Click to Download Ihyaussunna Application Form
 

 

സുന്നീ സലഫീ വീക്ഷണങ്ങള്‍

ഇബാദത്തിന്റെ നിര്‍വചനത്തില്‍ വന്ന വ്യത്യാസം അടിസ്ഥാനപരമായ മറ്റു വിഷയങ്ങളിലും സലഫികളും സുന്നികളും തമ്മില്‍ ഭിന്നത സൃഷ്ടിച്ചു. തൌഹീദ് ആണല്ലോ ഇസ്ലാമിന്റെ അടിത്തറ. അല്ലാഹു ഏകനാണെന്നും മുഹമ്മദ് നബി(സ്വ) അല്ലാഹുവിന്റെ ദൂതനാണെന്നും മനസ്സി ല്‍ ഉറപ്പിച്ച് പ്രഖ്യാപിക്കുന്നതോട് കൂടി ഒരാള്‍ മുഅ്മിനും മുസ്ലിമുമായി കണക്കാക്കപ്പെടുന്നു. ഇതോടെ മറ്റു പലതും വിശ്വസിക്കാനും ചില പ്രത്യേക അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാനും അവര്‍ ബാധ്യസ്ഥരായിത്തീരുന്നു. വിശ്വാസകാര്യങ്ങള്‍ ആറായും അടിസ്ഥാന കര്‍മങ്ങള്‍ അഞ്ചായും നബി(സ്വ) വിശദീകരിച്ചിട്ടുണ്ട്. ഇവയെല്ലാം സമ്പൂര്‍ണമായും അംഗീകരിച്ചാലേ മു സ്ലിമാവൂ.

തൌഹീദെന്നാല്‍ അല്ലാഹുവിന്റെ ഏകത്വത്തിലുള്ള വിശ്വാസമാണ്. അല്ലാഹു അവന്റെ വ്യക്തിത്വത്തിലും വിശേഷണങ്ങളിലും പ്രവര്‍ത്തനങ്ങളിലും ഏകനും നിസ്തുലനുമാണെന്ന് മുസ്ലിം വിശ്വസിക്കണം. ഖുര്‍ആനിലെ അദ്ധ്യായം 112 സൂറത്തുല്‍ ഇഖ്ലാസ്വില്‍ അല്ലാഹു ഇപ്രകാരം പരിചയപ്പെടുത്തപ്പെടുന്നു: പറയുക, അവന്‍, അല്ലാഹു ഏകനാണ്; അല്ലാഹു ആരുടെയും ആ ശ്രയം വേണ്ടാത്തവനും എല്ലാവരാലും ആശ്രയിക്കപ്പെടുന്നവനുമാണ്; അവന് സന്തതികളില്ല; അവന്‍ ആരുടെയും സന്താനവുമല്ല; അവന് തുല്യനായും ആരുമില്ല.

തത്വത്തില്‍ മുസ്ലിം സമുദായത്തിലെ മുഴുവന്‍ സംഘടനകളും അല്ലാഹുവിന്റെ ഏകത്വത്തില്‍ യോജിച്ചിട്ടുണ്ട്. ആദ്യകാലം മുതല്‍ക്ക് തന്നെ അഹ്ലുസ്സുന്നത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്ന ശി യാക്കളും തൌഹീദിലും രിസാലത്തിലും സുന്നീകളോട് യോജിക്കുന്നുണ്ട്. എന്നാല്‍ തൌഹീദി ന്റെ വിശദാംശങ്ങളില്‍ സലഫികളും സുന്നികളും തമ്മില്‍ കടുത്ത അന്തരങ്ങളുണ്ട്. സുന്നികള്‍ അനുവദനീയങ്ങളാണെന്ന് പറയുന്ന തവസ്സുലും ഇസ്തിഗാസയും ബഹുദൈവാരാധന (ശിര്‍ ക്ക്) യാണെന്നാണ് സലഫികളില്‍ മുജാഹിദ്, സനൂസിയ്യാ, അഹ്ലേ ഹദീസ് തുടങ്ങിയവരുടെ വാദം. അത്ര ശക്തമായ ഭാഷയില്‍ ശിര്‍ക്കാണെന്ന് ആരോപിക്കുന്നില്ലെങ്കിലും ശിര്‍ക്കിന്റെ അംശം തവസ്സുലിലും ഇസ്തിഗാസയിലും അന്തര്‍ലീനമാണെന്ന് ജമാഅത്തുകാരും അഭിപ്രായപ്പെടുന്നു.

തവസ്സുല്‍

അല്ലാഹുവിന്റെ ഇഷ്ട ദാസന്മാരെയും (ഔലിയാഅ്, സ്വാലിഹുകള്‍) സ്വിദ്ദീഖുകളെയും ശുഹദാക്കളെയും അമ്പിയാഇനെയും മുന്‍നിര്‍ത്തിക്കൊണ്ട്, അവരിലൂടെ, അവരുടെ ജീവിത കാലത്തോ മരണ ശേഷമോ, അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നതിനെയാണ് തവസ്സുല്‍ അഥവാ ഇടതേട്ടം എന്ന് പറയുന്നത്. ഒരാള്‍ സ്വന്തമായി ചെയ്ത സല്‍ക്കര്‍മ്മങ്ങള്‍ മുന്‍നിര്‍ത്തി അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നതിനും തവസ്സുല്‍ എന്ന് പറയുന്നു. ഇത് രണ്ടും പുണ്യമായിട്ടാണ് സുന്നികള്‍ കരുതുന്നത്. എന്നാല്‍ ആദ്യത്തേതിനെ ശിര്‍ക്കായും രണ്ടാമത് പറഞ്ഞതിനെ പുണ്യമായും സലഫികള്‍ കരുതുന്നു. ജീവിതകാലത്ത് വ്യക്തികളെ തവസ്സുലാക്കുന്നതിനെ സലഫികള്‍ എതിര്‍ക്കാറില്ല. മരണ ശേഷം അവരെ മുന്‍നിര്‍ത്തി പ്രാര്‍ഥിക്കുന്നത് മാത്രമേ അവര്‍ ശിര്‍ ക്കായി കാണുന്നുള്ളു. മരിച്ചവര്‍ കേള്‍ക്കുകയും കാണുകയുമില്ലെന്നും അവര്‍ക്ക് പിന്നീട് യാ തൊരു തരത്തിലുമുള്ള പ്രവര്‍ത്തന ശേഷിയും ഇല്ലെന്നും സലഫികള്‍ വിശ്വസിക്കുന്നു. തെളിവായി അവര്‍ ഖുര്‍ആനും ഹദീസുകളും എടുത്തുദ്ധരിക്കാറുണ്ട്. 27ാം അദ്ധ്യായമായ സൂറത്തു ന്നംലിലെ  80ാം സൂക്തം അവര്‍ കൊടുക്കുന്ന മുഖ്യ തെളിവുകളിലൊന്നാണ്.

താങ്കള്‍ക്ക് മരിച്ചവരെ കേള്‍പ്പിക്കാനോ, ബധിരന്മാര്‍ക്ക് താങ്കളുടെ വിളി കേള്‍പ്പിക്കാനോ സാധ്യമല്ല, അവര്‍ പുറം കാലില്‍ പിന്തിരിഞ്ഞോടുമ്പോള്‍(ഖു 27:80), ആദ്ധ്യായം 35, സൂറതുല്‍ ഫാത്വിറിലെ 22ാം സൂക്തമായ നബിയെ ഖബ്റുകളിലുള്ളവരെ താങ്കള്‍ക്ക് കേള്‍പ്പിക്കാന്‍ കഴിയുകയില്ലെന്ന(ഖു 35:22) ആയത്തും അവര്‍ തെളിവായി കൊടുക്കുന്നു. എന്നാല്‍ സന്ദര്‍ഭം മനസ്സിലാക്കിയാല്‍ മരിച്ചവര്‍ കേള്‍ക്കില്ല എന്ന അര്‍ഥത്തിലല്ല ഇവിടെ ഈ സൂക്തങ്ങള്‍ ഉപയോഗിച്ചിട്ടുള്ളതെന്ന് മനസ്സിലാകും. മരിച്ചവരും ബധിരരും അവരുടെ പുറംകാലില്‍ പിന്തിരിഞ്ഞോടുമ്പോള്‍ കേള്‍പ്പിക്കാന്‍ സാധ്യമല്ല എന്ന് പറഞ്ഞതിന്റെ അര്‍ഥം ഉപദേശം സ്വീകരിക്കാന്‍ തയ്യാറില്ലാത്ത ആളുകള്‍ എന്നാണ്. മരിച്ചവര്‍ കേള്‍ക്കുമെന്നതിന് ഹദീസുകള്‍ തെളിവുണ്ട്. ബദ്റ് യു ദ്ധത്തില്‍ മരിച്ച ഖുറൈശി പ്രമുഖരെ ഒരു പൊട്ടക്കിണറ്റില്‍ അടക്കം ചെയ്യുകയുണ്ടായി. പിന്നീട് അവരെ പേരെടുത്തു വിളിച്ചുകൊണ്ട് നബി(സ്വ) പറഞ്ഞു: ഓ അബൂജഹ്ല്‍, ഓ ഉമയ്യത്ത്, ഓ ഉത്ബത്ത്, ഓ ശൈബത്ത്….. നിങ്ങളുടെ രക്ഷിതാവ് നിങ്ങളോട് ചെയ്ത വാഗ്ദത്തം പുലര്‍ന്നു വോ?, എന്റെ റബ്ബാണ് സത്യം, എന്റെ നാഥന്‍ എനിക്ക് നല്‍കിയ വാഗ്ദത്തം പൂര്‍ത്തീകരിച്ചിരിക്കുന്നു. ഇത് കേട്ട ഉമര്‍(റ) ചോദിച്ചു: റസൂലേ, ആത്മാവില്ലാത്ത ജഡങ്ങളോടാണോ നിങ്ങള്‍ സംസാരിക്കുന്നത്? നബി(സ്വ) പറഞ്ഞു:

അല്ലാഹുവാണെ സത്യം! ഞാന്‍ പറയുന്നത് അവരെക്കാള്‍ കേള്‍ക്കുന്നവരല്ല നിങ്ങള്‍, പക്ഷേ, അവര്‍ ഉത്തരം ചെയ്യുകയില്ലെന്ന് മാത്രം. ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച ഹദീസാണിത്.

