Click to Download Ihyaussunna Application Form
 

 

ത്വരീഖത്ത് സത്യവും മിഥ്യയും

പ്രപഞ്ചത്തിന്റെ ആകെ തുകയാണ് മനുഷ്യന്‍. ഈ അണ്ഡകടാഹങ്ങളത്രയും സൃഷ്ടിക്കപ്പെട്ടത് അവന് വേണ്ടിയാണ്. ഏത് വസ്തുവുമായും സമീപമോ വിദൂരമോ ആയ ബന്ധം മനുഷ്യനുണ്ട്. പ്രപഞ്ചമുള്‍ക്കൊള്ളുന്ന മനുഷ്യേതര സൃഷ്ടി ലോകത്തിന്റെ നിലനില്‍പ്പ് മനുഷ്യനെ ആശ്രയിച്ചുകൊണ്ടല്ല. അതേ സമയം മനുഷ്യന്‍ ഏതിലേക്കും ആശ്രയിക്കേണ്ടവനാണ് പ്രപഞ്ചമാകയും സംവിധാനിക്കപ്പെട്ടത് മനുഷ്യന് വേണ്ടിയാണെങ്കില്‍ അവനൊരു ലക്ഷ്യമുണ്ടായിരിക്കണം. ഒരു ലക്ഷ്യവുമില്ലാത്ത മനുഷ്യ ജീവി തം നിരര്‍ത്തകമാകും. ലക്ഷ്യമൊരിക്കലും പ്രകൃതി വിരുദ്ധമായിക്കൂടാ. ശാശ്വതമായി ജീവിക്കുക. ശാശ്വതമായി സുഖിക്കുക എന്നത് മനുഷ്യന്റെ എക്കാലത്തുമുള്ള ആഗ്രഹമാണ്. സുഖലോലുപതയുടേയും ശാന്തിയുടേയും വീട്ടിലേക്കാണ് അല്ലാഹു ക്ഷണിക്കുന്നത്  എന്ന ഖുര്‍ആനിക പ്രഖ്യാപനത്തിലൂടെ മനുഷ്യന്റെ പ്രകൃതിപരമായ ഇച്ഛയെ പരിഗണിക്കുകയാണ് ഇസ്ലാം ചെയ്യുന്നത്. ഈ ലക്ഷ്യം പ്രാപ്പിക്കണമെങ്കില്‍ മനുഷ്യന്‍ ഋജുവായ ഒരു മാര്‍ഗത്തിലൂടെ ചലിക്കണം. “ഓ സത്യവിശ്വാസികളെ! നിങ്ങള്‍ അല്ലാഹുവിനെ ഭയപ്പെടേണ്ട ക്രമത്തില്‍ ഭയപ്പെടുക” എന്ന ആയത്തിലൂടെ ലക്ഷ്യത്തിലേക്കുള്ള ഋജുവായ മാര്‍ഗമാണ് ഖുര്‍ആന്‍ വരച്ച് കാട്ടുന്നത്.

ലക്ഷ്യാദിഷ്ഠിത ജീവിതവും തദനുസൃതമായ മാര്‍ഗ്ഗവും സത്യാ അസത്യ വിവേചനത്തിനുള്ള ശേഷിയുമാണ് മനുഷ്യനെ ഇതരരില്‍ നിന്ന് വേര്‍തിരിക്കുന്നത്. വിവേചന ശേഷി ഉപയോഗപ്പെടുത്തി ആത്മാവിന് നല്‍കപ്പെടുന്ന ആത്മീയ പോഷണത്തെ ആശ്രയിച്ചു നില്‍ക്കുന്നതാണ് മനുഷ്യന്റെ ജയപരാജയങ്ങള്‍. നിശ്ചിത ലക്ഷ്യ സാക്ഷാല്‍ക്കാരത്തിന് വേണ്ടി ജീവിക്കുന്ന മനുഷ്യന് തന്റെ ജീവിത സരണിയില്‍ അഭിമുഖീകരിക്കുന്ന അഖില പ്രശ്നങ്ങളിലേക്കും ഇറങ്ങിച്ചെന്നുകൊണ്ട് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്ന നിയമ വ്യവസ്ഥിതിയാണ് മതനിയമങ്ങള്‍ (ശരീഅത്ത്) എന്നു വിശേഷിപ്പിക്കപ്പെടുന്നത്. നിയമ വ്യവസ്ഥിതിക്കനുസൃതമായി മാത്രം മനുഷ്യ ജീവിതം ക്രമീകരിക്കപ്പെടുമ്പോഴാണ് മനുഷ്യന്‍ ശരീഅത്തിനെ അനുസരിച്ചവനാവുന്നത്.

ശരീഅത്തും ത്വരീഖത്തും

ഈ നിയമങ്ങള്‍ക്കനുസൃതമായി ബാഹ്യ ചലനങ്ങള്‍ ക്രമീകരിക്കുന്നതിന് ശരീഅത്ത് എന്നും, ആത്മീയ സല്‍ഗുണങ്ങള്‍ കൊണ്ട് ആന്തരിക ചലനങ്ങള്‍ ക്രമീകരിക്കുന്നതിന് ത്വരീഖത്ത് എന്നും പറയുന്നു. (ഈഖാളുല്‍ ഹിമം നോക്കുക). ഇമാം ശഅ്റാനി(റ) പറയുന്നു. ത്വരീഖത്തില്‍ പ്രവേശിക്കുന്നവന്‍ വഴിതെറ്റാതിരിക്കണമെങ്കില്‍  ‘ളാഹിറുശ്ശരീഅത്തി’ (പ്രത്യക്ഷമതനിയമം) ല്‍ നിന്ന് അണു അളവോളം തെറ്റാതിരിക്കുകയും മുജ്തഹിദുകളും അവരെ അനുഗമിച്ച ഇമാമുകളും സ്വീകരിച്ച മാര്‍ഗ്ഗം പൂര്‍ണമായി അംഗീകരിക്കലും, അല്ലാത്തവ തള്ളിക്കളയലും അനിവാര്യമാണ് (ലത്വാഇഫുല്‍ മിനന്‍: 84). ബഹു: അബ്ദുല്‍ ഗനിയ്യുന്നാബല്‍സി(റ) പറയുന്നു: അഗ്രഗണ്യരായ സ്വൂഫിയാക്കളാരും തന്നെ ശരീഅത്തിന്റെ നിയമങ്ങളില്‍ നിന്ന് വല്ലതും നിന്ദിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്തിട്ടില്ലെന്ന് മാത്രമല്ല അവരെല്ലാം പൂര്‍ണ്ണമയി ശരീഅത്ത് നിയമങ്ങള്‍ അംഗീകരിക്കുകയും അതനുസിരിച്ചു മാത്രം പ്രവര്‍ത്തിക്കുകയും ചെയ്തവരായിരുന്നു. (നാബല്‍സി(റ)യുടെ അല്‍ ഹദീഖത്തുന്നദിയ്യ: 188/1 നോക്കുക) ഈ വിശദീകരണത്തില്‍ നിന്ന് ത്വരീഖത്തില്‍ പ്രവേശിക്കുന്ന വ്യക്തി ശരീഅത്ത് അല്‍പം പോലും കൈവിടാന്‍ പാടില്ലെന്നും ശരീഅത്തിലൂടെല്ലാതെ ത്വരീഖത്തില്‍ പ്രവേശിക്കുക സാധ്യമല്ലെന്നും വ്യക്തമായി.

