Click to Download Ihyaussunna Application Form
 

 

തീവ്രവാദം പരിഹാരമല്ല

തീവ്രവാദികളും അതിനെ ന്യായീകരിക്കുന്നവരും ചില ലക്ഷ്യങ്ങളുന്നയിക്കാറുണ്ട്. അത് സ്വീകാര്യത നേടാന്‍ പറ്റിയ അവസ്ഥയുള്ളതുമായിരിക്കും. പക്ഷേ, തീവ്രവാദപരമായ സമീപനങ്ങള്‍ക്ക് കാരണമായിപ്പറയുന്ന സാഹചര്യത്തെ അവസാനിപ്പിക്കാന്‍ ഇതുകൊണ്ട് സാധിക്കാറില്ല എന്നതാണ് ചരിത്രപാഠം. ഒരു പ്രശ്നത്തിന്റെ പരിഹാരത്തിനായി നടത്തുന്ന നടപടികള്‍ കാരണമായി ആ പ്രശ്നത്തിന് പരിഹാരം ഉണ്ടാവുകയല്ല പതിവ്, മറിച്ച് അതൊരു പുതിയ പ്രശ്നത്തിന് കാരണമായിത്തീരുകയാണ്.

അന്തര്‍ദേശീയ‏-ദേശീയ‏-പ്രാദേശിക തലത്തില്‍ ഉയര്‍ന്നുവന്ന തീവ്രവാദ പ്രവണതകളുടെ പരിണിതിയെന്തായിരുന്നുവെന്നത് നമുക്കനുഭവ പാഠമാണ്. ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ പ്രവര്‍ത്തനങ്ങള്‍ അനുവദനീയതയുടെ വിശുദ്ധ പരിധിയില്‍ വരേണ്ടതുണ്ട്. അതോടൊപ്പം അത് ഗുണകരമായ ഫലം നല്‍കുന്നതുമാവണം. ഫലശൂന്യമായ പ്രവര്‍ത്തനം വിശ്വാസിക്കനുയോജ്യമല്ല എന്നിരിക്കെ അപായ സാധ്യതയുള്ള പ്രവര്‍ത്തനത്തിന് വിശ്വാസിയെങ്ങനെയാണ് തയ്യാറാവുക?

ഭീതിതമായ സാഹചര്യങ്ങളെക്കുറിച്ചും നിഷേധിക്കപ്പെട്ട അവകാശങ്ങളെക്കുറിച്ചും പെരുമ്പറയടിച്ച് ഒറ്റപ്പെട്ട് നടത്തുന്ന പ്രതിഷേധങ്ങള്‍ തീവ്രവാദപരമായി പരിണമിക്കുന്നതായാണ് നമുക്കിന്ന് കാണാനാവുന്നത്. ലോകത്തിന്റെ പൊതുവായ സാമൂഹ്യ ക്രമത്തില്‍ കൂട്ടായ്മയും സമവായവും നടത്തി പ്രശ്ന പരിഹാര സാധ്യത ആരായുന്നതിന് പകരം ഇത്തരത്തിലുള്ള ശ്രമങ്ങള്‍ ചിലര്‍ വേറിട്ട് നടത്തുന്നത് കൂടുതല്‍ ഒറ്റപ്പെടലിനും ഭരണകൂട ദൃഷ്ടിയില്‍ കുറ്റവാളികളായിത്തീരുന്നതിനും കാരണമാവുകയാണ്.

ഭരണവര്‍ഗം ഒരു തരത്തിലുള്ള പ്രതിഷേധവും സഹിക്കാന്‍ തയ്യാറല്ല. പ്രതിഷേധങ്ങള്‍ക്കെതിരെ തെളിവ് നിരത്തി അടിച്ചൊതുക്കാനും നശിപ്പിക്കാനുമാണ് ശ്രമിക്കുക. തീവ്രവാദത്തിന്റെ ചാലക സ്രോതസ് തന്നെ പ്രതിഷേധമാണ്. അതിന്റെ രൂപവും ഭാവവും, ക്രൂരവും മനുഷ്യത്വരഹിതവും ആവുമ്പോഴാണത് അതിക്രമങ്ങള്‍ക്ക് കാരണമാവുന്നത്. അതിനാല്‍ തന്നെ പ്രതിഷേധികള്‍ പ്രകോപിതരാവുമ്പോള്‍ അവരെയും അവരെ മറയാക്കി മറ്റു പലരെയും ക്രൂരമായ പരീക്ഷണങ്ങള്‍ക്കുപയോഗപ്പെടുത്തും. ദേശ സുരക്ഷ എന്ന മേല്‍വിലാസത്തില്‍ അതിന് ന്യായീകരണവും സ്ഥാപിച്ചെടുക്കും. അതാണ് പല പീഡന കഥകളുടെയും പശ്ചാത്തലമെന്നതാണ് യാഥാര്‍ഥ്യം.

