Click to Download Ihyaussunna Application Form
 

 

അബൂദര്‍റുല്‍ ഗിഫാരി(റ)

“വിണ്ണിന് താഴെയും മണ്ണിന് മുകളിലുമായി അബൂദര്‍റിനേക്കാള്‍ സത്യവാനായി ഒരു മനുഷ്യനുമില്ല…”റസൂലുല്ലാഹ്(സ്വ).

മക്കാരാജ്യം പുറം ലോകവുമായി ബന്ധപ്പെടുന്ന മാര്‍ഗ്ഗമാണ് ‘വദ്ദാന്‍’ പ്രദേശം. അവിടെയാണ് ഗിഫാര്‍ ഗോത്രക്കാര്‍ വസിക്കുന്നത്. ഖുറൈശികളുടെ കച്ചവടച്ചരക്കുകളുമായി ശാമിലേക്ക് പോയിവരുന്ന യാത്രാസംഘങ്ങള്‍ നല്‍കുന്ന നാണയത്തുട്ടുകള്‍ കൊണ്ട് ആ ഗോത്രം ജീവിച്ചു പോന്നു. തൃപ്തിയാകും വിധം അത് കിട്ടിയില്ലെങ്കില്‍ ഒന്ന് ബലപ്രയോഗം നടത്താനും അവര്‍ മടിച്ചിരുന്നില്ല.

അബൂദര്‍റ് എന്ന പേരിലറിയപ്പടുന്ന ജുന്‍ദുബ്നുജുനാദഃ ഈ ഗോത്രത്തിലാണ്. ധൈര്യം, കൂര്‍മ്മബുദ്ധി, ദീര്‍ഘദൃഷ്ടി എന്നിവ അയാളെ ഇതരരില്‍ നിന്ന് വ്യതിരിക്തനാക്കി. തന്റെ ജനത വിഗ്രഹങ്ങളുടെ മുമ്പില്‍ അനുവര്‍ത്തിക്കുന്ന അധമോപാസന എ പ്പോഴും അദ്ദേഹത്തെ വല്ലാതെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. അറബികളുടെ മൂഢവിശ്വാസങ്ങളെ തനിക്ക് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. കെട്ടസംസ്കാരങ്ങളില്‍ നിന്ന് ജനങ്ങളെ കരകയറ്റി, വിവേകവും ബുദ്ധിയും പുനഃസ്ഥാപിച്ച്, ലോകം തമ സ്സ് മാറ്റി പ്രകാശപൂരിതമാക്കുന്ന ഒരു പ്രവാചകന്റെ ഉദയം അദ്ദേഹം പ്രതീക്ഷയോടെ കാത്തിരുന്നു.

കാലചക്രം അനുസ്യൂതം കറങ്ങിക്കൊണ്ടിരുന്നു. ആയിടെ മക്കയില്‍ പ്രത്യക്ഷപ്പെട്ട പുതിയ പ്രവാചകന്റെ വിവരങ്ങള്‍ തന്റെ കുഗ്രാമത്തിലുമെത്തി. അദ്ദേഹം അനുജന്‍ അനീസിനോട് പറഞ്ഞു: ‘അനീസ്…! വേഗം മക്കയിലേക്കു പുറപ്പെടുക! അവിടെയുള്ള ആ മനുഷ്യനെപ്പറ്റി അന്വേഷിക്കുക! ആകാശത്ത് നിന്ന് തനിക്ക് ദിവ്യസന്ദേശം വരുന്നു എന്നാണയാളുടെ വാദം. അയാള്‍ പറയുന്ന വാക്കുകളേതെങ്കിലും മനഃപാഠമാക്കി എന്നെ കേള്‍പ്പിക്കുകയും വേണം !’