അബൂഹുറൈറ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: നബി(സ്വ) പറഞ്ഞു: ഖബറടക്കി ആളുകള്‍ പിരിഞ്ഞു പോരുമ്പോള്‍ മയ്യിത്ത് അവരുടെ ചെരുപ്പുകളുടെ ശബ്ദം കേള്‍ക്കുന്നതാണ്. ഈ ഹദീസ് അ നേകം പരമ്പരകളിലുടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്.

ഖബറ് സന്ദര്‍ശന വേളയില്‍ ഖബറാളിയോട് നാം അഭിസംബോധന ചെയ്യുന്നത് അസ്സലാമു അ ലൈക്കും എന്നാണല്ലോ. അവര്‍ കേള്‍ക്കുകയില്ലെങ്കില്‍ മധ്യമപുരുഷന്റെ പദം ഉപയോഗിച്ച് അ ഭിവാദ്യം ചെയ്യാന്‍ കല്‍പ്പിച്ചതില്‍ അര്‍ഥമില്ലല്ലോ?. ഖബ്റ് സിയാറത്ത് ചെയ്യാനെത്തുന്നവരെ ഖബറാളി അറിയുമെന്നും അവരുടെ സന്ദര്‍ശനം മൂലം സന്തുഷ്ടനാകുമെന്നും ഹദീസുകളിലുണ്ട്. അപ്പോള്‍ ജീവിത കാലത്ത് തവസ്സുല്‍ അനുവദനീയമാണെങ്കില്‍ മരിച്ചതിനു ശേഷവും അത് അനുവദനീയമാകുന്നതാണ്.

തിര്‍മുദി നിവേദനം ചെയ്ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം: ഉസ്മാനുബ്നു ഹുനൈഫ്(റ) പറയുന്നു: ഒരു അന്ധന്‍ നബി(സ്വ)യെ സമീപിച്ചു. എനിക്ക് സുഖമാകാന്‍ അങ്ങ് അല്ലാഹുവിനോട് പ്രാര്‍ഥിക്കണം എന്നപേക്ഷിച്ചു. നീ ഉദ്ദേശിക്കുന്നുവെങ്കില്‍ ഞാന്‍ പ്രാര്‍ഥിക്കാം, അല്ല നീ ക്ഷമിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കിലോ ക്ഷമയാണ് നിനക്ക് ഗുണകരമെന്ന് നബി(സ്വ) പറഞ്ഞു. അയാള്‍ നബിയോട് പറഞ്ഞു: അല്ല നബീ, അവിടുന്ന് പ്രാര്‍ഥിക്കണം. നബി(സ്വ) അദ്ദേഹത്തോട് നല്ലവണ്ണം വുളു എടുത്തു വന്ന് ഇപ്രകാരം പ്രാര്‍ഥിക്കാന്‍ പറഞ്ഞു: അല്ലാഹുവേ! കാരുണ്യത്തിന്റെ പ്രവാചകനായ മുഹമ്മദ് നബി മുഖേന ഞാന്‍ നിന്നോട് പ്രാര്‍ഥിക്കുകയും നിന്നെ അഭിമുഖീകരിക്കുകയും ചെയ്യുന്നു. എന്റെ ഈ കാര്യം നിറവേറ്റിത്തരാന്‍ താങ്കള്‍ മുഖേന ഞാ ന്‍ എന്റെ റബ്ബിനെ അഭിമുഖീകരിക്കുന്നു. അല്ലാഹുവേ എന്റെ കാര്യത്തില്‍ നബിയുടെ ശി പാര്‍ശ നീ സ്വീകരിക്കേണമേ. നബിയെ ശിപാര്‍ശകനാക്കിക്കൊണ്ട് അല്ലാഹുവിനോട് പ്രാര്‍ഥിക്കാന്‍ നബിതന്നെ നിര്‍ദ്ദേശിച്ചതിനുള്ള തെളിവാണിത്.

ആപല്‍ഘട്ടങ്ങളില്‍ സ്വഹാബികള്‍ നബിയോട് ഇടതേടിയതിന് തെളിവായി ഒട്ടേറെ സംഭവങ്ങളുണ്ട്. ഒരിക്കല്‍ ഒരഅ്റാബി നബിയോട് അഭ്യര്‍ഥിച്ചു. അല്ലാഹുവിന്റെ ദൂതരേ, സമ്പത്തെല്ലാം നശിച്ചു, സര്‍വ്വ രക്ഷാമാര്‍ഗവും അറ്റുപോയി, ഞങ്ങള്‍ക്ക് മഴ ലഭിക്കാന്‍ അങ്ങ് അല്ലാഹുവിനോട് പ്രാര്‍ഥിക്കുക. നബി(സ്വ) പ്രാര്‍ഥിച്ചു. മഴ പെയ്തു. അടുത്ത വെള്ളിയാഴ്ച വരെ ശക്തിയായ മഴ തുടര്‍ന്നു. അടുത്ത ആഴ്ച അയാള്‍ വീണ്ടും അഭ്യര്‍ഥനയുമായി വന്നു. നബിയെ, മഴയുടെ കാഠിന്യത്താല്‍ കെട്ടിടങ്ങള്‍ തകര്‍ന്നു. സര്‍വ്വ വഴികളും അടഞ്ഞു. മൃഗങ്ങള്‍ ചത്തു. നബി(സ്വ) പ്രാര്‍ഥിച്ചു. അതോടെ മേഘങ്ങള്‍ തെന്നിമാറി. മദീനയുടെ പരിസരങ്ങളിലേക്ക് മഴ ഒഴിഞ്ഞുപോയി. ഇത് ബുഖാരി ഉദ്ധരിച്ച ഹദീസാണ്. നബിയുടെ ജീവിത കാലത്ത് നബിയിലൂ ടെ ഇടതേടിയതിന് ഇത് തെളിവാണ്.

ഹസ്രത്ത് അലി(റ)വിന്റെ മാതാവും നബിയുടെ വളര്‍ത്തുമ്മയുമായ ഫാത്വിമ ബിന്‍ത് അസദ്(റ) നിര്യാതയായപ്പോള്‍ അവര്‍ക്ക് വേണ്ടി നബി(സ്വ) ഇങ്ങനെ പ്രാര്‍ഥിച്ചു: അല്ലാഹുവേ എന്റെ മാ താവ് ഫാത്വിമ ബിന്‍ത് അസദിന് നീ പൊറുത്തുകൊടുക്കേണമേ, നിന്റെ പ്രവാചകന്റെയും എ നിക്ക് മുമ്പ് കഴിഞ്ഞുപോയ പ്രവാചകരുടെയും ഹഖ് കൊണ്ട് നീ അവര്‍ക്ക് അവരുടെ ഖബ്റ് വിശാലമാക്കിക്കൊടുക്കുകയും ചെയ്യേണമേ. ത്വബ്റാനി(റ) ഉദ്ധരിച്ച ഹദീസാണിത്. ഇവിടെ പൂര്‍വ പ്രവാചകരെ മുന്‍നിര്‍ത്തിക്കൊണ്ടു കൂടിയാണ് നബി(സ്വ) പ്രാര്‍ഥിച്ചത്.

ഇമാം ബൈഹഖി(റ) ഉദ്ധരിക്കുന്നു: ഉമര്‍(റ)വിന്റെ കാലത്ത് വരള്‍ച്ച ബാധിച്ചു. അപ്പോള്‍ ഒരാള്‍ നബിയുടെ ഖബറിന്നരികെ വന്നു പ്രാര്‍ഥിച്ചു. റസൂലേ, താങ്കളുടെ സമുദായത്തിന് വേണ്ടി മഴ ആവശ്യപ്പെടുക. അവര്‍ വിഷമിച്ചിരിക്കുന്നു. അങ്ങനെ അയാള്‍ നബിയെ സ്വപ്നത്തില്‍ ദര്‍ശിച്ചു. നബി(സ്വ) പറഞ്ഞു: നീ ഉമറിന്റെ അടുത്ത് ചെന്ന് എന്റെ സലാം പറയുകയും ഭരണത്തില്‍ മാറ്റം വരുത്താന്‍ ആവശ്യപ്പെടുകയും ചെയ്യുക. അവര്‍ക്ക് മഴ വര്‍ഷിക്കപ്പെടുമെന്നും അറിയിക്കുക. അയാള്‍ ഉമറിന്റെ അടുത്ത് ചെന്ന് വിവരം അറിയിച്ചു. ഇത് കേട്ടു കരഞ്ഞു കൊണ്ട് ഉമര്‍(റ) പറഞ്ഞു: അല്ലാഹുവേ, എനിക്ക് കഴിയാത്തതിലല്ലാതെ ഞാന്‍ ഒരു വീഴ്ചയും വരുത്തീട്ടില്ല. ഹാഫിളുബ്നുകസീര്‍(റ) തന്റെ അല്‍ബിദായയില്‍ ഇത് ഉദ്ധരിച്ചിട്ടുണ്ട്. ജീവിതകാലത്തെ ന്നപോലെ മരണശേഷവും തവസ്സുലാക്കാമെന്ന് ഇത് തെളിയിക്കുന്നു.

ഇസ്തിഗാസ

മരിച്ചുപോയവരെ നേരിട്ട് അഭിസംബോധനം ചെയ്യുന്നതാണ് ഇസ്തിഗാസ. അത്തഹിയ്യാത്തില്‍ നാം അത് സാധാരണ ചെയ്തുവരുന്നുണ്ട്. അസ്സലാമുഅലൈക്ക അയ്യുഹന്നബിയ്യു എന്ന് അ ഞ്ച് നേരവും നാം നബിയെ നേരിട്ട് അഭിസംബോധനം ചെയ്യുന്നു. ഇത് നബി കേള്‍ക്കുമെന്നും ഉത്തരം ചെയ്യുമെന്നുമുള്ള വിശ്വാസത്തോടു കൂടിതന്നെയാണ്. ഇല്ലെങ്കില്‍ ഇങ്ങനെ പറയുന്നത് വെറും വിഡ്ഢിത്തം മാത്രമായിരിക്കും. ഹാഫിള് ഇബ്നുകസീര്‍(റ) പറയുന്നു: യമാമ യുദ്ധത്തില്‍ മുസ്ലിംകളുടെ മുദ്രാവാക്യം യാ മുഹമ്മദാഹ്, ഓ മുഹമ്മദ് നബിയേ സഹായിക്കണേ എന്നായിരുന്നു.

