Click to Download Ihyaussunna Application Form
 

 

സലഫിസം

പില്‍ക്കാലത്ത് സലഫീ ആശയ പ്രചാരകനായി രംഗത്ത് വന്ന മുഹമ്മദുബ്നു അബ്ദുല്‍ വഹാ ബിലേക്ക് ചേര്‍ത്ത് ഇവര്‍ക്ക് വഹാബികള്‍ എന്ന് പറയപ്പെടാറുണ്ടെങ്കിലും ആ പേരില്‍ അറിയപ്പെടാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. സലഫികള്‍ എന്നാണ് അവര്‍ സ്വയം വിശേഷിപ്പിക്കാറുള്ളത്. സലഫ് എന്നാല്‍ മുന്‍ഗാമികള്‍ എന്നും ഖലഫ് എന്നാല്‍ പിന്‍ഗാമികള്‍ എന്നും അര്‍ഥം. സജ്ജനങ്ങളായിരുന്ന ആദ്യകാല മുസ്ലിംകളെയാണ് സലഫുസ്സ്വാലിഹുകളെന്ന് പറഞ്ഞുവരുന്നത്. അവരുടെ മാതൃക പിന്‍പറ്റുന്നവരാണ് തങ്ങളെന്നാണ് സലഫികള്‍ അവകാശപ്പെടാറുള്ളത്. എന്നാല്‍ സുന്നികള്‍, ശാഫിഈ(റ)വിനെയും അശ്അരീ(റ)വിനെയും പോലുള്ള സലഫുസ്സ്വാലിഹുകളെ പിന്‍പറ്റി ജീവിക്കുമ്പോള്‍ അത് അന്ധമായ അനുകരണമാണെന്ന് പറഞ്ഞു ഇവര്‍ ആക്ഷേപിക്കുകയും അവരെ ശിര്‍ക്കിന്റെ വാക്തക്കളായി മുദ്രകുത്തുകയും ചെയ്യുന്നു. യഥാര്‍ഥത്തില്‍ പൂര്‍വ്വീകരെ പിന്‍പറ്റുന്നവരല്ല ഇന്ന് സലഫികള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഇസ്ലാം വിജ്ഞാനകോശം എഴുതുന്നു: സലഫുസ്സ്വാലിഹീന്‍(ഭക്തരായ പ്രപിതാമഹന്മാര്‍) എന്നപേരില്‍ നിന്നാണ് സലഫികള്‍ എന്ന പ്രയോഗം ഉണ്ടായതെങ്കിലും, അന്ധമായി പഴയ തലമുറയെ പിന്‍പറ്റുന്നവരല്ല സലഫികള്‍, മറിച്ച് ഇസ്ലാമിന്റെ മൌലിക തത്വങ്ങളില്‍ ഊന്നി നിന്നുകൊണ്ട് അതിനെ യുക്തിപൂര്‍വ്വം ആധുനിക കാലഘട്ടത്തിനനുസരിച്ച് വ്യാഖ്യാനിക്കുന്നവരാണ് (കലിമ ബുക്സ്, കോഴിക്കോട്).

സലഫിസത്തെ ഇസ്ലാമിലെ നവീകരണ പ്രസ്ഥാനമായിട്ടാണ് ഇവര്‍ തന്നെ വിശേഷിപ്പിക്കുന്നത്. സലഫികള്‍ ഒരു പ്രത്യേക സംഘടനയല്ല.മദ്ഹബുകള്‍ക്കതീതമായി ഖുര്‍ആനും സുന്നത്തും നേരിട്ടവലംബമാക്കുന്നവരാണ് ഇവര്‍. ഇമാം അഹമദുബ്നു ഹമ്പല്‍(റ)വിനെയാണ് ഇവര്‍ തങ്ങളുടെ ആത്മീയാചാര്യനായി കരുതുന്നത്(ഇസ്ലാം വിജ്ഞാനകോശം പേജ് 821). സലഫികളെ പരിചയപ്പെടുത്തിക്കൊണ്ട് കലിമ ബുകസിന്റെ വിജ്ഞാനകോശം എഴുതുന്നു, ഗ്രീക്ക് തത്വശാ സ്ത്രങ്ങളും ഭാരതീയ ചിന്തകളും അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടതോടെ വിശ്വാസ രംഗത്ത് പാളിച്ചകളുണ്ടായി. വലിയൊരു വിഭാഗം മുസ്ലിംകള്‍ സ്വൂഫി ചിന്തയും ഇസ്ലാമികാശയങ്ങളും തമ്മില്‍ കൂട്ടിക്കുഴച്ചു. അതിനെതിരെ സലഫികള്‍ രംഗത്തിറങ്ങി. ആദ്യ നൂറ്റാണ്ടുകളില്‍ ഇമാം അഹ്മദ്ബ്നുഹമ്പല്‍(റ)വിനെപ്പോലുള്ളവരും മദ്ധ്യനൂറ്റാണ്ടുകളില്‍ ഇബ്നുതൈമിയ്യ, മുഹമ്മദുബ്നുഖയ്യിം തുടങ്ങിയവരും പില്‍ക്കാലത്ത് ഇമാം മുഹമ്മദുബ്നു അബ്ദുല്‍ വഹാ ബും സലഫീ ആശയ പ്രചാരകരായി രംഗത്ത് വന്നവരാണ്. ശൈഖ് മുഹമ്മദുബ്നു അബ്ദുല്‍ വഹാബിന്റെയും അമീര്‍ മുഹമ്മദുബ്നു സഊദിന്റെയും കൂട്ടായ ശ്രമങ്ങള്‍ കാരണം അറേബ്യ ന്‍ രാജ്യങ്ങളില്‍ സലഫീ ആശയങ്ങള്‍ വീണ്ടും വേരൂന്നി. ഇന്നും സൌദി ആറേബ്യ പോലെയു ള്ള രാജ്യങ്ങളില്‍ വിശ്വാസപരമായ കാര്യങ്ങളില്‍ സലഫീ സ്വാധീനമാണുള്ളത്. സൌദിയിലെ ഏറ്റവും ഉയര്‍ന്ന പണ്ഢിതനായരുന്ന ശൈഖ് ഇബ്നു ബാസും മറ്റും അംഗീകരിക്കപ്പെട്ട സലഫികളാണ്.

ഖത്വര്‍, സിറിയ, കുവൈത്ത്, യു.എ.ഇ., ഇറാഖ് തുടങ്ങിയ പ്രദേശങ്ങളിലേക്കും സലഫീ ആ ദര്‍ശം പ്രചരിച്ചത് ഹിജാസില്‍ നിന്നാണ്. ഖത്വറിലെ ജഡ്ജി ശൈഖ് ഇബ്നുഹജര്‍, കൂവൈത്തിലെ ശൈഖ് അബ്ദുറഹിമാന്‍ അബ്ദുല്‍ ഖാലിഖ്, സിറിയയിലെ ശൈഖ് നാസ്വിറുദ്ദീന്‍ അല്‍ബാനി തുടങ്ങിയവര്‍ പ്രശസ്ത സലഫീ പണ്ഢിതന്‍മാരാണ്.

