Click to Download Ihyaussunna Application Form
 

 

മാലകള്‍ പെയ്തിറങ്ങിയ മുസ്ലിം മനസ്സുകള്‍

ന്റെ കൂടെ എപ്പോഴും ഏക ഇലാഹുണ്ട് എന്ന ബോധം, ഓരോ പ്രവര്‍ത്തനവും അല്ലാഹു കാണുന്നുണ്ട്, സംസാരം ശ്രവിക്കുന്നുണ്ട്, മനസ്സിലുള്ള ചിന്തകളെ കൂടി അവന്‍ അറിയുന്നുണ്ട് എന്ന വിശ്വാസം ഒരാളേയും വഴിതെറ്റിക്കുകയില്ല. പൂര്‍വികരും സച്ചരിതരുമായ മഹാന്മാര്‍ അല്ലാഹുവിനല്ലാതെ ആരാധന ചെയ്യരുത് എന്ന് സ്വജീവിതത്തിലൂടെ മാതൃക സൃഷ്ടിച്ചവരാണ്.

സത്യവിശ്വാസവുമായുള്ള ഗാഢബന്ധവും ആത്മീയ ബോധവുമുള്ള രചയിതാക്കളുടെ ക്ഷീണിക്കാത്ത മനീഷിയും മഷിയുണങ്ങാത്ത പൊന്‍പേനയും വിസ്മയമാംവിധം ചലിപ്പിച്ചത് നന്മകളുടെയും മാനവസ്നേഹത്തിന്റെയും പൂനിലാവ് ചൊരിഞ്ഞ് നില്‍ക്കണമെന്ന ലക്ഷ്യത്തോടെയായിരുന്നു.  സംഭവ ബഹുലവും കര്‍മ്മ നിരതവുമായ ജീവിതങ്ങളുടെ നിര്‍ണ്ണായക മുഹൂര്‍ത്തങ്ങള്‍ ഒപ്പിയെടുത്ത് വരും തലമുറക്കായി കാത്തുവെച്ചവരെ നമുക്ക് മറക്കാവതല്ല.  കേരള മുസ്ലിംകളുടെ സാംസ്കാരിക ജീവിതത്തില്‍ ചാലക ശക്തികളായ മാലകള്‍ സംബന്ധിച്ച് ഗൌരവപൂര്‍ണ്ണമായ പഠനം ഇന്നോളം ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. മുഹ്യിദ്ദീന്‍ മാലയെയോ, രിഫാഇ മാലയെയോ ,ബദര്‍ മാലയെയോ ,നഫീസത് മാലയെയോ ,മഞ്ഞക്കുളം മാലയെയോ അധിക്ഷേപിക്കാനും പുറംതിരിഞ്ഞു കുത്താനും നാക്കും തൂലികയും ചലിപ്പിച്ചവര്‍ തത്വജ്ഞാനത്തിന്റെ വിളനിലം പരിശോധിക്കാന്‍ മുതിര്‍ന്നതുമില്ല.

കനത്ത സ്നേഹസംസ്കാര ഭക്തി സമ്പത്ത്, ഉന്നതമായ ഒരു ലക്ഷ്യത്തിനുവേണ്ടി മധുരം പൊതിഞ്ഞുനല്‍കിയത് മുള്ളുവേലികള്‍ക്കും മതില്‍ക്കെട്ടിനുമകത്ത് കുഴിച്ചുമൂടാന്‍ തുനിയുന്നവര്‍ മഹത്വം നടിച്ചു നടക്കുകയാണ്. മാപ്പിള സാഹിത്യം ധനമാന സ്ഥാനങ്ങള്‍ കയറിപ്പറ്റാന്‍ മുളങ്കോണിയാക്കി മാറ്റിയവരും സ്നേഹാദരങ്ങളുടെ പൂച്ചെണ്ടുകളായ മാലകളെ അറുത്തുമുറിച്ചവരും അവരണ്ടും തകര്‍ക്കുമ്പോള്‍ അക്ഷരമുത്തുകള്‍ വിതറിയ മണ്‍മറഞ്ഞ കളരിയാശാന്മാരുടെ ഉദാരഹൃദയങ്ങള്‍ക്കു മുമ്പില്‍ കൃതജ്ഞതയുടെ തങ്കപ്പൂക്കള്‍ ചൊരിയുന്നവരാണ് ഉമ്മപെങ്ങന്മാര്‍.

