Click to Download Ihyaussunna Application Form
 

 

ഖാളി മുഹമ്മദിന്റെ കാല്‍പ്പാടുകള്‍ തേടി

മാപ്പിള സാഹിത്യത്തിന് പൊന്‍തൂവല്‍ ചാര്‍ത്തിയ ഖാളി മുഹമ്മദ്(റ), വിശ്രുത പണ്ഢിതന്‍, പ്രതിഭാധനന്‍, സാഹിത്യകാരന്‍, തത്വജ്ഞാനി, ന്യായാധിപന്‍, ചരിത്രകാരന്‍, ദേശസ്നേഹി, ഫത്ഹുല്‍ മുബീനെന്ന സമര സാഹിത്യത്തിലെ ഗുരുസ്ഥാനീയ കാവ്യത്തിന്റെ രചയിതാവ്, നാനൂറ് വര്‍ഷത്തിന് ശേഷവും നവോത്ഥാനത്തിന്റെ ശീലുകളുയര്‍ ത്തുന്ന മുഹ് യിദ്ദീന്‍ മാലയുടെ കര്‍ത്താവുമാണ്.

കേരള ചരിത്രത്തിന്റെ ഇരുള്‍മുറ്റിയ ഇടനാഴികകളിലേക്ക് കുറ്റിച്ചിറക്കരയിലുള്ള നാഹു ദാ മിസ്കാലിന്റെ പള്ളിയിലിരുന്ന് വെളിച്ചം ചുരത്തിയ ധിഷണാശാലി. ഓമനിക്കുന്ന ആദര്‍ശത്തിനും പിന്നെ നാടിനും വേണ്ടി പോര്‍ച്ചുഗീസ് പരിഷകളോട് നേരില്‍ യുദ്ധത്തിനുപോയ ധൈര്യശാലി. സാമൂതിരിയോടൊപ്പം നാടിന്റെ മോചനത്തിനായി കൈ കോര്‍ത്ത മുദരിസ്.

ഖാളി മുഹമ്മദിനെ കുറിച്ചോര്‍ക്കുന്ന പഴയ തലമുറയിലെ ചുരുക്കം ചിലര്‍ക്ക് ഖണ്ഡമിടറുന്നു. വിശ്രുതവും അമൂല്യവുമായ ആ പാരമ്പര്യം സൂക്ഷിക്കാനോ അവിടത്തെ കാലടിപ്പാടുകളില്‍ ഒന്നുറച്ചുവെക്കാനോ കഴിയാത്ത പുതിയ തലമുറ. ചരിത്രാന്വേഷകര്‍ കൈ മലര്‍ത്തുന്നു.

ഖാളി മുഹമ്മദിന്റെ കാല്‍പ്പാടുകള്‍ കാലാന്തരത്തില്‍ മാഞ്ഞുപോവുകയായിരുന്നു. നാടിന്റെയും ആദര്‍ശത്തിന്റെയും അസ്തിത്വത്തിനു വേണ്ടി ഖാളി മുഹമ്മദ്(റ) നയിച്ച പടയോട്ടങ്ങള്‍ക്കുമേല്‍ പില്‍ക്കാലത്ത് തീരാത്ത കുടിപ്പകയുടെ ചുടുചോര ചിന്തി. അങ്ങനെ നിര്‍മലവും ധീരോദാത്തവും ജാജ്വലവുമൂറുന്ന ഒരു ചരിത്രം പിന്‍തലമുറക്കാര്‍ മറന്നുപോയി. അവര്‍ക്കിപ്പോള്‍ പറയാനുള്ളത് ഒന്നുമാത്രം. ‘നിസ്സാര കാരണത്തിന് വേണ്ടി ഞങ്ങള്‍ പോരുകൂടി. പോരും ദുരഭിമാനവും മൂത്തപ്പോള്‍ ഞങ്ങള്‍ക്ക് പൂര്‍വീകരുടെ ഖബറിടം പോലും തിരിച്ചറിയാന്‍ കഴിഞ്ഞില്ല’ ക്രൌര്യത്തില്‍ തിളച്ചുമറിഞ്ഞ കണ്ണുകള്‍ ക്ക് തിമിരം വന്നു. എല്ലാം അവര്‍ മറന്നുപോയി.

