Click to Download Ihyaussunna Application Form
 

 

ത്വുഫൈലുബ്നു അംറ് (റ)

“അല്ലാഹുവേ, ത്വുഫൈലിന്റെ ലക്ഷ്യം നടപ്പിലാക്കുവാന്‍ സഹായകമാകുന്ന ഒരു ദൃഷ് ടാന്തം നീ അദ്ദേഹത്തിന് നല്‍കേണമേ”! തിരുനബി (സ്വ).

ത്വുഫൈലുബ്നുഅംറ് അദ്ദൌസീ. ജാഹിലിയ്യത്തില്‍ ദൌസ് ഗോത്രത്തലവന്‍, അറേബ്യന്‍ നേതൃനിരയില്‍ പ്രഥമഗണനീയന്‍. വിരലിലെണ്ണാവുന്ന മാന്യ വ്യക്തികളില്‍ ഒരാള്‍. അദ്ദേഹത്തിന്റെ വീട്ടില്‍ അതിഥികള്‍ ഒഴിഞ്ഞ നേരമില്ല. അശരണര്‍ക്കായി തന്റെ സഹാ യ വാതായനങ്ങള്‍ അദ്ദേഹം മലര്‍ക്കെ തുറന്നിട്ടു. വിശന്നവന് ഭക്ഷണം, ഭയ ചകിതന് അഭയം…… അങ്ങനെ നിലക്കാത്ത സേവനങ്ങള്‍.

സാഹിത്യകാരന്‍, അതിബുദ്ധിമാന്‍, സൂക്ഷ്മദൃക്ക്,വാക്കുകളുടെ മായാജാലക്കാരന്‍….. തന്റെ കവിതകള്‍ ഇരുതല മൂര്‍ച്ചയുള്ള ആയുധങ്ങളായിരുന്നു.

ചെങ്കടല്‍ തീരത്തെ സ്വന്തം നാടുപേക്ഷിച്ച് ത്വുഫൈല്‍ യാത്രയായി, മക്കയിലേക്ക്. തല്‍സമയം മുത്ത്നബി(സ്വ) യും സ്വഹാബികളും നിഷേധിളോട് യുദ്ധത്തിലേര്‍പ്പെട്ടിരി ക്കുകയായിരുന്നു. ഇരുവിഭാഗങ്ങളും അണികളെ കൂട്ടാനുള്ള തിരക്കിലാണ്. തിരു നബി (സ്വ) അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നു. അടിപതറാത്ത ഈ മാനും സത്യസന്ധതയുമാണ് അവരുടെ ആയുധം .മറു വശത്ത് കയ്യില്‍ കിട്ടിയതെന്തും മുസ്ലിംകള്‍ക്കെതിരെ ആയുധമാക്കി ജനങ്ങളെ ഇസ്ലാമിനെ തൊട്ട് തടുത്ത് നിര്‍ ത്താന്‍ കിണഞ്ഞു ശ്രമിക്കുകയാണ് ഖുറൈശികള്‍.

ത്വുഫൈല്‍ മക്കയിലെത്തി. അവിടത്തെ സ്ഥിതിഗതികളെ കുറിച്ച് നാട്ടില്‍ നിന്ന് തിരി ക്കുമ്പോള്‍ അദ്ദേഹത്തിന് ഒരു ധാരണയുമില്ലായിരുന്നു. എന്നാല്‍ സ്വാഭീഷ്ട പ്രകാ രമല്ലാതെ താനും ഈ പോരാട്ടത്തില്‍ ഭാഗഭാക്കായിക്കൊണ്ടിരിക്കുന്നു എന്ന സത്യം താമസിയാത അദ്ദേഹം മനസ്സിലാക്കി. യഥാര്‍ഥത്തില്‍ താന്‍ അതിന് വേണ്ടി പുറപ്പെട്ട തായിരുന്നില്ലല്ലോ. അതുകൊണ്ട് തന്നെ ത്വുഫൈലിന്റെ വിവരണം ശ്രദ്ധേയമാണ്. അദ്ദേഹം വിശദീകരിക്കുന്നു.

‘ഞാന്‍ മക്കയിലെത്തി, എന്നെ കാണേണ്ട താമസം ഖുറൈശികള്‍ ഓടി വന്ന് സ്വാഗതം ചെയ്തു, രാജോചിതമായി സ്വീകരിച്ചു.’ എന്നോട് അവര്‍ പറഞ്ഞു:

“ത്വുഫൈല്‍! താങ്കള്‍ ഞങ്ങളുടെ നാട്ടിലെത്തിരിക്കുകയാണല്ലോ. ഒരു പ്രധാനപ്പെട്ട കാര്യം ഉണര്‍ത്തുകയാണ്. താന്‍ അല്ലാഹുവിന്റെ ദൂതനാണെന്ന് സ്വയം വിശേഷിപ്പി ക്കുന്ന ഒരു വ്യക്തിയുണ്ടിവിടെ. അയാള്‍ ഞങ്ങളുടെ മനക്കരുത്തും കെട്ടുറപ്പും തകര്‍ ത്തിരിക്കുകയാണ്. ഞങ്ങള്‍ ഇപ്പോള്‍ ഭയക്കുന്നത് ഈ ദുര്യോഗം നിങ്ങളുടെ ഗോത്ര ത്തിലും ഭവിക്കുകയും താങ്കളുടെ നേതൃത്വം നഷ്ടപ്പെടുകയും ചെയ്യുമോ എന്നാണ്. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ആ വ്യക്തിയുമായി സംസാരിക്കുകയോ അയാളുടെ വാക്കുകള്‍ക്ക് ചെവിയോര്‍ക്കുകയോ ചെയ്യരുത്. കാരണം ആ വാക്കുകളുടെ വശ്യത അപാരമാണ്. എത്ര മനക്കരുത്തുള്ളവരും പതറിപ്പോകും. പിതാവും പുത്രനും, ഭാര്യയും ഭര്‍ത്താവും, സഹോദരങ്ങള്‍ തമ്മില്‍ പോലും ഭിന്നിപ്പുണ്ടാക്കുന്നവയാണ് അവ.”

ത്വുഫൈല്‍ തുടരുന്നു: ‘അദ്ദേഹത്തിന്റെ വിചിത്രമായ സ്വഭാവ രീതികളെക്കുറിച്ച് അവര്‍ എന്നെ ഉല്‍ബുദ്ധനാക്കിക്കൊണ്ടിരിക്കുന്നു. ഗോത്രത്തില്‍ ഈ മഹാദുരന്തം വന്നുഭവി ക്കുന്നത് ശരിക്കും സൂക്ഷിക്കണമെന്ന് ഓരോരുത്തരും ഉപദേശിച്ചു. ഞാന്‍ തീരുമാ നിച്ചു. ഒരു കാരണവശാലും അയാളുടെ അടുത്തു പോവുകയോ സംസാരിക്കുകയോ ചെയ്യില്ല’.

ഞാന്‍ കഅ്ബ ത്വവാഫ് ചെയ്യാന്‍ പോയി. ഞങ്ങളും പൂര്‍വികരുമെല്ലാം ഇക്കാലമത്രയും ആദരിച്ചാരാധിച്ചിരുന്ന വിഗ്രഹങ്ങളെ നമിച്ച് പുണ്യം നേടുകയാണുദ്ദേശം. ആ സമയത്ത് ഞാന്‍ ചെവിയില്‍ പഞ്ഞി തിരുകി വെച്ചിട്ടുണ്ടായിരുന്നു. മുഹമ്മദിന്റെ വാക്കുകള്‍ അബ ദ്ധത്തില്‍ പോലും കേള്‍ക്കാതിരിക്കാനായിരുന്നു അത്’.

‘ഞാന്‍ പള്ളിയില്‍ പ്രവേശിച്ചു. മുഹമ്മദ് ഇതു വരെ കണ്ടിട്ടില്ലാത്ത പ്രാര്‍ഥന നിര്‍വഹി ക്കുന്നതാണ് ആദ്യം തന്നെ ഞാന്‍ കണ്ടത്. ഞങ്ങള്‍ ചെയ്യുന്ന വിധത്തിലല്ല അവ. പ ക്ഷേ, എന്തോ….ആ കാഴ്ച എന്നെ ആനന്ദ തുന്ദിലനാക്കി. അദ്ദേഹത്തിന്റെ ആരാധനാ മുറകള്‍ എന്നെ പുളകം കൊള്ളിച്ചു. അറിയാതെ ഞാനദ്ദേഹത്തിന്റെ തൊട്ടടുത്തെത്തി.

‘ആ വാക്കുകള്‍ എന്നെ കേള്‍പ്പിക്കാന്‍ തന്നെ അല്ലാഹു തീരുമാനിച്ചു എന്നു പറയാം. ചെവിയിലെ പഞ്ഞിയെടുത്ത് ദൂരേക്കെറിഞ്ഞ് ഞാന്‍ സശ്രദ്ധം കാതോര്‍ത്തു നിന്നു. ഹാ! എത്ര സുന്ദരമായ വാക്കുകള്‍! കര്‍ണ്ണാനന്ദകരം!! അര്‍ഥ സമ്പൂര്‍ണ്ണം!!!’

