Click to Download Ihyaussunna Application Form
 

 

ഇസ്ലാമും വാളും

ഇസ്ലാം പ്രചരിച്ചതു വാളുകൊണ്ടാണെന്ന് ഒരു പ്രചാരണം ഓറിയന്റലിസ്റ്റുകളില്‍ ചിലര്‍ ഉന്നയിച്ചിട്ടുണ്ട്. പില്‍ക്കാലത്ത് ഇസ്ലാം വിരുദ്ധതയുടെ മത്ത് പിടിച്ചവര്‍ അതേറ്റു പിടിക്കുകയും ചെയ്തിട്ടുണ്ട്. യഥാര്‍ഥത്തില്‍ ചരിത്ര സത്യങ്ങളോട് ക്രൂരമായ സമീപനമാണിത്. വസ്തുത അറിയാന്‍ ശ്രമിക്കാതെയോ മനഃപൂര്‍വം വിസ്മരിച്ചോ ഉള്ള ഈ പ്രചാരണത്തിന് പുതിയ സമൂഹത്തില്‍ നിലനില്‍പ്പില്ലാതായിട്ടുണ്ട്. എന്നാലും പഴയ പല്ലവിയില്‍ മനഃസുഖം കാണുന്നവര്‍ ഇത് ഇടക്കിടെ ആവര്‍ത്തിക്കാറുണ്ട്.

ലോകത്ത് 20 ശതമാനത്തോളം വരുന്ന മുസ്ലിം ജനസംഖ്യയുടെ പിന്നില്‍ വാളാണുണ്ടാ യിരുന്നത് എന്ന പ്രചാരണം ഏറെ മൌഢ്യമാണ്. മക്കയില്‍ ഇസ്ലാമിന്റെ പ്രാഥമിക കാലഘട്ടവും മദീനയില്‍ അതിന്റെ രണ്ടാം ഘട്ടവും ഖലീഫമാരുടെ മൂന്നാം ഘട്ടവും ചരിത്രം നമുക്ക് വിവരിച്ചു തരുന്നുണ്ട് .സകലമാന സന്നാഹങ്ങളും സൌകര്യങ്ങളും ഒത്തിണങ്ങിയ പ്രതിയോഗികളും ശത്രുക്കളും സജീവവും അക്രമാസക്തവുമായിരുന്ന ഒരു ചുറ്റുപാടില്‍, ആളും സഹകരണവുമില്ലാത്തവര്‍ സായുധ സമരം നടത്തി ഇസ്ലാം വളര്‍ത്തി എന്നു പറയുന്നത് എത്രമാത്രം വിഡ്ഢിത്തമാണ്. ചെറിയ ന്യൂനപക്ഷം ഭൂരിപക്ഷത്തിനെതിരെ വാളെടുത്താല്‍ നിഷ്കാസിതരാവുന്നത് ആരായിരിക്കും എന്ന് മനസ്സിലാക്കാന്‍ അമിത ബുദ്ധിയൊന്നും ആവശ്യമില്ല.

വ്യക്തമായ ഒരാദര്‍ശ സൌകുമാര്യതയുടെ പ്രകാശനത്തിന് സാധിക്കാത്തവര്‍ സ്വന്തം അനുയായികളില്‍ കൃത്രിമമായ ഏകോപനമുണ്ടാക്കുന്നതിനായി ഒരു ശത്രുവിനെ കല്‍പ്പിക്കുകയാണ്. ‘മുഹമ്മദ് നബി(സ്വ)യും അനുയായികളും വാളുമായി അക്രമം നടത്തി സ്ഥാപിച്ചതും പ്രചരിപ്പിച്ചതുമാണിസ്ലാം മതം, അതുപ്രകാരം വാളും വീറുമായി മുസ്ലിംകള്‍ ഇന്നും നിലനില്‍ക്കുകയാണ്, ആയതിനാല്‍ അവരെയും അവരുടെ മതത്തെയും നാമകറ്റണം’ എന്നാണിതിലൂടെ പലരും അനുയായികളെ ബോധിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇസ്ലാമിക ചരിത്രത്തില്‍ കാണാവുന്ന ചില സംഭവങ്ങളെ അതനിവാര്യമാക്കിയ പശ്ചാത്തലങ്ങളില്‍ നിന്നും വേര്‍പെടുത്തി ഒരാക്രമണ പരിപാടി എന്ന നിലക്കവതരിപ്പിക്കുകയാണിക്കൂട്ടര്‍. വാളുകൊണ്ട് സ്ഥാപിക്കുന്ന അച്ചടക്കത്തിന് അല്‍പായുസ്സ് മാത്രമാണുണ്ടാവുക എന്നറിയാത്തവരൊന്നുമായി രുന്നില്ല ഇസ്ലാമിക പ്രബോധകര്‍.

