കറാമത്തുകള്‍

സ്ലാം ലോകാവസാനം വരെയുള്ള ജനവിഭാഗങ്ങള്‍ക്കായി അല്ലാഹു സംവിധാനിച്ച ജീവിത പദ്ധതിയാണ്. ആദിമ മനുഷ്യന്‍ ആദം നബി(അ) മുതല്‍ അന്ത്യ്രപ്രവാചകര്‍ മുഹമ്മദ് നബി(സ്വ) വരെയുളള പ്രവാചകന്മാരൊക്കെ ഈ പ്രത്യയ ശാസ്ത്രത്തിന്റെ പ്രബോധകരും പ്രചാരകരുമായിരുന്നു. എല്ലാ പ്രവാചകന്മാരും പ്രബോധനം ചെയ്ത തത്വം അടിസ്ഥാനപരമായി ഒന്നായിരുന്നുവെങ്കിലും സ്ഥലകാല വ്യത്യാസങ്ങള്‍ക്കനുസരിച്ച് ശാഖാപരമായ വ്യത്യാസങ്ങള്‍ നിലനിന്നിരുന്നു. മുഹമ്മദ് നബി(സ്വ)ക്ക് മുമ്പ് കഴിഞ്ഞുപോയ പ്രവാചകന്മാരൊക്കെ ചില പ്രത്യേക സമൂഹത്തിലേക്കും പ്രത്യേക ദേശ ത്തുമാത്രമായും നിയോഗിക്കപ്പെട്ടവരായിരുന്നുവെന്നതാണിതിനു കാരണം.

പ്രവാചകന്മാര്‍ പലപ്പോഴും തങ്ങള്‍ക്കു നല്‍കപ്പെട്ട മുഅജിസത്തുകള്‍ മതപ്രബോധനത്തിനായി പ്രകടിപ്പിച്ചിട്ടുണ്ട്. സ്വാലിഹ് നബി(അ)യുടെ ഒട്ടകവും മൂസാ നബി(അ)യുടെ വടിയും ഈസാനബി(അ)യുടെ രോഗനിവാരണവും ഉദാഹരണം. അന്ത്യപ്രവാചകരായ മുഹമ്മദ് നബി(സ്വ) പ്രബോധനം ചെയ്ത മതം അവസാന നാള്‍ വരെ നിലനില്‍ക്കേ ണ്ടതാണെന്നതു കൊണ്ടുതന്നെ അതിനുപയുക്തമായ രീതിയിലും സ്വഭാവത്തിലുമാണ് അല്ലാഹു അത് സംവിധാനിച്ചിരിക്കുന്നത്.

നബി(സ്വ)യുടെ വിയോഗത്തോടെ ഇസ്ലാമിക പ്രബോധനം അവസാനിക്കുന്നില്ല. അത് പ്രവാചകരുടെ അനുയായികളായ ഔലിയാഅ് നിര്‍വ്വഹിക്കുന്നു. അപ്പോള്‍ പ്രവാചകര്‍ക്ക് മുഅ്ജിസത്ത് ആവശ്യമായി വന്നപോലെ ഔലിയാഇന് കറാമത്ത് അല്ലാഹു നല്‍കുന്നു. മുന്‍കാല അമ്പിയാക്കളെക്കാള്‍ നബി(സ്വ)യുടെ മുഅജിസത്തുകള്‍ അധികമായതുപോലെ നബി(സ്വ)യുടെ അനുയായികളായ ഔലിയാഇന്റെ കറാമത്തുകളും വളരെയധികമണ്ട്. ഈ കറാമത്തുകളൊക്കെ യഥാര്‍ഥത്തില്‍ നബി(സ്വ)യുടെ മുഅ്ജിസത്തിന്റെ ഭാഗമാണ്. അതിനാല്‍ ഈ സമുദായത്തിലെ ഔലിയാക്കള്‍ക്ക് വളരെയധികം കറാമത്തുകളുണ്ടാകുന്നത് മൂലം മറ്റു പ്രവാചകരെ അപേക്ഷിച്ചു നബി(സ്വ)യുടെ സ്ഥാനവും ബഹുമാനവും പ്രകടമാക്കലാണ് ഉദ്ദേശ്യമെന്ന് ജാമിഉ കറാമാത്തില്‍ ഔ ലിയാ 1/36ല്‍ കാണാം.

അത്ഭുതപ്രവര്‍ത്തനങ്ങള്‍ നാലായി വിഭജിക്കാം. ഒന്ന്, പ്രവാചകന്മാരില്‍ നിന്നുണ്ടാകുന്ന മുഅജിസത്ത്. രണ്ട്, ഔലിയാക്കളില്‍ നിന്നുണ്ടാകുന്ന കറാമത്ത്. മൂന്ന്, സത്യനിഷേധികളില്‍ നിന്നോ ദുര്‍നടപ്പുകാരില്‍ നിന്നോ ഉണ്ടാകുന്ന ഇസ്തിദ്റാജ്. നാല്, സിഹ്റ് (ആഭിചാര പ്രവര്‍ത്തനം).