‘ഞാന്‍ ഒന്നു കൂടി ശ്രദ്ധിച്ചു. ഇപ്പോള്‍ കേള്‍ക്കുന്നത് ആത്മാവില്‍ നിന്നുള്ള ഒരു ഉള്‍വി ളിയാണ്. ഹേ ത്വുഫൈല്‍!, നീ എന്തു വിഡ്ഢിയാണ്! ബുദ്ധിമാനായ ഒരു കവിയല്ലേ നീ. വാക്കുകളില്‍ നല്ലതേത് ചീത്തയേത് എന്ന് വിവേചിച്ചറിയാനുള്ള പ്രാപ്തി നിന ക്കില്ലേ. പിന്നെയെന്തിന് മുഹമ്മദിന്റെ വാക്കുകള്‍ കേള്‍ക്കില്ലെന്ന് ശഠിക്കുന്നു. മുഹമ്മദ് പറയുന്നത് നല്ലതാണെങ്കില്‍ സ്വീകരിച്ചുകൂടെ, അല്ലെങ്കില്‍ തള്ളി ക്കളയാവുന്നതല്ലേ യുള്ളൂ’.

ത്വുഫൈല്‍ പറയട്ടെ:

‘ഞാന്‍ അവിടെ തന്നെ നിന്നു. റസൂലുല്ലാഹി(സ്വ) പള്ളിയില്‍ നിന്നിറങ്ങി വീട്ടിലേക്ക് പോയപ്പോള്‍ ഞാനും അനുഗമിച്ചു. വീട്ടില്‍ പ്രവേശിച്ച ഉടനെ ഞാന്‍ പറഞ്ഞു:

മുഹമ്മദ്! നിങ്ങളുടെ ആളുകള്‍ നിങ്ങളെ കുറിച്ച് എന്നോട് പലതും പറഞ്ഞു. അവര്‍ എന്നെ വല്ലാതെ ഭയപ്പെടുത്തി. നിങ്ങളുടെ വാക്കുകള്‍ കേള്‍ക്കാതിരിക്കാന്‍ ചെവികള്‍ പഞ്ഞികൊണ്ടടച്ചാണ് ഞാന്‍ ഇവിടെ വന്നത്. പക്ഷേ, അല്ലാഹു തീരുമാനിച്ചതുകൊണ്ടു ഞാന്‍ എല്ലാം കേട്ടു. ശരിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. അതു കൊണ്ട് നിങ്ങള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്ന സന്ദേശം എന്താണെങ്കില്‍ നല്‍കുക!”

‘മുഹമ്മദ് നബി(സ്വ), ഏകദൈവ സന്ദേശം എന്റെ മുമ്പില്‍ വെച്ചു. സൂറത്തുല്‍ ഇഖ്ലാ സ്വും സൂറത്തുല്‍ ഫലഖും ഓതി കേള്‍പ്പിച്ചു. അല്ലാഹു സത്യം, അത്ര സുന്ദരമായ വാ ക്കുകള്‍ ഞാന്‍ മുമ്പൊരിക്കലും കേട്ടിട്ടുണ്ടായിരുന്നില്ല. ആ ആശയം പോലെ നീതി യുക്തമായ ഒന്ന് മുമ്പ് കണ്ടിട്ടുമില്ല’.

‘ഞാന്‍ റസൂലിന്റെ കരം ഗ്രഹിച്ചു. ശഹാദ ത്ത് ഉച്ചരിച്ചു. അശ്ഹദു അല്ലാ…(അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനില്ല. മുഹമ്മദ്(സ) അല്ലാഹുവിന്റെ ദൂതനാണ്). ഞാന്‍ മുസ് ലിമായി’.

ത്വുഫൈല്‍ പറയുന്നു:

‘ഞാന്‍ കുറച്ച് കാലം മക്കയില്‍ തന്നെ താമസിച്ചു. ഇസ്ലാമികാധ്യാപനങ്ങള്‍ പഠിച്ചു. കഴിവിന്റെ പരമാവധി ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. ഇനി നാട്ടിലേക്ക് തിരിച്ചു പോവാന്‍ തയ്യാറെടുക്കുകയാണ്. ആ സമയം ഞാന്‍ പറഞ്ഞു:

“അല്ലാഹുവിന്റെ ദൂതരെ! കുടുംബത്തിലെ കാര്യ പ്രാപ്തിയുള്ളയാളാണ് ഞാന്‍. എന്റെ കല്‍പനകള്‍ അവര്‍ സ്വീകരിക്കും. അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കാന്‍ ഞാന്‍ തീരു മാനിച്ചിരിക്കുന്നു. അതു കൊണ്ട് അവിടുന്ന് അല്ലാഹുവിനോട് പ്രാര്‍ഥിക്കണം. പ്രബോ ധനത്തിന് സഹായകമാകുന്ന ഒരു ദൃഷ്ടാന്തം എനിക്ക് നല്‍കാന്‍”.

‘റസൂലുല്ലാഹി(സ്വ) പ്രാര്‍ഥിച്ചു’: “അല്ലാഹുവേ! അദ്ദേഹത്തിന് നീ ഒരു ദൃഷ്ടാന്തം നല്‍കേണമേ!”

