തീവ്രവാദം ഇസ്ലാമിക വീക്ഷണത്തില്

തീവ്രവാദം എന്ന പദമര്‍ഥമാക്കുന്ന ഭീതിപ്പെടുത്തല്‍ തന്നെ അടിസ്ഥാനപരമായി ഇസ്ലാം നി രാകരിക്കുന്നതാണ്. ഇസ്ലാം ശാന്തിയും സമാധാനവും പ്രദാനം ചെയ്യുന്ന ഒരാദര്‍ശ വ്യവസ്ഥയാണ്. സമാധാനപരവും സുസ്ഥിതിപൂര്‍ണവുമായ ജീവിതാവകാശത്തിന്റെ മൌലികത ഇസ്ലാം അംഗീകരിക്കുന്നു.

ജീവിക്കാനര്‍ഹതയുള്ള ഒരു ജീവിയുടെയും ജീവന്‍ അപഹരിക്കാനോ അപകടപ്പെടുത്താനോ പാടില്ല എന്ന ഇസ്ലാമിക പാഠം നാഗരിക സമൂഹത്തിലും പൊതുവെ അംഗീകാരമുള്ളതാണ്. അതിനാലാണ് ശിക്ഷാ നിയമങ്ങളില്‍ കൊലപാതകത്തിന് കടുത്ത ശിക്ഷ നിശ്ചയിച്ചിരിക്കുന്നത്. ക്രമസമാധാനം നിലനിര്‍ത്തുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ ഇസ്ലാം സമര്‍പിക്കുന്നുണ്ട.്.

ആവശ്യങ്ങളുമായി പുറത്തിറങ്ങി യാത്ര ചെയ്യുന്നവന് തന്റെ യാത്ര സുരക്ഷിതമായി സഫലീകരിക്കാനുള്ള അവകാശം മൌലികമാണ്. സുരക്ഷിതമായി യാത്ര അവസാനിപ്പിക്കാന്‍ സാധിക്കുമോ എന്ന ആശങ്കയും ഭീതിയും സൃഷ്ടിച്ചിരിക്കുകയാണ് ഭീകരവാദികള്‍.

പൈതൃകമായോ സൌജന്യമായോ അദ്ധ്വാനിച്ചോ വ്യാപാര വ്യവസായം വഴിയോ മറ്റു അനുവദനീയ വഴിയിലൂടെയോ ലഭ്യമായ സമ്പത്തല്ലാതെ ഉപയോഗിച്ചുകൂടെന്ന് നിഷ്കര്‍ഷമുള്ള മതത്തില്‍ എന്തിന്റെ പേരിലാണ് തട്ടിപ്പറിയും വിലപേശി വാങ്ങുന്ന മോചനദ്രവ്യവും വിഹിതമായിത്തീരുന്നത്?. വാളോ അമ്പോ കയ്യില്‍ പിടിച്ച് നടക്കേണ്ടിവന്നാല്‍ അതിന്റെ വായ്ത്തല നിര്‍ബന്ധമായും മറച്ചിരിക്കണമെന്ന നബിവചനത്തിന്റെ അര്‍ഥമെന്താണ്? അബദ്ധത്തില്‍ പോലും അപകടം സംഭവിച്ചുകൂടാ എന്ന ഇസ്ലാമിന്റെ നിഷ്കര്‍ഷയാണത്. അപരന്റെ സമ്പത്ത് അന്യാധീനപ്പെടുത്തുന്നത് പോലെ തന്നെ അത് നശിപ്പിക്കുന്ന സാഹചര്യവുമുണ്ടായിക്കൂടാ.

ഇസ്ലാമിക കര്‍മശാസ്ത്രത്തിലും സ്വഭാവ സംസ്കരണ ശാസ്ത്രത്തിലുമെല്ലാം ഇത്തരത്തിലുള്ള നിര്‍ദേശങ്ങളും പാഠങ്ങളും ഒരുപാടുണ്ട്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതക്രമവും സമീപന രീതിയും നിര്‍ണയിക്കുന്നത് ഇസ്ലാമിക പാഠങ്ങളായിരിക്കണം. ഇസ്ലാമൊരിക്കലും ഒരു തരത്തിലുള്ള അവകാശ ലംഘനവും അനുവദിക്കുന്നില്ല.