അനീസ് യാത്രയായി…നബി(സ്വ)യുമായി സന്ധിക്കുകയും സംസാരിക്കുകയും ചെയ് തു.വാക്കുകള്‍ ശ്രദ്ധിച്ചു മനസ്സിലാക്കി തിരിച്ചെത്തി… ആവേശത്തോടെ അബൂദര്‍റ് അ യാളെ സമീപിച്ച പുതിയ പ്രവാചകനെ കുറിച്ച് താല്‍പര്യപൂര്‍വ്വം ആരാഞ്ഞു. അനീസ് പറഞ്ഞു: ‘മാന്യമായ സ്വഭാവങ്ങള്‍ കൈകൊള്ളാന്‍ ജനങ്ങളെ ഉപദേശിക്കുന്നയാളാണദ്ദേഹം, അദ്ദേഹത്തിന്റെ വാക്കുകള്‍ പദ്യമല്ല, എന്നാല്‍ ഗദ്യവുമല്ല.’

അബൂദര്‍റ് വീണ്ടും ചോദിച്ചു:

‘അയാളെ കുറിച്ച് ജനങ്ങളുടെ അഭിപ്രായമെന്താണ്?’

അനീസ് പറഞ്ഞു:

‘മാന്ത്രികന്‍, ജോത്സ്യന്‍, കവി, എന്നെല്ലാമാണവര്‍ പറയുന്നത്…!’

അബൂദര്‍റ് പറഞ്ഞു:

‘എന്റെ സംശയം തീര്‍ക്കാനും ദാഹം ശമിപ്പിക്കാനും ഇതൊന്നും പോര. നീ കുടുംബത്തിന്റെ കാര്യം ശ്രദ്ധിക്കണം. ഞാന്‍ തന്നെ നേരിട്ട് പോയി അറിഞ്ഞു വരാം..!’

അനീസ് മുന്നറിയിപ്പ് കൊടുത്തു:

‘ശരി, യാത്രയില്‍ മക്കാനിവാസികളെ കരുതിയിരിക്കുക…!’

അബൂദര്‍റ് യാത്രക്കാവശ്യമായ ഭക്ഷണവും ഒരു ചെറിയ പാനപാത്രവും തയാറാക്കി. അടുത്ത ദിവസം അദ്ദേഹം നബി(സ്വ)യെ കാണാന്‍ പുറപ്പെട്ടു. ഭയത്തോടെയാണ് പോക്ക്, കാരണം, മുഹമ്മദുമായി ബന്ധപ്പെടാന്‍ വരുന്നവരാണെന്നറിഞ്ഞാല്‍ അതിക്രൂരമായി അവരെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ് ഖുറൈശികളെന്ന് അദ്ദേഹം അറിഞ്ഞിരുന്നു. അത്കൊണ്ട് തന്നെ മുഹമ്മദ് നബി(സ്വ)യെക്കുറിച്ചന്വേഷിക്കാന്‍ തന്നെ അദ്ദേഹം ബുദ്ധിമുട്ടി. അഭിമുഖീകരിക്കുന്നത് ശത്രുവോ മിത്രമോ എന്നറിയില്ലല്ലോ…!

സന്ധ്യ…,അബൂദര്‍റ് മസ്ജിദുല്‍ഹറാമില്‍ വിശ്രമിക്കാനായി കിടന്നു. അപ്പോള്‍ അലിയ്യുബ്നുഅബീത്വാലിബ്(റ) അദ്ദേഹത്തിനരികെ വന്നു. ആഗതന്‍ വിദേശിയാണെന്ന് അലി (റ)ക്ക് ബോധപ്പെട്ടു. അലി(റ) അയളോട് പറഞ്ഞു:

‘അല്ലയോ മനുഷ്യാ! എന്നോടൊപ്പം വരൂ.!’

അദ്ദേഹം അലിയോടൊപ്പം തന്റെ വീട്ടിലേക്ക് പോയി അന്ന് രാത്രി അലി(റ)വിന്റെ വീ ട്ടില്‍ താമസം. പ്രഭാതമായപ്പോള്‍ അബൂദര്‍റ് തന്റെ ഭാണ്ഡവുമെടുത്ത് വീണ്ടും പള്ളിയിലേക്ക്…. അവര്‍ പരസ്പരം ഒന്നും ഉരിയാടിയില്ല.

രണ്ടാം ദിവസവും അബൂദര്‍റിന് നബി(സ്വ)യെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. രാത്രിയായപ്പോള്‍ അദ്ദേഹം പള്ളിയില്‍ ഉറങ്ങാന്‍ കിടന്നു. അപ്പോഴും അലി(റ)അതിലെ വന്നു. അദ്ദേഹം ചോദിച്ചു;

‘ഇനിയും എത്തേണ്ടിടം പിടികിട്ടിയില്ലേ….?’