‘ഞാന്‍ നാട്ടിലേക്ക് പുറപ്പെട്ടു. വീടുകള്‍ കാണാവുന്ന ഒരു സ്ഥലത്ത് എത്തിരിക്കുക യാണിപ്പോള്‍. എന്റെ ഇരു നയനങ്ങള്‍ക്കുമിടയില്‍ നിന്ന് ഒരു പ്രകാശം പ്രത്യക്ഷപ്പെട്ടു. അത് ഒരു വിളക്കില്‍ നിന്നെന്നവണ്ണം പ്രകാശിക്കുകയാണ്’.

‘ഞാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ചു’:

“അല്ലാഹുവേ! ഈ പ്രകാശം എന്റെ മുഖത്തല്ലാത്ത മറ്റൊരിടത്തേക്ക് മാറ്റിത്തരണമേ. കാരണം എന്റെ കുടുംബക്കാര്‍ ഒരു പക്ഷേ, പറയും. ഞാന്‍ അവരുടെ മതം പരിത്യ ജിച്ചത് കൊണ്ടുണ്ടായ ദൈവിക ശിക്ഷയാണിതെന്ന്”.

‘പ്രാര്‍ഥന തീരേണ്ട താമസം, പ്രകാശം എന്റെ ചാട്ടവാറിന്റെ അഗ്രഭാഗത്തേക്ക് നീങ്ങി ക്കഴിഞ്ഞു. ജനങ്ങള്‍ക്ക് ആ പ്രകാശം ഒരു വിളക്ക് മാടത്തില്‍ നിന്നെന്നവണ്ണം കാണാം. പര്‍വ്വത ശികരത്തിലൂടെ ഇറങ്ങി കൊണ്ടിരിക്കുകയാണ് ഞാനിപ്പോള്‍’.

‘അതാ വരുന്നു എന്റെ വയോധികനായ പിതാവ്, എന്നെ സ്വീകരിക്കാനാണ് വരവ്’.

ഞാന്‍ പറഞ്ഞു: “പിതാവേ, മാറി നില്‍ക്കണം, കാരണം നിങ്ങള്‍ എന്റെ മതമോ ഞാന്‍ നിങ്ങളുടെ മതമോ വിശ്വസിക്കുന്നില്ല”.

പിതാവ്: “അതെന്താണ് മോനേ?”

ഞാന്‍ പ്രതികരിച്ചു: “ഞാന്‍ മുസ്ലിമായി മുഹമ്മദിന്റെ മതം സ്വീകരിച്ചിരിക്കുന്നു”. പിതാവ്: “മകനേ! നീ ഏത് മതമാണോ ഇഷ്ടപ്പെടുന്നത്, ഈ പിതവും അത് സ്വീകരി ക്കുന്നു”.

ഞാന്‍ പറഞ്ഞു: “എങ്കില്‍ നിങ്ങള്‍ കുളിച്ച് വസ്ത്രം ശുദ്ധിയാക്കി വരൂ! ഞാന്‍ പഠിച്ചത് നിങ്ങള്‍ക്കും പഠിപ്പിച്ച് തരാം”. അദ്ദേഹം കുളിച്ചു വസ്ത്രം വൃത്തിയാക്കി തിരിച്ചുവന്നു. ഞാന്‍ ഇസ്ലാമിനെ കുറിച്ചു പറഞ്ഞു കൊടുത്തു. അദ്ദേഹം മുസ്ലിമായി. അടുത്തത് എന്റെ ഭാര്യയാണ്. ഞാന്‍ പറഞ്ഞു: “മാറി നില്‍ക്കുക! ഞാന്‍ നിന്റെയോ നീ എന്റെ യോ മതത്തിലംഗമല്ല”. ഭാര്യ: “സ്നേഹ നിധിയായ ഭര്‍ത്താവേ! എന്താണീ മാറ്റം”. ഞാന്‍ പറഞ്ഞു: “ഇസ്ലാം മതം സ്വീകരിച്ചിരിക്കുകയാണ് ഞാന്‍. നീ മുസ്ലിമാകാത്ത ത് കൊണ്ട് നമുക്കൊരുമിക്കാനാവില്ല”.

ഭാര്യ: “എങ്കില്‍ ഞാനും മുസ്ലിമാവുകയാണ്”.

“നീ ദുശ്ശറാ തടാകത്തില്‍ നിന്ന് കുളിച്ച് വൃത്തിയാവുക.”

ദുശ്ശറാ എന്നത് ദൌസ് ഗോത്രത്തിന്റെ കുല ദൈവമാണ് ആ വിഗ്രഹത്തിന് ചുറ്റും കാട്ടു ചോലയില്‍ നിന്നൊഴുകിയെത്തുന്ന ജലം തടാകമായി കെട്ടി നിര്‍ത്തിയിരിക്കുന്നു.

ഭാര്യ: “അയ്യോ, ദുശ്ശറാ നമ്മുടെ ദൈവമല്ലേ. വിഗ്രഹ നിഷേധ പ്രസ്ഥാനത്തില്‍ അംഗമാ വാന്‍ വേണ്ടി അവിടെ ചെന്ന് കുളിച്ചാല്‍ നമ്മുടെ ദൈവ കോപത്തിനിരയാവില്ലേ”.

