടിപ്പിക്കാം. ഇന്ത്യാ രാജ്യത്തിന്റെ ഏത് ഭാഗത്തും താമസിക്കാം. (നിബന്ധനകള്‍ക്ക് വിധേയമായി) ഏത് തൊഴിലും ചെയ്യാം. എന്നിത്യാദി അവകാശങ്ങള്‍ ഉറപ്പ് നല്‍കുന്ന വകുപ്പാണിത്.

മൂന്ന്: ചൂഷണത്തിനെതിരെയുള്ള അവകാശം: നിര്‍ബന്ധിച്ച് ജോലി ചെയ്യിക്കല്‍, കുട്ടികളെ കൊണ്ട് ജോലി ചെയ്യിക്കല്‍, ജോലിക്കാരെ കച്ചവടം ചെയ്യല്‍ എന്നിവ നിരോധിക്കുന്ന വകുപ്പാണിത്.

നാല്: മത സ്വാതന്ത്യ്രത്തിനുള്ള അവകാശം: മനഃസാക്ഷിക്ക് സ്വാതന്ത്യ്രം. ഏത് മതത്തിലും വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനുമുള്ള അവകാശം നല്‍കുന്നതാണ് ഈ വകുപ്പ്.

അഞ്ച്: സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം: ഏത് വിഭാഗത്തിനും അവരുടെ സംസ്കാരം, ഭാഷ, ലിപി, തുടങ്ങിയവ നിലനിര്‍ത്താനും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താനും ഉള്ള അവകാശം നല്‍കുന്ന വകുപ്പാണിത്.

ആറ്: മൌലികാവകാശങ്ങള്‍ കോടതിയിലൂടെ സ്ഥാപിച്ചെടുക്കാനുള്ള അവകാശം.

ഭരണഘടനയുടെ ആമുഖത്തില്‍ അതിന്റെ ലക്ഷ്യമെന്തായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 1976ല്‍ ഉണ്ടായ നാല്‍പത്തിരണ്ടാം ഭേദഗതിയിലൂടെ പൌരന്മാരുടെ മൌലിക ചുമതലകളും വ്യക്തമാക്കിയിട്ടുണ്ട്.

ഭരണഘടനയെ അനുസരിക്കാനും, ഭരണഘടനയെയും ദേശീയ പതാകയെയും ദേശീയ ഗാനത്തെയും ആദരിക്കാനും, സ്വാതന്ത്യ്ര സമരത്തിന് ഉത്തേജകമായിരുന്ന ഉന്നതാശയങ്ങളെ ആദരിക്കാനും, ഇന്ത്യയുടെ ഐക്യവും അഖണ്ഢതയും കാത്തുസൂക്ഷിക്കാനും, രാഷ്ട്ര സേവനത്തിനും രാജ്യ രക്ഷാപ്രവര്‍ത്തനത്തിനും തയ്യാറാവാനും, മത‏-ഭാഷ‏-പ്രദേശ‏-വിഭാഗ വൈജാത്യങ്ങള്‍ക്കതീതമായി സാഹോദര്യം വളര്‍ത്താന്‍ ശ്രമിക്കാനും തുടങ്ങി പൊതുസ്വത്ത് സംരക്ഷിക്കാനും, അക്രമത്തിന്റെ പാത വര്‍ജിക്കാനും, എല്ലാ മണ്ഢലങ്ങളിലും മികവ് പ്രകടിപ്പിച്ച് രാഷ്ട്രത്തെ ഔന്നത്യത്തിന്റെ പാതയില്‍ മുന്നേറാന്‍ സഹായിക്കാനും മൌലികമായ ചുമതലകള്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ദേശ‏-ജനവിരുദ്ധമായ സമീപനങ്ങള്‍ക്കും നിലപാടുകള്‍ക്കും കടുത്ത ശിക്ഷാവ്യവസ്ഥകള്‍ തീരുമാനിക്കപ്പെട്ടിട്ടുണ്ട്. ആവശ്യാനുസരണം നിയമ നിര്‍മാണവും വ്യാഖ്യാനവും നടന്നുവരികയും ചെയ്യുന്നു. ഇത്തരത്തിലുള്ള ഒരു രാജ്യത്ത് ജനിക്കാന്‍ സാധിച്ചവന്‍ അതിന്റെ ഗുണഫലങ്ങള്‍ പരമാവധി നേടാനുള്ള യുക്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടത്. സ്വന്തം ജീവിതമോ അടിസ്ഥാന സ്വാതന്ത്യ്രമോ അപകടപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്യുന്നത് ബുദ്ധിശൂന്യതയാണ്. അത് ഒരു പ്രയോജനവും നല്‍കാത്തതുമാണ്. മാത്രവുമല്ല, ഉത്തരവാദികളായ ആളുകളുടെ മതവും സമൂഹവും പ്രസ്ഥാനവും അകാരണമായി പ്രതിസ്ഥാനത്ത് നിറുത്തപ്പെടുന്ന സ്ഥിതിയുണ്ടാവുകയും ചെയ്യും.