രണ്ടു നൂറ്റാണ്ട് മുമ്പാരംഭിച്ച സനൂസി പ്രസ്ഥാനത്തിലൂടെയാണ് സലഫി പ്രര്‍ത്തനം ആഫ്രിക്കയില്‍ ശക്തമായത്. അല്‍ജീറിയന്‍ മുസ്ലിം ജംഇയ്യത്തുല്‍ ഉലമ ശ്രദ്ധേയമായ ഒരു സലഫീ സംഘടനയാണ്. അന്‍സ്വാറു സുന്നത്തില്‍മുഹമ്മദിയ്യ എന്ന പേരില്‍ ഈജിപ്തിലും സുഡാനി ലും പ്രവര്‍ത്തിക്കുന്നു. നൈജീരിയയില്‍ ജമാഅത്ത്  ഇഹ്യാഉസ്സുന്ന വല്‍ജമാഅത്തുല്‍ ബി ദ്അ എന്ന പേരിലും പാക്കിസ്ഥാനിലും ഇന്ത്യയിലും ബംഗ്ളാദേശ്, സിലോണ്‍(ശ്രീലങ്ക) എന്നിവിടങ്ങളിലും അഹ്ലേഹദീസ് എന്ന പേരിലുമാണ് സലഫികള്‍ പ്രവര്‍ത്തിക്കുന്നത്. ഇന്തോനേഷ്യയില്‍ ജംഇയ്യത്തുല്‍ മുഹമ്മദിയ്യ എന്ന പേരിലും സലഫികള്‍ക്ക് സംഘടനയുണ്ട്. ഫിജി ദ്വീ പില്‍ അഹ്ലെഹദീസ് എന്ന പേരിലാണ് പ്രവര്‍ത്തനം. ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കു ന്ന ജംഇയ്യത്ത് അഹ്ലെ ഹദീസും അല്‍മുന്‍തദാ അല്‍ഇസ്ലാമിയും അമേരിക്കയിലെ മുസ്ലിം സൊസൈറ്റിയും സലഫീ സംഘടനകളാണ്. കേരളത്തില്‍ നദ്വത്തുല്‍മുജാഹിദീന്‍ എന്ന പേ രില്‍ പ്രവര്‍ത്തിക്കുന്നവരും സലഫികളാണ്.

ഈജിപ്തില്‍ ജമാലുദ്ദീന്‍ അഫ്ഗാനി, മുഹമ്മദ് അബ്ദു തുടങ്ങിയവരുടെ ചിന്തകള്‍ സലഫീ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയെ ഏറെ സഹായിച്ചിട്ടുണ്ട്. ഇസ്ലാമിനെ ആധുനിക പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കാന്‍ അവര്‍ ശ്രമിച്ചു. ഈജിപ്തില്‍ അല്‍മനാര്‍ എന്ന പേരില്‍ വര്‍ഷങ്ങളോളം പുറത്തിറങ്ങിയ പ്രസിദ്ധീകരണം സലഫി ചിന്തക്ക് ജനങ്ങളില്‍ വേരോട്ടമുണ്ടാക്കി…….പില്‍ക്കാലത്ത് ഇസ്ലാമിന്റെ രാഷ്ട്രീയ പ്രസക്തി തേടുന്ന നവീകരണ പ്രസ്ഥാനങ്ങള്‍ രംഗത്ത് വന്നതോടെ സലഫികളുടെ പ്രവര്‍ത്തനങ്ങള്‍ ആരാധനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലേക്ക് ഒതുങ്ങിപ്പോയതാണനുഭവം (ഇസ്ലാം വിജ്ഞാന കോശം പേജ്: 821).

സലഫിസത്തെ അനുകൂലിക്കുന്നവരുടെ അഭിപ്രായമാണ് മുകളില്‍ നല്‍കിയ വിവരണം. ഈ വിവരണത്തില്‍ തന്നെ അത് ഒരു മത നവീകരണ സംരംഭമാണെന്ന് സമ്മതിക്കുന്നുണ്ട്. ആധുനിക പ്രവണതകളുടെയും ശാസ്ത്രീയ മുന്നേറ്റങ്ങളുടെയും അടിസ്ഥാനത്തില്‍ ഇസ്ലാമിനെ വ്യാഖ്യാനിക്കാനാണ് സലഫികള്‍ ശ്രമിച്ചതെന്നും ഇവിടെ വ്യക്തമാക്കുന്നു. ശൈഖ് മുഹമ്മദ് അബ്ദുവിനെ സലഫികളുടെ ഉന്നത ആചാര്യരില്‍ ഒരാളായും വിശേഷിപ്പിക്കുന്നുണ്ട്. ഇദ്ദേഹവും ശിഷ്യനും കൂടി എഴുതിയ തഫ്സീറുല്‍മനാറിലാണ് ചെരുപ്പിനൊത്ത് കാല്‍ മുറിച്ചത്. അ തായത് ആധുനിക ശാസ്ത്രീയ അനുമാനങ്ങള്‍ക്കൊപ്പിച്ച് ഖുര്‍ആനെ ദുര്‍വ്യാഖ്യാനം ചെയ്ത് മുഅ്ജിസത്തുകളെ നിഷേധിച്ചതും ജിന്നിനെ മൈക്രോബും ശൈത്വാനെ രോഗാണുവുമായി വിശേഷിപ്പിച്ചതും ഇബാദത്തിന് പരമ്പരാഗതമായ അര്‍ഥത്തില്‍ നിന്ന് മാറിയ നിര്‍വചനം കൊ ടുത്തതും. പിന്നീട്  അബുല്‍ അഅ്ലാ മൌദൂദിയുടെ നേതൃത്വത്തില്‍ ഇസ്ലാമിന്റെ രാഷ്ട്രീയ പ്രസക്തി തേടുന്ന ജമാഅത്തെ ഇസ്ലാമി രംഗത്ത് വന്നപ്പോള്‍ സലഫികള്‍ ഭിന്നിച്ചു. ഭിന്നിപ്പ് ശാഖാ പരമായിരുന്നില്ല. ഇബാദത്തിന്റെയും തൌഹീദിന്റെയും കാര്യം തൊട്ടുതന്നെ ഭിന്നിപ്പ് തുടങ്ങി. മൌദൂദിയും അദ്ദേഹം സ്ഥാപിച്ച ജമാഅത്തെ ഇസ്ലാമിയും തൌഹീദിലും ഇബാദത്തിന് നിര്‍വചനം നല്‍കിയതിലും പിഴച്ചുവെന്ന് കേരളത്തിലെ മുജാഹിദുകള്‍ അടക്കമുള്ള സലഫികള്‍ വാദിക്കുകയുണ്ടായി. പ്രബന്ധങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും അവര്‍ പരസ്പരം തര്‍ക്കിച്ചു. പരസ്പരം കുഫ്രിയ്യത്ത് വരെ ആരോപിച്ച സന്ദര്‍ഭങ്ങള്‍ പോലും ഉണ്ടായിട്ടുണ്ട്.