ത്വരീഖത്തില്‍ പ്രവേശിക്കുന്നതോടെ ശരീഅത്തിനെ പുഛിക്കുന്ന വിവര ദോശികളെ ബഹു: അബ്ദുല്ലാഹില്‍ ഹൈദറൂസി(റ) കൈകാര്യം ചെയ്യുന്നത് കാണുക. ‘അല്ലാഹുവിലേക്കുള്ള മാര്‍ഗ്ഗമായി ത്വരീഖത്ത് വാദിക്കുകയും ശരീഅത്ത് കൈവിടുകയും ചെയ്യുന്നത് തികഞ്ഞ അജ്ഞതയും ആരെയോ അനുകരിച്ചു പറയുന്നതുമാണ് (മസ്ലകുല്‍ അത്ഖിയാഅ്:13). ത്വരീഖത്തിലേക്ക് പ്രവേശിക്കുന്നവന്‍ ശരീഅത്തില്‍ പൂര്‍ണ സൂക്ഷ് മത പാലിക്കല്‍ കൂടി അനിവാര്യമാണ്. ഉദാഹരണത്തിന് ഹറാം കലര്‍ന്നതായി ഉറപ്പ് ലഭിക്കാതിരിക്കുമ്പോള്‍ അത് ഭക്ഷിക്കുന്നതിന് ശരീഅത്ത് എതിരല്ല. എന്നാല്‍ ത്വരീഖത്തില്‍ പ്രവേശിച്ചവന്‍ സൂക്ഷ്മതക്ക് വേണ്ടി അത്തരം ഭക്ഷണങ്ങള്‍ ഉപേക്ഷിക്കേണ്ടതാണ്. ദീര്‍ഘ യാത്രയില്‍ നോമ്പുപേക്ഷിക്കുക എന്നത് ഇസ്ലാം അനുവദിച്ച ഒരു ഇളവാണ്. പക്ഷേ, സൂക്ഷ്മത മറിച്ചായതുകൊണ്ട് ത്വരീഖത്തുകാരന്‍ പ്രസ്തുത ഇളവ് സ്വീകരിക്കാതെ യാത്രാവേളയിലും നോമ്പനുഷ്ഠിക്കേണ്ടതാണ്. ബഹു: മഖ്ദൂം(റ) തങ്ങള്‍ തന്റെ അദ്കിയാഇല്‍ പറയുന്നു. “ശരീഅത്ത് എന്നാല്‍ അല്ലാഹുവിന്റെ ദീന്‍കൊണ്ട് പിടിച്ചു നില്‍ക്കലും ത്വരീഖത്ത് എന്നാല്‍ അതില്‍ സൂക്ഷ്മത പാലിക്കലുമാണ്”.

ഈ പറഞ്ഞതില്‍ നിന്ന് ശരീഅത്തും ത്വരീഖത്തും ലക്ഷ്യത്തിലേക്കുള്ള വ്യത്യസ്തമായ രണ്ട് മാര്‍ഗ്ഗമല്ലെന്നും മറിച്ച് ശരീഅത്തിന്റെ സമ്പൂര്‍ണ്ണതക്കുള്ള ഉപാധി മാത്രമാണ് ത്വരീഖത്തെന്നും വ്യക്തമായി. ശരീഅത്ത് മുഹമ്മദ്(സ്വ)ക്കും ത്വരീഖത്ത് ഔലിയാക്കള്‍ക്കും അവതരിച്ചതാണെന്ന വാദഗതി തനി വ്യാജമാണെന്ന് ഇടക്ക് പറഞ്ഞുകൊള്ളട്ടെ (ഹിദായത്തുല്‍ മുതലത്ത്വിഖ്: 24 നോക്കുക). ഈ വ്യാജ വാദത്തിന്റെ മറപറ്റി ഖുര്‍ആനും സുന്നത്തും ശരീഅത്ത് മാത്രമേ പരാമര്‍ശിച്ചിട്ടുള്ളുവെന്നും ത്വരീഖത്ത് അടിസ്ഥാനരഹിതമാണെന്നും വാദിക്കുന്നത് അജ്ഞതയോ ധിക്കാരമോ ആണ്. ഖുര്‍ആനില്‍ ഒട്ടേറെ സ്ഥലങ്ങളില്‍ ത്വരീഖത്തിലേക്ക് സൂചനയുള്ളതായി ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം റാസി(റ)യുടെ മഫാത്തിഹുല്‍ ഗൈബ് 185, 186/1, ഇമാം സ്വാവി(റ)യുടെ ജലാലൈനി വ്യാഖ്യാനം 180/2, ഇമാം സുലൈമാനുല്‍ ജമലി(റ)ന്റെ അല്‍ ഫുതുഹാത്തുല്‍ ഇലാഹിയ്യ: 357/2 ഇതിനുദാഹരണങ്ങളാണ്.

ത്വരീഖത്തിന്റെ ആവശ്യം

ആത്മീയ പുരോഗതിയാണ് മനുഷ്യന്റെ ജയാപജയങ്ങളുടെ മാനദണ്ഡം. മനുഷ്യനെപ്പോഴും തടിയിഛയുടെ സന്തതിയാണ്. ആത്മീയ ചിന്തയില്‍ നിന്നും മനുഷ്യമനസ്സിനെ തിരിച്ചുവിട്ട് അവനെ വഴിതെറ്റിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ പിശാചു സദാ നടത്തികൊണ്ടിരിക്കും. ഇത് ഖുര്‍ആന്റെ തന്നെ പ്രഖ്യാപനമാണ്. പിശാചുമായി മനുഷ്യന്‍ നിരന്തരം നടത്തികൊണ്ടിരിക്കുന്ന സംഘട്ടത്തില്‍ മനുഷ്യന് പരാജയം സംഭവിക്കുമ്പോഴാണ് ഇബാദത്തുകളില്‍ ആത്മീയ ചൈതന്യം (ഇഖ്ലാസ്വ്) നഷ്ടപ്പെടുന്നത്. അതില്‍ നിന്ന് മനുഷ്യനെ രക്ഷപ്പെടുത്തുകയും അവന്റെ ഇബാദുത്തുകള്‍ക്ക് ആത്മീയ ചൈതന്യം (ഇഖ്ലാസ്വ്) കൈവരുത്തുകയും അല്ലാഹുവിന്റെ പൊരുത്തം കാംക്ഷിച്ച് നിഷ്കളങ്കതയോടെ അമല്‍ ചെയ്യുന്ന സ്ഥിതി വിശേഷത്തിലേക്ക് അവനെ എത്തിക്കുകയും ചെയ്യുക. ഇതാണ് ത്വരീഖത്ത് കൊണ്ട് ഉദ്ദേശ്യമെന്ന് അതിന്റെ മശാഇഖുമാര്‍ പ്രസ്താവിച്ചതായി ഇമാം അബ്ദുല്‍ വഹ്ഹാബു ശഅ്റാനി(റ) തന്റെ ലത്വാഇഫില്‍ മിനനില്‍ 48 ല്‍ പറഞ്ഞിട്ടുണ്ട്. ആത്മീയമായി നടക്കുന്ന ഈ ക്രമീകരണത്തെക്കുറിച്ചു തന്നെയാണ് ‘തസ്കിയത്തുന്നഫ്സ്’ (ആത്മശുദ്ധീകരണം) എന്ന് പണ്ഡിതന്മാര്‍ പറയുന്നത്.

ത്വരീഖത്തില്ലാതെ ശരീഅത്ത്?