അദ്ദേഹം അതിഥിയെയും കൂട്ടി വീട്ടിലേക്ക് പോയി. അന്നും അവരൊന്നും പരസ്പരം സംസാരിച്ചില്ല. മൂന്നാം ദിവസം രാത്രി… അലി(റ) മൌനം ഭജ്ഞിച്ചു:

‘നിങ്ങളെന്തിനാണ് മക്കഃയില്‍ വന്നത്?’

അബൂദര്‍റ് പറഞ്ഞു:

‘ഞാന്‍ തേടി വന്ന കാര്യത്തിന് നിങ്ങളെന്നെ സഹായിക്കുമെന്ന് ഉറപ്പ് നല്‍കിയാല്‍ മാത്രം ഞാന്‍ പറയാം!’

അലി(റ) അങ്ങനെ വാക്ക് കൊടുത്തു.

അബൂദര്‍റ് പറഞ്ഞു:

‘ഞാന്‍ വളരെ ദൂരെ നിന്നാണ് വരുന്നത്. പുതിയ പ്രവാചകനെ കാണലും അദ്ദേഹത്തി ന്റെ വാക്കുകള്‍ കേള്‍ക്കലുമാണ് എന്റെ ലക്ഷ്യം!’

അലി(റ)വിന്റെ മുഖം പ്രസന്നമായി. അദ്ദേഹം പറഞ്ഞു:

‘അല്ലാഹുവാണ് സത്യം, അദ്ദേഹം സത്യപ്രവാചകനാണ്, അവര്‍ ഇന്നാലിന്ന രൂപത്തിലൊക്കെയാണ്…!’

നബി(സ്വ)യുടെ ഗുണഗണങ്ങള്‍ വിവരിക്കുകയാണ് അലി(റ). അവര്‍ അബൂദര്‍റിനോട് പറഞ്ഞു:

‘നേരം പുലര്‍ന്നാല്‍ താങ്കള്‍ എന്നെ അനുഗമിക്കുക, അപകട സാധ്യത തോന്നിയാല്‍ ഞാന്‍ മൂത്രമൊഴിക്കും പോലെ ഓരം ചാരി നില്‍ക്കും. ഞാന്‍ അവിടെനിന്ന് നടന്നു തുടങ്ങിയാല്‍ വീണ്ടും നിങ്ങളെന്നെ പിന്തുടരുക, ഇങ്ങനെ നമുക്ക് ലക്ഷ്യത്തിലെത്താം.’

നബി(സ്വ)യെ കാണാനുള്ള അതിയായ ആഗ്രഹം കൊണ്ട് അബൂദര്‍റിന് അന്ന് ഉറക്കം വന്നതേയില്ല.

പ്രഭാതം പൊട്ടി വിടര്‍ന്നു. അലി(റ)തന്റെ അതിഥിയെയും കൂട്ടി തിരുനബി(സ്വ)യുടെ ഹള്റത്തിലേക്ക് നടന്നു. അബൂദര്‍റ് ഇടതും വലതും നോക്കാതെ അലി(റ)നെ അനുഗമിച്ചു. അവര്‍ തിരുസന്നിധിയിലെത്തി. അബൂദര്‍റ് സലാം പറഞ്ഞു:

‘അസ്സലാമു അലൈക്ക യാ റസൂലല്ലാഹ്’

നബി(സ്വ) മറുപടി പറഞ്ഞു.

താങ്കള്‍ക്കും അല്ലാഹുവിന്റെ രക്ഷയും കാരുണ്യവുമുണ്ടായിരിക്കട്ടെ.

ഇസ്ലാമിന്റെ അഭിവാദ്യമായ സലാം കൊണ്ട് ആദ്യം നബി(സ്വ)യെ അഭിസംബോധന ചെയ്തത് അബുദര്‍റ് ആയിരുന്നു. ശേഷം ആ വാക്കാണ് അഭിവാദ്യത്തിനായി പ്രചാരണത്തില്‍ വന്നത്.