സലഫീ ആരോപണത്തിന്റെ ഒരു സാമ്പിള്‍ കാണുക: ഈ ലോകത്ത് വന്നിട്ടുള്ള എല്ലാ പ്രവാചകന്മാരും ഏറ്റവും ആദ്യമായും മുഖ്യമായും പ്രബോധനം ചെയ്തത് ലാഇലാഹ ഇല്ലല്ലാഹു എന്ന പരിശുദ്ധ വചനമാകുന്നു. ഇബാദത്ത് അല്ലാഹുവിനല്ലാതെ വേറെയാര്‍ക്കും ചെയ്യുവാന്‍ പാടില്ലെന്നുള്ളതാണ് അത്. ഇതിന്റെ സാരം എന്താണെന്നുള്ളതില്‍ നിര്‍ഭാഗ്യവശാല്‍ ഒരഭിപ്രായ വ്യത്യാസം ഈ സമുദായത്തില്‍ ഉടലെടുത്തിരിക്കുന്നു. ജമാഅത്തെ ഇസ്ലാമിയുടെ ആദര്‍ശ രൂപീകരണത്തിനാധാരമായ ഇസ്ലാമിലെ ഇബാദത്ത് എന്ന പുസ്തകത്തിന്റെ മുഖവുരയില്‍ പറയുന്നത് കാണുക. ഇബാദത്തിന് ആരാധിക്കുക എന്ന ഒരര്‍ഥം മാത്രമെയുള്ളുവെന്നും അതിനാല്‍ ലാഇലാഹ ഇല്ലല്ലാഹു എന്നതിന്റെ അര്‍ഥം അല്ലാഹുവല്ലാതെ ആരാധ്യനില്ല എന്നാണെ ന്നും ഒരു കൂട്ടര്‍ വാദിക്കുന്നു. എന്നാല്‍ മറ്റൊരു പക്ഷം ഇങ്ങനെയാണ്, ഇബാദത്തിന് ആരാധന എന്ന പോലെ അടിമവൃത്തിയെന്നും അനുസരണമെന്നും അര്‍ഥങ്ങളുണ്ട്. ഇവ മൂന്നും തൌഹീദില്‍ സുപ്രധാനങ്ങളാണ്. അതിനാല്‍ ആരാധനക്കും അടിമവൃത്തിക്കും അനുസരണത്തിനും അവകാശിയും അര്‍ഹനുമായി ഏക അല്ലാഹുവല്ലാതെ മറ്റാരുമില്ല, എന്നാണ് ലാഇലാഹ ഇല്ലല്ലാഹു എന്ന കലിമയുടെ പൊരുള്‍.

ജമാഅത്തുകാരുടെ ഈ അഭിപ്രായത്തെ ഖണ്ഡിച്ചുകൊണ്ട് സലഫികള്‍ പറയുന്നു: അടിമവേലയും അനുസരണവും കലിമത്തുത്തൌഹീദില്‍ കണക്കിലെടുക്കണമെന്ന വാദത്തില്‍ നിന്നും ഉത്ഭവിച്ച പ്രശ്നങ്ങള്‍ വളരെയുണ്ട്. ആരാധന അല്ലാഹുവിനും അനുസരണ മറ്റൊരുവനും അടിമവൃത്തി വേറൊരാള്‍ക്കുമായി വിഭജിക്കുന്നത് കടുത്ത ശിര്‍ക്കും ഭയങ്കരമായ സത്യനിഷേധവും അക്ഷന്തവ്യമായ നന്ദികേടുമാകുന്നു(ഇസ്ലാമിലെ ഇബാദത്ത്, പുറം 25). ജമാഅത്തിന്റെ ഈ വാദം മഹാ അബദ്ധമാണെന്നാണ് സലഫീ വാദം. ആരാധന അല്ലാഹുവല്ലാത്തവര്‍ക്ക് ചെ യ്യല്‍ ശിര്‍ക്കും കുഫ്റുമാണെന്ന് സമ്മതിക്കുന്ന സലഫികള്‍ അനുസരണവും അടിമവേലയും അല്ലാഹുവല്ലാത്തവര്‍ക്ക് ചെയ്യാന്‍ പാടില്ലെന്ന് ജമാഅത്തുകാര്‍ വാദിക്കുന്നുണ്ടെന്നും അങ്ങനെ ചെയ്യുന്നത് ശിര്‍ക്കും കുഫ്റുമാണെന്നുമാണ് അവരുടെ വാദം എന്നും ആരോപിക്കുന്നു. ഇസ് ലാമിനും ഖുര്‍ആനിനും നിരക്കാത്ത നുണയാണ് ജമാഅത്തുകാര്‍ പറഞ്ഞതെന്നും അവര്‍ ആ ക്ഷേപിക്കുന്നു.

