തീവ്രവാദം : പരിഹാരവും നിലപാടും

തീവ്രവാദമെന്ന മഹാമാരി സര്‍വലോക വ്യാപനം നേടിയിട്ടുണ്ടെന്നത് സര്‍വസമ്മതമായ സത്യമാണ്. അത് പരിഹരിക്കപ്പെടേണ്ടതുമാണ്. പക്ഷേ, അതെങ്ങനെയാണ് പരിഹരിക്കുക എന്നതില്‍ അഭിപ്രായാന്തരമുണ്ടാ വാനിടയുണ്ട്. ഇസ്ലാമിക സമൂഹത്തെ സംബന്ധിച്ചിടത്തോളം സാമൂഹിക പ്രശ്നങ്ങളെ അവര്‍ മനുഷ്യ പക്ഷത്ത് നിന്നാണ് വീക്ഷിക്കുന്നത്. ഇസ്ലാമിക വ്യക്തിത്വം നിലനിര്‍ത്തി ഈ വിപത്തിനെതിരെ നിലപാ ടെടുക്കാനവര്‍ക്ക് സാധിക്കും. ഇന്ത്യന്‍ സമൂഹത്തിന്റെയും അവരില്‍ മുസ്ലിംകളുടെയും നിലപാ ടെന്തായിരിക്കണമെന്നത് ആലോചിക്കേണ്ടതായിട്ടുണ്ട്.

പ്രപഞ്ചനാഥന്‍ സകല ലോകത്തിന്റെയും, ഐശ്വര്യത്തിന്റെയും സുസ്ഥിതിയുടെയും ഉപാധികള്‍ നിര്‍ണയിച്ചിട്ടുണ്ട്. അവയില്‍ അവിഹിതമായ ഇടപെടലുകള്‍ നടക്കാതിരിക്കണമെന്നതിനാല്‍ കണിശമായ വ്യവസ്ഥകള്‍ നിശ്ചയിച്ചിട്ടുണ്ട്. മണ്ണും വിണ്ണും കരയും കടലും തുടങ്ങി ഒന്നും യാതൊരു വിധത്തിലുള്ള കയ്യേറ്റങ്ങള്‍ക്കും വിധേയമാകരുത്. അഥവാ അരുതാത്തതും അക്രമമായതും മനസാ വാചാ കര്‍മണാ തിരസ്കരിക്കണമെന്നാണ് ഇസ്ലാമിക പാഠം.

എങ്ങോ പതിയിരിക്കുന്നു എന്ന് കരുതപ്പെടുന്ന അപരാധിക്കു വേണ്ടിയോ അധികാര ദുര്‍മോഹത്താലോ നടത്തുന്ന അറ്റാക്കുകള്‍ നേടുന്നത് പ്രഖ്യാപിത ലക്ഷ്യങ്ങളായിരിക്കില്ല. നിരപരാധികള്‍ക്ക് നാശനഷ്ടങ്ങളും ജീവഹാനിയും അംഗവൈകല്യവുമായിരിക്കും അതിന്റെ ഫലം. ഇതിന് ഏത് നീതിശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് ന്യായീകരണം സിദ്ധിക്കുന്നത്. സമാധാനത്തിന്റെ മതവും ദര്‍ശനവുമായ വിശുദ്ധ ഇസ്ലാമാകട്ടെ ഇത്തരം പ്രവണതകളെ പൂ ര്‍ണമായി നിരാകരിക്കുകയാണ്. കാരണം അത് സമ്പൂര്‍ണ സമാധാനീകരണത്തിനായി സമര്‍പ്പിതമാണ്. ഇസ്ലാമിക വ്യവസ്ഥയുടെ പുലര്‍ച്ച സമ്പൂര്‍ണ സമാധാനത്തെയാണ് സാധിതമാക്കുക.