സലഫികളുടെ ന്യായവാദങ്ങള്‍

തവസ്സുല്‍, ഇസ്തിഗാസ എന്നിവയെ ന്യായീകരിക്കുന്ന ഹദീസുകളൊന്നും മുജാഹിദ്, ജമാഅത്ത്, സനൂസി, അഹ്ലേഹദീസ്, വിഭാഗങ്ങളോ ആദ്യകാല തബ്ലീഗ് നേതാക്കളോ അംഗീകരിക്കാറില്ല. അത്തരം ഹദീസുകളെ ളഈഫ്, മൌളൂഉ് എന്നൊക്കെ പറഞ്ഞ് തള്ളിക്കളയാറാണ് പതിവ്. ഇവരുടെ വീക്ഷണത്തില്‍ തവസ്സുലും ഇസ്തിഗാസയും ബിംബാരാധനക്ക് തുല്യമായ ശിര്‍ക്കാണ്. മക്കാ മുശ്രിക്കുകളുടെ വികല വിശ്വാസങ്ങളെ വിലയിരുത്തിക്കൊണ്ട് ഖുര്‍ആനില്‍ വന്ന സൂക്തങ്ങളാണ് മരിച്ചുപോയ മഹാത്മാക്കളെ മദ്ധ്യസ്ഥരാക്കി അല്ലാഹുവിനോട് പ്രാ ര്‍ഥിക്കുന്നതിന് എതിര്‍ തെളിവുകളായി ഇവര്‍ ഉദ്ധരിക്കാറുള്ളത്. ഇത്തരം ചില സൂക്തങ്ങളുടെ സാരം ഇങ്ങനെ വായിക്കാം. സൂറത്തുന്നഹ്ലില്‍(20,21) പറയുന്നു: അല്ലാഹുവിന് പുറമെ അവര്‍ വിളിച്ച് പ്രാര്‍ഥിക്കുന്നവര്‍ ഒന്നും സൃഷ്ടിക്കാത്തവരാണ്; അവര്‍ തന്നെ സൃഷ്ടിക്കപ്പെട്ടവരാണ്. അവര്‍ മരണപ്പെട്ടവരാണ്. ജീവിക്കുന്നവരല്ല. അവര്‍ എന്നാണ് പുനരുജ്ജീവിക്കപ്പെടുക എന്ന് അവര്‍ക്ക് തന്നെ അറിയുകയുമില്ല.

തെളിവായി കൊടുക്കാറുള്ള മറ്റൊരു സൂക്തം 7ാം അദ്ധ്യായമായ അഅ്റാഫിലെ 194ാം സൂക്തമാണ്. അതിന്റെ സാരം ഇങ്ങനെ വായിക്കാം: നിശ്ചയമായും അല്ലാഹുവിനെ കൂടാതെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവര്‍ നിങ്ങളെപ്പോലുള്ള അടിമകളാണ്. അതിനാല്‍ നിങ്ങള്‍ അവരെ വി ളിച്ചു നോക്കുക. അവര്‍ നിങ്ങള്‍ക്ക് ഉത്തരം ചെയ്യുമോ എന്ന് കാണട്ടെ.

മറ്റൊരായത്ത് സൂറതുല്‍ ഹജ്ജിലേതാണ്. അല്ലാഹുവിനെ കൂടാതെ നിങ്ങള്‍ വിളിക്കുന്ന ആരാധ്യര്‍ ഒരു ഈച്ചയെ പോലും സൃഷ്ടിക്കുകയില്ല; അവരെല്ലാം അതിന് വേണ്ടി ഒരുമിച്ചുകൂടിയാലും. മാത്രമല്ല ഈച്ച അവരില്‍ നിന്ന് വല്ലതും തട്ടിയെടുക്കുകയാണെങ്കില്‍ അതിനെ അവര്‍ക്ക് തിരിച്ചെടുക്കുവാനും കഴിയുകയില്ല. ആവശ്യം ഉന്നയിക്കുന്നവനും ഉന്നയിക്കപ്പെടുന്നവനും എന്തു മാത്രം ദുര്‍ബലന്‍! (ഖു 22:73). മറ്റൊന്ന് സൂറത്ത് യൂനുസിലാണ്: അല്ലാഹു താങ്കള്‍ക്ക് വല്ല ബുദ്ധിമുട്ടും വരുത്തുകയാണെങ്കില്‍ അവനല്ലാതെ അത് ആരും ദൂരീകരിക്കുന്നവരായി ഇല്ല( 10:107).

സൂറതുസ്സുമറിലെ 38ാം ആയത്തും ഉദ്ധരിക്കപ്പെടുന്ന മറ്റൊരു തെളിവാണ്. നബിയേ, പറയുക അല്ലാഹുവിനെ കൂടാതെ നിങ്ങള്‍ വിളിക്കുന്നവരുണ്ടല്ലോ, അല്ലാഹു എനിക്ക് വല്ലദോഷവും ഉ ദ്ദേശിച്ചാല്‍ അവ അത് ദൂരീകരിക്കുമോ? അവന്‍ എനിക്ക് അനുഗ്രഹം ചെയ്യാനുദ്ദേശിച്ചാല്‍ അവ അത് തടഞ്ഞ് കളയുമോ? പറയുക, എനിക്ക് അല്ലാഹു മതി; ഭരമേല്‍പിക്കുന്നവര്‍ അവനില്‍ ഭരമേല്‍പിക്കട്ടെ! (39:38).

സൂറത് ജിന്നില്‍ നിന്ന് ഉദ്ധരിക്കുന്ന മറ്റൊരു തെളിവ് ഇപ്രകാരമാണ്, പറയുക, നിങ്ങള്‍ക്ക് ദോഷമോ, സന്മാര്‍ഗമോ വരുത്താന്‍ എനിക്ക് കഴിവില്ല. പറയുക, എന്നെ അല്ലാഹുവിന്റെ പിടുത്തത്തില്‍ നിന്ന് രക്ഷിക്കുവാന്‍ ആര്‍ക്കുമാവില്ല. അവനല്ലാതെ യാതൊരു അഭയസ്ഥാനവും എനിക്കില്ല (ഖു 72:21,22).

സൂറത് അഅ്റാഫില്‍ നിന്ന് തന്നെ വീണ്ടും ഉദ്ധരിക്കുന്നു: നബിയെ, പറയുക അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ എനിക്ക് തന്നെ ഗുണമോ, ദോഷമോ വരുത്താന്‍ എനിക്ക് കഴിയുകയില്ല. എനിക്ക് അദൃശ്യകാര്യങ്ങള്‍ അറിയാമായിരുന്നെങ്കില്‍ ഞാന്‍ നന്മ കൂടുതല്‍ ചെയ്യുമായിരുന്നേനെ. യാ തൊരു തിന്മയും എന്നെ ബാധിക്കുകയുമില്ലായിരുന്നു (ഖു 7: 188).

മുകളില്‍ കൊടുത്ത ഉദ്ധരണികള്‍ക്ക് പുറമെ തവസ്സുല്‍, ഇസ്തിഗാസ നടത്തുന്ന മുസ്ലിംക ളെപ്പോലെത്തന്നെ മക്കാ മുശ്രിക്കുകളും അല്ലാഹുവില്‍ വിശ്വസിച്ചിരുന്നുവെന്നും സുന്നികളെ പ്പോലെ അവരും അല്ലാഹുവിങ്കലേക്ക് അടുപ്പിക്കാന്‍ വേണ്ടി ഇടയാളരെ തേടുക മാത്രമാണ് ചെയ്തതെന്നും തെളിയിക്കാനായി സലഫികള്‍ ഉദ്ധരിക്കുന്ന സൂക്തങ്ങളുണ്ട്. അവയിലൊന്ന് സൂറതു ലുഖ്മാനിലെ 25ാം സൂക്തമാണ്, ആകാശഭൂമികളെ സൃഷ്ടിച്ചത് ആരെന്ന് അവരോട് ചോദിച്ചാല്‍ അവര്‍ പറയും അത് അല്ലാഹുവാണെന്ന് (ഖു 31:25). അല്ലാഹുവിനെ കൂടാതെ ര ക്ഷകര്‍ത്താക്കളെ ഉണ്ടാക്കിവച്ചവര്‍ പറയുന്നു. ഞങ്ങളെ അല്ലാഹുവിങ്കലേക്ക് അടുപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഈ രക്ഷകര്‍ത്താക്കളെ ഞങ്ങള്‍ ആരാധിക്കുന്നത്(ഖു 39:3).

തെളിവുകളായി ഇതേ രീതിയിലുള്ള നിരവധി സൂക്തങ്ങള്‍ അവര്‍ നിരത്താറുണ്ട്. എന്നാല്‍ ഈ സൂക്തങ്ങളുടെ ഉദ്ദേശ്യവും, അര്‍ഥവും നന്നായി ഗ്രഹിച്ചവരാണ് സുന്നികള്‍. ജീവിതകാലത്തോ മരണ ശേഷമോ അല്ലാഹുവിനെ കൂടാതെ സഹായിക്കാനോ ശിക്ഷിക്കാനോ രക്ഷിക്കാനോ ഒരു ശക്തിക്കും സാദ്ധ്യമല്ലെന്നും സൃഷ്ടിശ്രേഷ്ഠനായ മുഹമ്മദ് നബി(സ്വ)പോലും അല്ലാഹുവിന്റെ എളിയ ദാസന്‍ മാത്രമാണെന്നും ഉറച്ച് വിശ്വസിക്കുന്നവരാണ് അവര്‍.