നബി(സ്വ) അബുദര്‍റിനെ ഇസ്ലാമിലേക്ക് ക്ഷണിക്കുകയും ഖുര്‍ആന്റെ ചില ഭാഗങ്ങള്‍ ഓതിക്കൊടുക്കുകയും ചെയ്തു. ഒട്ടും വൈകാതെ അദ്ദേഹം മുസ്ലിമായി. മുസ്ലിമായ ആദ്യബാച്ചിലെ നാലാമത്തെയോ അഞ്ചാമത്തെയോ ആളായിരുന്നു അദ്ദേഹം.

സംഭവങ്ങളുടെ ബാക്കി ഭാഗം അബുദര്‍റ്(റ) തന്നെ വിശദീകരിക്കുന്നു: അതിന് ശേഷം ഞാന്‍ നബി(സ്വ)യുടെ കൂടെ തന്നെ മക്കയില്‍ താമസിച്ചു. അവരെനിക്ക് ഇസ്ലാമിനെകുറിച്ച് പഠിപ്പിച്ചുതന്നു. ഖുര്‍ആന്റെ കുറച്ചുഭാഗവും…. പിന്നീട് നബി(സ്വ)എന്നോട് പറഞ്ഞു.നീ മുസ്ലിമായ വിവരം മക്കയില്‍ ആരും അറിഞ്ഞുപോകരുത്. അവര്‍ നിന്നെ വധിച്ചുകളഞ്ഞേക്കും’!

ഞാന്‍ പറഞ്ഞു: ‘അല്ലാഹുവാണ് സത്യം! പള്ളിയില്‍ ചെന്ന് ഖുറൈശികളുടെ മുമ്പില്‍ വെച്ച് സത്യസന്ദേശത്തെ ഉച്ചൈസ്തരം പ്രഖ്യാപിച്ചല്ലാതെ ഞാന്‍ മക്കാ രാജ്യം വിടുന്ന പ്രശ്നമേയില്ല…!!’ നബി(സ്വ) മൌനം പാലിച്ചതേയുള്ളൂ.

ഞാന്‍ പള്ളിയല്‍ ചെന്നു. ഖുറൈശീ പ്രമാണിമാരെല്ലാം കൂടിയിരുന്ന് സൊറ പറയുകയാണ്. ഞാന്‍ അവരുടെ മധ്യത്തില്‍ ചെന്ന് അത്യുച്ചത്തില്‍ വിളിച്ച് പറഞ്ഞു:

‘ഖുറൈകളെ! അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് നബി(സ്വ) അല്ലാഹുവിന്റെ ദൂതനാണെന്നും ഞാനിതാ സാക്ഷ്യം വഹിക്കുന്നു.

എന്റെ വാക്കുകള്‍ അവരുടെ കര്‍ണ്ണപുടങ്ങളില്‍ തട്ടിയതും അവര്‍ ചാടിയെണീറ്റു കഴിഞ്ഞു. അവര്‍ പരസ്പരം ആക്രോശിച്ചു:

‘ഇതാ ഈ മതപരിത്യാഗിയെ ശരിപ്പെടുത്തിക്കളയൂ.’

കൊല്ലാനെന്നനിലക്ക് തന്നെ അവരെന്നെ മര്‍ദ്ദിച്ചു. തത്സമയം നബി(സ്വ)യുടെ പിതൃസഹോദരന്‍ അബ്ബാസ്(റ) അവിടെ ചാടിവീണു. അവരില്‍നിന്ന് എന്നെ സംരക്ഷിക്കാനായി അദ്ദേഹം എന്നെ ചേര്‍ത്തു പിടിച്ച് ഖുറൈശികളോട് പറഞ്ഞു:

‘ഹേ! നിങ്ങളെന്താണീ ചെയ്യുന്നത്. നിങ്ങളുടെ വ്യാപാര മാര്‍ഗ്ഗത്തിലുള്ള ഗിഫാര്‍ ഗോത്രക്കാരനായ ഒരാളെ നിങ്ങള്‍ വധിച്ചാല്‍ പിന്നീടുള്ള സ്ഥിതിയെന്താകും.’