ഉന്നതാദര്‍ശ ജീവിതത്തിനുവേണ്ടി പോരാടിയ നിഷ്കളങ്ക ഭക്തന്മാര്‍ക്ക് മാത്രം അനുവദിക്കുന്ന കുളിര്‍കോരിയ വിശേഷണങ്ങള്‍ ഇശലിന്റെ വെള്ളാമ്പലായി വിരിഞ്ഞുനില്‍ക്കുമ്പോള്‍ തളംകെട്ടിനില്‍ക്കുന്ന വികാരം ശബ്ദവീചിയില്‍ ലയിച്ചുചേരുന്നു. ജനകീയ പ്രീതി നേടാന്‍ പര്യാപ്തമായിത്തീര്‍ന്ന മാലകള്‍ സംസ്കാരത്തിന്റെ പ്രകാശഗോപുരത്തില്‍ കയറ്റി പ്രതിഷ്ഠിച്ചത് സഹൃദയര്‍ക്ക് ഹൃദ്യമായ ഒരു അനുഭവമത്രെ.

വിജ്ഞാനം കൊണ്ട് വിനയവും ത്യാഗംകൊണ്ട് ശക്തിയും ആര്‍ജ്ജിക്കാമെന്ന തത്വം സ്വജീവിതത്തിലൂടെ കാണിച്ചുകൊടുത്താണ് മുഹ്യിദ്ദീന്‍ ശൈഖ് എല്ലാ ദിശയിലും കേളി മികച്ചോവറായത്. അപൂര്‍വമായ ഭാവകല്‍പ്പനകള്‍ ഓരോ വരികളിലും തുളുമ്പിനില്‍ക്കുന്നു. കോഴിക്കോട് പിറന്ന ഖാളി മുഹമ്മദ് എന്ന പേരുള്ളോര്‍ ഭക്തിസാന്ദ്രമായ സ്വരത്തില്‍ വിശുദ്ധജീവിതത്തിന്റെ കണിശതയെ എണ്ണിയെണ്ണിപ്പറഞ്ഞത് ഉദ്ദേശ്യത്തിന് വിരുദ്ധമായി പ്രതികരിക്കാത്തവരോട് മറുപടി പറയേണ്ടതില്ല. അത്തരക്കാര്‍ അര്‍ഥമില്ലാത്ത വരികള്‍ സൃഷ്ടിച്ച് ആഹരിച്ച്കൊള്ളട്ടെ. എന്നാല്‍ ഉത്തേജ…….ത്തിന്റെ ആത്മീയചൈതന്യധാര മുഹ്യിദ്ദീന്‍ മാലയില്‍ നിലനില്‍ക്കുക തന്നെ ചെയ്യും. മാലയിലെ കാവ്യസങ്കല്‍പ്പത്തിന്റെ അന്തര്‍ധാരയായ ആദര്‍ശം സത്യവിശ്വാസമാണെന്ന് മനസ്സില്‍വെച്ച് പഠിക്കുമ്പോഴേ വരികളുടെ പിന്നിലെ പ്രതിഭയുടെ ആഴമറിയൂ.

നരകത്തില്‍ മുരീദാരുമില്ലെന്നു നരകത്തെ കാക്കും മലക് പറയുമ്പോള്‍ ഭൌതികജീവിതത്തില്‍ ധാര്‍മിക സദാചാര സൌഭാഗ്യങ്ങള്‍ ചതഞ്ഞരഞ്ഞില്ലേന്ന് കവി ഉണര്‍ത്തുന്നു. നരകത്തിന്റെ അവകാശികളാക്കുന്ന തിന്മകളെ തമസ്കരിക്കാന്‍ പ്രേരിപ്പിക്കുന്നു.

