Click to Download Ihyaussunna Application Form
 

 

അബ്ദുല്ലാഹിബ്നുജഹ്ശ്(റ)

അമീറുല്‍ മുഅ്മിനീന്‍ എന്ന് ആദ്യമായി സ്ഥാനപ്പേര്‍ വിളിക്കപ്പെട്ട സ്വഹാബിവര്യന്‍. മഹാനായ നബി(സ്വ)യുമായി ഗാഢബന്ധമുള്ളവരും ഇസ്ലാമില്‍ പല കാര്യങ്ങളിലും പ്രഥമ സ്ഥാനം ലഭിച്ചവരുമാണ് അബ്ദുല്ലാഹിബ്നുജഹ്ശ് അല്‍അസദി(റ).

അദ്ദേഹം നബി(സ്വ)യുടെ അമ്മായിയുടെ മകനാണ്. മാതാവ് അബ്ദുല്‍മുത്ത്വലിബിന്റെ മകള്‍ ഉമൈമഃ നബി(സ്വ)യുടെ അമ്മായിയാണ്. അദ്ദേഹം നബി(സ്വ)യുടെ അളിയനുമാണ്. കാരണം അവരുടെ സഹോദരി സൈനബ(റ)യെ നബി(സ്വ) വിവാഹം കഴിക്കുകയും അവര്‍ക്ക് ഉമ്മുല്‍മുഅ്മിനീന്‍ എന്ന് സ്ഥാനപ്പേര്‍ ലഭിക്കുകയും ചെയ്തിട്ടുണ്ട്.

ഇസ്ലാമിക സമരഗോദയില്‍ ആദ്യമായി പതാക നല്‍കപ്പെട്ടത് അബ്ദുല്ല(റ)വിനായിരുന്നു. അതോടൊപ്പം അമീറുല്‍മുഅ്മിനീന്‍(വിശ്വാസികളുടെ നേതാവ്) എന്ന നാമം സിദ്ധിച്ചതും അദ്ദേഹത്തിന് തന്നെ. നബി(സ്വ) ദാറുല്‍അര്‍ഖമില്‍ പ്രവേശിക്കുന്നതിന്റെ മുമ്പ് തന്നെ അബ്ദുല്ലാഹിബ്നുജഹ്ശ് മുസ്ലിമായിരുന്നു. തന്നിമിത്തം ഇസ്ലാമില്‍ ആദ്യം പ്രവേശിച്ചവരുടെ ലിസ്റ്റില്‍ അദ്ദേഹത്തിന്റെ പേര്‍ കൂടി ചേര്‍ക്കപ്പെട്ടു.

ഖുറൈശികളുടെ അക്രമങ്ങള്‍ അസഹ്യമായപ്പോള്‍ മദീനയിലേക്ക് പലായനം ചെയ്യാന്‍ നബി(സ്വ) ഉത്തരവിട്ട സന്ദര്‍ഭം. മദീനയിലേക്കുള്ള പലായന സംഘത്തില്‍ ഒന്ന് അബൂസലമഃ(റ)വും രണ്ടാമത്തേത് ഇബ്നുജഹ്ശ്(റ)വുമായിരുന്നു. അല്ലാഹുവുന്റെ മാര്‍ഗത്തിലുള്ള ഹിജ്റഃ അബ്ദുല്ലാഹിബ്നുജഹ്ശ്(റ)വിന് പുത്തരിയായിരുന്നില്ല. ചില ഉറ്റവരോടൊപ്പം മുമ്പവര്‍ എത്യോപ്യയിലേക്കും ഹിജ്റഃ പോയിരുന്നു.

പക്ഷേ,…! ഇത്തവണത്തെ യാത്ര ഒരു വലിയ സംഘത്തിന്റെ അകമ്പടിയോടെയാണ്… അദ്ദേഹത്തിന്റെ ഭാര്യയും മക്കളും സഹോദരീസഹോദരന്മാരും ബാലികാബാലന്മാരും എല്ലാം ഉണ്ടായിരുന്നു സംഘത്തില്‍…! അദ്ദേഹത്തിന്റെ വീട് ഇസ്ലാമിന്റേതായിരുന്നു….ഗോത്രം ഈമാനിന്റേതും.

