Click to Download Ihyaussunna Application Form
 

 

ജമാഅത്തും സലഫി പണ്ഢിതരും

കേരളത്തില്‍ സലഫികള്‍, മുജാഹിദുകള്‍ എന്നപേരിലാണ് പ്രവര്‍ത്തിക്കുന്നത്. ഇസ്വ്ലാഹികളെന്നും അവര്‍ പരിചയപ്പെടുത്താറുണ്ട്. ആദ്യം ഐക്യസംഘം എന്ന പേരിലായിരുന്നു. മുജാഹിദ് നേതാക്കളായിരുന്ന കെ. എം. മൌലവിയും എം.സി.സി. മൌലവിയും ജമാഅത്തിനെ ആദ്യ കാലത്ത് തന്നെ എതിര്‍ത്തിരുന്നു. എം. സി. സി. ജമാഅത്തിന് എതിരായി ഉന്നയിച്ച ആരോപണങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം. (1) ആരാധനകളുടെ ഇനങ്ങളില്‍ ചിലത് അല്ലാഹു അല്ലാത്തവര്‍ ക്കര്‍പ്പിക്കുന്നത് വലിയ കുറ്റമായി ജമാഅത്തെ ഇസ്ലാമി കാണുന്നില്ല. (2) അബുല്‍അഅ്ലായെ മഅ്സ്വൂമായി ജമാഅത്ത് കാണുന്നു. ഖുര്‍ആന്റെ ശരിയായ വ്യാഖ്യാനം നബിയും സ്വഹാബ ത്തും നല്‍കിയതല്ല, അബുല്‍അഅ്ല നല്‍കിയതാണെന്നാണ് ജമാഅത്ത് പക്ഷം. മറ്റൊരു മുജാഹിദ് മൌലവി ആക്ഷേപമുന്നയിക്കുന്നത് ഇപ്രകാരമാണ്: മരിച്ചുപോയ മഹാത്മാക്കളെ വിളിച്ച് പ്രാര്‍ഥിക്കുക എന്ന അടിസ്ഥാനപരമായ ശിര്‍ക്കില്‍ നിന്ന് അജ്ഞരായ മുസ്ലിംകളെ അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന അടിസ്ഥാനപരമായ തൌഹീദിലേക്ക് ക്ഷണിക്കലാണല്ലോ മുജാഹിദുകളുടെ ജോലി. ഇത്തരം ശിര്‍ക്ക്പരമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍ കുന്ന മുഹ്യിദ്ദീന്‍ മാല പോലെയുള്ള മാലകള്‍ പാടുന്നത് പുണ്യമാണെന്ന് വഅള് പറയുന്ന മുസ്ല്യാക്കളുടെ ദുര്‍ബോധനങ്ങളില്‍ നിന്ന് മുസ്ലിംകളെ രക്ഷിക്കാന്‍ മുജാഹിദുകള്‍ നടത്തു ന്ന പ്രവര്‍ത്തനങ്ങളെ നിസ്സാരമായി തള്ളുവാനും ശാഖാപരമായ പ്രവര്‍ത്തനങ്ങള്‍ പൊക്കിപ്പിടിച്ച് കുഴപ്പങ്ങളുണ്ടാക്കുന്നവരാണെന്ന് ചിത്രീകരിക്കുവാനും ജമാഅത്ത് പ്രവര്‍ത്തകരും പ്രസിദ്ധീകരണങ്ങളും ശ്രമിക്കുന്നു. മരിച്ചുപോയ മഹാത്മാക്കളോട് പ്രാര്‍ഥിക്കുക എന്ന ശിര്‍ക്കിനെ അപ്രധാനം, ശാഖാപരം എന്നൊക്കെ പറഞ്ഞ് തള്ളുന്നവരാണ് ജമാഅത്തുകാര്‍. മൌദൂദിക്ക് വന്നുപോയ അത്തരം അബദ്ധങ്ങള്‍ തിരുത്തുവാനോ മാറ്റിപ്പറയുവാനോ തയ്യാറാവാതെ അതി നെ ന്യായീകരിക്കുവാനും വ്യാഖ്യാനിക്കുവാനുമാണ് ജമാഅത്തുകാര്‍ ശ്രമിക്കുന്നത് (ശബാബ് വാരിക 1989 മാര്‍ച്ച് 31).