അനിസ്ലാമിക ഭരണ വ്യവസ്ഥയുടെ നടത്തിപ്പില്‍ ഭാഗഭാക്കാവുന്നത് മുസ്ലിംകളെ സംബന്ധിച്ചേടത്തോളം നിഷിദ്ധമാണെന്ന് ജമാഅത്തുകാര്‍ വിശ്വസിക്കുന്നുവെന്നും മുജാഹിദുകള്‍ ആ രോപിക്കുന്നു. ഇസ്ലാമിന്റെ അടിസ്ഥാനം തന്നെ മാറ്റി മറിക്കപ്പെടുന്ന അന്യായ വാദമാണിതെ ന്നും മുജാഹിദ് സാഹിത്യങ്ങളില്‍ ജമാഅത്തുകാരെ ആക്ഷേപിക്കുന്നുണ്ട്. ഇബാദത്ത് അല്ലാഹുവിനും അനുസരണവും അടിമത്വവും ആര്‍ക്കുമാകാമെന്നുമാണ് മുജാഹിദ് വാദം. അതിന് തെളിവായി അവര്‍ ഖുര്‍ആന്‍ സൂക്തങ്ങളുദ്ധരിക്കാറുണ്ട്. നൂഹ് നബിയുടെ ചരിത്രം ഉദ്ധരിച്ചുകൊണ്ട് അവര്‍ പറയുന്നു: നൂഹ് നബി(അ) രംഗത്ത് വരുമ്പോള്‍ അദ്ദേഹത്തിന്റെ ജനത വദ്ദ്, സുവാഅ് മുതലായ മരണപ്പെട്ടുപോയ പുണ്യാത്മാക്കളെ ഇബാദത്ത് ചെയ്യുന്നവരായിരുന്നു. ഇത് ശിര്‍ക്കിന്റെ ഇബാദത്താണെന്നും ഇബാദത്ത് അല്ലാഹുവിന് മാത്രം ചെയ്യണമെന്നും നൂഹ് നബി(അ) ആ ജനതയോട് ഉപദേശിച്ചു. ഇബാദത്ത് അല്ലാഹുവിന് മാത്രവും അനുസരണ എന്നോടുമാക്കി നിങ്ങള്‍ ജീവിക്കുവീന്‍ എന്നാണ് അദ്ദേഹം ഉല്‍ബോധിപ്പിച്ചത്. ഇബാദത്തും അനുസരണയും വ്യത്യസ്ത അര്‍ഥങ്ങളുള്ള രണ്ടു പദങ്ങളാണെന്നതിന് ഈ പ്രഖ്യാപനം തന്നെ മതിയായ തെളിവാണെന്ന് മുജാഹിദ് കൃതികള്‍ പറയുന്നു. പ്രസ്തുത ന്യായവാദത്തെ വിശദീകരിച്ചുകൊണ്ട് അവര്‍ ഇപ്രകാരം വാദിക്കാറുണ്ട്. ഇവിടെ നൂഹ് നബിയുടെ ജനത വദ്ദ്, സുവാഅ് മുതലായ പുണ്യാത്മാക്കളെ അനുസരിച്ചിട്ടില്ല. എന്നാല്‍ ഇബാദത്ത് ചെയ്തിരുന്നു. അവര്‍ക്ക് അടിമവേലയും ചെയ്തിട്ടില്ല. മറിച്ച് ഇബാദത്ത് ചെയ്യുകയാണ് ചെയ്തത്. അനുസരണയില്ലാതെ തന്നെ ഇബാദത്ത് ചെയ്യാന്‍ കഴിയുമെന്ന വാദമാണ് മുജാഹിദുകള്‍ സാധാരണ ഉന്നയിക്കാറുള്ളത്. ഇബാദത്തിന്റെ അര്‍ഥം ആരാധന മാത്രമാണെന്ന് തെളിയിക്കാന്‍ അവര്‍ കൊടുക്കുന്ന മറ്റൊരു തെളിവ് കാണുക. സൂര്യചന്ദ്രന്‍മാര്‍ക്കും നക്ഷത്ര, വിഗ്രഹങ്ങള്‍ക്കും ഇബാദത്ത് ചെയ്യുന്നവരായിരുന്നു ഇബ്രാഹീമിന്റെ ജനത. ആ ജനതയോട് ഇബ്രാഹീം നബി(അ) ഉപദേശിച്ചത് അല്ലാഹുവിന് മാത്രം ഇബാദത്ത് ചെയ്യുക, എന്നെ അനുസരിക്കുക എന്നായിരുന്നു. ഇവിടെയും ഇബാദത്തും അനുസരണയും തമ്മിലുള്ള അന്തരം സ്പഷ്ടമാണ്. കാരണം സൂര്യചന്ദ്രന്മാരെയും നക്ഷത്രങ്ങളെയും വിഗ്രഹങ്ങളെയും ജനങ്ങള്‍ അനുസരിച്ചിരുന്നുവെന്ന് പറഞ്ഞാല്‍ ഒരിക്കലും യോജിക്കുകയില്ല. നിരുപാധികമായി അനുസരിച്ചിരുന്നുവെന്നും ആരും പറയില്ല. അടിമവേലയും അവിടെ ഉണ്ടായിരുന്നില്ല. ആരാധന മാത്രമെയുള്ളൂ. ആ ജനത അത്ര മാത്രമെ ഇബാദത്തിന് അര്‍ഥം മനസ്സിലാക്കിയിട്ടുള്ളു. മറ്റൊന്ന് ആ നാട്ടിലെ ഗവണ്‍മെന്റ് അതിഭയങ്കരനായ താഗൂത് നംറൂദ് ആയിരുന്നു. അയാളും വിഗ്രഹാരാധകനായിരുന്നു. രാജധാനിയിലെ വിഗ്രഹങ്ങളെ തല്ലിത്തകര്‍ത്തുകളഞ്ഞതിനാണ് ഇബ്രാഹീം നബി(അ)നെ തീയിലെറിഞ്ഞത്. അല്ലാ തെ നംറൂദില്‍ നിന്ന് അധികാരം പിടിച്ചെടുക്കാന്‍ അദ്ദേഹം ഉദ്ദേശിച്ചത് കൊണ്ടായിരുന്നില്ല. ആ രാജാവിന്റെ പ്രജകളായി കഴിയുന്നത് ശിര്‍ക്കാണെന്ന് ഇബ്രാഹീം നബി(അ) പറഞ്ഞതായി ഖുര്‍ആനില്‍ കാണുന്നില്ല. എന്നിട്ടും ജമാഅത്തെ ഇസ്ലാമി പറയുന്നു: ഇബാദത്തിന് അനുസരണ എന്ന അര്‍ഥമുള്ളതിനാലും അത് തൌഹീദില്‍ സുപ്രധാനമായതിനാലും അനിസ്ലാമിക ഗവണ്‍ മെന്റിനെ അനുസരിക്കുന്നത് ശിര്‍ക്കാകുന്നു. സല്‍സബീലിന് പുറമെ എറണാകുളം ഇസ്ലാമിക് സ്റ്റഡീ സര്‍ക്കിളിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചര്‍ച്ചാ യോഗത്തില്‍ മുജാഹിദ് പക്ഷം അവതരിപ്പിച്ച പ്രബന്ധത്തിലെയും വരികളാണ് ഇത്രയും ഉദ്ധരിച്ചത്.

ഇനി ജമാഅത്തെ ഇസ്ലാമിയുടെ അടിമവേല എന്ന അര്‍ഥത്തെയും മുജാഹിദ് എതിര്‍ക്കുന്നു. പ്രസ്തുത പ്രബന്ധത്തില്‍ നിന്ന് തന്നെ വായിക്കാം: ഇബ്രാഹീം നബിക്ക് ഹാജറ എന്ന അടിമ സ്ത്രീയില്‍ നിന്നും അല്ലാഹു അനുവദിച്ച അടിമ വേലയില്‍ ജനിച്ച മകനാണ് ഇസ്മാഈല്‍ നബി. എന്നിട്ട് ജമാഅത്തെ ഇസ്ലാമി പറയുന്നു: അടിമവൃത്തി അല്ലാഹുവല്ലാത്തവര്‍ക്ക് ചെയ്യ ല്‍ ശിര്‍ക്കും നിഷിദ്ധവുമാണ്. തുടര്‍ന്നുകൊണ്ട് ചോദിക്കുന്നു: അടിമവേല അല്ലാഹുവല്ലാത്തവര്‍ക്ക് ചെയ്യരുതെന്ന അര്‍ഥം ഉണ്ടായിരുവെങ്കില്‍ ബിലാല്‍ എങ്ങനെ ഉമയ്യത്തിന് അടിമ വേല ചെയ്യും? മാരിയ എന്ന അടിമ സ്ത്രീയില്‍ നിന്നാണ് നബിക്ക് ഇബ്രാഹീം പിറന്നത്. എന്നിട്ടും ജമാഅത്തെ ഇസ്ലാമി പറയുന്നു അടിമവേല അല്ലാഹുവിന് മാത്രമാക്കണമെന്നത് ശഹാദത്ത് കലിമയുടെ അര്‍ഥത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നുവെന്ന്!