സംഘം മക്ക വിട്ടതേയുള്ളൂ! ഗ്രാമത്തിലാകെ ദുഃഖത്തിന്റെയും മ്ളാനതയുടെയും ഛായ പടര്‍ന്നു. അവിടെ ഗൃഹാതുരത്വം മുഴച്ചുനിന്നു…..

ഇബ്നുജഹ്ശും സംഘവും നാടുവിട്ട് അധികം കഴിഞ്ഞില്ല.. ഖുറൈശീ പ്രമാണിമാര്‍ മക്കയിലെ തെരുവീഥികളിലൂടെ ഒരു അന്വേഷണയാത്ര നടത്തി… മുസ്ലിംകളാരെല്ലാം സ്ഥലം വിട്ടു, എത്രപേര്‍ ശേഷിക്കുന്നു എന്നെല്ലാം മനസ്സിലാക്കുകയാണ് ഉദ്ദേശ്യം. അന്വേഷണ സംഘത്തില്‍ അബൂജഹ്ലും ഉത്ബതും ഉണ്ട്.

ഉത്ബത്തിന്റെ കണ്ണുകള്‍ അബ്ദുല്ലാഹിബ്ന്ജഹ്ശ്(റ)വിന്റെ വീടിന്മേല്‍ ഉടക്കി. മണല്‍തരികളില്‍ തട്ടിത്തെറിച്ചുവരുന്ന കാറ്റില്‍ അതിന്റെ വാതിലുകള്‍ വലിഞ്ഞടയുന്നു.

ഉത്ബഃ പറഞ്ഞു: ‘ജഹ്ശിന്റെ മക്കളുടെ ആളൊഴിഞ്ഞ വീടുകള്‍.. അത് അതിന്റെ നാഥന്മാരെ ഓര്‍ത്ത് വിലപിക്കുകയാണ്’.

അബൂജഹ്ലിനത് രസിച്ചില്ല.

‘ഫൂ…ഓര്‍ത്തുകരയാന്‍ മാത്രം അവര്‍ ആരാ….?!’ എന്ന് പറഞ്ഞുകൊണ്ട് ധിക്കാരപൂര്‍വ്വം അബൂജഹല്‍ അബ്ദുല്ലാഹിബ്നുജഹ്ശി(റ)ന്റെ വീട് കയ്യേറി…കൂട്ടത്തില്‍ ഏറ്റവും ഭംഗിയും സൌന്ദര്യവുമുള്ള വീടായിരുന്നു അത്. സ്വന്തം തറവാട് പോലെ അവന്‍ യഥേഷ്ടം അതുപയോഗിച്ചു…

അബൂജഹല്‍ നടത്തിയ അതിക്രമങ്ങളെ കുറിച്ച് വിവരം ലഭിച്ച അബ്ദുല്ലാഹിബ്നുജഹ്ശ്(റ) നടന്ന സംഭവങ്ങളെല്ലാം നബിയെ ധരിപ്പിച്ചു. അപ്പോള്‍ അവിടുന്ന് പറഞ്ഞു:

‘അബ്ദുല്ലാ…ആ വീടിനുപകരം സ്വര്‍ഗത്തില്‍ ഒരു ഗൃഹം അല്ലാഹു നല്‍കിയാല്‍ നിനക്ക് സന്തോഷമാവില്ലേ’.

അബ്ദുല്ലാ(റ) പറഞ്ഞു: ‘തീര്‍ച്ചയായും നബിയേ….’

‘എങ്കില്‍ നിങ്ങള്‍ക്കത് നല്‍കപ്പെടും…!’ നബി(സ്വ) അരുളി.