ഒരു സമുദായത്തോടോ ഒരു രാഷ്ട്രത്തോടോ ഒരു ജനതയോടോ ഉള്ള സ്നേഹവും താല്‍പര്യവുമാണ് ഇതിന് പ്രചോദനമെങ്കില്‍, അവരുടെയും സര്‍വനാശത്തിന് തന്നെ കാരണമാവുന്ന പ്രവര്‍ത്തനങ്ങളല്ല നടത്തേണ്ടത്. അമിത ബുദ്ധിയൊന്നുമാവശ്യമില്ലാതെ മനസ്സിലാക്കാനാവുന്ന കാര്യമാണിത്. പരിസര പിന്തുണ നഷ്ടമാവുന്നതിന് കാരണമായിത്തീരുന്നവയില്‍ നിന്നും മാറിനില്‍ക്കുന്നതാണ് കരണീയമായ വഴി. പകരത്തിന് പകരമെന്ന പരുക്കന്‍ സമീപനത്തിന്റെ ഫലമായി നിഷ്പക്ഷമതികളും സുമനസ്കരുമായ ആളുകളുടെ അഭിപ്രായം പോലും എതിരായിത്തീരും.

തീവ്രവാദ പ്രസ്ഥാനങ്ങളുടെ ആത്യന്തികമായ നേട്ടവും അതു തന്നെയാണ്. എല്ലാവരാലും വെറുക്കപ്പെട്ട് അന്യം നിര്‍ത്തപ്പെടുന്നവരായി മാറുന്നവര്‍ അംഗീകാരത്തിനായി നടത്തുന്ന മലക്കം മറിച്ചില്‍ പലപ്പോഴും സ്വന്തം നിലപാടുകള്‍ക്ക് തന്നെ തിരിച്ചടിയായിത്തീരാറുണ്ട്. അതിനാല്‍ കാലാകാലങ്ങളിലെ സമൂഹം സ്വീകരിച്ചു വന്ന സമവായത്തിന്റെ സാഹചര്യം തീര്‍ക്കുകയാണ് ഫലപ്രദമായിട്ടുള്ളത്. സാഹചര്യപരമായ പരിമിതികള്‍ മനസ്സിലാക്കി ആനുപാതികമായ അവസര സമത്വത്തിന്റെ നേടിയെടുപ്പിനായി പ്രവര്‍ത്തിക്കണം. സ്വന്തം മേല്‍വിലാസവും ആദര്‍ശപരമായ അസ്തിത്വവും കളഞ്ഞു കുടിക്കാതെ തന്നെ ഇത് സാധിക്കും. വേറിട്ട് നില്‍ക്കലിന്റെ വഴി ആത്മാഭിമാനപരമായിത്തീരുന്നത് ആദര്‍ശാധിഷ്ഠിതവും മൌലികവുമാകുമ്പോഴാണ്. വെറുതെയോ വെറുക്കപ്പെട്ടതിന്റെയോ പേരില്‍ സ്വയം അകലുന്നത് കാഴ്ചക്ക് കൂട്ടമാണെങ്കിലും അഭിശപ്തമായ ഒറ്റപ്പെടലാണ്.

ഏതൊരു ജനവിഭാഗത്തിന്റെയും മോചനത്തിനും സുസ്ഥിതിക്കും വേണ്ടിയുള്ള സംരംഭങ്ങള്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നാണുണ്ടാവേണ്ടത്. സര്‍വസ്വീകാര്യവും സുതാര്യവുമായ മാര്‍ഗങ്ങളിലൂടെയാണത് നടക്കേണ്ടതും നടത്തേണ്ടതും. സമൂഹത്തിന് ആവശ്യമായതെന്തിനും നേതൃത്വം നല്‍കുകയും മുന്‍നിര പ്രവര്‍ത്തനം നടത്തുകയും ചെയ്തിട്ടുള്ള ആത്മീയ നേതൃത്വത്തിന്റെ സാന്നിധ്യം കൊണ്ടനുഗ്രഹീതരാണ് നാം. സമൂഹത്തിന്റെ സുരക്ഷിതത്വത്തിനും സാര്‍വത്രിക പുരോഗതിക്കും അനിവാര്യമായതിനെക്കുറിച്ച് അവര്‍ നന്നെ ബോധമുള്ളവരുമാണ്. പക്ഷേ, അവരാരും തന്നെ സമകാലത്തെ അപക്വതകള്‍ക്ക് ന്യായീകരണം നല്‍കാത്തതെന്താണ്.