ഭീകരത നടമാടുന്നത് എങ്ങനെ, ആരില്‍ നിന്ന് എന്നതിനെ ആശ്രയിച്ചല്ല ഇസ്ലാം നിലപാടുകള്‍ നിര്‍ണയിക്കുന്നത്. സ്വന്തം ആജ്ഞാനുവര്‍ത്തികള്‍ക്കും മറ്റുള്ളവര്‍ക്കും ഇക്കാര്യത്തില്‍ വ്യത്യസ്ത നിലപാടുകളല്ല ഇസ്ലാമിലുള്ളത്. ഒന്നാമതായി അതൊരു മനുഷ്യവിരുദ്ധ പ്രവണതയാണ്. രണ്ടാമതായി ഭീകരതയുടെ പരിണിതി അസമാധാനവും അനന്തമായ അസ്വസ്ഥതകളുമാണ്. അതിനാല്‍ തന്നെ അതിനെ ഇസ്ലാം പിന്തുണക്കുന്നില്ല.

വ്യക്തി-‏സംഘം‏-രാഷ്ട്രം എന്നിങ്ങനെ ഏത് തലങ്ങളില്‍ നിന്നുള്ള ഭീകര താണ്ഢവങ്ങളെയും സാമാന്യവല്‍ക്കരിക്കുന്നതിന് ഇസ്ലാമിക പ്രമാണങ്ങള്‍ അനുകൂലമല്ല. എല്ലാവിധ ഭീകരതകളെയും അത് നിരാകരിക്കുകയാണ്. ഭീകരതയുടെ മേലൊപ്പ് ചാര്‍ത്തി മുസ്ലിംകളെയും ഇസ്ലാമിനെയും തെറ്റിദ്ധരിപ്പിക്കുകയും അടയാളമിടുകയും ചെയ്യുന്നതും ഭീകരതയാണ്. കാരണം ഇതും സമാധാനത്തെ ഭജ്ഞിക്കുന്നതാണല്ലോ. തെറ്റിദ്ധാരണകളും ആശയക്കുഴപ്പങ്ങളും സൃഷ്ടിക്കുന്ന ഭീകരാന്തരീക്ഷം കൊലപാതകങ്ങളേക്കാള്‍ മാരകമായിരിക്കും.

ഇസ്ലാമില്‍ ശിക്ഷാ നിയമങ്ങളുണ്ട്. അതിന്റെ സാമൂഹിക പ്രാധാന്യം വ്യക്തവുമാണ്. അക്രമ പ്രവര്‍ത്തനങ്ങളും അനീതികളും അരുതായ്മകളും അമര്‍ച്ച ചെയ്യുന്നതിനുള്ള നിയമ നിര്‍മാണമാണത്. സമാധാന ജീവിത സാഹചര്യത്തോടുള്ള ആഭിമുഖ്യത്തിന്റെ തോത് നിര്‍ണയിക്കുന്ന ഒരു സുപ്രധാന ഘടകമാണ് ശിക്ഷാ നിയമം. ഇസ്ലാം, ശിക്ഷാ നിയമത്തിലും കണിശവും വ്യക്തവുമായ നിയമ വ്യവസ്ഥകള്‍ നിശ്ചയിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലല്ലാതെ, ആര്‍ക്കെങ്കിലും തന്‍ചെയ്തികളെ ന്യായീകരിക്കുന്നതിനും അതിക്രമം പ്രവര്‍ത്തിക്കുന്നതിനും അതുപയോഗപ്പെടുത്താവതല്ല.

ഇസ്ലാമിലെ ‘കുറ്റവും ശിക്ഷയും’ വിഭാഗത്തിലെ നിയമങ്ങളുടെ വാഴ്ചക്ക് നിര്‍ദേശിക്കപ്പെട്ടതും നിശ്ചയിക്കപ്പെട്ടതുമായ ചില അടിസ്ഥാന സാഹചര്യങ്ങളുണ്ട്. അത്തരം സാഹചര്യങ്ങളൊത്തുവന്നാല്‍ മാത്രമേ അത് നടപ്പാക്കാനാവൂ. അല്ലാത്തിടത്ത് അതിനായി ഗ്രൂപ്പ് തിരിഞ്ഞ് ശ്രമം നടത്തുന്നത് അരാജകത്വത്തിനിടയാക്കും. അരാജകത്വമാവട്ടെ കുഴപ്പങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും കാരണമായിത്തീരുമെന്നുറപ്പാണ്. അതുകൊണ്ട് സാര്‍വത്രികവും സമ്പൂര്‍ണവുമായ സമാധാനാന്തരീക്ഷത്തിനായുള്ള ഇസ്ലാമിക യുദ്ധ നിയമങ്ങള്‍ അതിനനുകൂലമായ ഘടകങ്ങളനവധി ഒത്തിണങ്ങണമെന്ന് ആവശ്യപ്പെടുന്നുണ്ട്. അവയെ തിരസ്കരിച്ച് കുഴപ്പത്തെ വിളിച്ചുണര്‍ത്തുകയോ ഉണര്‍ന്ന കുഴപ്പത്തെ ആളിക്കത്തിക്കുകയോ ചെയ്യരുത്.