അബ്ദുല്ലാഹിബ്ന്‍ജഹ്ശിന് വലിയ സന്തോഷമായി. ഒന്നും രണ്ടും ഹിജ്റകള്‍ക്ക് ശേഷം അബ്ദുല്ലാഹിബ്നുജഹ്ശ്(റ) മദീനയില്‍ അല്‍പം സ്വാസ്ഥ്യം അനുഭവിച്ചു തുടങ്ങിയതായിരുന്നു….ഖുറൈശികളില്‍ നിന്ന് കഠിനമായ എതിര്‍പ്പുകള്‍ നേരിട്ടശേഷം മഹാമനസ്കരായ അന്‍സ്വാരികളുടെ സ്നേഹസമ്പൂര്‍ണ്ണമായ സംരക്ഷണത്തിന്റെ മാധുര്യം നുണഞ്ഞുകൊണ്ടിരിക്കുകയാണിപ്പോള്‍.

പക്ഷേ,…! ആ സുന്ദരനിമിഷങ്ങള്‍ക്ക് അധികം ആയുസ്സുണ്ടായില്ല.. തന്റെ ജീവിതത്തിനിടക്ക് ഒരിക്കലും അനുഭവിച്ചിട്ടില്ലാത്തത്ര കടുത്ത ഒരു പരീക്ഷണത്തിന് അദ്ദേഹം വിധേയനാക്കപ്പെട്ടു. ഇസ് ലാമില്‍ വന്നശേഷമുണ്ടായതില്‍ ഏറ്റം തീഷ്ണം.

സംഭവമിതാണ്, മഹാനായ നബികരീം(സ്വ) എട്ട് പേരെ തിരഞ്ഞെടുത്തു. ഇസ്ലാമിലെ ആദ്യത്തെ സൈനിക നടപടിക്ക് വേണ്ടിയായിരുന്നു അത്. തിരഞ്ഞെടുക്കപ്പെട്ടവരില്‍ അബ്ദുല്ലാഹിബ്നുജഹ്ശ് (റ)വും സഅ്ദുബ്നുഅബീവഖാസ്വ്(റ)വും ഉണ്ട്…

നബി(സ്വ) അവരോട് പറഞ്ഞു: ‘വിശപ്പും ദാഹവും സഹിക്കാന്‍ ഏറ്റവും പ്രാപ്തനായ ഒരാളെ ഞാന്‍ നിങ്ങള്‍ക്ക് നേതാവാക്കാന്‍ പോവുകയാണ്.’

അനന്തരം അവിടുന്ന് മഹാനായ ഇബ്നുജഹ്ശ്(റ)വിന് പതാക നല്‍കി.. അങ്ങനെ വിശ്വാസികളുടെ ഒരു വിഭാഗത്തിന് നേതാവാക്കപ്പെട്ട ആദ്യസ്വഹാബി എന്ന ഖ്യാതി അബ്ദുല്ലാഹിബ്നുജഹ്ശിന്റെതായിത്തീര്‍ന്നു…! ആദ്യത്തെ അമീറുല്‍മുഅ്മിനീന്‍…!!

പോകേണ്ട മാര്‍ഗ്ഗവും ലക്ഷ്യവും ഇബ്നുജഹ്ശ്(റ)വിന് നബി(സ്വ) വിവരിച്ചുകൊടുത്തു. കൂടെ ഒരു കത്തേല്‍പിച്ചുകൊണ്ട് അവിടുന്നരുളി:

‘രണ്ട് ദിവസത്തിന് ശേഷം മാത്രം പൊട്ടിച്ചു വായിക്കുക.’

ആ ചെറുസംഘം യാത്രയായി. ദിവസം രണ്ട് കഴിഞ്ഞു. അബ്ദുല്ലാഹിബ്നുജഹ്ശ്(റ) കത്ത് തുറന്നു. അതിന്റെ ഉള്ളടക്കം ഇതായിരുന്നു.

‘ഈ കത്ത് വായിച്ചതിന് ശേഷം, നിങ്ങള്‍ ത്വാഇഫിന്റെയും മക്കയുടെയും ഇടയിലുള്ള നഖ്ല എന്ന സ്ഥലം വരെ പോവുക. അവിടെനിന്ന് ഖുറൈശികളുടെ നീക്കം സസൂക്ഷ്മം നിരീക്ഷിക്കുക…കിട്ടുന്ന വിവരങ്ങള്‍ ഇങ്ങോട്ടെത്തിക്കുക…!!’