ഇന്ത്യയില്‍ ആദ്യമായി ഇസ്ലാം കടന്നുവന്ന കേരളത്തില്‍ പരിമിതരായ ആളുകളാണ് പ്രബോധനത്തിന് നേതൃത്വം നല്‍കിയത്. കഴിഞ്ഞ 14 നൂറ്റാണ്ടിനിടക്ക് ഇന്ന് നമുക്കറിയാവുന്ന വലിയ സംഖ്യയായി അത് ഉയര്‍ന്നതിന് പിന്നില്‍ വാളും സമരവുമായിരുന്നു എന്നത് കേരളത്തിന്റെ സാംസ്കാരിക ചരിത്രമറിയുന്ന ആര്‍ക്കും അംഗീകരിക്കാന്‍ സാധിക്കുകയില്ല. തദ്ദേശീയരായ ജനതയുടെ സ്നേഹവായ്പുകള്‍ നേടിയെടുക്കാനും മാതൃകാ യോഗ്യവും സദാചാരപരവുമായ ജീവിതം കാഴ്ചവെക്കാനും സാധിച്ചുവെന്നതാണവരുടെ വിജയം. കേരളത്തിന്റെ ഇരുളടഞ്ഞ സാമൂഹ്യ സംവിധാനത്തില്‍ സ്നേഹത്തിന്റെയും പാരസ്പര്യത്തിന്റെയും പ്രകാശം പരത്താനാ യതാണ് അവരുടെ വിജയത്തിനു നിമിത്തമായിത്തീര്‍ന്നത്.

1921ലെ മലബാര്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ കേട്ടറിഞ്ഞ വിവരങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി മുസ്ലിംകളെ ആക്ഷേപിച്ചുകൊണ്ട് കുമാരനാശാന്‍ എഴുതിയ ഖണ്ഢ കാവ്യമാണ് ദുരവസ്ഥ. അതിലദ്ദേഹം കേരളത്തിലെ ഇസ്ലാം മത വിശ്വാസികളുടെ വര്‍ദ്ധനവിന്റെ കാരണം വിവരിക്കുന്നുണ്ട്. അതിന്റെ ആശയമിതാണ്. ‘ജാതീയമായ ഉച്ചനീചത്വങ്ങളുടെ പേരില്‍ പീ ഡിതാവസ്ഥയിലായിരുന്ന ജനത ഇസ്ലാമിന്റെ സാഹോദര്യ സൌകുമാര്യത ദര്‍ശിച്ചപ്പോള്‍ അതില്‍ ആകൃഷ്ടരാവുകയായിരുന്നു. ഹിമാലയം കയറിയോ കടല്‍ കടന്നോ വന്നവരായിരുന്നില്ല ഇവിടുത്തെ മുസ്ലിംകള്‍’ (ആശയം: ദുരവസ്ഥ).

ഇസ്ലാമിലെ സാഹോദര്യത്തിന്റെയും മാനവീയതയുടെയും സൌന്ദര്യമാണ് കേരളത്തിലെ മുസ്ലിം വംശ വര്‍ദ്ധനവിന് നിമിത്തമായതെന്ന് കുമാരനാശാന്‍ തന്റെ മുസ്ലിം വെറിയുടെ പ്രകടനത്തിനിടയില്‍ പറഞ്ഞുപോവുകയാണുണ്ടായത്. ചരിത്രം പഠിക്കാന്‍ ശ്രമിച്ചവരും ഇസ്ലാം വെറിയുണ്ടെങ്കിലും യാഥാര്‍ഥ്യ ബോധത്തോടെ ഇസ്ലാമിനെ വിലയിരുത്തിയവരും ഇസ്ലാമിന്റെ വളര്‍ച്ചയുടെ രഹസ്യം വാളായിരുന്നു എന്ന വാദഗതിയെ തള്ളിപ്പറയാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്. ഇസ്ലാമിന്റെ പ്രചാരണത്തിന്റെ യഥാര്‍ഥ കാരണം അതിന്റെ മാനവീയതയും സാഹോദര്യ വുമാണ് എന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇസ്ലാമിന്റെ പ്രചാരണ ചരിത്രം വിവരിക്കുന്ന ഒരു ബൃഹത്തായ ഗ്രന്ഥം സര്‍ തോമസ് ആര്‍ണോള്‍ഡ് രചിച്ചിട്ടുണ്ട്. അതില്‍ ഇസ്ലാമിന്റെ പ്രചാരണത്തിന് സഹായകമായ സാംസ്കാരിക സാമൂഹ്യ സാഹചര്യം അദ്ദേഹം വിവരിക്കുന്നുണ്ട്. ‘ഇസ്ലാം പ്രബോധനവും പ്രചാരണവും’ എന്ന തന്റെ പുസ്തകത്തില്‍ വാളായിരുന്നു ഇസ്ലാമിക പ്രബോധനത്തില്‍ മുഖ്യം എന്ന വാദത്തെ അദ്ദേഹം ഖണ്ഢിച്ചിരിക്കുന്നു.

മഹാത്മാഗാന്ധി എഴുതുന്നു: ‘ജന ലക്ഷങ്ങളുടെ ഹൃദയാന്തരങ്ങളില്‍ നിര്‍വിവാദം ആധിപത്യം പു ലര്‍ത്തിയ വ്യക്തിയെക്കുറിച്ച് കൂടുതലറിയാന്‍ ശ്രമിച്ചു. അക്കാലത്തെ ഉന്നത ജീവിത വിജയത്തിന്റെ പിന്നില്‍ വാളായിരുന്നില്ല എന്ന് എനിക്ക് മുമ്പത്തേക്കാളും ബോധ്യം വന്നിരിക്കുന്നു. പ്രവാചകന്റെ ലാളിത്യവും പരമമായ വിശ്വാസവുമായിരുന്നു, വാളായിരുന്നില്ല എല്ലാറ്റിനെയും അവരുടെ മുമ്പിലെത്തിച്ചതും മുഴുവന്‍ തടസ്സങ്ങളെയും അതിജീവിക്കാന്‍ സഹായിച്ചതും’ (യംഗ് ഇന്ത്യ, 1924 സെപ്തംബര്‍ 16).