ഞാന്‍ പറഞ്ഞു: ” ദുശ്ശറാ പോയി തുലയട്ടെ, പോകൂ, വെറും കല്ലിന് ഒന്നും ചെയ്യാന്‍ സാധ്യമല്ലെന്ന് ഞാനിതാ വാക്കു തരുന്നു”. ഭാര്യ പോയി കുളിച്ചു വൃത്തിയായി വന്ന പ്പോള്‍ ഞാന്‍ അവള്‍ക്ക് ഇസ്ലാമിക സന്ദേശം കൈമാറി അവളും പരിശുദ്ധ ദീനില്‍ അംഗമായി.

‘ശേഷം എന്റെ ഗോത്രമായ ദൌസുകാരെ ഞാന്‍ ഇസ്ലാമിലേക്ക് ക്ഷണിച്ചു. അബൂഹു റൈറഃ(റ) ഇസ്ലാമില്‍ പ്രവേശിച്ചു. മറ്റുള്ളവരൊന്നും അത്ര പെട്ടെന്ന് കൂട്ടാക്കിയില്ല. ഈ അബൂഹുറൈറഃ(റ) തന്നെയാണ് പിന്നീട് ഹദീസ് നിവേദനത്തിലൂടെ വിശ്വവി ഖ്യാതനായിത്തീര്‍ന്നത്’.

* * * *

ത്വുഫൈല്‍(റ) പറയുന്നു: ‘മഹാനായ റസൂലുല്ലാഹിയെ കാണാന്‍ ഞാന്‍ വീണ്ടും മക്ക യിലേക്ക് ചെന്നു. എന്റെ കൂടെ ഇത്തവണ അബൂഹുറൈറഃയും ഉണ്ട്’. റസൂല്‍(സ്വ) ചോദിച്ചു: “ത്വുഫൈല്‍, നാട്ടില്‍ എന്തുണ്ട് വിശേഷം”.

ഞാന്‍ പറഞ്ഞു: “അന്ധകാര നിബിഢവും ശിലാ സമാനവുമായ ഹൃദയങ്ങളാണ് ഇപ്പോള്‍ ദൌസ് ഗോത്രത്തിനെ അടക്കി ഭരിക്കുന്നത്”.

അതു കേട്ട പ്രവാചകന്‍(സ്വ) ഒന്നും ഉരിയാടാതെ എഴുന്നേറ്റ് പോയി വുളൂ ചെയ്തു നി സ്കരിച്ചു. ശേഷം ആ പുണ്യ കരങ്ങള്‍ ആകാശത്തേക്കുയര്‍ത്തി. ജിജ്ഞാസയുടെ നിമിഷങ്ങള്‍.

അബൂഹുറൈറഃ(റ) പറയുന്നു: രംഗം കണ്ടപ്പോള്‍ ഞാന്‍ ഭയപ്പെട്ടത് മറ്റൊന്നായിരുന്നു. പ്രവാചകര്‍ എന്റെ ജനതയെ ഒന്നടങ്കം നശിപ്പിക്കാന്‍ വേണ്ടി പ്രാര്‍ഥിക്കുകയാണെന്ന്. പക്ഷേ, കാരുണ്യത്തിന്റെ കേദാരമായ മുഹമ്മദ് മുസ്തഫാ(സ്വ) പ്രാര്‍ഥിച്ചു.

“ആല്ലാഹുവേ!, നീ ദൌസുകാരെ സന്‍മാര്‍ഗ്ഗത്തിലാക്കേണമേ!, നീ ദൌസുകാരെ സന്‍ മാര്‍ഗ്ഗത്തിലാക്കേണമേ!”. അനന്തരം പ്രവാചകന്‍(സ്വ) ത്വുഫൈലിനോടായി പറഞ്ഞു:

“നിങ്ങള്‍ നാട്ടിലേക്ക് പോകൂ! അവരെയെല്ലാം മൃദുവായ സമീപനത്തിലൂടെ ഇസ്ലാമി ലേക്ക് ക്ഷണിക്കൂ”.

ത്വുഫൈല്‍ (റ) പറയുന്നു: ‘ഞാന്‍ ദൌസ് നാട്ടിലെ ജനങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിച്ചു കൊണ്ടിരുന്നു. ആയിടക്കാണു റസൂലുല്ലാഹി(സ്വ) യുടെ പലായനം. ബദറും ഉഹ്ദും ഖന്‍ദഖും കഴിഞ്ഞു. ഞാന്‍ വീണ്ടും നബി(സ്വ) യുടെ അടുത്തേക്കു പോയി. ഇത്തവണ എന്നെ അനുഗമിച്ച് എണ്‍പതു കുടുംബങ്ങളുമുണുായിരുന്നു. നബി(സ്വ)യു ടെ പ്രാര്‍ഥനാ ഫലമായി ഇസ്ലാമിലേക്കു വന്നതാണവര്‍. ഞങ്ങളെ കണ്ട് നബി(സ്വ) അത്യധികം സന്തോഷിച്ചു. ഖൈബര്‍ യുദ്ധം കഴിഞ്ഞ സന്ദര്‍ഭമായിരുന്നു അത്. മറ്റു മു സ്ലിംകള്‍ക്കൊപ്പം ഞങ്ങള്‍ക്കും അവിടുന്ന് യുദ്ധമുതല്‍ വീതിച്ചു തന്നു. ആ സമയത്ത് ഞങ്ങള്‍ പറഞ്ഞു.