ഇനി മറ്റൊരു സലഫീ പ്രസിദ്ധീകരണമായ സല്‍സബീല്‍ എഴുതുന്നത് കാണുക: പ്രവാചകന്മാ ര്‍ പഠിപ്പിച്ച തൌഹീദ് അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതാണ്. എന്നാല്‍ മുസ്ലിം സമുദായത്തെ ഉദ്ധരിക്കുവാന്‍ അപര്യാപ്തമാണ് ഈ തത്വമെന്ന് വെച്ച് ജമാഅത്തെ ഇസ്ലാമി ഒരു പുതിയ തൌഹീദ് അവതരിപ്പിച്ചിരിക്കുന്നു. അല്ലാഹുവിനെ മാത്രം അനുസരിക്കുക, മറ്റാരെയും അനുസരിക്കാതിരിക്കുക എന്നതാണത്. അല്ലാഹുവിന്റെ കല്‍പ്പനക്കല്ലാതെ വഴിപ്പെടരുതെന്ന ആ ശയം പ്രകൃതി വിരുദ്ധവും ബുദ്ധിശൂന്യവുമാണ്. മനുഷ്യനെ സംബന്ധിച്ചടത്തോളം മറ്റുപലരുടെയും കല്‍പ്പനക്ക് വഴിപ്പെടുക എന്നത് വളരെ അത്യാവശ്യമായ സംഗതിയാണ്. അത് കൂടാതെ നമ്മുടെ കാര്യങ്ങളൊന്നും നടക്കുകയില്ല. അല്ലാഹുവിനോട് മാത്രമേ അനുസരണ പാടുള്ളുവെ ന്ന് പറയുന്നവരുടെ ബുദ്ധിക്ക് എന്തു പറ്റി? ഇത്രത്തോളം യുക്തിവിരുദ്ധവും ബുദ്ധിശൂന്യവുമായ ഒരാദര്‍ശം ഇസ്ലാമിന്റെ പേരില്‍ വെച്ചു കെട്ടാനായി ഖുര്‍ആനില്‍ കൃത്രിമം ചെയ്തവര്‍ എത്ര ഭയങ്കരന്മാരാണ്!  അല്ലാഹുവിന്റെ പേരില്‍ കളവ് കെട്ടിപ്പറഞ്ഞവരുടെ മുഖങ്ങള്‍ കറുത്തിരുണ്ടതായി ഖിയാമത് നാളില്‍ നീ കാണുന്നതാണ് (സുമര്‍). 1971 നവംബറിലെ സല്‍സബീലിലാണ് ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച് ഇത്രയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിട്ടുള്ളത്. ഇത്തരം വിമര്‍ശനങ്ങള്‍ വായിച്ചാല്‍ ജമാഅത്തും നദ്വത്തും രണ്ട് ഭിന്ന മതങ്ങളാണെന്ന്  തോ ന്നിപ്പോകും.