ഇവയില്‍ മുഅജിസത്തും കറാമത്തും തമ്മിലുള്ള അന്തരം മേല്‍ വിവരണത്തില്‍ നിന്നുതന്നെ വ്യക്തമാവും. പ്രവാചകന്മാരില്‍ നിന്നാകുമ്പോള്‍ മുഅജിസത്തും ഔലിയാക്കളില്‍ നിന്നാവുമ്പോള്‍ കറാമത്തുമാകുന്നു. ഇതുരണ്ടും അല്ലാഹു അവന്റെ ഇഷ്ടന്മാര്‍ക്ക് കനിഞ്ഞേകുന്നതാണ്. അതേസമയം ഇവയല്ലാത്തതൊക്കെ ചില കാര്യകാരണ ബന്ധങ്ങളിലധിഷ്ഠിതമാണ്. ഹിപ്നോട്ടിസവും മെസ്മറിസവും ജാലവിദ്യ, സിഹ്റ് തുടങ്ങിയവയൊക്കെ ദീര്‍ഘകാലത്തെ പഠനത്തിന്റെയും പ്രയോഗവത്കരണത്തിന്റെയും പരിണിതഫലമാണ്. അതുകൊണ്ടുതന്നെ തല്‍വിഷയത്തെ കുറിച്ച് ആഴത്തില്‍ പഠിച്ചു മനസ്സിലാക്കിയവര്‍ക്ക് ഈ അത്ഭുതങ്ങളൊക്കെ നിഷ്പ്രഭമാക്കാന്‍ കഴിയും. അതേസമയം മുഅജിസത്തും കറാമത്തും അങ്ങനെയല്ല. അത് സ്വായത്തമാക്കാന്‍ സാധാരണ പ്രവര്‍ത്തനങ്ങള്‍ക്കോ പഠനങ്ങള്‍ക്കോ കഴിയില്ല. അത് അല്ലാഹുവിന്റെ ഇഷ്ടദാസന്മാരായ അടിമകള്‍ക്ക് നല്‍കുന്ന ഒരു സിദ്ധിയാണ് (ബിഗ്യ, പേജ് 299 ഫൈളുല്‍ബാരി 4/390 നോക്കുക). മറ്റൊരര്‍ഥത്തില്‍ ഇവയും മറ്റു അസാധാരണ പ്രവര്‍ത്തനങ്ങളും തമ്മിലുള്ള വ്യത്യാസം ഇങ്ങനെ സംഗ്രഹിക്കാം. അല്ലാഹുവിന്റെ ഇഷ്ടദാസന്മാരില്‍ നിന്ന് ഉണ്ടാകുന്നത് കറാമത്തും അല്ലാത്തവ സിഹ്റുമാണ്. ഇത് ഇമാം അബൂഹനീഫ(റ) തന്റെ അല്‍ ഫിഖ്ഹുല്‍ അക്ബര്‍ പേജ് 64ലും ഇമാമുല്‍ ഹറമൈനി(റ)യെ തൊട്ട് ഫതാവല്‍ ഹദീസിയ്യ 304ലും മുഖദ്ദിമതു ഇബ്നു ഖല്‍ദൂന്‍ 661ലും ഇമാം ശഅ്റാനി(റ)യുടെ ‘അല്‍ യവാഖീതുവല്‍ ജവാഹീര്‍’ 2/102ലും കാണാം.

അത്ഭുതങ്ങള്‍ കാണിച്ചതുകൊണ്ട് മാത്രം ഒരാള്‍ വലിയ്യ് ആകണമെന്നില്ല. അല്ലാഹു പറയുന്നു: “അല്ലാഹുവിന്റെ ഔലിയാക്കള്‍ ഭക്തന്മാര്‍ മാത്രമാണ്” (വി.ഖു. 8/437). കറാമത്ത് ഇങ്ങനെയുള്ള ഭക്തന്മാരില്‍ നിന്നേ ഉണ്ടാകൂ. സ്വൂഫികളുടെ നേതാവ് ഇമാം ജുനൈദ്(റ) പറയുന്നു: “ഒരാള്‍ വെള്ളത്തിന്റെ മുകളിലൂടെയോ അന്തരീക്ഷത്തിലൂടെയോ നടക്കുന്നത് കണ്ടാല്‍ പോലും ശരീഅത്തിന്റെ വിധിവിലക്കുകള്‍ അവന്‍ പാലിക്കുന്നുണ്ടോ എന്നു നോക്കാതെ അവന്‍ വലിയ്യാണെന്ന് വിധിയെഴുതി വഞ്ചിതരാകരുത്” (തഖ്രീബുല്‍ ഉസ്വൂല്‍). ഇതേ ആശയം തഫ്സീര്‍ ഇബ്നുകസീര്‍ 1/78ലും കാണാം.

ഇതില്‍ നിന്നും സ്ഥിരബുദ്ധിയുള്ള സമയത്ത്, ശരീഅത്ത് നിയമങ്ങള്‍ പൂര്‍ണമായും പാലിക്കുന്നവരില്‍ നിന്നു പ്രകടമാകുന്ന അത്ഭുതസിദ്ധികള്‍ കറാമത്താണെന്നു ഗ്രഹിക്കാം. ഹാഫിളുബ്നു ഹജര്‍(റ) പറയുന്നു: “അത്ഭുതങ്ങള്‍ കാണിക്കുമ്പോഴേക്ക് അവന്‍ ഔലിയാക്കളില്‍ പെട്ടവനാണെന്ന ധാരണ സാധാരണ ജനങ്ങള്‍ക്കുണ്ട്. ഇതു ശരിയല്ല. കാരണം അത്ഭുതങ്ങള്‍ ആഭിചാരക്കാരില്‍ നിന്നും ജ്യോത്സ്യനില്‍ നിന്നും മറ്റുമൊക്കെ ഉണ്ടായേക്കാം. അതിനാല്‍ ശരീഅത്തിന്റെ വിധിവിലക്കുകള്‍ അംഗീകരിക്കുന്നവനില്‍ നിന്നായതിനാല്‍ അത് കറാമത്തും അവന്‍ വലിയ്യുമാണെന്നും മറിച്ചാണെങ്കില്‍ കറാമത്തല്ലെന്നും മനസ്സിലാക്കാം” (ഫത്ഹുല്‍ ബാരി).

എന്താണ് കറാമത്ത്?