മതപ്രചാരണത്തിനും പ്രബോധനത്തിനും സ്വീകരിക്കേണ്ട ശൈലിയും മാര്‍ഗവും ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. അത് നേരത്തെ സൂചിപ്പിച്ചതാണ്.(ഇസ്ലാമിലെ ധാര്‍മിക വ്യവസ്ഥ എന്ന ലേഖനം കാണുക) ഇസ്ലാമിനെയും മുസ്ലിംകളെയും തെറ്റിദ്ധരിപ്പിക്കാനുള്ള കുത്സിതമായ ശ്രമങ്ങളുടെ ഭാഗമാണ് അത്തരം കുപ്രചാരണങ്ങള്‍. എന്നാല്‍ അനിവാര്യമായ ഘട്ടത്തില്‍ സായുധ സമരം നടന്നിട്ടുണ്ട്. അതിന് അതിന്റേതായ പശ്ചാത്തലങ്ങളുമുണ്ടായിരുന്നു.

ഇസ്ലാമിക നിയമങ്ങള്‍ക്കതീതമായി അതിന്റെ പേരിലോ സമുദായത്തിന്റെ പേരിലോ ആരെങ്കിലും ആയുധമെടുത്തിട്ടുണ്ടെങ്കില്‍ അതിനവര്‍ മാത്രമാണുത്തരവാദികള്‍. അങ്ങനെ ചെയ്യുന്നവര്‍ പല ദുഷ്ടലാക്കോടെയും പ്രവര്‍ത്തിച്ചിട്ടുണ്ടാവാം. അത്പക്ഷേ, ഏതെങ്കിലും ഒരു മത വിഭാഗത്തിന്റെ പ്രത്യേകതയാവണമെന്നില്ല. മതത്തിന്റെ പ്രാമാണിക പിന്‍ബലമോ സമൂഹത്തിലെ ആദരണീയമായ മതനേതൃത്വത്തിന്റെ പിന്തുണയോ അംഗീകാരമോ ഉള്ള ഒരാക്രമണവും ഇപ്പോഴും നടക്കുന്നില്ല. ആരെങ്കിലും ചെയ്യുന്ന തെറ്റിന്റെ പേരില്‍ ഇസ്ലാം മതവും ഖുര്‍ആനും മുസ്ലിംകളും തെറ്റിദ്ധരിക്കപ്പെടുന്നുവെങ്കില്‍ അത്തരക്കാര്‍ അതില്‍ നിന്നു വിട്ടുനില്‍ക്കുകയാണ് വേണ്ടത്. വര്‍ത്തമാന കാലത്ത് നമ്മുടെ വിശുദ്ധ മതത്തെ സഹായിക്കാന്‍ സാധിക്കുന്ന പ്രധാനമായൊരു വഴിയാണത്.

വാളെടുക്കുന്നത് നശീകരണത്തിനാണല്ലോ. ജീവികളുടെയോ ചെടികളുടെയോ നശീകരണത്തിനല്ല മനുഷ്യന്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. ജീവിതത്തിന്റെ വ്യത്യസ്തമായ ഘട്ടങ്ങളില്‍ ആവശ്യം വരുന്ന ഒരുപകരണം എന്ന നിലയിലല്ലാതെ വാളും കത്തിയും ഇസ്ലാമുമായി ബന്ധപ്പെടുത്തി അസ്ഥാനത്തുള്ള പ്രയോഗങ്ങള്‍ കടുത്ത അപരാധമാണ്.

വാളുകൊണ്ടുള്ള പ്രകോപനമില്ല എന്ന് മാത്രമല്ല, സൌജന്യങ്ങള്‍ കൊണ്ടുള്ള പ്രലോഭനവുമില്ല. എന്തും കലവറയില്ലാതെ നല്‍കാന്‍ സാധിക്കുന്ന പ്രപഞ്ച നാഥനില്‍ നിന്നുള്ള പ്രതിഫലവും അവന്റെ സഹായവുമല്ലാതെ ഒരു തരത്തിലുള്ള പ്രലോഭനവും ഇസ്ലാം പ്രചാരണ മാര്‍ഗമാക്കിയിട്ടില്ല. സാമ്പത്തിക സഹായങ്ങളും ഭൌതിക സൌകര്യങ്ങളും നല്‍കി പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന മതമേധാവികളും നമ്മുടെ നാട്ടില്‍ വളരെ മുമ്പു തന്നെ മതപ്രബോധനം നടത്തിവരുന്നുണ്ട്. എന്നിട്ടും അതിനെക്കാള്‍ വ്യാപകമായ സ്വാധീനം ഇസ്ലാം നേടിയിട്ടുണ്ട് എന്നതാണ് അനുഭവം.