പൂര്‍ണ്ണമായി തഖ്‌വയും നിഷ്കളങ്കതയുമാണ് ഇബാദത്തുകളില്‍ അല്ലാഹു കാംക്ഷിക്കുന്നത്. സാധാരണക്കാരില്‍ പലര്‍ക്കും അസാധ്യമായത് കൊണ്ട് ഇത് അവര്‍ക്ക് ഒരു നിര്‍ ബന്ധ ബാധ്യതയല്ല. “ക്രമപ്രകാരം അല്ലാഹുവിന് തഖ്‌വ  ചെയ്യുക” എന്ന ഖുര്‍ആനിക വചനം തഖ്‌വയുടെ അനിവാര്യതയെ വ്യക്തമാക്കുന്നുവെങ്കില്‍ അത് ചില പ്രത്യേക ക്കാരായ അടിമകള്‍ക്ക് മാത്രമാണ് ബാധകമാവുക എന്നു മുഫസ്സിറുകള്‍ വിവരിച്ചിട്ടുണ്ട്. കഴിവനുസരിച്ച് തഖ്‌വ ചെയ്താല്‍ മതി എന്ന ആശയം വരുന്ന ഖുര്‍ആനിക സൂ ക്തം ഈ ആശയത്തിന് ബലം നല്‍കുന്നു. ത്വരീഖത്തിനെ മാറ്റിനിര്‍ത്തികൊണ്ടുള്ള ശരീഅത്ത് സാധുവാണെന്ന് മേല്‍ വിവരണത്തില്‍ നിന്ന് വ്യക്തമാണ്. അത്കൊണ്ട് തന്നെ എല്ലാ വിഭാഗം ജനങ്ങളും ത്വരീഖത്തുമായി ബന്ധപ്പെടേണ്ടതില്ല. പ്രത്യുത ബഹുഭൂരി പക്ഷം മുസ്ലിംകളെ പിഴച്ചവരായി എഴുതിതള്ളേണ്ടിവരും. ഇത് ഇസ്ലാം ഒരിക്കലും അംഗീകരിക്കുന്നില്ല. ഇമാം ശഅ്റാനി(റ) പറയുന്നു. ശറഇയ്യായ വിധിവിലക്കുകള്‍ അറിവുള്ള ഒരു വ്യക്തി ഇബാദത്തുകളെല്ലാം അപാകതകള്‍ കൂടാതെ കൊണ്ടുവരുന്ന പക്ഷം അവനൊരു ശൈഖിലേക്കാവശ്യമില്ല. ഈ ഉദ്ധരണിയില്‍ നിന്ന് ത്വരീഖത്ത് ഒരു നിര്‍ബ ന്ധ ഘടകമല്ലെന്ന് വ്യക്തമാകുന്നു. സാധാരണ ജനങ്ങളെ ത്വരീഖത്ത് പട്ടം നല്‍കി ശൈ ഖ് ചമയുന്ന വ്യാജന്മാരെ പിശാചിന്റെ സേവകരായിട്ടാണ് ഇമാം ഗസ്സാലി(റ) വിവരിക്കുന്നത്. ഗസ്സാലി ഇമാം(റ) തന്നെ പറയട്ടെ:

“ദീനി വിജ്ഞാനമില്ലാത്ത സാധരണക്കാരെ അല്ലാഹുവിന്റ ആസ്തിക്യത്തിലും ഗുണങ്ങളിലും ചിന്തിപ്പിക്കുന്നത് പിശാചിന്റെ മാര്‍ഗ്ഗത്തില്‍ പെട്ടതാണ്. അല്ലാഹുവിന് ഇല്ലാത്ത കാര്യങ്ങള്‍ ഉള്ളതായി തെറ്റദ്ധരിക്കാന്‍ ഇത് നിമിത്തമാകും. അത് വഴി ദീനിന്റെ മൌലിക തത്വങ്ങളില്‍ സംശയിക്കാനിടവരുന്ന മനുഷ്യന്‍ കാഫിറോ മുബ്തദിയോ ആയിത്തീരുന്നു. നഗ്നമായ ഈ സത്യം ഗ്രഹിക്കാനാവാത്ത പാമരന്‍ തന്റെ മനസ്സിലുദിച്ചവയാണ് മഅ്രിഫത്തും കശ്ഫുമെന്ന് കരുതി സന്തുഷ്ടനാകുന്നു. ഇത്തരത്തിലുള്ളവന് ത്വരീഖത്തിനേക്കാള്‍  ഉത്തമം വ്യഭിചാരവും മോഷണവുമാണ്. കാരണം ഇത് രണ്ട് കൊണ്ടും അവന്‍ കാഫിറാവുകയില്ല. അതേ സമയം ഈ ത്വരീഖത്ത് പ്രവേശം കൊണ്ട് അവന്‍ അറിയാതെ കാഫിറാകുന്നുണ്ട്. നീന്തമറിയാത്തവന്‍ സമുദ്ര മധ്യേ യാത്ര ചെയ്യുന്നതിന് തുല്യമാണ് ഇവന്റെ ത്വരീഖത്ത് പ്രവേശം” (ഇഹ്യാ 31/3 നോക്കുക).

മുരീദും നിബന്ധനകളും

പൂര്‍ണ്ണ സൂക്ഷ്മതയോടെ അമല്‍ ചെയ്യുക വഴി അല്ലാഹുവിന്റെ സാമീപ്യം കരഗതമാക്കുക എന്ന ലക്ഷ്യത്തോടെ ആത്മ സംസ്കരണത്തിന്റെ മാര്‍ഗത്തില്‍ പ്രവേശിക്കുന്നവനെ കുറിച്ചാണ് സാങ്കേതികമായി സ്വൂഫികള്‍, മുരീദ് എന്ന് പറയുന്നത്. ആത്മ സംസ്കരണമാണല്ലോ ത്വരീഖത്ത് കൊണ്ടുദ്ദേശ്യം. ഇലാഹീ സാമീപ്യമാണ് ആത്യന്തികമായി അതുകൊണ്ട് ലക്ഷ്യമാക്കുന്നത്. വ്യാജ ത്വരീഖത്തുകാര്‍ മനസ്സിലാക്കിയത് പോലെ ഏവര്‍ക്കും പൂവന്‍ പഴം പോലെ വിഴുങ്ങാവുന്ന ഒന്നല്ലയിത്. പൂര്‍ണ്ണമായ ആത്മീയ ശിക്ഷണത്തിലൂടെ അല്ലാഹുവിന്റെ സാമീപ്യം കൈവരിക്കാന്‍ ഇറങ്ങിത്തിരിക്കുന്നവരുടെ മുമ്പില്‍ പ്രധാനമായും നാല് തടസ്സങ്ങളുണ്ടെന്ന് പണ്ഢിതന്‍മാര്‍ പറയുന്നു. പ്രസ്തുത പ്രതിബന്ധങ്ങള്‍ നിഷ്കാസിതമാവാതെ ത്വരീഖത്തിലേക്ക് പ്രവേശിക്കുന്ന പ്രശ്നമേ ഉദിക്കുന്നില്ല. ഇമാം ഗസ്സാലി(റ) മേല്‍ തടസ്സങ്ങള്‍ ഇപ്രകാരം എണ്ണുന്നു.

1. ധനം

2. ഉന്നത പദവി

3. അന്ധമായ അനുകരണം.

4. ദോഷങ്ങള്‍.

ഈ നാല് കാര്യങ്ങള്‍ അല്‍പം വിശദീകരിക്കാം.