അബ്ദുല്ലാഹ്(റ) കത്ത് വായിച്ചയുടനെ പറഞ്ഞു.

‘അല്ലാഹുവിന്റെ തിരുദൂതരുടെ കല്‍പന പൂര്‍ണ്ണമായും ഞാന്‍ ശിരസാവഹിക്കുന്നു’. ശേഷം അ ദ്ദേഹം സഹയാത്രികരോടായി പറഞ്ഞു.

‘നഖ്ലയില്‍ പോയി ഖുറൈശികളുടെ ചലനങ്ങള്‍ നിരീക്ഷണം നടത്തി വിവരങ്ങളറിയിക്കാന്‍ നബി (സ)യുടെ കല്‍പനയുണ്ടെനിക്ക്…കൂടെ വരാന്‍ ആരെയും നിര്‍ബന്ധിക്കരുതെ എന്നും എഴുത്തിലുണ്ട്… അത്കൊണ്ട് രക്തസാക്ഷിയാവാന്‍ സന്നദ്ധരുണ്ടെങ്കില്‍ കൂടെ വരിക…! അല്ലാത്തവര്‍ക്ക് തിരിച്ചുപോകാം… ഒരു പരാതിയുമില്ല..!’

സുഹൃത്തുക്കള്‍ ഒന്നടങ്കം ഒരേ ശബ്ദത്തില്‍ പറഞ്ഞു:

‘അല്ലാഹുവിന്റെ തിരുദൂതരുടെ കല്‍പന ഞങ്ങളിതാ അക്ഷരംപ്രതി സ്വീകരിക്കുന്നു…യാത്ര തുടര്‍ ന്നോളൂ…ഞങ്ങളും കൂടെയുണ്ട്..!’

അവര്‍ നഖ്ലയിലെത്തി… ഖുറൈശികളെക്കുറിച്ചറിയാന്‍ ഊടുവഴികളിലൂടെ പതുങ്ങിപ്പതുങ്ങി സഞ്ചരിച്ചു…

അപ്പോള്‍… അതാ അങ്ങ് ദൂരെ ഒരു യാത്രാസംഘം…നാലാളുണ്ട്…അംറുബ്നുല്‍ഹള്റമി, ഹക്കംഇബ്നുകൈസാന്‍, ഉസ്മാനുബ്നുഅബ്ദില്ലാ, ഉസ്മാന്റെ സഹോദരന്‍ മുദീറഃ…! ഖുറൈശികളുടെ കച്ചവടസാധനങ്ങളായ മൃഗത്തോല്‍, ഉണക്കമുന്തിരി…ഇതെല്ലാമാണവരുടെ കൈവശം…!

സമയം ഒട്ടും പാഴാക്കിക്കൂടാ..! സ്വഹാബികള്‍ എന്ത് ചെയ്യണമെന്ന ചര്‍ച്ചയിലേര്‍പ്പെട്ടു. യുദ്ധം നിരോധിച്ച നാല് മാസങ്ങളില്‍പ്പെട്ട റജബിലെ അവസാനദിനമായിരുന്നു അത്…! അവര്‍ പരസ്പരം പറഞ്ഞു.

‘ഇന്ന് നാം അവരെ വധിക്കുകയാണെങ്കില്‍ അത് യുദ്ധം നിഷിദ്ധമായ മാസത്തിലാണ് സംഭവിക്കുക…അത് ഈ മാസത്തിന്റെ സര്‍വ്വാംഗീകൃതമായ പവിത്രതക്ക് കളങ്കവും അറബികളുടെ മുഴുവന്‍ വിരോധത്തിന് നിമിത്തവുമായിത്തീരും…മറിച്ച് അടുത്തദിവസമാകാമെന്ന് വെച്ചാല്‍ അവര്‍ നമ്മുടെ അധീനതയില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യും…!’

ചര്‍ച്ചയുടെ അവസാനം അവര്‍ തീരുമാനിച്ചു. ഒട്ടും വൈകാതെ അവരെ കീഴ്പെടുത്തുക തന്നെ, ബാക്കി വരുന്നിടത്ത് വെച്ചു കാണാം….!

