Click to Download Ihyaussunna Application Form
 

 

ഊതിക്കാച്ചിയ പൊന്ന്

“അല്ലാഹു ഒരടിമയെ സ്നേഹിച്ചുകഴിഞ്ഞാല്‍ ജിബ്രീല്‍(അ)നെ വിളിച്ചു ‘ഞാന്‍ ഇന്നവനെ സ്നേഹിക്കുന്നു. താങ്കളും സ്നേഹിക്കുക’ എന്നു പറയും. അപ്പോള്‍ ജിബ്രീലും അദ്ദേഹത്തെ സ്നേഹിക്കും. ശേഷം ജിബ്രീല്‍(അ) വാനലോകത്തു വിളിച്ചുപറയും. ‘അല്ലാഹു ഇന്നയാളെ സ്നേഹിച്ചിരിക്കുന്നു. നിങ്ങളും അവനെ സ്നേഹിക്കുവീന്‍’ അപ്പോള്‍ ആകാശലോകത്തുള്ളരും ആ അടിമയെ സ്നേഹിക്കും. പിന്നെ ഭൂമിയിലും അയാള്‍ക്ക് അംഗീകാരം ലഭിക്കും” (ബുഖാരി- മുസ്ലിം).

ഇലാഹീ സാമീപ്യത്തിലൂടെ ഒരടിമക്ക് നേടാന്‍ കഴിയുന്ന മഹത്തായ സ്ഥാനത്തെക്കുറിച്ചാണ് നബി(സ്വ) ഇവിടെ സൂചിപ്പിച്ചിരിക്കുന്നത്. പാപരഹിതമായ ജീവിതം അവന് മഹോന്നത സ്ഥാനങ്ങള്‍ നേടിക്കൊടുക്കും. മനുഷ്യപുത്രന്മാരെ നാം ആദരിച്ചിരിക്കുന്നു എന്ന് ഖുര്‍ആന്‍ പറയുന്നു. ഈ ആദരവാണിവിടെ പ്രകടമാകുന്നത്. സദാസമയവും അല്ലാഹുവിനു ആരാധന ചെയ്തു ജീവിക്കുന്ന മാലാഖമാരെക്കാള്‍ ഉയരാന്‍ മനുഷ്യന് സാധിക്കും. കാരണം പാപം ചെയ്യാന്‍ സാധ്യമല്ലാത്ത വിധത്തിലാണ് മാലാഖമാരുടെ പ്രകൃതി. മനുഷ്യന്‍ അങ്ങനെയല്ല. നൂറുകൂട്ടം വികാരങ്ങളുടെ തടവറയിലാണവന്‍. അല്ലാഹുവിന്റെ പാതയിലേക്ക് മുന്നിടുന്നതില്‍ നിന്ന് അവനെ പിന്തിരിപ്പിക്കുന്നു വികാരങ്ങള്‍. മനുഷ്യന്റെ വികാരങ്ങള്‍ കൊണ്ടാണ് നരകത്തെ ആവരണം ചെയ്തിരിക്കുന്നത്. അവന് മാനസികമായി വെറുപ്പുള്ള കാര്യങ്ങളാല്‍ സ്വര്‍ഗത്തെയും ആവരണം ചെയ്തിരിക്കുന്നു. അപ്പോള്‍ സ്വര്‍ഗത്തിലേക്ക് പോകാന്‍ വികാരങ്ങള്‍ക്കു വിരുദ്ധമായി നീങ്ങണം. വികാരം അവന്റെ ദൌര്‍ബല്യവും. ഇവിടെ ശക്തമായൊരു സംഘട്ടത്തിനു വേദിയൊരുങ്ങുന്നു. തന്റെ സഹജമായ അഭീഷ്ടങ്ങള്‍ നരകത്തിലേക്ക് വലിക്കുമ്പോള്‍ ഇലാഹീ ചിന്തയും പ്രവാചകന്റെ വിളിയാളവും അവനെ സ്വര്‍ഗത്തിലേക്ക് വലിക്കുന്നു. അഭീഷ്ടങ്ങളെ പരാജയപ്പെടുത്തി വേണം ഇലാഹീ പാതയിലേക്ക് വരാന്‍. വന്നാലും അവന്‍ സുരക്ഷിതനല്ല. ഏതവസരത്തിലും അവന്‍ നരകപാതയിലേക്ക് വലിച്ചിഴക്കപ്പെടാം. അതില്ലാതിരിക്കാന്‍ ഇലാഹീ പാതയില്‍ നിതാന്ത ജാഗ്രതയായി കഴിയണം. ഇങ്ങനെ പൊരുതിനേടിയ വിജയത്തിനാണല്ലോ ഏറെത്തിളക്കം. ഊതിക്കാച്ചിയ പൊന്നിന്റെ മഹത്വം മറ്റൊന്നിനും ലഭ്യമല്ല. മനുഷ്യന്റെ വിശ്വാസം ഊതിക്കാച്ചിയെടുത്തതാണ്. മലകുകളുടേത് പ്രകൃതിദത്തവും. അതാണ് മനുഷ്യമഹത്വത്തിന്റെ നിദാനവും.