ഇങ്ങനെ ഇബാദത്ത് എന്ന് പറഞ്ഞാല്‍ അനുസരണയും വിധേയത്വവുമില്ലാത്ത ആരാധനയാണെന്ന് മുജാഹിദുകള്‍ പറയും. ആരാധന ഇബാദത്തിന്റെ ഭാഷാാര്‍ഥം മാത്രമാണല്ലോ. അ തിന്റെ നിര്‍വചനം എന്താണെന്ന് ചോദിച്ചാല്‍ അവര്‍ പറയും: മറഞ്ഞ മാര്‍ഗത്തിലൂടെ ഗുണം ആശിച്ചുകൊണ്ടോ ദോഷം വരുമെന്ന് ഭയന്നുകൊണ്ടോ ഏതെങ്കിലും ഒരു വസ്തുവിനെ വണങ്ങുക എന്നതാണ് ഇബാദത്ത്. ഇതിന് പക്ഷേ, ഖുര്‍ആനും ഹദീസുമൊന്നും തെളിവായുദ്ധരിക്കാന്‍ അവര്‍ തുനിയാറില്ല.

മുഹമ്മദ്ബ്നു അബ്ദില്‍ വഹാബ്

സുപ്രധാനങ്ങളായ ചില വിഷയങ്ങളില്‍ വ്യക്തിഗതമായ വീക്ഷണങ്ങള്‍ വെച്ചുപുലര്‍ത്തിവന്ന ഇബ്നുതൈമിയ മരണം വരെയും താന്‍ ഹമ്പലി മദ്ഹബുകാരനാണ് എന്ന് തന്നെയാണ് അവകാശപ്പെട്ടിരുന്നത്. എന്നാല്‍ അദ്ദേഹത്തിലൂടെ ആരംഭിച്ച ഭിന്നസ്വരം സുന്നീ പ്രസ്ഥാനത്തില്‍ ശക്തമായ അസ്വാരസ്യം ഉണ്ടാക്കിയത് ഹിജ്റ 1111ല്‍ നജ്ദില്‍ ഭൂജാതനായ മുഹമ്മദ്ബ്നു അബ്ദില്‍ വഹാബിലൂടെയാണ്. മക്കാ, മദീന, ബസ്വറ എന്നിവിടങ്ങളില്‍ സഞ്ചരിച്ച് അദ്ദേഹം മതവിദ്യാഭ്യാസം നേടി. ഹമ്പലി മദ്ഹബുകാരനായിരുന്ന ഇദ്ദേഹം ശാഫി, ഹനഫി പണ്ഢിതരില്‍ നിന്നും വിദ്യ അഭ്യസിച്ചിരുന്നു.

സുന്നത്ത് ജമാഅത്തിന് എതിരെ ഇദ്ദേഹം ഉന്നയിച്ച വാദങ്ങളെ എതിര്‍ത്ത പണ്ഢിതരുടെ കൂട്ടത്തില്‍ പിതാവ് അബ്ദുല്‍ വഹാബും സഹോദരന്‍ സുലൈമാനുമുണ്ടായിരുന്നു. ഉയൈന എ ന്ന സ്ഥലത്ത് താമസിച്ചിരുന്ന അദ്ദേഹം എതിര്‍പ്പുകള്‍ കൂടിവന്നപ്പോള്‍ നാട് വിട്ട് ദര്‍ഇയ്യയിലേ ക്ക് താമസം മാറ്റി. അവിടത്തെ ഭരണാധികാരിയായ മുഹമ്മദുബ്നു സഊദിന്റെ സ്വാധീനം ലഭിച്ചതോടെ തന്റെ പുതിയ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ഇബ്നു അബ്ദില്‍ വഹാബിന് ഏറെ സൌകര്യപ്പെട്ടു.

പുതിയ വാദങ്ങള്‍

സമകാലിക മുസ്ലിം സമൂഹം തൌഹീദ് തൊട്ടുതന്നെ മാര്‍ഗഭ്രംശത്തിലാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. തഖ്ലീദിനെ എതിര്‍ത്തുകൊണ്ടാണ് അദ്ദേഹം രംഗത്തുവന്നത്. ഖുര്‍ആന്‍ സച്ചരിതരായ പണ്ഢിതരുടെ മാര്‍ഗം പിന്‍പറ്റാനാണല്ലോ മനുഷ്യവര്‍ഗത്തെ ഉപദേശിച്ചിട്ടുള്ളത്. നീ അനുഗ്രഹച്ചവരുടെ മാര്‍ഗത്തില്‍ ഞങ്ങളെ നീ വഴി നടത്തേണമേ എന്നാണല്ലോ ഫാതിഹ സൂറത്തലൂടെ നാം എന്നും പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് കടകവിരുദ്ധമായി, സജ്ജനങ്ങളെ അനുകരിക്കുന്നതിനെ മഹാപാപമായാണ് അദ്ദേഹം കണ്ടത്. ദുര്‍ജ്ജനങ്ങളെയും ചിന്താശൂന്യരായ ആളുകളെയും പിന്‍പറ്റരുതെന്ന് വിലക്കിക്കൊണ്ട് ഖുര്‍ആനില്‍ വന്ന സൂക്തങ്ങള്‍ തെളിവായുദ്ധരിച്ചു കൊണ്ടാണ് അദ്ദേഹം തന്റെ പുതിയ വിവാദത്തിന് വഴിയൊരുക്കിയത്. സൂറത്തുല്‍ ഇസ്രാഈലിലെ 35ാം സൂക്തം ഒരു തെളിവായി അദ്ദേഹം എടുത്തുകാട്ടി. നിനക്കറിവില്ലാത്തതിനെ നീ പന്‍പറ്റരുത്, നിശ്ചയമായും കേള്‍വി, കാഴ്ച എന്നിവയെപ്പറ്റി എല്ലാം ചോ ദ്യം ചെയ്യപ്പെടുന്നതാണ്. ഏത് കാര്യവും തെളിവറിഞ്ഞേ പിന്‍പറ്റാവൂ. മദ്ഹബുകളെ അനുകരിക്കാന്‍ പാടില്ല എന്ന തന്റെ വാദത്തിന് ഈ ആയത്തും അത് പോലെ മനുഷ്യ ചിന്തയെ പ്രോ ത്സാഹിപ്പിക്കുന്ന മറ്റു ഖുര്‍ആനിക സൂക്തങ്ങളും തെളിവായി അദ്ദേഹം എടുത്തുകാട്ടി. സത്യത്തില്‍ ദുര്‍മ്മാര്‍ഗികളെ പിമ്പറ്റുന്നതിനെയാണ് ഖുര്‍ആന്‍ എതിര്‍ത്തത്. ഇത് മനസ്സിലാക്കാതെ തെറ്റിദ്ധാരണയിലൂടെ ഒരു പുതിയ ചിന്താപ്രസ്ഥാനത്തിന് തിരികൊളുത്തുകയാണ് അദ്ദേഹം ചെയ്തത്. ഈ പുതിയ പ്രസ്ഥാനം ഇന്ന് മുസ്ലിം ലോകത്ത് വഹാബിസം എന്ന പേരിലാണ് അറിയപ്പെടുന്നത്.

