Click to Download Ihyaussunna Application Form
 

 

ശൈഖ് രിഫാഈ: ധന്യജീവിതത്തില്‍നിന്നല്‍പ്പം

ജമാദുല്‍ അവ്വല്‍ 12 ശൈഖ് രിഫാഈ വഫാത്ത് ദിനം

ശൈഖ് അഹ്മദുല്‍ കബീര്‍ അര്‍രിഫാഈ(ഖ.സി) ആത്മീയ രംഗത്തെ അണയാത്ത ജ്യോതിസ്സാണ്. അദ്ദേഹത്തിന്റെ പ്രകീര്‍ത്തനങ്ങള്‍ അയവിറക്കുന്ന കാവ്യമാണ് പ്രസിദ്ധമായ രിഫാഈ മാല. രിഫാഈ ശൈഖിന്റെ പ്രശസ്തമായ പല കാവ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ കൃതി രചിച്ചതെന്നു ഗ്രന്ഥകര്‍ത്താവ് പറയുന്നുണ്ട്.

“അവര്‍ ചൊന്ന ബൈതിന്നും തന്‍ബീഹ് തന്നിന്നും

അങ്ങനെ സിര്‍റുല്‍ മക്നൂനിന്നും കണ്ടോവര്‍”

ശൈഖിന്റെ രചനകള്‍ക്കുപുറമെ തന്‍ബീഹ്, സിര്‍റുല്‍ മക്നൂന്‍ തുടങ്ങിയ കൃതികള്‍ അവലംബിച്ചാണ് കാവ്യരചന നടത്തിയിട്ടുള്ളതെന്ന് അര്‍ഥം. എന്നാല്‍ ഇവിടെ നാം ഗ്രഹിക്കേണ്ട വസ്തുത, മേല്‍ മാലയില്‍ ഒരിക്കലും ശൈഖന്റെ ജീവിതത്തെ പൂര്‍ണമായും അവതരിപ്പിച്ചിട്ടില്ല എന്നതാണ്. പാരാവാരം പോലെ കിടക്കുന്ന ആ മഹദ്ജീവിതത്തില്‍ നിന്ന് അല്‍പ്പം മാത്രം കോറിയിടാനേ ഏതൊരു രചയിതാവിനും കഴിയൂ. ഇക്കാര്യം മാല കര്‍ത്താവ് തന്നെ ഉണര്‍ത്തുന്നുണ്ട്.

“മേല്‍മയില്‍ തൊപ്പം പറയുന്ന ഞാനിതില്‍

മേല്‍മ പറകിലോ മട്ടില്ല എന്നോവര്‍”

ശരീഅത്തിന്റെ പ്രയോക്താവ്

ബഹുവന്ദ്യനായ ശൈഖ് ജീലാനി(റ) ശരീഅത്തിന്റെ ശക്തനായ വക്താവും പ്രയോക്താവുമായിരുന്നുവെന്നാണ് ചരിത്രം. രിഫാഈ മാലയില്‍ നിന്നു തന്നെ ഇക്കാര്യം ബോധ്യമാകും. ത്വരീഖത്തിനും ശൈഖിനുമൊന്നും ശരീഅത്തിനോട് വിധേയത്വം ആവശ്യമില്ലെന്ന തെറ്റായ പ്രചാരത്തിനു രിഫാഈ ജീവിതത്തില്‍ യാതൊരു വിലയുമില്ല. ശൈഖവര്‍കള്‍ ജീവിച്ച 105 കൊല്ലവും ശരീഅത്തനുസൃതമായി തന്നെയായിരുന്നു ജീവിതം. അതിന്റെ ഫലമാകട്ടെ തികഞ്ഞ സംതൃപ്തിയോടെ വിയോഗം പൂകാനും അവിടത്തേക്കായി. കവി തന്നെ അതേപ്പറ്റി പറയട്ടെ.

“ഹിജ്റ അതഞ്ഞൂറ്റി എളുപത് ചൊന്നനാള്‍ : അവ്വല്‍ ജമാദില്‍ വ്യാഴം പന്തീരണ്ടില്‍

വുജൂബായ രണ്ട് കലിമ അത് ചൊല്ലി : ഇസ്തിവാ നേരത്താന്നാഖിറം പുക്കോവര്‍”

മരണ മുഹൂര്‍ത്തത്തില്‍ നിര്‍ബന്ധമായ രണ്ട് കലിമകള്‍ ചൊല്ലി തന്നെയാണ് മഹാന്‍ പിരിഞ്ഞതെന്നത്രെ ചരിത്രം.

ശൈഖിന്റെ ജീവിതത്തില്‍ ദീനിനെതിരായ യാതൊന്നും പ്രകടമായില്ലെന്നുമാത്രമല്ല ദീനീ വിരുദ്ധ സംഗതികള്‍ കണ്ടാല്‍ അതിനെതിരെ രംഗത്തുവരാനും മഹാന്‍ മടിച്ചില്ല. കവി ഉണര്‍ത്തുന്നു.