ഏതായാലും അനുസരണവും വിധേയത്വവുമൊന്നുമില്ലാത്ത നദ്വത്തുകാരുടെ ആരാധനയും അത്ഭുതകരം തന്നെ. തങ്ങളുടെ ആചാര്യനാണെന്ന് അവര്‍ അവകാശപ്പെടുന്ന ഇബ്നുതൈമിയ ഇബാദത്തിന് നല്‍കിയ നിര്‍വചനമെങ്കിലും ഇവര്‍ അംഗീകരിച്ചുരുന്നെങ്കില്‍!! ഇബ്നുതൈമിയ ഇബാദത്തിന് നല്‍കിയ നിര്‍വചനം ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഇബാദത്ത് എന്നത് അല്ലാഹു ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയും ചെയ്യുന്ന ബാഹ്യവും ആന്തരികവുമായ വാക്കുകളും പ്രവൃ ത്തികളും ഉള്‍ക്കൊള്ളുന്ന ഒരു സമഗ്ര സംജ്ഞയാണ്. അപ്പോള്‍ നിസ്കാരം, സക്കാത്ത്, നോ മ്പ്, ഹജ്ജ്, സത്യം പറയല്‍, അമാനത്ത് നിര്‍വ്വഹിക്കല്‍, മാതാപിതാക്കള്‍ക്ക് ഗുണം ചെയ്യല്‍, കുടുംബ ബന്ധം പുലര്‍ത്തല്‍, കരാര്‍ പൂര്‍ത്തിയാക്കല്‍, നന്മ കല്‍പ്പിക്കല്‍, ചീത്ത തടയല്‍, ജിഹാദ് ചെയ്യല്‍, അയല്‍വാസി, അനാഥ, സാധു, യാത്രക്കാരന്‍, തന്റെ അധീനത്തിലുള്ള മനുഷ്യര്‍, മൃഗങ്ങള്‍ എന്നിവക്ക് ഗുണം ചെയ്യല്‍, ദുആ, ദിക്റ്, ഖിറാഅത്ത് തുടങ്ങിയവയെല്ലാം ഇബാദത്തില്‍ പെട്ടതാണ്. അപ്രകാരം തന്നെ അല്ലാഹുവിനെയും അവന്റെ റസൂലിനെയും സ് നേഹിക്കലും അല്ലാഹുവിനെ ഭയപ്പെടലും അവങ്കലിലേക്ക് പശ്ചാത്തപിച്ചു മടങ്ങലും കീഴ്വണക്കത്തെ അവനുമാത്രമാക്കലും അവന്റെ വിധിയില്‍ ക്ഷമ കൈകൊള്ളലും അനുഗ്രഹങ്ങള്‍ക്ക് നന്ദിചെയ്യലും അവന്റെ വിധിയില്‍ തൃപ്തിപ്പെടലും അവനില്‍ ഭരമേല്‍പ്പിക്കലും അവന്റെ കാരുണ്യത്തെ ആശിക്കലും ശിക്ഷയെ ഭയപ്പെടലും അതുപോലുള്ളതുമെല്ലാം അല്ലാഹുവിനുള്ള ഇബാദത്തില്‍ പെട്ടത് തന്നെയാണ്(അല്‍ ഇബ്ദിയ്യ പേജ് 3,4, ഇസ്ലാം വിജ്ഞാ നകോശം).

സലഫികള്‍ എന്നവകാശപ്പെടുന്ന തന്റെ അനുയായികള്‍ക്ക് കാര്യം ശരിക്കും മനസ്സിലാക്കിക്കൊടുക്കാന്‍ എത്ര സുന്ദരമായാണ് ശൈഖുല്‍ ഇസ്ലാം ഇബാദത്തിനെ വിശദീകരിച്ചത്. പക്ഷേ, നീണ്ട വിശദീകണത്തില്‍ കീഴ്വണക്കത്തെ അവനുമാത്രമാക്കലും ഇബാദത്താണെന്ന് ശൈഖുല്‍ ഇസ്ലാം പറഞ്ഞിരിക്കുന്നു. ഇതോടെ അദ്ദേഹത്തെയും തള്ളിപ്പറയാന്‍ മുജാഹിദുകള്‍ നിര്‍ബന്ധിതരായിരിക്കയാണ്. കാര്യമേതായാലും ഇബ്നുതൈമിയയുടെ ദീര്‍ഘ വീക്ഷണം പ്രശംസനീയമാണ്. ഇബാദത്തിന് സമഗ്രമായ നിര്‍വചനം നല്‍കിയ ശേഷം അതിന് വിശാല മായ വിശദീകരണവും അദ്ദേഹം നല്‍കി. ഇബാദത്തും ഇസ്ലാമും എന്താണെന്ന് എത്ര പറഞ്ഞാലും മനസ്സിലാവാത്ത ചിലര്‍ പരശുരാമന്റെ നാട്ടില്‍ പില്‍ക്കാലത്ത് സലഫികളെന്ന പേ രില്‍ പ്രത്യക്ഷപ്പെടുമെന്ന് അദ്ദേഹം ഭാവനയില്‍ കണ്ടു കാണണം. അല്ലെങ്കില്‍ ഇബാദത്തിന് ഇത്ര നീണ്ട വിശദീകരണം നല്‍കാതെ മുസ്ലിംകള്‍ക്ക് അത് മനസ്സിലാക്കാന്‍ പ്രയാസമില്ലല്ലോ.