തഖ്ലീദിനെ എതിര്‍ത്തുകൊണ്ടാണ് ഇബ്നു അബ്ദില്‍വഹാബിന്റെ പ്രസ്ഥാനം രംഗത്ത് വന്നത് എന്ന് പറഞ്ഞുവല്ലോ. പക്ഷേ, ഇന്നവര്‍ കടുത്ത മുഖല്ലിദുകളാണ്. അശ്അരീ, മാതുരീദീ മദ്ഹബുകളും നാലിലൊരു ഫിഖ്ഹീ മദ്ഹബും അനുകരിക്കുന്ന സുന്നികള്‍ മതകാര്യങ്ങളില്‍ മഹാപണ്ഢിതരും സച്ചരിതരുമായിരുന്ന മുജ്തഹിദുകളെ പിന്തുടരുമ്പോള്‍ ഇബ്നു അബ്ദില്‍വഹാബിന്റെ അനുയായികള്‍ ഇജ്തിഹാദിന് അര്‍ഹമായ പാണ്ഢിത്യമില്ലാത്ത ആളുകളെ പിന്‍പറ്റുന്നുവെന്നതാണ് വിരോധാഭാസം. ഇതിന്റെ ഫലമായി മുസ്ലിംകള്‍ക്കിടയില്‍ അനര്‍ഹരായ പലരും പുതിയ പുതിയ സിദ്ധാന്തങ്ങളുമായി മുന്നോട്ടുവരാന്‍ തുടങ്ങി. ഓരോ പുതിയ ചിന്ത ക്കും ഖുര്‍ആനിലും സുന്നത്തിലും തെളിവുകള്‍ കണ്ടെത്താനുള്ള തീവ്രശ്രമങ്ങളും തകൃതിയായി നടന്നുവന്നു. ഇത്മൂലം സമുദായത്തിന്റെ ഐക്യം തകര്‍ക്കപ്പെട്ടു. ബുദ്ധിപരമായ അച്ചടക്ക രാഹിത്യമായിരുന്നു പരിണിതഫലം. മതത്തിന്റെ അടിത്തറയായ ഭക്തിയുടെയും വിനയത്തിന്റെയും താഴ്വേര്‍ വെട്ടിമാറ്റാനുള്ള ധാര്‍ഷ്ട്യമാണ് ഈ നവീകരണ പ്രസ്ഥാനം അനുയായികളില്‍ വളര്‍ത്തിയത്.

മുസ്ലിം ലോകം സ്നേഹാദരങ്ങളോടെ വീക്ഷിച്ചുവന്നിരുന്ന ഇമാമുകള്‍, മുഹ്യിദ്ദീന്‍ ശൈഖ് പോലെയുള്ള കര്‍മയോഗികളായ മുജദ്ദിദുകള്‍ തുടങ്ങിയ എല്ലാവരും സാധാരണക്കാരെപോലെ വിമര്‍ശന വിധേയരാക്കപ്പെട്ടു. പാശ്ചാത്യ വിദ്യാഭ്യാസം നേടിയ മുസ്ലിംകളാണ് കൂടുതലായും പുതിയ ചിന്തകളില്‍ ആകൃഷ്ടരായത്. അമ്പിയാഇന്റെ മുഅ്ജിസത്തുകളിലും ഔലിയാഇന്റെ കറാമത്തുകളിലും സാധാരണ മുസ്ലിംകള്‍ വെച്ചുപുലര്‍ത്തുന്ന സുദൃഢമായ വിശ്വാസം, ശാ സ്ത്ര ചിന്തകളുടെ വെളിച്ചത്തില്‍ ഖുര്‍ആന്‍ സൂക്തങ്ങളെയും ഹദീസുകളെയും വിലയിരുത്തണമെന്ന് വാശിപിടിച്ച അഭ്യസ്തവിദ്യര്‍ക്ക് ഉണ്ടായിരുന്നില്ല. അത്തരക്കാരെ പുതിയ ചിന്തകള്‍ ആകര്‍ശിച്ചു. ഉദാഹരണമായി മനുഷ്യര്‍ക്ക് പുറമെ ജിന്ന് എന്ന ഒരു പ്രത്യേക വിഭാഗവും ഈ ഭൂമിയില്‍ ജീവിച്ചിരിക്കുന്നുണ്ടെന്നാണ് ഖുര്‍ആന്‍ പറയുന്നത്. അവരിലും പ്രവാചകന്മാരെ നിയോഗിച്ചതായി ഖുര്‍ആന്‍ പറയുന്നു. മുഹമ്മദ് നബി(സ്വ) ജിന്ന്, ഇന്‍സ് എന്നീ വര്‍ഗങ്ങളിലേക്ക് നിയോഗിക്കപ്പെട്ട അന്ത്യ പ്രവാചകനാണ്. എന്നാല്‍ അഭ്യസ്തവിദ്യരായ ചിലര്‍ക്ക് ദൃ ഷ്ടിഗോചരമല്ലാത്ത ജിന്നുകളില്‍ വിശ്വസിക്കാന്‍ മടിയുണ്ട്. എന്നാല്‍ ഖുര്‍ആനില്‍ ജിന്നുകളെ ക്കുറിച്ച് പരാമര്‍ശമുള്ളത്കൊണ്ട്  നഗരവാസിയായ മനുഷ്യന്‍ ഇന്‍സും ജിന്ന് ഗ്രാമീണനുമാണെന്ന് ഇവര്‍ വ്യാഖ്യാനിക്കുന്നു. വേറെ ചിലര്‍ ജിന്നിനെ മൈക്രോബ് എന്നും ശൈത്വാനെ രോഗാണു എന്നും വിശദീകരിക്കുന്നു. ഈജിപ്തിലെ വഹാബി പണ്ഢിതനായിരുന്ന ശൈഖ് മുഹമ്മദ് അബ്ദുവും അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന ശൈഖ് റഷീദ് റിളയും കൂടി തഫ്സീറുല്‍മനാര്‍ എന്ന ഒരു ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥം രചച്ചിട്ടുണ്ട്. അതില്‍ ജിന്നിനെ മൈക്രോബായും ശൈത്വാനെ രോഗാണുവായുമാണ് വിശേഷിപ്പിച്ചിട്ടുള്ളത്. മുഅ്ജിസത്തുകളെ മുഴുവന്‍ സാധാരണ സംഭവങ്ങളാക്കി ദുര്‍വ്യാഖ്യാനിക്കാനുള്ള ശ്രമവും ഈ തഫ്സീറിലുണ്ട്. യു ക്തിവാദികളെ കൂടി പ്രീതിപ്പെടുത്തുക എന്ന ഉദ്ദേശ്യമാണ് ഈ വ്യാഖ്യാതാക്കളുടെ മനസ്സിലിരിപ്പ് എന്നാണ് വ്യക്തമാകുന്നത്.