നബി(സ്വ) പറയുന്നു: ‘കുഴപ്പം ഉറങ്ങുകയാണ്. അതിനെ ഉണര്‍ത്തുന്നവനെ അല്ലാഹു ശപി ച്ചിരിക്കുന്നു’ (കന്‍സുല്‍ ഉമ്മാല്‍: 3089).

സമൂഹത്തിലുടലെടുക്കുന്ന കുഴപ്പത്തില്‍ കക്ഷിയാവാതിരിക്കാന്‍ നബി(സ്വ) തങ്ങള്‍ ശക്തമായി ആവശ്യപ്പെട്ട ഹദീസുകള്‍ ധാരാളമുണ്ട്. കാലം കഴിയും തോറും കുഴപ്പങ്ങള്‍ അനവധി ഉണ്ടാ വുമെന്നും അതില്‍ പങ്കെടുക്കരുതെന്നും അതില്‍ യാതൊരു കാരണവശാലും ഒരു മുസ്ലിമിന് അപകടമോ പരിക്കോ പറ്റരുതെന്നും വ്യക്തമാക്കുന്നതാണ് പല ഹദീസുകളും.

ഭീകര ഇസ്ലാം?

പാശ്ചാത്യന്‍ ദുര്‍ബുദ്ധി പുതിയതായി സൃഷ്ടിച്ചെടുത്ത ഒരു പ്രയോഗമാണ് ഭീകര ഇസ്ലാം. ഈ കൂട്ടെഴുത്തിലൂടെ അവരുദ്ദേശിക്കുന്നത് ഇസ്ലാമിനെ ഭീകരതയുടെ മതമാക്കി ചിത്രീകരിച്ച് അതിനെ ജനമനസ്സുകളില്‍ നിന്നും കുടിയിറക്കാമെന്നതാണ്. യഥാര്‍ഥത്തില്‍ ഇസ്ലാമിനോട് ഒരിക്കലുമിണങ്ങാത്തതാണ് ഭീകരത. ഇസ്ലാമിന്റെയും മുസ്ലിംകളുടെയും പേരില്‍ ചിലര്‍ നടത്തുന്ന അതിക്രമങ്ങളാണ് ഇതിന് വളമിടുന്നത്. ഇതുയര്‍ത്തി ഭീകര ഇസ്ലാം എന്ന് വിവക്ഷിക്കുന്നത് ഇസ്ലാമിനെക്കുറിച്ച അജ്ഞത കൊണ്ടാണ്. ഇന്ന് നടക്കുന്നതിന് സമാനമായ ഒരു ആക്രമണാധികാരം ആര്‍ക്കും ഇസ്ലാമിക വ്യവസ്ഥ നല്‍കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.  സാഹചര്യത്തിന്റെ ഉപോല്‍പ്പന്നമായും നയവ്യതിയാനത്തിന്റെ ഫലമായും ഉണ്ടായതാണ് ഇത്തരം ഭീകര കൃത്യങ്ങള്‍. അതിന്റെ വ്യാപന, വിതരണ സൌകര്യത്തിന് സമുദായത്തിന്റെ പേര് ഉപയോഗിക്കുന്നുവെന്ന് മാത്രം.

