Click to Download Ihyaussunna Application Form
 

 

അബ്ദുള്ളാഹിബ്നു മസ്ഊദ്(റ)

“ഖുര്‍ആന്‍ തനിമയോടെ പാരായണം ചെയ്യണമെന്നുണ്ടോ? ഇബ്നുഉമ്മിഅബ്ദി(ഇബ് നുമസ്ഊദ്)ന്റെ പാരായണമനുകരിച്ചു കൊള്ളുക”. മുത്തുനബി(സ്വ).

ബാല്യം വിട്ടുമാറാത്ത ഓമന വിജനമായ മേച്ചില്‍ പുറങ്ങളില്‍ ആട്ടിന്‍പറ്റത്തെയും തെ ളിച്ചു നടക്കുന്നു. ഖുറൈശി പ്രമുഖനായ ഉഖ്ബത്തുബ്നു മുഐത്വിന്റേതാണ് ആടുകള്‍. കൊച്ചിടയന്റെ പേര്‍ അബ്ദുല്ലാഹ്. പിതാവ് മസ്ഊദ്. പക്ഷേ, ഉമ്മുഅബ്ദിന്റെ മകന്‍ എന്ന് മാതാവിലേക്ക് ചേര്‍ത്താണ് നാട്ടുകാര്‍ വിളിക്കുന്നത്.

സ്വന്തം ജനതയില്‍ ഒരാള്‍ പ്രവാചകനാണെന്ന് വാദിക്കുന്നുവെന്ന ശ്രുതി ആ ബാലന്റെ ചെവിയിലും എത്തിയിട്ടുണ്ട്. പക്ഷേ, അതൊന്നും പ്രാധാന്യമുള്ളതായി ഉള്‍ക്കൊള്ളാന്‍ മാത്രം ആ ഇളം മനസ് പരുവപ്പെട്ടിട്ടില്ലല്ലോ. മാത്രമല്ല പ്രഭാതം വിടരുമ്പോഴേക്ക് ആട്ടിന്‍ പറ്റവുമായി സ്വന്തം ലോകത്തേക്ക് യാത്രയായാല്‍ ഇരുട്ടിയിട്ടേ പതിവായി തിരിച്ചെത്തുമായിരുന്നുള്ളൂ. അതിനാല്‍ നാട്ടില്‍ നടക്കുന്ന സംഭവവികാസങ്ങളില്‍ സജീവസാന്നിദ്ധ്യമാവാന്‍ സാധിച്ചതുമില്ല.

അങ്ങനെയിരിക്കെ ഒരുദിവസം പ്രഥമദൃഷ്ട്യാ തന്നെ മാന്യന്മാരെന്ന് തോന്നിക്കുന്ന രണ്ട് പേര്‍ അതുവഴി വന്നു. ദൂരെ നിന്നാണ് വരവ്. ഇരുവരും ക്ഷീണിതരാണെന്ന് കണ്ടാലറിയാം. ചുണ്ടും തൊണ്ടയും വരണ്ട് ദാഹിച്ച് പരവശരായിരിക്കുന്നു…വന്ന പാടെ ബാലനെ അഭിവാദ്യം ചെയ്തുകൊണ്ടവര്‍ ചോദിച്ചു: ‘മോനേ വല്ലാത്ത ദാഹം, അല്‍പം ആട്ടിന്‍ പാല്‍ കറന്നു തരാമോ?’

ഇടയന്‍ പറഞ്ഞു: ‘സാധ്യമല്ല, കാരണം ആടുകള്‍ എന്റേതല്ല, എന്നെ യജമാനന്‍ വിശ്വസിച്ചേല്‍പിച്ചതാണ്’.