സൂറതുല്‍ അഅ്റാഫില്‍ തിന്മക്കെതിരെ പ്രതികരിച്ചവരും അല്ലാത്തവരുമായ ആളുകളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ശനിയാഴ്ച ദിവസം ആരാധനാ കര്‍മങ്ങള്‍ക്കായി നീക്കിവെക്കണമെന്നും മത്സ്യബന്ധനം പോലുള്ള തൊഴിലുകളില്‍ ഏര്‍പ്പെടരുതെന്നും ജൂതന്മാര്‍ക്ക് അവരുടെ ശരീഅത്തില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ജൂതന്മാരില്‍ ചിലര്‍ സാബത്ത് നാളിന്റെ പവിത്ര ത ലംഘിക്കാന്‍ തുടങ്ങി. ദൈവ ശിക്ഷയെക്കുറിച്ചുള്ള മുന്നറിയിപ്പുകളൊന്നും അവര്‍ വിലവെച്ചില്ല. ശനിയാഴ്ച കൂട്ടത്തോടെ കരക്കണഞ്ഞ മത്സ്യങ്ങളെ അവര്‍ ബണ്ട് കെട്ടി നിര്‍ത്തി പിറ്റേ ന്ന് പിടിക്കാന്‍ തുനിഞ്ഞു. ശനിയാഴ്ച മത്സ്യം പിടിക്കരുതെന്ന കല്‍പന യുക്തി പൂര്‍വം ലംഘിക്കുകയായിരുന്നു അവര്‍. അല്ലാഹുവിന്റെ നിയമത്തെ അവര്‍ സ്വഭീഷ്ടം ദുര്‍വ്യഖ്യാനം ചെ യ്തു. എന്നാല്‍ അല്ലാഹു കുതന്ത്രശാലികള്‍ക്ക് ഭൂമിയില്‍ വെച്ച് തന്നെ ശിക്ഷ നല്‍കി. അവരെ അല്ലാഹു കുരങ്ങുകളായി പരിണമിപ്പിച്ചു. കൂനൂ ഖിറദതന്‍ ഖാസിഈന്‍ എന്നാണ് ആയത്തില്‍ പറയുന്നത്. എന്നാല്‍ ചില വ്യാഖ്യാതാക്കള്‍ ഇവിടെ, സാബത്ത് നാളില്‍ നിയമം ലംഘിക്കാന്‍ മത്സ്യങ്ങളെ ശനിയാഴ്ച ബണ്ട് കെട്ടി നിര്‍ത്തി ഞായറാഴ്ച പിടിച്ച ജൂത കുസൃതികളുടേതിനെക്കാള്‍ വലിയ കുതന്ത്രമാണ് പ്രയോഗിച്ചത്. മനുഷ്യന്‍ കുരങ്ങില്‍ നിന്ന് പരിണമിച്ചതാണെന്ന ഡാര്‍വിന്‍ സിദ്ധാന്തം പോലും വിശ്വസിക്കുന്നതിന് മനപ്രയാസമില്ലാത്ത ഇവര്‍ കുറ്റവാളികളായ മനുഷ്യരെ അല്ലാഹു കുരങ്ങുകളാക്കി മാറ്റിക്കൊണ്ട് ശിക്ഷിച്ചു എന്ന ഖുര്‍ആന്‍ വചനം വിശ്വസിക്കാന്‍ തയ്യാറായില്ല. നിങ്ങള്‍ കുരങ്ങുകളെപ്പോലെ ആകുവീന്‍ എന്നവര്‍ ഈ ആയത്തിനെ വ്യാഖ്യാനിച്ചു.

മരിച്ചവരെ എങ്ങനെ പുനര്‍ജീവിപ്പിക്കുമെന്ന് തനിക്ക് ഒരു ദൃഷ്ടാന്തത്തിലൂടെ കാണിച്ച് തരണമെന്ന് ഇബ്രാഹീംനബി(അ) അല്ലാഹുവിനോട് ചോദിച്ച സന്ദര്‍ഭം സൂറതുല്‍ ബഖറയിലെ 26-ാം സൂക്തം വിവരിക്കുന്നുണ്ട്. നാലു പക്ഷികളെ പിടിച്ച് അവയെ കഷ്ണങ്ങളായി നുറുക്കി കൂട്ടിക്കലര്‍ത്തിയ ശേഷം നാലു മലകളില്‍ നിക്ഷേപിക്കാനും എന്നിട്ടവയെ തന്നിലേക്ക് വിളിക്കാനുമാണ് അല്ലാഹു നബിയോട് നിര്‍ദ്ദേശിച്ചത്. എങ്കില്‍ അവ താങ്കളിലേക്ക് ഓടിവരുന്നതായിരിക്കും എന്നാണ് ഖുര്‍ആന്‍ പറഞ്ഞത്. ഒരു അമാനുഷിക സംവമാണ് ഇബ്രാഹീം നബി(അ) ആവശ്യപ്പെട്ടത്. അമാനുഷിക ദൃഷ്ടാന്തമാണ് അല്ലാഹു കാണിച്ചുകൊടുത്തതും. എന്നാല്‍ യുക്തി വാ ദികളായ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്ക് വിഷയം ഈ രൂപത്തില്‍ പുറത്തുപറയാന്‍ മടിയുള്ളതായാണ് കാണുന്നത്. പക്ഷികളെ മെരുക്കിയെടുത്ത് ജീവനോടെ നാലുമലകളില്‍ കൊണ്ട് വയ്ക്കാനും എന്നിട്ട് വിളിക്കാനുമാണ് അല്ലാഹു കല്‍പിച്ചെതെന്ന് അര്‍ഥമെഴുതി. പുത്തന്‍ പ്രസ്ഥാനത്തില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട് ആയത്തുകളെ ദുര്‍വ്യാഖ്യാനം ചെയ്ത് അമാനുഷിക സംവങ്ങളെ വെറും മാനുഷിക കൃത്യങ്ങളായി ഇവര്‍ വ്യാഖ്യാനിച്ചു. മൂസാനബി(അ) നൈല്‍ നദി മുറിച്ചു കടന്നത് വേലിയിറക്ക സമയത്താണെന്നും സുലൈമാന്‍ നബിയോട് നംല് (ഉറുമ്പ്) സംസാരിച്ചുവെന്ന് ഖുര്‍ആന്‍ പറഞ്ഞത് ഉറുമ്പല്ല, നംല് ഗോത്രത്തിലെ ഒരു സ്ത്രീയാണെന്നും നബി(സ്വ)യുടെ ഇസ്റാഅ് മിഅ്റാജ് എന്നിവ കേവലം സ്വപ്നമായിരുന്നുവെന്നുമൊക്കെ ഇവര്‍ വ്യാഖ്യാനിച്ചു. ഇത്തരം ഖുര്‍ആന്‍ പരിഭാഷകളെ അതേപടി തര്‍ജമ ചെയ്ത് മലയാളത്തില്‍ പോലും പ്രസിദ്ധീകരിക്കുകയുണ്ടായി.നബിമാരുടെയും ഔലിയാക്കളുടെയും മുഅ്ജിസത്ത് കറാമത്തുകള്‍ അംഗീകരിക്കുന്നവരാണ് തങ്ങളെന്ന് അവര്‍ അവകാശപ്പെടാറുണ്ടങ്കിലും അവയോട് ഒരുതരം നിഷേധാത്മക സമീപനമാണ് അവര്‍ വെച്ചുപുലര്‍ത്തുന്നത്. ശാസ്ത്രം വെന്നിക്കൊടി നാട്ടിയിരിക്കുന്ന ഇക്കാലത്ത് മതപ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ അമാനുഷിക ദൃഷ്ടാന്തങ്ങളെക്കുറിച്ച് പറയേണ്ടതില്ലെന്നും അത് ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്നുമാണ് ഇവര്‍ പറയാറുള്ളത്.