പുതിയ തലമുറക്കിതിലൊന്നും വലിയ താത്പര്യമില്ല. മുമ്പൊക്കെ ചേര്‍ക്കാന്‍ കഴിയാ ത്ത വിടവുണ്ടായിരുന്നവര്‍ക്കിടയില്‍ ഇന്ന് യോജിപ്പുണ്ട്. പുതിയ തലമുറയില്‍ ‘വലിയ ഭാഗ’ത്തിന്റെ ചൂരോ ‘ചെറിയ ഭാഗ’ത്തിന്റെ ചൂടോ അശേഷമില്ല. അവരില്‍ പലര്‍ക്കും മതത്തിന്റെ ചൂരും നഷ്ടപ്പെട്ടുപോയോ എന്നും ആശങ്കിക്കപ്പെടുന്നു.

ചരിത്രത്തിന്റെ ഇന്നലെകളോട് അവിടെ ഭൂരിഭാഗത്തിനും താത്പര്യമില്ല. പലയിടത്തും പല മഖ്ബറകളും ഇടിഞ്ഞുപൊളിഞ്ഞ് തകര്‍ന്നത് കാണാം. പറങ്കികളുമായുള്ള പോരാട്ടത്തില്‍ രക്തസാക്ഷികളായവരുടേതും മക്കയില്‍ നിന്ന് വന്ന സയ്യിദുമാരുടെയും അവരുടെ സന്താന പരമ്പരകളുടേതുമൊക്കെയാണാ മഖ്ബറകള്‍.

പഴയ തലമുറ അത് കെട്ടിവെച്ചത് സിയാറത്തിന് വരുന്നവരുടെയും ചരിത്രാന്വേഷികളുടെയും സൌകര്യം മാനിച്ചായിരിക്കാം. പഴയ തലമുറയുടെ ചരിത്രപരമായ തൃഷ്ണകൊണ്ടാണ് സ്വന്തം പാരമ്പര്യത്തെ അറിയാന്‍ കഴിഞ്ഞതെന്ന് ആരും ചിന്തിക്കും.

ഖാളി പരമ്പര

ഇപ്പോഴത്തെ ഖാളിമാരുടെ പക്കലുള്ള കുറിപ്പുകള്‍, അബൂബക്കര്‍ കുഞ്ഞി ഖാളിയുടെ ശറഹ് വിത്രിയ്യ, ചെറിയ ഖാളി നാലകത്ത് മുഹമ്മദ് കോയാ സാഹിബിന് പിതാവ് മാമുക്കോയ ഖാളി പറഞ്ഞുകൊടുത്തതും മാമുക്കോയ ഖാളിയില്‍ നിന്നും ചരിത്രകാരന്മാര്‍ കേട്ട ചില മൊഴികളും ഇബ്നുബത്തൂത്തയുടെ സഞ്ചാര ചരിത്രങ്ങളുമൊക്കെയാണ് ഖാളി മുഹമ്മദിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന സ്രോതസ്സുകള്‍.

കോഴിക്കോട് ഖാളിയായിരുന്ന ശിഹാബുദ്ദീന്‍ അഹ്മദ് എന്നവരുടെ മകന്‍ ഖാളി അബ്ദുല്‍ അസീസിന്റെ പുത്രന്‍ ഖാളി അലി നാശിരിക്ക് ശേഷമാണ് നാശിരിയുടെ സഹോദരനായ ഖാളി മുഹമ്മദ് ഖാളിസ്ഥാനം ഏറ്റെടുക്കുന്നത്.

മക്കയില്‍ നിന്ന് ഇസ് ലമിക പ്രബോധനത്തിനായി വന്ന മാലിക്ബ്നു ഹബീബ്(റ)ന്റെ പരമ്പരയില്‍ ചെന്നെത്തുന്നു ഖാളി മുഹമ്മദിന്റെ പരമ്പര. മാലിക്ബിന്‍ ഹബീബ്(റ) മുഹമ്മദുല്‍ അന്‍സ്വാരി എന്ന സ്വഹാബിയുടെ  പുത്രനാണ്. ഈ ഖാളി പരമ്പരയില്‍ പലരുടെയും ചരിത്രം അവ്യക്തമാണ്. ഇബ്നുബത്തൂത്തയുടെ സഞ്ചാര കാലഘട്ടത്തില്‍ ഖാളിയായിരുന്ന ഫഖ്റുദ്ദീന്‍ എന്നവര്‍ക്ക് ശേഷമുള്ള ഖാളിമാരുടെ ചരിത്രം ഏറെക്കുറെ സ്വീകാര്യയോഗ്യമാണ്. അവരുടെയൊക്കെ ഖബറിടങ്ങള്‍ കുറ്റിച്ചിറ വലിയ ജുമുഅത്ത് പള്ളിക്ക് സമീപവും ചാലിയം മാലിക്ദീനാര്‍ പള്ളിക്ക് സമീപവുമാണ്.

