Click to Download Ihyaussunna Application Form
 

 

അദിയ്യുബ്നു ഹാതിം(റ)

“മറ്റുള്ളവര്‍ നിഷേധികളായപ്പോള്‍ താങ്കള്‍ വിശ്വസിച്ചു….അവര്‍ അജ്ഞരായപ്പോള്‍ താങ്കള്‍ ജ്ഞാനിയായി. മറ്റുള്ളവര്‍ ചതിച്ചപ്പോള്‍ വിശ്വസ്തത തെളിയിച്ചു…എല്ലാവരും പിന്തിരിഞ്ഞപ്പോള്‍ താങ്കള്‍ മുന്നോട്ട് തന്നെ ഗമിച്ചു”. ഉമറുബ്നുല്‍ഖത്ത്വാബ്(റ).

ഹിജ്റഃ വര്‍ഷം ഒമ്പത്… ഒരറേബ്യന്‍ രാജാവ് ഇസ്ലാം പുല്‍കിയിരിക്കുകയാണ്… വളരെക്കാലം ഇസ്ലാമിനെതിരെ പ്രവര്‍ത്തിച്ച ശേഷമുണ്ടായ തിളക്കമാര്‍ന്ന സംഭവം….നബി(സ്വ)യുമായി കുറേ മത്സരിച്ചശേഷം വിനയാന്വിതനായി കീഴടങ്ങിയവര്‍. ചരിത്രത്തിന്റെ ഇടനാഴികളില്‍ ധര്‍മ്മിഷ്ടനെന്ന് പേര് കേട്ട പിതാവിന്റെ പുത്രന്‍.

പിതാവിന് ശേഷം അദിയ്യ്, ത്വയ്യ് ഗോത്രത്തിന്റെ നേതൃത്വം ഏറ്റെടുത്തു…ഗോത്രക്കാര്‍ക്ക് ലഭിക്കുന്ന യുദ്ധമുതലില്‍ നിന്ന് കാല്‍ഭാഗം ഭരണാധിപന് നല്‍കാന്‍ നാട്ടുനടപ്പനുസരിച്ച് അവര്‍ തീരുമാനിച്ചു.

റസൂലുല്ലാഹി(സ്വ) സത്യമാര്‍ഗ്ഗ പ്രബോധനം നടത്തുകയാണ്. അറേബ്യന്‍ ഗോത്രങ്ങള്‍ ഒന്നിന് പിറകെ ഒന്നായി അവരുടെ പിന്നില്‍ അണിനിരക്കുന്നു. നബി(സ്വ) തങ്ങളുടെ ആശയങ്ങള്‍ക്കുള്ള ശക്തിയും ആധിപത്യസാധ്യതയും അദിയ്യിന് തലവേദനായി. ആ മുന്നേറ്റത്തില്‍ തന്റെ അധികാരം തന്നെ തെറിച്ചുപോവുമെന്ന് അദ്ദേഹം കണക്കുകൂട്ടി. നബി(സ്വ)യുടെ നേതൃഗുണം തന്റെ രാജപദവിക്ക് കടുത്തഭീഷണിയായി അയാള്‍ മനസ്സിലാക്കി. അക്കാരണത്താല്‍ തന്നെ താനിതുവരെ കാണുകയോ അടുത്തറിയുകയോ ചെയ്യാത്ത നബി(സ്വ)യോട് അയാള്‍ക്ക് വല്ലാത്ത പകയും ശത്രുതയുമുണ്ടായി. അങ്ങനെ ഇസ്ലാമിന്റെ ശത്രുവായി ഏകദേശം ഇരുപത് വര്‍ഷം അദ്ദേഹം ജീവിച്ചു…. എങ്കിലും ഈമാനിന്റെ പൊന്‍കിരണങ്ങള്‍ തന്റെ തമസ്സ് മുറ്റിയ ഹൃദയത്തെ അവസാനം പ്രകാശപൂരിതമാക്കുക തന്നെ ചെയ്തു.

അദിയ്യിന്റെ ഇസ്ലാംമതാശ്ളേഷണത്തിന് അവിസ്മരണീയമായ ഒരു പശ്ചാത്തലമുണ്ട്…. സ്വന്തം അനുഭവങ്ങള്‍ അദ്ദേഹം തന്നെ വിശദീകരിക്കുന്നു.