ഇന്ത്യയിലെ ഇസ്ലാമിക വളര്‍ച്ചക്ക് പിന്നില്‍ വാളാണെന്ന വാദത്തെ നിശിതമായി വിമര്‍ശിച്ചു കൊണ്ടുള്ള സ്വാമി വിവേകാനന്ദന്റെ പ്രസ്താവം ശ്രദ്ധേയമാണ്.’മുഹമ്മദീയര്‍ ഭാരതീയരെ കീഴടക്കിയത് അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും പാവങ്ങള്‍ക്കും ഒരു മോചനമായിട്ടാണനുഭവപ്പെട്ടത്. അങ്ങനെയാണ് നമ്മുടെ ആളുകളില്‍ അഞ്ചിലൊന്ന് മുഹമ്മദീയരായത്. അതെല്ലാം വാളും തീയും കൊണ്ട് നേടിയതാണെന്ന് കരുതുന്നത് ഭ്രാന്തിന്റെ പാരമ്യമാണ്’ (വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം: ഭാഗം: 3, 186‏-187).

പ്രകോപനത്തിന്റെ വഴിയിലൂടെ മനസ്സിനെ സ്വാധീനിക്കാനും ആദര്‍ശ പ്രതിബദ്ധതയുള്ളവരാ ക്കാനും സാധിക്കുകയില്ല. അതുപൊലെ തന്നെ പ്രലോഭനത്തിന്റെ വഴിയിലൂടെ മനസ് കീഴടക്കിയാല്‍ ഉപാധികളുടെ ലഭ്യതക്കനുസരിച്ച് മാത്രമേ സ്നേഹവും പ്രതിബദ്ധതയും കാണാനാവുകയുള്ളൂ. ഇസ്ലാം മനുഷ്യരില്‍ ചെലുത്തുന്ന സ്വാധീനം സര്‍വതോന്മുഖമാണ്. ഒരു സമ്പൂര്‍ണ വ്യവസ്ഥയായതിനാല്‍ അതിനോട് ആത്മാര്‍ഥമായ പ്രതിബദ്ധത പുലര്‍ത്തുന്ന അനുയായികളെയാണത് സൃഷ്ടിക്കുന്നത്. അതിനു പ്രപഞ്ച നാഥനില്‍ പ്രതീക്ഷയും അവന്റെ മാര്‍ഗത്തിലുള്ള അര്‍പ്പണവും ഉപാധിയാക്കി അഭൌതികമായ സ്വാധീനമാണിസ്ലാം ലക്ഷ്യമാക്കുന്നത്. അവിടെ നാട്യത്തിനും നിരാസത്തിനും പ്രസക്തിയില്ല.

തെറ്റിദ്ധാരണ ആവശ്യമില്ല

വിശുദ്ധ ഖുര്‍ആനിലെയും നബിവചനങ്ങളിലെയും ചില പരാമര്‍ശങ്ങള്‍ തെറ്റായി പ്രചരിപ്പിച്ച പല കേന്ദ്രങ്ങളുടെയും ലക്ഷ്യം ഇസ്ലാം മുസ്ലിം വിരുദ്ധതയായിരുന്നു. ഓറിയന്റലിസ്റ്റുകളും അവരുടെ ചുവരുപിടിച്ച് നീങ്ങിയവരുമാണതിന്റെ പിന്നില്‍. യഥാര്‍ഥത്തില്‍ അത്തരം വചനങ്ങള്‍ ബാഹ്യമായിത്തന്നെ വ്യക്തമായ ആശയ പ്രകാശനം നടത്തുന്നുണ്ട്. കേവലമായ ബന്ധ വിഛേദനത്തിനുള്ള ആഹ്വാനമോ അസഹിഷ്ണുത വളര്‍ത്തലോ അല്ല അവയുടെ ലക്ഷ്യം. സത്യവിശ്വാസികളുടെ വിശ്വാസ സംരക്ഷണത്തിനും ഇസ്ലാമിക സമൂഹത്തിന്റെ വ്യക്തിത്വം നിലനില്‍ക്കുന്നതിനുമായിട്ടാണ് ആ നിര്‍ദേശങ്ങളുണ്ടായത്. ഏതാനും വചനങ്ങള്‍ ഉദാഹരണത്തിന് ശ്രദ്ധിക്കുക:

‘സത്യവിശ്വാസികളെ കൂടാതെ അവിശ്വാസികളായ ആളുകളെ സത്യവിശ്വാസികള്‍ ഉറ്റമിത്രങ്ങളാക്കരുത്. അങ്ങനെ ചെയ്യുന്ന പക്ഷം അത് അല്ലാഹുവിന്റെ സഹായത്തിന് പുറത്താണ്; നിങ്ങള്‍ സുരക്ഷ തേടുകയല്ലെങ്കില്‍ (ആണിത്). അല്ലാഹു നിങ്ങള്‍ക്ക് അവന്റെ ശിക്ഷയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നു. അല്ലാഹുവിലേക്കാണ് (നിങ്ങളുടെ) മടക്കം’ (ആശയം: ആലുഇംറാന്‍: 28).