ഖാളി മുഹമ്മദ് പിതാവില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി. പിന്നീട് ഉസ്മാന്‍ ലബ്ബല്‍ ഖാഹിരിയുടെ ശിഷ്യത്വം സ്വീകരിച്ചു. അതിനുശേഷം കുറ്റിച്ചിറ മിസ്കാല്‍ പള്ളിയില്‍ മുദരിസായി. കോഴിക്കോട് ഖാളിയായി സാമൂതിരി നിയമിക്കുകയും ചെയ്തു.

ജനനേതാവ്

ഖാളി മുഹമ്മദ് പള്ളിയിലൊതുങ്ങിയ മുദരിസായിരുന്നില്ല. തന്റെ കാലഘട്ടം ചുരുണ്ടുകൂടാന്‍ പറ്റിയതല്ലെന്ന് അദ്ദേഹം മനസ്സിലാക്കി. നാട്ടിലെ പ്രശ്നങ്ങളും പ്രയാസങ്ങളും അദ്ദേഹത്തെ അലട്ടി. പറങ്കികളുടെ കയ്യേറ്റശ്രമങ്ങളും തുടര്‍ന്നുണ്ടായ രക്തച്ചൊരിച്ചിലുകളും ഖാളിയെ പറങ്കികള്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ മുന്‍നിരയിലെത്തിച്ചു.

പറങ്കികള്‍ മുസ്ലിം ചോരയില്‍ ചവിട്ടി നൃത്തമാടുന്ന സന്ദര്‍ഭത്തില്‍, പറങ്കിപ്പിശാചുക്ക ള്‍ കുറ്റിച്ചിറയിലെ നാഹുദാ മിസ്കാല്‍ പള്ളിക്ക് തീ കൊളുത്തിയപ്പോള്‍ പള്ളിക്ക് സമീ പം വെച്ച് നടന്ന ഘോരമായ പോരാട്ടത്തില്‍ ഖാളിയും പങ്കെടുത്തു. ജനകീയ പ്രശ്നങ്ങളില്‍ ഇടപെട്ടായിരുന്നു ഖാളി ജീവിച്ചത്. സാമൂതിരി-പറങ്കി സംഘര്‍ഷങ്ങള്‍ പതിന്മടങ്ങ് വര്‍ധിച്ചപ്പോള്‍ ഏറ്റവും വലിയ നഷ്ടം മുസ്ലിംകള്‍ക്കായിരുന്നു. പറങ്കികള്‍ മുസ്ലിം വിരോധത്തിന് സാമൂതിരിയുടെ മറ സ്വീകരിച്ചു. ഒടുവില്‍ പ്രത്യക്ഷത്തില്‍ തന്നെ സംഘ ര്‍ഷം മുസ്ലിം – പറങ്കി സൈന്യങ്ങള്‍ തമ്മിലായി. ഈ പോരാട്ടങ്ങളില്‍ നായര്‍ വിഭാഗത്തിന്റെ പങ്ക് വിസ്മരിക്കാവതല്ല.

പറങ്കികള്‍ മലബാറിലെ ആസ്ഥാനമായി സ്വീകരിച്ചത് ചാലിയം കോട്ടയായിരുന്നു. മലബാറിലെ പല സുപ്രധാന പള്ളികളും തകര്‍ത്ത് അവയുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ കൊണ്ട് അലങ്കരിച്ച കോട്ടക്ക് സ്ഥലം കണ്ടെത്തിയത് ചാലിയം ജുമുഅത്ത് പള്ളിയുടെ സ്ഥലം കയ്യേറിയായിരുന്നു. ഒടുവില്‍ ഗത്യന്തരമില്ലാതെ ചാലിയത്തെ പറങ്കിക്കോട്ട ഉപരോധിക്കാന്‍ തീരുമാനിച്ചു. ചാലിയം ജുമുഅത്ത് പള്ളിയില്‍ നടന്ന ചര്‍ച്ചയില്‍ മുസ്ലിംകളോടൊപ്പം സാമൂതിരിയും ഖാളി മുഹമ്മദും പങ്കെടുത്തു.