ഇബാദത്തിന്റെ നിര്‍വചനം

മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യം ദൈവാരാധനയാണെന്നാണ് ഖുര്‍ആന്‍ ഉല്‍ഘോഷിക്കുന്നത്. എന്നാല്‍ സലഫി പ്രസ്ഥാനത്തില്‍ നിന്ന് ഊര്‍ജ്ജം നുകര്‍ന്നുകൊണ്ട് പ്രവര്‍ത്തിക്കുന്ന കേരളത്തിലെ മുജാഹിദുകള്‍ ഇത് ഫലത്തില്‍ പൂര്‍ണമായും അംഗീകരിക്കുന്നില്ല. മനുഷ്യ ജീവിതം മുഴുവന്‍ അല്ലാഹുവിനുള്ള ഇബാദത്തായിരിക്കണം എന്ന് പറയുന്നതില്‍ എന്തോ പന്തിക്കേടുണ്ടന്നാണ് അവര്‍ ധരിച്ചിരിക്കുന്നത്. ജിന്ന്, ഇന്‍സ് വര്‍ഗങ്ങളെ എന്നെ ആരാധിക്കുവാന്‍ വേ ണ്ടി മാത്രമാണ് സൃഷ്ടിച്ചത് (51:56) എന്നര്‍ഥം വരുന്ന ഖുര്‍ആനിക വചനത്തിന് അവര്‍ കൊടുക്കുന്ന അര്‍ഥം വ്യത്യസ്തമാണ.് എന്നെ മാത്രം ആരാധിക്കുവാന്‍ വേണ്ടിയാണ് ജിന്ന്, ഇന്‍സ് വര്‍ഗങ്ങളെ ഞാന്‍ സൃഷ്ടിച്ചത് എന്നാണ് അവര്‍ അര്‍ഥം കൊടുക്കുന്നത്. ഇപ്പറഞ്ഞത് എല്ലാവ രും അംഗീകരിക്കുന്ന തത്വമാണെങ്കിലും ഈ ആയത്തിന് നല്‍കേണ്ട ഭാഷാര്‍ഥം അതല്ല; ആദ്യം പറഞ്ഞതാണെന്ന് അറബി അറിയുന്ന ആരും സമ്മതിക്കും. ഭൌതിക കാര്യങ്ങളില്‍ പലതിനെ യും ഇബാദത്തിന്റെ പരിധയില്‍ നിന്ന് പുറത്ത് നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് അവര്‍ ഇങ്ങനെ അര്‍ഥം കൊടുക്കുന്നതെന്നാണ് മനസ്സിലാകുന്നത്. ഉദാഹരണം കച്ചവടം ഇബാദത്തല്ലെന്നാണ് മുജാഹിദ് വാദം. അത്പോലെ രാഷ്ട്രീയ കാര്യങ്ങള്‍ ഇസ്ലാമിന്റെ നേരിട്ടുള്ള പരിധിയില്‍ പെടില്ലെന്നും അവര്‍ കരുതുന്നു. ഈ വീക്ഷണത്തില്‍ ഭിന്നാഭിപ്രായം വെച്ചുപുലര്‍ത്തുന്നവരാണ് മൌദുദി, അഫ്ഘാനി, സയ്യിദ് ഖുത്വുബ്, ഹസനുല്‍ബന്ന തുടങ്ങിയവര്‍. രാഷ്ട്രീയ കാര്യങ്ങളില്‍ ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ വിട്ട് ഭൌതിക രാഷ്ട്രീയക്കാരുടെ നിയമങ്ങള്‍ അനുസരിക്കുന്നത് മതനിഷേധത്തിന് വരെ ഇടയാക്കുമെന്നാണ് ഇവരുടെ വാദം.