ഊതിക്കാച്ചിയെടുത്ത വിശ്വാസത്തിന്റെ ഉടമകളെ അല്ലാഹു പ്രത്യേകം ഇഷ്ടപ്പെടുന്നു. പൊരുതി ജയിച്ച പോരാളിയെ നാം സ്നേഹിക്കുമല്ലോ. അല്ലാഹുവിന്റെ ഇഷ്ടപാത്രങ്ങളെ ലോകത്തെല്ലാവരും ഇഷ്ടപ്പെടും. അല്ലാഹു ആദരിച്ചതിനെ ആദരിക്കുകയും അവന്‍ നിന്ദിച്ചതിനെ നിന്ദിക്കുകയും ചെയ്യുന്നവരാണ് അല്ലാഹുവിന്റെ ഇഷ്ടജനങ്ങളൊക്കെയും. മാലാഖമാര്‍, ജിന്നുകള്‍, മനുഷ്യര്‍, ജന്തുജാലങ്ങള്‍ തുടങ്ങിയവയെല്ലാം അല്ലാഹുവിന്റെ ഇഷ്ടദാസന്മാരെ സ്നേഹിക്കുന്നു. അവര്‍ക്കു ലോകത്ത് അംഗീകാരം ലഭിക്കുന്നു. അല്ലാഹുവിനെ ഭയപ്പെട്ടു ആരു ജീവിക്കുന്നുവോ അവനെ എല്ലാവരും ഭയപ്പെടും (ഹദീസ്).

ഒരാള്‍ അല്ലാഹുവിന്റെ ഇഷ്ടപാത്രമായിക്കഴിഞ്ഞാല്‍ അവന്‍ ഇച്ഛിക്കുന്നതെന്തോ അത്് അല്ലാഹു സാധിപ്പിച്ചുകൊടുക്കും. അമാനുഷികമെന്നു നാം കരുതിയ പലതും അവരിലൂടെ പ്രകടമാകും. അത് അവരുടെ സ്വന്തം കഴിവല്ല. അല്ലാഹു നല്‍കുന്ന കഴിവാണ്. അതില്‍ അവിശ്വസനീയമായൊന്നമില്ല. അല്ലാഹു നല്‍കുന്ന കഴിവിനു പരിധിയില്ല. അവന്‍ അ വന്റെ ഇഷ്ടദാസന്മാര്‍ക്കു വാരിക്കോരി കൊടുക്കും.