ഖുറൈശികള്‍ പിരിഞ്ഞുപോയി. അല്‍പം ഒരാശ്വാസം കൈവന്നപ്പോള്‍ ഞാന്‍ തിരുനബി(സ്വ)യുടെ അടുത്തെത്തി. എന്റെ ശരീരത്തിലെ പരിക്കുകള്‍ കണ്ട മാത്രയില്‍ അവര്‍ ചോദിച്ചു:

‘മുസ്ലിമായ കാര്യം പരസ്യപ്പെടുത്തരുതെന്ന് ഞാന്‍ പറഞ്ഞിരുന്നില്ലേ?’

ഞാന്‍ പറഞ്ഞു: ‘അതെന്റെ ഒരാഗ്രഹമായിരുന്നു. ഞാന്‍ അത് നിറവേറ്റിക്കഴിഞ്ഞു!’

നബി(സ്വ) പിന്നീടെന്നോട് പറഞ്ഞു: ‘ഇനി നിങ്ങള്‍ നാട്ടിലേക്ക് പോവുക! ഇവിടെ നിന്ന് പഠിച്ചതും മനസ്സിലാക്കിയതും അവരോട് പറയുകയും അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് അല്ലാഹു സന്‍മാര്‍ഗ്ഗവും അവര്‍വഴി നല്ല പ്രതിഫലവും തന്നേക്കും. ഇവിടെ ഇസ്ലാം പരസ്യമാവുകയും വിജയിക്കുകയും ചെയ്തു എന്നറിയുമ്പോള്‍ ഇങ്ങോട്ട് തന്നെ തിരിച്ച് വന്നുകൊള്ളുക!’

അബൂദര്‍റ്(റ)തുടര്‍ന്നു പറയുന്നു: ‘ഞാന്‍ എന്റെ നാട്ടിലേക്ക് തിരിച്ചു. ആദ്യമായി എ ന്നെ അഭിമുഖീകരിച്ചത് എന്റെ അനുജന്‍ അനീസയിരുന്നു. അവന്‍ ചോദിച്ചു:

‘എന്തെല്ലാമാണ് വിശേഷങ്ങള്‍?’ ഞാന്‍ പറഞ്ഞു: ‘ഞാന്‍ സത്യമതം വിശ്വസിച്ച് മുസ്ലിമായിരിക്കുന്നു.’

അല്ലാഹുവിന്റെ അനുഗ്രഹം! ഒട്ടും വൈകാതെ അവനും പറഞ്ഞു: ‘നിന്റെ മതം തന്നെയാണ് എന്റേതും. ഞാനും ഇതാ സത്യവിശ്വാസിയായിരിക്കുന്നു!’.

ഞങ്ങള്‍ രണ്ട്പേരും കൂടി ഞങ്ങളുടെ മാതാവിനെ സമീപിച്ചു. അവരെ ഇസ്ലാമിലേക്ക് ക്ഷണിച്ചു. ഉടനെയവര്‍ പറഞ്ഞു: ‘മക്കളേ നിങ്ങളുടെ ദീന്‍ തന്നെയാണ് എന്റേതും!’ അങ്ങനെ അവരും സത്യസന്ദേശവാഹകയായിത്തീര്‍ന്നു.

അന്നുമുതല്‍ ഗിഫാര്‍ ഗോത്രക്കാരെ ഇസ്ലാമിന്റെ അനുയായികളാക്കാന്‍ എന്റെ കു ടുംബം അക്ഷീണ പരിശ്രമം നടത്തിക്കൊണ്ടിരുന്നു. അധികം താമസിയാതെ ഒരു വലിയ ജനസമൂഹം തന്നെ മുസ്ലിംകളായിത്തീര്‍ന്നു. സംഘടിതമായി നിസ്ക്കാരം നിര്‍വ്വഹിക്കപ്പെട്ടു. കൂട്ടത്തില്‍പെട്ട മറ്റൊരു വിഭാഗം പറഞ്ഞു:

‘ഞങ്ങള്‍ ഇപ്പോള്‍ പൂര്‍വ്വീകമതം തന്നെ കൈകൊള്ളുന്നു. നബി(സ്വ)മദീനഃയില്‍ വരുമ്പോള്‍ ഞങ്ങളും മുസ്ലിംകളാകും.’