മറുപടിയിലെ നിഷ്കളങ്കതയും സത്യസന്ധതയും ഗ്രഹിച്ച ആഗതരുടെ മുഖം പ്രസന്നമായി. അവരിലൊരാള്‍ പറഞ്ഞു:

‘ശരി, എന്നാല്‍ പ്രസവിച്ചിട്ടില്ലാത്ത ഒരാടിനെ കാണിച്ച് തരൂ’

അടുത്തു തന്നെയുണ്ടായിരുന്ന ഒരാട്ടിന്‍ കുട്ടിയെ അവന്‍ ചൂണ്ടിക്കാണിച്ചു. ആഗതന്‍ ആട്ടിന്‍കുട്ടിയെ പിടിച്ച് ഒരിടത്ത് കെട്ടിയ ശേഷം ബിസ്മി ചൊല്ലി അതിന്റെ അകിട് തടവിക്കൊണ്ടിരുന്നു. വിചിത്രമായ ആ പ്രവൃത്തി കണ്ട് കൌതുകം ഹൃദയത്തില്‍ കിനിഞ്ഞു വന്നു.

എന്നാല്‍ സംഭവിച്ചതെന്താണ്. ആട്ടിന്‍കുട്ടിയുടെ അകിടതാ വീര്‍ത്തുവരുന്നു. ഉടനെ അപരന്‍ കുഴിഞ്ഞ ഒരു കല്‍പാളി എടുത്തു കൊടുത്തു. അതിലേക്ക് പാല്‍ കറന്നെടുത്തു. സമൃദ്ധമായ ക്ഷീരപ്രവാഹം!! അവരിരുവരും കുടിച്ചുദാഹം തീര്‍ത്ത ശേഷം ഇടയബാലനും നല്‍കി. സ്വന്തം കണ്ണുകളെ വിശ്വസിക്കാനാകാതെ അന്ധാളിച്ചു നില്‍ക്കുകയാണവന്‍.

എല്ലാവരും ആവോളം മൊത്തിക്കുടിച്ചു. ക്ഷീണവും ദാഹവും അപ്രത്യക്ഷമായി. ശേഷം ആ ദിവ്യതേജസ്വിയായ മനുഷ്യന്‍ അകിടിനോട് പൂര്‍വ്വാവസ്ഥയിലാവാന്‍ ആജ്ഞാപിച്ചു. ഉടനെ അത് സങ്കോചിക്കാന്‍ തുടങ്ങി. അല്‍പസമയം കൊണ്ട് പഴയ പടിയായി. അതില്‍ നിന്നാണ് പാല്‍ കറന്നതെന്ന് പറഞ്ഞാല്‍ മറ്റാരും വിശ്വസിക്കില്ല. അന്നേരം ആ മഹദ്പുരുഷനോട് ആട്ടിടയന്‍ ചോദിച്ചു: ‘നിങ്ങള്‍ നേരത്തെ ചൊല്ലിയ വചനങ്ങള്‍ എന്നെയൊന്ന് പഠിപ്പിക്കുമോ?’

മഹാപുരുഷന്‍ അരുളി: ‘നീ ജ്ഞാനിയാകും മോനേ!’

ഇതായിരുന്നു അബ്ദുല്ലാഹിബ്നു മസ്ഊദ്(റ)എന്ന ഇടയബാലന്റെ ജീവിതത്തിലെ ടേണിംഗ് പോയിന്റ്. ആ മഹാന്മാര്‍ ഒന്ന് മുത്തുനബി(സ്വ)യും മറ്റേത് അബൂബക്ര്‍ സിദ്ധീഖ്(റ)വുമായിരുന്നു. ഖുറൈശികളുടെ ശല്യം സഹിക്കാതായപ്പോള്‍ മക്കയുടെ മലയോരങ്ങളിലേക്ക് പുറപ്പെട്ടതായിരുന്നു അവര്‍.

ചെറുപ്പക്കാരന്‍ ഇവരില്‍ വല്ലാതെ ആകൃഷ്ടനായത് പോലെ തന്നെ അവര്‍ക്ക് ബാലന്റെ സത്യസന്ധതയിലും മനക്കരുത്തിലും നല്ല മതിപ്പുണ്ടായി. ശോഭനമായ ഭാവിക്കുടമായണവന്‍ എന്നര്‍ക്ക് മനസ്സിലായി.