വിശുദ്ധ കഅ്ബാലയം ഖിബ്ലയാക്കിയാണ് നബി(സ്വ) ആദ്യം മുതലേ നിസ്കരിച്ചു വന്നത്. മദീനയിലെത്തിയപ്പോള്‍ ഖിബ്ല മാറ്റാന്‍ അല്ലാഹുവിന്റെ കല്‍പ്പനയുണ്ടായതിനെ തുടര്‍ന്നു ബൈതുല്‍ മുഖദ്ദസ് ഖിബ്ലയാക്കി പതിനാറു മാസം നിസ്കരിച്ചു. ഇസ്ലാമിന്റെ നിലനില്‍പ്പിനാവശ്യമായ ചില കാരണങ്ങള്‍ അതില്‍ അടങ്ങിയിരുന്നു. കഅബയിലേക്ക് തന്നെ തിരിയണമെന്നായിരുന്നു നബി(സ്വ)യുടെ ആഗ്രഹം. അല്ലാഹു അത് സാധിപ്പിച്ചു കൊടുത്തു. “നിങ്ങള്‍ ആഗ്രഹിക്കുന്ന ഖിബ്ലയിലേക്ക് നിങ്ങളെ നാം തിരിക്കുന്നു.” വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചു. നബി(സ്വ)യുടെ ആഗ്രഹം മാനിച്ചായിരുന്നു ഈ ഖിബ്ല മാറ്റം.

മഹാന്മാരായ സ്വഹാബിമാരുടെ ആഗ്രഹം മാനിച്ചുകൊണ്ട് അല്ലാഹു സൂക്തങ്ങള്‍ തന്നെ അവതരിപ്പിച്ചതു കാണാം. അല്ലാഹു തന്റെ ഇഷ്ടദാസന്മാരുടെ ആഗ്രഹം മാനിക്കുമെന്നതിനു തെളിവാണിതൊക്കെ. ഇമാം ബുഖാരി(റ) റിപ്പോര്‍ട്ടു ചെയ്ത ഒരു ഹദീസ് കാണാം. പ്രവാചകര്‍(സ്വ) അല്ലാഹുവിന്റെ വാക്കായി പറയുന്നു: “എന്റെ ഇഷ്ടദാസനോട് ആര് ശത്രുത കാണിക്കുന്നുവോ, അവനോട് ഞാന്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നു.” “ഞാന്‍ എന്റെ അടിമക്ക് നിര്‍ബന്ധമാക്കിയ കാര്യങ്ങള്‍ ചെയ്തുകൊണ്ട് അവന്‍ എന്റെ പ്രീതി നേടുന്നതിനെക്കാള്‍ എനിക്ക് ഇഷ്ടമായി മറ്റൊന്നില്ല. ഐച്ഛിക കാര്യങ്ങള്‍ കൊണ്ട് അവനെന്റെ സാമീപ്യം നേടിക്കൊണ്ടേയിരിക്കും. അങ്ങനെ ഞാനവനെ സ്നേഹിക്കും. ഞാന്‍ സ്നേഹിച്ചാല്‍ അവന്‍ കേള്‍ക്കുന്ന കാതും കാണുന്ന കണ്ണും പിടിക്കുന്ന കയ്യും നടക്കുന്ന കാലും ഞാനായി മാറും. അവനെന്നോട് ചോദിച്ചാല്‍ ഞാനവന് കൊടുക്കും. അവനെന്നില്‍ ശരണം പ്രാപിച്ചാല്‍ ഞാന്‍ അവന് ശരണം നല്‍കും” (ഹദീസ്, ഖുദ്സി).

അല്ലാഹു അവന്റെ കണ്ണും കാതുമൊക്കെയാകും എന്നതിന്റെ അര്‍ഥം അവന്റെ അവയവങ്ങള്‍ സമ്പൂര്‍ണമായി അല്ലാഹുവിന്റെ വിധിവിലക്കുകള്‍ക്കു വിധേയമായിരിക്കുമെന്നാണ്. അങ്ങനെ ഇലാഹീ താത്പര്യത്തിനു വിധേയമായ ഇന്ദ്രിയങ്ങള്‍ വഴി അവന്റെ അപാരമായ കഴിവുകള്‍ പ്രകടമാക്കും. പ്രവാചകന്മാരുടെ മുഅ്ജിസത്തും ഔലിയാക്കളുടെ കറാമത്തുമൊക്കെ ഇങ്ങനെ പ്രകടമാകുന്നവയാണ്.