“പ്രവാചകരെ! ഇനിയുള്ള എല്ലാ യുദ്ധങ്ങളിലും ഞങ്ങളെ സൈന്യത്തിലെ മൈമനത്ത് ആയി നിയമിക്കുകയും ഞങ്ങളുടെ സംഘത്തിനു മബ്റൂര്‍ എന്ന ടൈറ്റില്‍ നല്‍കുകയും ചെയ്യണം”.

(അറബികളുടെ സൈന്യം പല വിഭാഗമായി തിരിച്ചായിരുന്നു യുദ്ധത്തില്‍ പങ്കെടുത്തി രുന്നത്. സൈന്യത്തിന്റെ വലതു വശത്തുള്ള പട്ടാളക്കാരുടെ സമൂഹത്തിനാണ് മൈമ നത്ത് എന്നു പറയുന്നത്.)

തുഫൈല്‍ തുടരുന്നു.

‘ശേഷം മക്കാ വിജയം പൂര്‍ത്തിയാകുന്നത് വരെ ഞാന്‍ റസൂലുല്ലാഹി(സ്വ)യുടെ കൂടെത്തന്നെ നിന്നു. മക്കാ ഫത്ഹിനു ശേഷം ഞാന്‍ നബി(സ്വ)യോടു പറഞ്ഞു:

‘നബിയേ! അവിടുന്ന് ഒരു ദൌത്യ നിര്‍വ്വഹണത്തിനായി എന്നെ അയക്കണം. ഹംറു ബ്നു ഹമമഃയുടെ ദൈവമായ ദുല്‍കഫൈനി എന്ന വിഗ്രഹത്തെ ചുട്ടുകരിക്കുക എന്ന ദൌത്യം.’

നബി(സ്വ) സമ്മതിച്ചു. ത്വുഫൈല്‍(റ) പതുങ്ങിപ്പതുങ്ങി വിഗ്രഹത്തിനടുത്തെത്തി. തന്റെ ലക്ഷ്യം നിറവേറ്റാനായി തയ്യാറെടുത്തപ്പോള്‍ അദ്ദേഹത്തിനു ചുറ്റും സ്ത്രീകള്‍ തടിച്ചു കൂടി. ദൈവത്തെ തൊട്ടു കളിക്കുകാണെങ്കില്‍ ത്വുഫൈലിന്റെ തലയില്‍ ഇടിത്തീ വീഴുന്നതു കാണാന്‍. ധിക്കാരത്തിന്റെ ഫലമായി ത്വുഫൈല്‍ എരിഞ്ഞടങ്ങുന്നത് നോക്കി നിര്‍വൃതിയടയണം.

പക്ഷേ,! ത്വുഫൈല്‍(റ) കൂസലേതുമന്യേ വിഗ്രഹാരാധകരുടെ കണ്‍മുമ്പില്‍ വെച്ച് അതി ന്റെ ഹൃദയ ഭാഗത്തു തീ കൂട്ടി. അദ്ദേഹം പാടികൊണ്ടിരുന്നു.

“ഹെ, ദുല്‍കഫൈനി ഞാന്‍ നിന്റടിമയല്ലല്ലോ….

ഞങ്ങളെല്ലാം നിന്റെ മുമ്പെ ജനിച്ചല്ലോ…..

നിന്റെ ഹൃത്തിലിതാതീയും എരിഞ്ഞല്ലോ…..”

അങ്ങനെ വിഗ്രഹത്തിന്റെ അവസാന ഭാഗത്തോടൊപ്പം ശേഷിച്ചിരുന്ന ബഹുദൈവ വിശ്വാസവും എരിഞ്ഞടങ്ങി. ദൌസ് ഗോത്രക്കാര്‍ മുഴുവനും ഇസ്ലാം മതം സ്വീകരിച്ചു.

ഈ സംഭവത്തിനു ശേഷം മഹാനായ റസൂലുല്ലാഹി(സ്വ)യോടൊപ്പം അവിടുത്തെ വഫാത്തു വരെ ത്വുഫൈല്‍ (റ) കഴിച്ചു കൂട്ടി. നബി(സ്വ)യുടെ ശേഷം ഭരണ സാരഥ്യം മഹാനായ സ്വിദ്ദീഖുല്‍ അക്ബര്‍(റ) ഏറ്റെടുത്തു. ത്വുഫൈല്‍(റ) സ്വന്തം ശരീരവും വാളും മക്കളെയുമെല്ലാം സ്വിദ്ദീഖ്(റ) വിന്റെ കയ്യില്‍ ഏല്‍പ്പിച്ചു.