“ദീനോട് മാറ്റം പിടിച്ചൊരു സുല്‍ത്വാനെ : ദീനില്‍ വരുത്തി ഉടനെ അയച്ചോവര്‍”

ദീനിനെതിര്‍ നിന്ന ഒരു ചക്രവര്‍ത്തിയെ ദീനിനനുകൂലിയാക്കാന്‍ മഹാനു കഴിഞ്ഞു. ഒരു ചക്രവര്‍ത്തിക്കു മുമ്പില്‍ ഈ ചങ്കൂറ്റത്തിനു തുനിഞ്ഞെങ്കില്‍ സാധാരണക്കാര്‍ക്കിടയില്‍ എത്രമാത്രം അവിടുന്ന് പ്രയത്നിച്ചിട്ടുണ്ടെന്ന് ഊഹിക്കാമല്ലോ.

അവിടുത്തെ ജീവിതം അല്ലാഹുവിനുള്ള ഇബാദത്തില്‍ ബന്ധിതമായിരുന്നു. നിസ്കാരത്തിന്റെ കാര്യത്തില്‍ യാതൊരു വീഴ്ചയും അദ്ദേഹം വരുത്തിയിരുന്നില്ല. തൊട്ടടുത്ത പള്ളിയില്‍ സ്ഥിരമായി ജമാഅത്തിന് അദ്ദേഹം സന്നിഹിതമായി.

ചില വരികള്‍ കൂടി കാണുക:

“എല്ലാ കലാമിലും ദുഷ്കം ഉടയോവര്‍ : ഏകന്‍ ഇബാദത്തില്‍ എപ്പോളും ഉള്ളോവര്‍

ബല്ലപ്പള്‍ നിസ്കാരം തന്നില്‍ അകംപുക്കാല്‍: ബംബിച്ചെ വാളുമ്മല്‍ നിന്നെ പോല്‍ എന്നോവര്‍”

മേല്‍ വരികള്‍ ഉണര്‍ത്തുന്നത് വായ തുറന്നു സംസാരിക്കുന്നതില്‍ പോലും ശരീഅത്തിന്റെ പരിധിവിടാതെ മഹാന്‍ സൂക്ഷിച്ചിരുന്നുവെന്നാണ്. അതുപോലെ തന്നെ നിസ്കാരത്തില്‍ അത്യപൂര്‍വ്വ ഭക്തിപുലര്‍ത്താനും അവിടുന്ന് ശ്രദ്ധിച്ചിരുന്നു. ത്വരീഖതിന്റെ പേരില്‍ നിസ്കാരം പോലും വെടിയുന്നതിന് ആത്മീയശാസ്ത്രത്തില്‍ ന്യായമില്ലെന്നു മറ്റൊരു വരിയില്‍നിന്നു മനസ്സിലാക്കാം.

“എന്റെ മജ്ലിസില്‍ ദിക്റും ഖുര്‍ആനും : എണ്ണിയ ദോഷം ഒന്നില്ലെന്നു ചൊന്നോവര്‍”

തന്റെ ജീവിതത്തില്‍ ഖുര്‍ആന്‍, ഹദീസ് പ്രമാണങ്ങള്‍ക്ക് വിരുദ്ധമായ ഒരു പാതകവുമില്ലെന്നാണ് അദ്ദേഹം തുറന്നു പറയുന്നത്. ദിക്ര്‍ എന്ന മഹാന്റെ പ്രയോഗം വിശാലമായ അര്‍ഥം ഉള്‍ക്കൊള്ളുന്നു. വിശുദ്ധ ഖുര്‍ആനിനു തന്നെ ദിക്ര്‍ എന്ന സംജ്ഞ ഇസ്ലാമില്‍ പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ ഖുര്‍ആന്‍ എന്നു വേറെ തന്നെ പറഞ്ഞത് കൊണ്ട് ഇനി ആ അര്‍ഥത്തിനു പ്രസക്തിയില്ല. ദിക്ര്‍ എന്ന് ഖുര്‍ആനില്‍ പലതിനും പ്രയോഗിച്ച കൂട്ടത്തില്‍ ഖുത്വുബക്കും നിസ്കാരത്തിനുമൊക്കെ ഉപയോഗിച്ചത് കാണാം. വാക്കര്‍ത്ഥപ്രകാരം ഉത്ബോധനം എന്ന് ദിക്റിനു വിവക്ഷയുണ്ട്. ഇതനുസരിച്ച് പരിശുദ്ധ ഖുര്‍ആനിന്റെ തന്നെ അടിസ്ഥാനത്തില്‍ വരുന്ന അഹ്ലുസ്സുന്ന പ്രമാണങ്ങളാണിവിടെ മുഖ്യ ഉദ്ദേശ്യമെന്ന് വരുന്നു. അപ്പോള്‍ ഇസ്ലാമിക ശരീഅത്തില്‍ പ്രകടവും സ്വാഭാവികവുമായ പരിധിയിലും പരിഗണനയിലും തെറ്റായ കാര്യങ്ങള്‍ തന്റെ സദസ്സിലും സമീപത്തും തെറ്റാണെന്ന് തന്നെ മഹാന്‍ വിധിച്ചിരുന്നതായി വരുന്നു. തന്റെ ജീവിതവും ദര്‍ശനവും ശറഇയ്യായിരുന്നുവെന്നതിന് ഇതിനപ്പുറം മറ്റൊരു രേഖ ആവശ്യമാണെന്നു തോന്നുന്നില്ല. എല്ലാറ്റിനും പുറമെ അവിടുന്ന് തന്നെ തുറന്നുപ്രഖ്യാപിച്ചത് തന്റെ ജീവിതം തിരുനബി മാര്‍ഗത്തില്‍ മാത്രമായിരുന്നുവെന്നാണ്. കവി പറയുന്നത് കാണുക:

“എല്ലാ വലികളും ഓരോ നബി വയ്യില്‍, ഞാനെന്റെ സീബാവാ ത്വബഖാതില്‍ ചൊന്നോവര്‍”

ഓരോ ആദ്ധ്യാത്മ പുരുഷന്മാര്‍ക്കും ആദ്ധ്യാത്മിക കാര്യത്തില്‍ ഉണ്ടാകുന്ന ഒരു സ്വഭാവ ഗുണമുണ്ടെന്നത് നേരാകുന്നു. എന്നാല്‍ തന്റെ മാര്‍ഗം എല്ലാ അര്‍ഥത്തിലും പുണ്യപ്രവാചകന്റേതു തന്നെയാകുന്നു. എന്നാണ് മഹാന്റെ പ്രഖ്യാപനം. തിരുനബി ജീവിതം ശരീഅത്തിന്റെ പ്രകടനമായിരുന്നു. അന്യസ്ത്രീകള്‍ക്ക് ബൈഅത് ചെയ്യാന്‍ നബി(സ്വ) സ്വീകരിച്ചിരുന്നത് ഒരു മുണ്ടിന്റെ തലയില്‍ അവിടുന്ന് പിടിക്കുകയും അതിന്റ തന്നെ മറുതലയില്‍ സ്ത്രീകള്‍ പിടിക്കുകയുമായിരുന്നു. അല്ലെങ്കില്‍ ഒരു പാത്രത്തിലെ വെള്ളത്തില്‍ ആദ്യം നബി(സ്വ) കൈ മുക്കുന്നു. ശേഷം സ്ത്രീകള്‍ അതില്‍  കൈ മുക്കുന്നു. പുരുഷന്മാരുടെ കൈ സ്വന്തം കൈതലത്തില്‍ വെച്ചു നടത്തുന്ന ബൈഅതിനു പകരമായിരുന്നു ഇത്. നബി(സ്വ)യുടെ ഈ ശൈലി ശരീഅത്തിന്റേതാണ്. ത്വരീഖതില്‍ വരുമ്പോള്‍ അന്യസ്ത്രീ സ്പര്‍ശന ദര്‍ശനങ്ങള്‍ അനുവദനീയമാകുമെന്നതിന് യാതൊരു ന്യായവുമില്ല. നബി(സ്വ) യുടെ പാത പിന്‍പറ്റുന്ന ഒരു ശൈഖില്‍ നിന്നും ഇത്തരം സമീപനം ഉണ്ടാകാന്‍ ന്യായമില്ല. എന്നാല്‍ ഇന്ന് ശരീഅത്തുകള്‍ സമൂഹത്തിലെ സാധാരണക്കാര്‍ക്കു മാത്രമായി തീറെഴുതി നല്‍കാനാണ് അഭിനവ ത്വരീഖത്തുകാര്‍ തുനിയുന്നത്. ഇതിന് ശൈഖ് രിഫാഈയുടെ ജീവിതത്തില്‍ നിന്ന് ഒരു തെളിവും ലഭിക്കുന്നില്ലെന്നു മാത്രമല്ല ഇത്തരം സമീപനത്തെ ശക്തമായി എതിര്‍ക്കുകയായിരുന്നു ശൈഖ് എന്നുകൂടി വ്യക്തമാണ്.


RELATED ARTICLE

  • ഖാളി മുഹമ്മദിന്റെ കാല്‍പ്പാടുകള്‍ തേടി
  • മാലകള്‍ പെയ്തിറങ്ങിയ മുസ്ലിം മനസ്സുകള്‍
  • ഊതിക്കാച്ചിയ പൊന്ന്
  • കറാമത്തുകള്‍
  • ഔലിയാക്കള്‍
  • ബാഗ്ദാദ്: നൂറ്റാണ്ടുകളിലൂടെ
  • ശൈഖ് രിഫാഈ: ധന്യജീവിതത്തില്‍നിന്നല്‍പ്പം
  • ത്വരീഖത്ത് സത്യവും മിഥ്യയും
  • സയ്യിദ് അഹ്മദുല്‍ കബീര്‍ രിഫാഈ(റ)