പ്രതിഭീകരതക്ക് പിന്നിലെ മുസ്ലിം നാമധാരികളുടെയും അവരുടെ വേദികളുടെയും ചരിത്രമെടുത്ത് പരിശോധിച്ചാല്‍ വ്യക്തമാവുന്നതാണിത്. സമുദായത്തിന്റെ മുഖ്യധാരയില്‍ നിന്ന് ഇത്തരം അപക്വമായ സമീപനങ്ങള്‍ നടന്നു കാണുന്നില്ല. കാരണം സമുദായത്തില്‍ പൈതൃകവുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം വേര്‍പെടുത്തപ്പെട്ടിട്ടില്ലാത്ത ഒരു വിഭാഗമെന്നും നിലനിന്നിട്ടുണ്ട്. പരിഷ്കാരവും ജീവിത സൌകര്യവും എത്ര കീഴ്മേല്‍ മറിഞ്ഞാലും ഒറിജിനലിന്റെ ഗന്ധം ഉയരാതിരിക്കില്ല. അവിടെ സാഹചര്യത്തിന്റെ തേട്ടവും സ്വഭാവവും അനുസരിച്ചുള്ള കൂട്ടായ്മകളുണ്ടാവും. അവയില്‍ പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും ആലോചനകളും തീരുമാനങ്ങളും നടക്കുന്നത്. അപ്പോള്‍ പിന്നെ അപക്വമായ ഒന്നിനും സമുദായത്തിന്റെ മുഖ്യധാരയില്‍ നിന്ന് അംഗീകാരവും പിന്തുണയും ലഭിക്കില്ല.

മുസ്ലിംകളെ സംബന്ധിച്ചിടത്തോളം സാഹചര്യത്തില്‍ നിന്ന് വികാരം വാങ്ങേണ്ടവരല്ല അവര്‍. പ്രമാണങ്ങളില്‍ നിന്നും വിചാരം സ്വീകരിക്കേണ്ടവരാണ്. സാഹചര്യങ്ങളില്‍ നിന്നും ലഭിക്കുന്ന അസംസ്കൃതവും സങ്കീര്‍ണവുമായ പ്രചോദനങ്ങളെ പ്രമാണവല്‍കരിക്കാന്‍ സ്വയം തുനിയുന്നവര്‍ സ്വന്തം താല്‍പര്യത്തിനനുസരിച്ച് ഇസ്ലാമിനെ വ്യാഖ്യാനിക്കുന്നവരാണ്.

സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി സമരാഹ്വാനം നടത്തിയവരും നയിച്ചവരും വിശുദ്ധ കഅ്ബാലയം വരെ കൊള്ള ചെയ്യുകയുണ്ടായിട്ടുണ്ട് എന്നത് ചരിത്രമാണ്. അതാകട്ടെ ഇന്നും വീരചരിത്രമായി അയവിറക്കുകയും പഠിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ടുതാനും. വിപ്ളവത്തിനും സമരത്തിനും കലാപകാരികള്‍ നല്‍കുന്ന നാമത്തില്‍ നിന്നും വിശേഷണത്തില്‍ നിന്നുമല്ല അവരുടെ അടിസ്ഥാനമന്വേഷിക്കേണ്ടത്. ഇസ്ലാമിന്റെ പാരമ്പര്യ വഴിയും പാരമ്പര്യ സമൂഹവും എവിടെ നില്‍ക്കുന്നു എന്നതാണടിസ്ഥാനപ്പെടുത്തേണ്ടത്. ഇസ്ലാമിക പ്രമാണത്തിനും പാരമ്പര്യ വഴിക്കും നിരക്കാത്ത ഏതൊന്ന് ഏതൊരാള്‍ ചെയ്താലും അതിന് അയാള്‍ മാത്രമാണുത്തരവാദി. അല്ലെങ്കില്‍ അതിന്റെ പിതൃത്വം ഏറ്റെടുത്ത സംഘടന മാത്രമായിരിക്കും ഉത്തരവാദി.