ഈ ചര്‍ച്ചയെ തുടര്‍ന്ന് ഹി. 977 സ്വഫര്‍ 24ന് ചാലിയം കോട്ടക്കെതിരെ മുസ്ലിം – നായര്‍ പടയാളികള്‍ പോരാട്ടം ആരംഭിച്ചു. ഒത്തുപിടിച്ചുള്ള ഈ പോരാട്ടത്തില്‍ ഖാളിയുടെയും സാമൂതിരിയുടെയും മത-ഭൌതിക നേതൃത്വങ്ങളുടെ ശക്തി പോര്‍ച്ചുഗീസുകാര്‍ അനുഭവിച്ചു. അവര്‍ ചാലിയം കോട്ടക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ മുസ്ലിംകളോട് പരാജയപ്പെട്ടു. ജമാദുല്‍ ആഖിര്‍ (ഹി. 977) പതിനാറിനായിരുന്നു ചരിത്രപ്രസിദ്ധമായ ഈ പോരാട്ടം ലക്ഷ്യം കണ്ടത്. ചാലിയം കോട്ടയുടെ ഭാഗങ്ങള്‍ മിസ്കാല്‍ പള്ളി പുതുക്കിപ്പണിയാനായി, സാമൂതിരി മുസ്ലിംകള്‍ക്ക് കൊടുത്തു.

നവോത്ഥാനത്തിന്റെ രാഷ്ട്രീയം

സാമൂഹ്യ രാഷ്ട്രീയ കാര്യങ്ങള്‍ മതത്തിന്റെ ഭാഗമല്ലെന്നു തെറ്റിദ്ധരിക്കുകയും രാഷ്ട്രകാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതും സമൂഹത്തിന്റെ മനസ്സിനോട് സംവദിക്കുന്നതും ഒരുതരം വഴിത്തിരിവായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്ത ഒരു കാലഘട്ടമുണ്ടായിരുന്നു.

സമൂഹത്തിലെ ഓരോ അംഗവും ഒരുകാലത്ത് ഈ ധാരണ മുറുകെപ്പിടിച്ചു കഴിഞ്ഞുകൂടി. മാത്രമോ പണ്ഢിതനും സ്വൂഫിവര്യനുമാകണമെങ്കില്‍ ചടഞ്ഞുകൂടണമെന്നുകൂടി തെറ്റിദ്ധരിക്കുകയും സ്വൂഫികള്‍ പര്‍ണശാലകളുടെ ഓരം ചാരി ഇരുന്ന് സമൂഹത്തെ കുറിച്ചറിയാത്ത, സമൂഹത്തോടുള്ള ബന്ധം പാപമായി കരുതുന്നവരാണെന്ന് ഒരു വി ഭാഗം പ്രചരിപ്പിക്കുന്നു.

സ്വൂഫികള്‍ക്ക് ദുനിയാവിന്റെ ഒരുകാര്യവും പിടിപാടില്ലെന്നും അവര്‍ക്ക് സ്വന്തം ശരീരം വൃത്തിയാക്കാനോ വസ്ത്രം വെളുപ്പിക്കാനോ ഉള്ള മനസ്സില്ലായിരുന്നുവെന്നും വ്യാഖ്യാനിക്കാനും അര്‍ഥം വെക്കാനും ഉത്പതിഷ്ണുക്കള്‍ ശ്രമിച്ചു. ദൌര്‍ഭാഗ്യവശാല്‍ സമൂഹത്തിലെ അടിസ്ഥാന വിഭാഗത്തില്‍ നിന്ന് തന്നെ പലരും ഇത്തരം വ്യാഖ്യാനങ്ങളെ വാരിപ്പുണരുകയും സ്വൂഫികളില്‍ പലരെയും ഇങ്ങനെതന്നെ പരിചയപ്പെടുത്താനും വാശിപിടിച്ചു. അല്ലാഹുവിലേക്കടുക്കുംതോറും പ്രാകൃതനായിത്തീരുന്നുവെന്ന ധാരണ പുറത്ത് പ്രചരിച്ചു.