നിര്‍ണ്ണായകമായ നിമിഷങ്ങള്‍…! അവര്‍ നാല്‍വര്‍ സംഘത്തിന്റെ മേല്‍ ചാടിവീണ് ഒരാളെ വധിക്കുകയും രണ്ടാളെ ബന്ധിയാക്കുകയും ചെയ്തു. മറ്റൊരാള്‍ ഓടി രക്ഷപ്പെട്ടു….!

രണ്ട് ബന്ദികളും അവരുടെ സ്വത്തും കൊണ്ട് അബ്ദുല്ലാഹിബ്നുജഹ്ശ്(റ)വും കൂട്ടുകാരും മദീനയിലേക്ക് യാത്രയായി…

തിരുനബി(സ്വ)യുടെ സദസ്സ്…അബ്ദുല്ലാഹിബ്നുജഹ്ശ്(റ)വും കൂടെയുള്ളവരും ഹാജരായി… നടന്ന സംഭവങ്ങളെല്ലാം വിശദീകരിച്ചുകൊടുത്തു.

സംഭവം കേട്ടുകഴിഞ്ഞ നബികരീം(സ്വ) ആ പ്രവര്‍ത്തനത്തെ നിശിതമായി വിമര്‍ശിച്ചു. അവിടുന്നു പറഞ്ഞു;

‘അല്ലാഹു സത്യം..! യുദ്ധം ചെയ്യാന്‍ ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടില്ല.. ഖുറൈശികളുടെ വിവരങ്ങള്‍ അറിയാനും അവരുടെ ചലനങ്ങള്‍ നിരീക്ഷിക്കാനും മാത്രമാണല്ലോ നിങ്ങളെ നിയോഗിച്ചത്…!’

രണ്ട് ബന്ധികളുടെ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കാനായി അവരെ മാറ്റിനിര്‍ത്തി….സംഘം കൊണ്ടുവന്ന സ്വത്ത് അവിടുന്ന് തൊട്ടതേയില്ല….!

ആ സമയം ഇബ്നുജഹ്ശ്(റ)വിനും കൂടെയുണ്ടായിരുന്നവര്‍ക്കും കടുത്ത കുറ്റബോധം തോന്നി.. നബി(സ്വ)യുടെ കല്‍പനക്കെതിര് പ്രവര്‍ത്തിച്ചത് കൊണ്ട് തങ്ങള്‍ പരാജയപ്പെട്ടുപോയെന്ന് അവര്‍ ഉറച്ചു വിശ്വസിച്ചു…

അതോടൊപ്പം മറ്റു മുസ്ലിം സഹോദരങ്ങളും അവര്‍ക്ക് മേലില്‍ ആക്ഷേപത്തിന്റെ ശരവര്‍ഷം നടത്തുകയും നബി(സ്വ)യുടെ കല്‍പനക്ക് എതിരില്‍ പ്രവര്‍ത്തിച്ചവര്‍ എന്ന് അവരെ കുറിച്ച് അടക്കം പറയുകയും ചെയ്തപ്പോള്‍ അവര്‍ ശരിക്കും വീര്‍പ്പുമുട്ടി. അതിനിടെ കൂനിന്‍മേല്‍ കുരു എന്ന പോലെ മറ്റൊന്ന് കൂടി സംഭവിച്ചു.

യുദ്ധം നിഷിദ്ധമായ സമയത്ത് ചെയ്ത ആ സംഭവം നബി(സ്വ)യെ വ്യക്തിഹത്യ ചെയ്യാന്‍ ഖുറൈശികള്‍ ആയുധമാക്കിയിരിക്കുന്നു എന്ന വൃത്താന്തമായിരുന്നു അത്. ഖുറൈശികള്‍ ഗോത്രങ്ങള്‍ തോറും പറഞ്ഞു നടന്നു.