ലോകത്തെവിടെയെങ്കിലും ഒരു മത സ്ഥാപനത്തില്‍ നിന്നും അവിടെ ഒളിഞ്ഞിരിക്കുകയോ അതിക്രമിച്ച് കയറുകയോ ചെയ്ത ഒരു തീവ്രവാദിയെ കണ്ടെത്തിയാല്‍ അതിന്റെ പേരില്‍ മതസ്ഥാപനങ്ങളൊക്കെ ഭീകരവാദ കേന്ദ്രങ്ങളാണെന്ന പ്രസ്താവന നടത്തുന്നത് ഒരുതരം ആദര്‍ശ പാ പ്പരത്തത്തിന്റെ അടയാളമാണ്. തീവ്രവാദി മനുഷ്യനായിരുന്നു എന്നതിനാല്‍ മനുഷ്യരൊക്കെ ഭീകരവാദികളാണെന്ന നിലപാട് എത്ര ശരിയാവും? ഒരാള്‍ അയാളുടെ നെറികേടിന് ഖുര്‍ആനിലെ ആയത്ത് ഉദ്ധരിച്ചാല്‍ ഖുര്‍ആന്‍ ആ നെറികേടിന് പിന്തുണയാവുന്നു എന്നല്ല മനസ്സിലാക്കേണ്ടത്. അതിന്റെ യാഥാര്‍ഥ്യമറിയാന്‍ ശ്രമിക്കുകയാണ് വേണ്ടത്. കാലാകാലങ്ങളിലായി വിശുദ്ധ ഖുര്‍ആനിന്റെ ബാഹ്യ സൌന്ദര്യവും ആന്തരിക സൌന്ദര്യവും കാത്തുസൂക്ഷിച്ച് ജീവിച്ചു വന്നവരുടെ പിന്‍മുറക്കാര്‍ ഇന്നും ലോകത്തുണ്ട്. ഈ വിശുദ്ധ സൂക്തങ്ങളുടെ ആശയം ഗ്രഹിച്ചിരുന്നിട്ടെന്തേ അവരാരും അനാവശ്യമായി കലാപങ്ങള്‍ സംഘടിപ്പിക്കാതിരിക്കുന്നത് എന്നാലോചിക്കേണ്ടതുണ്ട്.

ഇവിടെയാണ് ഖുര്‍ആനും അതിലെ ചില പരാമര്‍ശങ്ങളും ചില വികൃതി വീരന്മാരുടെ കൈകടത്തലുകളാല്‍ തെറ്റിദ്ധരിക്കുന്നതിലെ രഹസ്യം വ്യക്തമാവുന്നത്. അഥവാ ഇസ്ലാമിനും മുസ്ലിംകള്‍ക്കും മുന്നില്‍ നിഷ്പ്രഭമായേക്കാവുന്ന സ്വാര്‍ഥതകള്‍ക്ക് നിലനില്‍പ്പുറപ്പിക്കാനുള്ള ഒരുതരം കുത്സിത ശ്രമമാണവര്‍ നടത്തുന്നത്. ചില സാഹിത്യ‏-സാംസ്കാരിക നായകന്മാര്‍ അറിഞ്ഞോ അറിയാതെയോ ഇത്തരം പ്രചാരകരെ അന്ധമായി അനുകരിച്ച് കാണുന്നത് ഖേദകരമാണ്. അവതരിപ്പിക്കപ്പെടുമ്പോള്‍ ഉണ്ടായിത്തീരുന്ന തെറ്റിദ്ധാരണയായിരിക്കാം അവരെ അതിന് പ്രേരിപ്പിച്ചത്. എന്നാല്‍ പ്രമാണ ബന്ധവും പാരമ്പര്യ സ്പര്‍ശവുമുള്ള യഥാര്‍ഥ ഇസ്ലാമിനെ മനസ്സിലാക്കാന്‍ ഇന്ന് സൌകര്യമുള്ളപ്പോള്‍ ഈ സമീപനം നിരുത്തരവാദപരമാണെന്ന് പറയാതെവയ്യ.

ചാവേര്‍

ഇതൊരു ശീര്‍ഷകം വെച്ച് ചര്‍ച്ച ചെയ്യേണ്ടതുണ്ട്. കാരണം ഇതൊരു സമ്പ്രദായമായി മാറിയിരിക്കുകയാണിന്ന്. അനുദിനമെന്നോണം ചാവേര്‍ ആക്രമണങ്ങളുടെ വാര്‍ത്തകള്‍ നമുക്കെത്തിക്കൊണ്ടിരിക്കുകയാണ്. പണ്ട് കാലത്തില്ലാത്ത ഈ പ്രവണതയെ മഹത്വവല്‍ക്കരിക്കാന്‍ പ്രമാണം തിരയുന്നവരെ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ലഭ്യമാണ്.