എന്നാല്‍ സ്വൂഫി പ്രമുഖര്‍ മുഴുവനും ജനമനസ്സുകളെ ശുദ്ധീകരിക്കാനും ജനതയുടെ മുന്നേറ്റങ്ങളുടെ മുന്നില്‍ നില്‍ക്കാനും ശ്രദ്ധിച്ചു. ശൈഖ് ജീലാനിയും രിഫാഇയും ചിശ്തിയും നിസാമുദ്ദീന്‍ ഔലിയയും മമ്പുറം തങ്ങളും വെളിയംകോട് ഉമര്‍ഖാളിയും ഖാളി മുഹമ്മദും (റ.ഹും.) തുടങ്ങിയ പലരും ജനകീയ പ്രശ്നങ്ങളിലിടപെട്ടു. അവര്‍ മുഖേന ധാരാളം അമുസ്ലിംകള്‍ ഇസ്ലാമിന്റെ സൌന്ദര്യം കണ്ടു. പതിനായിരക്കണക്കിന് സത്യാന്വേഷികള്‍ക്ക് ആശിച്ച അഭയസ്ഥാനം കിട്ടി. സത്യത്തിന്റെ നിറവെളിച്ചത്തില്‍ അവര്‍ നിര്‍വൃതി കൊണ്ടു.

‘മുസ്ലിംകളും കേരള സംസ്കാരവും’ എന്ന ഗ്രന്ഥത്തില്‍ വെളിയംകോട് ഉമര്‍ഖാളിയെ ‘നവോത്ഥാനത്തിന്റെ ആദ്യകാഹളം’ എന്നാണ് വിശേഷിപ്പിക്കുന്നത്. സാമ്രാജ്യത്ത മേല്‍ക്കോയ്മക്കെതിരെയുള്ള പോരാട്ടത്തിന്റെ മുന്നില്‍ നിന്നവരാണവര്‍. നികുതിനിഷേധ പ്രസ്ഥാനമായി ഉമര്‍ഖാളി നിലകൊണ്ടപ്പോള്‍ ബ്രിട്ടീഷ് പീരങ്കികള്‍ തീ തുപ്പിയില്ല. അവര്‍ ഉമര്‍ഖാളിയുടെ ആന്തരിക ശക്തിസ്രോതസ്സിനെ കുറിച്ചറിഞ്ഞു. ഇതുപോലെ ഖാളി മുഹമ്മദും തന്റെ കാലഘട്ടത്തിലെ രാഷ്ട്രീയ പ്രശ്നങ്ങളിലിടപെടുകയും വിശ്രുതമായ ഒരു സമരസാഹിത്യ രചന നടത്തുകയും ചെയ്തു. ഫത്ഹുല്‍ മുബീന്‍ എന്ന കവിതാ ധാരകള്‍, ചാലിയം കോട്ട പിടിച്ചടക്കിയതും അതുമായി ബന്ധപ്പെട്ട പോര്‍ച്ചുഗീസ് അതിക്രമങ്ങളും പരാമര്‍ശിക്കുന്നതാണ്. ശുദ്ധമായ അറബിയില്‍ ഈ കവിത രചിച്ചതിന്റെ പ്രധാന ഉദ്ദേശ്യം, ഒരു കാലഘട്ടത്തിന്റെ ചരിത്രം മറ്റു രാഷ്ട്രങ്ങളിലേക്കും കൈമാറുകയെന്നതാണ്. പോര്‍ച്ചുഗീസുകാര്‍ക്കെതിരില്‍ ഒരാഗോള മുസ്ലിം കൂട്ടുകെട്ടുണ്ടാക്കി പോര്‍ച്ചുഗീസ് ഭ്രാന്തരെ ചങ്ങലക്കിടുകയായിരുന്നു ദൌത്യം. ശൈഖ് സൈനുദ്ദീന്‍(റ) തുഹ്ഫതുല്‍ മുജാഹിദീനില്‍ ഇക്കാര്യം വിശദീകരിക്കുന്നുണ്ട്.