എന്നാല്‍ അല്ലാഹു മനുഷ്യരെ മറ്റു സൃഷ്ടികളെക്കാള്‍ ചില പ്രത്യേക പദവികള്‍ നല്‍കി ആദരിച്ചിട്ടുണ്ടെന്നും മനുഷ്യരില്‍ ചിലര്‍ക്ക് മറ്റു ചിലരേക്കാള്‍ ചില പ്രത്യേക സ്ഥാന മാനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും സുന്നികള്‍ വിശ്വസിക്കുന്നു. നബിമാര്‍, സ്വിദ്ധീഖുകള്‍, ശുഹദാഉ്, സ്വാലിഹുകള്‍, മുഅ്മിനുകള്‍, ഫാസിഖുകള്‍, മുനാഫിഖുകള്‍, കാഫിറുകള്‍ തുടങ്ങി വ്യത്യസ്ത നിലവാരത്തിലുള്ള മനുഷ്യരുണ്ടെന്നും ഈ വ്യത്യസ്ത നിലകള്‍ക്കനുസരിച്ച് മനുഷ്യര്‍ക്ക് അല്ലാഹുവിങ്കല്‍ വ്യത്യസ്ത സ്ഥാനങ്ങളുണ്ടെന്നും സൂന്നീ വിശ്വാസത്തില്‍ പെട്ടതാണ്. ഈ വിശ്വാസങ്ങള്‍ക്കെല്ലാം ആധാരം ഖുര്‍ആന്‍ തന്നെയാണ്. വ്യക്തികള്‍ക്ക് മാത്രമല്ല വസ്തുക്കള്‍ക്ക് പോലും വിശുദ്ധിയുണ്ടെന്ന് കഅബത്തെക്കുറിച്ചുളള ഖൂര്‍ആനിക പരാമര്‍ശത്തില്‍ നിന്ന് വ്യ ക്തമാണ്. സൂറതു ഹജ്ജിലെ 30ാം സൂക്തം പറയുന്നു: അല്ലാഹു സ്ഥാപിച്ച വിശുദ്ധികളെ വല്ലവനും മാനിക്കുന്നുണ്ടെങ്കില്‍ അത് അവന് അല്ലാഹുവിങ്കല്‍ ഗുണകരമാണ്(ഖു 22:30).

സുന്നികളുടെ നിലപാടും ഖുര്‍ആന്‍ വിവരിച്ച മക്കാ മുശ്രിക്കുകളുടെ നിലപാടും ഏറെ വ്യത്യസ്തമാണ്. മുശ്രിക്കുകള്‍ ബിംബങ്ങളുണ്ടാക്കി അവയെ പൂജിക്കുകയാണ് ചെയ്തിരുന്നത്. എല്ലാ സഹായവും അവയോടാണ് അഭ്യര്‍ഥിച്ചിരുന്നത്. അവര്‍ക്ക് പരലോക വിശ്വാസമുണ്ടായിരുന്നില്ല. അല്ലാഹുവുണ്ടെന്ന് അവര്‍ സമ്മതിച്ചിരുന്നെങ്കിലും അല്ലാഹുവിന് അവര്‍ രണ്ടാം സ്ഥാ നമാണ് നല്‍കിയിരുന്നത്. ഇക്കാര്യം ഖുര്‍ആന്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്: അല്ലാഹുവല്ലാതെ അവര്‍ ആരാധിക്കുന്ന വസ്തുക്കളെ നിങ്ങള്‍ ആക്ഷേപിക്കരുത്; അപ്പോള്‍ വിവരമില്ലാതെ ശത്രുതയാല്‍ അവര്‍ അല്ലാഹുവിനെ ചീത്ത വിളിക്കും (ഖു 6:108). ബിംബങ്ങളെ ആക്ഷേപിച്ചാല്‍ അല്ലാഹുവിനെ ആക്ഷേപിക്കുന്നവരെ സംബന്ധിച്ചിടത്തോളം തീര്‍ച്ചയായും വലുത് ബിംബങ്ങളാണെന്നതില്‍ സംശയമില്ല. അപ്പോള്‍ തങ്ങള്‍ വിഗ്രഹാരാധന നടത്തുന്നത് അല്ലാഹുവിലേക്ക് തങ്ങളെ അടുപ്പിക്കാനാണെന്ന വാദം സത്യമല്ല. അങ്ങനെയായിരുന്നെങ്കില്‍ അവര്‍ അല്ലാഹുവിനെ ഒരിക്കലും അധിക്ഷേപിക്കുകയില്ലല്ലോ?.

വിഗ്രഹങ്ങളെക്കാള്‍ താഴ്ന്നവനായി മാത്രമെ അവര്‍ അല്ലാഹുവിനെ ഗണിച്ചിരുന്നുള്ളുവെന്ന തിന് ഖുര്‍ആന്‍ വേറെയും തെളിവ് നല്‍കുന്നുണ്ട്. കൃഷി, മൃഗങ്ങള്‍ തുടങ്ങിയ ഉല്‍പന്നങ്ങളില്‍ ഒരു വിഹിതം അവര്‍ അല്ലാഹുവിന് നീക്കിവെക്കുന്നു. ഇത് അല്ലാഹുവിനാണെന്നും ഇത് നമ്മു ടെ ആരാധ്യര്‍ക്കാണെന്നും അവര്‍ പറയും. അവരുടെ പങ്കുകാര്‍ക്ക് നീക്കിവെച്ചത് അല്ലാഹുവി ന്റെ വിഹിതത്തിലേക്ക് ചേര്‍ക്കുകയില്ല. അല്ലാഹുവിന് നീക്കിവെച്ചത് എന്ന് അവര്‍ പറയുന്നതാവട്ടെ വിഗ്രഹങ്ങളുടെ ഓഹരിയിലേക്ക് കൂട്ടുകയും ചെയ്യുന്നു (6:136). ഈ ആയത്തില്‍ നിന്ന് ഖുറൈശികള്‍ അല്ലാഹുവിനെക്കാള്‍ പ്രാധാന്യം വിഗ്രഹങ്ങള്‍ക്കാണ് കൊടുത്തിരുന്നതെന്ന വസ്തുത വ്യക്തമാണ്. മാത്രവുമല്ല തങ്ങളുടെ ബിംബങ്ങളെ ആരാധിക്കുന്നത് നിര്‍ത്തി ഏക ഇ ലാഹായ അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന് നബി(സ്വ) നിര്‍ദ്ദേശിച്ചതിന്റെ പേരിലാണല്ലോ അവര്‍ നബിയോടും അല്ലാഹുവിനോടും യുദ്ധം പ്രഖ്യാപിച്ചത്.

എന്നാല്‍ മുസ്ലിംകളുടെ നില വ്യത്യസ്തമാണ്. അവര്‍ അമ്പിയാഅ്, ഔലിയാഇനെ ആദരിക്കുന്നതിനെ മുശ്രിക്കുകള്‍ ബിംബങ്ങളെ പൂജിക്കുന്നതിനോട് തുലനം ചെയ്യുന്നവര്‍ കടുത്ത അബദ്ധമാണ് കാണിക്കുന്നത്. മുസ്ലിംകള്‍ അല്ലാഹുവിനെയാണ് ആരാധിക്കുന്നത്. അവര്‍ ഇയ്യാക നഅ്ബുദു വഇയ്യാക നസ്തഈന്‍ എന്ന് തുറന്ന് പ്രഖ്യാപിക്കുന്നവരാണ്. നിന്നെ മാത്രം ഞ ങ്ങള്‍ ആരാധിക്കുന്നു, നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു. അതായത് ആരാധന അ ല്ലാഹുവിന് മാത്രം. അവനെ സര്‍വ്വശക്തനും സര്‍വ്വാധികാരിയും സ്രഷ്ടാവും പരിപാലകനും രക്ഷകനും ശിക്ഷകനുമായൊക്കെ അംഗീകരിച്ച് അവന്റെ മുഴുവന്‍ കല്‍പ്പനകളെയും ശിരസ്സാവഹിച്ച് അവന് സമ്പൂര്‍ണ്ണമായി സമര്‍പ്പിച്ച് ജീവിക്കാന്‍ പ്രതിജ്ഞയെടുക്കുന്നു. ആരോടെങ്കിലും എന്തെങ്കിലും സഹായം തേടുന്നുണ്ടെങ്കില്‍ അവര്‍ക്ക് അല്ലാഹു നല്‍കിയ കഴിവു കൊണ്ട് അ വര്‍ സഹായിക്കുമെന്ന വിശ്വാസത്തോടെയാണ്. ജീവിത കാലത്തായാലും മരണശേഷമായാ ലും സ്വന്തമായി എന്തെങ്കിലും സഹായം നല്‍കാനോ ഉപദ്രവം ഏല്‍പിക്കാനോ സൃഷ്ടികളില്‍ ആര്‍ക്കും സാധ്യമല്ലെന്ന് മുസ്ലിംകള്‍ ഉറച്ച് വിശ്വസിക്കുന്നു. അല്ലാഹുവിനോട് മാത്രം സഹാ യം തേടുന്നു എന്നതിന്റെ പൊരുള്‍ അതാണ്. അല്ലാഹുവിന്റെ സഹായം നേരിട്ടും സൃഷ്ടികളായ മാധ്യമങ്ങള്‍ വഴിയും ലഭിക്കും.

അല്ലാഹുവിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അല്ലാഹു ചില രീതികള്‍ വെച്ചിട്ടുണ്ട്. അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്ന കാര്യം തന്റെ സൃഷ്ടികളായ വിവിധ നൂറ്റാണ്ടുകളിലെ കോടിക്കണക്കിന് മനുഷ്യരെ അല്ലാഹു അറിയിച്ചത് മനുഷ്യരില്‍ നിന്നും തിരഞ്ഞെടുത്ത പ്രവാചകരിലൂടെയാണ്. അല്ലാഹുവിന് വേണമെങ്കില്‍ ഓരോ മനുഷ്യരെയും ഇക്കാര്യം നേരിട്ടറിയിക്കാമായിരുന്നു. പ്രവാചകന്മാരെത്തന്നെ ഇക്കാര്യം നേരിട്ടറിയിക്കാതെ ജിബ്രീല്‍(അ) മുഖേനയാണ് അല്ലാഹു അറിയിച്ചത്. മനുഷ്യന് ആത്മാവ് നല്‍കുന്നത് മനുഷ്യനെ മരിപ്പിക്കുന്നത്, ഖിയാമത്ത് നാളില്‍ കാഹളം മുഴക്കുന്നത്, മഴ പെയ്യിപ്പിക്കുന്നത് തുടങ്ങിയുള്ള പ്രവര്‍ത്തനങ്ങള്‍ അല്ലാഹു നടപ്പില്‍ വരുത്തുന്നത് മലകുകള്‍ എന്ന അദൃശ്യശക്തികളിലൂടെയാണ്. ഈ പ്രവര്‍ത്തനങ്ങള്‍ കര്‍മ പഥത്തില്‍ കൊണ്ടുവരാന്‍ സത്യത്തില്‍ അല്ലാഹുവിന് വസീല വേണ്ട, പക്ഷേ, അല്ലാഹു സ്വീകരിച്ച മാര്‍ഗമതാണ്. ഈ വസീലകള്‍ അല്ലാഹുവിന്റെ പരമാധികാരത്തിനോ സര്‍വ്വ ശക്തിക്കോ ഒരു ഭംഗവും വരുത്തുന്നില്ല.