പ്രവാചകത്വവാദവുമായി ബന്ധമില്ലാതെ ഒരു വലിയ്യില്‍ നിന്ന് പ്രകടമാകുന്ന അസാധാരണ കാര്യങ്ങള്‍ക്കാണ് കറാമത്ത് എന്നുപറയുന്നത് (ശര്‍ഹുല്‍ അഖാഇദ്, പേജ് 139). കറാമത്ത് വലിയ്യില്‍ നിന്നാണുണ്ടാവുകയെന്നതിനാല്‍ ആരാണ് വലിയ്യ് എന്നുകൂടി നാം ഗ്രഹിക്കേണ്ടതുണ്ട്. അല്ലാമാ തഫ്തിസാനി(റ) പറയുന്നു: “അല്ലാഹുവിനെ കുറിച്ചും അവന്റെ വിശേഷണങ്ങളെ കുറിച്ചും കഴിവിന്റെ പരമാവധി അറിയുന്നവനും അല്ലാഹുവിന് വഴിപ്പെടുന്നതില്‍ നിത്യമായവനും ദോഷങ്ങള്‍ വെടിഞ്ഞു, ഭൌതിക സുഖാഡംബരങ്ങളിലും ദേഹേച്ഛകളിലും മുഴുകാത്തവരുമാണ് വലിയ്യ് കൊണ്ട് വിവക്ഷ” (ശറഹുല്‍ അഖാഇദ് 139, ഇതേ ആശയം ഫത്ഹുല്‍ബാരി 11/342).

ഔലിയാക്കളില്‍ നിന്ന് ഇങ്ങനെ കറാമത്തുകളുണ്ടാകാമോ? ഇതു സംബന്ധമായ പ്രമാണങ്ങള്‍ എന്തു പറയുന്നുവെന്ന് നോക്കാം. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു ഈസാനബി(അ)യുടെ മാതാവ് മറിയം ബീവിയുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നു. അവരുടെ മാതാവ് ഹന്നത്തുബീവി ഗര്‍ഭസ്ഥ ശിശുവിനെ ബൈത്തുല്‍ മുഖദ്ദിസിന്റെ പരിചരണത്തിനായി നേര്‍ച്ചയാക്കുകയുണ്ടായി. പ്രസവം കഴിഞ്ഞപ്പോള്‍ അതൊരു പെണ്‍കുട്ടി -മറിയം- ആയതില്‍ അവര്‍ അങ്ങേയറ്റം പരിതപിച്ചു. പക്ഷേ, നേര്‍ച്ചയാക്കിയതിനാല്‍ മകള്‍ മറിയമിനെ ബൈതുല്‍ മുഖദ്ദസിന്റെ പചിരണത്തിനായി വിട്ടുകൊടുത്തു. മറിയംബീവി താമസിക്കുന്ന റൂമില്‍ മഹാനായ സകരിയ്യാ നബി(അ) പ്രവേശിക്കുമ്പോള്‍ അവരുടെ അടുത്ത് അത്യത്ഭുതകരവും ആ പ്രദേശങ്ങളില്‍ ലഭ്യമല്ലാത്തതുമായ സ്വര്‍ഗീയ ഭക്ഷണം കാണുന്നു. സകരിയ്യ നബി(അ) ചോദിച്ചു. മറിയം, നിനക്കിത് എവിടുന്ന് ലഭിച്ചു? ‘ഇത് എനിക്ക് അല്ലാഹുവിന്റെ ഭാഗത്തുനിന്നും നല്‍കപ്പെട്ടതാണ്.’ എന്ന് മറിയംബീവി മറുപടി പറയുന്നു. ഈ സംഭവം (വി.ഖു. 3/37) വിശദീകരിച്ചിട്ടുണ്ട്.

അതുപോലെ മറിയംബീവി(റ) പൂര്‍ണ ഗര്‍ഭിണിയായിരിക്കവേ പ്രസവ സമയത്ത് അല്ലാഹുവിന്റെ ആജ്ഞ. “മറിയം, നീ ആ ഉണങ്ങിയ ഈത്തപ്പന പിടിച്ചുകുലുക്കിയാല്‍ അത് നിനക്ക് നല്ല പഴുത്ത ഈത്തപ്പഴം വീഴ്ത്തും.” ഉണങ്ങിയ ഈത്തപ്പന മരം പിടിച്ചുകുലുക്കുമ്പോള്‍ സ്വാദിഷ്ടമായ ഈത്തപ്പഴം വീണ സംഭവം ഖുര്‍ആന്‍ (19/25) വ്യക്തമാക്കിയിട്ടുണ്ട്. ഇതൊക്കെ മറിയംബീവിയുടെ കറാമത്തുകളായിരുന്നു. മറിയം പ്രവാചകന്മാരില്‍ പെട്ടവരൊന്നുമല്ല. മറിച്ച് അല്ലാഹുവിന്റെ ഇഷ്ടദാസന്മാരില്‍ പെട്ടവരാണ്. അതുകൊണ്ടുതന്നെ ഇത് കറാമത്തുമാണ്.

ഇതുപോലെ അവിശ്വാസിയായ രാജാവിന്റെ അക്രമത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനായി ഒളിക്കുകയും മുന്നൂറ്റിയൊമ്പത് വര്‍ഷം മലമുകളിലുള്ള ഗുഹയില്‍ ജീവിതം കഴിച്ചുകൂട്ടുകയും ചെയ്ത അസ്വ്ഹാബുല്‍ കഹ്ഫിന്റെ (ഗുഹാവാസികള്‍) ചരിത്രം വിശുദ്ധഖുര്‍ആനില്‍ അല്ലാഹു വിവരിച്ചു തരുന്നു. ഇത്രയും വര്‍ഷം ശാരീരിക തകരാറുകളൊന്നുമില്ലാതെ ജീവിക്കുകയെന്നത് സത്യവിശ്വാസികളായ ആ ചെറുപ്പക്കാരുടെ കറാമത്തായിട്ടാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.