ഒരാളുടെ നാശമുണ്ടായാലും ശത്രുക്കളായ അനേകമാളുകളുടെ നാശം നടക്കുന്നുണ്ട് എന്നതിനാലാണ് അനുവദനീയമായ ഒരു മുറയാണ് അതെന്നു ചിലര്‍ പറയുന്നത്. എന്നാല്‍ പ്രമാണമായി അവതരിപ്പിക്കുന്ന ചില യുദ്ധരംഗങ്ങളിലെ സാഹസികമായ സമീപനങ്ങള്‍ ഇതുമായി യോജിക്കാത്തതാണ്.

ഒരുപാട് സങ്കീര്‍ണതകളുണ്ടെങ്കിലും വര്‍ത്തമാനകാലത്ത് ഒരു യുദ്ധമുഖം രൂപപ്പെട്ടിരിക്കുന്നുവോ എന്നതാദ്യം ആലോചിക്കോണ്ടതുണ്ട്. എങ്കിലാണല്ലോ യുദ്ധരംഗത്തുണ്ടായ ഒരു സംഭവത്തോട് ചാവേറെന്ന രീതിയെ തുലനപ്പെടുത്താനാവുക.

ജീവിതത്തിന്റെ ഏതെങ്കിലും മേഖലയില്‍ കഴിയുന്ന ജനങ്ങള്‍ക്കിടയില്‍ അവിചാരിതമായി കടന്നുചെന്ന് നടത്തുന്ന ചാവേര്‍ ആക്രമണം എങ്ങനെയാണ് നടേ നടന്നിട്ടുള്ള സാഹസികതകളോട് സാമ്യപ്പെടുത്തുക എന്നത് ആലോചനക്ക് വിധേയമാക്കേണ്ടതാണ്.

ഉഹ്ദ് യുദ്ധവേളയില്‍ നബി(സ്വ) തങ്ങളും പത്തില്‍ താഴെ സ്വഹാബികളും മാത്രമായിരിക്കെ, അവരെ ശത്രുക്കള്‍ വലയം ചെയ്തു. ആ സമയത്ത് നബി(സ്വ) തങ്ങളിങ്ങനെ പറഞ്ഞു: ‘ഇപ്പോള്‍ എന്നെ ശത്രുവില്‍ നിന്നും തടയുന്നവന്‍ സ്വര്‍ഗത്തില്‍ എന്റെ കൂടെയായിരിക്കും.’ ഉടനെ ഒരു സ്വഹാബി രംഗത്തെത്തി അദ്ദേഹം രക്തസാക്ഷിയാവുകയും ചെയ്തു. തുടര്‍ന്ന് ബാക്കി ആറ് അന്‍സ്വാരികള്‍ ഓരോരുത്തരായി ശഹീദാവുകയുണ്ടായി. ഈ സംഭവം ഇമാം മുസ്ലിം(റ) അടക്കം ഉദ്ധരിച്ചതാണ്.

ഈ സംഭവത്തെ സാഹസികതക്ക് അനുകൂലമായി ഉപയോഗപ്പെടുത്താമായിരിക്കും. പക്ഷേ, ഇത് യുദ്ധമുഖത്തായിരുന്നു എന്നതാണല്ലോ യാഥാര്‍ഥ്യം. മാത്രവുമല്ല, ഈ ഘട്ടത്തെ അതിജീവിച്ച് നബി(സ്വ)യും സ്വഹാബികളും വിജയികളായിട്ടാണ് ഉഹ്ദ് വിടുകയുണ്ടായത്.

ഇനിയുമുദ്ധരിക്കുന്ന മറ്റൊരു സംഭവം കോണ്‍സ്റ്റാന്റിനോപ്പോള്‍ യുദ്ധത്തില്‍ റോമന്‍ പട്ടാളത്തിനിടയിലേക്ക് ഓടിക്കയറിയ ധീരനായ സ്വഹാബിവര്യന്റെ കഥയാണ്. അദ്ദേഹം ഓടിക്കയറിയ ശേഷം തിരിച്ച് വന്നിട്ടുണ്ടായിരുന്നു എന്ന് മാത്രമല്ല, അത് യുദ്ധമുഖത്താണ്. യുദ്ധ രംഗം രണക്ഷുബ്ദമായാല്‍ എന്തു സ്വീകരിക്കണമെന്ന് ‘ഇസ്ലാമും യുദ്ധവും’ എന്ന ലേഖനത്തില്‍ വിവരിക്കുന്നുണ്ട്.