ഇസ്ലാമിക ദര്‍ശനങ്ങളും നിയമ നിര്‍ദേശങ്ങളും പ്രബോധനം നടത്തുകയും മുസ്ലിം സമൂഹത്തെ ബോധവല്‍ക്കരിച്ച് സംസ്കരിച്ച് നിലനിര്‍ത്തുകയും ചെയ്യുക എന്നതായിരിക്കണം ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ പ്രഥമവും പ്രധാനവുമായ ദൌത്യം. അതിന്റെ ഉപാധികളും സാധ്യതകളും തേടുകയാണവ ചെയ്യേണ്ടത്. മനുഷ്യത്വരഹിതവും പ്രകൃതിവിരുദ്ധവും വൃത്തിഹീനവുമായ ചലന നിശ്ചലനങ്ങളെ ന്യായീകരിക്കാന്‍ സാക്ഷാല്‍ ഇസ്ലാമിക പ്രസ്ഥാനത്തിന് സാധിക്കുകയില്ല. പ്രപഞ്ച വ്യവസ്ഥിതി തകര്‍ക്കുന്ന എല്ലാ പ്രവണതകളെയും ഇസ്ലാമിക പ്രസ്ഥാനമെന്ന നിലയിലും നമ്മുടെ നാടിന്റെ താല്‍പര്യത്തിനെതിരാണെന്ന നിലയിലും അവ നിരസിക്കുകയും നിരാകരിക്കുകയും ചെയ്യുന്നു.

ഭീകരവാദം, തീവ്രവാദം, അസഹിഷ്ണുത, വര്‍ഗീയത തുടങ്ങിയ എല്ലാത്തരം സാമൂഹ്യ വിപത്തുകളെയും കാര്യകാരണസഹിതം വിലയിരുത്തി തുറന്നുകാട്ടുന്ന ശരിയായ നിലപാടാണ് യഥാര്‍ഥ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ സ്വീകരിക്കേണ്ടത്. ഏതൊരു ദുഷ്പ്രവണതയും അതിന്റെ കര്‍ത്താവിന്റെ നാമവിശേഷണങ്ങള്‍ കാരണം മഹത്വം നേടുന്നില്ല. തിന്മകളെ തിന്മകളായിത്തന്നെ വീക്ഷിക്കപ്പെടണം. അതിന് ചെയ്തവന്റെ ജാതിയും മതവും അടിസ്ഥാനപ്പെടുത്തുന്ന രീതിശാസ്ത്രം ഇസ്ലാമിലില്ല.

എല്ലാവരോടും എല്ലാറ്റിനോടും ‘ഇഹ്സാന്‍’ (ഗുണപരമായ സമീപനം) വേണമെന്ന നിര്‍ദേശത്തിനൊരു മറുവശം കൂടിയുണ്ട്. ദോഷകരമായി വര്‍ത്തിക്കരുതെന്ന താക്കീതാണത്. അതിനാല്‍ തിന്മയെ തിന്മയായി തന്നെ പരിചയപ്പെടുത്തി അതിനെ വര്‍ജിക്കാന്‍ ശക്തമായ ബോധവല്‍ക്കരണം നടത്തണം. അത് ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ അജണ്ടയില്‍ എന്നും മുഖ്യമാണ്.

എല്ലാ മതവിഭാഗങ്ങളും രാഷ്ട്രീയ സംഘടനകളും സാമൂഹ്യ പ്രശ്നങ്ങളില്‍ ധീരമായ നിലപാ ടെടുക്കാന്‍ തയ്യാറാവുകയും തിന്മക്കും അക്രമങ്ങള്‍ക്കും കൂട്ടുനില്‍ക്കാതിരിക്കുകയുമാണിന്ന് വേണ്ടത്. എന്നാല്‍ ഒരു പരിധിവരെ തീവ്രവാദ ഭീകരവാദ പ്രവണതകളെ തടയാന്‍ സാധിക്കും. അക്രമണോത്സുകരായ മത രാഷ്ട്രീയ സംഘടനാ ജാതി, ഭാഷ വീര്യങ്ങളെ നിരുത്സാഹപ്പെടുത്തും വിധം നേതാക്കളും കേന്ദ്രങ്ങളും പെരുമാറണം. പ്രത്യാക്രമണത്തിന്റെ പ്രതികാര വഴി സ്വീകരിക്കുന്നവര്‍ ഒറ്റപ്പെടുന്ന സാഹചര്യമുണ്ടാവണം. അവര്‍ ആശീര്‍വദിക്കപ്പെടുകയും വീരപദവി നല്‍കി ആദരിക്കപ്പെടുകയും ചെയ്യുന്ന സ്ഥിതി വരെ ചില സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ രൂപപ്പെട്ടു വരാറുണ്ട്. അത് ഇന്ത്യന്‍ സമൂഹത്തില്‍ തീരെ ആശാസ്യകരമല്ലാത്തതാണ്.