മഹാനായ സുലൈമാന്‍ നബി(അ)യുടെ കാലത്ത് ബല്‍ഖീസ് രാജ്ഞിയുടെ സബഇലുള്ള സിംഹാസനം വളരെ വേഗത്തില്‍ കൊണ്ടുവരാന്‍ ആര്‍ക്കു കഴിയുമെന്ന് ചോദിച്ചപ്പോള്‍ അല്ലാഹുവില്‍ നിന്നു ജ്ഞാനം ലഭിച്ച ഒരാള്‍ കണ്ണു ചിമ്മിത്തുറക്കുന്നതിനിടയില്‍ ഞാനത് കൊണ്ടുവരാമെന്ന് പറയുകയും മൈലുകള്‍ക്കപ്പുറമുള്ള ബല്‍ഖീസ് രാജ്ഞിയുടെ സിംഹാസനം കൊണ്ടുവരികയും ചെയ്ത സംഭവം വിശുദ്ധഖുര്‍ആനില്‍ അല്ലാഹു പഠിപ്പിക്കുന്നുണ്ട്. ഇങ്ങനെ സിംഹാസനം കൊണ്ടുവന്ന വ്യക്തി ആസഫുബ്നു ബര്‍ഖിയാ എന്ന വലിയ്യ് ആണെന്നു ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ രേഖപ്പെടുത്തിയിട്ടുണ്ട് (ഖുര്‍ത്തുബി 13/204, ഇബ്നുകസീര്‍ 3/264, റുഹുല്‍ബയാന്‍ 6/349). ഔലിയാക്കളില്‍ നിന്നു കറാമത്ത് സംഭവിക്കാമെന്നതിന് മതിയായ തെളിവാണ് ഖുര്‍ആന്‍ വചനങ്ങള്‍ നല്‍കുന്നത്. അല്ലാമാ തഫ്താസാനി(റ) പറയുന്നു: ‘കറാമത്ത് യാഥാര്‍ഥ്യമാണെന്നതിന് നിരവധി സ്വഹാബികളില്‍ നിന്നും അവരുടെ ശേഷമുള്ളവരില്‍ നിന്നും നിഷേധിക്കാന്‍ കഴിയാത്ത വിധം റിപ്പോര്‍ട്ടു ചെയ്യപ്പെട്ട ഹദീസുകളും തെളിവായുണ്ട്’ (ശറഹുല്‍ അഖാഇദ്, 133).

പ്രസിദ്ധ സ്വഹാബിവര്യനായ ഖുബൈബ്(റ)വിനെ ശത്രുക്കള്‍ പിടിച്ചു ബന്ധനസ്ഥനാക്കിയ കാലങ്ങളില്‍ അദ്ദേഹം മദീനയിലൊന്നും ലഭ്യമല്ലാത്തവിധമുള്ള മുന്തിയ ഇനം മുന്തിരി കഴിച്ചിരുന്നതായി ഹദീസില്‍ കാണാം (ബുഖാരി 2/56).

ബഹു. അബൂബക്കര്‍ സ്വിദ്ദീഖ്(റ) മദീനാ പള്ളിയിലെ മൂന്നു മുതഅല്ലിംകളെ വീട്ടിലേക്ക് ഭക്ഷണത്തിന് ക്ഷണിച്ചു. രണ്ടാള്‍ക്കുണ്ടാക്കിയ ഭക്ഷണം അവരെല്ലാവരും കൂടി ഭുജിച്ചിട്ടും ബാക്കി വരുന്നു. അബൂബക്കര്‍(റ) പറയുന്നു. ‘ഞങ്ങള്‍ സുഭിക്ഷമായി ആഹരിച്ചിട്ടും കൊണ്ടുവന്നപ്പോഴുണ്ടായിരുന്ന അത്രയും തന്നെ ഭക്ഷണം പിന്നെയും ബാക്കിവന്നു’ (ബുഖാരി).

അനസ്(റ) ഉദ്ധരിക്കുന്നു: നബി(സ്വ)യുടെ സന്നിധാനത്തില്‍ നിന്ന് അര്‍ധരാത്രി വെളിച്ചമില്ലാതെ പിരിഞ്ഞു പോകുന്ന രണ്ട് സ്വഹാബികളുടെ മുമ്പില്‍ ഒരു പ്രകാശം പ്രത്യക്ഷപ്പെടുകയും അവര്‍ പിരിയുന്നതുവരെ അവരുടെ കൂടെ ആ പ്രകാശം പിന്തുടരുകയും അവര്‍ പരസ്പരം പിരിഞ്ഞുപോയപ്പോള്‍ ഓരോരുത്തരുടെ കൂടെ ആ പ്രകാശവും പിരിഞ്ഞുപോയി. (ബുഖാരി 1/537).

ബനൂ ഇസ്രാഈല്യരില്‍ ഏകാന്തനായി അല്ലാഹുവിന് ആരാധന നിര്‍വഹിച്ചിരുന്ന ജുറൈജ്(റ)നെ കുറിച്ച് ശത്രുക്കള്‍ അപരാധം പറയുകയും വ്യഭിചാരാരോപം ഉന്നയിക്കുകയും ചെയ്തപ്പോള്‍ ചോരക്കുഞ്ഞിനെ സംസാരിപ്പിച്ചു. എന്റെ പിതാവ് ജുറൈജല്ലെന്നും ആട്ടിടയനാണെന്നും പറയിപ്പിച്ച ജുറൈജ്(റ)ന്റെ കറാമത്ത് ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

അല്ലാഹുവിന്റെ ഇഷ്ടദാസന്മാരായ ഔലിയാക്കളില്‍ നിന്ന് നിരവധി കറാമത്തുകളുണ്ടായതായി ഹദീസുകളില്‍ കാണാം. അതുകൊണ്ടുതന്നെ അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ പണ്ഢിതന്മാര്‍ ഔലിയാക്കള്‍ക്ക് കറാമത്തുണ്ടാകുമെന്ന് തറപ്പിച്ചു പറയുന്നു. ഇമാം അബൂഹനീഫ(റ)യുടെ ‘അല്‍ ഫിഖ്ഹുല്‍ അക്ബര്‍’ (പേജ് 63) ജംഉല്‍ ജവാമിഅ് (2/420) ശറഹുല്‍ അഖാഇദ് (പേജ് 139), അല്‍ഹദീഖത്തുന്നദിയ്യ (1/292) തുടങ്ങിയ ഗ്രന്ഥങ്ങളില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇബ്നുതൈമിയ്യ പറയുന്നു: ‘ഔ ലിയാക്കളുടെ കറാമത്ത് അംഗീകരിക്കുക എന്നത് അഹ്ലുസ്സുന്നത്തിന്റെ അടിസ്ഥാന സിദ്ധാന്തമാണ്. സ്വഹാബത്തിനും ഈ ഉമ്മത്തിലെ ഗതകാല ഇമാമുകള്‍ക്കും ഇത് എത്രയോ ഉണ്ടായിട്ടുണ്ട്. അവസാന നാള്‍ വരെ ഇത് നിലനില്‍ക്കുകയും ചെയ്യും’ (മജ്മൂറസാഇലില്‍ കുബ്റ, ഇബ്നുതൈമിയ്യ, 1/404).