ചുരുക്കത്തില്‍ നിരപരാധികള്‍ കൂടി അകപ്പെടുന്ന വിധത്തില്‍ ഏതെങ്കിലും സ്ഥലത്തും സമയത്തും നടത്തപ്പെടുന്ന ചാവേര്‍ ആക്രമണം അതിന്റെ ലക്ഷ്യവും മാര്‍ഗവും പിഴച്ചതാണെന്ന് മനസ്സിലാക്കാനേ ന്യായമുള്ളൂ. വ്യവസ്ഥാപിതമായി നടക്കുന്ന യുദ്ധങ്ങളില്‍ മാത്രമേ അനുവദനീയമായ യുദ്ധമുഖമുണ്ടാവുന്നുള്ളൂ. അതിനാല്‍ നിയമ പ്രാബല്യമില്ലാത്ത വര്‍ത്തമാനകാല സംഘര്‍ഷമുഖത്ത് ചാവേര്‍ ആക്രമണം പൂര്‍വകാല ഇസ്ലാമിക യുദ്ധങ്ങളുമായി തുലനം ചെയ്യാവുന്നതല്ല.

ലക്ഷ്യപ്രാപ്തിയില്ലെങ്കില്‍ യുദ്ധമുഖത്തുപോലും ശത്രുനിരയിലേക്ക് തള്ളിക്കയറാന്‍ പാ ടില്ലെന്നാണ് പാഠം. അല്‍ബഖറ സൂറത്തിലെ 195-‏ാം സൂക്തത്തിലെ ‘നിങ്ങളുടെ ശരീരങ്ങളെ നിങ്ങള്‍ തന്നെ നാശത്തിലേക്ക് തളളിവിടരുത്’ എന്ന ഭാഗത്തിന്റെ വിശദീകരണത്തില്‍ ബറാഉബ്നു ആസിബ്(റ)വില്‍ നിന്നും ഇങ്ങനെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

‘നിങ്ങള്‍ ഉപകാരം പ്രതീക്ഷിക്കാതിരിക്കുകയും സ്വയം വധിക്കപ്പെടലല്ലാതെ മറ്റൊന്നും ഉണ്ടാ വാനിടയില്ലാത്തതുമായ സാഹചര്യത്തില്‍ ‘യുദ്ധ’ത്തില്‍ നിങ്ങള്‍ ശത്രുനിരയിലേക്ക് ചാടിവീഴരുത്’ (തഫ്സീര്‍ റാസി: 5/117).

വൃണിത മാനസരോട് ഐക്യപ്പെടേണ്ടതും അവരെ സഹായിക്കേണ്ടതും അവര്‍ക്ക് ദിശാബോധം നല്‍കിക്കൊണ്ടാണ്, അവരുടെ ശ്രമങ്ങളിലെ പാളിച്ചകള്‍ക്ക് ന്യായം നിരത്തിയല്ല. ഫലസ്തീനടക്കമുള്ള പ്രദേശങ്ങളിലെ വളരെയധികം ദുഃഖകരമായ സാഹചര്യം മറക്കുകയല്ല. സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം സാഹചര്യത്തിന്റെ അതിതീക്ഷ്ണതകളിലും മാന്യനായിരിക്കുകയാണഭികാമ്യം. കിട്ടേണ്ടവനെ ലഭിച്ചില്ലെങ്കില്‍ കിട്ടിയവന്റെ മേല്‍ ക്രൂരത കാട്ടാനെന്താണ് ന്യായമുള്ളത്. നമ്മുടെ അറിവില്‍ പെട്ടിടത്തോളം ചാവേര്‍ ആക്രമണങ്ങളുടെയെല്ലാം പരിണിതി ആലോചിച്ചാല്‍ തന്നെ അതിനോട് ശക്തമായ നിലപാ ടെടുക്കാന്‍ നാം നിര്‍ബന്ധിതരാവും. ഏതെങ്കിലും ട്രേഡ് സെന്ററില്‍ ഷോപ്പിംഗിനെത്തിയ സ്ത്രീകളും കുട്ടികളും വൃദ്ധരുമടങ്ങിയ നിരപരാധികള്‍ക്കിടയിലേക്ക് ചാവേര്‍ ഓടിക്കയറി സ്ഫോടനമുണ്ടാക്കുന്നു. ജുമുഅഃ നിസ്കാരത്തിനെത്തിയ ആബാലവൃദ്ധം ജനങ്ങള്‍ക്കിടയില്‍ നിന്നും മനുഷ്യന്‍ പൊട്ടിത്തെറിക്കുന്നു. ഇതൊക്കെ ന്യായീകരിക്കാന്‍ എന്തു മാനദണ്ഢമാണ് നാം പടക്കേണ്ടത്.