മുജാഹിദ് പക്ഷം ഇബാദത്തിന് ഒരു പ്രത്യേക നിര്‍വചനം നല്‍കിയിട്ടുണ്ട്. മറഞ്ഞ മാര്‍ഗത്തിലൂടെ ഗുണം ആശിച്ചുകൊണ്ടോ ദോഷം ഭയന്നുകൊണ്ടോ ഒരു വ്യക്തിയെയോ വസ്തുവിനെ യോ വണങ്ങുന്നതിനാണ് അവര്‍ ഇബാദത്ത് എന്ന് പറയുന്നത്. അങ്ങേയറ്റത്തെ വിനയത്തോടെയും ഭക്തിയോടെയും അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കുക എന്ന പരമ്പരാഗതമായ നിര്‍വചനത്തില്‍ നിന്ന് ഭിന്നമാണിത്. യഥാര്‍ഥത്തില്‍ മറഞ്ഞ മാര്‍ഗത്തിലൂടെ ഗു ണമോ ദോഷമോ വരുന്നത് ഇബാദത്തിന്റെ നിര്‍വചനത്തില്‍ പരിഗണനീയമല്ല. അല്ലാഹു കല്‍ പ്പിച്ചത് ചെയ്യുക, നിരോധിച്ചത് ചെയ്യാതിരിക്കുക. ഇതാണ് അല്ലാഹുവിന്റെ പേരിലുള്ള ആരാധനയുടെ തത്വം. ഗുണവും ദോഷവുമൊക്കെ വരുത്താനുള്ള ശക്തി അല്ലാഹുവിന് മാത്രമാണെ ന്ന് വിശ്വസിച്ച് എല്ലാം അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുക എന്നതാണ് ആരാധനയുടെ അടിസ്ഥാ നം. ആല്ലാഹു ആദരിച്ചതിനെ ആദരിക്കുക, അല്ലാഹു വെറുത്തതിനെ വെറുക്കുക, അല്ലാഹു തൃപ്തിപ്പെട്ടവരുടെ തൃപ്തി ആഗ്രഹിക്കുക എന്നിവയൊക്കെ ഇബാദത്തിന്റെ ഇനങ്ങളാണ്. എ ന്നാല്‍ അല്ലാഹു അല്ലാത്തവരുടെ തൃപ്തി ആഗ്രഹിക്കല്‍ ശിര്‍ക്കാണെന്നാണ് മുജാഹിദ് വാദം. നബിദിനം ആഘോഷിക്കുന്നവര്‍ അങ്ങനെ ചെയ്യുന്നത് നബി(സ്വ)യുടെ തൃപ്തി ആഗ്രഹിച്ചുകൊണ്ടായത് കൊണ്ട് നബിദിനാഘോഷം തെറ്റ് മാത്രമല്ല, ശിര്‍ക്ക് കൂടിയാണെന്ന് ഇവര്‍ വാദിക്കുന്നു. എന്നാല്‍ നബി(സ്വ)യുടെ തൃപ്തി ആഗ്രഹച്ചു കൊണ്ടാണ് അല്ലാഹു മസ്ജിദുല്‍ അ ഖ്സ്വയെ മാറ്റി മസ്ജിദുല്‍ ഹറാമിനെ മുസ്ലിംകള്‍ക്ക് ഖിബ്ലയായി നിശ്ചയിച്ചതെന്ന് ഖുര്‍ആന്‍ പറയുന്നു. ഇവിടെ അല്ലാഹു നബിയുടെ തൃപ്തി ആഗ്രഹിക്കുന്നു. മുസ്ലിംകള്‍ നബിയുടെ തൃപ്തി ആഗ്രഹിക്കരുതെന്ന് മുജാഹിദുകളും പറയുന്നു.