അത് പോലെത്തന്നെ തന്റെ അടിമകളായ മനുഷ്യരുടെ പ്രാര്‍ഥന അല്ലാഹു കേള്‍ക്കുകയും അ വനിച്ഛിക്കുന്ന പക്ഷം ഉത്തരം നല്‍കുകയും ചെയ്യുന്നതാണ്. ഓ നബിയെ, എന്റെ അടിമകള്‍ എന്നെക്കുറിച്ച് താങ്കളോട് ചോദിച്ചാല്‍, ഞാന്‍ അവരുടെ സമീപസ്ഥനാണ്. പ്രാര്‍ഥിക്കുന്നവന്റെ പ്രാര്‍ഥനക്ക് ഞാന്‍ ഉത്തരം ചെയ്യുന്നതാണ് എന്ന് പറയുക (ഖു 2:186). എന്നാല്‍ ഈ പ്രസ്താവന നബിയിലൂടെ ആക്കിയാല്‍ അതിന് പ്രത്യേക പുണ്യമുണ്ടെന്ന് കൂടി ഖുര്‍ആന്‍ ഉണര്‍ത്തുന്നു. സൂറത്തുന്നിസാഇലെ 64ാം സൂക്തം പറയുന്നു: സ്വന്തം ശരീരത്തെ അക്രമിച്ചവര്‍ അല്ലാഹു വിനോട് പശ്ചാത്തപിച്ച് കൊണ്ട് താങ്കളുടെ അടുത്ത് വരികയും, അവര്‍ക്ക് പൊറുത്ത് കൊടുക്കാന്‍ വേണ്ടി അല്ലാഹുവിന്റെ ദൂതന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയും ചെയ്താല്‍, പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യവാനുമായി അവര്‍ അല്ലാഹുവിനെ എത്തിക്കുന്നതാണ്. വ്യക്തികള്‍ അല്ലാഹുവിനോട് നേരിട്ട് പ്രാര്‍ഥിക്കുന്നതോടൊപ്പം നബി(സ്വ)കൂടി അവര്‍ക്ക് പ്രാ ര്‍ഥിച്ചാല്‍ അല്ലാഹു പ്രാര്‍ഥനക്ക് കൂടുതല്‍ സ്വീകാര്യത നല്‍കുമെന്ന സൂചനയാണ് ഈ സൂക്തത്തിലുള്ളത്. തവസ്സുലും ഇസ്തിഗാസയും അംഗീകരിക്കുന്നവര്‍ ഈ അര്‍ഥത്തിലാണ് അങ്ങനെ ചെയ്യുന്നത്. അല്ലാതെ അല്ലാഹുവിന്റെ പരമാധികാരത്തില്‍ കൈ വെക്കാന്‍ നബിക്കോ പുണ്യാ ത്മാക്കള്‍ക്കോ അവകാശമുണ്ടെന്ന ധാരണയിലല്ല.

നബിക്കും മഹാത്മാക്കള്‍ക്കും അല്ലാഹു അനുവദിച്ച അനുഗ്രഹങ്ങളുടെ പരിണിത ഫലം മാത്രമാണത്. നബിയുടെ ശിപാര്‍ശക്ക് ശേഷമാണ് പരലോകത്ത് അല്ലാഹു വിചാരണക്കെടുക്കുന്നത്. യഥാര്‍ഥത്തില്‍ ഇങ്ങനെ ഒരു ശിപാര്‍ശ കേട്ടിട്ട് വേണമോ അല്ലാഹുവിന്റെ അടിമകളെ  അവന് വിചാരണക്കെടുക്കാന്‍ എന്ന ചോദ്യം യുക്തിപരമാണ്. പക്ഷേ, നബിയെ ആദരിക്കാന്‍ അല്ലാ ഹു ഇങ്ങനെ ഒരു രീതി പരലോകത്ത് സ്വീകരിക്കുമെന്ന് ഹദീസുകള്‍ വ്യക്തമാക്കുന്നുണ്ട്. തവസ്സുല്‍, ഇസ്തിഗാസ ചെയ്യുന്നവര്‍ അല്ലാഹുവിന്റെ ഈ പദ്ധതി അംഗീകരിക്കുക മാത്രമാണ് ചെ യ്യുന്നത്. ഇതിനെ, ബിംബങ്ങള്‍ക്ക് ആരാധനയര്‍പ്പിക്കുന്നത് അവര്‍ വഴി അല്ലാഹുവിലേക്ക് അടു പ്പിക്കലാണെന്ന് വിശ്വസിച്ച് പ്രഖ്യാപിക്കുന്ന മക്കാമുശ്രിക്കുകളുടെ ആരാധനയോട് തുലനം ചെയ്യുന്നത് വിചിത്രമാണ്. ആരാധനാ വേളയില്‍ കഅബക്ക് നേരെ തിരിയാന്‍ അല്ലാഹു കല്‍പ്പിച്ചു. അത്്് കൊണ്ട് മുസ്ലിംകള്‍ നിസ്കാരത്തില്‍ കഅ്ബക്ക് അഭിമുഖമായി നില്‍ക്കുന്നു എന്ന് വെച്ച് മുസ്ലിംകള്‍ കഅ്ബയെ പൂജിക്കുന്നവരാണെന്ന് പറയുന്നത് ഭീമാബദ്ധമാണ്. നബി(സ്വ) ഹജറുല്‍ അസ്വദിനെ ചുംബിച്ചത് കൊണ്ട് നാമും ചുംബിക്കുന്നു എന്ന് വെച്ച് ആ കല്ലിനെ നാം പൂജിക്കുന്നുവെന്ന് അര്‍ഥമില്ല. പക്ഷേ, കല്ലാണെങ്കിലും അതിന് ആദരവ് നല്‍കുന്നുവെന്നതിന്റെ സൂചനയാണ് ഈ ചുംബനം. കാരണം ആദരിക്കപ്പെടേണ്ട ചിഹ്നങ്ങളില്‍ ഹജറുല്‍ അസ് വദ് എണ്ണപ്പെട്ടിരിക്കുന്നു.

മനുഷ്യപദവികളില്‍ അത്യുന്നതമായത് അമ്പിയാഇന്റെതാണ്. അവരില്‍ തന്നെ പ്ര ത്യേക പദവികളുള്ളവരാണ് മുര്‍സലുകള്‍. അവര്‍ 313 പേരാണ്. അവരില്‍ കൂടുതല്‍ ശ്രേഷ്ഠതയുള്ളവരാണ് ഉലുല്‍ അസ്മ് എന്ന പ്രത്യേക സ്ഥാനീയരായ ദൈവ ദൂതന്മാര്‍. മുഹമ്മദ്(സ്വ), ഇബ്രാഹീം(അ), മൂസാ(അ), ഈസ(അ), നൂഹ്(അ), ആദം(അ) എന്നീ പ്രവാചകരാണവര്‍. ഇവരുടെ സ്ഥാനം മുകളില്‍ കൊടുത്ത ക്രമത്തിലാണ്. സൃഷ്ടികളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠന്‍ അശ്റഫുല്‍ ഖല്‍ഖ് മുഹമ്മദ്നബി(സ്വ) ആണ്. പക്ഷേ, അമ്പിയാഅ്്, മുര്‍സലുകളുടെ സ്ഥാനം അവര്‍ സ്വ ന്തം പ്രയത്നത്തിലൂടെ നേടിയെടുക്കുന്നതല്ല. അത് അല്ലാഹുവിന്റെ പ്രത്യേക ദാനമാണ്. പരിശ്രമത്തിലൂടെ ഒരാള്‍ക്ക് പ്രവാചകനാകുക സാദ്ധ്യമല്ല. നബി(സ്വ) ഹിറാ ഗുഹയില്‍ തപസ്സ് ഇരുന്ന് നേടിയെടുത്തതാണ് പ്രവാചകത്വപദവി എന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന ചില സലഫികളുണ്ട്. അ ല്ലെങ്കില്‍ അവരുടെ പ്രസ്താവനകള്‍ അത്തരം ഒരു തെറ്റിദ്ധാരണ പരത്താന്‍ ഇടവരുത്തിയിട്ടുണ്ട്. പിന്നീടുള്ള ഔലിയാഅ്, സ്വിദ്ധീഖുകള്‍, ശുഹദാഅ്, സ്വാലിഹുകള്‍ തുടങ്ങിയ പദവികള്‍ പ്രവര്‍ത്തനത്തിലൂടെ നേടിയെടുക്കുന്നതാണ്. അതായത് തഖ്വയിലധിഷ്ഠിതമായ ഇബാദത്തിലൂടെ ഇത്തരം പദവികള്‍ നേടിയെടുക്കാന്‍ കഴിയും.