മരണമടഞ്ഞവരെ ജീവിപ്പിക്കാനും രോഗം സുഖപ്പെടുത്താനും വിദൂര ദിക്കുകളിലുള്ള വസ്തുക്കള്‍ നിമിഷനേരം കൊണ്ട് മുമ്പിലെത്തിക്കാനുമൊക്കെ മനുഷ്യന് സാധിച്ച സംഭവങ്ങള്‍ ഖുര്‍ആനിലുണ്ടല്ലോ. അതൊക്കെ അല്ലാഹുവിന്റെ ഇഷ്ടദാസന്മാര്‍ മുഖേന അവന്റെ അപാരമായ കഴിവിന്റെ പ്രകടനങ്ങളാണ്.

അല്ലാഹു അവന്റെ കഴിവ് സൃഷ്ടികള്‍ക്കു എത്ര കൊടുക്കുമെന്നതിന് യാതൊരു പരിധിയുമില്ല. അവന്‍ ഇച്ഛിക്കുന്നവര്‍ക്ക് കണക്കില്ലാതെ കൊടുക്കും. മനുഷ്യകഴിവില്‍ പെട്ടത് പെടാത്തത് എന്നിങ്ങനെ അല്ലാഹുവിന്റെ കഴിവ് രണ്ടാക്കി വിഭജിക്കുന്നത് പ്രമാണ ങ്ങള്‍ക്കു നിരക്കാത്തതാണ്. മനുഷ്യനായാലും അല്ലെങ്കിലും അല്ലാഹു കൊടുത്തത് കഴിയും. കൊടുക്കാത്തത് കഴിയില്ല. അല്ലാഹുവില്‍ നിന്നു കൂടുതല്‍ നേടാനുള്ള മാര്‍ഗം അവന്റെ സാമീപ്യവും സ്നേഹവും നേടുകയെന്നതാണ്. അല്ലാഹു പറയുന്നു: “ഒരടിമ എന്നിലേക്ക് ഒരു ചാണ്‍ അടുത്തുവന്നാല്‍ ഞാന്‍ അവനിലേക്ക് ഒരു മുഴം അടുക്കും. അവന്‍ എന്നിലേക്ക് ഒരു മുഴം അടുത്തുവന്നാല്‍ ഞാന്‍ അവനിലേക്ക് ഒരു മാറ് അടുക്കും. അവന്‍ എന്നിലേക്ക് നടന്നുവന്നാല്‍ ഞാന്‍ അവനിലേക്ക് ഓടിച്ചെല്ലും” (ബുഖാരി). അല്ലാഹു അത്രയും നമ്മെ സ്വീകരിക്കാന്‍ സന്നദ്ധനാണെന്നാണ് ഈ വാക്യത്തിന്റെ താത്പര്യം.


RELATED ARTICLE

  • ഖാളി മുഹമ്മദിന്റെ കാല്‍പ്പാടുകള്‍ തേടി
  • മാലകള്‍ പെയ്തിറങ്ങിയ മുസ്ലിം മനസ്സുകള്‍
  • ഊതിക്കാച്ചിയ പൊന്ന്
  • കറാമത്തുകള്‍
  • ഔലിയാക്കള്‍
  • ബാഗ്ദാദ്: നൂറ്റാണ്ടുകളിലൂടെ
  • ശൈഖ് രിഫാഈ: ധന്യജീവിതത്തില്‍നിന്നല്‍പ്പം
  • ത്വരീഖത്ത് സത്യവും മിഥ്യയും
  • സയ്യിദ് അഹ്മദുല്‍ കബീര്‍ രിഫാഈ(റ)