അനുസരണയും സഹായം തേടലും

അല്ലാഹുവല്ലാത്തവരെയും തങ്ങള്‍ക്കനുസരിക്കേണ്ടിവരുമെന്ന് പറഞ്ഞാണല്ലോ അനുസരണം ഇബാദത്തല്ലെന്ന് സലഫികള്‍ വാദിക്കാറുള്ളത്. അപ്പോള്‍ അവര്‍ ഇയ്യാക നഅ്ബുദു വഇയ്യാക നസ്തഈനു എന്ന ആയത്തിന് എന്തര്‍ഥം കൊടുക്കും? അല്ലാഹുവേ, നിന്നെ മാത്രം ഞങ്ങളാരാധിക്കുന്നു, നിന്നോട് മാത്രം ഞങ്ങള്‍ സഹായം അഭ്യര്‍ഥിക്കുന്നു എന്നാണല്ലോ ഇതിനര്‍ഥം. നിന്നെ മാത്രം ആരാധിക്കുന്നുവെന്ന് പറഞ്ഞാല്‍ ശരി, നിന്നോട് മാത്രം സഹായം തേടുന്നുവെ ന്ന് പറഞ്ഞാല്‍ എന്ത് ചെയ്യും? പടച്ചോനേ, നീ ഈ പറഞ്ഞ് തന്നത് തനി ഭോഷ്ക്കായിപ്പോയി! ഞങ്ങള്‍ക്ക് ഈ ദുനിയാവില്‍ നീ അല്ലാത്ത പലരോടും സഹായമഭ്യര്‍ഥിക്കേണ്ടിവരും. പ്രത്യേകിച്ച് ഇക്കാലത്ത് എ.ഡി.ബിയുടെ സഹായം തേടാതെ ഒട്ടും നിര്‍വ്വാഹമില്ല. അത് കൊണ്ട് ഖുര്‍ആനിലെ ഒന്നാമത്തെ അദ്ധ്യായത്തില്‍ തന്നെ ഇങ്ങനെയൊരു വിഡ്ഢിത്തം പറഞ്ഞത് ഒട്ടും ശ രിയായില്ല! എന്ന്പറയേണ്ട അവസ്ഥയിലാണിവരുള്ളത്.