അമ്പിയാഇന് അല്ലാഹു അമാനുഷിക കഴിവുകള്‍ നല്‍കിയിട്ടുണ്ട്. ഇതിനെ സാങ്കേതികമായി മുഅ്ജിസത്ത് എന്ന് പറയുന്നു. ഔലിയാഇന് ലഭിക്കുന്ന ഇത്തരം അഭൌമ സിദ്ധികളെ കറാമത്ത് എന്നാണ് വിവരിക്കാറുള്ളത്. മുഅ്ജിസത്തും കറാമത്തും മരണ ശേഷവും നിലനില്‍ക്കുമെന്നാ ണ് സുന്നീ വിശ്വാസം. മരണ ശേഷം പ്രവാചകരടക്കം എല്ലാവരും മണ്ണായിത്തീരുന്നത് കൊണ്ട് പിന്നീട് മുഅ്ജിസാത്ത്, കറാമാത് നിലനില്‍ക്കുകയില്ലെന്ന് കരുതുന്നവരാണ് ബഹുഭൂരിഭാഗം സലഫികളും. ജീവിത കാലത്ത് നബിമാരിലൂടെ മുഅ്ജിസാത്ത് സംഭവിക്കാമെന്നതിനെ ബഹുഭൂരിഭാഗം സലഫികളും അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ മുഅ്ജിസാത്തിനെ സാധാരണ സംഭവങ്ങളായി ചിത്രീകരിക്കാന്‍ ശ്രമിച്ച ചില സലഫികളും ഉണ്ട്. പ്രവാചകത്വത്തിന്റെ ചിഹ്നമായി അമ്പിയാഇന് അല്ലാഹു മുഅ്ജിസാത്ത് നല്‍കുന്നു എന്ന ലളിതമായ വിശ്വാസമാണ് സുന്നികള്‍ക്കുള്ളത്. എന്നാല്‍ മുജാഹിദ് തുടങ്ങിയ സലഫികളുടെ വിശ്വാസം അല്‍പം വ്യത്യസ്തമാണ്. മുഅ്ജിസത്ത് എന്ന പേരിലറിയപ്പെടുന്ന ദൃഷ്ടാന്തങ്ങള്‍ അമ്പിയാഇന് അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ നല്‍കുമെന്നല്ലാതെ അവ അവര്‍ക്ക് യഥേഷ്ടം കൈകാര്യം ചെയ്യാന്‍ സാധ്യമല്ല എന്നാണവരുടെ നിലപാട്.

പൂര്‍വ പ്രവാചകന്മാരുടെ മുഅ്ജിസാത്ത് ഖുര്‍ആന്‍ വിവരിച്ചിട്ടുണ്ട്. നബിയുടെ കാലത്ത് സംഭ വിച്ച അത്ഭുത സംഭവങ്ങളില്‍ ചിലതിനെക്കുറിച്ച് ഖുര്‍ആനില്‍ത്തന്നെ പരാമര്‍ശങ്ങളുണ്ട്. ചന്ദ്രന്‍ പിളര്‍ന്നതിനെക്കുറിച്ച് 54ാം അധ്യായം 1,2 സൂക്തങ്ങളില്‍ സൂചനയുണ്ട്. ബദ്റില്‍ മുസ് ലിംകള്‍ക്ക് ലഭിച്ച പ്രത്യേക സഹായത്തെക്കുറിച്ച് ഖുര്‍ആന്‍ 3ാം അദ്ധ്യായം 120,121 സൂക്തങ്ങള്‍ എടുത്തു പറയുന്നു. ഇസ്രാഇനെക്കുറിച്ച്  അദ്ധ്യായം 17ലും പ്രസ്താവിക്കുന്നു. ഖുര്‍ആന്‍ നബിയുടെ ഏറ്റവും വലിയ മുഅ്ജിസത്താണ്. ഇത് പോലെയുള്ള ഒരു ഗ്രന്ഥരചന മനുഷ്യ കഴിവിനതീതമാണ്.

മറ്റു ചില മുഅ്ജിസത്തുകള്‍

നബിയിലൂടെ പ്രത്യക്ഷപ്പെട്ട ഒട്ടനേകം മുഅ്ജിസത്തുകള്‍ ഹദീസ് ഗ്രന്ഥങ്ങളില്‍ വിവരിച്ചിട്ടുണ്ട്. ഒരിക്കല്‍ മക്കക്കാര്‍ നബിയോട് മുഅ്ജിസത്ത് കാണിക്കാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ ന ബി(സ്വ) അവര്‍ക്ക് ചന്ദ്രനെ പിളര്‍ത്തി കാണിച്ചുകൊടുത്തു. നബിമാര്‍ ഉദ്ദേശിക്കുമ്പോള്‍ മുഅ്ജിസത്ത് കാണിക്കുക അവര്‍ക്ക് സാധ്യമല്ലെന്ന സലഫിവാദം ഇതോടെ പൊളിയുന്നു.

നബി(സ്വ) ഖുത്വ്ബ നിര്‍വ്വഹിച്ചിരുന്നപ്പോള്‍ കയറിനില്‍ക്കാറുണ്ടായിരുന്ന ഈത്തപ്പനയുടെ തടി പുതിയ മിമ്പറുണ്ടാക്കിയപ്പോള്‍ ഉപേക്ഷിക്കപ്പെട്ടു. അപ്പോള്‍ അത് കരയാന്‍ തുടങ്ങി. നബി(സ്വ) ചെന്ന് അതിനെ തലോടിയ ശേഷമാണ് അത് കരച്ചില്‍ നിര്‍ത്തിയത്. ഒരിക്കല്‍ അസ്വ്ര്‍ നമസ്കാരത്തിന് വുളു എടുക്കാന്‍ കൊണ്ടുവന്ന കുറഞ്ഞ വെള്ളത്തില്‍ നബി(സ്വ) കൈയിട്ടതോടെ അനേകം പേര്‍ക്ക് വുളുവെടുക്കാന്‍ മതിയായ വെള്ളം ലഭിച്ചു. നബിയുടെ ഭക്ഷണം പലപ്പോഴും അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്നത് കേള്‍ക്കാമായിരുന്നു. മക്കയിലെ ഇടവഴികളിലൂടെ നബി(സ്വ) സഞ്ചരിക്കുമ്പോള്‍ കല്ലുകള്‍ നബിക്ക് സലാം പറയുമായിരുന്നു. ചെന്നായ നബിയോട് സംസാരിച്ചു. ഇതെല്ലാം ബുഖാരി ഉദ്ധരിച്ച സംഭവങ്ങളാണ്. ഇതിനു പുറമെ വേറെയും ധാരാളം മുഅ്ജിസാത്ത് ഹദീസ് ഗ്രന്ഥങ്ങളില്‍ നിന്ന് വായിക്കാം. മക്കയില്‍ നിന്ന് മദീനയിലേക്കുള്ള പലായനമദ്ധ്യേ നബിയെ പിടിക്കാന്‍ വന്ന സുറാഖതുബ്നുമാലികിന്റെ കുതിരയെ ഭൂമി പിടിച്ചതും ബദ്റില്‍ ശത്രു സൈന്യത്തിലെ നേതാക്കള്‍ മരിച്ചുവീഴുന്ന സ്ഥലം നബി(സ്വ) മുന്‍ കൂട്ടി പ്രവചിച്ചതും അബ്ദുല്ലാഹിബ്നുആതിഖ്(റ)വിന്റെ കാലൊടിഞ്ഞപ്പോള്‍ നബിയുടെ കരസ്പര്‍ശം കൊണ്ട് സുഖപ്പെട്ടതും ഖന്തഖ് വേളയില്‍ ഉറച്ച നിലം ഒറ്റ വെട്ട് കൊണ്ട് നബി(സ്വ) മണല്‍ കൂനയാക്കിയതും ഒരു ആട്ടിന്‍കുട്ടിയുടെ മാംസവും ഒരു സ്വാഅ് ബാര്‍ലിയും കൊണ്ട് നബി ആയിരം പേരെ ഭക്ഷിപ്പിച്ചതും നബിക്ക് തണലായി മരങ്ങള്‍ ചലിച്ചതും അല്ലാഹുവിന്റെ ദൂതരേ, താങ്കള്‍ക്ക് സലാം എന്ന് പറഞ്ഞ് മക്കക്കരികിലുള്ള കുന്നുകളും മരങ്ങളും നബിയെ എതിരേറ്റതും തുടങ്ങി അനേകം അത്ഭുതങ്ങള്‍ നബിയിലൂടെ സംഭവിച്ചതായി ഹദീസ് കൃതികളില്‍ കാണാം.

മുഹമ്മദ് നബി(സ്വ)യോടെ നുബുവ്വത്തും രിസാലത്തും പര്യവസാനിച്ചു. എന്നാല്‍ മുപ്പതോളം കള്ള പ്രവാചകന്മാര്‍ ലോകത്ത് പ്രത്യക്ഷപ്പെടുമെന്ന് നബി(സ്വ) പ്രവചിച്ചിട്ടുണ്ട്. നബിക്ക് ശേ ഷം ഔലിയാഅ്, ആരിഫീങ്ങള്‍ തുടങ്ങിയ മഹാത്മാക്കളുടെ ധന്യമായ ജീവിതത്തിലൂടെയും അവരിലൂടെ പ്രത്യക്ഷപ്പെടുന്ന അമാനുഷിക ദൃഷ്ടാന്തങ്ങളിലൂടെയും അല്ലാഹു ഇസ്ലാമിന്റെ ചൈതന്യം അന്ത്യനാള്‍ വരെ നിലനിര്‍ത്തുമെന്നതില്‍ സന്ദേഹമില്ല.

സലഫികള്‍ പൊതുവെ ഔലിയാഇന് അവരുടെ ജീവിത കാലത്ത് കറാമത്ത് ഉണ്ടാകുമെന്ന് സമ്മതിക്കുന്നവരാണ്. എന്നാല്‍ മുഅ്തസിലികള്‍ കറാമത്തിനെ നിഷേധിക്കുന്നു. സൂറതുല്‍ ജി ന്നിലെ 26,27 സൂക്തങ്ങളാണ് ഇവര്‍ തെളിവായി ഉദ്ധരിക്കാറുള്ളത്, അതിഭൌതിക കാര്യങ്ങള്‍ അറിയുന്നവന്‍അല്ലാഹു ആകുന്നു, പ്രവാചന്മാരില്‍ അവന്‍ ഇഷ്ടപ്പെട്ട ദൂതനൊഴിച്ച് ഒരാള്‍ക്കും അവന്‍ തന്റെ രഹസ്യം വെളിപ്പെടുത്തുകയില്ല. ഈ ആയത്ത് ഉദ്ധരിച്ച് പ്രവാചകന്മാരല്ലാത്ത ആ ര്‍ക്കും പ്രകൃത്യാതീത വിജ്ഞാനം നല്‍കപ്പെടുകയില്ല എന്ന് വാദിച്ചുകൊണ്ട് അവര്‍ കറാമത്ത് തള്ളിക്കളയുന്നു. ശിയാക്കള്‍ പൊതുവെ മുഅ്ജിസത്തും കറാമത്തും അംഗീകരിക്കുന്നവരാണ്.