‘അറബികളില്‍ വെച്ച് നബി(സ്വ)യോട് ഏറ്റവും കൂടുതല്‍ വിദ്വേഷമുണ്ടായിരുന്നവനാണ് ഞാന്‍…കാരണം എന്റെ ജനതയിലെ കാര്യപ്രാപ്തനും നേതാവുമായിരുന്നു ഞാന്‍. അതോടൊപ്പം ഒരു കൃസ്ത്യാനിയും. എന്റെ ജനതക്ക് ലഭിക്കുന്ന ഗനീമത്ത് സ്വത്തില്‍ നിന്ന് കാല്‍ഭാഗം ഞാന്‍ വസൂലാക്കിപ്പോന്നു. മറ്റ് ഭരണാധിപന്മാരും ഈ സ്വഭാവത്തില്‍ നിന്നും വിഭിന്നമായിരുന്നില്ല.

ആയിടക്കാണ് നബി(സ്വ)യെ കുറിച്ച് കേള്‍ക്കാനായത്. ഞാന്‍ അദ്ദേഹത്തെ വല്ലാതെ വെറുത്തു. അനുദിനം മുഹമ്മദ്(സ്വ) ശക്തിയാര്‍ജ്ജിച്ചു വരുന്നത് ഞാനറിഞ്ഞു. അദ്ദേഹത്തിന്റെ സൈനിക സംഘങ്ങള്‍ കിഴക്കും പടിഞ്ഞാറുമെല്ലാം പടയോട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനിടെ എന്റെ ഒട്ടകപാലകനായ അടിമയെ അടുത്തു വിളിച്ചിട്ട് ഞാന്‍ പറഞ്ഞു:

‘എളുപ്പത്തില്‍ നയിക്കാവുന്ന തടിച്ച കുറെ ഒട്ടകങ്ങളെ അടിയന്തിരമായി ഒരുക്കിനിര്‍ത്തുക…. അവ എനിക്കെപ്പോഴും ഉപയോഗിക്കാന്‍ പാകത്തില്‍ അടുത്തുതന്നെ ഉണ്ടായിരിക്കണം. ഇനി മുഹമ്മദിന്റെ വല്ല സൈന്യവും ഈ രാജ്യത്ത് കാലെടുത്തുവെച്ചാല്‍ വേഗം എന്നെ വിവരം ധരിപ്പിക്കണം.

ഒരു സുപ്രഭാതം. എന്റെ അടിമ ഓടിക്കിതച്ച് വന്ന് പറഞ്ഞു: ‘പ്രഭോ…മുഹമ്മദിന്റെ സൈന്യം ഈ രാജ്യത്ത് ചവിട്ടിയാല്‍ ചെയ്യാന്‍ ഉദ്ദേശിച്ചത് ഇപ്പോള്‍ ചെയ്ത് കൊള്ളുക.’ ഇത് കേട്ട് ഞാന്‍ ചൂടായി. ‘തള്ളയില്ലാത്തവന്‍, എന്താണ് കാര്യം തെളിച്ചു പറയൂ.’

ദൂരെ കുടിലുകള്‍ക്കിടയിലൂടെ നിരവധി പതാകകള്‍ പറന്നു കളിക്കുന്നത് ഞാന്‍ കണ്ടു. അതിനെക്കുറിച്ചന്വേഷിച്ചപ്പോഴാണറിഞ്ഞത് അത് മുഹമ്മദിന്റെ സൈന്യമാണെന്ന്.

ഉടനെ ഞാന്‍ പറഞ്ഞു: ‘ഞാന്‍ തന്നോട് പറഞ്ഞിരുന്ന ഒട്ടകങ്ങള്‍ വേഗം എത്തിക്കുക…!’

ഞാന്‍ വേഗം എന്റെ കുടുംബാംഗങ്ങളെ വിളിച്ചുവരുത്തി. ഞങ്ങളുടെ എല്ലാമെല്ലാമായ നാടുവിട്ടോടണം.

ഞങ്ങള്‍ ശീഘ്രം ഒട്ടകങ്ങളെ തെളിച്ചു. ശാമാണ് ലക്ഷ്യം. അവിടെയുള്ള കൃസ്തീയരുടെ കൂടെ സുരക്ഷിതമായി താമസിക്കാം.