ഖുര്‍ആന്‍ നബി(സ്വ)യുടെ ഏറ്റവും വലിയ മുഅ്ജിസത്താണ്. ഇതിനുപുറമെ നബിയുടെ ജീ വിത കാലത്ത് ഒട്ടേറെ മുഅ്ജിസാത്തുകളുണ്ടായിട്ടുണ്ട്. എന്നാല്‍ ഖുര്‍ആന്‍ ആണ് നബി(സ്വ) യുടെ വലിയ മുഅ്ജിസത്ത് എന്ന് പറഞ്ഞുകൊണ്ട് മറ്റു മുഅ്ജിസത്തുകളെസ്സംബന്ധിച്ച് മൌ നംദീക്ഷിക്കുക എന്ന നിലപാടാണ് ഇവരില്‍ പലരും സ്വീകരിച്ചുവരാറുള്ളത്. ചിലര്‍ നേരത്തെ സൂചിപ്പിച്ച മാതിരി അവ വ്യാഖ്യാനിച്ച് സാധാരണവല്‍കരിക്കാനും ശ്രമിക്കുന്നു.

ഭരണത്തിന്റെ സ്വാധീനവും സഹായവും അറേബ്യയില്‍ ഈ പരിഷ്കരണ പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്ക് കാരണമായി. ആഫ്രിക്കയില്‍ സനൂസി പ്രസ്ഥാനവും ഇന്ത്യയില്‍ അഹ്ലേഹദീസ് പ്രസ്ഥാനവും ഈജിപ്തില്‍ ഇഖ്വാന്‍ മൂവ്മെന്റും ഇന്ത്യ ഉപൂഖണ്ഡത്തില്‍ ജമാഅത്തെ ഇസ് ലാമിയും കേരളത്തില്‍ മുജാഹിദ് മൂവ്മെന്റും, നജ്ദില്‍ മുഹമ്മദുബ്നു അബ്ദില്‍ വഹാബ് ആ രംഭിച്ച പരിഷ്കരണ പ്രസ്ഥാനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു കൊണ്ടാണ് പ്രവര്‍ത്തിച്ചു വരുന്നത്. എന്നാല്‍ ലോക മുസ്ലിം രാഷ്ട്രങ്ങളില്‍ ഈ പ്രസ്ഥാനത്തിന് ഏറെ സ്വാധീനമുള്ളത് സഊദി അറേബ്യ, ഖത്വര്‍, കുവൈത്ത് എന്നീ നാടുകളിലാണ്. ഇവിടങ്ങളില്‍ ഭരണാധികാരികള്‍ ഇവരുടെ ആശയം വെച്ചുപുലര്‍ത്തുന്നതാണ് ഇതിന് കാരണം. എന്നാല്‍ സഊദി അറേബ്യയില്‍ ഹമ്പലി മദ്ഹബ് ഔദ്യോഗകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ജനസംഖ്യാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ലോക മുസ്ലിംകളില്‍ 5% ത്തോളം പേരില്‍ മാത്രമാണ് ഈ വിഭാ ത്തിന്റെ സമ്പൂര്‍ണ സ്വാധീനമുള്ളത്. മദ്ഹബുകളെ എതിര്‍ത്തുകൊണ്ടും തഖ്ലീദ് ശിര്‍ക്കിലേ ക്ക് നയിക്കുമെന്നും പ്രസ്താവിച്ചുകൊണ്ടാണ് പ്രസ്ഥാനം ആരംഭിച്ചത്. എങ്കിലും ലോക മുസ് ലിംകളില്‍ ബഹുഭൂരിഭാഗവും മദ്ഹബ് പിന്തുടരുന്നവരായിത്തന്നെ തുടരുന്നു. മദ്ഹബ് നിഷേധികളായ ഗാൈറുമുഖല്ലിദുകള്‍ക്ക് അറേബ്യയില്‍ പോലും സ്വാധീനമില്ലെന്നുള്ളതാണ് സത്യം.


RELATED ARTICLE

  • വ്യതിയാന ചിന്തകള്‍ വിവിധ ഭാവങ്ങളില്‍
  • പാപ സുരക്ഷിതത്വവും മൌദൂദി വീക്ഷണവും
  • അബുല്‍ അഅ്ലായുടെ സിദ്ധാന്തങ്ങള്‍
  • സുന്നീ സലഫീ വീക്ഷണങ്ങള്‍
  • ജമാഅത്തും സലഫി പണ്ഢിതരും
  • സലഫിസം
  • ഇജ്തിഹാദും തഖ്ലീദും
  • കര്‍മ്മശാസ്ത്ര മദ്ഹബുകള്‍
  • അശ്അരീ മദ്ഹബ്
  • മദ്ഹബുകളുടെ ആവിര്‍ഭാവം
  • സുന്നത്ത് ജമാഅത്ത്
  • മാര്‍ഗദര്‍ശനം ഇസ്ലാം
  • സര്‍വമത സത്യവാദം
  • ആത്മീയരംഗത്തെ വ്യതിയാനങ്ങള്‍
  • ശീഇസവും വ്യതിയാന ചിന്തകളും
  • വ്യതിയാന ചിന്തകളുടെ ആരംഭം
  • ആരാണ് മുസ്ലിം?
  • മനുഷ്യന്റെ ഉല്‍ഭവം