മുസ്ലിംകളെ സംബന്ധിച്ചിടത്തോളം അവര്‍ നിര്‍ബന്ധമായും അനുസരിക്കാന്‍ ബാധ്യസ്ഥമായ ശരീഅത്ത് അവയെ പിന്തുണക്കുന്നില്ല. ഇസ്ലാമിന്റെ സാങ്കേതിക സംജ്ഞകളെയും അനിവാര്യമായ സാഹചര്യത്തിലെടുത്ത പൂര്‍വ സമൂഹത്തിന്റെ നിലപാടുകളെയും, അനിവാര്യ സമയത്തേക്കുള്ള നിര്‍ദേശങ്ങളെയും കേവലവല്‍ക്കരിക്കുന്നതും ദുര്‍വ്യാഖ്യാനിക്കുന്നതും കടുത്ത അപരാധമാണ്.

ഇന്ത്യയില്‍ നിലവിലുള്ള ഭരണ സംവിധാനവും ഭരണക്രമവും ഭരണഘടനയും സാമൂ ഹ്യ സാഹചര്യവും ഒരു മുസ്ലിമിനെ സായുധ ജിഹാദിന്റെ വഴിയില്‍ പ്രവേശിക്കുന്ന തിനനുവദിക്കാത്ത താണ്.

ഒരാള്‍ക്ക് അക്രമിയാകാനും സാമൂഹ്യദ്രോഹിയാകാനും ഒരു മതത്തിന്റെയും പിന്തുണ വേണ്ടതില്ല. അത്തരക്കാര്‍ പലപ്പോഴും മതത്തെ മറയാക്കാറുണ്ടെന്നതിനാല്‍ അവരെ തുറന്നു കാട്ടാന്‍ മത നേതൃത്വം ആര്‍ജവം കാണിക്കുകയാണ് വേണ്ടത്. അക്രമിയെ പ്രതിരോധിക്കുന്നത് അക്രമിയുടെ മതത്തിനെതിരായും അക്രമത്തെ മതത്തിന്റെ ഭാഗമായും മനസ്സിലാക്കുകയല്ല വേണ്ടത്. മതത്തിന്റെ യഥാര്‍ഥ കേന്ദ്രങ്ങളുടെ നിലപാടുകളാണതിന് അവലംബിക്കേണ്ടത്.

ആത്മരക്ഷാര്‍ഥമുള്ള പ്രതിരോധത്തെ ഒരു നീതിശാസ്ത്രവും നിരാകരിക്കുന്നില്ല. കാരണം ആത്മരക്ഷയെക്കുറിച്ച ബോധവും വാസനയും ജൈവസിദ്ധമാണ്. അതിന് മതത്തിന്റെയോ മാനുഷികതയുടെയോ അടിസ്ഥാനം അനിവാര്യമല്ല.

വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഇവിടെ ഒരു കാര്യം ശ്രദ്ധേയമായതുണ്ട്. അഥവാ താന്‍ കാരണമായിട്ടല്ലാതെ, നിരപരാധിയായ താന്‍ അക്രമിക്കപ്പെടുന്നതിനാല്‍ ഉണ്ടാവുന്ന അനര്‍ഥ ങ്ങള്‍ ഒരു നിസ്സഹായതയുടെ ഭാഗമാണെന്നതിനാല്‍ പ്രതിഫലാര്‍ഹമാണ്. വധിക്കപ്പെടുന്നവന് മരണാനന്തരം രക്തസാക്ഷിത്വ പദവി നല്‍കപ്പെടും. ഭൌതികമായി ആഘോഷിക്കാനല്ല മറിച്ച് അത് അവന് പാരത്രികമായി മോക്ഷം ലഭിക്കുന്നതിന് നിമിത്തമായിത്തീരും. അതിനാല്‍ അതൊരു സ്ഥാനാരോഹണമാണെന്ന് പറയാം. പാരത്രികമായ രക്തസാക്ഷി പദവി ലഭിക്കുന്നവരെ വ്യക്തമാക്കുന്ന പ്രവാചക വചനം ‘തീവ്രവാദം പരിഹാരമല്ല’ എന്ന ലേഖനത്തില്‍ വായിക്കാം.


RELATED ARTICLE

 • തീവ്രവാദം : പരിഹാരവും നിലപാടും
 • ലക്ഷ്യം പുനര്‍നിര്‍ണയിക്കുക
 • തീവ്രവാദം പരിഹാരമല്ല
 • ഇന്ത്യന്‍ സാഹചര്യം തേടുന്നത്
 • യുദ്ധ നിയമങ്ങളില്‍ നിന്ന്
 • ശിക്ഷാ നിയമങ്ങള്‍
 • ഇസ്ലാമും യുദ്ധവും
 • ഇസ്ലാമും വാളും
 • ഇസ്ലാമിലെ ധാര്‍മിക വ്യവസ്ഥ
 • തീവ്രവാദം ഇസ്ലാമിക വീക്ഷണത്തില്
 • തീവ്രവാദം