വളരെ ധൃതിയിലായിരുന്നു ഞങ്ങളുടെ പലായനം…അതുകൊണ്ട് തന്നെ കുടുംബാംഗങ്ങളെല്ലാം സംഘത്തിലുണ്ടോ എന്നുറപ്പുവരുത്താന്‍ കഴിഞ്ഞിരുന്നില്ല. അപകട മേഖല തരണം ചെയ്ത് കഴിഞ്ഞു. ആരെല്ലാം സംഘത്തിലുണ്ട് എന്നറിയാന്‍ ഞാന്‍ തിരിഞ്ഞുനോക്കി.

അയ്യോ… ഒരമളി പറ്റിയിരിക്കുന്നു. ഒരു സഹോദരി ഞങ്ങളുടെ കൂടെ പുറപ്പെട്ടിട്ടില്ല. അവരും ത്വയ്യ് ഗോത്രക്കാരായ മറ്റുള്ളവരും നാട്ടില്‍ തന്നെ കുടുങ്ങിയിരിക്കുകയാണ്…

പക്ഷേ, എനിക്ക് മടങ്ങാന്‍ ഒരു നിര്‍വ്വാഹവുമില്ല. വരുന്നിടത്ത് വെച്ച് കാണാം എന്ന് കരുതി ഞാനും കൂടെയുള്ളവരും ശാമിലേക്ക് യാത്ര തുടര്‍ന്നു. കൃസ്തീയ സുഹൃത്തുക്കളോടൊപ്പം അവിടെ കഴിഞ്ഞുകൂടി.

എന്റെ സഹോദരിക്ക് ഞാന്‍ ഭയപ്പെട്ടത് തന്നെ സംഭവിച്ചു. മുഹമ്മദിന്റെ അശ്വഭടന്മാര്‍ ഞങ്ങളുടെ നാട് കീഴ്പ്പെടുത്തുകയും എന്റെ സഹോദരിയടക്കം പലരെയും അറസ്റ്റ് ചെയ്ത് യസ്രിബിലേക്ക് കൊണ്ട് പോവുകയും ചെയ്ത വിവരം ശേഷം ഞാനറിഞ്ഞു.

പിടിക്കപ്പെട്ട സംഘം മദീനഃ പള്ളിയുടെ വാതില്‍ക്കല്‍ നില്‍ക്കുകയാണ്. തത്സമയം നബി(സ്വ) അതുവഴി വന്നു. അപ്പോള്‍ എന്റെ സഹോദരി എഴുന്നേറ്റ് നിന്ന് പറഞ്ഞു:

‘അല്ലാഹുവിന്റെ ദൂതരെ… എന്റെ പിതാവ് മരണമടഞ്ഞു. എന്റെ സംരക്ഷകന്‍ നാടുവിടുകയും ചെയ്തു. അത്കൊണ്ട് അവിടുന്ന് കാരുണ്യം കാണിച്ചാലും.’

നബി(സ) ചോദിച്ചു: ‘ആരാണ് നിന്റെ സംരക്ഷകന്‍….?’

അവള്‍ പറഞ്ഞു: ‘അദിയ്യുബ്നു ഹാതിം….!’

നബി(സ്വ) പ്രതികരിച്ചു: ‘അല്ലാഹുവിന്റെ ദീനില്‍ നിന്ന് ഓടിയകലുന്നവനാണവന്‍…?’

മറ്റൊന്നും പറയാതെ നബി(സ്വ) കടന്നു പോയി. പിറ്റേദിവസം അവര്‍ അതുവഴി വന്ന സമയത്തും സഹോദരി അപ്രകാരം പറഞ്ഞെങ്കിലും നബി(സ്വ) അത് ശ്രദ്ധിച്ചില്ല. നബി (സ്വ)അടുത്ത ദിവസവും അവരുടെ അടുക്കലൂടെ വന്നു. രണ്ട് ദിവസത്തെ ശ്രമം നിഷ്ഫലമായതിനാല്‍ നിരാശയായ അവള്‍ ഒന്നും മിണ്ടിയില്ല. തത്സമയം നബിയോട് കാര്യം പറയാന്‍ പിറകില്‍ നിന്നൊരാള്‍ അവളെ ഉപദേശിച്ചു. അങ്ങനെ നബി(സ്വ)യെ സമീപിച്ച് അവള്‍ പറഞ്ഞു:

‘അല്ലാഹുവിന്റെ ദൂതരെ… എന്റെ പിതാവ് മരിച്ചു പോയി… സംരക്ഷിക്കേണ്ടവന്‍ നാടുകടക്കുകയും ചെയ്തു… അത്കൊണ്ട് എന്നോട് കരുണ തോന്നിയാലും…!’