സമ്പത്ത് മനുഷ്യന്റെ ദൌര്‍ബല്യമാണ്. സാമ്പത്തിക നേട്ടത്തിന് വേണ്ടി ഏത് ഹീന കൃ ത്യവും ചെയ്യാന്‍ മനുഷ്യന് അറപ്പില്ല. ത്വരീഖത്തുമായി ബന്ധപ്പെട്ട് അല്ലാഹുവിലേക്ക് പ്രയാണം നടത്തുന്നവന്റെ ഹൃദയം ഒരിക്കലും ധനസമ്പാദന മോഹത്തില്‍ കുരുക്കപ്പെട്ട് കൂട. ജീവിതത്തിന്റെ അത്യാവശ്യങ്ങള്‍ക്കപ്പുറമുള്ള സമ്പത്ത് തന്റെ ഉടമസ്ഥതയില്‍ നിന്ന് ഒഴിവാക്കപ്പെടുമ്പോള്‍ മാത്രമേ അവന്‍ മുരീദാകാനുള്ള യോഗ്യത കൈവരികച്ചവനാവുകയുള്ളൂ. ഐഹിക ജീവിതത്തില്‍ പേരും പെരുമയും ഉണ്ടാക്കുന്ന ഉന്നത പദവി മനുഷ്യനെ വഴിതെറ്റിക്കാന്‍ മതിയായ കാരണമാണ്. അതുകൊണ്ട് തന്നെ, പദവികള്‍ വഹിക്കേണ്ട സാഹചര്യങ്ങളില്‍ നിന്ന് മുരീദ് പൂര്‍ണമായും അകന്ന് നില്‍ക്കണം. അന്ധമായ അനുകരണം മനുഷ്യരെ പക്ഷപാതിയാക്കി മാറ്റും. പ്രബലമായ തെളിവിന്റെ വെളിച്ചത്തില്‍ സൂര്യപ്രകാശം പോലെ വ്യക്തമായ ഒരു കാര്യത്തില്‍ തന്റേതു മാത്രമേ സത്യമുള്ളൂ എന്ന ഭാവം കൂടുതല്‍ അപകടകരമാണ്. ഒരു മുരീദ് ഇത്തരമൊരവസ്ഥയില്‍ നിന്നും പൂര്‍ണ്ണമായും മോചിതനാകേണ്ടതുണ്ട്. ദോഷങ്ങള്‍ അല്ലാഹുവിലേക്കുള്ള പ്രയാണത്തില്‍ പ്രതിബന്ധമാകുമെന്ന് പറയേണ്ടതില്ലല്ലോ. അതുകൊണ്ട് മുരീദ് ദോഷങ്ങളില്‍ നിന്നും പൂര്‍ണ്ണമായും ഒഴിഞ്ഞ് നില്‍ക്കണം. നിര്‍വ്യാജമായ തൌബകൊണ്ട് മാത്രമേ ഇത് സാദ്ധ്യമാവുകയുള്ളൂ. ചെയ്ത് പോയ തെറ്റിന്റെ മേലുള്ള പശ്ചാതാപവും മേലില്‍ തെറ്റിലേക്ക് മടങ്ങുകയില്ലെന്ന് ദൃഢനിശ്ചയവും തൌബയുടെ പ്രധാന ഘടകങ്ങളാണ്. ഗീബത്ത്, നമീമത്ത് തുടങ്ങി മനുഷ്യനുമായി ബന്ധപ്പെട്ടതും വ്യഭിചാരം, മദ്യപാനം തുടങ്ങി അല്ലാഹുവുമായി ബന്ധപ്പെടുമായ മുഴുവന്‍ പാപങ്ങളില്‍ നിന്നും തൌബ വഴി മുരീദ് മുക്തി നേടേണ്ടതാണ്.

ചുരുക്കത്തില്‍, ത്വരീഖത്തിലൂടെ നടക്കുന്നത് മനുഷ്യന്റെ ആന്തരീക ശുദ്ധീകരണമാണ്.

ശരീഅത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായി അംഗീകരിച്ച ശേഷം മേല്‍ നിബന്ധനകള്‍ പാലിക്കുമ്പോള്‍ മാത്രമാണ് ത്വരീഖത്തിന്റെ ലോകത്തേക്ക് മനുഷ്യന് പ്രവേശം ലഭിക്കുന്നത്. ഇത് സംബന്ധമായി ഇമാം ഗസ്സലി(റ)യുടെ വാചകങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം. “മേല്‍ നിബന്ധനകള്‍ പൂര്‍ണ്ണമായി പാലിച്ച വ്യക്തി വുളു എടുത്ത് നിസ്കാരത്തിന് തയ്യാറാകുന്നവന്റെ സ്ഥാനത്താണ് എത്തിയിരിക്കുന്നത്. നിസ്കാരത്തിലൂടെ സത്യവിശ്വാസികള്‍ അല്ലാഹുവുമായി സംഭാഷണം നടത്തുകയാണ്  പൂര്‍ണ്ണമായ ശുദ്ധീകരണം ഇതിനു നിബന്ധനയാണ്. ഈ നിബന്ധന പാലിച്ച ശേഷമേ നിസ്കാരത്തിന് പൂര്‍ണ്ണതനല്‍കാനുതകുന്ന ജമാഅത്തിനെക്കുറിച്ചും ഇമാമിനെക്കുറിച്ചും ചിന്തിക്കുന്നതിലര്‍ഥമുള്ളൂ. ഇപ്രകാരം ശരീഅത്തിന്റെ പൂര്‍ത്തീകരണമായ ത്വരീഖത്തിലേക്ക് വഴികാട്ടുന്ന ശൈഖിനെക്കുറിച്ചുള്ള അന്വേഷണം തുടങ്ങണമെങ്കില്‍ മേല്‍ നിബന്ധനകള്‍ പാലിച്ചവനാകണം. അല്ലാത്ത പക്ഷം വുളു ഇല്ലാതെ ഇമാമിനെ തുടരുന്ന വിഡ്ഢി വേഷമായിരിക്കും മുരീദിന് വന്നു ചേരുക. നിബന്ധനകള്‍ പൂര്‍ണമായി പാലിച്ച ശേഷം അര്‍ഹനായ ഒരു ശൈഖുമായി മനുഷ്യന്‍ ബന്ധപ്പെടുന്നതോടെ അവന്റെ അവലംബമായ ശൈഖിന്റെ നിയന്ത്രണങ്ങള്‍ക്ക് പരിപൂര്‍ണ്ണമായി അവന്‍ വിധേയനാകേണ്ടതുണ്ട്”. (ഇഹ്യാ ഉലുമുദ്ദീന്‍ 65/3).

ബൈഅത്ത്

ഇത് പണ്ഢിതരുടെ ഏകോപനം (ഇജ്മാഅ്) കൊണ്ട് സ്ഥിരപ്പെട്ടതാണ്. സലഫിന്റെ കാലം തൊട്ടിന്നോളമുള്ള മുഴുവന്‍ സ്വാലിഹീങ്ങളും അഭിപ്രായഭിന്നത കൂടാതെ തുടര്‍ന്ന് വരുന്ന ബൈഅത്ത് സമ്പ്രദായത്തിന് ഖുര്‍ആന്റെയും ഹദീസിന്റെയും പിന്തുണ കൂടിയുണ്ട്. ‘അല്‍ ഹബ്ലുല്‍ മതീന്‍’ പേജ് 8 ല്‍ ആകെ ബൈഅത്തുകളെ 5 ഇനങ്ങളാക്കി തിരിച്ച ശേഷം അവസാനത്തേതായി ത്വരീഖത്തിന്റെ മശാഇഖന്മാര്‍ക്കിടയില്‍ അറിയപ്പെടുന്ന ബൈഅത്തിനെ എണ്ണിയതായി കാണാം. ശരീഅത്ത് നിയമങ്ങള്‍ പൂര്‍ണമായി പാലിക്കുക, അല്ലാഹുവില്‍ ചിന്തിക്കുക, ദിക്ര്‍ ചൊല്ലുക തുടങ്ങിയ കാര്യങ്ങളില്‍ മുരീദ് തന്റെ ശൈഖുമായി നടത്തുന്ന ഉടമ്പടിയെക്കുറിച്ചാണ് സാങ്കേതികമായി സ്വൂഫികള്‍ ബൈഅത്ത് എന്ന് പറയുന്നത്. ഇപ്രകാരമുള്ള ബൈഅത്ത് നബി(സ്വ) യുമായി ഞങ്ങള്‍ ചെയ്തുവെന്ന് സ്വഹാബിവര്യനായ ഉബാദത്തുബുനുസ്സ്വാമിത്(റ) റിപ്പോര്‍ട്ടു ചെയ്തത് സ്വൂഫിയാക്കള്‍ ബൈഅത്തിനു തെളിവാക്കിയിട്ടുണ്ട് (തഖ്രീബ്: 119).