അവര്‍ യമാമയിലേക്കു പുറപ്പെട്ടു. കള്ള പ്രവാചകന്‍; മുര്‍തദ്ദുകളുടെ നേതാവ് മുസൈ ലിമഃയുടെ നാടാണത്. അവരുമായി ഘോര യുദ്ധം നടന്നുകൊണ്ടിരിക്കുന്നു. ത്വുഫൈല്‍ (റ) മുസ്ലിം സൈന്യത്തിന്റെ മുന്‍നിരയില്‍ തന്നെ സ്ഥാനം പിടിച്ചു. കൂടെ അംറുമുണ്ട്, ത്വുഫൈല്‍(റ)വിന്റെ മകന്‍. വഴിയില്‍ വെച്ച് അദ്ദേഹം ഒരു സ്വപ്നം കണ്ടു. അദ്ദേഹം കൂടെയുള്ളവരോടു പറഞ്ഞു: “ഞാന്‍ ഒരു സ്വപ്നം കണ്ടിരിക്കുന്നു. നിങ്ങള്‍ അതിന്റെ വ്യാഖ്യാനം പറഞ്ഞു തരിക”.

കൂട്ടുകാര്‍: “എന്താണത്?”

ത്വുഫൈല്‍(റ): “എന്റെ തല മുണ്ഢനം ചെയ്തിരിക്കുന്നു. ഒരു പക്ഷി എന്റെ വായ യില്‍ നിന്നു പുറത്തേക്കു പറന്നു പോയി. ഒരു സ്ത്രീ എന്നെപ്പിടിച്ച് അവളുടെ വയറ്റി നുള്ളിലേക്കിടുന്നു. എന്റെ മകന്‍ അംറ് എന്നെ അന്വേഷിച്ച് എല്ലായിടത്തും കറങ്ങുന്നു. പക്ഷേ, എന്നെ കണ്ടു പിടിക്കാന്‍ കഴിയുന്നില്ല. ഇതാണു സ്വപ്നം”.

സ്വഹാബത്ത്(റ): ‘നല്ല സ്വപ്നമാണ്’.

ത്വുഫൈല്‍ (റ): “എന്നാല്‍ ഞാന്‍ അതിന് വ്യാഖ്യാനം കണ്ടു പിടിച്ചിരിക്കുന്നു. തല മുണ്ഢനം ചെയ്യുക എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നതു തല മുറിച്ചു മാറ്റപ്പെടും എന്നാണ്. വായില്‍ നിന്നു പറന്നു പോയ പക്ഷി എന്റെ ആത്മാവിനെ പ്രതിനിധീകരി ക്കുന്നു. എന്നെ വയറ്റിലേക്കു പിടിച്ചിട്ട സ്ത്രീ ഭൂമിയാകുന്നു. എനിക്കുവേണ്ടി ഖബര്‍ കു ഴിച്ച് അതില്‍ അടക്കപ്പെടും എന്നര്‍ഥം. ഞാന്‍ ഈ യുദ്ധത്തില്‍ രക്ത സാക്ഷിയാകുമെ ന്നാണെന്റെ പ്രതീക്ഷ. എന്റെ മകന്‍ എന്നെ തേടി നടക്കുന്നത് അവനും രക്ത സാക്ഷിത്വ ത്തിനു വേണ്ടി അദമ്യമായി ആഗ്രഹിക്കുന്നു എന്നാണു കാണിക്കുന്നത്. പക്ഷേ, അവന് ഈ യുദ്ധത്തില്‍ ആ മഹത്വം കൈവരിക്കാന്‍ ആകില്ല”.

യമാമഃ യുദ്ധം കൊടുമ്പിരി കൊള്ളുകയാണ്. മഹാനായ ത്വുഫൈലുബ്നുഅംറ് അദ്ദൌ സീ(റ) ശക്തമായി മുന്നേറിക്കൊണ്ടിരിക്കുന്നു. പെട്ടെന്ന്, സ്വപ്ന സാക്ഷാല്‍ക്കാരമെ ന്നോണം ശത്രുവിന്റെ വെട്ടുകളേറ്റ് അദ്ദേഹം രണഭൂമിയില്‍ ശഹീദായി വീണു. ഇന്നാ ലില്ലാഹി…..