എന്നാല്‍ സര്‍വജ്ഞാനിയെന്ന് മുസ്ലിംകള്‍ പറയുന്ന അല്ലാഹുവിന്റെ പ്രസ്താവന ഭോഷ്ക്കായിപ്പോയി എന്ന് പരസ്യമായി പറയാനും വയ്യ! എന്ത് ചെയ്യും? തല പുകഞ്ഞാലോചിച്ച ഇവര്‍ ഒരുസൂത്രം കണ്ടുപിടിച്ചു. സഹായം തേടല്‍ രണ്ട് തരമുണ്ട്. ഒന്ന് മറഞ്ഞ മാര്‍ഗത്തിലൂടെ. രണ്ടാമത്തേത് തെളിഞ്ഞ മാര്‍ഗത്തിലൂടെ. തെളിഞ്ഞ മാര്‍ഗ്ഗത്തിലൂടെ ആരോടും സഹായം തേടാം. മറഞ്ഞ മാര്‍ഗത്തിലൂടെ അല്ലാഹുവിനോട് മാത്രമേ സഹായം തേടാന്‍ പാടുള്ളു. ഇതാണ് അല്ലാഹു പറഞ്ഞതിന്റെ സാരം എന്ന് വിശദീകരിച്ച് രക്ഷപ്പെടാം. ആകാശഭൂമികളുടെ അത്ര വിശാലമായ സ്വര്‍ഗം ഞങ്ങള്‍ക്ക് സ്വന്തമാകും. കാരണം മുസ്ലിംകളിലെ മഹാഭൂരിപക്ഷവും മറഞ്ഞ മാര്‍ഗത്തിലൂടെ സഹായം പ്രതീക്ഷിച്ച് ബദ്രീങ്ങളെയും മുഹ്യിദ്ദീന്‍ ശൈഖിനെയുമൊക്കെ വി ളിച്ച് സഹായം തേടുന്നവരാണ്. ഇത് ശിര്‍ക്കാണെന്ന് അവരെ മനസ്സിലാക്കിക്കാന്‍ ഞങ്ങള്‍ വളരെയേറെ ശ്രമിച്ചു. ശിര്‍ക്ക് നീ പൊറുക്കാത്ത മഹാപാപമായത് കൊണ്ട് ഇവരൊക്കെ നരകത്തില്‍ പോയാല്‍ നിന്റെ അടിമകളില്‍(അങ്ങനെ പറയുന്നത് ഞങ്ങളുടെ നിര്‍വ്വചന പ്രകാരം ശരിയല്ലെന്നറിയാം, എങ്കിലും നാട്ടുനടപ്പ് അനുസരിച്ച് പറയുകയാണ്) ചെറിയ ന്യൂനപക്ഷമായ ഞങ്ങള്‍ക്ക് മാത്രം സ്വര്‍ഗത്തില്‍ സ്വൈര വിഹാരം നടത്താം! ഇബാദത്തിന് മറഞ്ഞ മാര്‍ഗത്തിലൂടെ ഗുണം ആശിക്കുകയും ദോഷം ഭയപ്പെടുകയും ചെയ്യുക എന്ന സലഫീ സങ്കല്‍പ്പത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അവരുടെ ഉള്ളിലിരുപ്പ് ഇങ്ങനെയൊക്കെയായിരിക്കും എന്ന് ഊഹിക്കാനേ നിര്‍വ്വാഹമുള്ളു.