ശൈഖും നിബന്ധനകളും

തടിയിഛയുടെ സന്തതിയായ മനുഷ്യന്‍ ത്വരീഖത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഒരു അര്‍ഹനായ ശൈഖിന്റെ നിയന്ത്രണം ആവശ്യമാണ്. ഇമാം റാസി(റ) പറയുന്നത് കാണുക. ജനങ്ങളില്‍ ഭൂരിപക്ഷവും ദുര്‍മാര്‍ഗ്ഗത്തിലേക്ക് വഴുതി വീഴാന്‍ സാധ്യതയുള്ളവരാണ്. ഈ ദുര്‍ഘടാവ്സ്ഥയില്‍ നിന്ന് സ്വയം രക്ഷപ്പെടുക സാധ്യമല്ല. നിബന്ധനകള്‍ പൂര്‍ണ്ണമായ ഒരു ശൈഖുമായി ബന്ധപ്പെടുക മാത്രമേ മാര്‍ഗമുള്ളൂ (തഫ്സീറു റാസി: 183/1).

തന്നെ ബൈഅത്ത് ചെയ്യുന്ന മുരീദിന്റെ മുഴുവന്‍ ചലനങ്ങളും അക്ഷരാര്‍ഥത്തില്‍ തന്നെ, നിയന്ത്രിക്കേണ്ടത് ശൈഖിന്റെ ബാധ്യതയാണ്. ആത്മ സംസ്കരണ മാര്‍ഗ്ഗത്തിലേക്ക് പ്രവേശനം ലഭിക്കണമെങ്കില്‍ മുരീദുകള്‍ കര്‍ക്കശമായ ചില നിബന്ധകള്‍ പാലിക്കേണ്ടതുണ്ടെന്ന് മുകളില്‍ വിവരിച്ചിട്ടുണ്ട്. അപ്രകാരം ശൈഖും ചില നിബന്ധനകള്‍ക്ക് വിധേയനാണ്. ‘ജാമിഉല്‍ ഉസ്വൂല്‍’ പേജ് 39 ല്‍ ശൈഖിനുണ്ടായിരിക്കേണ്ട അഞ്ച് നിബന്ധനകള്‍ വിവരിക്കുന്നുണ്ട്. കൂര്‍മ്മബുദ്ധി, ശരിയായ പാണ്ഢിത്യം, ശക്തമായ മനക്കുരുത്ത്, ശറഇല്‍ തൃപ്തികരമായ അവസ്ഥ, വിദൂര കാര്യങ്ങള്‍ ദര്‍ശിക്കാനുള്ള ഉള്‍ക്കാഴ്ച എന്നിവയാണിത്. എണ്ണിപ്പറയുന്ന ലാഘവത്തോടെ നേടിയെടുക്കാവുന്നതല്ല ഈ നിബന്ധനകള്‍. ആധുനിക ശൈഖുമാരുടെ തനിനിറം വ്യക്തമാവാന്‍ നിഷ്പക്ഷമതികള്‍ക്കിത്രയും മതിയാവും. നവീന ശൈഖുകളുടെ അപ്രതിരോധ്യമായ അരങ്ങേറ്റം ദീര്‍ഘ ദര്‍ശനം ചെയ്തിട്ടെന്നോണം ബഹു: അബ്ദുല്‍ അസീസുദ്ദബ്ബാഗ്(റ) പറയുന്നത് കാണുക. “തര്‍ബിയത്തിന്റെ ശൈഖിനെ തിരിച്ചറിയാന്‍ വ്യക്തമായ ചില അടയാളങ്ങളുണ്ട്. മുസ്ലിം ഉമ്മത്തില്‍ (സമുദായത്തില്‍) ഒരാളും ശത്രുവായി ഇല്ലാതിരിക്കുക. ലുബ്ധത ഇല്ലാതിരിക്കുക, തന്നോട് അനീതി കാണിക്കുന്നവരോട് സ്നേഹം പ്രകടിപ്പിക്കുക, മുരീദുമാരില്‍ നിന്നുണ്ടാവുന്ന അപാകതകള്‍ മാപ്പാക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ ഒരുമിച്ച് കൂടാത്തവന്‍ യഥാര്‍ഥ ശൈഖല്ല” (ഇബ്രീസ് 235).

മേല്‍ നിബന്ധനകളില്‍ രണ്ടാമത്തേത് വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. മുസ്ലിം ഉമ്മത്ത് എന്നത് കൊണ്ടുദ്ദേശിക്കപ്പെടുന്നത് അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിനെ മാത്രം ഉള്‍പ്പെടുത്തുന്ന മുതാബഅത്തിന്റെ ഉമ്മത്താണെന്നും മുബ്തദിഉകള്‍ ഉള്‍ക്കൊള്ളുന്ന ദഅ്വത്തിന്റെ ഉമ്മത്തല്ലെന്നും ഇമാം സഅ്ദുദ്ദീനുത്തഫ്ത്താസാനി(റ) തന്റെ തൌളീഹില്‍ ഉദ്ധരിച്ചതായി മിര്‍ഖാത്ത് 254/5 ല്‍ ഉദ്ധരിച്ചിട്ടുണ്ട്. ശരീഅത്തിന്റെ ഇല്‍മ് കൊണ്ട് പരിപൂര്‍ണ്ണമായി അറിവുള്ളവനായിരിക്കണം ശൈഖെന്ന് അലിയ്യുല്‍ ഖവ്വാസ്സ്വില്‍ നിന്ന് ഇമാം ശഅ്റാനി(റ) ഉദ്ധരിച്ചിട്ടുണ്ട്. ബാഹ്യവും ആന്തരികവുമായ സര്‍വ്വ വിജ്ഞാനങ്ങളുമുള്‍ക്കൊള്ളാത്തവനെ ശൈഖാക്കി തുടരുന്നവര്‍ നാശത്തിലെത്തിച്ചേര്‍ ന്നേക്കും. നിബന്ധനകള്‍ കര്‍ശനമായും പാലിച്ച ഒരു ശൈഖിന്റെ അനുവാര്യതയിലേക്ക് വിരല്‍ ചൂണ്ടികൊണ്ട് തഖ്രീബുല്‍ ഉസ്വൂല്‍ 186 ല്‍ ഇപ്രകാരം കാണാം. “സന്മാര്‍ഗ്ഗ ദര്‍ശിയായ ഒരു ശൈഖിലേക്ക് തന്റെ മുഴുവന്‍ നിയന്ത്രണങ്ങളും ഏല്‍പിച്ചുകൊടുക്കുകയും അദ്ദേഹത്തിന്റെ നിബന്ധനകള്‍ക്ക് പൂര്‍ണ്ണമായി വഴിപ്പെടുകയും ചെയ്യല്‍ മുരീദിന് നിര്‍ബന്ധമാണ്. കാരണം ശൈഖില്ലാത്തവന് പിശാചായിരിക്കും ശൈഖ്”. ‘അല്ലാഹുവിലേക്ക് ഒരു വസീലയെ തേടുക’ എന്ന ആശയം വരുന്ന ആയത്തിലെ വസീല കൊണ്ടുള്ള ഉദ്ദേശ്യം ത്വരീഖത്തിന്റെ ശൈഖുമാരാണെന്ന് റൂഹുല്‍ ബയാന്‍ – 3258/2, താജുത്തഫാസീര്‍ 119/1 ലും പ്രസ്താവിച്ചിട്ടുണ്ട്. പൂര്‍ണമായ ഒരു ശൈഖിന്റെ അനിവാര്യതയിലേക്ക് വെളിച്ചം വീശുന്ന പരാമര്‍ശങ്ങള്‍ ഇഹ്യാ 65/3 ലും കാണാവുന്നതാണ്. ഒരു മുരീദിനെ സംബന്ധിച്ചിടത്തോളം ശൈഖിന്റെ അനിവാര്യത ശക്തമായി ബോധ്യപ്പെടുത്തുന്നവയാണ് മേല്‍ വിവരണം.