മുസ്ലിംകളെ സംബന്ധിച്ചിടത്തോളം വ്യക്തമായ ജീവിതരീതിയും പാഠങ്ങളും നല്‍കപ്പെട്ടിട്ടുണ്ട്. ഏതൊരു ഘട്ടത്തെയും സമീപിക്കേണ്ടതിന് നിയമ നിര്‍ദേശങ്ങളുണ്ട്. ആദര്‍ശ വിശുദ്ധി നിലനിര്‍ത്തി ജീവിത വിജയം നേടാനതില്‍ മാര്‍ഗ ദര്‍ശനമുണ്ട്. സമൂഹ നേതൃത്വം പൂ ര്‍വകാലങ്ങളില്‍ അതിന്റെ അടിസ്ഥാനത്തില്‍ സമൂഹത്തെ നയിക്കുകയും ശിക്ഷണം നല്‍കുകയും ചെയ്തിട്ടുണ്ട്. ആ സുതാര്യമായ പ്രബോധന സംസ്കരണ ശൈലിയാണ് ലോകത്തെമ്പാടും മുസ്ലിംകളുടെ വ്യക്തമായ സാന്നിധ്യമുണ്ടായതിന്റെ അടിസ്ഥാനം.

ചുരുക്കത്തില്‍ സുതാര്യവും പാരമ്പര്യാധിഷ്ഠിതവും ആത്മീയ നേതൃത്വത്തിന്റെ ആശീര്‍വാദവുമുള്ള വഴിയില്‍ ജീവിത ക്രമീകരണം നടത്തുകയെന്നതാണഭികാമ്യം. മറിച്ച്, സാഹചര്യത്തിനനുസൃതമായോ നിക്ഷിപ്ത താല്‍പര്യങ്ങളില്‍ സ്വാധീനിക്കപ്പെട്ടോ നടത്തുന്ന ക്രമരഹിതമായ സമീപന രീതികള്‍ ഗുണകരമായിരിക്കില്ല. മാത്രവുമല്ല, അവ പ്രശ്നങ്ങളെ കൂടുതല്‍ രൂക്ഷമാക്കാനും സാമൂഹിക രംഗത്ത് കാലുഷ്യത്തിനും കാരണമായിത്തീരുന്നതാണ്.

തീവ്രവാദത്തിന്റെ പേരില്‍ നടന്നിട്ടുള്ള ഓപറേഷനുകളും നടപടികളും ക്രൂരതയുടെ ചരിത്രത്തില്‍ പുതിയൊരു വിളയാട്ടത്തിന്റെ അതിക്രൂരമായ ചിത്രം തീര്‍ത്തിട്ടുണ്ടാ വുമെന്നതാണനുഭവം. അതിനെ തുടര്‍ന്നു പ്രതികാര രൌദ്രമായ നടപടിക്രമങ്ങള്‍ ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുണ്ടായിട്ടുമുണ്ടാവും എന്നല്ലാതെ ഗുണപരമായ ഒരു മാറ്റത്തിനവയൊന്നും കാരണമാവാറില്ല. ആദ്യമാദ്യം നിരപരാധികളുടെ ദുരിതപൂര്‍ണതയുണ്ടാവുന്നുവെങ്കില്‍ ക്രമേണ സ്വയം നാശത്തിന്റെ സാഹചര്യവും തീര്‍ക്കപ്പെടുന്നുണ്ട്. അതിനാല്‍ തന്നെ തീവ്രവാദത്തെ ഒരു പരിഹാരമോ പ്രതിവിധിയോ ആയി മനസ്സിലാക്കുന്നത് മനോവൈകല്യത്തിന്റെ ലക്ഷണമാണ്. വിലക്ഷണമായ സാമൂഹ്യ രംഗത്ത് നിന്നും ഉപോല്‍പാദിപ്പിക്കപ്പെട്ട ഒരുതരം വ്യാധി എന്നേ അതിന് പറയാനാവൂ.