ഫത്ഹുല്‍ മുബീനിന്റെ ആദ്യ മലയാളവിവര്‍ത്തനം പള്ളിപ്പുറം മൂസാന്‍കുട്ടി മുസ്ലിയാരുടേതായിരുന്നു. ഹൈദരാബാദിലെ എം.എ മുഈദ് ഖാനാണ് ഫത്ഹുല്‍ മുബീന്‍ ആദ്യമായി ഇംഗ്ളീഷിലേക്ക് വിവര്‍ത്തനം ചെയ്തത്. മലയാളത്തില്‍ കെ.കെ. മുഹമ്മദ് അബ്ദുല്‍ കരീമും പ്രൊഫ. മങ്കട അബ്ദുല്‍ അസീസും വിവര്‍ത്തനങ്ങള്‍ രചിച്ചിട്ടുണ്ട്. പ്രൊഫ. മങ്കട തന്റെ വിവര്‍ത്തനത്തിന്റെ ആമുഖത്തില്‍ എഴുതുന്നു: “ഫത്ഹുല്‍ മുബീനിന്റെ ശൈലി സുന്ദരമാണ്. അറബി ഭാഷയില്‍ ഇത്രയും കഴിവുനേടിയ മറ്റാരെയും ഇന്ത്യ കണ്ടിട്ടില്ല. ശുദ്ധമായ പദങ്ങള്‍, മര്‍മത്ത്് കൊള്ളുന്ന പ്രയോഗങ്ങള്‍, നര്‍മത്തില്‍ പൊതിഞ്ഞ പരിഹാസം. ആകര്‍ഷകമായ പ്രതീകസൃഷ്ടികള്‍ എന്നിവയെല്ലാം ഇതിനെ ആസ്വാദ്യകരമാക്കുന്നു” (പേജ് 32).

മുഹ് യിദ്ദീന്‍ മാല

ഖാളി മുഹമ്മദിന്റെ പ്രശസ്തി നാനൂറ് ആണ്ടുകള്‍ക്കുശേഷവും നിലനില്‍ക്കുന്നുവെങ്കില്‍ അത് ശൈഖ്  ജീലാനിയുടെ മദ്ഹ് കാവ്യമായ മുഹ്യിദ്ദീന്‍ മാലയുടെ പേരിലാണ്. ചരിത്രം ഇന്നുവരെ ഖാളി മുഹമ്മദ് എന്ന മഹാധിഷണാശാലിയെ വിലയിരുത്താന്‍ ഉപയോഗിച്ച പ്രധാന രചനകളായിരുന്നു മാലയും ഫത്ഹുല്‍ മുബീനും.

മാല ചരിത്രത്തെ കയ്യിലെടുത്തു. മാല ജനകീയ സാഹിത്യമായി. തുഞ്ചത്തെഴുത്തച്ഛനും പൂന്താനത്തിനും അഞ്ചാണ്ട് മുമ്പ്, മാല സമുദായത്തിന്റെ മനസ്സില്‍ കൊത്തിവെക്കപ്പെട്ടു. ഇന്നും ആവശ്യാനുസരണം മുഹ്യിദ്ദീന്‍മാല പാരായണം ചെയ്യുന്നു.

എന്നാല്‍ മാലയുടെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യുന്ന വിധത്തില്‍ ചരിത്രത്തെയും വസ് തുതകളെയും വികലമാക്കുകയാണ് പലരും. ഈ ഘട്ടത്തില്‍ മാലയുടെ സംരക്ഷണം മുസ്ലിം സമുദായത്തിന്റെ ബാധ്യതയാണ്. ഖാളി മുഹമ്മദിന്റെ പാരമ്പര്യമവകാശപ്പെടുന്നവര്‍ പോലും മുഹ്യിദ്ദീന്‍മാല വിസ്മരിക്കുകയാണ്. ഈവിധം മാല ഒറ്റപ്പെടുത്തപ്പെടുകയും അപഹസിക്കപ്പെടുകയും അപകീര്‍ത്തിക്കപ്പെടുകയും ചെയ്യുന്ന ദുസ്ഥിതിയില്‍ നിന്ന് സമുദായത്തെയും ചരിത്രത്തെയും സംരക്ഷിക്കാന്‍ മനസാക്ഷിയുള്ള ചരിത്രകാരന്മാരും പണ്ഢിത മഹത്തുക്കളും സംഘടനാനേതൃത്വവും മുന്‍കയ്യെടുക്കുമെന്ന് പ്രത്യാശിക്കാം.


RELATED ARTICLE

  • മാലകള്‍ പെയ്തിറങ്ങിയ മുസ്ലിം മനസ്സുകള്‍
  • ഖാളി മുഹമ്മദിന്റെ കാല്‍പ്പാടുകള്‍ തേടി
  • ഹിജ്റ കലണ്ടറും പുതുവര്‍ഷവും
  • ചിന്തയും ചിന്താ വിഷയവും
  • ഗള്‍ഫില്‍ നിന്ന് പണം ചവിട്ടല്‍
  • ഒപ്പന, കോല്‍ക്കളി, ദഫ്
  • ആശൂറാപ്പായസവും സുറുമയും
  • അന്ത്യ നിമിഷം
  • അതുല്യ നേതാവ്