‘മുഹമ്മദ് യുദ്ധം നിഷിദ്ധമായ മാസത്തിന്റെ പവിത്രത പിച്ചിച്ചീന്തിയിരിക്കുന്നു… സമ്പത്ത് കൊള്ളയടിക്കുകയും പുരുഷന്മാരെ കൊലപ്പെടുത്തുകയും ചെയ്തത് ഈ വിശുദ്ധ മാസത്തിലാണ്…!’

സംഭവിച്ചുപോയ കൈപ്പിഴവില്‍ അബ്ദുല്ലാഹ്(റ)വിനും കൂട്ടുകാര്‍ക്കും ഉണ്ടായ മാനസിക ക്ഷതം പറയാതിരിക്കലാണ് നല്ലത്…! തങ്ങള്‍മൂലം തിരുനബി(സ്വ)ക്കും ചീത്തപ്പേരായല്ലോ എന്നോര്‍ക്കുമ്പോള്‍ ലജ്ജകൊണ്ട് തലയുയര്‍ത്താന്‍ കഴിയാത്ത അവസ്ഥ…

അഗ്നിപരീക്ഷണമാണ് തരണം ചെയ്ത് കൊണ്ടിരിക്കുന്നത്. ദുഃഖം കൊണ്ടവര്‍ പരിക്ഷീണരായിത്തീര്‍ന്നിരിക്കുന്നു.. അപ്പോള്‍ അതാ ഒരാള്‍ ഓടി വരുന്നു… അദ്ദേഹത്തിന്റെ മുഖത്ത് സന്തോഷത്തിന്റെ പ്രകാശം പരന്നിരിക്കുന്നു… അദ്ദേഹം പറഞ്ഞു:

‘നിങ്ങള്‍ ചെയ്ത പ്രവര്‍ത്തി അല്ലാഹു ശരിവെച്ചിരിക്കുന്നു. ആ സന്തോഷം അറിയിക്കുന്ന ഖുര്‍ആന്‍ സൂക്തം അവതീര്‍ണ്ണമായിരിക്കുന്നു…’

ആ സമയത്ത് അവര്‍ക്കുണ്ടായ സന്തോഷം പകര്‍ത്താന്‍ അക്ഷരങ്ങള്‍ക്ക് സാധ്യമല്ല.. മാറിനിന്നിരുന്ന മുസ്ലിം സഹോദരങ്ങള്‍ വന്ന് ആനന്ദാശ്രുക്കളുടെ അകമ്പടിയോടെ ആലിംഗനം ചെയ്യുന്നു… സന്തോഷവും ആശംസകളും.. ആ ഖുര്‍ആനിക സൂക്തം അവര്‍ ഓതിക്കൊണ്ടിരുന്നു.

‘യുദ്ധം നിഷിദ്ധമായി വിശ്വസിക്കപ്പെടുന്ന മാസത്തിലുള്ള യുദ്ധങ്ങളെക്കുറിച്ച് അവര്‍ ചോദിക്കും. തങ്ങള്‍ പറയുക. ആ മാസത്തില്‍ യുദ്ധം ചെയ്യല്‍ വലിയ തെറ്റുതന്നെയാണ്. എന്നാല്‍ അല്ലാഹുവിനെ അവിശ്വസിക്കുകയും അവന്റെ ദീനിനെയും മക്കാ രാജ്യത്തെയും ജനങ്ങള്‍ക്ക് തടയുകയും മക്കാ നിവാസികളായ മുസ്ലിംകളെ നാട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്യല്‍ അതിനേക്കാള്‍ കടുത്ത അപരാധമാണ്…കാഫിറുകളുടെ സത്യനിഷേധം അവരെ വധിക്കുന്നതിനേക്കാള്‍ വലിയ കുറ്റമാണ്…’

പരിശുദ്ധഖുര്‍ആന്‍ സൂക്തങ്ങള്‍ അവതരിച്ചപ്പോള്‍ നബി(സ്വ)ക്ക് സന്തോഷമായി….അവിടുന്ന് യുദ്ധമുതല്‍ സ്വീകരിച്ചു. ബന്ധികളെ മോചനദ്രവ്യം വാങ്ങി വിട്ടയച്ചു. അബ്ദുല്ലാഹിബ്നുജഹ്ശ്(റ)വിന്റെയും കൂട്ടുകാരുടെയും പ്രവര്‍ത്തനം അവിടുന്ന് തൃപ്തിപ്പെട്ടു….