പാര്‍ട്ടിക്കും പ്രസ്ഥാനത്തിനും ഗുണം ലഭിക്കുമെന്ന് കണ്ട് അക്രമമഴിച്ചുവിടാനും സാമൂഹ്യ രംഗം കലുഷമാക്കാനും സഹായം നല്‍കുന്ന സമീപനം ഉണ്ടാവാതെ ശ്രദ്ധിക്കണം. ഒറ്റപ്പെടുമെന്ന ആശങ്കയുള്ളവന്‍ ആക്രമണത്തിന് മതവും പാര്‍ട്ടിയും സംഘടനയും മറയാക്കില്ല. അഥവാ അക്രമം നടത്തുകയില്ല.

പ്രതിപ്രവര്‍ത്തനം നശീകരണഭാവം പ്രാപിച്ചത് ലോകം കണ്ടതാണ്. ഉത്തരവാദപ്പെട്ട കേന്ദ്രങ്ങള്‍ അല്‍പം ജാഗ്രത കാണിച്ചാല്‍ ഇത്തരം സാഹചര്യം ഇല്ലാതാക്കാന്‍ സാധിക്കും. അസംതൃപ് തരെയും അസന്തുഷ്ടരെയും മനഃപൂര്‍വം സൃഷ്ടിക്കരുത്. ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം എപ്പോഴും എല്ലാവരെയും സന്തുഷ്ടരാക്കാന്‍ സാധിക്കണമെന്നില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ സാഹചര്യം ബോധ്യപ്പെടുത്തി അസന്തുഷ്ടി ഇല്ലാതാക്കണം. അതിന് നിഷേധാത്മക നിലപാടെടുക്കാതെ സുതാര്യവും മാന്യവുമായ രീതിയവലംബിക്കണം. അങ്ങനെ അഭിപ്രായ സമന്വയത്തിന്റെ മേഖല തേടി, താന്‍ അവഗണിക്കപ്പെടുകയായിരുന്നില്ലെന്ന ബോധമുണര്‍ത്തണം.

അധികാര മോഹത്താല്‍ ഹിമാലയന്‍ വാഗ്ദാനങ്ങള്‍ നല്‍കി സമൂഹത്തെ കബളിപ്പിക്കരുത്. നമ്മുടെ ഭരണഘടനയും മൂല്യ വിചാരവും സമൂഹത്തിന് നല്‍കുന്ന പ്രതീക്ഷകളും ആത്മവിശ്വാസവും പൂര്‍ത്തീകരിക്കപ്പെടുന്ന സാഹചര്യം സൃഷ്ടിക്കാന്‍ ഭരണകൂടങ്ങള്‍ ശ്രമിക്കണം. തത്വദീക്ഷയില്ലാത്ത വിമര്‍ശനങ്ങള്‍ക്ക് പകരം വസ്തുതാപരമായി വിഷയങ്ങളെ സമീപിച്ച് പ്രതികരിക്കാന്‍ പ്രതിപക്ഷ സ്ഥാനത്തുള്ളവരും തയ്യാറാവണം.

തീവ്രവാദ പ്രസ്ഥാനങ്ങളുടെ തീ തുപ്പുന്ന മുദ്രാവാക്യങ്ങളിലകപ്പെട്ടാല്‍ തന്റെ നാശമായിരിക്കും ഫലമെന്ന തിരിച്ചറിവ് സമൂഹത്തിനുണ്ടാവണം. അതിന് തീവ്രവാദ നിലപാടുകളെ ന്യായീകരിക്കുകയോ സഹായിക്കുകയോ ചെയ്യാന്‍ ഒരാളും തയ്യാറാവരുത്. സാക്ഷാല്‍ പ്രതികളടക്കം രക്ഷപ്പെടുന്ന സാഹചര്യത്തിനറുതി വരണം. ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളെല്ലാം നിശ്ചയ ദാര്‍ഢ്യത്തോടെ പ്രശ്നത്തെ സമീപിക്കാന്‍ തയ്യാറാവുകയാണിതിനാവശ്യം.