എന്നാല്‍, പണ്ഢിതരുടെ ആധികാരിക രേഖകള്‍ സമഗ്രമായ പഠനത്തിന് വിധേയമാക്കുമ്പോള്‍ മേല്‍ നിബന്ധനകള്‍ ഒത്തിണങ്ങിയ ഒരു ശൈഖിന്റെ അഭാവമാണ് തെളിഞ്ഞുവരിക. ഈ രൂപത്തിലുള്ള ഒരു ശൈഖിനെ കണ്ടെത്തുക സാധ്യമല്ലെന്ന് ചുരുക്കം. ഇമാം ശഅ്റാനി(റ) തന്റെ ശൈഖിനോട് ഈ സംശയം ഉന്നയിക്കുമ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി ആധുനിക ശൈഖന്മാരുടെ നടുവൊടിക്കാന്‍ മാത്രം ശക്തമാണ്. ചുരുക്കം ചില കാര്യങ്ങളില്‍ ജനങ്ങള്‍ക്ക് വഴികാട്ടുക മാത്രമാണ് ഇന്നത്തെ ശൈഖന്മാര്‍ ചെയ്യുന്നത്. അര്‍ഹനായ ഒരു ശൈഖെങ്കിലുമുണ്ടെങ്കില്‍ ലോകത്തിനാകമാനം ആ വ്യക്തി മാത്രം മതിയായിരുന്നു (ശറഫു ഖസ്വീദത്തിറാഇയ്യ:). ഒരു മുറബ്ബിയായ ശൈഖിനെ കണ്ടെത്തുക സാധ്യമല്ലെന്ന സത്യത്തിലേക്ക് മേല്‍ വരികള്‍ ശക്തിയായി വിരല്‍ ചൂണ്ടുന്നു. മുറബ്ബിയായ ശൈഖിന് കസ്ബിയ്യോ (അദ്ധ്വാനത്തിലൂടെ ലഭ്യമാകുന്നത്) വഹ്ബിയോ (അല്ലാഹു സൌജന്യമായി നല്‍കുന്നത്) ആയ അത്യഗാധമായ പാണ്ഢിത്യം അനിവാര്യമാണെന്ന് അബ്ദുല്ലാഹില്‍ ഹദ്ദാദ്(റ) പറഞ്ഞതായി തഖ്റീബുല്‍ ഉസ്വൂല്‍ 55 ലെ ഉദ്ധരണി പൊക്കിപ്പിടിച്ചു കൊണ്ട്, തങ്ങള്‍ക്ക് വഹബിയ്യായ വിജ്ഞാനമുണ്ടെന്ന് വാദിക്കുന്നവരെ അടിമുടി പോസ്റ്റ്മോര്‍ട്ടത്തിന് വിധേയമാക്കണമെന്നാണ് ഇമാം ശഅ്റാനി(റ) പറയുന്നത്.

ശൈഖ് മുഹമ്മദുല്‍ മുനീരി(റ) പറഞ്ഞതായി ഇമാം ശഅ്റാനി(റ) തന്റെ ‘അല്‍ഫുലുദുല്‍ മശ്ഹൂനി’ല്‍ ഇപ്രകാരം പറയുന്നു: “മുറബ്ബിയായ ശൈഖാണെന്ന് വാദിച്ചുകൊണ്ട് ആരെങ്കിലും രംഗത്ത് വരുന്ന പക്ഷം ‘ബാബു ത്വഹാറത്ത്’ (ശുദ്ദീകരണത്തിന്റെ അദ്ധ്യാ യം) മുതല്‍ കര്‍മ്മശാസ്ത്രത്തിന്റെ അവസാനത്തെ അദ്ധ്യായം വരെയുള്ള പ്രശ്ന സങ്കീര്‍ണ്ണമായ മസ്അലകളെക്കുറിച്ച് അവനോട് ചോദിക്കണം. അവ ഗ്രഹിക്കുകയും സംശയ നിവാരണം ഉണ്ടാക്കിത്തരികയും ചെയ്യുന്ന പക്ഷം ശൈഖായി സ്വീകരിക്കാവുന്നതാണ്. അല്ലാത്ത പക്ഷം അവനെ കൈവെടിയുകയും മറ്റുള്ളവരെ അവനില്‍ നിന്ന് രക്ഷപ്പെടുത്തുകയും വേണം. കാരണം അവന്‍ മനുഷ്യ രൂപത്തിലുള്ള പിശാചാകുന്നു.” ഇതേ ആശയം ജുനൈദുല്‍ ബഗ്ദാദി(റ) പറഞ്ഞതായി ശറഫു റാഇയ്യ: ഉദ്ധരിച്ചിട്ടുണ്ട്.

ഇങ്ങനെയുള്ള ശൈഖന്മാര്‍ വളരെ വര്‍ഷങ്ങളായി എത്തിക്കപ്പെട്ടില്ലെന്ന് അല്ലാമാ അഹ്മദ്സ്സറൂഖ്(റ) പറഞ്ഞതായി ‘സാദു മുസ്ലിം’ 385/2 ല്‍ ഉദ്ധരിച്ചിട്ടുണ്ട്. നമുക്കിടയില്‍ ശൈഖ് ചമയുന്നവരുടെ പൊള്ളത്തരം ഇതോടെ മറനീക്കി പുറത്തു വരികയാണ്. ഇവന്മാരില്‍ അധിക പേരോടും തുടരുന്നത് സൂക്ഷിക്കണമെന്നും വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലല്ലാതെ പിന്‍പറ്റരുതെന്നും, പണ്ഢിതര്‍ പറഞ്ഞതായി അല്‍ ബഹ്ജത്തുസ്സന്നിയ്യ: 24ല്‍ പറഞ്ഞിട്ടുണ്ട്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ സുലുക് ഉദ്ദേശിക്കുന്ന വ്യക്തിക്ക് നബി(സ്വ)യുടെ പേരിലുള്ള സ്വലാത്ത് ശൈഖിന്റെ സ്ഥാനത്ത് നില്‍ക്കുമെന്ന് നിരവധി പണ്ഢിതരെ ഉദ്ധരിച്ച് കൊണ്ട് ശൈഖ് ദഹ്ലാന്‍(റ) തഖ്രീബുല്‍ ഉസ്വൂല്‍ 56,57 ല്‍ സമര്‍ഥിച്ചിട്ടുണ്ട്. അല്ലാതെ കണ്ടവരെയൊക്കെ ശൈഖായി സ്വീകരിച്ചാല്‍ നേരിടുന്ന അപാകതകള്‍ ചില്ലറയൊന്നുമല്ല. അവരില്‍ ഒരു വിഭാഗത്തെ ഇമാം ഗസ്സാലി(റ) പരിചയപ്പെടുത്തുന്നു: “ചില സാധാരണക്കാര്‍ ഇങ്ങനെയുള്ളവരെ പിന്‍പറ്റി മുശാഹദ; മഅ്രിഫത്ത്, വുസ്വൂല്‍ തുടങ്ങിയുള്ളവയെല്ലാം അവര്‍ക്കുണ്ടെന്ന് വാദിക്കും. ഇവകളുടെ പേരുകളല്ലാതെ ഈ പറഞ്ഞതിന്റെ യാഥാര്‍ഥ്യമെന്ത് എന്നവര്‍ക്കറിയില്ല. അവര്‍ മനസ്സിലാക്കുന്നത് സര്‍വ്വ ഇല്‍മും അവര്‍ക്ക് കരസ്ഥമാക്കിയിട്ടുണ്ടെന്നാണ്. അതുകൊണ്ട് തന്നെ ഫുഖഹാക്കള്‍, മുഫസ്സിരീങ്ങള്‍, മുഹദ്ധിസീങ്ങള്‍, തുടങ്ങിയുള്ള പണ്ഢിതരെ താഴ്ന്നവരായി അവര്‍ കാണുന്നു. പിന്നെ സാധാരണക്കാരുടെ കാര്യം പറയേണ്ടതില്ലല്ലോ? ചില കര്‍ഷകര്‍ കൃഷിപ്പണിയും നെയ്ത്തുകാര്‍ നെയ്ത്തു പണിയും നിറുത്തിവെച്ച് ഇപ്രകാരമുള്ള ചില ശൈഖന്മാരോട് കൂടെ കുറച്ചു ദിവസങ്ങള്‍ കറങ്ങുകയും ചില പദപ്രയോഗങ്ങള്‍ അവരില്‍ നിന്ന് മനസ്സിലാക്കി മറ്റുള്ളവര്‍ക്ക് അത് കേള്‍പ്പിക്കുകയും ചെയ്യുന്നു. അവന്‍ പറയുന്നത് കേട്ടാല്‍ വഹ്യ് കൊണ്ടും സിര്‍റുല്‍ അസ്റാര്‍ കൊണ്ടും സംസാരിക്കയാണെന്ന് തോന്നും. മറ്റുള്ള പണ്ഢിതരേയും ആബിദീങ്ങളേയും നിന്ദ്യതയോടെയാണവര്‍ കാണുന്നത്” (ഇഹ്യാ: 2483).