ആരാധനയുടെ ജമാഅത്ത് വീക്ഷണം

ഇസ്ലാമിന്റെ രാഷ്ട്രീയ വീക്ഷണത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് അബുല്‍ അഅ്ലാ മൌദൂദി ജമാഅത്തെ ഇസ്ലാമിക്ക് രൂപം നല്‍കിയതോടെ സലഫികള്‍ ആശയപരമായി ഭിന്നിച്ചു. മുജാഹിദുകളെപ്പോലുള്ള സലഫികള്‍, അവര്‍ ഇസ്ലാമില്‍ നിന്ന് തന്നെ പുറത്തുപോയവരാണെന്ന് വാദിച്ചു. ഇബാദത്തിന്റെ അര്‍ഥം മാറ്റി അല്ലാഹു പറയാത്ത പുതിയ തൌഹീദ് സഥാപിക്കാനാണ് ജമാഅത്തും മൌദൂദിയും ശ്രമിച്ചതെന്നാണ് സലഫികളുടെ ആരോപണം. ഇബാദത്തിന് മൌദൂദി ഒരു പുതിയ നിര്‍വചനം കണ്ടുപിടിച്ചു. ഇസ്ലാമിലെ നാലു സാങ്കേതിക പദങ്ങള്‍ എന്ന പുസ്തകത്തില്‍ അദ്ദേഹം ഇബാദത്ത് സംബന്ധമായ തന്റെ വീക്ഷണങ്ങള്‍ സവിസ്തരം ചര്‍ച്ച ചെയ് തിട്ടുണ്ട്. അടിമവൃത്തി, ആരാധന, അനുസരണ എന്നീ മൂന്ന് അര്‍ഥങ്ങളും ഇബാദത്തെന്ന വാ ക്ക് ഉള്‍ക്കൊള്ളുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മനുഷ്യനെ പടച്ചത് അല്ലാഹുവിന് ഇബാദത്ത് ചെയ്യാനാണെന്ന് ഖുര്‍ആന്‍ പറഞ്ഞത് സമ്പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ സലഫികള്‍ക്ക് സാധിക്കുന്നില്ല. അല്ലാഹുവിന് ഇബാദത്തല്ലാത്ത പല പണികളും ഇവിടെ മനുഷ്യര്‍ക്ക് ചെയ്യാനുണ്ടെന്നാണ് അവര്‍ ധരിച്ചു വെച്ചിട്ടുള്ളത്. ഷേവ് ചെ യ്യുന്നതും തുണി ഉടുക്കുന്നതും അടിച്ചുവാരുന്നതും സിന്ദാബാദ് വിളിക്കുന്നതും ഭരിക്കുന്നതുമൊക്കെ എങ്ങനെ ഇബാദത്താകുമെന്ന് ചില സലഫികള്‍ ആവേശപൂര്‍വം ചോദിക്കാറുണ്ട്. യഥാര്‍ഥത്തില്‍ ഇസ്ലാമായി ജീവിക്കലാണ് അല്ലാഹുവിനുള്ള ഇബാദത്ത്. അതിന് വലിയ നിര്‍വചനമൊന്നും ആവശ്യമില്ല. എന്താണ് ഇസ്ലാമാകുക എന്നതിന്റെ അര്‍ഥം? അല്ലാഹുവിന്റെ ഇച്ഛക്ക് സമ്പൂര്‍ണമായുളള സമര്‍പ്പണമാണത്. സവിനയം, സഹര്‍ഷം അല്ലാഹുവിന്റെ വിധിവിലക്കുകള്‍ പാലിച്ചുകൊണ്ട് അല്ലാഹുവിന്ന് കീഴടങ്ങി ജീവിക്കുന്നതാണ് ഇബാദത്ത്. ഇത് മനസ്സിലാക്കുന്നതില്‍ മൌദൂദിയേക്കാള്‍ അബദ്ധം പിണഞ്ഞിട്ടുള്ളത് സലഫികള്‍ക്കാണ്. അല്ലാഹുവിന്റെ വിധികളില്‍ ഫര്‍ളായതും സുന്നത്തായതും ഹലാലായതും ഒക്കെയുണ്ട്. അത്പോലെ വിലക്കുകളില്‍ ഹറാമും കറാഹത്തും തുടങ്ങി പല ഗ്രേഡുകളുമുണ്ട്. ഇതൊക്കെ അനുസരിച്ച് ജീവിക്കുന്നതേ ഇബാദത്താവുകയുള്ളൂ. ഇബാദത്തില്‍ അനുസരണയും വിധേയത്വവുമൊക്കെ വേണം. ഇതില്ലാതെ മനുഷ്യ പ്രവര്‍ത്തനം ഒന്നും ഇബാദത്താവുകയില്ല.


RELATED ARTICLE

 • വ്യതിയാന ചിന്തകള്‍ വിവിധ ഭാവങ്ങളില്‍
 • പാപ സുരക്ഷിതത്വവും മൌദൂദി വീക്ഷണവും
 • അബുല്‍ അഅ്ലായുടെ സിദ്ധാന്തങ്ങള്‍
 • സുന്നീ സലഫീ വീക്ഷണങ്ങള്‍
 • ജമാഅത്തും സലഫി പണ്ഢിതരും
 • സലഫിസം
 • ഇജ്തിഹാദും തഖ്ലീദും
 • കര്‍മ്മശാസ്ത്ര മദ്ഹബുകള്‍
 • അശ്അരീ മദ്ഹബ്
 • മദ്ഹബുകളുടെ ആവിര്‍ഭാവം
 • സുന്നത്ത് ജമാഅത്ത്
 • മാര്‍ഗദര്‍ശനം ഇസ്ലാം
 • സര്‍വമത സത്യവാദം
 • ആത്മീയരംഗത്തെ വ്യതിയാനങ്ങള്‍
 • ശീഇസവും വ്യതിയാന ചിന്തകളും
 • വ്യതിയാന ചിന്തകളുടെ ആരംഭം
 • ആരാണ് മുസ്ലിം?
 • മനുഷ്യന്റെ ഉല്‍ഭവം