അധികം വൈകാതെ തന്നെ അബ്ദുല്ലാഹിബ്നു മസ്ഊദ്(റ)മുസ്ലിമായിത്തീരുകയും തന്നെ സേവകനായി സ്വീകരിക്കണമെന്ന് നബി(സ്വ)യോടപേക്ഷിക്കുകയും ചെയ്തു. അവിടുന്ന് ആ അപേക്ഷ സ്വീകരിച്ചു. അന്നുമുതല്‍ മിണ്ടാപ്രാണികളുടെ മേയ്ക്കല്‍ മാറ്റി അശ്റഫുല്‍ ഖല്‍ഖ്(സ്വ)യുടെ പരിചാരകനായി ചരിത്രം അദ്ദേഹത്തെ വാഴ്ത്തി.

ഇബ്നുമസ്ഊദ്(റ)മുത്തുനബി(സ്വ)യെ നിഴല്‍ പോലെ പിന്തുടര്‍ന്നു. നാട്ടിലും വീട്ടിലും പുറത്തും അദ്ദേഹം ഒപ്പമുണ്ടാകും. തിരുനബി(സ്വ)കുളിക്കുമ്പോള്‍ മറപിടിച്ചു നില്‍ക്കുക, പുറത്തേക്കിറങ്ങുമ്പോള്‍ ചെരിപ്പ് ധരിപ്പിച്ച് കൊടുക്കുക, അകത്തേക്ക് വരുമ്പോള്‍ അത് അഴിച്ച് പിടിക്കുക, ബ്രഷും വാക്കിംഗ് സ്റ്റിക്കും കൈവശം വെക്കുക തുടങ്ങിയ എല്ലാ കാര്യങ്ങളും അദ്ദേഹത്തിന് സ്വന്തം. അവിടുന്ന് റൂമിലേക്ക് പ്രവേശിക്കുമ്പോള്‍ കൂടെ ഇബ്നുമസ്ഊദു ണ്ടാകും. മാത്രമല്ല എപ്പോള്‍ വേണമെങ്കിലും നിസ്സങ്കോചം അകത്തേക്ക് കടന്നുവരാന്‍ നബി(സ്വ)അദ്ദേഹത്തിന് പ്രത്യേകം അനുമതി നല്‍കിയിരുന്നു. അങ്ങനെ മുത്ത്നബി(സ്വ)യുടെ രഹസ്യസൂക്ഷിപ്പുകാരന്‍ എന്നദ്ദേഹം അറിയപ്പെട്ടു.

തിരുനബിയുടെ വീട്ടില്‍ അബ്ദുല്ലാഹ്(റ)വളര്‍ന്നു വന്നു. അവിടുത്തെ സ്വഭാവങ്ങളെല്ലാം തന്റെയും ജീവിതത്തിലേക്കദ്ദേഹം പകര്‍ത്തി. രൂപഭാവത്തിലും സ്വഭാവവൈശിഷ്ട്യത്തിലുമെല്ലാം മുത്തുനബിയുടെ പകര്‍പ്പായിരുന്നു ഇബ്നുമസ്ഊദ് എന്നാണ് ദൃക്സാക്ഷികളുടെ വിവരണം.

നബി(സ്വ)യുടെ പാഠശാലയില്‍ നിന്നാണദ്ദേഹം വിദ്യ നുകര്‍ന്നത്. അതിനാല്‍ ഖുര്‍ആന്‍ പാരായണത്തിലും വ്യാഖ്യാനത്തിലുമെല്ലാം സ്വഹാബത്തില്‍ വെച്ച് ഏറ്റവും അഗ്രഗണ്യനായിത്തീര്‍ന്നു. ഒരു സംഭവം കാണുക:

അറഫഃയാണ് രംഗം…. ഉമറുല്‍ഫാറൂഖ്(റ)അറഫഃയില്‍ നില്‍ക്കുമ്പോള്‍ ഒരു വ്യക്തി അദ്ദേഹത്തെ അഭിമുഖീകരിച്ചു കൊണ്ട് പറഞ്ഞു:

‘അമീറുല്‍ മുഅ്മിനീന്‍! ഞാന്‍ കൂഫയില്‍ നിന്നാണ് വരുന്നത്. അവിടെ ഒരു വ്യക്തിയുണ്ട്. ഖുര്‍ആനും വ്യാഖ്യാനങ്ങളും ജനങ്ങള്‍ക്ക് മനപാഃഠം പറഞ്ഞുകൊടുക്കുന്നയാളാണദ്ദേഹം.’