അവരുടെ ഓമന പുത്രന്‍ അംറ്(റ) അതിശക്തമായി യുദ്ധം ചെയ്തുകൊണ്ടിരുന്നു. പരശ്ശതം വെട്ടും കുത്തുമേറ്റ് വലതു കൈപത്തി മുറിഞ്ഞു പോയി. മാരകമായി മുറി വേറ്റു. പക്ഷേ, അവര്‍ ശഹീദായില്ല. അദ്ദേഹം മദീനയിലേക്കു മടങ്ങി. യമാമയില്‍ സ്വ ന്തം കയ്യിനെയും തന്റെ പിതാവിനെയും തനിച്ചാക്കിക്കൊണ്ട്.

കാലം കറങ്ങി കൊണ്ടിരുന്നു.

മഹാനായ ഉമറുല്‍ ഫാറൂഖ്(റ)വിന്റെ ഭരണ കാലം. ത്വുഫൈല്‍(റ)വിന്റെ മകന്‍ അംറ്(റ) ഉമര്‍(റ)വിന്റെ സദസിലേക്കു കടന്നു വരുന്നു. അന്നേരം ഉമര്‍(റ)വിനു ഭക്ഷണം കൊണ്ടു വന്നു. അവര്‍ അടുത്തുള്ളവരെയെല്ലാം ക്ഷണിച്ചു. എല്ലാവരും സദ്യക്കിരുന്നു. പക്ഷേ, അംറ്(റ)മാത്രം മാറി നിന്നു. ഉമര്‍(റ) ചോദിച്ചു: “അംറ്, താങ്കള്‍ക്കെന്തുപറ്റി, നിങ്ങള്‍ ഭക്ഷണത്തിന് ഇരിക്കാത്തത് മുറിഞ്ഞ കൈയ്യില്‍ ലജ്ജിച്ചതിനാലായിരിക്കു മല്ലേ”. അംറ്(റ) : “അതെ, അമീറുല്‍മുഅ്മിനീന്‍”.

ഉമര്‍(റ): “അല്ലാഹുവാണ് സത്യം! നിങ്ങളുടെ മുറിഞ്ഞ കൈ ഈ ഭക്ഷണത്തിലിട്ട് ഇള ക്കിയാലല്ലാതെ ഞാനത് രുചിക്കുക പോലുമില്ല. അല്ലാഹുവാണെ, ജീവിച്ചിരിക്കുന്ന വരില്‍ ഒരു ഭാഗം സ്വര്‍ഗത്തിലെത്തിയവര്‍ ഈ സദസ്സില്‍ നിങ്ങള്‍ മാത്രമെ ഉള്ളൂ”.

ശഹീദാകണമെന്നുള്ള അടക്കാനാവാത്ത ആഗ്രഹം അംറ്(റ)വിനെ അലട്ടികൊണ്ടിരു ന്നു. തന്റെ പിതാവിന്റെ വിയോഗം മുതല്‍ ആ മോഹം പൂര്‍വ്വോപരി ശക്തി പ്രാപിച്ചിരി ക്കൂകയാണ്. ആ സമയത്താണ് റോമക്കാരുമായുള്ള യര്‍മൂക് യുദ്ധം വരുന്നത്. രക്ത സാക്ഷിത്വ മോഹവുമായി അംറ് നേരത്തെത്തന്നെ ഒരുങ്ങിയിറങ്ങി. യുദ്ധം ആരംഭിച്ചു. അദ്ദേഹം ഘോര ഘോരം യുദ്ധം ചെയ്തു അവസാനം തന്റെ ചിരകാലാഭിലാശമാ യിരുന്ന രക്തസാക്ഷിത്വ പദവി ഏറ്റുവാങ്ങി. അംറുബ്നുത്വുഫൈല്‍ ആനന്ദ സാഗരത്തി ലാറാടി.

അല്ലാഹു മഹാനായ തുഫൈല്‍(റ)വിനെ അനുഗ്രഹിക്കട്ടെ. ആമീന്‍.


RELATED ARTICLE

  • സൈദുല്‍ ഖൈര്‍(റ)
  • സുമാമത്തു ബ്നു ഉസാല്‍ (റ)
  • ത്വുഫൈലുബ്നു അംറ് (റ)
  • സല്‍മാനുല്‍ ഫാരിസി (റ)
  • സഈദുബ്നു ആമിര്‍(റ)
  • ഇക്രിമത്തുബ്നു അബീജഹല്‍(റ)
  • അബ്ദുല്ലാഹിബ്നു ഉമ്മിമക്തൂം(റ)
  • അംറുബ്നുല്‍ജമൂഹ് (റ)
  • അദിയ്യുബ്നു ഹാതിം(റ)
  • അബൂഉബൈദ (റ)
  • അബൂദര്‍റുല്‍ ഗിഫാരി(റ)
  • അബൂഅയ്യൂബില്‍ അന്‍സ്വാരി (റ)
  • അബ്ദുല്ലാഹിബ്നുജഹ്ശ്(റ)
  • അബ്ദുള്ളാഹിബ്നു മസ്ഊദ്(റ)
  • അബ്ദുല്ലാഹിബ്നു ഹുദാഫ (റ)