നബി(സ്വ)യുടെ പ്രത്യുത്തരം: ‘ശരി… അങ്ങനെയാവട്ടെ…!’

അവള്‍ പറഞ്ഞു: ‘ശാമിലാണ് എന്റെ മറ്റ് കുടുംബക്കാര്‍ ഇപ്പോഴുള്ളത്. അത്കൊണ്ട് അവരുടെയടുത്തേക്ക് പോകാന്‍ അനുവദിച്ചാലും…!’

നബി(സ്വ)പറഞ്ഞു: ‘പോകാം…പക്ഷേ,…ധൃതിപ്പെടാതിരിക്കുന്നതാണ് ഗുണം…നിന്നെ ശാമിലെത്തിക്കാന്‍ വിശ്വസ്തരായ ആളുകളെ ലഭിക്കുന്നത് വരെ കാത്തിരിക്കുക…ആളെ കിട്ടിയാല്‍ എന്നെ വിവരം അറിയിക്കുക….!’

നബി(സ്വ)സ്ഥലം വിട്ടപ്പോള്‍ അവള്‍ ചോദിച്ചു:

‘ആരായിരുന്നു എന്നോട് കാര്യം പറയാന്‍ ആവശ്യപ്പെട്ട ആ വ്യക്തി?’

മറുപടി: ‘അത് അലിയ്യുബ്നുഅബീത്വാലിബ്(റ)ആണ്.’ അവള്‍ അല്‍പദിവസം കൂടി അവിടെ തന്നെ താമസിച്ചു. അതിനിടയില്‍ തന്റെ നാട്ടില്‍ നിന്ന് ശാമിലേക്ക് പോകുന്ന ഒരു സംഘം അതുവഴി വന്നു. അവര്‍ വിശ്വസ്തരായിരുന്നു.

അവള്‍ നബി(സ്വ)യുടെയടുത്തു ചെന്നു പറഞ്ഞു:

‘തിരുദൂതരെ…! എന്റെ നാട്ടുകാരായ ഒരു യാത്രാസംഘം ഇവിടെയെത്തിയിരിക്കുന്നു. അവരെ എനിക്ക് വിശ്വാസമാണ്…!’

നബി(സ്വ) എന്റെ സഹോദരിക്ക് ധരിക്കാനുള്ള വസ്ത്രങ്ങള്‍, ഒരു ഒട്ടകം, യാത്രക്കാവശ്യമായ ചെലവുകള്‍ എല്ലാം നല്‍കി അവളെ യാത്രയയച്ചു.

അദിയ്യ് തുടരുന്നു: ‘മുഹമ്മദിന്റെ സൈന്യം എന്റെ സഹോദരിയെ പിടിച്ച ശേഷം അവളുടെ എല്ലാ വിവരങ്ങളും ഞങ്ങള്‍ അന്വേഷിക്കുന്നുണ്ടായിരുന്നു. അവള്‍ തിരിച്ചു വരുന്നതും കാത്ത് ഞങ്ങളിരുന്നു. മുഹമ്മദിനോട് ഞാന്‍ കടുത്ത ശത്രുത കാണിച്ചിട്ടും എന്റെ സഹോദരിക്ക് അദ്ദേഹം ഇത്രയധികം കാരുണ്യം ചെയ്തുകൊടുത്തു എന്ന് കേട്ടപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

ഒരു ദിവസം ഞാന്‍ കുടുംബവുമൊന്നിച്ചിരിക്കുകയായിരുന്നു. അപ്പോള്‍ ഒരു സ്ത്രീ ഒട്ടകത്തില്‍ ഞങ്ങളുടെ വീട് ലക്ഷ്യമാക്കി വരുന്നത് കണ്ടു. ഞാന്‍ വിസ്മയത്തോടെ പറഞ്ഞു: ‘അതാ…! അത് അവള്‍ തന്നെ, ഹാതിമിന്റെ പുത്രി…? എന്റെ സഹോദരി…!’