ഇമാം റാസി(റ) പറയുന്നു. “ശൈഖന്മാരില്‍ നിന്ന് സത്യസന്ധരേയും അല്ലാത്തവരേയും വേര്‍തിരിക്കാനുള്ള മാനദണ്ഡം നബി(സ്വ) യോടുള്ള പൂര്‍ണ്ണ അനുകരണമനുസരിച്ച് ശറഇയ്യായ അമലുകള്‍ അവര്‍ നിലനിര്‍ത്തുന്നുണ്ടോ എന്നതാകുന്നു. ഇല്ലാത്ത പക്ഷം അവന്‍ ഉള്ളില്‍ അവിശ്വാസം മറുച്ചുവെച്ച ‘സിന്‍ദീഖും’ അവനെ തുടരുന്നത് സൂക്ഷിക്കേണ്ടതുമാണ്. മാത്രമല്ല അവനുമായി സഹവസിക്കുന്നത് തന്നെ നാശത്തിലേക്ക് വഴിവെക്കും. അവന്റെ ഓരോ ശ്വാസങ്ങളും മുരീദുമാരുടെ ഹൃദയത്തെ വധിക്കുന്ന വിഷമാണ് (അല്‍ബഹ്ജത്തുസ്സനിയ്യ:35).

ശൈഖുത്തബര്‍റുകും മജ്ദൂബും

തര്‍ബിയത്തിന്റെ ശൈഖിന് പറഞ്ഞ നിബന്ധനകള്‍ ഓരാളില്‍ ഒരുമിച്ചുകൂടിയില്ലായെന്ന കാരണത്തിനാല്‍ അദ്ദേഹം വഴി പിഴച്ചവനാണെന്ന് പറഞ്ഞുകൂടാ. പക്ഷേ, ഈ സാഹചര്യത്തില്‍ ആ വ്യക്തി താന്‍ സ്വയം മുറബ്ബിയായ ശൈഖാണെന്ന് വാദിക്കുന്നുവെങ്കില്‍ അവന്‍ പിഴച്ചവനും അവനെ പിന്‍തുടരല്‍ നാശത്തിലേക്ക് വഴിവെക്കുന്നതുമാണെന്ന് ബഹു. ഇമാം റാസി(റ) പറഞ്ഞതായി അല്‍ ബഹ്ജത്തുസ്സനിയ്യ: 35 ല്‍ ഉദ്ദരിച്ചിട്ടുണ്ട്. മറിച്ച് ഈ വാദം ഉന്നയിക്കാതിരിക്കുമ്പോള്‍ ശരീഅത്തിന്റെ നിയമങ്ങള്‍ പൂര്‍ണ്ണമായി പാലിക്കുന്നുണ്ടെങ്കില്‍ അദ്ദേഹം വലിയ്യാകുന്നതിന് വിരോധമില്ല. കാരണം എല്ലാ ഔലിയാക്കളും മുറബ്ബിയായ ശൈഖായികൊള്ളണമെന്നില്ല. അല്‍ഹദീഖത്തുന്നദിയ്യ – 172/1 ല്‍ പറയുന്നു: “അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് ജനങ്ങലെ ക്ഷണിക്കുന്ന (തര്‍ബിയത്തിന്റെ) സ്റ്റാന്‍ഡേര്‍ഡില്ലാത്തവര്‍ ഔലിയാക്കളാവുന്നതിന് മുമ്പ് പറഞ്ഞ നിബന്ധനകള്‍ ഉള്ളവരായിരിക്കല്‍ ശര്‍ത്വില്ല. ജനങ്ങള്‍ അവരെ ശൈഖന്മാരാക്കി തുടരുന്നുവെങ്കില്‍ അത് അവരുടെ അനുവാദപ്രകാരവുമല്ല. ജനങ്ങള്‍ അവരുടെ അരികില്‍ ഒരുമിച്ചുകൂടുന്നതില്‍ ചില താത്പര്യങ്ങളുണ്ടാകാമെന്ന് മാത്രം” ഈ സാഹചര്യത്തില്‍ വല്ല ദിക്റുകളും ചൊല്ലാന്‍ അനുവാദം കൊടുക്കുകയോ ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുകയോ ചെയ്യുന്നതായി കണ്ടാലും ആ വ്യക്തി പിഴച്ചവനാണെന്ന് പറഞ്ഞ് കൂടാ. കാരണം അദ്ദേഹം തബര്‍റുകിന്റെ ശൈഖാവാം. തബര്‍റുകിന്റെ ശൈഖിനെ കുറിച്ചാണ് ഇമാം ശഅ്റാനി(റ)യുടെ ചോദ്യത്തിനുത്തരമായി ശൈഖ് അലിയ്യുല്‍ ഖവ്വാസ്വ്(റ) ഇങ്ങനെ പറഞ്ഞത്. അവര്‍ തര്‍ബിയത്തിന്റെ അര്‍ഹമായ ശൈഖുമാരല്ലെങ്കിലും ചില കാര്യങ്ങളിലേക്കുള്ള നേര്‍ മാര്‍ഗദര്‍ശികളാണവര്‍ (ശറഹു ഖസ്വീദത്വിറാഇയ്യ: നോക്കുക).

ഇവരെപ്പോലെത്തന്നെ ഔലിയാക്കളില്‍ മറ്റൊരു വിഭാഗമാണ് മജ്ദൂബീങ്ങള്‍. അവര്‍ ഉദ്ദേശ്യ ലക്ഷ്യത്തിലേക്ക് എത്തിയവരാണെങ്കിലും നിബന്ധനയൊത്ത മറ്റൊരു ശൈ ഖിന്റെ നിയന്ത്രണത്തിലൂടെ പ്രയാണം ചെയ്ത് എത്തിയവരല്ല, മറിച്ച് അല്ലാഹുവിന്റെ വെറും ഔദാര്യമായി ലക്ഷ്യത്തിലെത്തിയവരാണ്. ഇവര്‍ സ്വന്തം ശരീരത്തെ തന്നെ നിയന്ത്രിക്കാനാവാത്തവരും അതിനാല്‍ മറ്റുള്ളവരെ നിയന്ത്രിക്കുന്ന പദവിയിലേക്ക് എത്താത്തവരുമാകുന്നു. ഈ വിഭാഗത്തെയും ശൈഖായി സ്വീകരിക്കാന്‍ പാടുള്ളതല്ല (തഖ്രീബുല്‍ ഉസ്വൂല്‍ 124). ഇവരെ ഉദാഹരിച്ചുകൊണ്ട് അല്‍ഹദീഖത്തുന്നദിയ്യ: 170/1 ല്‍ ഇപ്രകാരം കാരണം : “കണ്ണുകെട്ടിയ വ്യക്തിയെ ഒരു വീട്ടില്‍ പ്രവേശിപ്പിക്കപ്പെട്ടാല്‍ വീട്ടിലെത്തിയിട്ടുണ്ടെങ്കിലും ഏതു മാര്‍ഗ്ഗേണയാണ് അതില്‍ പ്രവേശിച്ചതെന്ന് അവനിറിയില്ല. അവന്‍ അറിഞ്ഞെങ്കിലല്ലേ മറ്റുള്ളവര്‍ക്ക് ആ വീട്ടിലേക്കുള്ള വഴി കാണിച്ചുകൊടുക്കാന്‍ അവന് കഴിയുകയുള്ളൂ?