ഓരോ പ്രസ്ഥാനങ്ങളും മതവിഭാഗങ്ങളും താന്താങ്ങളുടെ അനുയായികളെ സ്വന്തം ആദര്‍ശത്തിന്റെയും മൂല്യവിചാരത്തിന്റെയും പാതയില്‍ നിലനിര്‍ത്താനും പുനഃസ്ഥാപിക്കാനും ആവശ്യമായ പദ്ധതികളാവിഷ്കരിക്കണം. സ്വന്തമായ അജണ്ടയിലേക്കും പ്രവര്‍ത്തന പന്ഥാവിലേക്കും അംഗങ്ങളുടെ ക്രിയാശേഷി തിരിച്ചുവിടണം. അന്യായമായി അത് ചൂഷണം ചെയ്യപ്പെടാതിരിക്കുന്നതിനും ദുരുപയോഗപ്പെടാതിരിക്കുന്നതിനുമതാണ് മാര്‍ഗം. അത് വഴി അവരെ വശീകരിച്ചും പ്രതീക്ഷ നല്‍കിയും വലയിലാക്കാന്‍ നടത്തുന്ന പ്രചാരണങ്ങളില്‍ അവര്‍ അകപ്പെടുകയില്ല.

ആദര്‍ശ പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം, സാഹചര്യത്തിന്റെ തേട്ടത്തെ ആദര്‍ശത്തിന്റെ അടിസ്ഥാന ഭൂമികയില്‍ നിന്നുകൊണ്ട് ക്രിയാത്മകവും ഫലപ്രദവുമായ മാര്‍ഗേണ സമീപി ക്കുന്നതാണതിന്റെ രീതി. അതിനാല്‍ തന്നെ സമുദായത്തിന്റെയോ മതത്തിന്റെയോ പേരിലെന്ന നിലയില്‍ നടമാടുന്ന ഒന്നിനെയും പിന്തുണക്കുകയോ ന്യായീകരിക്കുകയോ ചെയ്യേണ്ട ദുസ്ഥിതി അതിനില്ല. കാലാകാലങ്ങളില്‍ ഇസ്ലാമിക സമൂഹം അനുവര്‍ത്തിച്ച് വരുന്ന ആശയ‏-സാമൂഹ്യ പ്രതിബദ്ധതയെ പ്രതിനിധാനിക്കുകയാണത്. ഒരു വേള കൂടുതല്‍ തിളക്കവും സുതാര്യതയും അതിന്റെ വര്‍ത്തമാനകാല പ്രത്യേകതയാണ്.

സമുദായത്തിന്റെ അസ്തിത്വത്തിനും സാംസ്കാരിക വ്യക്തിത്വത്തിനും നേരെ നടക്കുന്ന കടന്നാക്രമണങ്ങള്‍ക്കും നീതി നിഷേധങ്ങള്‍ക്കും നേരെ ക്രിയാത്മകമായും ഫലപ്രദമായും പ്രതികരിക്കുന്നതില്‍ പ്രസ്ഥാനം ശുഷ്കാന്തി കാണിച്ചിട്ടുണ്ട്. സമുദായത്തിന്റെ പ്രശ്നങ്ങള്‍ക്ക് സമവായത്തിന്റെ സാഹചര്യം സൃഷ്ടിച്ചാണ് പരിഹാരം തേടേണ്ടിയിരിക്കുന്നത്. ജനാധിപത്യ സംവിധാനത്തിലെ സാധ്യതകളും അവസരങ്ങളും ഉപയോഗപ്പെടുത്തുന്നതിന്, പ്രായോഗിക ചിന്തയുള്ള നേതൃത്വത്തിന്റെ സാന്നിധ്യമനിവാര്യമാണ്.