എന്നെ പിടിച്ചവര്‍ ഏതും പേടിക്കേണ്ടെന്നും എന്നെ പിടിച്ചോര്‍ക്ക് ഞാന്‍ കാവല്‍ ആ ണെന്നും പറയുമ്പോള്‍ വിചിത്രമനോഹരമായ ഏകദൈവവിശ്വാസത്തിന്റെ സൂക്ഷ്മത ചലനങ്ങളില്‍ പോലും ശ്രദ്ധിക്കുന്നു എന്ന് വ്യാഖ്യാനിക്കാന്‍ എന്തുകൊണ്ടാകുന്നില്ല? ഭാവഭംഗിയുടെ മുന്തിയ മാതൃകകളായി ഈ വരികളെ എന്തുകൊണ്ട് ഗണിച്ചുകൂട? പ്രപഞ്ചശില്‍പ്പത്തിന്റെ സൌന്ദര്യപ്രതിഭാസങ്ങളെക്കുറിച്ചു വര്‍ണിക്കുമ്പോള്‍ അത് സൃഷ്ടിച്ച ശില്‍പ്പിയെ മരക്കാനാകാത്തതുപോലെ ഏകദൈവ വിശ്വാസത്തിന്റെ ആവാച്യമധുരിമ അനുഭവിക്കാന്‍ മുരീദന്മാരെ പ്രേരിപ്പിക്കുന്ന ഹൃദയസ്പൃക്കായ വരികളായി ഇതിനെ വ്യാഖ്യാനിക്കാമോ എന്ന് ഗവേഷകര്‍ പരിശോധിക്കട്ടെ. അസാധാരണ കൌതുകവും സാമര്‍ഥ്യവും കൊണ്ട് തത്വചിന്താ ബന്ധുരങ്ങളായ വരികള്‍ പണിതെടുത്തതിനെ കണ്ടെത്താതെ വരുമ്പോള്‍ വട്ടമിട്ട് വാദകോലാഹലങ്ങള്‍ നിരത്താനല്ലാതെ നമുക്ക് മറ്റെന്താണ് സാധിക്കുക?

നാലു പതിറ്റാണ്ടോളം പറഞ്ഞ വയളും തീര്‍ത്ത ഖത്തവും ഇശലും വിശ്വാസവും കൈകോര്‍ത്തുനിന്ന് സൃഷ്ടിച്ച അത്ഭുതങ്ങളായിത്തീര്‍ന്നു. കൈവിരല്‍ ചൂട്ടാക്കി കാട്ടി നടന്നോവര്‍ എന്ന് കേള്‍ക്കുമ്പോള്‍ ഖാസി മുഹമ്മദ് പ്രകടമാക്കിയത് ഒരു വിമര്‍ശകന്റെ ഗവേഷണബുദ്ധിയെക്കാള്‍ ഒരു രചയിതാവിന്റെ സാഹിത്യമര്‍മതയാണെന്ന് കണ്ടെത്താവുന്നതാണല്ലോ. ഇശല്‍ വൈഭവത്തിലൂടെ കഥാപാത്രത്തിന്റെ സമസ്ത സൌന്ദര്യ സുഗന്ധങ്ങളെയും പ്രകാശിപ്പിക്കാന്‍ ശക്തിധനനായ രചയിതാവെന്ന നിലയില്‍ ഖാസി മുഹമ്മദിനെ വിമര്‍ശകര്‍ വേണ്ടത്ര മനസ്സിലാക്കട്ടെ. രചയിതാവിന്റെ പ്രചോദിത മുഹൂര്‍ത്തങ്ങളില്‍ ബഹിര്‍ഗമിക്കുന്ന വാങ്മയങ്ങളില്‍ നിന്ന് രചയിതാവിന്റെ സാക്ഷാല്‍ രൂപങ്ങള്‍ ഗ്രഹിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്ന ഒരു നിരൂപണ സമ്പ്രദായം പാശ്ചാത്യരാജ്യങ്ങളിലുണ്ട്. വളരെ ഹൃദയസ്പൃക്കായ കവിതാ സന്ദര്‍ഭങ്ങള്‍ വിവരിച്ച മലയാള കവിതകളിലും ഇത് ദര്‍ശിക്കാം.