അമ്പിയാക്കള്‍ക്കുണ്ടാകുന്ന മുഅ്ജിസത്തുകളൊക്കെ ഔലിയാക്കള്‍ക്ക് കറാമത്തായി ഉണ്ടാകാമെന്നാണ് പണ്ഢിത മതം. വളരെ ചെറിയ ഒരു ന്യൂനപക്ഷം ഇതില്‍ ഭിന്നാഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അത് തികച്ചും ബാലിശമായ അഭിപ്രായമാണെന്നും ബഹുഭൂരിപക്ഷം പണ്ഢിതന്മാരും മുഅ്ജിസത്തുകളൊക്കെ കറാമത്തായി ഉണ്ടാകുമെന്ന അഭിപ്രായക്കാരാണെന്നും ഇമാമുല്‍ ഹറമൈനി(റ) തന്റെ അല്‍ ഇര്‍ശാദിലും ഇമാം അബൂനസ്വ്ര്‍(റ) തന്റെ അല്‍ മുര്‍ശിദിലും ഇമാം നവവി(റ) തന്റെ ശറഹു മുസ്ലിമിലും പറഞ്ഞിട്ടുണ്ട്. (ഫതാവല്‍ ഹദീസിയ്യ, പേജ് 108) ശറഹുല്‍ ഫിഖ്ഹില്‍ അക്ബര്‍, പേജ് 63).

പ്രവാചകന്മാരുടെ ഉദ്ദേശ്യത്തിനും ഇച്ഛക്കുമനുസരിച്ച് മുഅ്ജിസത്തുകള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്നതുപോലെ ഔലിയാക്കളുടെ ഉദ്ദേശ്യമനുസരിച്ച് കറാമത്തുകളും പ്രകടിപ്പിക്കാന്‍ കഴിയും. ഇതിന് നിരവധി തെളിവുകളുണ്ട്. നാം നേരത്തെ വിവരിച്ച ബഹു. ജുറൈജ്(റ)ന്റെ സംഭവം ഇതിനു മികച്ച തെളിവാണ്. ബുഖാരിയും മുസ്ലിമും റിപ്പോര്‍ ട്ടു ചെയ്ത ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ഹാഫിള് ഇബ്നുഹജര്‍(റ) പറയുന്നു. “ഈ ഹദീസ് ഔലിയാക്കളുടെ കറാമത്ത് സ്ഥാപിക്കുന്നതിനും അത് അവരുടെ ഉദ്ദേശ്യമനുസരിച്ച് ഉണ്ടാകുമെന് സ്ഥിരീകരിക്കുന്നതിനും തെളിവാണ്” ഫത്ഹുല്‍ബാരി 6/383 നോക്കുക. ഇതേ ആശയം ഇമാം നവവി(റ) തന്റെ ശര്‍ഹു മുസ്ലിം 6/108ലും ഇമാം ഖസ്ത്വല്ലാനി തന്റെ ഇര്‍ശാദുസ്സാരി 5/412ലും ഇമാം ബദ്റുദ്ദീനുല്‍ ഐനി തന്റെ ഉംദതുല്‍ ഖാരി 16/31ലും പറഞ്ഞിട്ടുണ്ട്. ഔലിയാക്കളുടെ ഉദ്ദേശ്യമനുസരിച്ച് കറാമത്ത് പ്രകടിപ്പിക്കാന്‍ കഴിയുമെന്ന് ഹാശിയത്തുല്‍ ബന്നാനി 2/430ലും ഇമാം റംലി(റ) തന്റെ ഫതാവാ 4/382ലും ഹാശിയതുല്‍ അത്ത്വാറില്‍ 2/481ലും തഫ്സീര്‍ റൂഹുല്‍ബയാന്‍ 6/351ലും പറഞ്ഞിട്ടുണ്ട്. ഇമാം ബുഖാരി(റ) റിപ്പോര്‍ട്ടുചെയ്യുന്ന ഒരു ഹദീസ് ശ്രദ്ധിക്കുക. നബി(സ്വ) പറഞ്ഞു. “അല്ലാഹു പറഞ്ഞിരിക്കുന്നു. ഫര്‍ളായ ഇബാദത്തുകള്‍ക്കു പുറമെ സുന്നത്തായ അമലുകള്‍ ചെയ്തു എന്റെ അടിമകള്‍ എന്നിലേക്ക് അടുക്കുകയും ഞാനവനെ സ്നേഹിക്കുകയും ചെയ്യും. അങ്ങനെ അവന്‍ കേള്‍ക്കുന്ന കാതും കാണുന്ന കണ്ണും നടക്കുന്ന കാലും പിടിക്കുന്ന കയ്യും ഞാനാകും. അവന്‍ എന്നോട് ചോദിച്ചാല്‍ ഞാനത് അവന് കൊടുക്കും. അവന്‍ കാവലാവശ്യപ്പെട്ടാല്‍ ഞാനവന് കാവല്‍ നല്‍കും” (ബുഖാരി 2/963).

ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ഹാഫിള്ബ്നുഹജര്‍(റ) പറയുന്നു. അവന്റെ കയ്യും കാലും ചെവിയും ഒക്കെ അല്ലാഹു ആകുമെന്നു പറഞ്ഞതുകൊണ്ട് വിവക്ഷ, അവന്റെ ഉദ്ദേശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിലും അവന്റെ കാഴ്ചയിലും കേള്‍വിയിലുമൊക്കെ ഞാനവനെ പ്രത്യേകമായി സഹായിക്കുകയും അവന്റെ ആവശ്യങ്ങള്‍ ധൃതഗതിയില്‍ ഞാന്‍ പൂര്‍ത്തീകരിക്കുകയും ചെയ്യും എന്നാണ്’ (ഫത്ഹുല്‍ ബാരി 11/344).

ഈ ഹദീസിന്റെ യാഥാര്‍ഥ്യം ഗ്രഹിച്ചാല്‍ ഔലിയാക്കള്‍ക്ക് അവരുടെ ഉദ്ദേശ്യമനുസരിച്ച് കറാമത്തുകള്‍ പ്രകടിപ്പിക്കാന്‍ കഴിയുമെന്ന് വ്യക്തമാകും.

അമ്പിയാക്കളുടെ മുഅ്ജിസത്ത് മരണശേഷം മുറിഞ്ഞുപോകാത്തപോലെ ഔലിയാക്കളുടെ കറാമത്തും മരണത്തോടെ മുറിഞ്ഞുപോവുകയില്ല. വിശുദ്ധഖുര്‍ആനിലും സുന്നത്തിലും ഇതിന് ധാരാളം തെളിവുകള്‍ കണ്ടെത്താനാകും. ഔലിയാക്കളില്‍ പ്രമുഖരായ ശുഹദാക്കളെ (രക്തസാക്ഷികള്‍) കുറിച്ച് അല്ലാഹു പറയുന്നു: “അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വധിക്കപ്പെട്ടവര്‍, അവര്‍ മരണപ്പെട്ടവരാണെന്ന് നിങ്ങള്‍ ധരിക്കരുത്. പക്ഷേ, അവര്‍ ജീവിച്ചിരിക്കുന്നവരും റബ്ബിന്റെ അടുക്കല്‍ പ്രത്യേക സ്ഥാനമുള്ളവരും ഭക്ഷണം നല്‍കപ്പെടുന്നവരുമാണ്” (ആലു ഇംറാന്‍, 169).

വീണ്ടും ഖുര്‍ആന്‍ പറയുന്നു: ‘(ശത്രുക്കള്‍ വധിച്ച ഹബീബുന്നജ്ജാറിനോട്) പറയപ്പെട്ടു. നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുക. അദ്ദേഹം പറഞ്ഞു. എന്റെ റബ്ബ് എനിക്ക് പൊറുത്തു തരികയും കറാമത്തുള്ളവരില്‍ എന്നെ ഉള്‍പ്പെടുത്തുകയും ചെയ്ത വിവരം എന്റെ ജനങ്ങള്‍ അറിഞ്ഞുവെങ്കില്‍ നന്നായിരുന്നു’ (യാസീന്‍ 28, 29). അങ്ങനെ ഹബീബിനെ വധിച്ച ശത്രുക്കളില്‍ അല്ലാഹു ശിക്ഷ ഇറക്കുകയും അവരെ നാമാവശേഷമാക്കുകയും ചെയ്തു (ഖുര്‍തുബി 15/20). ഇവ അല്ലാഹുവിന്റെ ഇഷ്ടദാസനായ ഹബീബുന്നജ്ജാറിന്റെ കറാമത്താണെന്ന് പറയേണ്ടതില്ലല്ലോ. ഖുര്‍ആന്‍ വീണ്ടും വ്യക്തമാക്കുന്നു. ‘സജ്ജനങ്ങളെപ്പോലെ ജീവിതവും മരണവും തുല്യമാകുന്ന വിധത്തില്‍ കുറ്റവാളികളെയും നാം ആക്കുമെന്ന് അവര്‍ വിചാരിക്കുന്നുവോ, അവരുടെ വിധി വളരെ ചീത്തയാകുന്നു’ (അല്‍ ജാസിയ 27).

ഈ ആയത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം ബൈളാവി(റ) പറയുന്നതു കാണുക: “ജീവിത കാലത്തും മരണശേഷവും സന്തോഷത്തിലും കറാമത്തിലും സജ്ജനങ്ങളെ ആക്കുന്നതുപോലെ കുറ്റവാളികളെ അല്ലാഹു ആക്കുന്നതല്ല” (ബൈളാവി, 5/71).

ഇങ്ങനെ തുടങ്ങി ഒട്ടനവധി ആയത്തുകളില്‍ നിന്ന് കറാമത്തുകള്‍ മരണശേഷം മുറിഞ്ഞുപോവുകയില്ലെന്ന് ഗ്രഹിക്കാം.

മഹത്തുക്കളില്‍ നിന്ന് മരണശേഷം കറാമത്തുണ്ടായതായി ഹദീസ് ഗ്രന്ഥങ്ങളില്‍ ധാരാളമായി കാണാം. ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്നു. ‘ഉഹ്ദ് യുദ്ധത്തില്‍ ശഹീദായ അബ്ദുല്ലാ(റ)വിന് അദ്ദേഹത്തിന്റെ ജനാസ എടുക്കുന്നതുവരേക്കും മലകുകള്‍ നിഴലിട്ടു കൊടുത്തിരുന്നുവെന്ന് നബി(സ്വ)പറഞ്ഞു (ബുഖാരി 1/166). മഹാനായ അബൂബക്കര്‍ സ്വിദ്ദീഖ്(റ)ന്റെ ജനാസ പ്രവാചക പ്രഭുവിന്റെ ഖബറിങ്ങല്‍ വെച്ച് അവിടുത്തെ സമീപത്ത് മറവുചെയ്യാന്‍ ചോദിച്ചപ്പോള്‍ ഒരു വിളിയാളം ശ്രദ്ധയില്‍പെട്ടു. സ്നേഹിതനെ സ്നേഹിതന്റെ കൂടെ മറവുചെയ്യുക (തഫ്സീര്‍ റാസി 5/478).