ഇന്ന് പലരും ഇസ്ലാമിക നിയമ സംഹിതകള്‍ക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങളുമായി രംഗത്ത് വരുന്നത് കാണാന്‍ കഴിയുന്നുണ്ട്. മുസ്ലിം സമുദായത്തിന്റെ അംഗീകാരമോ ഉത്തരവാദപ്പെടുത്തലോ ഇല്ലാത്തവരാണവര്‍. അതിനാല്‍ അവരുടെ ചെയ്തികള്‍ക്ക് അവര്‍ തന്നെയാണുത്തരവാദികള്‍. സമൂഹത്തെ മൊത്തത്തില്‍ പ്രതിക്കൂട്ടിലാക്കുന്ന പ്രവണത വസ്തുതയെ നിരാകരിക്കുന്നതിന്റെയോ അറിയാത്തതിന്റെയോ ഉപോല്‍പന്നമാണ്. യാഥാര്‍ഥ്യ ബോധത്തോടെ പ്രശ്നങ്ങള്‍ വിലയിരുത്താന്‍ തയ്യാറാവുകയാണ് വേണ്ടത്.

അന്യായമായ പ്രവര്‍ത്തനങ്ങളും അതിരുവിട്ട മുദ്രാവാക്യങ്ങളുമായി ജീവിക്കുന്ന പ്രസ്ഥാനങ്ങളും ആളുകളും വിലയിരുത്തപ്പെടുമ്പോള്‍ വ്യക്തമാവുന്ന ഒരു യാഥാര്‍ഥ്യമുണ്ട്. പരമ്പരാഗത‏-ആദര്‍ശ സമൂഹത്തിന്റെ മാര്‍ഗത്തില്‍ നിന്നും ഭ്രംശം സംഭവിച്ചിട്ടുള്ളവരാണവര്‍. സ്വന്തം താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഇസ്ലാമിക ഗ്രന്ഥങ്ങളും പ്രമാണങ്ങളും വ്യാഖ്യാനിക്കുന്നവരാണവര്‍. അത്തരക്കാരുടെ നയനിലപാടുകളുടെ അടിസ്ഥാനത്തില്‍ സമുദായത്തെ മൊത്തം അപരാധികളായി തെറ്റിദ്ധരിക്കുന്ന സാഹചര്യമുണ്ടായിട്ടുണ്ട്.

കേരള മുസ്ലിംകളെ സംബന്ധിച്ചിടത്തോളം അവര്‍ക്കെന്നും ആദരണീയമായ നേതൃത്വത്തിന്റെ പക്വമായ ദിശാബോധനമുണ്ടായിട്ടുണ്ട്. വര്‍ത്തമാന കാലത്തും ആദര്‍ശ ധീരരായ പണ്ഢിത ജ്യോതിസ്സുകളുടെ അനുഗ്രഹാശിസ്സുകള്‍ സമുദായത്തിന് ലഭ്യമാണ്. ഈ അനുഗ്രഹീത സാന്നിധ്യത്തെ ആവോളം അനുഭവിക്കാനാണ് മുസ്ലിം സമുദായം ശ്രമിക്കേണ്ടത്. കൂട്ടം തെറ്റി ഒറ്റപ്പെട്ടും അപായപ്പെട്ടും പരീക്ഷിതനാവുന്നതില്‍ ഭേദവും, ബുദ്ധിയും, ആദര്‍ശ പ്രസ്ഥാനത്തിന്റെ കൂട്ടായ്മയില്‍ പങ്ക് ചേരലാണ്. അങ്ങനെ നമ്മുടെ പൂര്‍വീകരെപ്പോലെ സല്‍സരണിയില്‍ മഹാമനീഷികള്‍ക്ക് പിന്നില്‍ നമുക്കും അടിയുറച്ച് ആത്മവിശ്വാസത്തോടെ മുന്നേറാന്‍ സാധിക്കണം. സാധിക്കുമാറാവട്ടെ‏-ആമീന്‍.


RELATED ARTICLE

 • തീവ്രവാദം : പരിഹാരവും നിലപാടും
 • ലക്ഷ്യം പുനര്‍നിര്‍ണയിക്കുക
 • തീവ്രവാദം പരിഹാരമല്ല
 • ഇന്ത്യന്‍ സാഹചര്യം തേടുന്നത്
 • യുദ്ധ നിയമങ്ങളില്‍ നിന്ന്
 • ശിക്ഷാ നിയമങ്ങള്‍
 • ഇസ്ലാമും യുദ്ധവും
 • ഇസ്ലാമും വാളും
 • ഇസ്ലാമിലെ ധാര്‍മിക വ്യവസ്ഥ
 • തീവ്രവാദം ഇസ്ലാമിക വീക്ഷണത്തില്
 • തീവ്രവാദം