വന്ന് കയറിയ ഉടന്‍ അവള്‍ കോപത്തോടെ പറഞ്ഞു:

‘കുടുംബ ബന്ധം വിച്ഛേദിച്ച ദ്രോഹീ…!! നിന്റെ മാതാവിന്ന് പിറന്നവളെ ഉപേക്ഷിച്ചല്ലേ നീ ഭാര്യയെയും മക്കളെയും കൂട്ടി സ്ഥലം വിട്ടത്…?!! ‘ഞാന്‍ പറഞ്ഞു:

‘എന്റെ പൊന്നു സഹോദരി…! അങ്ങനെയൊന്നും പറയരുത്…!’

ഞാന്‍ അവളെ പലതും പറഞ്ഞു സാന്ത്വനപ്പെടുത്തിക്കൊണ്ടിരുന്നു. അങ്ങനെ അവസാനം അവള്‍ ശാന്തയായി. നടന്ന സംഭവങ്ങളെല്ലാം ഒന്നൊഴിയാതെ പറഞ്ഞുതന്നു. അപ്പോള്‍ ഞാന്‍ കേട്ടതെല്ലാം തീര്‍ത്തും ശരിയായിരുന്നു എന്ന് ബോധ്യപ്പെട്ടു.

അതീവബുദ്ധിശാലിനിയായ അവളോട് ഞാന്‍ ചോദിച്ചു:

‘അയാളെ കുറിച്ച് നിന്റെ അഭിപ്രായം എന്താണ്?’

അവള്‍ പറഞ്ഞു:

‘എന്റെ അഭിപ്രായത്തില്‍ നീ എത്രയും പെട്ടെന്ന് അദ്ദേഹവുമായി ബന്ധപ്പെടുകയാണ് വേണ്ടത്….കാരണം അദ്ദേഹം ഒരു പ്രവാചകനാണെങ്കില്‍ എത്രനേരത്തെ അവരോട് ബന്ധപ്പെട്ടുവോ അത്രയും ശ്രേഷ്ടതക്ക് നീ അര്‍ഹനായിത്തീരും… ഇനി അദ്ദേഹം ഒരു രാജാവാണെങ്കില്‍ നീ അവരുടെ മുമ്പില്‍ നിന്ദ്യനാവുകയുമില്ല. കാരണം നീയും ത്വയ്യ് ഗോത്രത്തിന്റെ അധിപനായിരുന്നല്ലോ.’

അദിയ്യ് പറയുന്നു: ഞാന്‍ വൈകാതെ തന്നെ യാത്രയായി…സുരക്ഷിതത്വത്തിന് ഔദ്യോഗിക രേഖകളൊന്നുമില്ലാതെ യാത്ര… ഇത്രയും നിര്‍ഭയനായി പുറപ്പെടാന്‍ കാരണം നബി(സ്വ)യുടെ ഒരു വാക്കായിരുന്നു. അവിടുന്ന് പറഞ്ഞിരുന്നു:

‘ഒരു ദിവസം അദിയ്യുബ്നുഹാതിം എന്റെയടുത്ത് വിനയാന്വിതനായി എത്തും.’

ഞാന്‍ മദീനയിലെത്തി…അപ്പോള്‍ നബി(സ്വ)പള്ളിയിലുണ്ട്. ഞാന്‍ നേരെ ചെന്ന് അഭിവാദ്യങ്ങളര്‍പ്പിച്ചു.

നബി(സ്വ) ചോദിച്ചു: ‘നിങ്ങളാരാണ്…?’

ഞാന്‍ പറഞ്ഞു: ‘അദിയ്യുബ്നുഹാതിം.’

ഇത് കേട്ട ഉടനെ അവിടുന്ന് എഴുന്നേറ്റ് എന്റെ കൈ പിടിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. വഴിമധ്യേ നിരാലംബയും അബലയുമായ ഒരു സ്ത്രീ നബി(സ്വ)യെ അഭിമുഖീകരിച്ചു. ഒരു പിഞ്ചുപൈതലും അവരുടെ കൂടെയുണ്ട്. അവര്‍ നബി(സ്വ)യോട് ചില ആവശ്യങ്ങള്‍ ഉണര്‍ത്തിച്ചു. അതെല്ലാം സശ്രദ്ധം കേട്ട ശേഷം നബി(സ്വ) എല്ലാറ്റിനും പരിഹാരമുണ്ടാക്കിക്കൊടുത്തു. ഇതെല്ലാം കണ്ട ഞാനെന്റെ മനസ്സില്‍ പറഞ്ഞു:

‘ഹേയ്…ഇതൊരു രാജാവല്ല എന്ന കാര്യം ഉറപ്പാണ്…’

എന്റെ കൈ പിടിച്ച് അവര്‍ വീണ്ടും നടന്നു. ഞങ്ങള്‍ വീട്ടിലെത്തി…ഈത്തപ്പനയോല നിറച്ച ഒരു തുകല്‍ ഷീറ്റ് വിരിച്ച് തന്നിട്ട് നബി(സ്വ) പറഞ്ഞു:

‘ഇതില്‍ ഇരിക്കൂ…’

ഞാന്‍ ഇരിക്കാന്‍ മടിച്ചു.. ഞാന്‍ പറഞ്ഞു:

‘അങ്ങ് ഇരിക്കുക….’

അവരുടെ മറുപടി: ‘അല്ല, താങ്കള്‍ ഇരിക്കൂ.’

ഞാന്‍ അനുസരിച്ചു. അവര്‍ വെറും തറയില്‍ ഇരുന്നു. കാരണം മറ്റൊന്ന് നിലത്ത് വിരിക്കാന്‍ ആ വീട്ടിലുണ്ടായിരുന്നില്ല.

ഞാന്‍ ആത്മഗതം ചെയ്തു:

‘ഇത് ഒരു ചക്രവര്‍ത്തിയുടെ സ്വഭാവമേ അല്ല…’

ശേഷം അവര്‍ എന്നോട് ചോദിച്ചു:

‘അദിയ്യുബ്നുഹാതിം, മതം നിഷിദ്ധമാക്കിയിട്ടും ജനങ്ങളുടെ സ്വത്തിന്റെ കാല്‍ഭാഗം നിങ്ങള്‍ വസൂലാക്കിയിരുന്നില്ലേ…’

എന്റെ മറുപടി: ‘അതെ, എടുത്തിരുന്നു.’

അങ്ങനെ അദ്ദേഹം ദൈവദൂതനാണെന്ന് എനിക്ക് ബോധ്യപ്പെട്ടു. നബി(സ്വ) പറഞ്ഞു:

‘ഭാവിയില്‍ ഇസ്ലാമിലേക്ക് നാനാഭാഗത്ത് നിന്നും സമ്പത്ത് പ്രവഹിക്കുകയും സ്വ ത്തിന് ആവശ്യക്കാരില്ലാതെ വരികയും ചെയ്യും. അദിയ്യ്…, ഇസ്ലാം പുല്‍കുന്നതിന് താങ്കള്‍ക്കുള്ള തടസ്സം മുസ്ലിംകളുടെ എണ്ണക്കുറവും ശത്രുക്കളുടെ ബാഹുല്യവുമായിരിക്കാം. എന്നാല്‍ ഇറാഖിലെ ഖാദിസിയ്യയില്‍ നിന്ന് ഒട്ടകപ്പുറത്ത് ഏകാകിനിയായി ഒരു സ്ത്രീ കഅ്ബാ മന്ദിരത്തിലെത്തി ആരാധനാകര്‍മ്മങ്ങള്‍ നടത്തുന്ന സ്ഥിതി വിശേഷം സംജാതമാവും. അല്ലാഹുവല്ലാത്ത മറ്റൊരാളെയും ഭയക്കേണ്ട ചുറ്റുപാട് അന്നുണ്ടാകുകയില്ല.

അല്ലയോ അദിയ്യ്…, ഇസ്ലാമില്‍ നിന്ന് താങ്കളെ പിന്തിരിപ്പിക്കുന്നത് ഒരു പക്ഷേ, രാജ്യഭരണം അവര്‍ക്കില്ലെന്ന തോന്നലായിരിക്കും. എന്നാല്‍ ഒരു കാര്യം ഞാന്‍ ഉറപ്പിച്ചു പറയാം. ഇറാഖിലെ ബാബില്‍ നാട്ടിലെ ധവളക്കൊട്ടാരങ്ങള്‍ മുസ്ലിംകള്‍ക്കു കീഴ്പെട്ടുവെന്നും കിസ്റയുടെ (സീസര്‍) നിധിപേടകങ്ങള്‍ അവരുടെ കയ്യിലണിഞ്ഞുവെന്നും കേള്‍ക്കാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല.’

ഞാന്‍ ചോദിച്ചു: ‘കിസ്റയുടെ നിധിപേടകങ്ങള്‍?’