ഇത് കേട്ട ഉമര്‍(റ)വിന്റെ കോപം കത്തിജ്വലിച്ചു. മുഖത്തേക്ക് രക്തം ഇരച്ചുകയറി.

അദ്ദേഹം ആക്രോശിച്ചു: ‘ആരെടാ അവന്‍’

ആഗതന്‍ പറഞ്ഞു: ‘അബ്ദുല്ലാഹിബ്നു മസ്ഊദ്’

ഈ മറുപടി മരുഭൂമിയിലെ കുളിര്‍മഴയായി. ഉമര്‍(റ) നിമിഷനേരം കൊണ്ട് ശാന്തനായിക്കഴിഞ്ഞു. അനന്തരം അവര്‍ പറഞ്ഞു:

‘നീ എന്ത് വിചാരിച്ചു…? അക്കാര്യം ഭംഗിയായി നിര്‍വ്വഹിക്കാന്‍ കഴിയുന്ന ഒരേയൊരാളെ ഇപ്പോള്‍ എന്റെ അറിവിലുള്ളൂ. അത് ഇബ്നുമസ്ഊദ്(റ) ആണ്. കാരണം ഞാന്‍ വിവരിച്ചുതരാം.’

ഒരു രാത്രി തിരുനബി(സ്വ) സിദ്ദീഖ്(റ) വിന്റെ വീട്ടില്‍ ചെന്നു. മുസ്ലിംകളുടെ ക്ഷേമ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയാണുദ്ദേശം. ഞാനും കൂടെയുണ്ട്. അല്‍പം കഴിഞ്ഞ് തിരുനബി(സ്വ)യോടൊപ്പം ഞങ്ങള്‍ പുറത്തുപോയി. പള്ളിക്കടുത്തെത്തിയപ്പോള്‍ ഒരാള്‍ അകത്ത് നിസ്കരിക്കുന്നത് കണ്ടു. ഇരുട്ടില്‍ ആളെ വ്യക്തമല്ല. സുന്ദരമായി ഖുര്‍ആന്‍ ഓതുകയാണയാള്‍. അന്നേരം നബി(സ്വ) ഞങ്ങളോട് പറഞ്ഞു:

‘ഖുര്‍ആന്‍ തനിമയോടെ പാരായണം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഇബ്നുഅബ്ദിഉമ്മിനെ അനുകരിച്ചു കൊള്ളട്ടെ…!’

ശേഷം ഇബ്നുമസ്ഊദ് ഇരുന്ന് ദുആ ചെയ്യാനാരംഭിച്ചു. അപ്പോള്‍ മുത്തുറസൂല്‍ പറഞ്ഞുകൊണ്ടിരുന്നു:

‘ചോദിക്കുക, നല്‍കപ്പെടും, ചോദിക്കുക, നല്‍കപ്പെടും.’

ഉമര്‍(റ) തുടരുന്നു: നാളെ അതിരാവിലെ ഈ സന്തോഷവാര്‍ത്തയും നബി(സ്വ) ആമീന്‍പറഞ്ഞതുമെല്ലാം ഇബ്നുമസ്ഊദിനെ കണ്ട് അറിയിക്കണമെന്ന് ഞാനുറച്ചു. അങ്ങനെ രാവിലെ നേരത്തെത്തന്നെ സന്തോഷവൃത്താന്തവുമായി ഞാനവിടെയെത്തി. എല്ലാം പറഞ്ഞു കഴിഞ്ഞപ്പോഴാണറിഞ്ഞത് ഇക്കാര്യമെല്ലാം അബൂബക്ര്‍ എന്റെ മുമ്പേ വന്ന് പറഞ്ഞിരിക്കുന്നു എന്ന്…. അല്ലാഹു സത്യം. ഏതെങ്കിലും നല്ല കാര്യത്തിനു വേണ്ടി ഞാനും അബൂബക്റും മല്‍സരിക്കാനിടവന്നാല്‍ അതില്‍ ജേതാവ് അബൂബക്ര്‍ തന്നെയായിരിക്കുമെന്നാണനുഭവം.