പിന്നീട് നബി(സ്വ)മദീനഃയിലേക്ക് വന്നപ്പോള്‍ അവരെല്ലാം മുസ്ലിംകളായിത്തീര്‍ന്നു. അവിടെവെച്ച് നബി(സ്വ) പറഞ്ഞു: ‘ഗിഫാര്‍! അല്ലാഹു അവര്‍ക്ക് മഗ്്ഫിറത്ത് നല്‍കിയിരിക്കുന്നു. അസ്ലംഗോത്രം! അവര്‍ക്ക് അല്ലാഹു സലാമത്തും നല്‍കി.’

അബൂദര്‍റ്(റ)തന്റെ ഗ്രാമത്തില്‍ തന്നെ ഇസ്ലാമിക പ്രവര്‍ത്തനങ്ങളുമായി കഴിഞ്ഞു കൂടുകയാണ്. ഉഹ്ദും ഖന്‍ദഖും കഴിഞ്ഞു. അദ്ദേഹം നബി(സ്വ)യുടെ തിരുസന്നിധിയിലെത്തി അദ്ദേഹം അപേക്ഷിച്ചു: ‘തിരുദൂതരെ! എന്നെ അവിടുത്തെ സേവകനായി സ്വീകരിച്ചാലും!’

നബി(സ്വ)സമ്മതിച്ചു. അന്നുമുതല്‍ മുഴുസമയവും നബി(സ്വ)യോട് കൂടെത്തന്നെ ഉണ്ടാവണമെന്ന ദൃഢനിശ്ചയത്തോടെ അവര്‍ ജീവിച്ചു. മഹാനായ നബി(സ്വ)അവരെ പ്രത്യേകം പരിഗണിച്ചു. എപ്പോള്‍ കാണുകയാണെങ്കിലും അവിടുന്ന് ഹസ്തദാനം ചെ യ്യുകയും സന്തോഷം പങ്കിടുകയും ചെയ്തിരുന്നു.

തിരുനബി(സ്വ) വഫാത്തായി. നേതാവും അവരുടെ മഹത്തായ സദസ്സുകളും നഷ്ടപ്പെട്ട മദീന യില്‍ ഒരു നിമിഷം പോലും നില്‍ക്കാന്‍ അബൂദര്‍റ്(റ)വിന് കഴിഞ്ഞില്ല. അദ്ദേഹം ശാമിലെ ഒരു കുഗ്രാമത്തില്‍ പോയി താമസിച്ചു. സിദ്ദീഖുല്‍അക്ബര്‍(റ)വിന്റെയും ഉമറുബ്നുല്‍ഖത്ത്വാബ്(റ)വിന്റെയും ഭരണകാലങ്ങളില്‍ അദ്ദേഹം അവിടെ തന്നെയായിരുന്നു. മൂന്നാം ഖലീഫഃ ഉസ്മാനുബ്നുഅഫ്ഫാന്‍(റ)വിന്റെ ഭരണമാണിപ്പോള്‍.

അബൂദര്‍റ്(റ)ഡമസ്ക്കസിലേക്ക് മാറിത്താമസിച്ചു. മുസ്ലിംകള്‍ ഭൌതികതയിലും സുഖത്തിലും ലയിക്കുന്നത് കണ്ട അദ്ദേഹത്തിന് അതൊരിക്കലും അംഗീകരിക്കാന്‍ കഴിഞ്ഞില്ല. അതിനെതിരെ അവര്‍ ശക്തമായി പ്രതികരിച്ചു. തത്സമയം ഖലീഫഃ അദ്ദേഹത്തെ മദീ യിലേക്ക് ക്ഷണിച്ചു. അവര്‍ മദീനയിലെത്തി.

പക്ഷെ! അവിടെയും ദുന്‍യാവിനോടുള്ള അമിതമായ അഭിനിവേശമാണ് മുസ്ലിംകളില്‍ കണ്ടത്. അത്കൊണ്ട് അദ്ദേഹത്തിന്റെ ത്യാഗിയായ മനസ്സും തന്റെ നിശിതമായ വിമര്‍ ശനം കാരണം മറ്റുള്ള ജനങ്ങളും വീര്‍പ്പുമുട്ടി.