അവര്‍ പറഞ്ഞു: ‘അതെ, കിസ്റയുടെ നിധികള്‍ തന്നെ.’

പിന്നീട് എനിക്കധികം ചിന്തിക്കേണ്ടി വന്നില്ല. ഞാന്‍ സത്യവിശ്വാസിയായി മാറി.

അദിയ്യുബ്നുഹാതിം(റ) മുസ്ലിമായി ദീര്‍ഘകാലം ജീവിച്ചു.

അദ്ദേഹം പറയുമായിരുന്നു:

‘നബി(സ്വ) പറഞ്ഞ മൂന്നു കാര്യങ്ങളില്‍ രണ്ടെണ്ണം പുലര്‍ന്നിരിക്കുന്നു. ഖാദിസിയ്യയില്‍ നിന്ന് ഒരു സ്ത്രീ ഏകാകിനിയായി നിര്‍ഭയമായി കഅ്ബയില്‍ പൂര്‍ണ്ണ സുരക്ഷിതത്വത്തോടെ എത്തിച്ചേര്‍ന്നത് ഞാന്‍ കണ്ടിരിക്കുന്നു. കിസ്റയുടെ കൊട്ടാരവും നിധികളും പിടിച്ചെടുത്ത ആദ്യസൈന്യത്തില്‍ ഈ വിനീതനും അംഗമായിരുന്നു. ഒരു കാര്യം കൂടി ഇനി ബാക്കിയുണ്ട്. അല്ലാഹുവാണ് സത്യം, അതും പുലരുമെന്ന് എനിക്കുറപ്പുണ്ട്.’

പുലര്‍ന്ന് കാണാന്‍ ബാക്കിയുണ്ടെന്ന് അദിയ്യ്(റ) പറഞ്ഞ ആ കാര്യം മഹാനായ ഖലീഫ ഉമറുബ്നുഅബ്ദില്‍അസീസ്(റ)വിന്റെ കാലത്ത് സാക്ഷാല്‍ക്കരിക്കപ്പെട്ടു. മുസ്ലിംകള്‍ മുഴുവനും സമ്പന്നരായിത്തീര്‍ന്നു. ഖലീഫഃയുടെ പ്രതിനിധികള്‍ തെരുവോരങ്ങളിലൂടെ വിളിച്ചു ചോദിച്ചു നടന്നു. സകാതിന്റെ സ്വത്തു വാങ്ങാന്‍ അവകാശപ്പെട്ട ദരിദ്രര്‍ വന്നു വാങ്ങിക്കൊള്ളുക. പക്ഷേ, ഒറ്റ മനുഷ്യനുമുണ്ടായിരുന്നില്ല.

മഹാനായ നബി(സ്വ)യുടെ തിരുമൊഴി അങ്ങനെ അക്ഷരം പ്രതി പുലര്‍ന്നു. അദിയ്യുബ്നുഹാതിം(റ)വിന്റെ സാക്ഷിമൊഴിയും ഒട്ടും തെറ്റിയില്ല.

അല്ലാഹു അവരെ തൃപ്തിപ്പെടട്ടെ. ആമീന്‍


RELATED ARTICLE

  • സൈദുല്‍ ഖൈര്‍(റ)
  • സുമാമത്തു ബ്നു ഉസാല്‍ (റ)
  • ത്വുഫൈലുബ്നു അംറ് (റ)
  • സല്‍മാനുല്‍ ഫാരിസി (റ)
  • സഈദുബ്നു ആമിര്‍(റ)
  • ഇക്രിമത്തുബ്നു അബീജഹല്‍(റ)
  • അബ്ദുല്ലാഹിബ്നു ഉമ്മിമക്തൂം(റ)
  • അംറുബ്നുല്‍ജമൂഹ് (റ)
  • അദിയ്യുബ്നു ഹാതിം(റ)
  • അബൂഉബൈദ (റ)
  • അബൂദര്‍റുല്‍ ഗിഫാരി(റ)
  • അബൂഅയ്യൂബില്‍ അന്‍സ്വാരി (റ)
  • അബ്ദുല്ലാഹിബ്നുജഹ്ശ്(റ)
  • അബ്ദുള്ളാഹിബ്നു മസ്ഊദ്(റ)
  • അബ്ദുല്ലാഹിബ്നു ഹുദാഫ (റ)