ഇബ്നുമസ്ഊദിന്റെ ഒരു വാക്കില്‍ നിന്നു തന്നെ ഖുര്‍ആനിനെ കുറിച്ചുള്ള തന്റെ പാണ്ഢിത്യത്തിന്റെ ആഴം അളക്കാവുന്നതാണ്. അദ്ദേഹം പറയുന്നു:

‘ഏകഇലാഹ് തന്നെയാണ് സത്യം, ഖുര്‍ആനിലെ ഏതൊരു സൂക്തവും എവിടെ അവതരിച്ചു…? ഇറങ്ങിയ പശ്ചാത്തലമെന്ത്…? എന്നെല്ലാം എനിക്ക് നല്ല ബോധ്യമുണ്ട്. ഖുര്‍ആനില്‍ എന്നെക്കാള്‍ പാണ്ഢിത്യമുള്ള ഒരാള്‍ എവിടെയെങ്കിലുമുണ്ടെങ്കില്‍ ഞാനങ്ങോട്ട് പോകുമായിരുന്നു.’

ഈ ആത്മകഥാംശം അതിശയോക്തിപരമായിരുന്നില്ല. തെളിവുകളുണ്ട്. വന്ദ്യരായ ഉമര്‍ (റ) ഒരു യാത്രയിലാണ്. സന്ധ്യയായി. അപ്പോള്‍ ഒരു യാത്രാസംഘം അതുവഴി വന്നു. ഉമര്‍(റ) ചോദിച്ചു: ‘നിങ്ങള്‍ എവിടെ നിന്നുവരുന്നു’.

സംഘത്തില്‍ നിന്നൊരാള്‍ പറഞ്ഞു: ‘ഫജ്ജുല്‍അമീഖി(വിദൂരദിക്ക്)ല്‍ നിന്ന്.’

ഉമര്‍(റ) വീണ്ടും ചോദിച്ചു: ‘എവിടെക്കാണ്.’

മറുപടി: ‘ബൈതുല്‍അതീഖി(കഅ്ബ)ലേക്ക്.’

ഉമര്‍(റ) പറഞ്ഞു: ‘അവരില്‍ ഒരു പണ്ഢിതനുണ്ട്’ (കാരണം നേരത്തെ പറഞ്ഞ മറുപടികളെല്ലാം ഹജ്ജുസംബന്ധമായ ഖുര്‍ആന്‍ വാക്യം കടമെടുത്തുകൊണ്ടായിരുന്നു).

ശേഷം സ്വന്തം അണികളില്‍ ഒരാളെ വിളിച്ച് പ്രസ്തുത സംഘത്തോട് ചില ചോദ്യങ്ങള്‍ ചോദിക്കാന്‍ ഉമര്‍(റ) പറഞ്ഞു. ഖലീഫഃയുടെ ചോദ്യങ്ങള്‍ ഇപ്രകാരമായിരുന്നു:

‘ഖുര്‍ആനിലെ ഏറ്റവും മഹത്തായ സൂക്തമേത്?

മറുപടി: ‘അല്ലാഹു ലാഇലാഹ ഇല്ലാഹുവല്‍ ഹയ്യുല്‍ ഖയ്യൂം. ലാതഅ്ഖുദുഹൂ സിനതുന്‍ വലാ നൌം (സര്‍വ്വസംരക്ഷകനായ അല്ലാഹു മാത്രമാണാരാധ്യന്‍. അവനെ നിദ്ര പിടികൂടുകയില്ല).’

ചോദ്യം: ‘ഖുര്‍ആനിലെ ഏറ്റവും വലിയ ത്വാത്വികവചനമേത്?’

മറുപടി: ‘ഇന്നല്ലാഹ യഅ്മുറു ബില്‍അദ്ലി…..(അല്ലാഹു നീതിയും കാരുണ്യവും ചെയ്യാനും കുടുംബബന്ധുക്കളെ സഹായിക്കാനും കല്‍പിക്കുന്നു.)’