ഈ സംഭവം മുസ്ലിംകളുടെ മുന്നേറ്റത്തിലെ നാഴികക്കല്ലായിരുന്നു… കാരണം, ഇതിലെ ഗനീമത്ത് ഇസ്ലാമില്‍ പിടിച്ച ആദ്യ ഗനീമത്തായിരുന്നു. കൊല്ലപ്പെട്ടവന്‍ മുസ്ലിംകളുടെ വാളിന് ഇരയായ പ്രഥമ കാഫിര്‍…! അവര്‍ പിടിച്ച രണ്ട് ബന്ധികള്‍ മുസ്ലിംകളുടെ കയ്യിലകപ്പെട്ട ആദ്യത്തെ ബന്ധികളും, അതില്‍ വഹിച്ച പതാക തിരുനബി(സ്വ)യുടെ പുണ്യകരങ്ങളാല്‍ കെട്ടിക്കൊടുത്ത പ്രഥമ പതാകയായിരുന്നു. സൈനികനേതാവായ അബ്ദുല്ലാഹിബ്നുജഹ്ശ്(റ) അമീറുല്‍ മുഅ്മിനീന്‍ എന്ന സ്ഥാ നപ്പേര്‍ ലഭിച്ച ആദ്യത്തെ മഹാന്‍….!

അടുത്തതായി ബദ്ര്‍ യുദ്ധം സമാഗതമായി…. അതില്‍ അബ്ദുല്ലാഹിബ്നുജഹ്ശ്(റ) അവരുടെ ഈ മാനിനോട് യോജിച്ച ധീര മുന്നേറ്റങ്ങള്‍ നടത്തി.

ഉഹ്ദ് യുദ്ധം… അതില്‍ കഥാപുരുഷന്‍ അബ്ദുല്ലാഹിബ്നുജഹ്ശ്(റ)വും സുഹൃത്ത് സഅ്ദുബ്നുഅബീവഖാസ്വ്(റ)വും തമ്മില്‍ നടന്ന കൂടിക്കാഴ്ചയും തീരുമാനങ്ങളും അവിസ്മരണീയമാണ്. സഅ് ദുബ്നുഅബീവഖാസ്വ്(റ) തന്നെ സംഭവം വിശദീകരിക്കുന്നു.

‘ഉഹ്ദ് ദിനം വന്നു…. ആ സമയം അബ്ദുല്ലാഹിബ്നുജഹ്ശ്(റ) എന്നെ കണ്ടുമുട്ടി. അദ്ദേഹം എ ന്നോട് ചോദിച്ചു.

‘സഅ്ദ് നിങ്ങള്‍ അല്ലാഹുവിനോട ദുആ ചെയ്യുന്നില്ലേ…?!’

ഞാന്‍ പറഞ്ഞു: ‘അതെ, തീര്‍ച്ചയായും ചെയ്യണം’. ഞങ്ങള്‍ രണ്ട് പേരും ഒരു ഒഴിഞ്ഞ കോണില്‍ ചെന്നു… ഞാന്‍ ആദ്യമായി പ്രാര്‍ഥിച്ചു.

‘അല്ലാഹുവെ…ഞാന്‍ യുദ്ധക്കളത്തിലെത്തിയാല്‍ മുന്‍കോപിയും വീരപരാക്രമിയുമായ ഒരുത്തനെ എന്റെ പ്രതിയോഗിയാക്കിത്തരണം…. അവസാനം അയാളെ വധിച്ച് അയാളുടെ കൈവശമുള്ളതെല്ലാം എടുക്കുവാനുള്ള കഴിവും നീ എനിക്ക് നല്‍കേണമേ….!’

എന്റെ പ്രാര്‍ഥനക്ക് അബ്ദുല്ലാഹ്(റ) ആമീന്‍ പറഞ്ഞു. അടുത്ത ഊഴം അദ്ദേഹത്തിന്റേതാണ്… അവര്‍ പ്രാര്‍ഥിച്ചു.