ചാവേറുകള്‍ക്ക് വീര പദവി വിളംബരപ്പെടുത്തുന്ന രൂപത്തില്‍ അതു സംബന്ധിയായ വാര്‍ത്തകള്‍ ചടുലമായവതരിപ്പിക്കുന്ന പ്രവണത ചില മുസ്ലിം പത്രങ്ങള്‍ക്കുമുണ്ട് എന്നത് ദുഃഖകരമാണ്.

വിനോദ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊക്കെ ചാവേര്‍ ആക്രമണം നടന്നതായി നമുക്കറിയാം. സുഖിയന്മാരും ലമ്പടന്മാരുമായവരാണ് അത്തരം കേന്ദ്രങ്ങളിലുണ്ടാവുക. അവരുടെ മാര്‍ഗഭ്രംശവും സദാചാര ശൂന്യതയും തിരുത്തപ്പെടേണ്ടതാണ്. പക്ഷേ, അവരെ വധിക്കുന്നതിനും സംവിധാനങ്ങള്‍ തകര്‍ക്കുന്നതിനും ആര്‍ക്കാണധികാരം? തിന്മയോടും അസാന്മാര്‍ഗികതയോടും വെറുപ്പ് സദാചാര ബോധപരമായ ഒരു ഗുണമാണ്. അതിന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കാവുന്ന നിലപാടുകള്‍ വ്യക്തമാക്കപ്പെട്ടതാണ്.

സാധ്യമായ പ്രചാരണ വഴികള്‍ സ്വീകരിച്ചാണിതൊക്കെ നേടേണ്ടത്. ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം പ്രത്യക്ഷ ലക്ഷ്യം നേടുക എന്നതിലല്ല അവന്റെ പ്രവര്‍ത്തന സാഫല്യം. ശ്രമത്തിന് ലഭിക്കപ്പെടുന്ന പ്രതിഫലമാണ് പ്രധാനം എന്നിരിക്കെ തിന്മയുടെ വിപാടനത്തിനുപകരിക്കാത്തതും ചില നിരപരാധികള്‍ക്കെങ്കിലും നാശം വരുത്തുന്നതുമായ വഴിയെ പോവേണ്ടതുണ്ടോ? മറിച്ച് അവിരാമം തുടരാവുന്ന ബോധവല്‍ക്കരണ പരിപാടികളില്‍ ഏര്‍പ്പെട്ട് പ്രതിഫല വര്‍ദ്ധനവിന് ശ്രമിക്കുകയല്ലേ വിശ്വാസികള്‍ ചെയ്യേണ്ടത്? സത്യവിശ്വാസം അതല്ലേ താല്‍പര്യപ്പെടുന്നത്? നിര്‍ദ്ദിഷ്ട വഴിയില്‍ നടപടിയാവാമെന്നല്ലാതെ വര്‍ത്തമാനകാല വിരോധ പ്രകടനങ്ങളിലെ നാശത്തെ ന്യായീകരിക്കാന്‍ തിന്മ വിരോധിക്കുന്നതിനുള്ള ഒരു നിര്‍ദേശവും സഹായകമാവുകയില്ല.


RELATED ARTICLE

 • തീവ്രവാദം : പരിഹാരവും നിലപാടും
 • ലക്ഷ്യം പുനര്‍നിര്‍ണയിക്കുക
 • തീവ്രവാദം പരിഹാരമല്ല
 • ഇന്ത്യന്‍ സാഹചര്യം തേടുന്നത്
 • യുദ്ധ നിയമങ്ങളില്‍ നിന്ന്
 • ശിക്ഷാ നിയമങ്ങള്‍
 • ഇസ്ലാമും യുദ്ധവും
 • ഇസ്ലാമും വാളും
 • ഇസ്ലാമിലെ ധാര്‍മിക വ്യവസ്ഥ
 • തീവ്രവാദം ഇസ്ലാമിക വീക്ഷണത്തില്
 • തീവ്രവാദം