ചോദ്യം: ‘ശരി, ഖുര്‍ആനിലെ ഏറ്റവും സമ്പൂര്‍ണ്ണമായ വാക്യമേത്?’

മറുപടി: ‘ഫമന്‍ യഅ്മല്‍ മിസ്ഖാല….. (നന്മയും തിന്മയും അതിസൂക്ഷമമാണെങ്കില്‍ പോലും അതിന്റെ ഫലം അനുഭവിക്കുന്നതാണ്.)’

ചോദ്യം: ‘എങ്കില്‍ ഏറ്റവും കൂടുതല്‍ ഭയാശങ്കകള്‍ ഉളവാക്കുന്ന ആയത്ത് ഏതാണ് ഖുര്‍ആനില്‍?’

മറുപടി: ‘ലൈസ ബിഅമാനിയ്യികും…. (‘നിങ്ങളും വേദക്കാരുമൊന്നും കരുതും പോലെയല്ല. തിന്മ ചെയ്തവര്‍ തിക്തഫലം അനുഭവിക്കുക തന്നെ ചെയ്യും.)’

ചോദ്യം: ‘ഏറ്റവും പ്രതീക്ഷക്ക് വക നല്‍കുന്ന സൂക്തമോ?’

മറുപടി: ‘ഖുല്‍യാഇബാദിയല്ലദീന…..(ആത്മദ്രോഹം ചെയ്തവരേ, അല്ലാഹുവിന്റെ കാരുണ്യത്തെതൊട്ട് നിരാശരാകരുത്. പശ്ചാത്തപിച്ചവര്‍ക്ക് സര്‍വ്വദോഷങ്ങളും അവന്‍ പൊറുക്കുന്നതാണ്)

അവസാനം ഉമര്‍(റ) ചോദിച്ചു: ‘നിങ്ങളുടെ കൂട്ടത്തില്‍ ഇബ്നുമസ്ഊദ് ഉണ്ടോ?’

സംഘം മറുപടി പറഞ്ഞു:’ഉണ്ട്’.

പണ്ഢിതന്‍, പ്രപഞ്ചപരിത്യാഗി, ആബിദ്, ഖാരിഅ് എന്നിത്യാദി വിശേഷണങ്ങളില്‍ ഒതുങ്ങിയിരുന്നില്ല ആ വ്യക്തിത്വം. ഏതുപ്രതിസന്ധിയും ചങ്കൂറ്റത്തോടെ നേരിടാനുള്ള കരുത്തും മഹാധൈര്യവും ഒത്തിണങ്ങിയ യോദ്ധാവും കൂടിയായിരുന്നു ഇബ്നുമസ്ഊദ്(റ).

തിരുനബി(സ്വ) കഴിഞ്ഞാല്‍ സത്യനിഷേധികളുടെ മുമ്പില്‍ ഖുര്‍ആന്‍ പാരായാണം ചെയ്യാന്‍ ധൈര്യം കാണിച്ച പ്രഥമ മുസ്ലിമായിരുന്നു അദ്ദേഹം. സംഭവമിങ്ങനെയാണ്.

ഒരു ദിവസം സ്വഹാബത്ത് മക്കയില്‍ ഒരുമിച്ചു കൂടിയപ്പോള്‍ ഒരു വിഷയം ചര്‍ച്ചക്ക് വന്നു. ഖുര്‍ആന്‍ ഖുറൈശികളുടെ മുമ്പില്‍ വെച്ച് പരസ്യമായി പാരായണം ചെയ്ത് അവരെ കേള്‍പ്പിക്കാന്‍ ആര് സന്നദ്ധമാവും…? ഉടനെ ഇബ്നുമസ്ഊദ്(റ) പറഞ്ഞു:

‘ഞാന്‍ തയ്യാര്‍’

അപ്പോള്‍ മറ്റുള്ളവര്‍ പ്രതികരിച്ചു. ‘നിങ്ങളെ അവര്‍ വല്ലതും ചെയ്തേക്കുമെന്ന് ഞങ്ങള്‍ ഭയപ്പെടുന്നു. അവരുടെ അക്രമം തടയാന്‍ പ്രാപ്തിയുള്ള കുടുംബ ബലമുള്ള ഒരാളെയാണ് അതിനാവശ്യം.’