ഖലീഫഃയുടെ നിര്‍ദ്ദേശം അപ്പോള്‍ ആശ്വാസമായി: ‘താങ്കള്‍ തല്‍ക്കാലം റബ്ദഃയിലേക്ക് മാറിത്താമസിക്കണം.’

മദീനഃയിലെ ഒരു കുഗ്രാമമാണ് റബ്ദഃ. അദ്ദേഹം ജനങ്ങളില്‍ നിന്ന് ബഹുദൂരം അകന്ന് റബ്ദഃയില്‍ താമസമാക്കി. ദുന്‍യാവൊട്ടും ആശിക്കാത്ത മഹാനായ നബി(സ്വ)തങ്ങളും കഴിഞ്ഞുപോയ രണ്ട് ഖലീഫഃമാരും വരച്ചുവെച്ച ത്യാഗത്തിന്റെ മാര്‍ഗ്ഗത്തില്‍!

ഒരുദിവസം ഒരാള്‍ അബൂദര്‍റ്(റ)വിന്റെ വീട്ടില്‍ വന്നു. അദ്ദേഹം വീടാകെയൊന്നു ക ണ്ണോടിച്ചു. ജീവിക്കാന്‍ വേണ്ട അത്യാവശ്യസാധനങ്ങളൊന്നും അവിടെ കാണാനില്ല. അദ്ദേഹം ചോദിച്ചു. ‘അബൂദര്‍റ്(റ)! നിങ്ങളുടെ സാമഗ്രികളെല്ലാമെവിടെ?!’

അബൂദര്‍റ്(റ) പറഞ്ഞു: ‘ഞങ്ങള്‍ക്ക് അവിടെ (പാരത്രിക ലോത്ത്) ഒരു വീടുണ്ട്. നല്ല സാധനങ്ങളെല്ലാം അങ്ങോട്ടയക്കുകയാണ് പതിവ്!’

ആഗതന് വാക്കിന്റെ പൊരുള്‍ പിടികിട്ടി. അദ്ദേഹം പറഞ്ഞു: ‘പക്ഷെ! നിങ്ങള്‍ ഈ വീട്ടില്‍ (ദുന്‍യാവ്) താമസിക്കുന്നകാലത്തേക്ക് അത്യാവശ്യം വല്ലതും വേണമല്ലോ?!’

ശാമിലെ അമീര്‍ അബൂദര്‍റ്(റ)വിന് മുന്നൂറ് സ്വര്‍ണ്ണനാണയങ്ങള്‍ കൊടുത്തയച്ചിരുന്നു ആ ഉപഹാരം തിരിച്ചയച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെയടുക്കല്‍ എന്നെക്കാള്‍ നിന്ദ്യനായ ഒരാളെ ശാമിന്റെ അധിപന് കാണാന്‍ കഴിഞ്ഞില്ലേ?!’

ഹിജ്റഃ മുപ്പത്തിരണ്ടാം വര്‍ഷം ആബിദും സാഹിദുമായ മഹാന്‍ വഫാതായി, അല്ലാഹു അവരെ സന്തോഷത്തിലാക്കട്ടെ.


RELATED ARTICLE

  • സൈദുല്‍ ഖൈര്‍(റ)
  • സുമാമത്തു ബ്നു ഉസാല്‍ (റ)
  • ത്വുഫൈലുബ്നു അംറ് (റ)
  • സല്‍മാനുല്‍ ഫാരിസി (റ)
  • സഈദുബ്നു ആമിര്‍(റ)
  • ഇക്രിമത്തുബ്നു അബീജഹല്‍(റ)
  • അബ്ദുല്ലാഹിബ്നു ഉമ്മിമക്തൂം(റ)
  • അംറുബ്നുല്‍ജമൂഹ് (റ)
  • അദിയ്യുബ്നു ഹാതിം(റ)
  • അബൂഉബൈദ (റ)
  • അബൂദര്‍റുല്‍ ഗിഫാരി(റ)
  • അബൂഅയ്യൂബില്‍ അന്‍സ്വാരി (റ)
  • അബ്ദുല്ലാഹിബ്നുജഹ്ശ്(റ)
  • അബ്ദുള്ളാഹിബ്നു മസ്ഊദ്(റ)
  • അബ്ദുല്ലാഹിബ്നു ഹുദാഫ (റ)