അറബിക്കടലാകുന്ന തടാകത്തിലിറങ്ങിക്കുളിച്ച് സന്ധ്യാരശ്മികളാകുന്ന പൊന്നൊളിച്ചെ മ്പട്ടുടുത്ത് അര്‍ക്കാനാകുന്ന ദീപവുമേന്തി പ്രാര്‍ഥിക്കാന്‍ പോകുന്ന സന്ധ്യയെന്ന പെണ്‍കൊടിയുടെ ചിത്രം വരച്ച ടി. ഉബൈദിന്റെ ചന്ദ്രക്കലയില്‍ കല്‍പ്പനാ സൌന്ദര്യത്തിന് മാറ്റുകൂട്ടിയത് പവിത്രതയും പ്രാര്‍ഥനയുമാണല്ലോ. വേര്‍ഡ്വര്‍ത്തിന് പ്രകൃതിക്കപ്പുറത്തുള്ള ഒരു വിശ്വകലാകാരന്റെ നേരെയുണ്ടായ അഭിനിവേശമില്ലേ? നമ്മുടെ ഭക്ത കവികള്‍ പ്രപഞ്ചത്തെ പ്രപഞ്ചാതീതമായ മറ്റൊരു സനാതന സൃഷ്ടികര്‍ത്വത്തെ കണ്ടെത്താനുള്ള ഉപാധിയാക്കിയില്ലേ?

ഒന്നിനെ നല്ലതെന്നുപറയാന്‍ കാരണമാകുന്ന ഗുണത്തിന്റെ പേരാണ് വിശുദ്ധി എന്ന് ചിന്തകനായ എറിക്ഗില്‍ എഴുതിയിട്ടുണ്ട്. അതിന്റെ പൂര്‍ണമായ അര്‍ഥം നിര്‍വചിക്കുമ്പോള്‍ ചോര്‍ന്നുപോവുന്നത് ശുദ്ധിയും സൌന്ദര്യമാവരുതെന്ന് ഓര്‍ക്കുക. ആരെന്തുപറഞ്ഞാലും ഹൃദ്യമാണ് മുഹ്യിദ്ദീന്‍ മാലയുടെ രചന. ഇതില്‍നിന്ന് അവതീര്‍ണമാകുന്ന ഭാവം പ്രത്യാശയുടേതാണ്. നന്മയുടെ സാന്നിധ്യത്തിലുള്ള ആഹ്ളാദത്തിനാണ് മുന്‍തൂക്കം. രചനാപരമായ വിരുത് പ്രശംസിക്കപ്പെട്ടതുതന്നെ.

അറബിമലയാളത്തിലെ പ്രഥമ കീര്‍ത്തന കാവ്യമായ മുഹ്യിദ്ദീന്‍ മാല നാനൂറ് വയസ്സില്‍ ചെന്നുനില്‍ക്കുമ്പോള്‍ കോഴിക്കോട് ഖാസിയായിരുന്ന ഖാസി മുഹമ്മദ്(റ) എന്ന പണ്ഢിതവരേണ്യനായ മാലപ്പാട്ട് പിതാവ് വിവാദപുരുഷനായി നിലകൊള്ളുന്നു. ശൈഖ് പ്രവാചകനല്ലെന്നും പ്രവാചകന്റെ അനന്തരാവകാശിയും പ്രതിനിധിയുമായി പ്രവര്‍ത്തിക്കുകയാണെന്നും അവകാശപ്പെടുന്നത് അഹങ്കാരത്തിന്റെ ശൈലിയിലല്ല. അല്ലാഹു ചെയ്ത അനുഗ്രഹങ്ങളെ എടുത്തുപറയുന്നതും പ്രകീര്‍ത്തിക്കുന്നതും ദൈവവാക്യത്തിന്റെ സത്യപ്പൊരുള്‍ അടിത്തറയാക്കി കലാസൌകുമാര്യത്തോടെ വിജ്ഞാന സൌധം പണിയുന്നതും മഹാത്മാക്കളെ സ്നേഹിച്ച് ആ സ്നേഹം കൊണ്ട് അവരുടെ കൂടെ അനുഗ്രഹീതരാകുമെന്ന അചഞ്ചലമായ വിശ്വാസത്തോടെയാണ്. നന്മ വിചാരിക്കുന്നവര്‍ക്ക് അല്ലാഹു രക്ഷനല്‍കുമെന്ന സന്ദേശം ഇവിടെ സമര്‍ഥിക്കപ്പെടുന്നു. കലിമത്തുതൌഹീദ് മാപ്പിളസാഹിത്യത്തിന്റെ ജീവനായിരിക്കെ മതാധിഷ്ഠിത ജീവിതത്തിന് പ്രേരണ നല്‍കിയ മാലകള്‍ മഹത്തായ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ളതു തന്നെയാണ്.