സത്യവിശ്വാസികളോട് സൌഹൃദം നടിച്ച് അവരുടെ മതപരമായ വിഷയങ്ങളില്‍ ഇടപെട്ടു അവരെ കുഴപ്പത്തിലാക്കാനുള്ള മദീനയിലെ ജൂതന്മാരുടെ ശ്രമത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനായി ആവശ്യപ്പെട്ട് അവതരിച്ച സൂക്തമാണിത്. ഇങ്ങനെ മതപരമായി നാശനഷ്ടങ്ങളുണ്ടാകുന്ന കൂട്ടുകെട്ടുകള്‍ ശ്രദ്ധിക്കുക എന്നത് വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമാണ്. അത് ആദര്‍ശ പ്രതിബദ്ധതയുള്ളവരുടെ സമീപനമാണ്. ഇസ്ലാം വിശ്വാസികളോടാവശ്യപ്പെടുന്നത് സുദൃഢവും വ്യക്തവുമായ വിശ്വാസവും കര്‍മവുമാണ്. മറിച്ച് അവിശ്വാസികളായ ആളുകളെ തൊട്ടുകൂടാ തീണ്ടിക്കൂടാ എന്നതിനര്‍ഥമില്ല.

ഇത്തരത്തിലുള്ള സൂക്തങ്ങളുടെയെല്ലാം വിശദീകരണങ്ങളില്‍ അവയുടെ സാഹചര്യപരമായ അനിവാര്യത വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. മാനുഷികമായ സഹവര്‍ത്തിത്തത്തിനോ ഇടപെടലിനോ സത്യവിശ്വാസിയെ വിലക്കുകയല്ല അവയൊന്നും. വിശ്വാസത്തിന്റെ ചൈതന്യവും സൌന്ദര്യവും നഷ്ടപ്പെടുത്താതിരിക്കാനുള്ള ആഹ്വാനമാണാ സൂക്തങ്ങള്‍ നടത്തുന്നത്. സാഹചര്യത്തിന്റെ കടുത്ത പ്രതികൂലാവസ്ഥയില്‍ പോലും മതപരമായ മേല്‍വിലാസവും വ്യക്തിത്വവും നഷ്ടപ്പെടുത്തുന്ന ചങ്ങാത്തം ഭൂഷണമല്ല.

‘വിശ്വാസികളെ നിങ്ങള്‍ നിങ്ങളെ കൂടാതെ (കപട വിശ്വാസികളെ) ഉള്ളുകള്ളികള്‍ അറിയാനിടവരുന്ന കൂട്ടുകാരാക്കരുത്. നിങ്ങള്‍ക്ക് നാശമുണ്ടാക്കാന്‍ സാധിക്കുന്ന ഒരവസരവും അവര്‍ പാഴാക്കുകയില്ല. നിങ്ങള്‍ അനുഭവിക്കുന്ന വിഷമതകള്‍ അവര്‍ക്ക് പ്രിയങ്കരമാണ്. അവരുടെ നാവുകളിലൂടെ അവരുടെ ശത്രുത പ്രകടമായിട്ടുണ്ട്. അവരുടെ ഹൃദയാന്തരങ്ങളിലെ ഈര്‍ഷ്യത വളരെ ഗുരുതരമാണ്. നിങ്ങള്‍ക്ക് നാം ദൃഷ്ടാന്തങ്ങള്‍ വ്യക്തമാക്കി തന്നിട്ടുണ്ട്. നിങ്ങള്‍ ചിന്തിക്കുന്നവരെങ്കില്‍. എന്തെ നിങ്ങള്‍ അവരെ സ്നേഹിക്കുകയാണോ? അവര്‍ നിങ്ങളെ ഒട്ടും സ്നേഹിക്കുന്നില്ല, നിങ്ങള്‍ ഖുര്‍ആനില്‍ മുഴുവന്‍ വിശ്വസിക്കുന്നവരല്ലേ? (അവരോ) നിങ്ങളെ കണ്ടുമുട്ടിയാല്‍ അവര്‍ പറയും, ഞങ്ങള്‍ വിശ്വസിച്ചിട്ടുണ്ട്. അവരെപ്പോലെയുള്ളവരോടൊപ്പം ചേര്‍ന്നാല്‍ നിങ്ങളോടുള്ള ഈര്‍ഷ്യത കാരണം അവരുടെ വിരലുകള്‍ അവര്‍ കടിക്കുന്നതാണ്. (എന്നാല്‍) നിങ്ങള്‍ അവരോട് പറയുക. നിങ്ങളുടെ ദേഷ്യവുമായി നിങ്ങള്‍ മരണപ്പെട്ടോളൂ. നിശ്ചയം അല്ലാഹു ഹൃദയത്തിലുള്ളതെല്ലാം അറിയുന്നവനാണ്. നിങ്ങള്‍ക്ക് വല്ല ഗുണവും ലഭിച്ചാല്‍ അതവരെ ദുഃഖിപ്പിക്കും. നിങ്ങള്‍ക്ക് വല്ല ദുരിതവും എത്തിയാല്‍ അവരതില്‍ അതീവ സന്തുഷ്ടിയുള്ളവരാകും. (അതിനാല്‍) നിങ്ങള്‍ ക്ഷമ കൈക്കൊള്ളുകയും ഭക്തിയുള്ളവരാവുകയും ചെയ്താല്‍ അവരുടെ യാതൊരു വിധ കുതന്ത്രങ്ങളും നിങ്ങള്‍ക്ക് ദോഷമായി ഭവിക്കുകയില്ല. നിശ്ചയം അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്ന തെന്തും സസൂക്ഷ്മം അറിയുന്നവനാണ്’ (ആശയം: ആലുഇംറാന്‍: 118‏-120).