ഇബ്നുമസ്ഊദ്(റ)വീണ്ടും പറഞ്ഞു: ‘ഞാന്‍ തന്നെ പോയേക്കാം. അല്ലാഹു കാത്തുകൊള്ളും.’

പകലിന്റെ ആദ്യപാദം പിന്നിട്ടു…. അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) കഅ്ബയിലേക്ക് പുറപ്പെട്ടു. അദ്ദേഹം ഇബ്രാഹീം മഖാമിനടുത്തെത്തി. ഖുറൈശീ പ്രമുഖരെല്ലാം അവിടെ ഇരിപ്പുണ്ട്. നിവര്‍ന്നു നിന്ന് അത്യുച്ചത്തില്‍ അദ്ദേഹം ഓതാന്‍ തുടങ്ങി.

‘അര്‍റഹ്മാന്‍, അല്ലമല്‍ ഖുര്‍ആന്‍….’

സൂറത്തുര്‍റഹ്മാന്റെ തുടക്കം മുതല്‍ ഇമ്പമാര്‍ന്ന സ്വരത്തിലും ഈണത്തിലും അദ്ദേഹം ഓത്ത് തുടങ്ങി. ഖുറൈശികള്‍ അത് ശ്രദ്ധിച്ചു. ചിലര്‍ ചോദിച്ചു:’എന്താണവന്‍ പറയുന്നത്.’

മറ്റുള്ളവര്‍ പറഞ്ഞു:

‘മുഹമ്മദ് കൊണ്ടുവന്ന വചനങ്ങളാണവ..’

നിഷേധികള്‍ അബ്ദുല്ലാഹിബ്നു മസ്ഊദ്(റ)വിന്റെ മേല്‍ ചാടിവീണ് അദ്ദേഹത്തെ തുരുതുരെ പ്രഹരിച്ചു. അന്നേരമൊന്നും അവര്‍ ഖുര്‍ആന്‍ പാരായണം നിര്‍ത്തിയില്ല. അവസാനം ക്ഷീണിച്ചവശനായി അദ്ദേഹം സഹപ്രവര്‍ത്തകരുടെ അടുത്തെത്തി. പലയിടത്തും മുറിഞ്ഞ് രക്തം ഒഴുകുന്നുണ്ടായിരുന്നു. ആ ദയനീയാവസ്ഥ കണ്ട സുഹൃത്തുക്കള്‍ പറഞ്ഞു:

‘ഇങ്ങനെ വല്ലതും സംഭവിച്ചേക്കുമെന്ന് ഞങ്ങള്‍ നേരത്തെ പറഞ്ഞിരുന്നില്ലേ ഇബ്നുമസ്ഊദ്?’

അദ്ദേഹം മറുപടി പറഞ്ഞു:

‘അല്ലാഹുവാണ് സത്യം, അല്ലാഹുവിന്റെ ശത്രുക്കളെ തരിമ്പും കൂസാത്ത മനക്കരുത്ത് ഇപ്പോഴുള്ളത്ര എനിക്ക് മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. നാളെയും അവരുടെ മുമ്പിലെത്തി ഇതാവര്‍ത്തിക്കാന്‍ ഞാന്‍ തയ്യാറാണ്.’

സുഹൃത്തുക്കള്‍ പറഞ്ഞു:

‘വേണ്ട ഇബ്നുമസ്ഊദ്, അവരുടെ അസഹിഷ്ണുതക്ക് നല്ല മറുപടി നിങ്ങള്‍ നല്‍കിക്കഴിഞ്ഞിരിക്കുന്നു.’

മൂന്നാം ഖലീഫ ഉസ്മാനുബ്നുഅഫ്ഫാന്‍(റ)വിന്റെ ഭരണകാലം വരെ ഇബ്നുമസ്ഊദ് ജീവിച്ചു. അവര്‍ മരണാസന്നനായപ്പോള്‍ ഖലീഫഃ സന്ദര്‍ശിക്കാന്‍ വന്നു. അദ്ദേഹം ചോദിച്ചു:

‘ഇബ്നുമസ്ഊദ്, എന്നോട് നിങ്ങള്‍ക്കെന്താണു ബോധിപ്പിക്കാനുള്ളത്?’