‘അല്ലാഹുവെ…ഏറ്റവും ശക്തനായ ഒരു പ്രതിയോഗിയെ എനിക്കും നല്‍കേണമേ…നിന്റെ ദീനിനുവേണ്ടി ഞാനയാളോട് പൊരുതും…അവസാനം അവന്‍ എന്നെ വധിച്ച് എന്റെ ചെവിയും നാസികയും മുറിച്ച് മാറ്റും…..! അങ്ങനെ ഞാന്‍ പരലോകത്ത് നിന്റെ മുമ്പില്‍ ഹാജരാക്കപ്പെടുമ്പോള്‍ നീ എന്നോട് ചോദിക്കും.

‘എന്തിനാണ് നിന്റെ മൂക്കും ചെവിയും ഛേദിക്കപ്പെട്ടത്…?’.

അപ്പോള്‍ ഞാന്‍ പറയും ‘അല്ലാഹുവെ നിനക്കും നിന്റെ റസൂലിനും വേണ്ടിയാണ്’

ആ സമയം നീ പറയും. ‘സത്യമാണ് നീ പറഞ്ഞത്’.

സഅ്ദ് പറയുന്നു.

‘എന്റെ പ്രാര്‍ഥനയേക്കാള്‍ വളരെ ഉത്തമമായിരുന്നു അബ്ദുല്ലഃയുടെ പ്രാര്‍ഥന. ആ പകല്‍ അവസാനിച്ചപ്പോള്‍ അബ്ദുല്ലാഹിബ്നുജഹ്ശ്(റ) ശഹീദായിക്കഴിഞ്ഞിരുന്നു. അവരുടെ ചെവിയും മൂക്കും ഒരു മരത്തില്‍ തൂക്കിയിട്ടതായി ഞാന്‍ കണ്ടു’.

അബ്ദുല്ലാഹിബ്നുജഹ്ശ്(റ)വിന്റെ ദുആ അല്ലാഹു സ്വീകരിച്ചു. ശഹീദ് എന്ന സ്ഥാനം നല്‍കി അല്ലാഹു അവരെ ആദരിച്ചു… ആ യുദ്ധത്തില്‍ തന്നെയാണ് അവരുടെ അമ്മാവന്‍ കൂടിയായ രക്തസാക്ഷികളുടെ നേതാവ് ഹംസ(റ)വും ശഹീദായത്.

അവരെ രണ്ട് പേരെയും ഒരേ ഖബ്റില്‍ നബി(സ്വ) മറവ് ചെയ്തു… അവിടുത്തെ നയനങ്ങളില്‍ നിന്നടര്‍ന്ന കണ്ണുനീര്‍ ആ മണ്ണ് കുതിര്‍ത്തു കളഞ്ഞു. അല്ലാഹു അവരെ തൃപ്തിപ്പെടട്ടെ, ആമീന്‍.


RELATED ARTICLE

  • സൈദുല്‍ ഖൈര്‍(റ)
  • സുമാമത്തു ബ്നു ഉസാല്‍ (റ)
  • ത്വുഫൈലുബ്നു അംറ് (റ)
  • സല്‍മാനുല്‍ ഫാരിസി (റ)
  • സഈദുബ്നു ആമിര്‍(റ)
  • ഇക്രിമത്തുബ്നു അബീജഹല്‍(റ)
  • അബ്ദുല്ലാഹിബ്നു ഉമ്മിമക്തൂം(റ)
  • അംറുബ്നുല്‍ജമൂഹ് (റ)
  • അദിയ്യുബ്നു ഹാതിം(റ)
  • അബൂഉബൈദ (റ)
  • അബൂദര്‍റുല്‍ ഗിഫാരി(റ)
  • അബൂഅയ്യൂബില്‍ അന്‍സ്വാരി (റ)
  • അബ്ദുല്ലാഹിബ്നുജഹ്ശ്(റ)
  • അബ്ദുള്ളാഹിബ്നു മസ്ഊദ്(റ)
  • അബ്ദുല്ലാഹിബ്നു ഹുദാഫ (റ)