സത്യവിശ്വാസികളോട് കഠിനമായ വെറുപ്പും ശത്രുതയും അവര്‍ക്കെതിരെ അവസരം പാര്‍ ത്തിരിക്കുകയും ചെയ്തവരായ കപട വിശ്വാസികളുടെ നിലപാടുകള്‍ ഈ സൂക്തങ്ങളില്‍ നിന്ന് വ്യക്തമാണ്. അത്തരക്കാരായ ആളുകള്‍ക്ക് സത്യവിശ്വാസികളുടെ രഹസ്യങ്ങളും സ്വകാര്യതകളും അറിയാനിട നല്‍കരുതെന്ന ഒരു കരുതല്‍ നടപടിയാണിത്. തുടര്‍ന്നുള്ള സൂക്തത്തില്‍ കപട വിശ്വാസികള്‍ അവരിലെ നേതാവായ അബ്ദുല്ലാഹിബ്നു ഉബയ്യിന്റെ നേതൃത്വത്തില്‍ ഉഹ്ദ് യുദ്ധ സമയത്ത് ചെയ്ത വഞ്ചനാപരമായ നിലപാട് സൂചിപ്പിക്കുന്നുണ്ട്. മദീനയെ അക്രമിക്കാനായി വന്ന മൂവായിരത്തോളം വരുന്ന സേനക്കെതിരെ പ്രതിരോധത്തിനിറങ്ങിയ മുസ്ലിം സൈനികരില്‍ അബ്ദുല്ലാഹിബ്നു ഉബയ്യിന്റെ നടപടി ആശയക്കുഴപ്പം സൃഷ്ടിച്ചേക്കുമോ എന്ന അവസ്ഥ വരെയുണ്ടായി. പക്ഷേ, അവനും അവന്റെ അനുയായികളുമല്ലാത്തവര്‍ ധീരമായി മുന്നേറുകയായിരുന്നു. ചുരുക്കത്തില്‍ ചതിയുടെയും പകയുടെയും പര്യായമായിത്തീര്‍ന്നവരെ മാറ്റിനിര്‍ത്തുക എന്ന സാമാന്യ നിലപാട് മാത്രമാണീ സൂക്തങ്ങളിലൂടെ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്.

സത്യവിശ്വാസികളെ സ്നേഹം നടിച്ചും സൌഹൃദ വലയത്തിലാക്കിയും ആകര്‍ഷിച്ച് അനുസരണ ശീലത്തിലേക്കെത്തിച്ച് സത്യവിശ്വാസത്തില്‍ നിന്നകറ്റാനുള്ള ശ്രമവും അവിശ്വാസികളില്‍ ചിലര്‍ നടത്തിയിരുന്നു. അതിനാല്‍ അത്തരം സാഹചര്യത്തെക്കുറിച്ച് ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

‘വിശ്വാസികളെ, നിങ്ങള്‍ അവിശ്വാസികളായ ആളുകളെ അനുസരിക്കുന്നുവെങ്കില്‍ അവര്‍ നിങ്ങളെ (അതിലൂടെ) ഇസ്ലാം മതത്തില്‍ നിന്നും പിറകോട്ട് മടക്കും (മത ഭൃഷ്ടരാക്കിത്തീര്‍ക്കും). അങ്ങനെ നിങ്ങള്‍ പരാജിതരായിത്തീരുന്നതാണ്’ (ആശയം: ആലുഇംറാന്‍: 149).

മതപരമായി നാശത്തിലേക്ക് നയിക്കുന്ന രൂപത്തിലുള്ള ചങ്ങാത്തം ഉപേക്ഷിക്കണമെന്നത് അച്ചടക്കമുള്ള ഒരു സമൂഹത്തിന്റെ ശീലമായിരിക്കണമെന്ന നിര്‍ദേശം പുരോഗമനപരമാണ്. കാരണം ഒരു മതസമൂഹം എന്നല്ല, മതേതര കൂട്ടായ്മകളും അവരുടെ സ്വകാര്യതകളും താല്‍പര്യങ്ങളും അപകടപ്പെടുകയോ അപഹരിക്കപ്പെടുകയോ ചെയ്യുന്നതിനെതിരെ ജാഗ്രവത്തായിരിക്കും. അത് മാത്രമേ ഇവിടെയും കാണുന്നുള്ളൂ.

സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം അവരുടെ ഹൃദയം നിര്‍മലമായിത്തീര്‍ന്നതിനാല്‍ ആരെക്കുറിച്ചും അവര്‍ക്ക് മോശമായ ധാരണയുണ്ടായിരുന്നില്ല. എല്ലാവരും തങ്ങളെപ്പോലെ ഗുണകാംക്ഷികളും സദുദ്ദേശ്യമുള്ളവരും ആയിരിക്കുമെന്നതായിരുന്നു അവരുടെ ധാരണ. അതിനാല്‍ വിശ്വാസികളായിത്തീരുന്നതിന് മുമ്പ് അവരുമായുണ്ടായിരുന്ന സമ്പര്‍ക്കത്തില്‍ സ്വീകരിച്ചിരുന്ന നിലപാട് തുടരുകയായിരുന്നു. എന്നാല്‍ അവിശ്വാസികളായ അക്കാലത്തെ ജനതയുടെ ഈര്‍ഷ്യതയും വെറുപ്പുമെല്ലാം അതികഠിനമായിരുന്നു. അവരുമായി രഹസ്യങ്ങള്‍ പങ്കിടുന്നതും ഭാവിയെക്കുറിച്ച് ചര്‍ച്ച നടത്തുന്നതും അപകടമാണ് വരുത്തുക എന്നതിനാല്‍ അത് നിരോധിക്കുകയാണുണ്ടായത്.