എല്ലാം സഹിച്ചും ക്ഷമിച്ചും അനുഭവിച്ചും കഴിയണമെന്ന നിലപാട് ഭീരുത്വമാണെന്നാണ് ധാരണ. യഥാര്‍ഥത്തില്‍ ഭീരുത്വം അതല്ല. ബാധ്യതകള്‍ക്ക് വില കല്‍പിക്കാതെ രംഗത്ത് നിന്ന് രാജിയാകുന്നതിനാണ് ഭീരുത്വം എന്ന് പറയേണ്ടത്. ക്ളിപ്തമായ ഒരു നാശത്തില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിന് ബുദ്ധിപരം എന്നാണ് പറയുക. ഉരുള്‍ പൊട്ടി അതിശക്തമായി ഒഴുകിവരുന്ന മലവെള്ളപ്പാച്ചിലിനെ നെഞ്ച് നിവര്‍ത്തി നേരിടാന്‍ ഒരാള്‍ ശ്രമിക്കുന്നുവെന്ന് വന്നാല്‍ അത് വിഡ്ഢിത്തമല്ല, പമ്പര വിഡ്ഢിത്തമാണ്.

മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ഇസ്ലാം ശാശ്വതമായ ജയത്തിനും രക്ഷക്കുമാണ്. അതിനാല്‍ തന്നെ ഭൌതികമായ മാനദണ്ഢങ്ങള്‍ക്കപ്പുറം ഇസ്ലാമികമായ ഒരു മാപിനിയുണ്ട്. അതുകൊണ്ടാണ് മുസ്ലിമിന്റെ ജീവിതവും മരണവും അളക്കേണ്ടത്. പരീക്ഷണങ്ങളും പീ ഡനങ്ങളും വിജയ നിമിത്തങ്ങളാണെന്ന ഇസ്ലാമികാധ്യാപനത്തെ മാനിക്കാന്‍ സാധിക്കണം. ഇത് മനസ്സിലാക്കുന്നതിന് വൈകാരികമായ അമിതാവേശം പലരെയും അനുവദിക്കുന്നില്ലെന്നതാണ് ദുഃഖകരം. അതിനാല്‍ തന്നെ പലപ്പോഴും വലിയവര്‍ പോലും വൈകാരികന്മാരാവാറുണ്ട്. അതാകട്ടെ, അപകടം ക്ഷണിച്ചു വരുത്തിയിട്ടുമുണ്ട്.

ഉറപ്പായ ഒരു നാശത്തെയോ നഷ്ടത്തെയോ പ്രതിരോധിക്കാനെന്ന പേരില്‍ പുതിയ നാശനഷ്ടങ്ങളെ സ്വീകരിക്കുന്നതിന് ഇസ്ലാമിക നിയമശാസ്ത്രം അനുസരിച്ച് കുറ്റകരമാണ്. അപ്പോള്‍ പിന്നെ അപകടപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്തവന്റെ ജീവത്യാഗവും ഉന്നതമായ പ്രതിഫല ലബ്ദധിക്ക് കാരണമായിത്തീരുന്നതാണ്. അതിനാല്‍ തന്നെ ഗുണവാന് എന്തുകൊണ്ട് രക്ഷയുണ്ടായില്ല എന്നും അക്രമി എന്തുകൊണ്ട് പരാജയപ്പെട്ടില്ല എന്നുമുള്ള ചിന്തക്ക് യാതൊരു പ്രസക്തിയുമില്ല.

മനുഷ്യ ചരിത്രത്തില്‍ സത്യനിഷേധികളുടെയും സ്വാര്‍ഥന്മാരുടെയും ദുഷ്ടന്മാരുടെയുമൊക്കെ ആക്രമണത്തിനിരയായി വധിക്കപ്പെട്ടവരുണ്ട്. വധിക്കപ്പെട്ടവര്‍ സത്യവിശ്വാസികളും സല്‍ഗുണശീലരുമായിരുന്നു എന്നതിനാല്‍ വധിക്കപ്പെടല്‍ അവര്‍ക്കൊരു ന്യൂനതയായിരുന്നില്ല. ചരിത്രം വാഴ്ത്തിയ ബീവി സുമയ്യ(റ)യും യഹ്യാ നബി(അ)യും ഹാബീലും, ഖുബൈബ്(റ) എന്നിവര്‍ ഉദാഹരണമാണ്. അതിനാല്‍ തന്നെ അനിവാര്യമായ ഒരു ജീവിത നിയോഗ ഘട്ടത്തില്‍ നടന്ന വധിക്കപ്പെടല്‍ ഉന്നതിയിലേക്ക് ഉയര്‍ത്തപ്പെടലാണ്.