ഇബ്നുമസ്ഊദ്(റ) പറഞ്ഞു:

‘എന്റെ പാപങ്ങളെ കുറിച്ചാണ്.’

ഖലീഫ ചോദിച്ചു:

‘നിങ്ങള്‍ക്ക് വല്ല ആഗ്രഹങ്ങളുമുണ്ടോ?’

ഇബ്നുമസ്ഊദ്(റ)വിന്റെ മറുപടി:

‘എന്റെ റബ്ബിന്റെ കാരുണ്യം’

ഖലീഫ വീണ്ടും ചോദിച്ചു:

‘വര്‍ഷങ്ങളായി നിങ്ങള്‍ വാങ്ങാന്‍ വിസമ്മതിച്ചിരുന്ന പൊതുഖജനാവില്‍ നിന്നുള്ള വിഹിതം എത്തിച്ചുതരാന്‍ ഞാന്‍ ഏര്‍പ്പാടു ചെയ്യട്ടെയോ?’

ഇബ്നുമസ്ഊദ്(റ) പറഞ്ഞു:

‘എനിക്കതിന്റെ ആവശ്യമില്ല…’

ഖലീഫ അദ്ദേഹത്തെ പ്രേരിപ്പിച്ചു.

‘നിങ്ങളുടെ കാലശേഷം പുത്രിമാര്‍ക്ക് അതൊരു ആശ്വാസമായേക്കുമല്ലോ!’

ഇബ്നുമസ്ഊദ്(റ)വിന്റെ മറുപടി:

‘എന്റെ മക്കള്‍ക്ക് ദാരിദ്യ്രം ഭയപ്പെടുന്നുവോ നിങ്ങള്‍? എന്നാല്‍ എല്ലാ രാത്രികളിലും വാഖിഅഃ സൂറത്ത് പതിവായി ഓതാന്‍ ഞാന്‍ അവരോട് കല്‍പിച്ചിരിക്കുന്നു. സൂറത്തുല്‍ വാഖിഅഃ പതിവായി എല്ലാ രാത്രിയിലും ഓതുന്നവര്‍ക്ക് ഒരിക്കലും ദാരിദ്യ്രം പിടിപെടുകയില്ലെന്ന് മുത്തുറസൂല്‍(സ്വ) പറഞ്ഞത് ഞാന്‍ നേരട്ടു കേട്ടിട്ടുണ്ട്.’

ആ പകല്‍ അസ്തമിച്ചപ്പോഴേക്ക് ഖുര്‍ആന്‍ പാരായണത്തിലും ദിക്റിലും വ്യാപൃതമായിരുന്ന ആ ചുണ്ടുകള്‍ നിശ്ചലമായി. നാഥന്‍ അവരെ അനുഗ്രഹിക്കട്ടെ. ആമീന്‍


RELATED ARTICLE

 • സൈദുല്‍ ഖൈര്‍(റ)
 • സുമാമത്തു ബ്നു ഉസാല്‍ (റ)
 • ത്വുഫൈലുബ്നു അംറ് (റ)
 • സല്‍മാനുല്‍ ഫാരിസി (റ)
 • സഈദുബ്നു ആമിര്‍(റ)
 • ഇക്രിമത്തുബ്നു അബീജഹല്‍(റ)
 • അബ്ദുല്ലാഹിബ്നു ഉമ്മിമക്തൂം(റ)
 • അംറുബ്നുല്‍ജമൂഹ് (റ)
 • അദിയ്യുബ്നു ഹാതിം(റ)
 • അബൂഉബൈദ (റ)
 • അബൂദര്‍റുല്‍ ഗിഫാരി(റ)
 • അബൂഅയ്യൂബില്‍ അന്‍സ്വാരി (റ)
 • അബ്ദുല്ലാഹിബ്നുജഹ്ശ്(റ)
 • അബ്ദുള്ളാഹിബ്നു മസ്ഊദ്(റ)
 • അബ്ദുല്ലാഹിബ്നു ഹുദാഫ (റ)