മറ്റുള്ളവരെ സഹായിക്കാനുള്ള കഴിവും കറാമത്തുകളും മഹാന്മാര്‍ക്ക് സര്‍വശക്തന്‍ നല്‍കുന്നു എന്നതു മാത്രമല്ല അവരെ ചിലപ്പോള്‍ പരീക്ഷണത്തിന് വിധേയമാക്കുന്നു എന്നതു കൂടി മനസ്സിലാക്കാന്‍ മാലകള്‍ വഴിമരുന്നിടുന്നു. കൂടുതല്‍ പഠിക്കാനും ചിന്തിക്കാനും മനസ്സിലാക്കാനും സത്യം യഥാവിധി ഉള്‍ക്കൊള്ളാനും ഇത് പ്രേരകമാകുന്നു. സുസംകൃതമായ അഭിരുചിയും ആഴമേറിയ അറിവും ഒത്തിണങ്ങിയവര്‍ മെനക്കെട്ടിരുന്ന് മാലകള്‍ പഠിക്കാന്‍ സന്നദ്ധരായാല്‍ ഭാവമണ്ഡലം എത്തിപ്പിടിക്കാനാകും. വിമര്‍ശനത്തിന്റെ അന്തരീക്ഷത്തില്‍ ഉയരുന്ന ചോദ്യങ്ങള്‍ക്കെല്ലാം സംശയരഹിതമായ ഉത്തരം കണ്ടെത്താനുമാകും.

അരനൂറ്റാണ്ട് മുമ്പ് ജോണ്‍വെയ്ന്‍ പ്രസാധനം ചെയ്ത വ്യാഖ്യാനങ്ങള്‍ എന്ന ഗ്രന്ഥത്തെ ‘വിമര്‍ശനത്തിലെ നാരങ്ങ പിഴിയല്‍’ എന്ന് എലിറ്റ് പരിഹസിച്ചത് ഓര്‍ത്തുപോകുന്നു. അവാച്യമായ അനുഭവതലങ്ങളെ സ്പര്‍ശിച്ചുണര്‍ത്തുന്ന മൊഴികളെ അഭിമതമല്ലാത്ത വ്യാഖ്യാനങ്ങളിലൂടെ വെട്ടിനിരത്തുന്നത് വിമര്‍ശനപ്രക്രിയക്കുതന്നെ വലിയൊരവമതിയായി വേണം കരുതാന്‍.


RELATED ARTICLE

  • മാലകള്‍ പെയ്തിറങ്ങിയ മുസ്ലിം മനസ്സുകള്‍
  • ഖാളി മുഹമ്മദിന്റെ കാല്‍പ്പാടുകള്‍ തേടി
  • ഹിജ്റ കലണ്ടറും പുതുവര്‍ഷവും
  • ചിന്തയും ചിന്താ വിഷയവും
  • ഗള്‍ഫില്‍ നിന്ന് പണം ചവിട്ടല്‍
  • ഒപ്പന, കോല്‍ക്കളി, ദഫ്
  • ആശൂറാപ്പായസവും സുറുമയും
  • അന്ത്യ നിമിഷം
  • അതുല്യ നേതാവ്