ഖുര്‍ആന്‍ അല്ലാഹുവിന്റെ സൃഷ്ടിയാണെന്ന വാദത്തിനെതിരെ ശബ്ദിച്ചതിന്റെ പേരില്‍ വധിക്കപ്പെട്ട അഹ്മദുബ്നു നസ്വ്റില്‍ ഖുസാഇ(റ)ന്റെ ശിരസ്സ് ബഗ്ദാദില്‍ നാട്ടപ്പെടുകയും ശിരസ്സ് സൂക്ഷിക്കാന്‍ ശത്രുക്കള്‍ ഒരാളെ ഏല്‍പ്പിക്കുകയും ചെയ്തു. പക്ഷേ, രാത്രിയില്‍ മഹാനവര്‍കളുടെ ശിരസ്സ് ഖിബ്ലയിലേക്ക് സ്വയം തിരിയുകയും യാസീന്‍ പാരായണം ചെയ്യുകയും ചെയ്യുന്നതായി കാവല്‍ക്കാരന് കാണാന്‍ കഴിഞ്ഞു. ഇമാം സുയൂഥി(റ) തന്റെ താരീഖുല്‍ ഖുലഫാഅ് 236- റാം പേജില്‍ ഈ സംഭവം ഉദ്ധരിച്ചിട്ടുണ്ട്.

മഹാനായ ആസ്വിം(റ)നെ ശത്രുക്കള്‍ പിടിച്ചു വധിച്ച ശേഷം അദ്ദേഹത്തിന്റെ ശരീരത്തിന്റെ ചില ഭാഗങ്ങള്‍ മുറിച്ചു ശത്രുനേതാക്കളുടെ അടുത്തേക്ക് കൊണ്ടുപോകാന്‍ വേണ്ടി അവര്‍ ശ്രമിച്ചെങ്കിലും അല്ലാഹു അവര്‍ക്കെതിരെ ഒരു കടന്നല്‍ കൂട്ടത്തെ പറഞ്ഞയച്ചു അവരെ തുരത്തിയ സംഭവം ഇമാം ബുഖാരി(റ) തന്റെ സ്വഹീഹ് 2/569ല്‍ രേഖപ്പെടുത്തിയതാണ്. ഈ സംഭവങ്ങളില്‍ നിന്നെല്ലാം മരണപ്പെട്ട ശേഷവും ഔലിയാക്കളില്‍ നിന്ന് കറാമത്തുണ്ടാകുമെന്നും വ്യക്തമായി. അതുകൊണ്ടുതന്നെ അല്ലാമാ ഇമാം റംലി(റ) പറയുന്നു: ‘അമ്പിയാക്കളുടെ മുഅ്ജിസതും ഔലിയാക്കളുടെ കറാമത്തും മരണത്തോടെ മുറിയുകയില്ല’ (ഫതാവാറംലി 4/382).

കറാമത്തുകള്‍ പലവിധത്തില്‍ ഉണ്ടാകുമെന്ന് ബഹു. ഇമാം സുബ്കി(റ) തന്റെ ത്വബഖാതില്‍ പറയുന്നു.

1. മരണപ്പെട്ടവരെ ജീവിപ്പിക്കല്‍. മഹാനായ ഈസാനബി(അ) മരണപ്പെട്ടവരെ ജീവിപ്പിക്കുമെന്നു പ്രഖ്യാപിച്ചത് വിശുദ്ധഖുര്‍ആനില്‍(3/49) കാണാം. ഇതുപോലെ മരണപ്പെട്ടവരെ ജീവിപ്പിച്ച എത്രയോ സംഭവങ്ങള്‍ ഔലിയാക്കളുടെ ചരിത്രത്തിലുമുണ്ട്. ശൈഖ് മുഹ്യിദ്ദീന്‍(റ) ജീവനില്ലാത്ത കോഴിയുടെ മുള്ളുകള്‍ ഒരുമിച്ചുകൂട്ടി എഴുന്നേല്‍ക്കാന്‍ പറയുകയും അത് ജീവനോടെ പറക്കുകയും ചെയ്ത സംഭവം പ്രസിദ്ധമാണ്. ഒട്ടേറെ പണ്ഢിതരില്‍ നിന്ന് ഈ സംഭവം ഇമാം യാഫിഈ(റ) ഉദ്ധരിച്ചതായി ഫതാവല്‍ ഹദീസിയ്യ പേജ് 303ല്‍ കാണാം.

2. മരണപ്പെട്ടവരോട് സംസാരിക്കുക. നബി  (സ്വ)യുടെ കാലത്ത് പള്ളി അടിച്ചുവൃത്തിയാക്കിയിരുന്ന സ്ത്രീ മരണപ്പെടുകയും നബി(സ്വ) അറിയാതെ സ്വഹാബികള്‍ മറമാടുകയും ചെയ്തു. ഈ വിവരം നബി(സ്വ) അറിഞ്ഞപ്പോള്‍ ആ സ്ത്രീയുടെ ഖബറിനരികെ ചെന്ന് മയ്യിത്ത് നിസ്കരിക്കുകയും ഖബറിലുള്ള ആ സ്ത്രീയോട് നബി(സ്വ) സംസാരിക്കുകയും ചെയ്തതായി ‘അത്തര്‍ ഗീബു വത്തര്‍ഹീബില്‍ (1/197) കാണാവുന്നതാണ്.

3. സമുദ്രം പിളരുക. വെള്ളത്തിന്റെ മുകളിലൂടെ നടക്കുക. ഇതും പല ഔലിയാക്കളെ തൊട്ടും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

4. ദ്രാവകങ്ങള്‍ തരംമറിയല്‍.

5. ഭൂമിയുടെ വഴിദൂരം ചുരുങ്ങുക.

6. അചേതന വസ്തുക്കള്‍ സംസാരിക്കുക.

7. രോഗം സുഖപ്പെടുത്തുക.

8. മനുഷ്യേതര ജീവികള്‍ തന്റെ കല്‍പ്പനകളനുസരിക്കുക. 9. കാലദൈര്‍ഘ്യം ചുരുങ്ങുകയും ദീര്‍ഘമാവുകയും ചെയ്യുക.