അവരുമായി ഭൌതിക വിഷയങ്ങളില്‍ ആവശ്യമായ ഇടപഴകലിന് വിരോധമുണ്ടായിരുന്നില്ല. നബി (സ്വ) തങ്ങള്‍ വഫാത്താവുന്ന സമയത്ത് അവിടുത്തെ പടയങ്കി ഒരു ജൂതവ്യാപാരിയുടെ വശം പണയത്തിലായിരുന്നുവെന്നത് ഇതോട് ചേര്‍ത്ത് വായിക്കുക.

സാധാരണ കൂട്ടുകാര്‍ എന്ന അര്‍ഥമല്ല ആയത്തില്‍ പറഞ്ഞിട്ടുള്ള ‘ബിത്വാന’ത്തിനുള്ളത്. ആ പദം സൂചിപ്പിക്കുന്നത് തന്നെ അതീവ രഹസ്യങ്ങള്‍ വരെ വ്യക്തമാക്കപ്പെടുന്ന വിധത്തിലുള്ള സ്വകാര്യങ്ങളില്‍ പ്രത്യേകമായി ഇടപെടുന്നതിന് സ്വാതന്ത്യ്രം ലഭിക്കുന്ന കൂട്ടുകാരന്‍ എന്നാണ്.

പുറമെ ശത്രുത പ്രകടിപ്പിക്കാതിരിക്കുകയും മുസ്ലിംകള്‍ക്കെതിരെ യുദ്ധത്തില്‍ അണിനിരക്കുകയൊന്നും ചെയ്യാതെ അകത്ത് കുടിപ്പകയുമായി കഴിയുന്നവരായ ജനതയെ എങ്ങനെയാണ് വിശ്വസിക്കുകയും അവരുടെ മാര്‍ഗദര്‍ശനം സ്വീകരിക്കുകയും ചെയ്യുക? ബാഹ്യമായ ആകര്‍ഷക സമീപനം നിമിത്തം യുദ്ധത്തില്‍ അത്തരക്കാരെ കൂടെ കൂട്ടുന്നതിനെക്കുറിച്ച് വരെ സത്യവിശ്വാസികള്‍ നബി(സ്വ)യോട് സംസാരിച്ചത് കാണാം. അത്തരക്കാരുമായുള്ള ബന്ധം ദോഷകരമായാണ് ബാധിക്കുക എന്നതുറപ്പാണല്ലോ.

‘അല്ലാഹുവിലും അന്ത്യനാളിലും സത്യമായി വിശ്വസിച്ച ജനതയെ അല്ലാഹുവിനോടും അവന്റെ ദൂതനോടും ശത്രുത പ്രകടിപ്പിക്കുന്നവരെ സ്നേഹിക്കുന്നവരായി കാണാന്‍ അങ്ങേക്ക് സാധ്യമല്ല. അവര്‍ സ്വന്തം മാതാപിതാക്കളോ സന്താനങ്ങളോ സഹോദരങ്ങളോ കുടുംബങ്ങളോ ആയിരുന്നാലും’ (ആശയം: അല്‍ മുജാദല: 22).

സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം അവരുടെ സ്നേഹഭാജനങ്ങളാണ് അല്ലാഹുവും അവന്റെ ദൂതരും. അത് അവരുടെ സത്യവിശ്വാസത്തിന്റെ തേട്ടമാണ് താനും. അതിനാല്‍ തന്നെ അവരോടുള്ള ശത്രുത ആരുടെ ഭാഗത്ത് നിന്നായാലും വിശ്വാസിക്കത് അസഹ്യമായിരിക്കും. സ്വന്തം നേതാവിനെയും പ്രേമഭാജനത്തെയും അപകടപ്പെടുത്താനും അവമതിക്കാനും ശ്രമം നടത്തുന്നവരോട് സ്നേഹബന്ധം നിലനിര്‍ത്താന്‍ സാധിക്കുകയില്ലെന്നത് മനുഷ്യപ്രകൃതത്തിന്റെ സ്വാഭാവികതയാണ്. വിശ്വാസവും ആദരവും സ്നേഹവും എത്രമാത്രമായിരിക്കുമോ അതിനനുസൃതമായിരിക്കും സമീപനത്തിന്റെ കഠിന ലാഘവത്വങ്ങള്‍.

അല്ലാഹുവിന്റെയും തിരുദൂതരുടെയും പവിത്രതയും മഹത്വവും അവമതിക്കുന്ന നിലപാ ടെടുക്കുന്നവരോടൊക്കെ ഈ നിലപാടെടുക്കാനേ വിശ്വാസിക്ക് സാധിക്കൂ. എന്നാല്‍ ശത്രുത പു ലര്‍ത്തുകയോ അവസരങ്ങളന്വേഷിച്ച് അസഹിഷ്ണുത കാണിക്കുകയോ ചെയ്യാത്ത സുമനസ്കരായ ആളുകളോടുള്ള സമീപനത്തിന് ഇസ്ലാം വിലക്കേര്‍പ്പെടുത്തിയിട്ടില്ല.