എന്നാല്‍ ജിന്നുകളില്‍ നിന്നുള്ള പിശാചുക്കളുടെ സഹായത്തോടെ ഇന്ദ്രജാലം, കണ്‍കെട്ട്, മാരണം തുടങ്ങിയ അസാധാരണ കൃത്യങ്ങള്‍ അവരെ സേവിക്കുന്ന ആളുകള്‍ക്ക് ചെയ്യാന്‍ കഴിയുമെന്നത് ഒരു വസ്തുതയാണ്. ആദമിന് സൂജൂദ് ചെയ്യാനുള്ള കല്‍പ്പന ലംഘിച്ചുകൊണ്ട് അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്ന് പുറത്തുപോയ ഇബ്ലീസ് രണ്ട് ആവശ്യങ്ങള്‍ അല്ലാഹുവിനോട് ഉന്നയിക്കുകയുണ്ടായി. തന്റെ ജീവിത ദൈര്‍ഘ്യം ലോകവസാനം വരെ നീട്ടിക്കൊടുക്കാനും ആദം സന്തതികളെ പിഴപ്പിക്കാനുള്ള അവസരം അനുവദിക്കാനുമായിരുന്നു ആ അഭ്യര്‍ഥന. അല്ലാഹു ഈ അപേക്ഷകള്‍ അനുവദിക്കുകയാണ് ചെയ്തത്. ഇബ്ലീസ് ജിന്നില്‍ പെട്ടവനാണെന്ന് ഖുര്‍ആന്‍ പറയുന്നു. ജിന്നുകളുടെ കൂട്ടത്തില്‍ നല്ലവരും ചീത്തയായവരും ഉണ്ട്. ചീത്ത ജിന്നുകളെയാണ് ശയാത്വീന്‍ എന്ന് പറയുന്നത്. ജിന്നുകള്‍ക്ക് മനുഷ്യന്റെ മനസ്സിലും ശരീരത്തിലും സ്വാധീനം ചെലുത്താനും ശാരീരികവും മാനസികവുമായ രോഗങ്ങളുണ്ടാക്കാനും കഴിയും. ജിന്നുകള്‍ക്ക് പൂജയര്‍പ്പിക്കുന്ന മനുഷ്യരുണ്ട്. ഇതിനെ ജിന്ന് സേവ എ ന്നാണ് പറയാറുള്ളത്. ചാത്തന്‍ സേവാ മഠങ്ങളും ചാത്തന്‍ സേവകരും പ്രസിദ്ധമാണല്ലോ. ജി ന്ന് സേവയിലൂടെ സിഹ്റ് തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന വിശ്വാസം അടിസ്ഥാനമുള്ളതാണ്.

മൂസാ നബി(അ)ന്റെ കാലത്ത് സിഹ്റില്‍ പ്രാവീണ്യം നേടിയവരുണ്ടായിരുന്നു. ഇക്കാര്യം ഖുര്‍ആനില്‍ നിന്ന് വ്യക്തമാണ്. അത്കൊണ്ട് സിഹ്റ് അയഥാര്‍ഥമാണെന്ന് പറഞ്ഞ് തള്ളിക്കളയാന്‍ നിര്‍വ്വാഹമില്ല. ഏഴു വന്‍ദോഷങ്ങളില്‍ രണ്ടാമത്തേതായി സിഹ്റിനെ എണ്ണിയതില്‍ നിന്ന് സിഹ്റ് യാഥാര്‍ഥ്യമാണെന്ന വിശ്വാസമാണ് അഹ്ലുസ്സുന്നത്തിനുള്ളത്. സിഹ്റ് യാഥാര്‍ഥ്യമാണെന്നും അത് മനുഷ്യര്‍ക്കിടയില്‍ ദോഷ ഫലങ്ങള്‍ ഉളവാക്കിയേക്കുമെന്നും വ്യക്തമാണ്. ഇസ്ലാമിക വീക്ഷണത്തില്‍ സിഹ്റ് ചെയ്യല്‍ നിഷിദ്ധമാണ്. ഒരാള്‍ സിഹ്റ് ചെയ്യുമ്പോള്‍ അ തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് പിശാചുക്കളാണ്. ഇവരുടെ പ്രവര്‍ത്തനഫലമായിട്ടായിരിക്കും ഒരുപക്ഷേ, ചിലരില്‍ മാനസികവും ശാരീരികവുമായ ദോഷഫലങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. ഇതിന് ഖുര്‍ആനിലെ സൂക്തങ്ങളും ഇഖ്ലാസ്വും മുഅവ്വിദതൈനിയുമൊക്കെ ഉപയോഗിച്ചുള്ള മന്ത്രമൊക്കെ നബി(സ്വ)യുടെ കാലം തൊട്ടേ പ്രചാരത്തിലുള്ള ചികിത്സയാണ്. മന്ത്രവും ഏലസും ഉപയോഗിച്ചുള്ള ഇത്തരം ചികിത്സകളെ ഭൂരിഭാഗം സലഫികളും അംഗീകരിച്ചുവരുന്നുണ്ട്. എന്നാല്‍ കേരളത്തിലെ ചില മുവഹ്ഹിദുകളെന്ന് പറയപ്പെടുന്നവര്‍ മന്ത്രചികിത്സകളെയും ശിര്‍ക്കിന്റെ ഇനത്തില്‍ ഉള്‍പ്പെടുത്താനുള്ള ധാര്‍ഷ്ട്യം കാണിക്കാറുണ്ട്. സിഹ്റ് മൂലം സൃഷ്ടിക്കപ്പെടുന്ന മായാജാലങ്ങളില്‍ നിന്നും കണ്‍കെട്ടു വിദ്യകളില്‍ നിന്നും കറാമത്തുകളെ വേര്‍തിരിക്കുന്നത് അതിന് കാരണക്കാരായ ആളുകളുടെ ഉദ്ദേശ്യവും ജീവിതരീതിയും അനുസരിച്ചാണ്.

തെറ്റിദ്ധാരണകള്‍

ഖുര്‍ആനിലെ ചില ആയത്തുകളെ, അവയുടെ തന്നെ വ്യാഖ്യാനവും വിശദീകരണവുമായ മറ്റ് ആയത്തുകള്‍ കൂടി നോക്കാതെ എടുത്തുദ്ധരിക്കുന്നതാണ് സലഫികള്‍ക്ക് അബദ്ധം പിണയാനുള്ള പ്രധാന കാരണം. നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു, നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു. വെന്ന ഫാതിഹായിലെ സൂക്തപ്രകാരം ആരാധയും സഹായഭ്യര്‍ഥനയും അല്ലാഹുവിനോട് മാത്രമെ പാടുള്ളു. അല്ലാഹുവിന് പുറമെ വേറെയാരെയെങ്കിലും ആരാധിക്കുവാന്‍ അനുമതി നല്‍കുന്ന ഒരു സൂക്തവും ഖര്‍ആനിലില്ല. എന്നാല്‍ സഹായാഭ്യാര്‍ഥന അല്ലാഹുവിന് പുറമെ മറ്റു പലരോടും നടത്താമെന്ന് ഖുര്‍ആനിലെ പല ആയത്തുകളില്‍ നിന്നും വ്യ ക്തമാണ്. പക്ഷേ, അതിന് ഉപാധിയുണ്ട്. സര്‍വ സഹായങ്ങളുടെയും ഉറവിടം അല്ലാഹുവാണെ ന്ന വിശ്വാസത്തോടെയായിരിക്കണം അത്. മനുഷ്യന്‍ തന്റെ സഹോദരനെ സഹായിച്ചു കൊ ണ്ടിരിക്കുമ്പോഴെല്ലാം അല്ലാഹു അവനെ സഹായിക്കും എന്ന് ഹദീസിലുണ്ടല്ലോ. അത് പോലെ എല്ലാ ശഫാഅത്തും അല്ലാഹുവില്‍ നിക്ഷിപ്തമാണെന്ന് ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്. സൂറത്തു സ്സുമറിലെ 44ാം സൂക്തത്തില്‍ കാണാം. പറയുക, ശിപാര്‍ശകള്‍ ആസകലം അല്ലാഹുവിന്റെ അധികാരത്തില്‍ മാത്രമാകുന്നു. അവന് മാത്രമാണ് ആകാശങ്ങളുടെയും, ഭൂമിയുടെയും ഉടമത്വം (ഖു 39:44). എന്നാല്‍ ഈ ആയത്ത് മാത്രം വെച്ച് ശഫാഅത്തിന് ആര്‍ക്കും അനുവാദമില്ലെന്ന് അഭിപ്രായപ്പെട്ടുകൂടാ. കാരണം വേറെ പല ആയത്തുകളിലും അല്ലാഹു മനുഷ്യര്‍ക്കും മറ്റും ശിപാര്‍ശക്ക് അനുവാദം നല്‍കുമെന്ന് പറയുന്നുണ്ട്. സൂറത്തു മറിയമില്‍ കാണാം, അല്ലാഹുവിങ്കല്‍ ഒരു കരാര്‍ സ്വീകരിച്ചവര്‍ക്കല്ലാതെ ശഫാഅത്തിന് അവകാശമില്ല(ഖു 19:87). സൂറ ത്തു ത്വാഹാ പറയുന്നു: അന്ന് ശിപാര്‍ശ ഫലപ്പെടുകയില്ല. കരുണാവാരിധിയായ അല്ലാഹു ആ ര്‍ക്കെങ്കിലും അതിന് അനുമതി നല്‍കുകയും, അവന്റെ വചനം കേള്‍ക്കാന്‍ അല്ലാഹു ഇഷ്ടപ്പെടുകയും ചെയ്തവനല്ലാതെ (ഖു 20:109). ഇത്തരം സൂക്തങ്ങള്‍ ശഫാഅത്തിന് അല്ലാഹു ചില പ്രത്യേകക്കാരെ അനുവദിക്കുമെന്ന് ഉണര്‍ത്തുന്നുണ്ട്.