ദിക്റ് ചൊല്ലി കൊടുക്കല്‍

മശാഇഖുമാര്‍ ദിക്റ് കൊടുക്കുന്ന സമ്പ്രദായത്തിന്റെ അവലംബം സ്വഹീഹായ ഹദീസുകളാണ്. ബഹു: ഇമാം ശഅ്റാനി(റ) പറയുന്നു: “മുരീദുമാര്‍ക്ക് സംഘടിതമായി ദിക്റുകള്‍ കൊടുക്കുന്നതിന്റെ അടിസ്ഥാനം ഇമാം ത്വബറാനി(റ), ഇമാം അഹമദ്(റ), ഇമാം ബസ്സാര്‍(റ) തുടങ്ങിയവര്‍ നല്ല പരമ്പരയിലൂടെ റിപ്പോര്‍ട്ട് ചെയ്ത ഹദീസാണ്. ഒരു ദിവസം നബി(സ്വ) സ്വഹാബികളുടെ ഇടയിലായിരിക്കുമ്പോള്‍ അവിടുന്ന് ഇപ്രകാരം ചോദിച്ചു. നിങ്ങളിലാരെങ്കിലും വിദേശികളുണ്ടോ? അഹ്ലുകിതാബികളെ ഉദ്ദേശിച്ചാണ് നബി(സ്വ) ഇങ്ങനെ ചോദിച്ചത്. അവര്‍ പറഞ്ഞു. ഇല്ല. അപ്പോള്‍ വാതിലുകളടക്കാന്‍ കല്‍പിച്ച ശേഷം നബി(സ്വ) ഇപ്രകാരം പറഞ്ഞു. നിങ്ങള്‍ കൈ ഉയര്‍ത്തിപ്പിടിക്കുക. “ലാഇലാഹ ഇല്ലല്ലാ” എന്ന് ഉരുവിടുകയും ചെയ്യുക. ശദ്ദാദുബ്നു ഔസ്(റ) പറയുന്നു. ‘ഞങ്ങള്‍ അല്‍പ സമയം കൈ ഉയര്‍ത്തിപ്പിടിക്കുകയും ലാഇലാഹ ഇല്ലല്ലാ എന്ന് പറയുകയും ചെയ്തു.’ ഇമാം ശഅ്റാനി(റ) പറയുന്നു. ‘വാതിലടക്കാന്‍ പറഞ്ഞതും വിദേശികളുണ്ടോ’ എന്നു ചോദിച്ചതും സ്വൂഫിയാക്കളുടെ ചര്യയിലേക്ക് സൂചിപ്പിക്കുന്നുണ്ട്. കാരണം അവരുടെ കാര്യങ്ങള്‍ രഹസ്യമായവയാകുന്നു.

ഇത് പോലെ ഒരു വ്യക്തിക്ക് മാത്രം ദിക്റ് ചൊല്ലിക്കൊടുക്കുന്നതിനുള്ള അവലംബം ഇമാം സുയൂത്വി(റ) നിരവധി പരമ്പരയിലൂടെ ബഹു: അലി(റ)ല്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ഹദീസാണ്. അലിയ്യ്(റ) നബി(സ്വ)യോട് ഇപ്രകാരം പറഞ്ഞു: “അല്ലാഹുവിലേക്കടുക്കാന്‍ പറ്റിയ ഒരു വഴി എനിക്ക് അവിടന്ന് അറിയിച്ചുതരണം.” പ്രവാചകന്‍ പറഞ്ഞു. ദിക്റ് പതിവാക്കുക. അലിയ്യ്(റ): “ഞാനെങ്ങനെയാണ് ദിക്റ് ചൊല്ലേണ്ടത്? പ്രവാചകന്‍: “ഇരു നയനങ്ങളുമടച്ച് ഞാന്‍ ചൊല്ലുന്നത് കേള്‍ക്കുക. പിന്നീട് നീ അതേറ്റ് ചൊല്ലുക. ഞാന്‍ കേള്‍ക്കാം.” അങ്ങനെ നബി(സ്വ) മൂന്ന് പ്രാവശ്യം കണ്ണടച്ച് ലാഇലാഹ ഇല്ലല്ലാ എന്ന് ചൊല്ലിക്കൊടുത്തു (അല്‍ബഹ്ജത്തുസ്സനിയ്യ: 41). തഖ്രീബുല്‍ ഉസ്വൂല്‍ 119 ല്‍ പറയുന്നു. “ശേഷം അലിയ്യ്(റ) ഇപ്രകാരം ശൈഖ് ഹസനുല്‍ ബസ്വ രിക്കും അവര്‍ ശൈഖു ഹബീബുല്‍ അജമി(റ)ക്കും അവര്‍ ശൈഖ് ദാവൂദു ത്വാഇ(റ) ക്കും അവര്‍ മഅ്റൂഫൂല്‍ കര്‍ഖീ(റ)ക്കും അവര്‍ സരിയ്യുസ്സിഖ്ത്ത്വി(റ)ക്കും അവര്‍ ശൈഖ് ജുനൈദുല്‍ ബഗ്ദാനി(റ)ക്കും ചൊല്ലിക്കൊടുത്തു. ഇപ്രകാരം നമ്മുടെ ഈ കാലം വരെ അത് നിന്നു പോന്നു. സ്വൂഫിയാക്കളുടെ പരമ്പരകളില്‍ അധികവും ജുനൈദുല്‍ ബഗ്ദാദി(റ)വിലേക്ക് ചെന്നെത്തുന്നതാകുന്നു.

ഇത്രയും വിശദീകരിച്ചതില്‍ നിന്ന് നിഷ്പക്ഷമതികള്‍ക് ത്വരീഖത്തുകളിലെ തെറ്റും ശരിയും വേര്‍തിരിക്കാവുന്നതാണ്.  ഇന്‍ശാ അല്ലാഹ്. സന്ദര്‍ശകര്‍ ഇത് പരമാവധി ഉപയോഗപ്പെടുത്തുകയും സുഹ്യത്തുക്കള്‍ക്ക് സൈറ്റ് പരിചയപ്പെടുത്തി സഹകരിക്കുകയും ചെയ്യുക.


RELATED ARTICLE

  • ഖാളി മുഹമ്മദിന്റെ കാല്‍പ്പാടുകള്‍ തേടി
  • മാലകള്‍ പെയ്തിറങ്ങിയ മുസ്ലിം മനസ്സുകള്‍
  • ഊതിക്കാച്ചിയ പൊന്ന്
  • കറാമത്തുകള്‍
  • ഔലിയാക്കള്‍
  • ബാഗ്ദാദ്: നൂറ്റാണ്ടുകളിലൂടെ
  • ശൈഖ് രിഫാഈ: ധന്യജീവിതത്തില്‍നിന്നല്‍പ്പം
  • ത്വരീഖത്ത് സത്യവും മിഥ്യയും
  • സയ്യിദ് അഹ്മദുല്‍ കബീര്‍ രിഫാഈ(റ)