മാഇദാ സൂറത്തിലെ 51‏-ാം സൂക്തം, മുംതഹിനഃ സൂറത്തിലെ ആദ്യ സൂക്തങ്ങള്‍ തുടങ്ങിയവയിലെല്ലാം വര്‍ജിക്കാനാവശ്യപ്പെട്ടിട്ടുള്ള ചങ്ങാത്തങ്ങളെല്ലാം വെറും സത്യനിഷേധത്തിന്റെ പേരിലായിരുന്നില്ല എന്നതിന് ആ സൂക്തങ്ങളുടെ അവതരണ പശ്ചാത്തലങ്ങളും അവയുടെ പ്രത്യക്ഷാര്‍ഥങ്ങളും വ്യക്തമാക്കുന്നുണ്ട്. കാര്യകാരണസഹിതം സത്യവിശ്വാസത്തിന് ന്യൂനത വരുത്തുന്ന പ്രവണതയില്‍ നിന്നകന്നു നില്‍ക്കാനുള്ള പെരുമാറ്റച്ചട്ടങ്ങളാണതില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അതാകട്ടെ കാര്യകാരണസഹിതം ആണ്താനും. അതിനാല്‍ തന്നെ അച്ചടക്കമുള്ള മത സമൂഹ രൂപീകരണത്തിന്റെ അടിസ്ഥാന ഉപാധികളായി മാത്രമേ അവ മനസ്സിലാക്കേണ്ടതുള്ളൂ.

മതപരമായതും മത നിര്‍ദേശങ്ങളുള്ളതുമായ വിഷയങ്ങളില്‍ സൌഹാര്‍ദ്ദത്തിന്റെയും കുടുംബ ബന്ധത്തിന്റെയും പേരില്‍ അഴുകൊഴുമ്പന്‍ രീതിശാസ്ത്രം സ്വീകരിക്കുന്നത് വിശ്വാസിയുടെ അച്ചടക്ക പൂര്‍ണതക്കെതിരാണ്. മതപരമായ ഒരു ചടങ്ങില്‍ നിബന്ധനകളൊക്കാത്ത സ്ഥിതിക്ക് അവിശ്വാസിക്ക് പങ്കാളിത്തം വഹിക്കാന്‍ സാധിക്കില്ല. അതുപോലെ മറ്റാരുടെയെങ്കിലും മതാത്മകമായ ഒരു ചടങ്ങില്‍ അതിന്റെ ഉപാധികളൊപ്പിച്ച് സത്യവിശ്വാസിക്ക് പങ്കെടുക്കാനും സാധിക്കില്ല. ഇത് സര്‍വാംഗീകൃതമായ ഒരു നിലപാടാണ്.

അത്യാവശ്യമായി വരുന്ന ഘട്ടങ്ങളില്‍ യുദ്ധത്തിന് അനുമതി നല്‍കപ്പെട്ടിട്ടുള്ളതാണ്. അത് നാഗരിക സമൂഹത്തില്‍ ഒരനിവാര്യതയായി തീര്‍ന്നിട്ടുണ്ട്. ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം അത് ലക്ഷ്യമിടുന്ന സമൂഹ സൃഷ്ടിപ്പിന് സ്വീകരിച്ചു വരുന്ന സുതാര്യ വഴികളില്‍ പ്രതിസന്ധിയുണ്ടാവുമ്പോള്‍ അതിനെതിരെ പ്രതിരോധ നിയമങ്ങളവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഒരു യുദ്ധത്തിന്റെ സ്വാഭാവികമോ അല്ലാത്തതോ ആയ വ്യത്യസ്ത ഘട്ടങ്ങളില്‍ അതിനനുസൃതമായ നിലപാടുകള്‍ സ്വീകരിക്കേണ്ടിവരും. ഓരോ ഘട്ടത്തിലും മുസ്ലിം പോരാളി വ്യക്തമായ നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ ബാധ്യസ്ഥനാണ്. അത്തരം വിവരണങ്ങളാണ് മനഃപൂര്‍വം തെറ്റിദ്ധരിപ്പിക്കപ്പെടുന്നത്.

ഓരോ നിര്‍ദേശത്തിന്റെയും സാഹചര്യത്തെ അവഗണിക്കുന്നതാണ് ഈ അബദ്ധ ധാരണക്ക് കാരണമാവുന്നത്. യുദ്ധവുമായി ബന്ധപ്പെട്ട സംശയ ദൂരീകരണവും വസ്തുതാപരമായ വിവരണവും ‘ഇസ്ലാമും യുദ്ധവും’ എന്ന ലേഖനത്തില്‍ വായിക്കുക.


RELATED ARTICLE

 • തീവ്രവാദം : പരിഹാരവും നിലപാടും
 • ലക്ഷ്യം പുനര്‍നിര്‍ണയിക്കുക
 • തീവ്രവാദം പരിഹാരമല്ല
 • ഇന്ത്യന്‍ സാഹചര്യം തേടുന്നത്
 • യുദ്ധ നിയമങ്ങളില്‍ നിന്ന്
 • ശിക്ഷാ നിയമങ്ങള്‍
 • ഇസ്ലാമും യുദ്ധവും
 • ഇസ്ലാമും വാളും
 • ഇസ്ലാമിലെ ധാര്‍മിക വ്യവസ്ഥ
 • തീവ്രവാദം ഇസ്ലാമിക വീക്ഷണത്തില്
 • തീവ്രവാദം