10. പ്രാര്‍ഥിക്കുന്ന ഉടനെ ഉത്തരം ലഭിക്കല്‍.

11. അദൃശ്യകാര്യങ്ങള്‍ പ്രവചിക്കുക.

12. ദീര്‍ഘകാലം ഭക്ഷണവും വെള്ളവുമില്ലാതെ ക്ഷമിക്കുക.

13. മറകളുടെ പിന്നില്‍ നിന്ന് പോലും വിദൂരസ്ഥലം ദര്‍ശിക്കല്‍.

14. വ്യത്യസ്തമായ രൂപം പ്രാപിക്കുക.

15. ഭൂമിയിലെ നിക്ഷേപങ്ങളെ കുറിച്ച് അറിയല്‍.

16. വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ വളരെയധികം ഗ്രന്ഥങ്ങള്‍ രചിക്കാന്‍ കഴിയുക.

(ഇമാം ശാഫിഈ(റ) ഇമാമുല്‍ ഹറമൈനി(റ), ഇമാം നവവി(റ) എന്നിവര്‍ ഉദാഹരണം)

17. വിഷാംശം ശരീരത്തില്‍ ഫലിക്കാതിരിക്കുക. (ഖാലിദ്(റ) വിഷം കുടിക്കുകയും യാതൊന്നും സംഭവിക്കാതിരിക്കുകയും ചെയ്തത് ഉദാഹരണം).

ഇങ്ങനെ തുടങ്ങി നൂറോളം ഇനങ്ങള്‍ ഉണ്ടാകുമെന്ന് ഇമാം സുബ്കി(റ) പറഞ്ഞതായി അല്ലാമാ യൂസുഫുന്നബ്ഹാനി(റ) തന്റെ ജാമിഉ കറാമാതില്‍ ഔലിയ 1/47ലും ഹുജ്ജത്തുല്ലാഹി അലല്‍ ആലമീന്‍ (പേജ് 855) പറഞ്ഞിട്ടുണ്ട്.

ഇങ്ങനെയുള്ള വിവിധതരം കറാമത്തുകള്‍ ഒട്ടനവധി ഔലിയാക്കള്‍ക്കുണ്ടായതായി ചരിത്ര ഗ്രന്ഥങ്ങളില്‍ കാണാം. ഇതുപക്ഷേ, കൂടുതല്‍ കാണുന്നത് പില്‍ക്കാലക്കാരായ ഔലിയാക്കളിലാണെന്നതുകൊണ്ട് ഏറ്റവും ഉന്നതര്‍ കറാമത്തുകള്‍ കൂടുതലുണ്ടാകുന്നവരാണെന്ന് ധരിക്കരുത്. ഇമാം ശഅ്റാനി(റ) യവാഖീതില്‍ ഇത് പറഞ്ഞിട്ടുണ്ട്. പ്രവാചകന്മാര്‍ കഴിഞ്ഞാല്‍ ശ്രേഷ്ഠത കൂടിയത് സ്വഹാബികള്‍ക്കാണ്. ഇവര്‍ ഔലിയാക്കളില്‍ ഏറ്റവും പ്രമുഖരുമാണ്. നിരവധി കറാമത്തുകള്‍ പ്രകടിപ്പിച്ച മുഹ്യിദ്ദീന്‍ ശൈഖ്(റ) പോലും സ്വഹാബത്തിനെക്കാള്‍ വലിയ ഔലിയ അല്ല. സ്വഹാബികള്‍ക്ക് നബി(സ്വ)യില്‍ന ിന്ന് തന്നെ നേരിട്ട് കാര്യങ്ങള്‍ ഗ്രഹിക്കാനും ബന്ധപ്പെടാനും കഴിഞ്ഞിട്ടുണ്ടെന്നതുകൊണ്ട് തന്നെ മറ്റാരെക്കാളും അവരുടെ സ്ഥാനം വളരെ കൂടുതലാണ്. സ്വഹാബത്തിന്റെയും താബിഈങ്ങളുടെയും കാലശേഷം ജീവിക്കുന്നവര്‍ നബി(സ്വ)യുമായി അകലുന്നതിനാല്‍ അവരുടെ ഈമാന്‍ ശക്തിപ്പെടുത്തുന്നതില്‍ ആവശ്യം നേരിട്ടതുകൊണ്ടാണ് പില്‍ക്കാലത്തുള്ളവരില്‍ കറാമത്ത് കൂടുതലായി കാണാന്‍ കഴിയുന്നതെന്ന് ഇവ്വിഷയകമായി മറുപടി പറയവെ ബഹു. ഇമാം അഹ്മദുബ്നു ഹമ്പല്‍(റ) പറഞ്ഞതായി ഇമാം സുബുകി(റ) തന്റെ ത്വബഖാതില്‍ പ്രസ്താവിച്ചിട്ടുണ്ട്. ജാമിഉ കറാമതില്‍ ഔലിയ 1/37ലും ഇമാം ശഅ്റാനിയുടെ അല്‍യവാഖീതു വല്‍ ജവാഹിര്‍ 2/103ലും ഇപ്രകാരം കാണാം.


RELATED ARTICLE

  • ഖാളി മുഹമ്മദിന്റെ കാല്‍പ്പാടുകള്‍ തേടി
  • മാലകള്‍ പെയ്തിറങ്ങിയ മുസ്ലിം മനസ്സുകള്‍
  • ഊതിക്കാച്ചിയ പൊന്ന്
  • കറാമത്തുകള്‍
  • ഔലിയാക്കള്‍
  • ബാഗ്ദാദ്: നൂറ്റാണ്ടുകളിലൂടെ
  • ശൈഖ് രിഫാഈ: ധന്യജീവിതത്തില്‍നിന്നല്‍പ്പം
  • ത്വരീഖത്ത് സത്യവും മിഥ്യയും
  • സയ്യിദ് അഹ്മദുല്‍ കബീര്‍ രിഫാഈ(റ)