പ്രത്യക്ഷമായിത്തന്നെ അത് മതപരമായ വിഷയത്തിലായിക്കൊള്ളണമെന്നില്ല. മറിച്ച് മനുഷ്യനും അവന്റെ ഭൌതിക ജീവിതവുമായി ബന്ധപ്പെട്ട ഏതൊന്നിന്റെയും സംരക്ഷണത്തിനായുള്ള പ്രതിരോധത്തിലായാലും അപ്രതീക്ഷിതമായി അപകടപ്പെട്ടായാലും ഫലം പാരത്രിക വിജയം തന്നെയാണ്.

നബി(സ്വ) തങ്ങള്‍ പറയുന്നു: ‘(അക്രമിയില്‍ നിന്നും) സമ്പത്ത് സംരക്ഷിക്കുന്നതില്‍ കൊല്ലപ്പെട്ടവന്‍ രക്തസാക്ഷിയാണ്. സ്വന്തം രക്തം സംരക്ഷിക്കുന്നതില്‍ മരണപ്പെട്ടവന്‍ രക്തസാക്ഷിയാണ്. മതത്തെ സംരക്ഷിക്കുന്നതില്‍ കൊല്ലപ്പെട്ടവന്‍ രക്തസാക്ഷിയാണ്. കുടുംബത്തെ സംരക്ഷിക്കുന്നതില്‍ കൊല്ലപ്പെട്ടവന്‍ രക്തസാക്ഷിയാണ്’ (കന്‍സുല്‍ ഉമ്മാല്‍: 11180).

ചില രോഗങ്ങള്‍, ദുരന്തങ്ങള്‍ കാരണമുള്ള മരണം, പ്രസവ സമയത്തെ മരണം, തീ വെന്ത് മരണം, മുങ്ങിമരണം തുടങ്ങിയവ സംഭവിച്ചവര്‍ക്കും രക്തസാക്ഷി പദവി നല്‍കുമെന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ട്. അഥവാ അക്രമിയെ പ്രതിരോധിക്കുന്നതിനിടയിലുള്ള മരണവും അസ്വാഭാവികമെന്ന് നാം പറയുന്ന മരണവും വിശ്വാസിക്ക് ഗുണകരമാണ്. പ്രത്യക്ഷമായ ഒരു നഷ്ടം വന്‍ വിജയത്തിന് കാരണമായിത്തീരുകയാണ്.

ചുരുക്കത്തില്‍ പ്രശ്ന പരിഹാരത്തിനായി തീവ്രവാദം നടത്തുന്നത് അപകടം ക്ഷണിച്ച് വരുത്തുന്ന കാര്യമാണ് എന്നിരിക്കെ വിശ്വാസികള്‍ അതിന് മുതിരാന്‍ പാടില്ലാത്തതാണ്. വിശ്വാസി അവന്റെ ഇഹപര വിജയത്തിന് നിമിത്തമാവുന്നതിനാണ് പരിഗണനയും പ്രാമുഖ്യവും നല്‍കേണ്ടത്. അപകടം ക്ഷണിച്ചു വരുത്തുന്നത് ബുദ്ധിയല്ല. ലോകത്തിന് ബോധ്യപ്പെട്ട ഈ സത്യം എല്ലാവരെയും സ്വാധീനിക്കണം.


RELATED ARTICLE

 • തീവ്രവാദം : പരിഹാരവും നിലപാടും
 • ലക്ഷ്യം പുനര്‍നിര്‍ണയിക്കുക
 • തീവ്രവാദം പരിഹാരമല്ല
 • ഇന്ത്യന്‍ സാഹചര്യം തേടുന്നത്
 • യുദ്ധ നിയമങ്ങളില്‍ നിന്ന്
 • ശിക്ഷാ നിയമങ്ങള്‍
 • ഇസ്ലാമും യുദ്ധവും
 • ഇസ്ലാമും വാളും
 • ഇസ്ലാമിലെ ധാര്‍മിക വ്യവസ്ഥ
 • തീവ്രവാദം ഇസ്ലാമിക വീക്ഷണത്തില്
 • തീവ്രവാദം