അത്പോലെ അല്ലാഹുവിന് മാത്രമെ ഗൈബ് അറിയുകയുള്ളുവെന്ന് ഖുര്‍ആന്‍ പറയുന്നു. ഈ പ്രമാണം ആധാരമാക്കി നബി(സ്വ)ക്ക് ഗൈബ് (അദൃശ്യം) അറിയാമെന്ന് പറയുന്നവര്‍ മുശ്രിക്കുകളാണെന്ന തീവ്രവാദപരമായ സമീപനം വച്ചുപുലര്‍ത്തുന്നവരുണ്ട്. സൂറത്തുന്നംലില്‍ പറയുന്നു: നബിയെ പറയുക, അല്ലാഹുവല്ലാതെ ആകാശങ്ങളിലും ഭൂമിയിലുമുള്ളവരാരും അദൃ ശ്യം അറിയുകയില്ല(ഖു 27:65). എന്നാല്‍ അദൃശ്യകാര്യങ്ങള്‍ പലതും അല്ലാഹു നബിക്കറിയിച്ചു കൊടുത്തിട്ടുണ്ട്. ഖുര്‍ആന്‍ പറയുന്നു: അല്ലാഹു ഗൈബ് അറിയുന്നവനാണ്, പ്രവാചകര്‍ തുട ങ്ങി താനിഷ്ടപ്പെടുന്നവര്‍ക്കല്ലാതെ അല്ലാഹു അദൃശ്യജ്ഞാനം വെളിപ്പെടുത്തുകയില്ല (ഖു 72:26). ഈ അര്‍ഥത്തില്‍ നബി(സ്വ)ക്ക് അദൃശ്യം അറിയുമെന്ന് പറഞ്ഞാല്‍ അത് തെറ്റാവുകയില്ല.

അപ്പോള്‍ നബിക്കും മറ്റു മഹാത്മാക്കള്‍ക്കും അല്ലാഹു നല്‍കിയ ആദരവ് അംഗീകരിക്കുക മാത്രമാണ് സുന്നികള്‍ ചെയ്യുന്നത്. ഇത് വാസ്തവത്തില്‍ അല്ലാഹുവിന് ചെയ്യുന്ന ഇബാദത്താണ്. ഇസ്ലാമിലെ ഏകദൈവ വിശ്വാസത്തിന്റെ ഭാഗമാണ് അല്ലാഹു അനുഗ്രഹിക്കുകയും ആദരിക്കുകയും ചെയ്തവരെ ബഹുമാനിക്കുക എന്നത്; അത് നിര്‍ബന്ധമാണ്. അമ്പിയാഅ്, ഔലീയാഅ്, ആരിഫുകള്‍, ശുഹദാഅ്, സ്വാലിഹുകള്‍ തുടങ്ങിയവര്‍ അല്ലാഹു ബഹുമാനിച്ചവരില്‍ പെട്ടവരാണെല്ലോ. അവരെ ബഹുമാനിച്ചില്ലെങ്കില്‍ നാം അഹംഭാവികളുടെ കൂട്ടത്തില്‍ പെട്ടുപോകും. അഹംഭാവവും ദുരഭിമാനവും ചെറിയ ശിര്‍ക്കില്‍ പെട്ടതാണ്. അല്ലാഹുവിന് ഇബാദത്ത് ചെയ്ത് ജീവിച്ച ഇബ്ലീസ്, ആദം(അ)നെ ആദരിക്കാന്‍ അല്ലാഹു ആജ്ഞാപിച്ചപ്പോള്‍ അഹന്തമൂലം അംഗീകരിച്ചില്ല. ഇതായിരുന്നു ഇബ്ലീസിന്റെ പതനത്തിനു കാരണം. എന്‍സൈ ക്ക്ളോ പീഡിയ ബ്രിട്ടാനിക്ക ഇബ്ലീസിനെ(ലൂസിഫര്‍) ‘വേല ാീ ൌിരീാുൃീാശശിെഴ ാീിീവേലശ ശി വേല ംീൃഹറ’ ലോകത്ത് ഏക ദൈവ വിശ്വാസത്തില്‍ ഒരു നീക്കുപോക്കിനും തയ്യാറില്ലാത്തവന്‍ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. ഈ വിവരണ പ്രകാരം ഇബ്ലീസിന്റെ ന്യായം ഇങ്ങനെ വിശദീകരിക്കാം. ജിന്ന്, ഇന്‍സ് വര്‍ഗത്തെ അല്ലാഹു സൃഷ്ടിച്ചത് അല്ലാഹുവിനെ ആ രാധിക്കാന്‍ വേണ്ടി മാത്രമാണ്. സുജൂദാണെങ്കില്‍ ആരാധനയിലെ സുപ്രധാനമായ ഒരിനവും. അത് അല്ലാഹുവിന് പകരം ആദമിന് ചെയ്യുകയോ? വീരാരാധനയല്ലേ അത്? ഇബ്ലീസ് വ്യാ ഖ്യാനിച്ചു. തൌഹീദിന്റെ സ്ഥാപനത്തിന് വേണ്ടി ദൈവകല്‍പ്പന ലംഘിച്ചുവെന്ന് സാരം! മഹാത്മാക്കളെ ആദരിക്കുന്നതിലും, അവരെ തെളിവ് നോക്കാതെ അനുസരിക്കുന്നതിലും ശിര്‍ക്ക് കണ്ടെത്തുന്നവര്‍ ഇബ്ലീസിന്റെ പാത പിന്തുടരുകയാണോ ചെയ്യുന്നത് എന്ന് ചോദിക്കാന്‍ തോന്നിപ്പോകുന്നു.

സുന്നികളുടെ പേരില്‍ ചില സലഫികള്‍ ഉന്നയിക്കുന്ന മറ്റൊരാരോപണമുണ്ട്. ശരീഅത്തിലെ ചിട്ടകള്‍ ഒന്നും പാലിക്കാതെ, സമയത്തിന് നിസ്കരിക്കുക പോലും ചെയ്യാതെ വൃത്തിപോലും ഗൌനിക്കാതെ നടക്കുന്ന ചില ആളുകളെ സുന്നികള്‍ ഔലിയാഅ് ഇനത്തില്‍ ഉള്‍പ്പെടുത്തി ആദരിക്കുന്നു. വസ്തുതാപരമായി പരിശോധിച്ചാല്‍  ഈ ആരോപണം അസ്ഥാനത്താണ്. ഒരു സാധാരണ മനുഷ്യന് ഭ്രാന്ത് വന്നാല്‍ ശരീഅത്ത് ചിട്ടകള്‍ പാലിക്കുന്നില്ല എന്ന് പറഞ്ഞ് നാം അയാളെ ആക്ഷേപിക്കുകയില്ലല്ലോ. ഭ്രാന്തന് മത കല്‍പ്പനകളില്‍ വിടുതലുണ്ട്. അത്പോലെ ഔ ലിയാഇനും മാനസിക ഭ്രംശം വരാം. മാനസിക ഭ്രമം പിടിപെട്ട സാധാരണക്കാരനെ നാം മജ് നൂന്‍ എന്ന് അറബിയില്‍ പറയുന്നു. വലിയ്യിന് മാനസിക ഭ്രമം പിടിപെട്ടാല്‍ അദ്ദേഹത്തെ മജ്ദൂ ബ് എന്ന് വിളിക്കുന്നു. ജദ്ബിന്റെ ഹാലില്‍ വലിയ്യിന് തക്ലീഫ് അഥവാ മതനിഷ്ഠ നിര്‍ബന്ധമില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ആദരവിന് കുറവ് വരുന്നില്ല. മാനസികമായ വിഭ്രാന്തി പിടിപെട്ട അവസ്ഥയിലായിരിക്കണം മന്‍സ്വൂര്‍ ഹല്ലാജ് അനല്‍ ഹഖ് ഞാനാണ് പരമ സത്യം എന്ന് വാദിച്ചത്. എന്നാല്‍ ഭ്രാന്ത് പോലെയുള്ള ന്യൂനതകള്‍ അമ്പിയാഇനെ ബാധിക്കില്ല. അത്കൊണ്ട് ശരീഅത്തിന് വിരുദ്ധമായ ഒരു പ്രവര്‍ത്തനവും ഒരവസരത്തിലും നബിമാരില്‍ നിന്ന് സംഭവിക്കുകയില്ല. ജദ്ബിന്റെ ഹാലില്‍ ശരീഅത്തിന് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ഔലിയാഇല്‍ നിന്ന് കണ്ടാല്‍ അവരെ ആക്ഷേപിക്കാന്‍ പാടുള്ളതല്ല. ഈ വസ്തുത മനസ്സിലാക്കാതെ അബദ്ധത്തില്‍ ചാടുന്ന ചില സലഫിയുക്തിവാദികള്‍ നമ്മുടെ ഇടയിലുണ്ട്.


RELATED ARTICLE

 • വ്യതിയാന ചിന്തകള്‍ വിവിധ ഭാവങ്ങളില്‍
 • പാപ സുരക്ഷിതത്വവും മൌദൂദി വീക്ഷണവും
 • അബുല്‍ അഅ്ലായുടെ സിദ്ധാന്തങ്ങള്‍
 • സുന്നീ സലഫീ വീക്ഷണങ്ങള്‍
 • ജമാഅത്തും സലഫി പണ്ഢിതരും
 • സലഫിസം
 • ഇജ്തിഹാദും തഖ്ലീദും
 • കര്‍മ്മശാസ്ത്ര മദ്ഹബുകള്‍
 • അശ്അരീ മദ്ഹബ്
 • മദ്ഹബുകളുടെ ആവിര്‍ഭാവം
 • സുന്നത്ത് ജമാഅത്ത്
 • മാര്‍ഗദര്‍ശനം ഇസ്ലാം
 • സര്‍വമത സത്യവാദം
 • ആത്മീയരംഗത്തെ വ്യതിയാനങ്ങള്‍
 • ശീഇസവും വ്യതിയാന ചിന്തകളും
 • വ്യതിയാന ചിന്തകളുടെ ആരംഭം
 • ആരാണ് മുസ്ലിം?
 • മനുഷ്യന്റെ ഉല്‍ഭവം